ദേശീയഗാനം, സംസ്കാരം, ഭാഷ, ദേശീയവാദം: ഫാഷിസവും ചലച്ചിത്രാഖ്യാനങ്ങളും

തികച്ചും ജനായത്തപരമായി ഉപയോഗിച്ചില്ലെങ്കില്‍ സമഗ്രാധിപത്യാഖ്യാനമാകാന്‍ എല്ലാ സാധ്യതയുമുള്ള ബഹുജനമാധ്യമമാണ് സിനിമ. അതുകൊണ്ടു തന്നെ ഹിന്ദുത്വ സമഗ്രാധിപത്യകാലത്തെ ചലച്ചിത്ര വ്യവഹാരങ്ങളും സംസ്‌കാരദേശീയതയുടെ ഇതര പ്രാദേശിക വ്യവഹാരങ്ങളും നിര്‍ണായകമാകുന്നു. ബഹുജനങ്ങളുടെ അധ്വാനത്തിന്റെ പണമാണ് ചലച്ചിത്രവ്യവസായത്തേയും അക്കാദമികളേയുമെല്ലാം സാധ്യമാക്കുന്നത്. ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയെ ഹിന്ദുദേശീയകക്ഷിയും അവരുടെ സാംസ്‌കാരിക ഭരണ വിഭാഗമായ മാനവവിഭവശേഷി മന്ത്രാലയവും കൈപ്പിടിയിലൊതുക്കാനായുന്നതാണ് 2016 നവമ്പറവസാനവാരം നാം കണ്ടത്. മേളയുടെ രാജ്യാന്തര സംസ്‌കാരത്തെ തകിടം മറിച്ചു കൊണ്ട് പുതിയ ദേശീയ ചേരുവകളും സംശുദ്ധ കളളികളും നടുനായക ഗുമസ്തവീര്യത്തോടെ തിരുകിക്കയറ്റുക എന്നതാണ് ഏതാനും വര്‍ഷങ്ങളായുള്ള ചാണക്യതന്ത്രം.

കായികമേളകളിലെന്ന പോലെ സംസ്‌കാരമേളകളിലും ഇടയ്ക്കിടെ ദേശീയഗാനാലാപനം വേണമെന്നും ദേശീയതയുടെ തലത്തിലാണ് മറ്റെല്ലാ മനുഷ്യ ആവിഷ്‌കാരങ്ങളും സാധൂകരിക്കപ്പെടുന്നതെന്നുമുള്ള പൊതുബോധമാണ് 2016 ഡിസമ്പര്‍ ആദ്യത്തില്‍ തിരുവനന്തപുരത്തു നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ സ്ഥാപിക്കപ്പെട്ടത്. ഔപചാരികമായ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നന്നായി നടത്താമായിരുന്ന ഈ അനുഷ്ഠാന ദേശീയകര്‍മം ഓരോ പ്രദര്‍ശനത്തിനും നിര്‍ബന്ധമാക്കുകയും അതിനോടു വിയോജിച്ച യുവജനങ്ങളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു കൊണ്ട് നിര്‍ബന്ധബുദ്ധിയോടെയുള്ള ഈ അനുഷ്ഠാന അതിദേശീയവാദം കേരളത്തിലെ വിമര്‍ശബോധമുള്ള ചെറുപ്പക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. ദേശീയവാദത്തിന്റെ വിമര്‍ശബോധമില്ലാത്ത പ്രകടനാത്മക ജനപ്രിയത ഏറുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് ബഹുഭൂരിപക്ഷം പ്രതിനിധികളും മേളയില്‍ ഓരോ പ്രദര്‍ശനത്തിനും മുമ്പ് വടിയായി എണീറ്റു നില്‍ക്കുന്നതാണ് കണ്ടത്.

യഥാര്‍ഥത്തില്‍ കേരളമേളയില്‍ ദേശീയഗാനം പാടുന്ന അനുഷ്ഠാനകര്‍മം 2010 കാലത്ത് ഗണേശകുമാരന്‍ മന്ത്രിപുങ്കവനായിരുന്ന കാലത്ത് കിഴക്കേക്കോട്ടയിലെ തിരുപപ്പനാവ കൊട്ടകയിലാണ് തുടങ്ങുന്നത്. മൂകരും ബധിരരുമായ കുട്ടികളെ കൊണ്ടുള്ള ഒരു ദേശീയവാദ ഗോഷ്ടിയും ദേശീയ മോക്കറിയുമായിരുന്നു പ്രസ്തുത വീഡിയോ. അന്നു തന്നെ അനന്തപുരിയിലെ പപ്പനാവവാദക്കാരായ മലയാള കുലീനര്‍ സൈനികമായ സായുധദേശീയ യുക്തിയില്‍ ഉടനടി വടിയായി നില്‍ക്കുകയും ഈ ദേശീയഗോഷ്ടിയെ അവഗണിച്ച പ്രതിനിധികളെ രൂക്ഷമായി നോക്കുകയും അപഹസിക്കുകയും ചെയ്തിരുന്നു. ഇന്ന് കോടതിവിധികളുടെ സഹായത്തോടെ ആര്‍ത്തലയ്ക്കുകയാണീ ദേശീയവാദ പ്രഹസനം.
