ചെങ്ങന്നൂർ അവശേഷിപ്പിക്കുന്ന ചോദ്യം
കഴിഞ്ഞ കാലങ്ങളിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ മത്സരാർത്ഥികളുടെ സാമുദായിക ഘടകങ്ങള്‍ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. നായർക്കും മേൽജാതി ക്രിസ്ത്യൻ സഭക്കുമായി ‘സംവരണം’ ചെയ്യപ്പെട്ട മണ്ഡലമാണ് ചെങ്ങന്നൂർ. ഏതു മുന്നണിയിലായും വിജയി സവർണനായിരിക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിശകലനം.
അവലംബം ആവശ്യമാണ് എന്ന മുൻകൂർ ജാമ്യത്തിൽ സ്വതന്ത്ര സർവ വിഞ്ജാന കോശമായ വിക്കിപീഡിയ ചെങ്ങന്നൂരിനെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: പുരാതനകാലത്ത് “ശോണാദ്രി” എന്നറിയപ്പെട്ടിരുന്ന പ്രദേശം, ആധുനികകാലത്ത് ചെങ്ങന്നൂർ എന്നായി മാറുകയായിരുന്നു. ശോണാദ്രി മലയാള വായ്മൊഴിയിൽ ചെങ്കുന്നായി പരിണമിക്കുകയും കാലാന്തരത്തിൽ ചെങ്ങന്നൂർ എന്നായി മാറുകയും ചെയ്തുവത്രേ.പുരാവസ്തുപരമോ ചരിത്രപരമോ ഭാഷാപരമോ ആയി ഏതെങ്കിലും വിധത്തിൽ സാധൂകരിക്കാവുന്ന ഒന്നല്ല ഈ സ്ഥലനാമ കഥയെന്ന കാര്യം തിട്ടം. എന്നാൽ 2018 ജൂൺ ഒന്നിനു പുറത്തിറങ്ങിയ മലയാള ദിന പത്രങ്ങൾ ചെങ്ങന്നൂരിനു പുതിയ പേരുകൾ നൽകി.
മെയ് 28 ന് ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ , 31 നു നടന്ന വോട്ടെണ്ണലിൽ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സജി ചെറിയാൻ 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിനു വേണ്ടി മണ്ഡലം നിലനിർത്തിയപ്പോഴാണ് ഇത്തരം തലക്കെട്ടുകൾ പിറന്നത്.
രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമ വിശാരദമാന്മാരുടെയും വിലയിരുത്തലുകളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തിയാണ് എൽ.ഡി.എഫ് മണ്ഡലത്തിൽ ചരിത്ര വിജയം നേടിയത്. തെരെഞ്ഞെടുപ്പിനു പിന്നാലെ പതിവു പോലെ ആരോപണ-പ്രത്യാരോപണങ്ങൾ രാഷ്ട്രീയ കേരളത്തിൽ അലയടിക്കാൻ തുടങ്ങി. സി.പി.എം സ്ഥാനാർത്ഥിയുടെ വിജയം വർഗീയതയെ കൂട്ടുപിടിച്ചാണെന്ന് ആരോപിക്കുന്നതു കോൺഗ്രസും ബി.ജെ.പിയുമാണ്. വോട്ടെടുപ്പിനു മുൻപ് ജാതി-മത വോട്ടുകൾക്കായി എല്ലാ മുന്നണികളും സ്ഥാനാർത്ഥികളും ഒരുപോലെ തന്നെ കൈയും കാലും പിടിക്കുന്ന കാഴ്ച്ച സർവരും കണ്ടതാണ്. വിജയിയായ സജി ചെറിയാനാകട്ടെ, എല്ലാവിഭാഗങ്ങളുടെയും വോട്ടുകൾ തനിക്കു ലഭിച്ചിട്ടുണ്ടെന്ന കാര്യം മറച്ചു വെക്കുന്നുമില്ല.
