അവളുടെ മൃതശരീരത്തിനു മുകളിലൂടെ

മലയാള സാഹിത്യത്തിൽ അത്യപൂര്‍വ്വമായ, സ്ത്രീഹാസ്യത്തിന്‍റെ വിധ്വംസകതയാണ് സി. അയ്യപ്പന്റെ ‘പ്രേതഭാഷണം’ എന്ന കഥയിൽ കാണുന്നത്. കീഴാള സ്ത്രീയവസ്ഥയെ ഉൾക്കൊള്ളാനാവാത്ത സമകാലീന ഫെമിനിസത്തോടുള്ള താക്കീതുകൂടിയായി മാറുന്നുണ്ട് ഈ കഥ. ഇത് പുരുഷാധിപത്യക്രമത്തിന്‍റെ സാര്‍വ്വത്രികതാ നാട്യത്തെ പൊളിച്ചുകളയുന്നതായി ലേഖകൻ നിരീക്ഷിക്കുന്നു.

പുരുഷാധിപത്യവും ജാതീയാധിപത്യവും നിര്‍മിക്കുന്ന വ്യവഹാരങ്ങളില്‍, സ്ത്രീ സ്വത്വമില്ലാത്തവളായിട്ടാണു ചിത്രീകരിക്കപ്പെടാറുള്ളത്. സ്ത്രീകളുടെ ലിംഗപരതയെ തമസ്ക്കരിക്കുന്ന തിനായി അധീശത്വശക്തികള്‍ മുന്നോട്ടു വെച്ചിട്ടുള്ള അനേകമായ വര്‍ഗീകരണ മുറകളെ പ്രതിരോധിച്ചു രൂപപ്പെട്ട സങ്കല്‍പ്പനമാണ് ‘ശരീര’ത്തിന്‍റെയും ‘വ്യക്തിപര’മായതിന്‍റെയും രാഷ്ട്രീ യം.

ഈ മുന്നേറ്റത്തിനു സഹായകരമായത് ആത്മകഥാഖ്യാനങ്ങളിലെ മറകളെയും തിരസ്ക്കാരങ്ങളെയും കുറിച്ചുള്ള സവിശേഷമായ അന്വേഷണങ്ങളാണ്. മധ്യകാ ലഘട്ടത്തിലെ പാശ്ചാത്യ സ്ത്രീകളുടെ ആവിഷ്ക്കാരങ്ങളില്‍, വിവിധങ്ങളായ മറകളും തിരസ്കാരങ്ങളും ഉണ്ടായിരുന്നു. കടുത്ത ജാതീയാധിപ ത്യവും പുരുഷാ ധിപത്യവും നിലനിന്നിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍, ഫൂലന്‍ ദേവി പുരുഷവേഷം ധരിച്ചും സ്ത്രീജന്മത്തെ  തിരസ്കരി ച്ചിരിക്കുന്നുവെന്നു പ്രഖ്യാപിച്ചുമാണ് ബലാല്‍സംഗ വീരന്മാര്‍ക്കു ശിക്ഷ വിധിച്ച, നീതിയുടെ ദേവതയായി പ്രത്യക്ഷപ്പെട്ടത്. അങ്ങനെയുള്ള മറകളും തിര സ്ക്കാരങ്ങളും മാഞ്ഞുപോയത് സ്ത്രീകളുടെ ചിന്തകളും സാമൂഹികമായ പ്രവൃത്തികളും ‘സൂക്ഷ്മരാഷ്ട്രീയ’മായി പരിവര്‍ത്തനപ്പെട്ട ദിശയിലാണ്. സ്ത്രീ ആവിഷ്ക്കാരങ്ങളില്‍ ഹാസ്യം സാധ്യമാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പാശ്ചാത്യ ചിന്തയില്‍ സ്ത്രീകളുടെ സൂക്ഷ്മ രാഷ്ട്രീയത്തിനു തുടക്കമിട്ടത്. ഫ്രോയ്ഡ് സ്ത്രീ ഹാസ്യത്തിനു നല്‍കിയ ന്യൂനപദവിയെക്കുറിച്ചുള്ള വിമര്‍ശന പാഠങ്ങള്‍, ശക്തമായ അപനിര്‍മാണത്തിനാണു വഴിതെളിച്ചത്.