സംസ്‌കാരദേശീയവാദമെന്ന ഫാഷിസത്തിന്റെ അധികാര പ്രവേശം തന്നെയാണീ ദേശീയവാദഗോഷ്ടികളെ സാംസ്‌കാരിക പ്രവര്‍ത്തന രംഗങ്ങളിലേക്കു അന്ധമായി കുത്തിച്ചെലുത്തുന്നത്. ഇത്തരം അധീശ ദേശീയതയുടെ സൈനിക സായുധ പടയാളി യുക്തിയില്‍ ഇനി കേരള രാജ്യാന്തര നാടകമേളയിലും ബിനാലേയിലുമെല്ലാം ഓരോ കലാപ്രകടനത്തിനും മുമ്പ് ദേശീയഗാനാലാപനവും അനുഷ്ഠാനപരമായ പടജന അറ്റന്‍ഷനും നിര്‍ബന്ധമാക്കേണ്ടിവരാം. സംസ്‌കാരവും ഭാഷയുമായി ബന്ധപ്പെട്ട ഓരോ മേഖലയിലും അനുഷ്ഠാനപരവും അയുക്തികവും ഭ്രാന്തവുമായ ദേശീയ, പ്രാദേശീയവാദങ്ങളും മാതാവാദങ്ങളും അപരോന്മൂലനവാദങ്ങളും വടക്കേയിന്ത്യന്‍ പശുപ്പട്ടയിലെന്ന പോലെ കേരളത്തിലും പെരുകുകയാണ്.

തികച്ചും ജനായത്തപരമായി ഉപയോഗിച്ചില്ലെങ്കില്‍ സമഗ്രാധിപത്യാഖ്യാനമാകാന്‍ എല്ലാ സാധ്യതയുമുള്ള ബഹുജനമാധ്യമമാണ് സിനിമ. അതുകൊണ്ടു തന്നെ ഹിന്ദുത്വ സമഗ്രാധിപത്യകാലത്തെ ചലച്ചിത്ര വ്യവഹാരങ്ങളും സംസ്‌കാരദേശീയതയുടെ ഇതര പ്രാദേശിക വ്യവഹാരങ്ങളും നിര്‍ണായകമാകുന്നു. ബഹുജനങ്ങളുടെ അധ്വാനത്തിന്റെ പണമാണ് ചലച്ചിത്രവ്യവസായത്തേയും അക്കാദമികളേയുമെല്ലാം സാധ്യമാക്കുന്നത്. ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയെ ഹിന്ദുദേശീയകക്ഷിയും അവരുടെ സാംസ്‌കാരിക ഭരണ വിഭാഗമായ മാനവവിഭവശേഷി മന്ത്രാലയവും കൈപ്പിടിയിലൊതുക്കാനായുന്നതാണ് 2016 നവമ്പറവസാനവാരം നാം കണ്ടത്. മേളയുടെ രാജ്യാന്തര സംസ്‌കാരത്തെ തകിടം മറിച്ചു കൊണ്ട് പുതിയ ദേശീയ ചേരുവകളും സംശുദ്ധ കളളികളും നടുനായക ഗുമസ്തവീര്യത്തോടെ തിരുകിക്കയറ്റുക എന്നതാണ് ഏതാനും വര്‍ഷങ്ങളായുള്ള ചാണക്യതന്ത്രം.