1957ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആര്‍.ശങ്കരനാരായണന്‍തമ്പിയും 1960ല്‍ കോണ്‍ഗ്രസിലെ കെ.ആര്‍. സരസ്വതിയമ്മയും 1965ല്‍ കേരളാ കോണ്‍ഗ്രസായി വീണ്ടും സരസ്വതിയമ്മ തന്നെയും 1967 ലും 1970ലും സി.പി.എമ്മിലെ പി.ജി പുരുഷോത്തമന്‍പിള്ളയും 1977ൽ എൻ.ഡി.പി യിലെ തങ്കപ്പന്‍പിള്ളയും 1980ല്‍ എൻ.ഡി.പിയായി മാറിയ സരസ്വതിയമ്മയും 1982ല്‍ എൻ.ഡി.പിയിലെ എസ്.രാമചന്ദ്രന്‍പിള്ളയും 1987ല്‍ കോണ്‍ഗ്രസി(എസ്)ലെ മാമ്മന്‍ഐപ്പ്, 1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിലെ ശോഭനാ ജോര്‍ജും 2006ല്‍ കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥും വിജയിച്ചു. 2011ൽ വിജയം ആവർത്തിച്ച വിഷ്ണുനാഥ് 2016ൽ കെ.കെ.രാമചന്ദ്രൻ നായരോട് 7983 വോട്ടുകൾക്കു പരാജയപ്പെടുകയായിരുന്നു. രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരെഞ്ഞെടുപ്പിൽ സജി ചെറിയാൻ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെ ചരിത്ര വിജയം നേടി.
സജി ചെറിയാന്റെ വൻ വിജയത്തിനു പിന്നിൽ ഈഴവ വോട്ടുകളുണ്ടെന്നത് കണക്കുകൾ സാധൂകരിക്കുന്നു. മണ്ഡലത്തിലെ നിർണായകമായ വോട്ട് ബാങ്കായിട്ടും ഈഴവ സമുദായത്തിന് നാളിതു വരെ പ്രധാന മുന്നണിയുടെ സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നതു ശ്രദ്ധേയമാണ്. കാരണം വ്യക്തമാണ്. മറ്റു സമുദായങ്ങളുടെ അപ്രീതി ഭയന്നു തന്നെയാണ് അത്തരമൊരു സാഹസത്തിനു മുന്നണികൾ തയ്യാറാവാത്തത് എന്നുവേണം കരുതാൻ.
നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളാണു മണ്ഡലത്തില്‍ ഏറ്റവും കൂടുതലുള്ളത് എന്നതിനാൽ ഇന്നേവരെ ചെങ്ങന്നൂരില്‍ ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവരെ മാത്രമേ പ്രമുഖ മുന്നണികൾ മത്സരിപ്പിക്കാറുള്ളൂ. കഴിഞ്ഞ തവണ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ നായർ സമുദായത്തിൽ പെട്ടവരായിരുന്നു. മൂന്നു പേർക്കുമായി സമുദായ വോട്ടുകൾ വീതം വെക്കപ്പെട്ടുവെന്ന കാര്യം എൻ.എസ്.എസ് കേന്ദ്രങ്ങൾ സമ്മതിക്കുന്നു. ഇക്കുറി യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാര്‍ത്ഥികള്‍ നായര്‍ വിഭാഗത്തില്‍ പെട്ടവരും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളായതും യാദൃഛികമല്ലെന്നു സാരം. വിവിധ വിഭാഗങ്ങളിലായി 26 ശതമാനം ക്രൈസ്തവരുണ്ടു മണ്ഡലത്തിൽ. തൊട്ടു താഴെ നായർ സമുദായം വരും. 24 ശതമാനം. പിന്നീട് ഈഴവ 19%, ദലിത് 13%, വിശ്വകര്‍മ 8%, മുസ്‌ലിം 6%, മറ്റുള്ളവര്‍ 4% എന്നിങ്ങനെയാണ് മണ്ഡലത്തിലെ സാമുദായിക വിഭജനം.
