ആമിനാ വദൂദിന് സ്നേഹപൂര്‍വ്വം

December 17, 2012

വളരെ വ്യത്യസ്തമായി ഖുര്‍ആനെ പുനര്‍വായിച്ച അമിന വദൂദ് 1994ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ, ഒരു പള്ളിയില്‍ നടന്ന വെള്ളിയാഴ്ച്ച പ്രാര്‍ഥനക്ക് ആണുങ്ങള്‍ അടക്കമുള്ള സദസ്സിനു നേതൃത്വം നല്‍കിയതോടെയാണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. പിന്നീട് 2006ല്‍ പുറത്തിറങ്ങിയ Inside the Gender Jihad: Womens Reform in Islam അവരുടെ ആക്ടിവിസ്റ്റ്-single mother ജീവിതത്തിന്റെ മറ്റൊരധ്യായം നമുക്കു മുന്നില്‍ കാണിച്ചു തന്നു. ഇസ്‌ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ കടന്നുപോന്ന വഴികളെ വിശദീകരിച്ചു. ഹാജറ എന്ന അടിമ സ്ത്രീയിലാണ് തന്‍റെ single mother എന്ന ജീവിതാനുഭവത്തെ അവര്‍ കണ്ടെടുക്കുന്നത്. “സ്വര്‍ഗം മാതാവിന്‍റെ കാല്‍ചുവട്ടിലാണ്” എന്ന പ്രവാചക വചനത്തിന്‍റെ പൊരുള്‍ അവര്‍ നിരന്തരം ആലോചനക്കു വിധേയമാക്കുന്നു. ആഫ്രോ-അമേരിക്കന്‍ സ്വത്വം, മത പരിവര്‍ത്തനം നടത്തി വന്ന മുസ്‌ലിം, എഴുത്തുകാരി, ഗവേഷക, അഞ്ചു മക്കളുടെ മാതാവ് തുടങ്ങിയ നിരവധി സ്ഥാനങ്ങളില്‍ അമിന വദൂദ് തന്നെ സ്വയം കാണുന്നു. മാത്രമല്ല 2006നു ശേഷം ഖുര്‍ആന്‍ എന്ന ടെക്സ്റ്റിനെ കുറിച്ചുള്ള അവരുടെ ആദ്യകാല അഭിപ്രായത്തില്‍ കാതലായ ഒരു മാറ്റവും സംഭവിച്ചു.

തൊണ്ണൂറുകള്‍ക്കു ശേഷം ചര്‍ച്ച ചെയ്യപ്പെട്ട ഇസ്ളാമിക് ഫെമിനിസ്റു ചര്‍ച്ചകളില്‍ ഏറെ വായിക്കപ്പെട്ടത് ആമിനാ വാദൂദിന്റെ ചിന്തകള്‍ ആയിരുന്നു. ഇസ്ലാമിനെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകളുടെ വ്യത്യസ്തമായൊരു ദിശയെ ആണ് ആമിന വദൂദിലൂടെ നാം കണ്ടത്. 1990 കള്‍ക്ക് മുന്‍പ് സെകുലര്‍ ഫെമിനിസം, ഇസ്ലാമിസ്റ്റു ഫെമിനിസം എന്ന രീതിയില്‍ തുടങ്ങിയ ഇസ്ലാമിലെ