ദേശീയവാദ പൗരോഹിത്യം തികഞ്ഞ ദാസ്യഭാവത്തിലുള്ള സൈനികസായുധ പടജന പാദജരെ കൊണ്ട് നവദേശീയ കാര്യപരിപാടികള്‍ നാട്ടുനടപ്പാക്കുന്നു. സ്വച്ഛഭാരതവും ഗാന്ധിപുരസ്‌കാരവും സംസ്‌കൃതഭാഷാ പ്രേമവും മറ്റും പഴകിയ വളഞ്ഞ വാലുപൊക്കിയരങ്ങത്തു വന്നു ഗോവയില്‍. നാട്ടുമൊഴിയില്‍ പറഞ്ഞാല്‍, ചമക്രിതത്തില്‍ പടംപിടിച്ചാല്‍ ഇനിമുതല്‍ ഇന്ത്യന്‍ പനോരമാവതാരവും ദേശീയപുരസ്‌കാരവും ഉറപ്പാക്കാമെന്ന കീഴ്‌വഴക്കവും ചവിട്ടിയുറപ്പിച്ചുകഴിഞ്ഞു. അവസാന ചിത്രമടക്കം പലതും ദേശീയവാദത്തിന്റെ കനത്ത വ്യാവഹാരികബലമുള്ളവയായിരുന്നു. മാമിയടക്കമുള്ള ഇന്ത്യയിലെ മുന്‍നിര സ്വതന്ത്ര രാജ്യാന്തര മേളകളില്‍ കളിച്ച പല മികച്ച പടങ്ങളും ഇക്കുറി ഗോവയിലെത്തിയില്ല. ഇങ്ങനെ പോകുന്നു ഇന്ത്യന്‍ റിവിയേറയുടെ നവദേശീയവാദപരമായ അധോഗമനം. സംസ്‌കാര ദേശീയവാദത്തിന്റെ സൈനിക സായുധ പാദജയുക്തികളും ശക്തികളും കരസേവയും പരിവാര പഥസഞ്ചലനവും തുടങ്ങിക്കഴിഞ്ഞു. ഹിന്ദുദേശീയവാദികളുടെ ഭരണം തുടര്‍ന്നാല്‍ ഇന്ത്യയുടെ രാജ്യാന്തരമേളയുടെ വ്യക്തിത്വവും ചരിത്രവും മാറാന്‍ താമസമില്ല.

സമാപന ചിത്രം പോലെ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലെ സൈനികവും സായുധവും ഹിംസാത്മകവുമായ തീവ്രദേശീയവാദത്തെ ഊന്നുന്നതായിരുന്നു കണ്‍ട്രി ഫോക്കസില്‍ കാട്ടിയ പല കൊറിയന്‍ ചിത്രങ്ങളും. ജാപ്പധിനിവേശ കാലത്തെ കൊറിയന്‍ ചാരവീരന്മാരുടെ പടവെടികളായിരുന്നു നിഴല്‍യുഗമെന്ന കിം ജീ-വൂന്‍ സംവിധാനം ചെയ്ത ചിത്രം. നായകവീരനെ ”കൊറിയന്‍ അമിതാഭ് ബച്ചന്‍” എന്നാണ് മേളയില്‍ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. മേളയിലെതന്നെ സിംഹാസനം എന്ന ലീ ജൂന്‍-ഈകിന്റെ മല്‍സര ചിത്രം വ്യക്തമാക്കിയ പോലെ അമിതാഭ ബോധിസ്വത്വന്റെ നാടായിരുന്നു ഇന്ത്യയും കൊറിയയും. കൊറിയന്‍ ഭാഷ ദ്രാവിഡഭാഷാഗോത്രത്തില്‍ പെടുന്നു. തെന്നിന്ത്യയിലെ പ്രാകൃത-പാലി, തമിള്‍ വഴക്കങ്ങളോടാണതിനു ചാര്‍ച്ച. കേരളവും കൊറിയയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ ബുദ്ധിസത്തിലൂടെയും പാലിയിലൂടെയും വന്നതാണ്. ക്ഷമാപണം എന്ന ഡോക്യൂ ചിത്രത്തിലെ നായികമാരില്‍ ഒരുവള്‍ പറയുന്ന പോലെ ഏതാപത്തിലും അയ്യോ… അയ്യോ… എന്നു വിളിച്ചു കരയുകയാണ് കൊറിയക്കാരും തെന്നിന്ത്യക്കാരും ഇന്നും. പാലിയിലും പഴന്തമിഴിലും അയ്യര്‍ പുത്തര്‍ തന്നെയാണ്. കൊറിയന്‍ പടങ്ങള്‍ വ്യക്തമാക്കുന്ന പോലെ അപ്പാ… അമ്മാ… എന്നു തന്നെയാണ് കൊറിയക്കാരും അപ്പനമ്മമാരെ വിളിക്കുന്നത്. എന്നാല്‍ കൊറിയയില്‍ നിന്നുള്ള ജനപ്രിയ ഹൊറര്‍ പാക്കേജിന്റെ കാര്യം നമ്മുടേതു പോലെ തന്നെയാണ്. ഉന്നതമായ ദൃശ്യസാങ്കേതിക മികവു പുലര്‍ത്തുമ്പോഴും തെക്കന്‍കൊറിയയുടെ വാണിജ്യ ഭീകരചിത്ര വിഭാഗത്തിലെ പടങ്ങള്‍ തികച്ചും മൂലധനകേന്ദ്രിതമായ ഒരു ലാവണ്യാന്ധ്യത്തെ പരത്തുന്നവയാണ്.

