പിന്നോക്ക വിഭാഗങ്ങള്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തില്‍ അണി ചേരാത്തതെന്ത്?

മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജാതികള്‍ ‘കൂപമണ്ഡൂക’ നിലപാട് അവസാനിപ്പിക്കുകയും ബ്രാഹ്മണ്യത്തിനെതിരെ ഇതര പിന്നോക്ക വിഭാഗ ജാതികളുമായി ഐക്യപ്പെട്ട് ഒരു വിശാല മുന്നണി രൂപീകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാതി ഉന്മൂലനമായിരിക്കണം അവരുടെ ലക്ഷ്യം. അതവരുടെ താല്പര്യത്തിനു വേണ്ടി മാത്രമല്ല, ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നത് ഓരോ മനുഷ്യനും സ്വയവും മനുഷ്യ കുലത്തിനു വേണ്ടിയും കാംക്ഷിക്കുന്ന ആശയങ്ങളാണല്ലോ.

സ്വയം പുരോഗമനാത്മകമാകുന്നതിലും ജാതി വ്യവസഥയെ ഉന്മൂലനം ചെയ്യുന്ന മുന്നേറ്റത്തില്‍ അണി ചേരുന്നതിലും പിന്നോക്ക വിഭാഗങ്ങല്‍ അമ്പേ പരാജയപ്പെട്ടിട്ടുണ്ട്. ജ്യോതിഭാഫൂലേ, സാഹുമഹാരാജ്, ബി.ആര്‍ അംബേദ്കര്‍, പെരിയാര്‍, കാന്‍ഷിറാം തുടങ്ങിയവരുടെ പാരമ്പര്യത്തില്‍ ദളിതുകള്‍ വളരെ ശക്തമായ ജാതി വിരുദ്ധ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നതിന് കടകവിരുദ്ധമാണ് മറ്റ് പിന്നക്ക വിഭാഗങ്ങളുടെ സ്ഥിതി. മുകളിലെഴുതിയ അഞ്ച് പേരുകളില്‍ മൂന്നും ദളിതേതര ജാതികളില്‍ പെട്ടവരാണെന്നതും ശ്രദ്ധേയമാണ്.

ശൂദ്രന്മാര്‍ക്കും അതിശൂദ്രന്മാര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിന്റെ വാതായനങ്ങള്‍ തുറന്നു കൊടുക്കുകയും ‘സത്യശോധക് സമാജ്’ എന്ന പ്രസ്ഥാനത്തിലൂടെ മഹാരാഷ്ട്രയിലെ ബ്രാഹ്മണ മേധാവിത്വത്തിന് കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്ത ജ്യോതി ഭാഫൂലേ, ഇന്ന് മറ്റ് പിന്നോക്ക വിഭാഗ (ഒബിസി) ങ്ങളില്‍ പെടുന്ന ‘മാലി’ ജാതിയില്‍ പെട്ടയാളാണ്. എന്നാല്‍ ഏറെ വിപ്ലവാത്മകവും പുരോഗമന പരവുമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏറെയൊന്നും പഠിക്കുവാന്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ‘പഠിക്കുക, സംഘടിക്കുക, പ്രതിഷേധിക്കുക’ എന്ന മുദ്രാവാക്യം നമുക്ക് നല്‍കിയ ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഏറ്റവും സമുന്നതനായ നായകന്‍ ബി.ആര്‍ അംബേദ്കറെപ്പോലും പൂര്‍ണമായും അവഗണിക്കുകയാണവര്‍ ചെയ്തത്.

പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ജാതികള്‍ മിക്കവാറും പ്രാദേശികമായി ഒതുങ്ങിനിന്നു. അവര്‍ പ്രധാനമായും ഏകജാതി വിഭാഗങ്ങളായി സംഘടിച്ച്, തങ്ങളുടെ ജാതിയുടെ ഉന്നമനത്തിനു വേണ്ടി മാത്രം യത്‌നിച്ചു. ജാതിവ്യവസ്ഥയുടെ ഉന്മൂലനം ഒരു കാലത്തും അവരുടെ അജണ്ടയിലുണ്ടായിരുന്നില്ല. ജാതിസമ്മേളങ്ങളും വൈവാഹിക മേളകളും സംഘടിപ്പിക്കുന്നതിലായിരുന്നു അവര്‍ക്കു ഏറെ താല്പര്യം. ജാതി സമ്പ്രദായത്തെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് ജാതികളുമായി ചേര്‍ന്ന് ഒരു മുന്നണി രൂപീകരിക്കുവാന്‍ അവരൊരിക്കലും ശ്രമിച്ചിരുന്നില്ല.

ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബി.പി മണ്ഡലിന്റെ നേതൃത്വത്തില്‍ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷന്‍ 1979 ല്‍ രൂപീകരിച്ചതിനുശേഷം, എണ്‍പതുകളിലാണ് ഒരു വിഭാഗമെന്ന നിലയില്‍ മറ്റ് പിന്നോക്ക ജാതികള്‍ ശ്രദ്ധിക്കപ്പെടുന്നത്. 1980 ഡിസംബര്‍ 31 ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്ലാ മതങ്ങളിലെയും വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കര്‍ഷകരും തൊഴിലാളികളുമായ എല്ലാ ജാതികളെയും വിഭാഗങ്ങളെയും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) എന്ന ഗണത്തില്‍ പ്രസ്തുത റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി. വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 1990 ല്‍ പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാര്‍ സേവന മേഖലയില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണം ലഭിച്ചു. മുന്നോക്ക വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഈ തീരുമാനം നേരിട്ടത്. പൊതുമണ്ഡലത്തില്‍ ‘ഒബിസി’ എന്ന പദം സുപരിചിതമാകുന്നതിന് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കാരണമായി. സാമൂഹ്യ-രാഷ്ട്രീയ വിഭാഗമെന്ന നിലയില്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പിറവി താരതമ്യേന സമകാലീനമാണ്. സ്വത്വത്തിലുള്ള പേരിലുള്ള കൂട്ടായ്മ ശക്തിപ്രാപിക്കാത്തതിന്റെ കാരണഴും അതുതന്നെ.

ദളിതരെപ്പോലെ രൂക്ഷമായി ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കുവാന്‍ ശൂദ്രര്‍ തയ്യാറാകാത്തതിന് മറ്റൊരു കാരണം കൂടിയുണ്ട്. അവര്‍ ദളിതരെപ്പോലെ തൊട്ടുകൂടായ്മ അനുഭവിച്ചിട്ടില്ല. സാമൂഹിക ശ്രേണിയില്‍ ദളിതരേക്കാള്‍ മേലെയായിരുന്നു ശൂദ്രര്‍. അതില്‍ മിഥ്യാഭിമാനം കൊള്ളുകയും ലൗകീക ലാഭത്തിനുവേണ്ടിയും ആശയപരമായ കാരണങ്ങളാലും ദളിതരെ അടിച്ചമര്‍ത്തുകയും ചെയ്തു.

ജ്യോതിഭാഫൂലേയുടെ പുരോഗമനാത്മക രചനകളെ പാടെ അവഗണിച്ചു ശൂദ്രര്‍. തങ്ങളെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോട്ടടിച്ച് നിര്‍ത്തുന്നതിന്റെ മുഖ്യ കാരണം ഉയര്‍ന്ന ജാതികളാണെന്ന് ഒരിക്കലും തിരിച്ചറിഞ്ഞില്ല. ശുദ്രജാതികളിലെ താരതമ്യേന മെച്ചപ്പെട്ടവര്‍ മേല്‍ജാതിക്കാരെ അനുകരിക്കുന്നതിനും തങ്ങള്‍ അവരോടൊപ്പമാണെന്ന് നടിക്കുന്നതിനുമാണ് ശ്രമിച്ചുവന്നത്. കഴിഞ്ഞ 2-3 നൂറ്റാണ്ടുകളായി നടക്കുന്നതും ഇപ്പോഴും ദുര്‍ബലമായി തുടരുന്നതുമായ തങ്ങള്‍ ക്ഷത്രീയര്‍ക്ക് തുല്യരാണെന്ന ശുദ്രരുടെ അവകാശ വാദം ഇതിന്റെ പ്രതിഫലനമാണ്. ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ ദളിതരുടെ പേരില്‍ അറിയപ്പെടുന്നതിന്റെ കാരണമാണിത്. ദലിതരിലെ നേതാക്കളും ബുദ്ധിജീവികളും പ്രതിരോധ പ്രവര്‍ത്തകരും മാത്രമല്ല, ഈ ജനവിഭാഗം ഒന്നായിത്തന്നെ ബ്രാഹ്മണ്യത്തിനെതിരായി പുരോഗമനാത്മകവും വിപ്ലവകരവുമായ നിലപാടിലെത്തിയിട്ടുണ്ട്. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജാതികള്‍ ‘കൂപമണ്ഡൂക’ നിലപാട് അവസാനിപ്പിക്കുകയും ബ്രാഹ്മണ്യത്തിനെതിരെ ഇതര പിന്നോക്ക വിഭാഗ ജാതികളുമായി ഐക്യപ്പെട്ട് ഒരു വിശാല മുന്നണി രൂപീകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാതി ഉന്മൂലനമായിരിക്കണം അവരുടെ ലക്ഷ്യം. അതവരുടെ താല്പര്യത്തിനു വേണ്ടി മാത്രമല്ല, ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നത് ഓരോ മനുഷ്യനും സ്വയവും മനുഷ്യ കുലത്തിനു വേണ്ടിയും കാംക്ഷിക്കുന്ന ആശയങ്ങളാണല്ലോ.
_______________________
(വിവര്‍ത്തനം : വി.പി. കൃഷ്ണ കുമാര്‍/അവലംബം-പാഠഭേദം)

Top