അയ്യൻകാളി ദിനം- പൊതുഅവധി അട്ടിമറി ചെറുക്കുക
ഇടതുപക്ഷം എല്ലാകാലത്തും ഇങ്ങനെയായിരുന്നു. ദലിതർക്കെതിരായ നീതിനിഷേധങ്ങളും അതിക്രമങ്ങളും കാലാകാലങ്ങളായുള്ള പിന്തുണയിൽ വിള്ളലേൽപ്പിക്കില്ലെന്നും, നിശബ്ദമായി സഹിക്കുമെന്നുമുള്ള ഇടതുപക്ഷ പൊതുബോധമാണ് ഇത്തരം നിലപാടുകൾക്ക് അടിസ്ഥാനം. ഇപ്പോഴുണ്ടായിരിക്കുന്നത് ദളിതരുടെ തീവ്രമായ സമരങ്ങളുടെ നിഷേധം മാത്രമല്ല, അവരുടെ ആത്മാഭിമാനത്തോടുള്ള വെല്ലുവിളിയുമാണ്. ഈ മനുവാദത്തിനെതിരെ ദളിത് സമുദായം മാത്രമല്ല ഇതര സഹോദര സമുദായങ്ങളും തൊഴിലാളി കർഷകജനതകളും ജനാധിപത്യത്തെ ജീവവായുവായി കാണുന്ന മതേതര- ന്യുനപക്ഷ- സ്ത്രീവാദികളും ശബ്ദമുയർത്തേണ്ടതുണ്ട്.
വർത്തമാനകാല ഇന്ത്യയുടെ ചരിത്രത്തിൽ ദളിതർക്കു നിർണായകമായ സ്ഥാനമാണുള്ളത്. അതുകൊണ്ടാണ് രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക ചിന്തകരും അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ നിര്ബന്ധിതരായിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ ദളിതരോട് ഏറിയ പക്ഷപാതിത്വവും കാണിക്കാൻ ബാധ്യതപ്പെട്ട ഇടതുപക്ഷ സർക്കാർ മനുവാദത്തിന്റെ വ്യക്താക്കളായിരിക്കുകയാണ്. ഈ വസ്തുതക്ക് അടിവര ഇടുന്നതാണ് ഓഗസ്റ്റ് 28-ലെ അയ്യൻകാളി ജന്മദിനാവധി ഭാഗികമായി നിഷേധിക്കാനുള്ള നീക്കം.
കേരളത്തിലെ ദളിത് സംഘടനകൾ ദീർഘകാലമായി നടത്തിയ പ്രക്ഷോഭണങ്ങളുടെ ഫലമായാണ് മഹാനായ അയ്യൻകാളിയുടെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടരുന്ന അവധിദിനത്തെ നിഷേധിക്കാനുള്ള നടപടികളുടെ തുടക്കമായി പൊതു അവധി ഈ വര്ഷം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ കല്പന ഉണ്ടായിരിക്കുന്നു. കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് മെഡിക്കൽ/ ഡെന്റൽ പ്രവേശനത്തിന്റെ അലോട്ട്മെന്റാണ്.