ദലിത്-മുസ്ലീം ഐക്യം

ഡോ.ബി.ആര്‍.അംബേദ്കറിന്റെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ രൂപം കൊള്ളുന്നത് കേവലാനുഭവങ്ങളില്‍ നിന്നുമായിരുന്നില്ല. മറിച്ച്, ഇന്‍ഡ്യന്‍ ദേശീയതയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍  മുന്‍കൈ നേടിയ ഹിന്ദുക്കള്‍, ജാതിവ്യവസ്ഥയെ നിഷേധിക്കാതിരുന്നതിനാല്‍ ഒരു രാഷ്ട്രീയ ഭൂരിപക്ഷമായല്ല; സാമുദായിക ഭൂരിപക്ഷമായാണ് പരിവര്‍ത്തനപ്പെട്ടത്. ഈ സാമുദായിക ഭൂരിപക്ഷത്തിന്റെ ഏകീകരണത്തിന്നടിസ്ഥാനം, അദ്ദേഹത്തിന്റെ വാക്കുകളില്‍, ”ഒരു ഹിന്ദു-മുസ്ലിം ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിയ്ക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്ന തോന്നലേയില്ല. മറ്റവസരങ്ങളിലെല്ലാം ഒരു ജാതി ഇതര ജാതികളില്‍ നിന്നും വേറിട്ടു നില്ക്കാനും സ്വയം വ്യതിരിക്തത പുലര്‍ത്താനും ശ്രമിക്കുന്നു.

ദലിത്-മുസ്ലിം ഐക്യത്തെക്കുറിച്ച് സണ്ണി എം.കപിക്കാട് പറയുന്നതിങ്ങനെയാണ്, ”കേരളത്തിലെ മുസ്ലിം കമ്മ്യൂണിറ്റി എന്നു പറയുന്നത്, വളരെ വികസിതമായ ഒന്നാണ്. രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തമുള്ള കമ്മ്യൂണിറ്റി.. ദലിതരും മുസ്ലീങ്ങളുമായുള്ള ഐക്യം ഒരു രാഷ്ട്രീയ സഖ്യം ആയിരിക്കണം എന്ന അഭിപ്രായം ഉള്ള ഒരാളാണ് ഞാന്‍” (മാധ്യമം 1020) കേരളത്തിലെ ഭൂഅധികാര സമിതി രൂപീകരിച്ചത് റാഡിക്കലായ ധാരകളെ ഉള്‍പ്പെടുത്തിയായിരിക്കുമ്പോള്‍, മുസ്ലീങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ നില പരിശോധിക്കുന്നതിലൂടെയാണ് ലേഖകന്റെ സമീപനം വ്യക്തമാക്കുന്നത്. അദ്ദേഹവും സുഹൃത്തുക്കളും നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സംഘടനകളായ മുസ്ലീം ലീഗ്, പി.ഡി.പി. എസ്.ഡി.കെ. മുതലായവയില്‍, ജമാ അത്തെ ഇസ്ലാമി ഒഴിച്ചുള്ളവ മുസ്ലീങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നവയല്ല. എങ്കിലും, ഭൂഅധികാര സമിതിയില്‍ നിന്നും അകലം പാലിക്കാന്‍ കാരണം, മുസ്ലീങ്ങള്‍ക്ക് ഭൂമിയുണ്ട് എന്നതിനാലലല്ല. മറിച്ച് സംവാദം അസാധ്യമാക്കുന്ന നയങ്ങള്‍ കൊണ്ടാണ്. ജമാ അത്തെ ഇസ്ലാമി നയിക്കുന്ന സംഘടനകള്‍ ചെങ്ങറയടക്കമുള്ള സമരങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന് മാത്രമല്ല, സംസ്ഥാനത്തുടനീളംമുള്ള ജനകീയ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ലേഖകന്‍ മുസ്ലീങ്ങളെ  സാമൂഹ്യ സമരങ്ങളില്‍ നിന്നും വെട്ടി മാറ്റുന്ന സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. അതേ സമയം അവകാശ സമരങ്ങളിലെ ഐക്യത്തെ അതിവര്‍ത്തിക്കുന്ന രാഷ്ട്രീയ സഖ്യം മുന്നോട്ടുവച്ചിരിക്കുന്നതിനാലാണ് ദലിത്-മുസ്ലിം ഐക്യത്തിനൊരു പാഠവല്‍ക്കരണം അനിവാര്യമായിരിക്കുന്നത്.