ഫെമിനിസം എന്ന ചര്‍ച്ച, ഒന്നുകില്‍ സെകുലര്‍ ഫെമിനിസത്തെ പോലെ ഇസ്ലാമിനെ തന്നെ നിരാകരിച്ചോ, അല്ലെങ്കില്‍ ഇസ്ലാമിസ്റ്റു ഫെമിനിസത്തെ പോലെ ആണ്‍കോയ്മയെ തന്നെ നിരാകരിച്ചോ ആണ് പലപ്പോഴും നില നിന്നതെന്ന് ആയിഷ ചൌധരി ഇസ്ലാമിലെ ഫെമിനിസത്തെ മുന്‍നിര്‍ത്തിയുള്ള പഠനത്തില്‍ പറയുന്നു. (സെക്യുലര്‍, ഇസ്ലാമിസ്റ്റു വിഭജനം എന്നത് തന്നെ ഒരു വിശകലന സാമഗ്രി എന്ന നിലയില്‍ തൃപ്തികരമല്ല. അത്തരമൊരു വിഭജനം വളരെ വൈവിധ്യമാര്‍ന്ന സെക്യുലര്‍/ ഇസ്ലാമിസ്റ്റു ഇടപെടലുകളുടെ സങ്കീര്‍ണ്ണതയെയും വളരെ വ്യത്യസ്തമായ മുസ്ലീം ചരിത്ര സാഹചര്യങ്ങളെയും പൂര്‍ണമായും പ്രതിനിധീകരിക്കുന്നില്ല. ഇസ്ലാം/ വെസ്റ്റ്, പാരമ്പര്യം/ആധുനികത ഇവയെ കുറിച് വളരെ ലളിതമായ വേര്‍തിരിവുകളിലും സമീപനങ്ങളിലും സ്തംഭിച്ചു നിന്ന മുസ്ലീം സ്ത്രീകളെ കുറിച്ചുള്ള ചര്‍ച്ചയെ ആണ് ആമിന വദുദിനെ പോലുള്ളവര്‍ ഇസ്ലാമിക് ഫെമിനിസം എന്ന പുതിയ വിശകലന രീതിയിലൂടെ വഴി തിരിച്ചത്. സാമൂഹികരാഷ്ട്രീയ വിശകലനങ്ങളെക്കാള്‍ ഖുര്‍ആന്‍ വ്യാഖ്യാതാവ് (ഇസ്ലാമിലെ സാങ്കേതിക പദവിയില്‍ മുഫസ്സിര്‍ എന്ന നിലയിലാണ് അമിന വദൂദിന്റെ ഫെമിനിസ്റ്റ് വായനകള്‍ മുഖ്യമായും രൂപപ്പെടുന്നത്.
വ്യക്തിപരമായ അനുഭവങ്ങള്‍ ആണ് ഒരു ആഫ്രോ അമേരിക്കന്‍ യുവതിയായ ആമിനയെ 1972 കളില്‍ ഇസ്ലാമിലെത്തിച്ചത്. അതു പോലുള്ള വ്യക്തി/സാമൂഹിക അനുഭവമാണ് ഇസ്ലാമിസ്റ്റ് പെണ്‍ വായനയിലേക്കും നയിച്ചത്. എണ്‍പതുകളില്‍ യുനിവേഴ്സിറ്റി ഓഫ് മിഷിഗനില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല എന്ന് ആമിനയോടു ആരോ പറഞ്ഞു. ഇതു കേട്ട അമിന, അങ്ങനെ ഒരു കാര്യം ഖുര്‍ആന്‍ പറയുന്നുണ്ടെങ്കില്‍ മതം വിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ പഠിച്ചു നോക്കിയപ്പോള്‍ അങ്ങിനെയൊരു സമീപനം ഖുര്‍ആനിക പാഠങ്ങള്‍ക്കു വിരുദ്ധമാണെന്നു ബോധ്യപെട്ട ആമിന തന്റെ പഠന ഗവേഷണങ്ങള്‍ തുടര്‍ന്നു. ഇങ്ങിനെയാണ് “ഖുറാനും സ്ത്രീയും’എന്ന പുസ്തകം എഴുതുന്നത്. 1989 -1992 കാലഘട്ടത്തില്‍ ആമിന വദൂദ് മലേഷ്യയില്‍ ഗവേഷണത്തോടൊപ്പം സിസ്റ്റേഴ്സ് ഇന്‍ ഇസ്ലാം എന്ന സന്നദ്ധ സംഘത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ കാലയളവിലാണ് തന്റെ പി.എച്ച്.ഡി തിസീസ് പരിഷ്കരിച്ചു Qur’an and Women : Rereading the Sacred Text from a Woman’s Perspective എന്ന പുസ്തകമാക്കുന്നത്. (അദര്‍ ബുക്സ് 2008 മലയാളത്തില്‍ തര്‍ജമ ചെയ്തു പുറത്തിറക്കിയ പുസ്തകത്തിന് “ഖുര്‍ആന്‍ : ഒരു പെണ്‍വായന” എന്ന പേരാണ് നല്‍കിയിരിക്കുന്നത്) ഖുര്‍ആന്‍ ആമിന വദൂദിന് അടിസ്ഥാനപരമായി, ലിംഗഭേദത്തെ ന്യൂട്രല്‍ ആയി കാണുന്ന ഒരു ടെക്സ്റ്റ് ആണ്. ഖുര്‍ആനില്‍ കാണുന്ന സ്ത്രീ വിരുദ്ധമെന്നു പറയുന്ന സൂക്തങ്ങള്‍ രണ്ടു രീതിയിലാണ് ആണ്‍കോയ്മ മൂല്യങ്ങള്‍ക്ക് വിധേയമാകുന്നത്. ഒന്ന്, ആണ്‍ വായനകള്‍ ഖുര്‍ആന്‍ സൂക്തങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി എടുക്കുന്നു. രണ്ട്, ഖുര്‍ആന്‍ സൂക്തങ്ങള്‍ അത് വായിക്കുന്നയാളിന്‍റെ സാംസ്കാരിക പശ്ചാത്തലത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതിലൂടെ ആമിന വദൂദ് പറയാന്‍ ശ്രമിച്ചത് ഖുര്‍ആന്‍ എന്ന ‘ടെക്സ്റ്റ്’ അല്ല, ഖുര്‍ആന്റെ ‘ആണ്‍വായനകള്‍’ ആണ് പ്രശ്നം എന്നതാണ്. ആണ്‍കോയ്മ നിലനില്‍കുന്നത് ടെക്സ്റ്റില്‍ അല്ല വായനയുടെ തലത്തില്‍