കേരളത്തില്‍ ചിരിയുടെ പിതാമഹനെന്നു വിളിക്കപ്പെടുന്ന വി. കെ. എന്നിന്‍റെ കൃതികളിലെ സ്ത്രീകള്‍ സ്വത്വമില്ലാത്തവരായി ഇനം തിരിക്കപ്പെട്ടവരാണ്. മാത്ര മല്ല, അവര്‍ പരസ്പരം അസൂയ പുലര്‍ത്തുന്നവരായി നിലനിന്നുകൊണ്ടു് പുരുഷനി ലേക്കു പിളരുന്നവരുമാണ്. മുഖ്യധാരാ സാഹിത്യത്തില്‍, പീഡി തരെ അപമാനവീകരിക്കുന്നതിലൂടെയാണു ഹാസ്യം ആസ്വാദ്യകരമാകുന്നതെങ്കില്‍, സ്ത്രീഹാസ്യം അവളുടെ മൃതശരീരത്തില്‍ നിന്നു ഉരിഞ്ഞു മാറ്റുന്ന യക്ഷിക്കഥയുടെ ഉടുവസ്ത്രത്തില്‍ നിന്നു പിറവിയെടുക്കുന്നതാണ്. കണ്ണീരിന്‍റെ കടലുകള്‍ താണ്ടിയും ദുരിതങ്ങളുടെ കയങ്ങളില്‍ മുങ്ങിപ്പൊങ്ങിയും അവസാനമായി അവളുടെ ശരീരം ചലനമറ്റു കിടക്കുമ്പോള്‍ (ഉറങ്ങി/അംഗവിച്ഛേദനം സംഭവിച്ച്/മരിച്ച്) ആഭിചാരത്തിന്‍റെ ആഹ്വാനം പോലെ, അടി ച്ചമര്‍ത്തപ്പെട്ട സ്വത്വം ഉയര്‍ത്തെഴുന്നേല്ക്കുന്നു.  ‘വ്യക്തിപരമായതു രാഷ്ട്രീയ’മാകുന്ന ഈ പശ്ചാത്തലത്തില്‍ മറവികള്‍ സ്വയം സംസാരിക്കുന്നു.

സി. അയ്യപ്പന്‍റെ ‘പ്രേതഭാഷണം’ എന്ന കഥ, മലയാളസാഹിത്യത്തിലെ അത്യപൂര്‍വമായ സ്ത്രീ ഹാസ്യത്തിന്‍റെ വിധ്വംസകത ഉള്‍ക്കൊള്ളുന്നതാണ്. ഉറങ്ങിക്കിടക്കുന്ന റോസിക്കുട്ടിയുടെ ശരീരത്തില്‍ ബാധയായി പ്രവേശിക്കുകയാണ് അവളുടെ തൂങ്ങിമരിച്ച സഹോദരിയുടെ ആത്മാവ്. ഇതോടെ, റോസിക്കുട്ടിക്കു മനസ്സിലാകാതെ പോയ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഭ്രാന്തിന്‍റെ വേലിയേറ്റങ്ങളായി തിരിച്ചടിക്കാന്‍ തുടങ്ങുന്നു. ആത്മഹത്യ ചെയ്ത അനിയത്തിയുടെയും ഭ്രാന്തിയായ ചേച്ചിയുടെയും കഥപറച്ചിലുകളിലൂടെ, പരലോക പുരുഷനായ ദൈവത്തിന്‍റെയും ഇഹലോക പുരുഷനായ പിതാവിന്‍റെയും പേരില്‍ വ്യവസ്ഥിതി നിര്‍മിച്ചിട്ടുള്ള ആത്മാന്ധതകളെ, ദുരന്താനുഭവം എന്നതിലുപരി ഹാസ്യാത്മകമായി ചിഹ്നവല്‍ക്കരിക്കപ്പെടുകയാണ്.

പതിനഞ്ചാമത്തെ വയസ്സില്‍, ഒരിടവപ്പാതിക്ക് മച്ചിന്‍റെ മുകളില്‍ നെല്ലുചിക്കാന്‍ കയറിയ ‘അവള്‍’ കുഞ്ചാക്കോവിന്‍റെ കൈകള്‍ക്ക് അകത്തായി. അമ്പരന്നുപോയ അവള്‍ ആ കൈക ളുടെ ലക്ഷ്യങ്ങളറിഞ്ഞു പുളഞ്ഞു. കോവണിയിറങ്ങുമ്പോള്‍ കുഞ്ചാക്കോവ് ഓര്‍മിപ്പിച്ചു. ‘പിന്നേ, നീയിതാരോടും പറഞ്ഞേക്കരുത്.’

അന്നും അവള്‍ ഒരു പൊട്ടിയായിരുന്നു. ഈ പൊട്ടത്തരമാണ് ആറേഴു കൊല്ലം കഴിഞ്ഞപ്പോള്‍ ‘കുഞ്ഞെന്നെ കെട്ടുമോ’ എന്നു ചോദിക്കാന്‍ പ്രേരിപ്പിച്ചത്. ‘ഞാനെങ്ങനെയാണു നിന്നെ കെട്ടുക?’ എന്ന അവന്‍റെ ചോദ്യത്തിലെ നിസ്സഹായത, പ്രൈമറി സ്കൂള്‍ ടീച്ചറാണെങ്കിലും വീട്ടില്‍ പണിക്കു വന്നിരുന്ന കീഴ്ജാതിക്കാരിയുടെ മകളെ കല്യാണം കഴിക്കാന്‍ ഒരു ക്രിസ്ത്യാ നിക്കു പറ്റില്ല എന്ന തീര്‍ച്ചയില്‍ നിന്നുള്ളതായിരുന്നു. ഈ തീര്‍ച്ചയില്‍ നീറിയ അവള്‍ വീട്ടിലെത്തിയപ്പോള്‍, അമ്മാവന്‍റെ മകള്‍ പിഴച്ചുപോയതിനെക്കുറിച്ചു് അച്ഛനോട് അമ്മ മന്ത്രിക്കുന്ന തു കേള്‍ക്കുന്നു.

