മതദ്വേഷം വളർത്താതിരിക്കുക, ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഹാദിയയുടെ സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുക

അച്ഛനോടൊപ്പം വിടാന്‍ പറഞ്ഞുവെന്നു കരുതി, ഹാദിയയെ തടവിലിടാനോ ആളുകളുമായി ബന്ധപ്പെടുന്നതും സ്വതന്ത്രമായി അഭിപ്രായം പറയുന്നതും വിലക്കാനോ ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നോര്‍ക്കണം. ആയതിനാല്‍ അന്യായമായ ഈ തടവില്‍നിന്നു ഹാദിയയെന്ന പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ സ്ത്രീയെ മോചിപ്പിക്കാനും അവളുടെ അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ടാക്കാനും ഇടപെടേണ്ട ബാധ്യത കേരള സര്‍ക്കാരിന്, വിശിഷ്യാ വനിതാ കമീഷനുണ്ട്. അതു ചെയ്യാതെ, ഹാദിയയെ കാണുന്നതിന് രാഹുൽ ഈശ്വറിനോ അശോകനെയും കുടുംബത്തെയും കാണുന്നതിനു കുമ്മനം രാജശേഖരനോ ഒരു തടസ്സവുമില്ലാതിരിക്കെ, ഭരണഘടനാസ്ഥാപനമായ വനിതാ കമ്മീഷന്‍, സുപ്രീം കോടതിയുടെ അനുവാദത്തിനുവേണ്ടി കാത്തിരിക്കുന്നത് പ്രബുദ്ധ കേരളത്തെ സംബന്ധിച്ചു ലജ്ജാകരമാണ്. വൈകിയ വേളയിലെങ്കിലും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനുള്ള ആര്‍ജവം കേരള സര്‍ക്കാരും വനിതാ കമ്മീഷനും കാണിക്കണം എന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ഒരു നൂറ്റാണ്ടിനപ്പുറം, കേരളത്തില്‍ മതപരിവര്‍ത്തനത്തിനുള്ള ആലോചനകളും ശ്രമങ്ങളും ഏറ്റവും ഊര്‍ജ്ജിതമായ കാലഘട്ടത്തില്‍, 1923 മേയ് 30-ന് സഹോദരന്‍ അയ്യപ്പനുമായി നടന്ന സംഭാഷണത്തില്‍ ശ്രീനാരായണഗുരു ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: “മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം മാറുകയും പുറകേ കള്ളം പറയുകയും ചെയ്യുന്നത് കഷ്ടവും പാപവും ആണ്. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണ്‌ നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?”

മതപരിവര്‍ത്തനത്തെപ്പറ്റി ഇത്രയും സുവ്യക്തമായി സംസാരിച്ച ഗുരുവിന്റെ അനുയായികളില്‍, ‘ഈഴവര്‍ ഹിന്ദുക്കളല്ലെന്നും അവര്‍ സ്വതന്ത്ര സമുദായമായി നില്‍ക്കണ’മെന്നും വാദിച്ചിരുന്ന ഇ.മാധവനെപ്പോലുള്ളവരുടെ ധാരയും ബുദ്ധമതത്തോടു പ്രതിപത്തിയുണ്ടായിരുന്ന സഹോദരന്‍ അയ്യപ്പൻ, മിതവാദി കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങി എം.കെ.രാഘവന്‍ വരെയുള്ളവര്‍ നേതൃത്വം നല്‍കിയ വേറൊരു ധാരയും ഈഴവര്‍ ഹിന്ദുമത്തിലെ ഒരു ജാതിയാണെന്നും ഹിന്ദുമതത്തില്‍ തുടര്‍ന്നുകൊണ്ട് മതപരിഷ്കരണത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നു വാദിച്ചിരുന്ന കുമാരനാശാന്‍, ടി.കെ.മാധവന്‍ മുതല്‍പേരുടെ മറ്റൊരു ധാരയും ഉണ്ടായിരുന്നു. ‘അസവർണ്ണർക്ക് നല്ലത് ഇസ്ലാം’ എന്ന ഒരു ചെറുപുസ്തകം തന്നെ (1936-ൽ) പ്രസിദ്ധീകരിച്ച കേരള തിയ്യ യൂത്ത് ലീഗ് പോലുള്ള സംഘടനകളും അക്കാലത്തു് ഈഴവ/തീയ്യ സമുദായത്തിലുണ്ടാ യിരുന്നു. ഇപ്പോഴത്തെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പോലും തുടക്കത്തില്‍ സഹോദരന്റെ ധാരയുടെ വക്താവായിരുന്നു എന്നതാണു സത്യം.

സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യാപരമായും ഏതാണ്ട് സമാനാവസ്ഥയിലുള്ള രണ്ടു സമുദായങ്ങളെന്ന നിലയ്ക്ക് മുസ്ലിം- ഈഴവ വിഭാഗങ്ങൾ തമ്മിലുള്ള പ്രേമവും വിവാഹവും മതം മാറ്റവും താരതമ്യേന കൂടുതലാവുന്നതു തികച്ചും സ്വാഭാവികമാണ്. ഇഷ്ടമുള്ള രാഷ്ട്രീയപ്പാർട്ടിയെ/സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള മതവും രാഷ്ട്രീയവും വിശ്വാസവും ഒക്കെ സ്വീകരിക്കാനും, പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഭരണഘടനാപരമായ അവകാശങ്ങളുള്ള നാടാണു നമ്മുടേത്. സ്ത്രീ-പുരുഷന്മാ രുടെ ഇഷ്ടത്തിനനുസരിച്ചു് വിവാഹം കഴിക്കാതെ പോലും ഒരുമിച്ചു ജീവിക്കാന്‍ നിയമപരമായി സാധിക്കുന്ന നാടുമാണ്. എന്നിരുന്നാലും വീട്ടുകാര്‍ ആലോചിച്ചും സ്ത്രീധനം, ജാതകം, സമ്പത്ത് തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചുമാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളും നടക്കുന്നതെന്നതിൽ സംശയമില്ല. അക്കാര്യത്തില്‍ മത-ജാതി വ്യത്യാസങ്ങളുമില്ല. പക്ഷേ, മാതാപിതാക്കളുടെ ആഗ്രഹങ്ങളേക്കാളും താത്പര്യങ്ങളേക്കാളും, ആധുനിക ജനാധിപത്യ ലോകത്ത് വിലമതിക്കപ്പെടുന്നത് പ്രായപൂര്‍ത്തിയായവരുടെ സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളുമാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തും ഭരണഘടനാപരമായും നിയമപരമായും അത്തരം അവകാശങ്ങള്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുന്നത്.

സ്വവംശ വിവാഹങ്ങളിലൂടെയാണ് ജാതി നിലനിര്‍ത്തപ്പെടുന്നത്. ഇതു ലംഘിക്കപ്പെടുമ്പോഴാണ് കുടുംബങ്ങളിൽ ദുരഭിമാനം ഉണ്ടാകുന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കുകയോ ജീവിതപങ്കാളിയെ സ്വീകരിക്കുകയോ ചെയ്യുമ്പോഴുണ്ടാവുന്ന കുടുംബസംഘര്‍ഷങ്ങള്‍ ഇതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. കുടുംബങ്ങളുടെ ദുരഭിമാനത്തിനപ്പുറം, വ്യത്യസ്ത വ്യക്തിത്വങ്ങളെയും തുല്യതയേയും അംഗീകരിക്കുന്നതിലൂടെ മാത്രമേ കുടുംബാംഗങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും ജനാധിപത്യപരമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കൂവെന്നും അങ്ങനെ മാത്രമേ ബന്ധങ്ങള്‍ അറ്റുപോകാതിരിക്കുകയുള്ളൂ എന്നും ഞങ്ങൾ കരുതുന്നു.

വൈക്കത്തെ, അശോകന്‍-പൊന്നമ്മ ഈഴവ ദമ്പതികളുടെ മകളായ അഖിലയെന്ന 24 വയസ്സുള്ള, ബി.എച്ച്.എം.എസ് ബിരുദ ധാരിണിയായ യുവതി, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ഹാദിയ എന്ന പേര് സ്വീകരിച്ചതെന്നും അവര്‍തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ ഷഫിന്‍ ജഹാന്‍ എന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചിട്ടുള്ളതും. ഒരുമിച്ചു കഴിയാനുള്ള അവരുടെ അവകാശത്തെ ഹനിക്കാന്‍, അവരിരുവരുടെയും മാതാപിതാക്കള്‍ക്കോ പൊതുസമൂഹത്തിനോ ആര്‍ക്കും അധികാരമില്ല, കോടതിക്കുപോലും. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ കേരള ഹൈക്കോടതി അവരുടെ ആ അവകാശത്തെ അനുവദിച്ചുകൊടുക്കാന്‍ തയ്യാറാവാതെ, ഹാദിയയെ അശോകന്റെയും പൊന്നമ്മയുടെയും ഒപ്പം അയയ്ക്കുകയാണു ചെയ്തത്. കഴിഞ്ഞ നാലു മാസത്തിലേറെയായി, പുറത്തിറങ്ങാനോ മറ്റുള്ളവരുമായി സംസാരിക്കാനോ ആരെയും കാണാനോ സാധിക്കാത്തവിധം സ്വന്തം വീട്ടില്‍ തടവില്‍ കഴിയുകയാണു ഹാദിയ എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ മനസ്സിലാവുന്നത്. ഹാദിയയെ ആ തടവില്‍നിന്നു മോചിപ്പിക്കാനുളള, നിയമപരവും അല്ലാത്തതുമായ പോരാട്ടങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ, വിശേഷിച്ച് ഓബീസീ/ഈഴവ സമുദായങ്ങളിൽപ്പെടുന്ന നേതാക്കളുടെയോ ആക്റ്റിവിസ്റ്റുകളുടെയോ സംഘടനകളുടെയോ ഭാഗത്തുനിന്ന്, അത്തരമൊരാവശ്യം ഇതുവരെ ഉയർന്നിട്ടില്ല എന്നത് ആശങ്കാജനകം തന്നെയാണ്.