ആണ്. ഖുര്‍ആന്റെ മേല്‍ ആരോപിക്കപെടുന്ന സ്ത്രീ വിരുദ്ധത ആണ്‍ വായനകളുടെ ഊഹങ്ങളും ആരോപണങ്ങളും മാത്രമാണെന്നാണ് മറ്റൊരു രീതിയില്‍ അമിന വദൂദ് പറയുന്നത്. (ഇതേ കാഴ്ചപ്പാട് തന്നെയാണ് ഒരു പരിധി വരെ മറ്റു ഇസ്ലാമിക് ഫെമിനിസ്റുകളായ സാദിയ ശൈഖ്, ഹാദിയ മുബാറക് തുടങ്ങിയവരും പിന്തുടരുന്നത്). ആമിന വദൂദിനെ പോലെ പ്രധാനപെട്ട മറ്റൊരു ഇസ്ലാമിക് ഫെമിനിസ്റ്റായ അസ്മ ബര്‍ലാസ് പറയുന്നത് ഖുര്‍ആന്‍ ടെക്സ്റ്റ് അമിന വദൂദ് പറയുന്ന പോലെ ഒരു ന്യൂട്രല്‍ (Netural) ടെക്സ്റ്റ് അല്ല മറിച്ച് അത് ശരിക്കും ആണ്‍കോയ്മ വിരുദ്ധ നിലപാടുള്ള, ആണ്‍കോയ്മയെ എതിര്‍ക്കുന്ന (Anti-patriarchal) ഒരു ടെക്സ്റ് ആണെന്നാണ്. അസ്മ ബര്‍ലാസിന്‍റെ ഈ വിയോജിപ്പ് വ്യക്തമാകുന്നത് ഇസ്ലാമിക് ഫെമിനിസത്തിനകത്തെ ചിന്താപരമായ വൈവിധ്യത്തെ ആണ്.

വളരെ വ്യത്യസ്തമായി ഖുര്‍ആന്‍ പുനര്‍ വായിച്ച അമിന വദൂദ് 1994 ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണിലെ ഒരു പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ആണുങ്ങള്‍ അടക്കമുള്ള സദസ്സിനു നേതൃത്വം നല്‍കിയതോടെയാണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. പിന്നീടു 2006 ല്‍ പുറത്തിറങ്ങിയ Inside the Gender Jihad: Womens Reform in Islam അവരുടെ ആക്ടിവിസ്റ്റ് single mother ജീവിതത്തിറെ മറ്റൊരധ്യായം നമുക്ക് മുന്നില്‍ കാണിച്ചു തന്നു. ഇസ്ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ കടന്നു പോന്ന വഴികളെ വിശദീകരിച്ചു. ഹാജറ എന്ന അടിമ സ്ത്രീയില്‍ ആണ് തന്‍റെ single mother എന്ന ജീവിതാനുഭവത്തെ അവര്‍ കണ്ടെടുക്കുന്നത്.”’സ്വര്‍ഗം മാതാവിന്‍റെ കാല്‍ചുവട്ടിലാണ്’ എന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനത്തിന്‍റെ പൊരുള്‍ അവര്‍ നിരന്തരം ആലോചനക്ക് വിധേയമാക്കുന്നു. ആഫ്രോ അമേരിക്കന്‍ സ്വത്വം, മത പരിവര്‍ത്തനം നടത്തി വന്ന മുസ്ലീം, എഴുത്തുകാരി, ഗവേഷക, അഞ്ചു മക്കളുടെ മാതാവ് തുടങ്ങിയ നിരവധി സ്ഥാനങ്ങളില്‍ അമിന വദൂദ് തന്നെ സ്വയം കാണുന്നു. മാത്രമല്ല 2006 നു ശേഷം ഖുര്‍ആന്‍ എന്ന ടെക്സ്റ്റിനെ കുറിച്ചുള്ള അവരുടെ ആദ്യകാല അഭിപ്രായത്തില്‍ കാതലായ ഒരു മാറ്റം സംഭവിച്ചു. വായന എന്ന ആക്റ്റ്/ വായനക്കാരി/രന്‍ എന്ന സബ്ജക്റ്റ് പൊസിഷന്‍ എന്നതില്‍ മാത്രമല്ല ഖുര്‍ആന്‍ എന്ന ടെക്സ്റ്റ് തന്നെ ആണ്‍കോയ്മ മൂല്യങ്ങള്‍ വഹിക്കുന്നു എന്ന് അവര്‍ വാദിക്കുന്നു. ആമിന വദൂദിന്റെ ഇടപെടലുകള്‍ അതീവ പ്രാധാന്യത്തോടെ പഠിക്കേണ്ടതാണ്. എന്നാല്‍ ആമിന വദൂദ് നടത്തിയ ഇടപെടലുകള്‍ വേണ്ട രീതിയില്‍ വ്യവസ്ഥാപിതമായി ശ്രദ്ധിക്കുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരമൊരു വിടവിലെക്കാണ് അവരുടെ സുഹൃത്തുക്കളും ഒപ്പം മുന്നോട്ട് പോവുകയും ചെയ്യുന്ന കേഷിയ അലി, ജൂലിയന്‍ ഹാമര്‍, ലോറി സില്‍വര്‍സ എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചയ്ത ഒരു പുസ്തകം ശ്രദ്ധേയമാവുന്നത്. ഈ വര്‍ഷം പുറത്തിറക്കിയ A jihad for Justice : Honoring the Work and Life of Amina Wadud yenna പുസ്തകം അമിന വദൂദിനുള്ള ആദരവുകളാണ്. എഡിറ്റു ചെയ്ത മൂന്ന് എഴുത്തുകാരും ഇസ്ളാം, ലിംഗഭേദം,ലൈംഗികത ഇവയെ കുറിച്ച് ധാരാളം എഴിതിയവരാണ്. മുപ്പത്തി രണ്ടു പേരാണ് പുസ്തകത്തില്‍ ആമിനയെ കുറിച്ചെഴുതിയിരിക്കുന്നത്. എന്ത് കൊണ്ട് ഈ പുസ്തകം എന്നതിന് എഡിറ്റര്‍മാര്‍ നല്‍കുന്ന ന്യായം ഇങ്ങനെ വായിക്കാം we wanted to find a way to honour Amina’s influence on our ideas and trajectories and her important and lasting contribution to Qur’anic hermeneutics, gender studies, and the academic study of Islam” (Page:9).