അരലക്ഷത്തോളം വോട്ടുകൾ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന എസ്.എൻ.ഡി.പിയുടെ ചെങ്ങന്നൂർ മണ്ഡലത്തിലെ ചെങ്ങന്നൂർ,മാവേലിക്കര യൂണിയനുകൾ ഇക്കുറി ബി.ജെ.പിക്കെതിരെ പരസ്യമായി നിലപാടു സ്വീകരിച്ചു. ഈഴവ വോട്ടുകളിലെ സിംഹഭാഗവും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും പാരമ്പര്യമായി ലഭിച്ചു പോരുന്നതാണ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ, കഴിഞ്ഞ കാല നിലപാടുകളെത്തുടർന്ന് ഈഴവ സമുദായത്തിലെ ചെറിയ ഒരു വിഭാഗം ബി.ജെ.പി പാളയത്തിൽ എത്തിച്ചേർന്നു എന്നതു വാസ്തവമാണ്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് രൂപവത്കരണവും എൻ.ഡി.എ പ്രവേശവും മുൻ നിർത്തി ഈഴവ സമുദായത്തിൽ മുൻകാലത്തെങ്ങുമില്ലാത്ത വിധം തെരഞ്ഞെടുപ്പു കാലത്തു വലിയ ആവേശം കൈവന്നിരുന്നു. ഇടതു കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുകയും എൻ.ഡി.എ കേന്ദ്രങ്ങളെ പ്രതീക്ഷാ നിർഭരമാക്കുകയും ചെയ്ത ബി.ഡി.ജെ.എസിന്റെ സഹായത്തോടെയാണു കഴിഞ്ഞ തവണ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു 42682 വോട്ടുകൾ ലഭിച്ചത്. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്തിയോ അല്ലെങ്കിൽ കോർപ്പറേഷൻ അധ്യക്ഷ പദവിയോ നൽകണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇടഞ്ഞു നിന്ന ബി.ഡി.ജെ.എസ് പിണങ്ങി നിന്നപ്പോൾ ശ്രീധരൻ പിള്ളയ്ക്കു ലഭിച്ചതാകട്ടെ 35270 വോട്ടുകൾ. അരലക്ഷമില്ലെങ്കിലും ചുരുങ്ങിയതു നാൽപതിനായിരം വോട്ടുകൾ ഈഴവർക്കുണ്ടെന്നു തീർച്ച.
സജി ചെറിയാന്റെ വൻ വിജയത്തിനു പിന്നിൽ ഈഴവ വോട്ടുകളുണ്ടെന്നത് കണക്കുകൾ സാധൂകരിക്കുന്നു. മണ്ഡലത്തിലെ നിർണായകമായ വോട്ട് ബാങ്കായിട്ടും ഈഴവ സമുദായത്തിന് നാളിതു വരെ പ്രധാന മുന്നണിയുടെ സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നതു ശ്രദ്ധേയമാണ്. കാരണം വ്യക്തമാണ്. മറ്റു സമുദായങ്ങളുടെ അപ്രീതി ഭയന്നു തന്നെയാണ് അത്തരമൊരു സാഹസത്തിനു മുന്നണികൾ തയ്യാറാവാത്തത് എന്നുവേണം കരുതാൻ. തങ്ങളിലൊരാൾക്കു സ്ഥാനാർത്ഥിത്വം നൽകണമെന്ന കാര്യം എസ്.എൻ.ഡി.പി മുന്നോട്ടു വെച്ചതായും അറിവില്ല. ബി.ഡി.ജെ.എസ് ഘടക കക്ഷിയായപ്പോൾപ്പോലും എൻ.ഡി.എ അതിനു തയ്യാറായില്ല.പകരം ചെങ്ങന്നൂർ മണ്ഡലം അതിർത്തി പങ്കിടുന്ന കുട്ടനാട്ടിലാണു ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മത്സരിച്ചത്.