ഉറങ്ങിക്കിടക്കുന്ന റോസിക്കുട്ടിയുടെ ശരീരത്തില്‍ ബാധയായി പ്രവേശിക്കുകയാണ് അവളുടെ തൂങ്ങിമരിച്ച സഹോദരിയുടെ ആത്മാവ്. ഇതോടെ, റോസി ക്കുട്ടിക്ക് മനസ്സിലാകാതെ പോയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഭ്രാന്തിന്‍റെ വേലിയേറ്റങ്ങളായി തിരിച്ചടിക്കാന്‍ തുടങ്ങുന്നു. ആത്മഹത്യ ചെയ്ത അനിയത്തിയു ടെയും ഭ്രാന്തിയായ ചേച്ചിയുടെയും കഥപറച്ചിലുകളിലൂടെ, പരലോകപുരുഷനായ ദൈവത്തിന്‍റെയും ഇഹലോകപുരുഷനായ പിതാവിന്‍റെയും പേരില്‍ വ്യവ സ്ഥിതി നിര്‍മിച്ചിട്ടുള്ള ആത്മാന്ധതകളെ ദുരന്തനാഭവം എന്നതിനുപരി ഹാസ്യാത്മകമായി ചിഹ്നവല്‍ക്കരിക്കപ്പെടുന്നു.

മന്ത്രസ്വരങ്ങള്‍ അവളുടെ ഹൃദയത്തില്‍ പിടയുമ്പോഴും കുഞ്ചാക്കോവ് സമര്‍ഥനായിരുന്നു. തൃശ്ശൂര്‍ ചന്തയില്‍ നിന്നു കൊണ്ടുവന്ന ചില സാമഗ്രികള്‍ ഉപയോഗിച്ചു് അവന്‍ ചില മുന്‍കരു തലുകള്‍ എടുത്തിരുന്നു. എന്നാല്‍ അവ ഉപകാരപ്പെട്ടില്ല. ഗര്‍ഭിണിയായ അവളാവട്ടെ അവന്‍റെ കുഞ്ഞിനെ പ്രസവിച്ചു, അതിനെ വളര്‍ത്താന്‍ കൊതിച്ചു. അവളുടെ ഈ ആഗ്രഹമറിയിച്ച പ്പോള്‍ കുഞ്ചാക്കോവ് കാര്‍ക്കിച്ചു തുപ്പി. കൈമടക്കി കരണത്തടിച്ചു. എന്നിട്ടും ഗര്‍ഭമലസിപ്പിക്കാന്‍ അവള്‍ തയ്യാറല്ലാതായപ്പോള്‍ അവന്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. അപ്പോഴാണ് അവളും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചത്.

സി അയ്യപ്പന്‍

അവള്‍ക്ക് ഒരു സ്വൈര്യവുമില്ലായിരുന്നു. അവനും അവളും തമ്മിലുള്ള ബന്ധം നാട്ടിലെല്ലാം അറിഞ്ഞു. ഇഞ്ച ചതക്കുന്നതുപോലെ അച്ഛന്‍ അവളെ തല്ലി. രഹസ്യ മായി വിളിച്ചിറക്കി, ആവശ്യം കഴിയുമ്പോള്‍ കുഞ്ചാക്കോവും നെഞ്ചിടിച്ചു കല ക്കി. ഇതിനിടയില്‍ സ്വജാതിക്കാരനായ ഗോപിസാറിന്‍റെ കോപ്രായത്തരങ്ങളും അസഹ്യമായി. പ്രീഡിഗ്രി തോറ്റപ്പോള്‍ കുറച്ചുകാലം ട്യൂഷന്‍ കൊടുത്തത് അയാളാണ്. നല്ലവനാണ്. കണ്ടാല്‍ മോശവുമല്ല. അയാള്‍ സ്നേഹി ക്കുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അട്ട കടിക്കുന്നതുപോലെയാണ് അവള്‍ക്ക് അനുഭവപ്പെട്ടത്. ഒരു വിറയലോടെ താന്‍ മറ്റൊരാളെ സ്നേഹിക്കു ന്നുണ്ടെന്നു പറഞ്ഞു. ‘അവനു നിന്നോടു് ഒരു ചുക്കുമില്ലല്ലോ’ എന്നാണു ഗോപിസാര്‍ പ്രതികരിച്ചത്. ഈ വാക്കുകള്‍ കേട്ടു വെപ്രാളത്തോടെ അ വള്‍ കുഞ്ചാക്കോവിന്‍റെ അടുത്തെത്തി ചോദിച്ചു. ‘കുഞ്ഞെന്നെ സ്നേഹിക്കുന്നുണ്ടോ?’ ഒരു പരംതീര്‍ന്ന തെറി പറഞ്ഞിട്ട് കുഞ്ചാക്കോവ് പല്ലിളി ച്ചു. അവള്‍ കരഞ്ഞുപോയി. തെറിപറഞ്ഞതിനാലല്ല; കുഞ്ചാക്കോവ് തന്നെ സ്നേഹിക്കുന്നില്ലല്ലോ എന്നോര്‍ത്തിട്ടാണു കരഞ്ഞത്. കരഞ്ഞു ക രഞ്ഞ് അവളുടെ കഴുത്തു് കയറിന്‍റെ കുരുക്കിലകപ്പെട്ടു.