ജൂലിയന്‍ ഹാമര്‍

ജൂലിയന്‍ ഹാമര്‍ പറയുന്നത് ആമിനയുടെ ഇടപെടല്‍ തന്റെ ഫെമിനിസ്റ് അന്വേഷണങ്ങളെ സ്വാധീനിച്ചതിനെ കുറിച്ചാണ്. മറ്റു പല ഫെമിനിസ്റ് ഇടപെടല്‍ പോലെ വ്യക്തിയനുഭവങ്ങളും വേദനകളും തന്നെയാണ് അമിന വദൂദിന്റെ അന്വേഷണങ്ങളെ രൂപപെടുതിയതെന്നാണ് ജൂലിയന്‍ ഹാമര്‍ മനസ്സിലാകുന്നത്.
in this case Amina Wadud, has represented herself through sharing autobiographical detail, and in the process has challenged me to think critically about feminist and academic practices of writing, reading and representing her. (പേജ്:17)
അമിന വദൂദിന് നേരിടേണ്ടി വന്ന ഭീഷണികള്‍, അപമാനങ്ങള്‍, ഉപദ്രവങ്ങള്‍ ഒക്കെ ഹാമര്‍ ചര്‍ച്ച ചെയുന്നു. മാത്രമല്ല ആമിന വദൂദ് എന്ന മാതാവിനെ /സുഹൃത്തിനെ അവര്‍ ഒരു പ്രചോദനം ആയി സ്വീകരിക്കുന്നു.
ഈ സമാഹരത്തിലെ ശ്രദ്ധേയമായ ലേഖനങ്ങളിലൊന്ന് അസ്മ ബര്‍ലാസിന്റേതാണ്. അവര്‍ സ്മരിക്കുന്നത് ആമിന വാദൂദുമയുള്ള തന്റെ ധൈഷണിക ബന്ധമാണ്. അതിലൂടെ ആമിനയും അവരുമൊക്കെ കടന്നു പോന്ന വഴികളെ കാണുകയും ചെയ്യുന്നു. ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച തന്നില്‍ നിന്ന് എങ്ങനെയാണ് മത പരിവര്‍ത്തനം നടത്തിയ ആമിന വദൂദ് വ്യത്യാസപ്പെടുന്നതെന്നാണ് അസ്മ ബര്‍ലാസ് പറയുന്നത്. മത പരിവര്‍ത്തനം’ എന്നത് മതത്തിനകത്തു ജനിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. മാത്രമല്ല ആഫ്രോ അമേരിക്കന്‍ സ്ത്രീ എന്ന താഴ്ത്തപ്പെട്ട സാമൂഹിക സ്ഥാനത്തു നിന്ന് വരുമ്പോള്‍ അത് കൂടുതല്‍ പ്രയാസമേറിയ ഒന്നാണ്. ഇങ്ങനെ ആഫ്രോ അമേരിക്കന്‍ എന്ന വംശീയ പ്രശ്നം, അപരിചിതമായ മത സാഹചര്യം എന്നീ പ്രശ്നങ്ങളൊക്കെ അമിന വദൂദ് അഭിമുഖീകരിച്ചത് കാണാന്‍ ബര്‍ലാസിനു കഴിയുന്നുണ്ട്.
മറ്റൊരു ലേഖനം ഇസ്ലാമിക് ലീഗല്‍ സ്കോളര്‍ ആയ മുഹമ്മദ് അബൂ ഫാദിലിന്റേതാണ്. ഇരുപതു വര്‍ഷം മുന്‍പ് നടന്ന ഒരു കഥയാണിത്. മുസ്ലിം സാമൂഹികാന്തരീക്ഷത്തിനകത്ത് സ്ത്രീകളുടെ പദവി ഇല്ലായ്മ ചെയ്യുന്നതെന്ന് നേരിട്ട് കാണുന്ന ഫാദില്‍ ഏറെ നിരാശനായിരിക്കുകയായിരുന്നു. ഇങ്ങനെ ഇസ്ലാമിക ജീവിതത്തില്‍ നിരാശപ്പെട്ട് ഇരിക്കുമ്പോഴാണ് ആമിന വാദൂദിന്റെ പുസ്തകം വായിക്കുന്നത്. ഫാദില്‍ കൊണ്ട് നടന്ന ഇസ്ലാമിലെ സ്ത്രീ ജീവിതത്തെ കുറിച്ചുള്ള മുഴുവന്‍ ധാരണകളും ആമിന വദൂദ് തിരുത്തിക്കുറിക്കുന്നു. പിന്നീട് ഇസ്ലാമിക കര്‍മ്മ ശാസ്ത്രം, നിയമപഠനം എന്നീ മേഖലയില്‍ ഫാദില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആമിന വദൂദിന്റെ ഒരു പാട് പരിമിതികള്‍ ഫാദില്‍ തിരിച്ചറിയുന്നു. വിഷിശ്യാ ഇസ്ലാമിക കര്‍മ്മ ശാസ്ത്രം എന്നത് ആമിന വദൂദ് ഒരിക്കലും ഗൌരവമായി കാണുന്നില്ല. (ഇസ്ളാമിക് ലീഗല്‍ തിയറിയില്‍ ഉള്ള ആമിന വദൂദിന്റെ പരിമിതികളിലേക്ക് ഈ ലേഖനത്തിന്റെ അവസാനം ചില സൂചനകളുണ്ട്). എങ്കിലും തന്റെ ജീവിത സാഹചര്യത്തെ മാറ്റിയ ഒരു ടെക്സ്റ്റ് ആയി ആമിന വദൂദിന്റെ ‘ഖുറാന്‍ ആന്‍ഡ് വിമന്‍ ’എന്ന പുസ്തകത്തെ ഫാദില്‍ കാണുന്നു.