മണ്ഡലത്തിലെ 13 ശതമാനം വരുന്ന ദലിതരുടെ കാര്യത്തിൽ എല്ലാ മുന്നണികളും, തെരെഞ്ഞെടുപ്പു കാലത്തെങ്കിലും അങ്ങേയറ്റം താൽപര്യം കാണിക്കുക പതിവാണ്. ഇതിനായി പട്ടിക ജാതി കോളനികള്‍ കേറിയിറങ്ങി എല്ലാ വിധ വാഗ്ദാനങ്ങളും മുറതെറ്റാതെ നൽകി മടങ്ങും. മണ്ഡലത്തിലെ വിജയ പരാജയങ്ങളില്‍ നിർണായകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിഭാഗങ്ങള്‍ക്കു സാധിക്കും എന്നതാണു കാര്യം. എന്നാൽ ഇന്നു വരെ സമ്മർദ ശക്തിയായി നിലകൊണ്ട് അവകാശങ്ങൾ നേടിയെടുക്കാൻ ദലിത് സമൂഹങ്ങൾക്കു കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു കൃത്യം രണ്ടു ദിവസം മുൻപു് ‘ദലിത് ചെറുകുന്ന്’ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന പോസ്റ്റിൽ ഇപ്രകാരം പറയുന്നു: ‘ചെങ്ങന്നൂർ ആകെ വോട്ട് 199340 – ദലിത് വോട്ട് 33% – അതായത് 65782. ചെങ്ങന്നൂരിൽ നടക്കാൻ സാധ്യതയുള്ള പോളിങ് 80 % – അതായത് 159472 പേർ വോട്ടു ചെയ്യാം. 408 68 – പേർ വോട്ടു ചെയ്യാതിരിക്കും. വോട്ടു ചെയ്യാതിരിക്കുന്നത് ദലിതരല്ല ‘.ദലിത് വോട്ടുകളിൽ 98% വും പോൾ ചെയ്യപ്പെടും. അതായത് 64460 വോട്ടുകൾ. ഒരു ചതുഷ് കോണ മത്സരത്തിൽ 40,000-വോട്ടു നേടുന്ന സ്ഥാനാർത്ഥി വിജയിച്ചിരിക്കും. ആകെ പോൾ ചെയ്യുന്ന ദലിത് വോട്ടുകളിൽ 62% പേർ ദലിത് ഐക്യസ്ഥാനാർത്ഥി അജി എം ചാലക്കേരിക്കു വോട്ടു ചെയ്തിരുന്നെങ്കിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ചരിത്രമാകുമായിരുന്നു; ഒപ്പം കേരള രാഷ്ട്രീയ ചരിത്രവും. ചരിത്രം സൃഷ്ടിക്കാൻ ചെങ്ങന്നൂരിലെ ദലിതർ തയ്യാറാകുക ഒരു ചൂണ്ടുവിരൽ മാറ്റാൻ ധൈര്യമില്ലാത്തവരാണോ അയ്യൻകാളി- അംബേദ്കർ- അപ്പച്ചൻ ചെറുമക്കൾ? മറ്റുള്ളവരുടെ ജയവും തോൽവിയും ഓർത്തു ടെൻഷൻ കൊണ്ടു പോളിങ് ബൂത്തിലേക്കു പോകുന്നവർക്ക് ഒരിക്കലും രാഷ്ട്രീയ ശബ്ദമാകാൻ കഴിയില്ലന്നറിയുക ’
കേരള സാംബവർ സൊസൈറ്റി,കേരള സാംബവർ സമിതി എന്നിങ്ങനെ വേറെയും സംഘടനകൾ സമുദായത്തിലുണ്ട്. കൂടാതെ കേരള ദലിത് പാന്തേഴ്സ്,ചേരമർ-സാംബവ മഹാസഭ,കേരള ചേരമർ സംഘം എന്നിവയും മണ്ഡലത്തിൽ വേരുകളുള്ള സംഘടനകളാണ്. എല്ലാവർക്കുമായി 38000 വോട്ടുകളുണ്ടെന്നാണ് അനൗദ്യോഗികമായ ചില കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിട്ടും സംഘടിത ശക്തിയായി നിലകൊള്ളാൻ ദലിത് സമൂഹങ്ങൾക്കു കഴിയുന്നില്ല എന്ന വിഷയത്തിൽ ആഴത്തിലുള്ള ചിന്ത ആവശ്യമാണ്.