ആത്മഹത്യ ചെയ്തതിന്‍റെ പതിനാലാം ദിവസം അവളുടെ പ്രേതം, സ്വൈരക്കേടു മൂലമോ സ്വാർഥത മൂലമോ, പുറത്തിറങ്ങി നേരെ കുഞ്ചാ ക്കോവിന്‍റെ വീട്ടിലേക്കു ചെന്നു. അവന്‍ അവിടെയില്ലായിരുന്നു. സെക്കന്‍ഷോയ്ക്കു പോയതാവും. കുഞ്ചാക്കോവിന്‍റെ അനിയത്തിയായ റോസിക്കുട്ടി കിടന്നിരുന്ന മുറിയിലേക്കു പ്രേതം പാളിനോക്കി. ഇതേസമയം കുഞ്ചാക്കോവും എത്തിച്ചേര്‍ന്നു. വെളിച്ചമുള്ള തിനാലാവാം അവ നും റോസിക്കുട്ടിയുടെ മുറിയിലേക്ക് എത്തിനോക്കിയത്. ഉറങ്ങുന്ന അവളുടെ മുഖഭാവവും നാലുപുറവും ശ്രദ്ധിച്ചപ്പോള്‍ റോസിക്കുട്ടി ചിരിക്കു ന്നതായി കുഞ്ചാക്കോവിനു തോന്നി. ആശ്വാസത്തോടെ ലൈറ്റ് ഓഫാക്കി വാതില്‍ ചാരി അവന്‍ റോസിക്കുട്ടിയുടെ അടുത്തേക്കു ചെന്നു. ഈ സമയം മുറിക്കു പുറത്തു നിന്നിരുന്ന പ്രേതം ഒരു ശബ്ദം പുറപ്പെടുവിച്ചു. അപ്പോള്‍ റോസിക്കുട്ടിയുടെ ഉറക്കം തകരുകയും അവള്‍ ഭയത്തോടെ കുഞ്ചാക്കോവിനെ കെട്ടിപ്പുണരുകയും ചെയ്തു. ഈ ഭയത്തിന്‍റെ വിള്ളലിലൂടെ പ്രേതം റോസിക്കുട്ടിയില്‍ ആവേശിച്ചു. ഇതോടെ അവള്‍ക്കു കുഞ്ചാക്കോവിനെ പിരിയാന്‍ വയ്യാതായി. അവളുടെ മട്ടും ഭാവവും ശ്രദ്ധിച്ച നാട്ടുകാര്‍ മൂക്കില്‍ വിരല്‍വെച്ചു. ആത്മഹത്യ ചെയ്ത വളുടെ പ്രേതം റോസിക്കുട്ടിയില്‍ ആവേശിച്ചിരിക്കുകയാണെന്നു കുഞ്ചാക്കോവ് ഒഴിച്ചു മറ്റെല്ലാവര്‍ക്കും അറിയാമായിരുന്നു. യുക്തിവാദിയായ അവന്‍ പ്രേതങ്ങള്‍ ഉണ്ടെന്നു തന്നെ വിശ്വ സിച്ചിരുന്നില്ല. ഇതേസമയം, പ്രേതബാധയൊഴിപ്പിച്ചു് അവളുടെ അസുഖം മാറ്റാന്‍ റോസിക്കുട്ടിയുടെ അപ്പച്ചനും തയ്യാറല്ലായിരുന്നു. ‘അങ്ങനെ ചെയ്താല്‍ അവളുടെ സൂക്കേടു മാറുമായി രിക്കും. അപ്പോള്‍ മുൻപു ചെയ്ത കാര്യങ്ങള്‍ ഓര്‍ത്ത് അവള്‍ വല്ല അതിക്രമോം കാണിച്ചാലോ’ എന്നായിരുന്നു അയാളുടെ പേടി. അതിനാല്‍ അവളെ ചങ്ങലയ്ക്കിടുകയാണു ചെയ്തത്.

സി അയ്യപ്പന്‍

പ്രേതത്തിന്‍റെ ഭയം മറ്റൊന്നായിരുന്നു. അവന്‍ വല്ല കുഴപ്പവും കാണിച്ചു ചത്തുകളഞ്ഞാല്‍ ഇപ്പോഴത്തെ രഹസ്യബന്ധം തുടരാന്‍ പറ്റില്ലാതാവും. ഒരാശ്വാസമുള്ളത്, അവന്‍ ചത്താല്‍ പള്ളിസെമിത്തേരിയിലെങ്ങും കിടക്കില്ല എന്നതാണ്. അവളെ പ്പോലെ അവനും ഒരു ദുരാത്മാവാകാനാണു സാധ്യത. അപ്പോഴും അവര്‍ക്കു സുഖമായി വിലസാം. എന്നാല്‍ സംഭവിച്ചതു മറ്റൊരു കാര്യമാണ്. ചങ്ങലയില്‍ കിടന്ന റോസിക്കുട്ടിയെ പുണര്‍ന്നു് ഉറങ്ങിപ്പോയ കുഞ്ചാക്കോവിനെ അപ്പന്‍ ഒറ്റ വെട്ടിനു കൊന്നു. സഹോദരിയുമായുള്ള സഹോദരന്‍റെ അവിഹിതം കണ്ടു പ്രതികരിച്ച അപ്പന്‍ ഒരു പുണ്യവാളന്‍ തന്നെയാണെന്നു പ്രേതം ചിന്തിച്ചു. എല്ലാ പുണ്യവാളപ്രവൃത്തികളും പോലെ ഇതിലും, മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളുണ്ടെന്നു മാത്രം. ഏതായാലും റോസിക്കുട്ടിയോടു പ്രേതം ഇങ്ങനെ പറഞ്ഞു: “നിന്നെയല്ല, എന്നെ പ്രേമിച്ചതു കൊണ്ടാണ് അങ്ങേരതു ചെയ്തത്. നിന്‍റെ അപ്പച്ചനാണ് എന്‍റെയും അച്ഛന്‍. ചത്തതി നു ശേഷമാണു ഞാനതു മനസ്സിലാക്കിയത്.” പിതൃത്വത്തെ സംബന്ധിച്ച ഈ രഹസ്യം വെളിപ്പെടുത്തിയതു ദൈവമാണ്. ‘സ്വന്തം സഹോദരനാല്‍ നഗ്നത അനാവൃതമാക്കപ്പെട്ട പാപീ.’ എന്നു പരലോകത്തെത്തിയപ്പോള്‍ അവളെ ദൈവം വിളിച്ചു. ദൈവത്തിന്‍റെ മുഖത്തേക്ക് ഒരാട്ടുവെച്ചു കൊടുത്തിട്ട് അവള്‍ ചോദിച്ചു. ‘ഒരു ക്രിസ്ത്യാനിക്ക് എങ്ങനെയാണു മൂപ്പീന്നെ പുലയത്തി പെങ്ങളാവുന്നത്?’ മറുപടി പറയാന്‍ കഴിയാത്ത ദൈവത്തിന്‍റെ വായിലപ്പോള്‍ പഴമായിരുന്നു. ഈ കാര്യം റോസിക്കുട്ടിയുടെ അപ്പനും അറിയാമായിരുന്നു. ഒരിക്കല്‍ പിശാചിന്‍റെ മുഖ ത്തോടെ, ‘ആ പെലക്കളിപ്പെണ്ണുമായുള്ള ഇടപാട് നീയങ്ങു നിറുത്തണം.’ എന്നയാള്‍ കുഞ്ചാക്കോവിനോടു പറഞ്ഞതാണ്. ‘അതിനി ഞാനവളെ കല്യാണം കഴിക്കാന്‍ പോവുന്നില്ലല്ലോ’ എന്നായിരുന്നു അവന്‍റെ മറുപടി. അപ്പോള്‍ ഒരു പഴം അപ്പന്‍റെ വായിലും കയറി.

ഈ കാര്യങ്ങളുടെ വിശദീകരണത്തിലൂടെ റോസിക്കുട്ടി മനസ്സിലാക്കേണ്ടത്, ‘കുഞ്ചാക്കോവ് എന്‍റെ നഗ്നതയാണ് അനാവൃതമാക്കിയത്. അവന്‍ നിന്നെ കെട്ടിപ്പി ടിച്ചപ്പോള്‍ നീ ഞാനായിരു ന്നല്ലോ. അവന്‍ എന്നോടാണ്, എന്നോടു മാത്രമാണു തെറ്റു ചെയ്തത്. ആ തെറ്റാണ് അപ്പച്ചന്‍ തിരുത്തി ജീവപര്യന്തം കാത്തു കിടക്കുന്നത്.’ കുഞ്ചാക്കോവിനോട് ഇപ്പോള്‍ പ്രേതത്തിനു തോന്നുന്ന വികാരം വിരക്തി മാത്രമാണെന്നും വ്യക്തമാക്കുന്നു.’ കാരണം അവന്‍ മരിക്കുന്നത് വലിയ പ്രതീക്ഷയോടെയാണു നോക്കിനിന്നത്. അവന്‍റെ ആത്മാവിനെ പുറകില്‍നിന്നു കണ്ണു പൊത്താന്‍ ശ്വാസമടക്കിനിന്നു. എന്നാല്‍ മറ്റൊന്നായിരുന്നു സത്യം. അവനു് ആത്മാവ് ഇല്ലായിരുന്നു. അവനുണ്ടായിരുന്നതു വെറും പ്രാണന്‍. അവന്‍ ആത്മാവില്‍ വിശ്വാസ മില്ലാത്ത യുക്തിവാദിയായതിനാലാവാം; അല്ലെങ്കില്‍ ബൈബിള്‍ ഭാഷ സംസാരിക്കുന്ന ആ ദൈവത്തിന്‍റെ കരച്ചിലും പല്ലുകടിയും മൂലമാകാം.’ ഒരു ആത്മഹത്യയുടെയും കൊലപാതക ത്തിന്‍റെയും പൊരുള്‍ റോസിക്കുട്ടിയെ അറിയിച്ചശേഷം പ്രേതം പിന്‍വാങ്ങുന്നു. തെളിവിനായി അവളോടു പറഞ്ഞു. ‘നീ നിന്‍റെ കാലുക ളിലേക്കു നോക്കൂ. എവിടെ എവിടെ ആ ചങ്ങല?”