മറ്റൊരു ശ്രദ്ധേയമെന്നു തോന്നിയ ലേഖനം അഹമ്മദ് പ്രദോയുടെതാണ്. അഹമ്മദ് ഖുറാന്റെ ഫെമിനിസ്റ് വായനയെ കുറിച്ച് ദീര്‍ഘമായെഴുതുന്നു. അഹമ്മദിന്റെ അഭിപ്രായത്തില്‍ പൊതുവേ ഖുറാന്‍ ആണ്‍കോയ്മയെ നിരാകരിക്കുന്നുവെങ്കിലും ചില പ്രത്യേക സുക്തങ്ങള്‍ നിശ്ചയമായും ആണ്‍കോയ്മയെ നിലനിരുതുന്നുവയാണ്. പലപ്പോഴും ഖുര്‍ആന്റെ സത്താപരമായ, ആണ്‍കോയ്മ വിരുദ്ധതയെന്ന, പൊതു ആഭിമുഖ്യത്തില്‍ നിന്ന് വിരുദ്ധമായി, ആണ്‍ കോയ്മയെ നില നിറുത്തുന്ന പ്രത്യേക സൂക്തങ്ങളാണ് നുറ്റാണ്ടുകളായി മുസ്ലിം സമൂഹത്തിനിടയില്‍ ലിംഗഭേദത്തെ കുറച്ചുള്ള സംവാദങ്ങളെ നിര്‍ണയിച്ചത്. ആണ്‍കോയ്മയെ നിലനിറുത്തുന്ന വിരലില്‍ എണ്ണാവുന്ന സൂക്തങ്ങള്‍ നീതി, വിമോചനം ഇവയെ കുറിച്ച ആയിരത്തിലധികം വരുന്ന സൂക്തങ്ങള്‍ വഹിക്കുന്ന വീക്ഷണങ്ങളെ അതി ജയിച്ചുവെന്നും അത് മുസ്ളിം സാമൂഹിക ജീവിതത്തിലെ സ്ത്രീയെ സാരമായി പരിക്കേല്‍പ്പിച്ചുവെന്നും അഹമ്മദ് പറയുന്നു. എന്നാല്‍ ഇങ്ങിനെയുള്ള ന്യൂനീകരണങ്ങളെ ഇസ്ലാമിക ഫെമിനിസ്റ് വായനകള്‍ മറികടക്കുന്നത് ഖുര്‍ആനെ മുന്‍നിര്‍ത്തി അഞ്ചു പ്രധാന ഇസ്ലാമിക തത്വങ്ങള്‍രൂപപ്പെടുത്തിയാണ്. ഒന്ന്: തൌഹീദ്(ഇസ്ളാമിന്റെ പ്രപഞ്ച വീക്ഷണം) രണ്ട്: തഖ്വ (ദൈവത്തെ ഭയക്കുക, സൂക്ഷിക്കുക) മൂന്ന്: ആദില്‍( നീതി) നാല്ഖി: ലാഫ(ദൈവിക പ്രതിനിധ്യം) അഞ്ച്: വിലായ(സംരക്ഷണം) ആറ്: ശൂറ(കൂടിയാലോചന). ഇസ്ളാമിക ഫെമിനിസ്റ്റ് വ്യാഖ്യാന ശാസ്ത്രത്തിന്‍റെ അടിസ്ഥാനങ്ങളാണിവ.
അമേരിക്കന്‍ ഇസ്ലാമിക് ഫെമിനിസ്റ്റായ സഹര അയ്യൂബിയുടെതാണ് മറ്റൊരു ലേഖനം. ഇസ്ളാമിലെ നേതൃത്വം, സ്ഥാപനാധികാരം ഇവയെക്കുറിച്ചാണ് സഹറ അയ്യൂബി ചര്‍ച്ച ചെയുന്നത്. മാക്സ്, വെബര്‍ എന്നിവരെ പിന്തുടര്‍ന്ന് ഇസ്ളാമിലെ authority എന്ന പ്രശ്നത്തെ കുറിച് സംസാരിക്കുന്ന ഖാലിദ് അബു അല്‍ ഫദ്ലില്‍ നിന്നും വ്യത്യസ്തമായി സമുദായവും സ്ത്രീകളും എന്ന പ്രശ്നത്തിലൂന്നിയാണ് സഹറ സംസാരിക്കുന്നത്.
തുടര്‍ന്നു ആമിന വദൂദിനെ കുറച്ചു എഴുതുന്നത് മറ്റൊരു ഇസ്ലാമിക് ഫെമിനിസ്റ് ആയ ദെബ്ര മജീദ് ആണ്.
“I have become one of her students; she, my mentor and friend. I have come to appreciate the merits of experience in the work of textual exegesis, whether the text is the divine word as revelation or the divine word as embodied human realtiy.”