അച്ഛനോടൊപ്പം വിടാന്‍ പറഞ്ഞുവെന്നു കരുതി, ഹാദിയയെ തടവിലിടാനോ ആളുകളുമായി ബന്ധപ്പെടുന്നതും സ്വതന്ത്രമായി അഭിപ്രായം പറയുന്നതും വിലക്കാനോ ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നോര്‍ക്കണം. ആയതിനാല്‍ അന്യായമായ ഈ തടവില്‍നിന്നു ഹാദിയയെന്ന പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ സ്ത്രീയെ മോചിപ്പിക്കാനും അവളുടെ അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ടാക്കാനും ഇടപെടേണ്ട ബാധ്യത കേരള സര്‍ക്കാരിന്, വിശിഷ്യാ വനിതാ കമീഷനുണ്ട്. അതു ചെയ്യാതെ, ഹാദിയയെ കാണുന്നതിന് രാഹുൽ ഈശ്വറിനോ അശോകനെയും കുടുംബത്തെയും കാണുന്നതിനു കുമ്മനം രാജശേഖരനോ ഒരു തടസ്സവുമില്ലാതിരിക്കെ, ഭരണഘടനാസ്ഥാപനമായ വനിതാ കമ്മീഷന്‍, സുപ്രീം കോടതിയുടെ അനുവാദത്തിനുവേണ്ടി കാത്തിരിക്കുന്നത് പ്രബുദ്ധ കേരളത്തെ സംബന്ധിച്ചു ലജ്ജാകരമാണ്. വൈകിയ വേളയിലെങ്കിലും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനുള്ള ആര്‍ജവം കേരള സര്‍ക്കാരും വനിതാ കമ്മീഷനും കാണിക്കണം എന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

(2017 ഒക്ടോബർ 6)
____________________
ബി ആർ പി ഭാസ്കർ
സിവിക് ചന്ദ്രൻ
കെ കെ ബാബുരാജ്
ഡോ. അജയ് ശേഖർ, കാലടി സർവകലാശാല
ഡോ. ഗിരിജ കെ പി, ഫെലോ, ഐ ഐ എ എസ് സിംല
ഡോ. ബിജുലാൽ എം വി, എം ജി യൂണിവേഴ്‌സിറ്റി
ഡോ. രൺജിത് തങ്കപ്പൻ, ഇ എഫ് എൽ യു ഹൈദരാബാദ്
ഡോ. ഷൈമ പി
ഡോ. ശ്രീബിത പി വി, കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റി
ഡോ. നാരായണൻ എം എസ്, WMO കോളേജ് മുട്ടിൽ, വയനാട്
ഡോ. ജെന്റിൽ വർഗീസ്
അനൂപ് വി ആർ
ഡോ. സുദീപ് കെ എസ്
സുദേഷ് എം രഘു
ഷിബി പീറ്റർ, സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ആന്റ് കൾച്ചർ
ശ്രീകൃഷ്ണൻ കെ പി
ധന്യ കെ ആർ
സുനിൽ ഗോപാലകൃഷ്ണൻ
അജയ് കുമാർ വി ബി
അഡ്വ.പി ആർ സുരേഷ്
അജിത് കുമാർ എ എസ്
പ്രശാന്ത് കോളിയൂർ
രൂപേഷ് കുമാർ
ലോകൻ രവി
ജിഷ കെ വി
സി സജി
അജയൻ ബാബു, എം ജി യൂണിവേഴ്‌സിറ്റി
അഡ്വ. ശാരിക പള്ളത്ത്
പ്രവീണ കെ പി, റിസർച് സ്കോളർ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി
അനു കെ ആന്റണി, റിസർച് സ്കോളർ, ഐ ഐ ടി ബോംബെ
മായാ പ്രമോദ്, റിസർച് സ്കോളർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
അശ്വനി സി ഗോപി, റിസർച് സ്കോളർ, ശാന്തിനികേതൻ
രാധു രാജ് എസ്
ശ്രീജിത പി വി
ആശാറാണി പി എൽ
ശ്രീജിത് കെ എൻ
നിഷ ടി
അനൂപ് എം ദാസ്
ജിതേന്ദ്രൻ
ദീപ്തി ശ്രീറാം, റിസേർച്ചർ, മണിപ്പാൽ യൂണിവേഴ്‌സിറ്റി
പ്രസന്നൻ (Prasu)
അനിൽ തറയത്ത്

(ഈഴവ സമുദായത്തിനകത്തു നിന്നുള്ള രണ്ടുമൂന്നു പേരാണ് ഈ കുറിപ്പ് / അഭ്യർത്ഥന തയ്യാറാക്കാൻ മുൻകൈ എടുത്തത്)

Top