നാടോടി സാഹിത്യത്തിലും ക്ലാസ്സിസത്തിലുമുള്ള യക്ഷികളെയും രക്ഷസ്സുകളെയും കുറിച്ചുള്ള സൂചനകള്‍, സ്ത്രീയുടെ മൃതശരീരത്തിനൊപ്പം ദ്രവിക്കാന്‍ കൂട്ടാക്കാത്ത അനുഭവ ലോക ങ്ങളെയാണു സാക്ഷ്യപ്പെടുത്തുന്നത്. കുമാരനാശാന്‍റെ ‘കരുണ’യില്‍, കരചരണങ്ങള്‍ അറുത്തുമാറ്റിയ വാസവദത്തയുടെ ശരീരത്തിന് ദ്രവിക്കുന്നതിനു മുൻപു പോലും ആത്മകഥ പറ യാനുള്ള അവസരം കിട്ടുന്നില്ല. മരിച്ചതിനുശേഷം, പ്രേതമായി ഉയര്‍ത്തെഴുന്നേറ്റു അവളെപ്പറ്റിയുള്ള പുരാവൃത്തത്തെ ഭേദിക്കാനുള്ള സാധ്യതയെ തടഞ്ഞുകൊണ്ടാണ് ഉപഗുപ്തന്‍റെ ‘അറിവ്’ സന്നിഹിതമാവുന്നത്. വാസവദത്ത ദുര്‍വികാരങ്ങളുടെ അഴുക്കുചാലിലായതിനാലാണ് അവള്‍ക്കു മരണം വിധിക്കപ്പെട്ടതെന്ന പൊതുസമ്മതിയെ സ്ഥിരപ്പെടുത്താനാണ് ഒടു വില്‍ ഉപഗുപ്തനെത്തുന്നത്. ഏതായാലും ഉപഗുപ്തനും കുമാരനാശാനും ഉദ്ഘോഷിക്കുന്നത് ബുദ്ധിസത്തിന്‍റെ കരുണയല്ല; മറിച്ചു് പുതിയ പുരുഷാധിപത്യ ക്രമത്തിന്‍റെ സാര്‍വത്രികതാ നാട്യമാണ്. ഇതിനെയാണ് ‘പ്രേത ഭാഷണം’ എന്ന കഥ വെല്ലുവിളിക്കുന്നത്.

‘വെള്ളപ്പാവാട മുട്ടിനു മുകളിലേക്കു ചുരുണ്ടു കയറി ശക്തമായ വെളിച്ചത്തില്‍’ ഉറങ്ങുന്ന റോസിക്കുട്ടിയുടെ ശരീരം കുഞ്ചാക്കോവില്‍ അഗമ്യഗമനത്തോടുള്ള വികാരത്തെ ഉദ്ദീപിപ്പിക്കു ന്നു. ഇതേ പശ്ചാത്തലത്തില്‍ ‘ഭയം കൊണ്ടോ’ ‘നിസ്സഹായത മൂലമോ’ ശബ്ദിച്ചുപോയ പ്രേതം അവനു മുൻപേ അവളുടെ ശരീരത്തില്‍ പ്രവേശിക്കുകയാ ണ്. ഉറങ്ങുന്ന (മരിച്ച/വിസ്മരിക്കപ്പെട്ട) റോസിക്കുട്ടിയുടെ തിരസ്കൃതാവസ്ഥകളിലൂടെ സ്ത്രീ സ്വത്വത്തിന്‍റെ അനുഭവങ്ങള്‍ ആത്മകഥാഖ്യാനമായി ഉണര്‍ ത്തിയെടുക്കാന്‍ സഹായകരമാവുന്നത് ഈ പരകായപ്രവേശനമാണ്. റോസിക്കുട്ടിയുടെ ശരീരത്തിന്‍റെ നെക്രോഫീലിക് ആകര്‍ഷണീയതയിലൂടെ വ്യവ സ്ഥാപിത സങ്കല്പങ്ങള്‍ വെള്ളപൂശിയ ശവക്കല്ലറകള്‍ മൂടി തുറക്കുകയാണ്. പ്രേതത്തിന്‍റെ അമ്മയുടെ നിശ്ശബ്ദതയില്‍ അമര്‍ത്തിപ്പിടിച്ചിരുന്ന, അവളുടെ പിതൃത്വത്തെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുന്നതിലൂടെയാണ് ഈ ശവക്കല്ലറകള്‍ മൂടി തുറക്കുന്നത്. ജാതി/ലിംഗവ്യവസ്ഥിതിയുടെ നിഷ്ഠൂരശാസനക്കു വിധേയമായി അമ്മ നിലനിര്‍ത്തിയ നിശ്ശബ്ദതയെ, വിധ്വംസകമായ ഹാസ്യത്തെ ഉപാദാനമാക്കി ആഖ്യാനം പുറത്തെത്തിക്കുന്നു. ‘നിന്‍റെ വീട്ടില്‍ പണിക്കു വന്നിരുന്ന എന്‍റെ അമ്മയുടെ അടുത്തു നിന്‍റെ കൊച്ചച്ചനും കളിതമാശക്കു വന്നിരുന്നതിനാലാണ് അവര്‍ക്ക് ഒന്നും ഉറപ്പിക്കാന്‍ കഴിയാതിരുന്നത്.’ പിതൃത്വ ത്തിന്‍റെ പേരിലുള്ള സംശയത്തിനു ദൈവം തീര്‍പ്പുകല്പിച്ചപ്പോഴാവട്ടെ, വേട്ടയാടപ്പെട്ടവള്‍ ആത്മകഥ പറയാന്‍ കരുത്തു നേടിയിരുന്നു. അമ്മയുടെ മേല്‍ ഉറ പ്പിക്കപ്പെട്ട നിശ്ശബ്ദതയില്‍ നിന്നു പിറവിയെടുത്ത്, ആത്മഹത്യ ചെയ്ത മകളിലൂടെ പുനരുജ്ജീവിക്കപ്പെട്ട് സഹോദരിയുടെ ഭ്രാന്തില്‍, ‘നഗ്നതകൊണ്ടുള്ള കണ്ണെഴുത്തായി’ തെളിഞ്ഞതാണ് ഈ കരുത്ത്.