ലൂയി പതിനാലാമന്റെ മരണം എന്ന ഫ്രഞ്ചു ചിത്രം അതിന്റെ ശാന്തവും സൗമ്യവുമായ രാഷ്ട്രീയ വിമര്‍ശവും ആക്ഷേപഹാസ്യവും കൊണ്ട് കാലികമായിരുന്നു. ഡിമോ(ണിറ്റൈസേഷന്‍) അടിച്ച നമോ(നരമേധകനായ നരേന്ദ്രമോദി)യുടെ നമോണിയാകാലത്ത് ഇന്ത്യയില്‍ നോട്ടിനായി ക്യൂവില്‍ നിന്നു കുഴഞ്ഞുവീഴുന്ന ബഹുജനങ്ങളെ കാണിക്കേണ്ടുന്ന ഒരു സിനിമയാണിത്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ രോഗിയായി ആഹാരം പോലും കഴിക്കാനാവാതെ മരണപ്പെടുന്ന ഫ്രാന്‍സിന്റ ഛത്രപതിയുടെ ചിത്രം ദയനീയവും ദാരുണവും ചിന്തോദ്ദീപകവുമാണ്. പരമാധികാരികളുടെ അന്ത്യവിധിയെ കുറിച്ചും വിധിവൈപരീത്യങ്ങളെ കുറിച്ചും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ചലച്ചിത്രമാണിത്. ഇന്ന് ഇന്ത്യയില്‍ ഏറെ രാഷ്ട്രീയപ്രസക്തവുമാണിത്. മൂന്നു മെഴുതിരികളുടെ വെളിച്ചത്തില്‍ വാഴുന്നോരുടെ പള്ളിയറയില്‍ മാത്രമെടുത്ത രണ്ടുമണിക്കൂറോളം നീളുന്ന ഈ ചിത്രത്തിന്റെ അരണ്ട വെളിച്ചത്തിലുള്ള സൂക്ഷ്മമായ ദൃശ്യപരിചരണം അസാധ്യമത്രേ. അധികാരത്തിന്റെ ദുരയേയും ഉള്‍ക്കിടിലങ്ങളേയും വിഗ്ഗുകളുടേയും തിരശ്ശീലകളുടേയും കെട്ടുപാടുകളുടെ ദൃശ്യവിശദാംശങ്ങളിലൂടെ പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന ഗാഢമായ ചലച്ചിത്രണമാണ് കാറുന്നോരുടെ മരണം. മരണാനന്തരം പൊന്നുതിരുമേനി അറുത്തുമുറിച്ചു നടത്തുന്ന മാംസനിബദ്ധമായ സായുധക്രിയ അധികാരഅപനിര്‍മണത്തിന്റെ ചലച്ചിത്രണ പരകോടിയും.

ഹിന്ദുദേശീയവാദം കൊടുമ്പിരിക്കൊണ്ട് അപരമര്‍ദ്ദനത്തിന്റെ പേരില്‍ സാമ്പത്തിക അടിയന്തിരാവസ്ഥയിലെത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ നിര്‍ണായകവും പ്രസക്തവുമായ മറ്റൊരു ചിത്രം ക്ഷമാപണം എന്ന കൊറിയന്‍-കനേഡിയന്‍ സംയുക്ത ചിത്രമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ സൈന്യം പിച്ചിച്ചീന്തിയ ”കംഫര്‍ട്ട് വിമന്‍” എന്നു വിളിക്കപ്പെട്ട കൊറിയയിലേയും ചൈനയിലേയും ഫിലിപ്പൈന്‍സിലേയും മറ്റും സ്ത്രീകളുടെ 22 വര്‍ഷമായി നടക്കുന്ന ഔദ്യോഗിക ക്ഷമാപണത്തിനു വേണ്ടിയുള്ള ജപ്പാന്‍ നയതന്ത്രകേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള സമാധാന സമരത്തെ കുറിച്ചുള്ള ഉജ്വലമായ ഡോക്യുമെന്ററിയാണ് ക്ഷമാപണം. മൂന്നുനാലു രാജ്യങ്ങളില്‍ നിന്നുള്ള ഇന്നു വയോധികരായിത്തീര്‍ന്ന സ്ത്രീകളുടെ ആത്മകഥനാഖ്യാനങ്ങളിലൂടെയാണ് തികച്ചും വൈകാരികവും ചരിത്രസാന്ദ്രവുമായ ഈ ഡോക്യൂസിനിമ ഇതള്‍ വിരിയുന്നത്. നീതിക്കും ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള ചരിത്രാവേശം കൂടിയാണു സിനിമ എന്നടിവരയിടുന്ന രചനയാണിത്. ചരിത്രപരമായ പാതകങ്ങളും കൊടിയ മര്‍ദ്ദനങ്ങളും വലിയ പിഴകളും മര്‍ദ്ദകര്‍ ഏറ്റുപറഞ്ഞാലേ മാനസികവും സാമൂഹ്യവുമായ സൗഖ്യം പുലരുകയുള്ളു എന്നു വ്യക്തമാക്കുന്നു ക്ഷമാപണത്തിനുവേണ്ടിയുള്ള ഈ ചരിത്രചലച്ചിത്രയാനം. ഡോക്യൂസിനിമ എങ്ങനെ പിടിക്കണമെന്നതിനുള്ള അതുല്യമായ ഒരു സംവേദന മാതൃകയായി ക്ഷമാപണം മാറുന്നു. സൈനികവും സായുധവുമായ ജപ്പാന്റെ ലൈംഗികാധിനിവേശ ദേശീയത ഇന്നും മാപ്പുപറയാന്‍ തയ്യാറായിട്ടില്ലെങ്കിലും സംസ്‌കാര ദേശീയത വിജൃംഭിക്കുന്ന ഇന്ത്യയിലെ ജാതിഹിന്ദുക്കള്‍ ശ്രമണപാരമ്പര്യമുള്ള അവര്‍ണരോടും സ്ത്രീകളോടും ജാതിലിംഗമര്‍ദ്ദനങ്ങളുടെ പേരില്‍ എന്നു മാപ്പുപറയും എന്നതാണ് പ്രസക്തമായ ചോദ്യം.

പ്രതിനിധാന ഹിംസയിലൂടെ അപരവല്‍ക്കരണവും രാക്ഷസീകരണവും മൃഗവല്‍ക്കരണവും നടത്തുന്ന രാമായണ, മാഭാരത, ഗീതാ പ്രഭാഷണ ഭാഗവത യജ്ഞങ്ങളിലൂടെ ജനകീയ സര്‍ക്കാരുകള്‍ പോലും സനാതന ധര്‍മമെന്ന വൈദിക വര്‍ണാശ്രമധര്‍മത്തെ ദണ്ഡനീതിയിലൂടെയെന്ന വണ്ണം ചവിട്ടിയുറപ്പിക്കുകയാണ് നമ്മുടെ വര്‍ത്തമാനത്തില്‍. അഥവാ മതേതരമേലങ്കിയിട്ട് ഗീതാപാഠശാല നടത്തുന്ന പ്രച്ഛന്ന പരിവാര മുന്‍ഷിമാര്‍ക്കും അക്കാദമിക മന്യരായി ചമയിക്കപ്പെടുന്ന മാഭാരതഭാഗവതന്മാര്‍ക്കും ഗീതയുടെ വാഹനവും ഇരിപ്പിടവുമായ മഹാഭാരതത്തിന്റെ പ്രേമികളായ ജാതിജന്തുക്കളായ ആസ്ഥാന സ്ത്രീവാദവിദുഷികള്‍ക്കും ജനങ്ങളുടെ നികുതിപ്പണം ചെലുത്തിക്കൊടുക്കുന്ന ദല്ലാളന്മാരായി ജനകീയഭരണകൂടങ്ങള്‍ മാറുകയാണ്, അഥവാ ജാതിഹിന്ദു സമവായവും സാമാന്യബോധവും അങ്ങനെ മാറ്റിയെടുക്കുകയാണ്. മാധ്യമ, അക്കാദമിക ലോകങ്ങളേയും ബോധനതന്ത്രത്തേയും പാഠപുസ്തകങ്ങളേയും ഇത്തരം ഉദാരമതി ചമയുന്ന ജാതിഹിന്ദു പാദജരിലൂടെ അധിനിവേശം ചെയ്യുകയാണ് ഗൂഢഗീതാഹൈന്ദവത. ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കും അക്കാദമികള്‍ക്കും പോലും ഈ ഹൈന്ദവ സനാതന പുണ്യപുരാണ കുഴലൂത്തു തുടരേണ്ടിവരുന്നത് മലയാള കുലീനരുടെ ഭാഷാഭിമാനവാദ സംസ്‌കാരദേശീയസ്വത്വവാദത്തിന്റെ നടുനായകത്തം മൂലമാണ്. നമ്മുടെ യഥാര്‍ഥ തെന്നിന്ത്യന്‍ സംസ്‌കാരമായ ജൈനവും ബുദ്ധവുമായ ചിലപ്പതികാരവും മണിമേഖലയും പഴന്തമിഴിലെ പഞ്ചമഹാകാവ്യങ്ങളുമടങ്ങുന്ന തെന്നിന്ത്യന്‍ ചമണധാര്‍മിക സഭ്യതയെ പ്രാദേശികഭാഷാഭിമാന വാദത്തിലൂടെ മറയ്ക്കുകയും തടയിടുകയും ചെയ്തുകൊണ്ടാണ് ഈ മല്ലുകുലീനത കളം പിടിക്കുന്നത്. കാവ്യലോകത്തെ മല്ലുകുലീന കുമാരിമാര്‍ അപരഭീതി പരത്തുന്ന ”അന്യസംസ്ഥാനവാദം” അഴിച്ചുവിട്ട് മഹിഷാസുരമര്‍ദ്ദിനികളായി മാധ്യമപ്രതിഷ്ഠ തേടുന്നു. ഹിന്ദുചരിത്രമെഴുതി മലബാര്‍ തകര്‍ത്തതു ടിപ്പുവാണെന്നു ഗീര്‍വാണം മുഴക്കുകയാണ് വാജപേയി കാലത്ത് ചരിത്രപുസ്തകങ്ങളെ കാവിവല്‍ക്കരിക്കാന്‍ മുഖ്യകാര്‍മികനായ മലയാള കുലീനനായ ആസ്ഥാനചരിത്ര വിശാരദന്‍. അപരഭീതിയുടെ പകവ്യവഹാരത്തെ മാനുഷികമായി അപനിര്‍മിക്കുന്ന അപരരുടെ വീട് എന്ന സെര്‍ബിയന്‍-ചെക് ചിത്രം കേരളകുലീനരും കാണേണ്ടതാണ്.

ഭാഷാമാതാവാദത്തിലൂടെ ചേരനാടായിരുന്ന കേരളത്തിന്റെ പ്രാചീന തമിളക സംസ്‌കാര ബന്ധത്തെ മായിക്കുന്നു മാതൃഭാഷാദേശാഭിമാനികള്‍. പശുമാതാവാദം പോലെയും ദേശമാതാവാദം പോലെയും തികച്ചും അപകടകരവും സംസ്‌കാര ദേശീയപരവുമാണ് ഭാഷാമാതാവാദം. കേവലം മധ്യകാലത്ത് മണിപ്രവാള സംബന്ധ സംസ്‌കാരത്തിലൂടെ മലയാം തമിളെന്ന മലനാട്ടു തമിള്‍ വഴക്കത്തില്‍ ആര്യവൈദിക ചമക്രിതം ചെലുത്തിയുണ്ടാക്കിയ മലയാളന്മാരുടെ അധികാര ഭാഷയെ മാതൃഭാഷയായി കെട്ടിയെഴുന്നള്ളിക്കുന്നത് വംശഹ്യാപരമായ മറവിയുടെ ക്ഷുദ്ര രാഷ്ട്രീയമാണ്. മധ്യകാലാരാംഭത്തോടെ ചതിയിലും ഹിംസയിലും ജൈനരേയും ബൗദ്ധരേയും ഉന്മൂലനം ചെയ്തവരുടെ പള്ളികള്‍ പിടിച്ചെടുത്തു വര്‍ണാശ്രമ ക്ഷേത്രങ്ങളാക്കാന്‍ പൗരോഹിത്യ-പടയാളി ഗൂഢാലോചനയുടെ വിളനിലമായ ലൈംഗികക്കോളനി നിര്‍മാണത്തിന്റെ ഭാഗമായി നാട്ടുനടപ്പാക്കിയ നായ-നമ്പൂരി സംബന്ധത്തിലൂടെ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു അഴുകിയ (അ)സംബന്ധ മൊഴിയേയാണിന്നത്തെ മലയാള കുലീനര്‍ ഭാഷാമാതാവാദത്തിലൂടെ അതിന്റെ ഇരകളായ ബൗദ്ധപാരമ്പര്യമുള്ള അവര്‍ണബഹുജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. ”ഗോമാതാ ബാങ്കെ”ന്നു വിളിക്കുന്ന മോദിയേക്കാള്‍ പരിഹാസ്യമാണീ ഭാഷാമാതാവാദം. തികച്ചും ക്ഷുദ്രവും സംസ്‌കാരദേശീയതാപരവുമാണിതെന്നു ബഹുജനങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാവൂ. ഈ ജനായത്ത രാജ്യത്തിന്റേയും ബഹുജനതയുടേയും നിലനില്‍പ്പിനതാവശ്യമായി വന്നിരിക്കുന്നു എന്ന സത്യം ഇനിയെങ്കിലും മലയാള കുലീനരും ഭാഷാമാതാവാദികളും ബഹുജനങ്ങളും വിദ്യാര്‍ഥികളും വിശേഷിച്ചും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വാഴുന്ന വംശങ്ങളും അധികാര വര്‍ഗങ്ങളും അടിച്ചേല്‍പ്പിക്കുന്ന, സാധാരണീകരിക്കുന്ന ജാതിഹിന്ദു പൊതുബോധവും സാമാന്യബോധവും സവര്‍ണ സമവായവും മറികടക്കാന്‍ വിമര്‍ശബോധം പകരുന്ന എഴുത്തു പോലെ ചലച്ചിത്രവും ഏറെ സഹായിക്കുന്നു. കെന്‍ ലോച്ചിന്റെ ഞാന്‍ ഡാനിയേല്‍ ബ്ലേയിക്കെന്ന ചലച്ചിത്രത്തിന്റെ പ്രസക്തിയിവിടെയാണ്. തച്ചനായ ഡാനിന്റെ ഹൃദയ ശസ്ത്രക്രിയക്കു ശേഷമുള്ള ആതുരമായ ജീവിതവും അനാഥമായ മരണവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം നമ്മുടെ നാട്ടിലേയും കമ്മാള സംസ്‌കാരത്തേയും ബൗദ്ധ വാസ്തുശില്പാചാര്യന്മാരായിരുന്ന പഞ്ചശീലം പുലര്‍ത്തിയ അഞ്ചുകുടി (അയ്ങ്കുടി) കമ്മാളരെ കുറിച്ചും കേരളമക്കളെ ഓര്‍മിപ്പിക്കുന്നതാണ്. ബൗദ്ധധമ്മത്തിലടിയുറച്ച നൈതികമായ കമ്മത്തെ (ധമ്മവും കമ്മവും പാലി വാക്കുകളാണ്, വര്‍ണാശ്രമധര്‍മത്തില്‍ നിന്നും ഹിന്ദു കര്‍മ്മ പദാവലിയില്‍ നിന്നും വേര്‍തിരിക്കാനാണ് കമ്മവും ധമ്മവും പാലിയില്‍ തന്നെ ഇവിടെ ഉപയോഗിക്കുന്നത്), അതായത് ബൗദ്ധകമ്മത്തെ ആളുന്നവരെയാണ് കമ്മാളര്‍ എന്നു വിളിക്കുന്നത്. മധ്യകാലത്തോടെ മാത്രം മായാനത്തിലൂടെയും പിന്നീടു ഹൈന്ദവപാഷണ്ഡ പൗരോഹിത്യമതത്തിലൂടെയും കേരളത്തിലെത്തിയ ചമക്രിതത്തിലെ വാക്കായ കര്‍മകാര അപചയിച്ചല്ല, മറിച്ച് പ്രാചീന പ്രാകൃതമായ പാലിഭാഷയിലടിയുറച്ച കമ്മാളരെന്ന പഴയ പദത്തെ മധ്യകാലത്തിനു ശേഷം സംസ്‌കൃതീകരിച്ചു മാറ്റിയാണ് സനാതനികള്‍ വരമൊഴിയേയും ഭാഷയേയും കുത്തകവല്‍ക്കരിച്ച് ജനതയുടെ മേല്‍ വിഭജിപ്പിച്ച് ഭരിച്ച് അടിച്ചേല്‍പ്പിച്ചത്.