തുടര്‍ന്നെഴുതുന്ന സയിന അന്‍വര്‍ മലേഷ്യയിലെ സിസ്റ്റേഴ്സ് ഓഫ് ഇസ്ലാമിന്‍റെ ഭാഗമായാണ്. അവര്‍ വാദിക്കുന്നത് ഖുറാന്‍ തുടങ്ങുന്നത് തന്നെ ‘വായിക്കുക’ എന്നതിലൂടെയാണ്. ന്യൂട്രല്‍ ആയ ഒരു പ്രസ്ഥാവനയാനത്. ഖുറാന്റെ ശബ്ദം ന്യൂട്രല്‍ ആണ്. എന്നാല്‍ ഇതിനു ആണ്‍കോയ്മയുടെ/പുരുഷാധികാരത്തിന്റെ സ്വരം വരുന്നത് ആണ്‍കോയ്മയെ നില നിറുത്തുന്ന സാംസ്കാരിക പശ്ചാത്തലങ്ങളില്‍ കൂടിയാണ്. ആണധികാരത്തിന്റെ ശബ്ദം ഖുറാന്റെ ശബ്ദത്തെ അദൃശ്യമാക്കിയിരിക്കുന്നു. ഖുറാന്റെ ശബ്ദത്തെ വീണ്ടെടുക്കുക എന്ന ഇസ്ളാമിക ദൌത്യമാണ് ആമിന വദൂദ് നിര്‍വഹിക്കുന്നത്.
ഈ സമാഹാരത്തിലെ ശ്രദ്ധിച്ചു വായിക്കേണ്ട ലേഖനം കേഷിയ അലിയുടെതാണ്. ഒരു പരിധിവരെ ആമിന വാദൂദിന്റെ വായനകളുടെ പരിമിതി ആയി ചൂണ്ടി കാടിയിരുന്നത് ഖുറാന്‍ മാത്രം അടിസ്ഥാനമാക്കുന്നു എന്നായിരുന്നു. കേശിയ അലിയുടെ ഇടപെടല്‍ ഖുര്‍ആന്‍, പ്രവാചകാധ്യാപനങ്ങള്‍( ഹദീസ്), സുന്ന (പ്രവാചക ചര്യ) ഇവയെ കൂടി മുന്‍നിത്തിയാണ്. ഇങ്ങനെയുള്ള ഒരു വിമര്‍ശനം കെഷിയ അലി തന്റെ മറ്റു എഴുത്തുകളില്‍ നേരിട്ട് ഉന്നയിക്കുന്നുണ്ടെങ്കിലും1 ഈ ലേഖനത്തില്‍ അത് പ്രകടമായി കാണുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ മാത്രം എന്ന നിലപാടിനെ വിമര്‍ശിക്കുമ്പോഴും ആമിന വാദൂദിന്റെ ഒരു വിമര്‍ശന രീതിയും ചട്ടക്കൂടും ഹദീസുകളുടെ/ലീഗല്‍ തിയറിയുടെ പഠനത്തില്‍ കേഷിയ അലി പുലര്‍ത്തുന്നു. കേഷിയ അലി പുലര്‍ത്തുന്ന ഈ വിമര്‍ശനാത്മക സമീപനം ഇസ്ലാമിക നവീകരണ ചിന്തയുടെ പുതിയ ഒരു അധ്യായമാണ്. ആമിന വാദൂദിന്റെ ഖുറാന്‍ വായനയുടെ രീതി ശാസ്ത്രം എന്നത് പാക്കിസ്ഥാന്‍/അമേരിക്കന്‍ പണ്ഡിതനായ ഫസലുരഹ്മാനില്‍(19191988) ഏറെ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നതായി കാണാവുന്നതാണ്. കേഷിയ അലിയെ പോലുള്ളവര്‍ ആമിനാ വദൂദില്‍ കാണുന്ന ഒരു പ്രശ്നവും ഫസല് റഹ്മാന്റെ ഖുര്‍ആന്‍ വായനയുടെ സ്വാധീനമാണ്. ഫസലുര്‍ റഹ്മാന്‍ ഖുറാനെ കുറിച്ച് മാത്രമല്ല ഹദീസ്, സുന്ന തുടങ്ങിയവയെ കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്. പ്രവാചകചര്യയുടെ ഉള്ളടക്കം(content) അല്ല, ആശയ(concept)മാണ് പില്‍കാല മുസ്ളിംകള്‍ പിന്തുടരേണ്ടത് എന്നായിരുന്നു സുന്ന,ഹദീസ് ഇവ സംബന്ധിച്ച് തന്റെ Islamic Methodology in History എന്ന പുസ്തകത്തില്‍ വിശദീകരിച്ചത്. ഫസലുര്‍റഹ്മാന്‍ ഏറ്റവുമധികം സ്വാധീനിച്ചതു ഇന്തോനേഷ്യന്‍ ബുദ്ധിജീവിയായ നര്‍കോലിശ് മദ്ജിദി(Nurcholish Madjid)നെയും ആമിന വദൂദിനെയുമാണെന്നു അബ്ദുള്ള സയീദ് Fazalur Rahman: a framework for interpreting the ethico-legal content of the Qur’an എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്.2 അമിന വദൂദ് Quran and Womenല്‍ നേരിട്ട് പറയുന്നില്ലെങ്കിലും ഫസലുര്‍റഹ്മാന്റെ പരമ്പരാഗത രീതിയില്‍ നിന്നു വേറിട്ടുള്ള ഖുര്‍ആനെക്കുറിച്ചുള്ള വായനയെ notable exception എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആമിന വദൂദ് ഫസലുര്‍റഹ്മാനെ സ്വീകരിക്കുന്നത് അക്ഷരം പ്രതിയൊന്നുമല്ല.