സാമുദായിക രാഷ്ട്രീയത്തിലെ പ്രശ്‌നവല്‍ക്കരണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും പിന്‍ബലം തേടേണ്ടതുണ്ട്. ഇപ്രകാരമൊരവബോധമില്ലാതെ, കേവലാനുഭവങ്ങളിലാണ് സണ്ണി എം.കപിക്കാട് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യയിലെ മുസ്ലീങ്ങളുടെ സാമൂഹ്യനിലയെന്താണ്? അത് കണ്ടെത്താന്‍ ചരിത്രത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത്.

രാജ്യത്തിന്റെ സുദീര്‍ഘ ചരിത്രത്തില്‍ സാമ്രാജ്യ പദവിയ്ക്കര്‍ഹതയുള്ളത്, മൗര്യന്മാരുടെയും മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും ഭരണകൂടങ്ങള്‍ക്ക് മാത്രമായിരുന്നു. ഇവയില്‍, മുസ്ലിം ആധിപത്യമുള്ള മുഗള സാമ്രാജ്യം നിലനിന്നത് നൂറു വര്‍ഷങ്ങളാണ്. ഈ കാലയളവില്‍ ഉപഭൂഖണ്ഡത്തിന്റെ വിശാല ഭൂഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഫലമോ, നിരവധി പ്രാദേശിക ഭരണകൂടങ്ങള്‍ മാത്രമല്ല, രാജ്യതന്ത്രജ്ഞന്മാരുടെയും  വൈജ്ഞാനിക പ്രവര്‍ത്തകരുടെയും വലിയൊരു നിര രൂപം കൊള്ളാനുമിടയായി. ഇതോടൊപ്പം ഉറുദു ഭാഷയ്ക്ക് ദേശീയാംഗീകാരം ലഭിക്കുകയും ചെയ്തു. ഈ ചരിത്രാനുഭവം മാഞ്ഞുപോകാതിരുന്നതിനാലാണ്, 1857 ലെ ഒന്നാം  സ്വാതന്ത്ര്യ സമരം നയിച്ച ഹിന്ദുക്കളടക്കമുള്ള കലാപകാരികള്‍, ദേശീയ ഭരണാധികാരിയായി അവസാനത്തെ മുഗള ചക്രവര്‍ത്തിയെ കണ്ടെത്തുന്നത്. കലാപത്തോടൊപ്പം മുഗള സാമ്രാജ്യവും അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, ഇന്‍ഡ്യയിലുടനീളം മുസ്ലീങ്ങള്‍ അവഗണിക്കാനാവാത്ത സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി നിലകൊള്ളുകയായിരുന്നു. ഈ അധീശത്വത്തിലൂടെയാണ് പാക്കിസ്ഥാന്‍ എന്ന രാഷ്ട്രം രൂപീകരിക്കാനും വിപുലമായ സാമ്പത്തിക വിനിയോഗത്തിലൂടെ യൂണിവേഴ്‌സിറ്റികളടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനുമായത്. കൂടാതെ, കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരുകയും ചെയ്തു.

മുകളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന സൂചകങ്ങളിലൂടെ, ദേശീയ സ്വാതന്ത്ര്യസമരകാലത്ത് മുസ്ലീങ്ങള്‍ വികസിത സമുദായമായിരുന്നപ്പോഴാണ് ഭരണ ഘടനാപരമായി ന്യൂനപക്ഷ പദവി ലഭിക്കുന്നത്. വട്ടമേശ സമ്മേളനങ്ങളില്‍, ഭരണഘടനാ നിര്‍മ്മാണ സഭയില്‍, മുസ്ലീങ്ങളുടെ ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍, ഡോ.അംബേദ്കര്‍ക്ക്, ഒരു മത വിഭാഗത്തിന്റെ വികസിതമായ സാമ്പത്തിക-രാഷ്ട്രീയാവസ്ഥ തടസ്സമായിരുന്നില്ല. മാത്രമല്ല, ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുകയും, 370-ാം വകുപ്പിനെ അംഗീകരിക്കുകയും ചെയ്തതിന്നാധാരമായത് ഒരു ജനാധിപത്യ സംവിധാനത്തില്‍ ന്യൂനപക്ഷാവകാശങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞതിനാലാണ്.