തീര്‍ച്ചകളില്‍ എത്താതിരുന്ന അമ്മയും ആത്മഹത്യചെയ്ത മകളും ഭ്രാന്തിയായ സഹോദരിയും ഒരുമിച്ചു പങ്കിടുന്ന അനുഭവത്തിന്‍റെ പൊതുസ്ഥലിയില്‍ ഇവര്‍ തമ്മിലുള്ള ജാതി വിഭജനത്തിന്‍റെ ശക്തി തകരുന്നു. ‘അവന്‍ നിന്നെ കെട്ടിപ്പിടിച്ചപ്പോള്‍ നീ ഞാനായിരുന്നല്ലോ’ എന്ന തിരിച്ചറിവിനു മുൻപില്‍ സദാ ചാരത്തിന്‍റെ കാവല്‍ക്കാരനായി അപ്പന്‍ ചെയ്ത പുണ്യവാള പ്രവൃത്തി, ജാതി സംരക്ഷിക്കാനുള്ള ഹിംസയായി രൂപം മാറുന്നു. അതായത്, സ്വന്തം മകളായ പുലയത്തിപ്പെണ്ണുമായുള്ള ഇടപാടു തുടര്‍ന്നാലും കല്യാണം ഉണ്ടാവില്ലെന്ന ഉറപ്പു് കുഞ്ചാക്കോവില്‍ നിന്നു് അപ്പന്‍ മേടിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, റോസി ക്കുട്ടിയുമായി ഇടപാടു നടത്തുന്ന കുഞ്ചാക്കോവിനെ കൊല്ലുന്നതിലൂടെ അയാള്‍ യഥാര്‍ഥത്തില്‍ സംരക്ഷിക്കുന്നതു വംശശുദ്ധിയെയാണ്.

‘അപര’സ്ഥാനങ്ങളിലെ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട കീഴ്ജാതി സ്ത്രീകളുടെ അവസ്ഥയെ ഉള്‍ക്കൊള്ളാത്ത സമകാലീന പുരോഗമന സ്ത്രീവാദം, സവര്‍ണ ത്വത്തോടുള്ള അഗമ്യഗമനത്തില്‍ (incest) അഭിരമിക്കുകയാണ്. ഈ അവസ്ഥയെ മറികടക്കുന്നതുവരെയും പ്രേതത്തിന്‍റെ സാന്നിധ്യം പോലെ അസാന്നിധ്യ വും പ്രശ്നങ്ങള്‍ ഉണ്ടാക്കും. കീഴ്ജാതിക്കാരിയുടെ സ്വാര്‍ഥതയായി പ്രഖ്യാപിച്ചിരിക്കുന്ന ഈ താക്കീത് ഉപഗുപ്തന്‍റെ ‘അറിവി’നെ പിളര്‍ത്തിക്കൊണ്ടു് ഉയര്‍ന്ന താണ്.

ശവക്കല്ലറയുടെ മൂടിതുറക്കുമ്പോഴുള്ള, ദുര്‍ഗന്ധം വമിക്കുന്ന ആത്മാവുമായി ശുദ്ധി സ്ഥാപിക്കുന്ന അപ്പന്‍റെ പുണ്യവാള പ്രവൃത്തിയും ഇതിനനുകൂലമായി ദൈവം കല്പിച്ച തീര്‍പ്പും, സ്ത്രീ കാഴ്ചയില്‍ ലിംഗത്തിന്‍റെ ഹാസ്യചിത്രമായി (പഴം) പരിവര്‍ത്തനപ്പെട്ട് വ്യവസ്ഥിതിയുടെ വായിലേക്കു തന്നെ തിരികെ വിക്ഷേപിക്കപ്പെടുകയാണ്.