ഫസലുര്‍റഹ്മാന്‍

ഹദീസുകളെ കുറിച്ചുള്ള പഠനത്തില്‍ ഫസലുര്‍റഹ്മാന്‍ പറയുന്നത് ഇസ്ലാമിലെ നാല് ലീഗല്‍ സ്കൂളിലെ പ്രധാനപ്പെട്ട ഷാഫി സ്കൂള്‍ ആണ് ഹദീസുകളെ Independent Reasoning ല്‍ നിന്ന് തടഞ്ഞതെന്നാണ്. ഫസലുര്‍റഹ്മാന്‍ നടത്തിയ ഇസ്ളാമിക ടെക്സ്റുകളുടെ ആധുനിക വായന മൂന്ന് പ്രധാന വില്ലന്മാരെയാണ് ഇസ്ളാമിന്റെ ആധുനികതയിലേക്കുള്ള വളര്‍ച്ചയെ തടസ്സപ്പെടത്തുന്നവരായി കാണുന്നത്. തിയോളജിയില്‍ അബൂ മുസല്‍ ആഷ്അരി, തത്വചിന്തയില്‍ അബു ഹാമിദ് അല്‍ ഗസ്സാലി, ലീഗല്‍ സ്കൂളില്‍ ഇമാം ഷാഫി. ഇത് ആമിന വദൂദില്‍ ‘ഖുര്‍ആന്‍ മാത്രം’ എന്ന സമീപനം ആദ്യ കാലങ്ങളില്‍ രൂപപെടുത്തുന്നതില്‍ പങ്കു വഹിച്ചിരിക്കാം. പിന്നീട് ആമിന വദൂദ് തന്‍റെ  ഖുര്‍ആന്‍ വായനയെ പുതുക്കുന്നുവെങ്കിലും ഹദീസ്, സുന്ന ഇവയോടുള്ള സമീപനത്തില്‍ വിശകലനപരമായി മാറ്റം വരുത്തിയതായി കാണുന്നില്ല.
കേഷിയ അലി പറയുന്നത് ഇമാം ഷാഫി നിരവധി സാധ്യതകളുള്ള ഒരു ഇസ്ളാമിക ചിന്തകനും ഇമാമുമാണെന്നണ്. ചരിത്രത്തില്‍ ഇമാം ഷാഫിയെ പോലുള്ള ഒറ്റ(single) വില്ലന്മാരെ

കണ്ടത്തുന്നത് ആധുനികതയുടെതായ ഒറ്റ ചരിത്രമാണ്(single history) എന്നതാണ് പില്‍ക്കാലത്ത് ഫസലുര്‍റഹ്മാന്റെ പുസ്തകം എഡിറ്റ് ചെയ്ത ഇബ്രാഹിം മൂസയുടെ വിമര്‍ശനം. കേഷിയ അലിയുടെ ശ്രമം എന്നത് പ്രധാനമായും ഇമാം ഷാഫിയുടെ ചിന്തകളെ മുന്‍ നിര്‍ത്തിയാണ്.
കേഷിയ അലി തന്റെ പുസ്തകങ്ങളിലൂടെയും ഈ സമാഹാരത്തിലെ ലേഖനങ്ങളിലൂടെയും ഫെമിനിസം അടക്കമുള്ള മുസ്ളിം ആധുനിക വായനയുടെ വിമര്‍ശനവും വില്ലന്‍’ എന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇമാം ഷാഫിയുടെ പുന:ര്‍വായനയും (അതിലൂടെ ലീഗല്‍ തിയറിയിലും) ആണ് നടത്തുന്നത്.
പലപ്പോഴും ആമിനവദൂദിന്റെ പോരയ്മയായിരുന്ന ഹദീസ്, സുന്ന ഇവയെ ഗൌരവത്തില്‍ കാണാനുള്ള ശ്രമത്തിന്റെ അഭാവമാണ് കേഷ്യ അലി പരിഹരിക്കുന്നത്. Feminine Agency, Consensus തുടങ്ങിയ വിഷയങ്ങളില്‍ ഇമാം ശാഫിയിലൂടെ അമിന വാദൂടിന്റെ ഒരു critical expansion കേഷിയ അലിയില്‍ കാണാം. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ ഒതുങ്ങുന്നതല്ല.

കേഷിയ അലി

മാത്രമല്ല ഇസ്ലാമിക ടെക്സ്റ്റ്കളുടെ പുനര്‍വായനയുടെ കാര്യത്തില്‍ അമിന വദൂദ് നടത്തിയ ഇടപെടലുകളുടെ ഒരു വികാസം ആയി കേഷിയ അലിയുടെ ലേഖനത്തെ വായിക്കാം. അതിന്റെ ചില ചരിത്ര സാഹചര്യങ്ങള്‍/വഴികള്‍ ആണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ചത്.