ഡോ.ബി.ആര്‍.അംബേദ്കറിന്റെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ രൂപം കൊള്ളുന്നത് കേവലാനുഭവങ്ങളില്‍ നിന്നുമായിരുന്നില്ല. മറിച്ച്, ഇന്‍ഡ്യന്‍ ദേശീയതയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍  മുന്‍കൈ നേടിയ ഹിന്ദുക്കള്‍, ജാതിവ്യവസ്ഥയെ നിഷേധിക്കാതിരുന്നതിനാല്‍ ഒരു രാഷ്ട്രീയ ഭൂരിപക്ഷമായല്ല; സാമുദായിക ഭൂരിപക്ഷമായാണ് പരിവര്‍ത്തനപ്പെട്ടത്. ഈ സാമുദായിക ഭൂരിപക്ഷത്തിന്റെ ഏകീകരണത്തിന്നടിസ്ഥാനം, അദ്ദേഹത്തിന്റെ വാക്കുകളില്‍, ”ഒരു ഹിന്ദു-മുസ്ലിം ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിയ്ക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്ന തോന്നലേയില്ല. മറ്റവസരങ്ങളിലെല്ലാം ഒരു ജാതി ഇതര ജാതികളില്‍ നിന്നും വേറിട്ടു നില്ക്കാനും സ്വയം വ്യതിരിക്തത പുലര്‍ത്താനും ശ്രമിക്കുന്നു.” ദേശീയ ജീവിതത്തിലെ ഈ പ്രശ്‌നമണ്ഡലമാണ്, മുസ്ലീങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാ പരിക്ഷയക്കാധാരമായിരിക്കുന്നത്. ഇപ്രകാരമുള്ള ഭരണഘടനാവകാശങ്ങളുടെ അംഗീകാരത്തിലൂടെയാണ് ദലിത്-മുസ്ലിം രാഷ്ട്രീയ സഖ്യം രൂപം കൊള്ളുന്നത്. ഈ സഖ്യത്തില്‍ ലേഖകന്‍ ചൂണ്ടിക്കാണിക്കുന്ന പ്രസ്ഥാനങ്ങളോടുള്ള സമീപനം പ്രസക്തമല്ല.

അഭിമുഖത്തിന്റെ മറ്റൊരു ഭാഗത്ത് പറയുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍, ആഭ്യന്തര ജനാധിപത്യത്തിനുവേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന, വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് നീതിയ്ക്കുവേണ്ടിയുള്ള സമരത്തിന്റെ ഊര്‍ജ്ജത്തില്‍ നിന്നും രൂപപ്പെട്ട ഭരണഘടനാപരമായ മെക്കാനിസമാണ് സംവരണം. ഇതൊരു നേര്‍ക്കാഴ്ചയാകുന്നില്ല. കാരണം, സംവരണം നിര്‍വ്വചിക്കപ്പെടുന്നത് ജനാധിപത്യഭരണക്രമത്തിലെ പ്രാതിനിധ്യം അഥവാ ഭരണപങ്കാളിത്തമായാണ്. ഭരണഘടനാപരമായി നിലനില്‍ക്കുന്ന ഈ അവകാശത്തിലൂടെ സവര്‍ണ്ണരെന്നപോലെ ദലിതരും ഭരണകൂടത്തില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാതിരി ക്കുന്നതിനാലാണ് ദലിതര്‍ രാഷ്ട്രീയമായി അപരവല്‍ക്കരണം നേരിടുന്നുവെന്ന വാദമുയര്‍ത്തുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ സംവരണത്തിന് സാമുദായിക പ്രാതിനിധ്യമുള്ളതിനാലാണ്, പിന്നാക്ക വിഭാഗങ്ങളെ സംവരണാര്‍ഹരാക്കുന്നതിനായി, ആദ്യം കാക്കാ കാലേക്കര്‍ കമ്മീഷനും പിന്നീട് മണ്ഡല്‍ കമ്മീഷനും രൂപം കൊള്ളുന്നത്. മണ്ഡലാനന്തര കാലത്ത് പിറവിയെടുത്ത ദലിത്- പിന്നാക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയങ്ങളെ മുന്‍നിര്‍ത്തി, പിന്നാക്ക വിഭാഗങ്ങളുമായുള്ള ദലിതരുടെ സഖ്യത്തെ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുല്‍കുന്ന തുല്യനീതിയുടെ ലംഘനമായിരിക്കും. ചുരുക്കത്തില്‍, സണ്ണി എം.കപിക്കാടിനെപ്പോലുള്ള ദലിത് ചിന്തകരുടെ വാദമുഖങ്ങള്‍ ഏറ്റെടുക്കുമ്പോഴായിരിക്കും ദലിതര്‍ സബോര്‍ഡിനേറ്റ് ചെയ്യപ്പെടുന്നത്.

ജനാധിപത്യവല്‍ക്കരണത്തിന്റെ ഭൂമികയില്‍ നിന്നും വികസിതരെന്ന പരികല്‍പ്പനയില്‍, മുസ്ലീങ്ങളെ ആട്ടിയകറ്റുന്നവര്‍, ജര്‍മ്മനിയില്‍, സമ്പത്തും, അധികാരവും, പദവിയുമുണ്ടായിരുന്ന ജൂതര്‍, നാസികളാല്‍ വംശീയമായി ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന ചരിത്രപാഠം വിസ്മരിക്കരുത്.

Top