കെ കെ ബാബുരാജ്

യക്ഷിക്കഥയുടെ പശ്ചാത്തലത്തില്‍, ഇരയുടെ അനുഭവം കര്‍ത്തൃത്വവല്‍ക്കരിക്കപ്പെടുമ്പോള്‍ റോസിക്കുട്ടി സ്വത്വപരമായ ഉണര്‍ച്ചകളിലേക്കു പ്രവേശിക്കാതെ സാമ്പ്രദായിക ബന്ധു ത്വത്തെ പരിഗണിക്കുകയാണ്. ഈ ആത്മാന്ധതയെ തിരുത്തുകയാണ് സഹോദരിയുടെ പ്രേതം. ‘നിന്‍റെ മുഖത്താകെ വെളിച്ചം. നിന്‍റെ ചേട്ടന്‍ എന്‍റെയും ചേട്ടനാണ് എന്നല്ലേ നീയിപ്പോള്‍ വിചാരിക്കുന്നത്. നിനക്കു തെറ്റിപ്പോയി അനിയത്തി. സംഗതി അതൊന്നുമല്ല.’ റോസിക്കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ച കുഞ്ചാക്കോവ് ആത്മാവില്ലാത്ത ജഡമാണ്. അവന്‍റെ ആത്മാ വിന്‍റെ നഷ്ടത്തെ പകരം നിര്‍മിക്കാന്‍ റോസിക്കുട്ടിയുടെ മുഖത്തു സ്ഫുരിച്ച വെളിച്ചത്തിനോ യുക്തി വാദത്തിനോ ബൈബിള്‍ ഭാഷയിലെ കരച്ചിലിനോ പല്ലു കടിക്കോ ഒന്നും കഴിയില്ല. ഈ യാഥാര്‍ഥ്യം വ്യക്തമാക്കിക്കൊണ്ട് പ്രേതം ശവക്കുഴിയിലേക്കു പിന്‍വാങ്ങാന്‍ തയ്യാറാവുന്നു.

പ്രേതത്തിന്‍റെ പിന്‍വാങ്ങല്‍ മറ്റൊരു പ്രശ്നത്തിന്‍റെ ആരംഭമാണ്. സാന്നിധ്യത്തെയും അസാന്നിധ്യത്തെയും ഒരുമിച്ചു കാണിക്കുന്ന രൂപകത്തിലൂടെയാണ് ഇതടയാളപ്പെടുന്നത്. ‘ഇനി, ഈ സംഭവത്തില്‍ എന്‍റെ സ്വാര്‍ഥതയെപ്പറ്റി. ഞാന്‍ നിന്നില്‍ നിന്നും പിന്‍വാങ്ങുകയാണ്. കാര്യങ്ങള്‍ കാര്യങ്ങളായി പറഞ്ഞില്ലെ ങ്കില്‍ നിനക്കു വല്ല അപകടവും സംഭവിച്ചേക്കുമോ എന്നു ഞാന്‍ പേടിച്ചു. നീ ഇനിയും ജീവിക്കണം. അതിനു മുൻപ് ഒരു ഉപകാരം ചെയ്യണം. നമ്മുടെ കണ്ണന്‍ പറയനെ വിളിച്ചു് എന്‍റെ ശവക്കുഴി തുറന്ന് മൂന്നിടങ്ങഴി കടുക് ഇടീക്കണം. പ്രേതത്തിന്‍റെ കുഴീലിടുന്ന കടുക് എണ്ണിത്തീര്‍ക്കാതെ അതിനു പുറത്തിറങ്ങാനാ വില്ല. മൂന്നിടങ്ങഴി കടുക് എണ്ണിത്തീര്‍ക്കാനുള്ള സമയം ഒരു രാത്രിക്കും ഉണ്ടാവാറില്ലല്ലോ.’

യക്ഷികള്‍ക്കും രക്ഷസ്സുകള്‍ക്കും തിരിച്ചുവരവ് അസാധ്യമാക്കുന്നതു പോലെ, സാധ്യതയുടെ താക്കീതും നിലനിര്‍ത്തുന്നതാണ് ‘ഇരുമ്പാണി’യുടെയും ‘കടുകു മണി’യുടെയും രൂപകം. റോസിക്കുട്ടിയുടെ അവസ്ഥയില്‍ അല്പം പരിഹാസത്തോടെ ഉന്നയിച്ചിരിക്കുന്ന കടുകുമണികള്‍, കീഴാള സ്ത്രീകളെ ഉള്‍ക്കൊള്ളാത്ത സമകാലീന ഫെമിനിസത്തോടുള്ള താക്കീതായി പരിണമിച്ചിരിക്കുന്നു. അതായത്, ‘അപര’സ്ഥാനങ്ങളിലെ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട കീഴ്ജാതി സ്ത്രീകളുടെ അവസ്ഥയെ ഉള്‍ക്കൊള്ളാത്ത സമകാലീന പുരോഗമന സ്ത്രീവാദം, സവര്‍ണത്വത്തോടുള്ള അഗമ്യഗമന(incest)ത്തില്‍ അഭിരമിക്കുകയാണ്. ഈ അവസ്ഥയെ മറികടക്കുന്നതുവരെയും പ്രേതത്തിന്‍റെ സാന്നിധ്യം പോലെ അസാന്നിധ്യവും പ്രശ്നങ്ങള്‍ ഉണ്ടാക്കും. കീഴ്ജാതിക്കാരിയുടെ സ്വാര്‍ഥതയായി പ്രഖ്യാപിച്ചിരിക്കുന്ന ഈ താക്കീത് ഉപഗുപ്തന്‍റെ ‘അറിവി’നെ പിളര്‍ത്തിക്കൊണ്ടു് ഉയര്‍ന്നതാണ്.

(2002 മാര്‍ച്ചിൽ  പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ ലേഖനം. സി അയ്യപ്പന് മരണാനന്തരം, ആറാമത് അരളി അവാർഡ് നൽകുന്ന സന്ദർഭത്തിൽ പുന:പ്രസിദ്ധീകരിക്കുന്നു.)

Top