ചെങ്ങന്നൂരിലെ ദലിത് സമൂഹം 13 ശതമാനം ആണെന്നിരിക്കെ പോസ്റ്റ് അത്യുക്തിപരമാണെങ്കിലും ശരാശരി കാൽലക്ഷം ദലിത് വോട്ട് അവിടെ ഉണ്ടാവും. ഈഴവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗബലമുള്ള സമൂഹം ദലിതരാണ്. കെ.പി.എം.എസിനു തന്നെയാണ് ദലിത് സമുദായത്തിൽ നിർണായക സ്വാധീനം. പ്രഥമ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായിരുന്ന പി.കെ.ചാത്തൻ മാസ്റ്റർ രൂപം നൽകിയ കെ.പി.എം.എസിന്റെ (കേരള പുലയർ മഹാ സഭയുടെ)നേതൃസ്ഥാനത്തു കടന്നുവന്നത് പിന്നീടു മന്ത്രിയായിരുന്ന പി.കെ.രാഘവനായിരുന്നു. ഒടുവിൽ പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും തുറവൂർ സുരേഷും ടി.വി.ബാബുവും നേതൃത്വം നൽകുന്ന മറ്റൊരു വിഭാഗവും ഈ സംഘടനയെ ഭാഗിച്ചെടുത്തു. പുന്നല ശ്രീകുമാറിനു മാത്രമായി പതിനായിരത്തിലേറെ വോട്ടുകളുണ്ടു മണ്ഡലത്തിൽ. ബി.ഡി.ജെ.എസിലുള്ള മറുവിഭാഗത്തിന് ആയിരത്തിലധികവും.
കേരള സാംബവ മഹാസഭക്ക് ചെങ്ങന്നൂർ മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്. സാംബവർ അഥവ പറയ സമുദായത്തിൽപെട്ടവരുടെ ഉന്നമനത്തിനായി പോരാടിയ സാംബവ സമുദായാചാര്യൻ കാവാരികുളം കണ്ഠൻ കുമാര (1863-1934)ന്റെ പ്രധാന പ്രവർത്തന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ. മഹാത്മാ അയ്യൻകാളിക്കു ശേഷം 16 കൊല്ലം ശ്രീമൂലം പ്രജാസഭയിൽ അംഗം വരെയായ മഹാ വ്യക്തിയാണു കണ്ഠൻ കുമാരൻ.1910 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന പറയർ സംഘം രൂപവത്കൃതമാകുന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിനു ചെങ്ങന്നൂർ വേദിയായ സാഹചര്യത്തിൽപ്പോലും സാംബവ സമുദായക്കാരുടെ ആചാര്യനും സാമൂഹിക പരിഷ്കർത്താവുമായ കാവാരികുളം കണ്ഠൻ കുമാരനു സ്മാരകം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ അനന്തമായി നീണ്ടുപോകുകയാണ്. സാംബവരുടെ തലതൊട്ടപ്പനായ അദ്ദേഹത്തിന്റെ പേരിൽ ചെങ്ങന്നൂരിൽ ഉചിതമായ സ്മാരകം വേണമെന്നത് മണ്ഡലത്തിൽ ആഴത്തിൽ വേരുകളുള്ള സമുദായത്തിന്റെ എക്കാലത്തെയും ആവശ്യമാണ്.കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1982 ഫെബ്രുവരി നാലിന് ചെങ്ങന്നൂർ നഗരപ്രദേശത്ത് പുറമ്പോക്കു പ്രദേശത്ത് സാംബവ മഹാസഭയുടെ അധീനതയിലുള്ള 20 സെന്റോളം വരുന്ന ഭൂമിയിൽ ആസ്ഥാന മന്ദിരം പണിയുന്നതിനുള്ള ശിലാസ്ഥാപനം നിർവഹിച്ചതാണ്. ശിലാഫലകം കാറ്റും മഴയും കൊണ്ടു നശിക്കുന്നതല്ലാതെ സ്മാരകനിർമാണത്തിനുവേണ്ടിയുള്ള യാതൊരു നീക്കവുമുണ്ടായില്ല. ഇതിനിടെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 2015 ഫെബ്രുവരി എട്ടിന് കാവാരികുളം കണ്ഠൻ കുമാരനു സ്മാരകം നിർമിക്കാനുള്ള മറ്റൊരു പദ്ധതിയുടെ ശിലാസ്ഥാപനവും ആഘോഷമായി നടന്നു.
ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രമുഖ സമുദായങ്ങളായ നായന്മാരും ഈഴവരും എം.സി.റോഡിൽ ആധുനിക സംവിധാനങ്ങളുള്ള ആസ്ഥാന മന്ദിരങ്ങൾ നിർമ്മിച്ചപ്പോൾ ഇതേ റോഡിൽ ദലിത് സമൂഹത്തിന്റെ കൈവശമുള്ള ഭൂമി വെറുതെ കാടുപിടിച്ചു കിടക്കുകയാണ്.കേരള സാംബവർ സൊസൈറ്റി,കേരള സാംബവർ സമിതി എന്നിങ്ങനെ വേറെയും സംഘടനകൾ സമുദായത്തിലുണ്ട്. കൂടാതെ കേരള ദലിത് പാന്തേഴ്സ്,ചേരമർ-സാംബവ മഹാസഭ,കേരള ചേരമർ സംഘം എന്നിവയും മണ്ഡലത്തിൽ വേരുകളുള്ള സംഘടനകളാണ്. എല്ലാവർക്കുമായി 38000 വോട്ടുകളുണ്ടെന്നാണ് അനൗദ്യോഗികമായ ചില കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിട്ടും സംഘടിത ശക്തിയായി നിലകൊള്ളാൻ ദലിത് സമൂഹങ്ങൾക്കു കഴിയുന്നില്ല എന്ന വിഷയത്തിൽ ആഴത്തിലുള്ള ചിന്ത ആവശ്യമാണ്.
എട്ടു ശതമാനം വരുന്ന, വിവിധ സംഘടനകളിലായി വിഭജിച്ചു കിടക്കുന്ന, വിശ്വകർമ വോട്ടുകൾ ലക്ഷ്യം വെച്ചു മത്സരിച്ച ടി.മോഹനൻ ആചാരിക്ക് 263 വോട്ടുകൾ കിട്ടി. സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി അഥവാ എസ്.എൻ.ഡി.പി യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച സ്വാമി സുഖാകാശ സരസ്വതിക്ക് 800 വോട്ടുകൾ കിട്ടിയെന്നതാണ് അത്ഭുതം. എന്നാൽ നേരത്തെ സൂചിപ്പിച്ച ദലിത് ഐക്യസ്ഥാനാർത്ഥി അജി എം ചാലക്കേരിക്കു കിട്ടിയ വോട്ട് വെറും137 വോട്ടുകൾ മാത്രം. പ്രചാരണ കോലാഹലത്തിൽ മൂന്നു മുന്നണികളുടെയും ഏകദേശം അടുത്തെത്തിയ ആം ആദ്മിക്ക് 368 മാത്രം ലഭിച്ച ചെങ്ങന്നൂരിൽ നോട്ടക്ക് 728 വോട്ടുകൾ കിട്ടിയെന്നുള്ളപ്പോൾ അജി എം ചാലക്കേരിയുടെ വോട്ട് വലിയ മോശമല്ല എന്നു പറയാം. പക്ഷേ എന്തുകൊണ്ട് ദലിത് സമൂഹങ്ങൾക്ക് സംഘടിത ശക്തിയായി നിലകൊള്ളാൻ കഴിയുന്നില്ല എന്ന വലിയ ചോദ്യമാണു ചെങ്ങന്നൂർ അവശേഷിപ്പിക്കുന്നത്.