ആമിനവദൂദിനെയും ഇസ്ളാമിക് ഫെമിനിസത്തെയും കുറച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ വായിക്കേണ്ട പുസ്തകം ആണിത്. 1990കളില്‍ ശക്തിപെട്ട ഇസ്ളാമിക ഫെമിന്സത്തെ കുറിച്ചുള്ള അക്കാദമിക ചര്‍ച്ചകള്‍ ഇന്ന് ധാരാളം മാറി. കേഷിയ അലിയെ പോലുള്ളവരുടെ ഹദീസ്, ലീഗല്‍ തിയറി ഇവയിലെ പുതിയ വായനകള്‍, സെകുലരിസം, ഇസ്ളാം ഇവയെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങള്‍, പോസ്റ് സെക്കുലര്‍ ഫെമിനിസത്തെ കുറച്ചുള്ള ചര്‍ച്ചകള്‍, അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ ഉണ്ടാക്കിയ മേല്‍കോയ്മ ഫെമിനിസ്റ് തീര്‍പ്പുകള്‍, അറബ് വസന്തം ഇവയോടൊന്നും അത്ര ശക്തമായി ഈ പുസ്തകം പ്രതികരിക്കുന്നില്ല. (ഉദാഹണത്തിന് ആമിനാവദൂദിന്റെ രണ്ടാമത്തെ പുസ്തകത്തിനു അവതാരിക എഴുതിയ അവരെ ഏറെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഖാലിദ് അബു അല ഫാദിലിന്റെ ഇറാഖ്/അഫ്ഗാന്‍ യുദ്ധം നടത്തിയ അമേരിക്കന്‍ സെനിക സ്ഥാപനങ്ങളുമായി ബന്ധപെട്ട നിലപാടുകള്‍ ഹാമിദ് ടബാശി, സബ മഹമൂദ് എന്നിവര്‍ രൂക്ഷമായി ചോദ്യം ചെയ്തിരുന്നു). ഇങ്ങിനെയുള്ള ചോദ്യങ്ങളൊന്നും വിശദമായി പരിഗണിക്കുന്ന ഒരു പുസ്തകമല്ല ഇത്. അത്തരം ഒരു വിമര്‍ശനോര്‍ജം ഈ പുസ്തകത്തിന്റെ ലകഷ്യമല്ലായിരിക്കാം എന്ന്

ഇബ്രാഹിം മൂസ

ആശ്വസിക്കാം. ആമിനാവദൂദിനെ വായിച്ചു പരിചയിച്ചവര്‍ക്ക് ഒന്ന് കൂടി സ്വയം പുതുക്കാനും തുടക്കകാര്‍ക്ക് വേണ്ട രീതിയല്‍ വായിച്ചു തുടങ്ങാനും പുസ്തകം അവസരം ഒരുകുന്നു. നേരത്തെ സൂചിപ്പിച്ച കേഷിയ അലിയുടെ കിടുലേഖനം മുതല്‍ ഒമിദ് സാഫിയുടെ സ്നേഹോഷ്മളം എന്ന് വിശേഷിപ്പിക്കാവുന്ന ലേഖനം ഒക്കെ ഏറെ ആസ്വദിക്കാവുന്നതാണ്. പാരമ്പര്യ മുസ്ളിം വിജ്ഞാനവുമായി വിശിഷ്യ അറബിയിലുള്ള വന്‍ പാരമ്പര്യസ്രോതസ്സുമായും അത് വഹിക്കുന്ന മുസ്ളിം ജീവിതത്തിലെ ആധികാരികതയുമായും ഇനിയും സാധ്യമാവേണ്ട മുസ്ളിം/ഇംഗ്ളീഷ് അക്കാദമികളുടെ ഗൌരവമായ ഇടപെടലിനെ/സംവാദത്തെ/വിമര്‍ശനത്തിന്റെ ഓര്‍മപെടുത്തല്‍ കൂടിയാണ് ഈ പുസ്തകം. എന്തൊക്കെ ആയാലും സമകാലിക മുസ്ളിം ജീവിതത്തിലെ വലിയൊരു ജീവിത സൌന്ദര്യം ആണ് ആമിന വദൂദ്. അത് അങ്ങിനെ തന്നെ ആഘോഷിക്കുകയാണ് ഈ പുസ്തകം.

(ആമിനാ വദൂദിന്റെ പുസ്തകം സൌജന്യമായി പ്രസാധാകര്‍ തന്നെ ലഭ്യമാക്കിയിരിക്കുന്നു. PDF ഈ ലിങ്കില്‍ http://www.bu.edu/religion/files/2010/03/A-Jihad-for-Justice-for-Amina-Wadud-2012-1.pdf നിന്ന് ലഭിക്കുന്നതാണ്.)

റെഫറന്‍സ്:
1. Kecia Ali. Sexual Ethics and Islam: Feminist Reflections on Qur’an, Hadith and      Jurisprudence. Oneworld, 2006
2. (p.39.Modern Muslim Intellectuals and Qur’an. Edited by Suha Taji-Farouki.)

Top