കെന്‍ ലോച്ചിന്റെ നായകനായ ആചാര്യനായ ആശാരി, മരത്തച്ചനായ ഡാന്‍ ആകുലമായ നവഉദാര ബ്രിട്ടനിലെ ജനവിരുദ്ധ സ്വകാര്യവല്‍ക്കരണ ചിലവുചുരുക്കല്‍ നയങ്ങളുടെ ഇരയാണ്. അടിസ്ഥാന സേവന മേഖലകളായ വിദ്യാഭ്യാസത്തില്‍ നിന്നും ആരോഗ്യരക്ഷയില്‍ നിന്നും ഭരണകൂടങ്ങള്‍ പിന്‍വാങ്ങുന്ന കിരാതമൂലധനയുക്തിയുടെ ഇരകളുടെ പ്രതിനിധിയാണീ വയോധികനായ മൂപ്പന്‍. വിദ്യയേയും വൈദ്യത്തേയും എഴുത്തുപള്ളിയേയും പള്ളിക്കൂടത്തേയും കേരളത്തിലെത്തിച്ച പുത്തരുടെ ബോധകരേയും കന്യകാവുകളേയും നാമോര്‍ക്കും. ആധുനികകാലത്തു പള്ളിയും പള്ളിക്കൂടവും വീണ്ടെടുത്ത ക്രിസ്തുവിന്റെ ബോധകരേയും കന്യാസ്ത്രീകളേയും നമുക്കോര്‍ക്കാം. കിരാതമായ ഹിന്ദുഹിംസയുടെ ഫാഷിസ്റ്റു കാലത്ത് ഓര്‍മ നമ്മെ വഴിനടത്തും. താച്ചറിസത്തിന്റേയും, ഇപ്പോഴും കൂടുതല്‍ സൈനിക സായുധ പാദജയുക്തിയും ഹിംസാത്മകമായ വിദേശനയവും പുലര്‍ത്തുന്ന തേരേസ മേയിസത്തിന്റേയും ബലിമൃഗമാണീ കൈപ്പണിക്കാരന്‍. നസറേത്തിലെ അരമായിക്കു സംസാരിക്കുന്ന തച്ചരായ, യഥാര്‍ഥ പുത്തരായ യേശുവിനോടാണ് അദ്ദേഹത്തിന്റെ ചമല്‍ക്കാരം. കൊറിയന്‍ ഭാഷ പോലെ അരമായിക്കിനും ബന്ധം തെന്നിന്ത്യയിലെ ദ്രാവിഡമൊഴികളോടാണ്. മഹാകാരുണികനായ ബുദ്ധനും പരമേശപവിത്രപുത്രനായ ക്രിസ്തുവും ഡാനില്‍ ദൃശ്യമാക്കുന്നതില്‍ ലോച്ച് വിജയിച്ചിരിക്കുന്നു. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ പീഢാനുഭവങ്ങളില്‍ താന്‍ ക്രൂശിതനായി മരിക്കുമ്പോഴും സഹജീവികളുടെ സഹനത്തില്‍ പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് നര്‍മബോധവും സാഹോദര്യവും മാനവികതയും അവസാനം വരെ കൈവിടാത്ത ഡാന്‍. ബോധോദയപരമായ ഈ വാസ്തുശില്പചിത്രത്തില്‍ സ്വര്‍ഗസ്ഥനായ നമ്മുടെ പിതാവിനെ കുറിച്ചു സംസാരിച്ച നസറേത്തിലെ തച്ചന്റെ സൂചനകള്‍ സ്പഷ്ടമാകുന്നു. സൈന്ധവമെന്ന ഇന്ത്യയിലെത്തി സംഘത്തോടൊപ്പം ചരിച്ച ക്രിസ്തു അനുസ്മരിക്കുന്ന സ്വര്‍ഗസ്ഥനായ ആ പിതാവ് അപ്പനും അയ്യനുമായ പുത്തരല്ലാതെ മറ്റാരാണ്… അനുകമ്പയുടേയും കാരുണ്യത്തിന്റേയും മുദിത്വത്തിന്റേയും മൈത്രിയുടേയും ഈ ധമ്മമാര്‍ഗത്തെ തന്നെയാണ് കെന്‍ ലോച്ചും അദ്ദേഹത്തിന്റെ തച്ചനും അവിസ്മരണീയമായി പ്രകാശിപ്പിക്കുന്നതും. കേരള മേളയിലും ഈ ചിത്രം ആവര്‍ത്തിച്ചത് ഏറെ വിമോചനാത്മകമായി.

ഇന്ത്യന്‍ ഭരണകൂട മര്‍ദ്ദനത്തിന്റെ സൈനികയുക്തികളുടെ ഇരകളായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവാക്കളുടെ ആംഗല സംഗീത സംഘങ്ങളെക്കുറിച്ചുള്ള തോക്കുകളും ഗിഥാറുകളും എന്ന ഡോക്യൂ സിനിമ ഏറെ സര്‍ഗാത്മകവും കാലികവും കാരുണികവുമായിരുന്നു. ഖാസി ഭാഷയില്‍ മേഘാലയയില്‍ നിന്നും വന്ന ഓണത്താ എന്ന ചലച്ചിത്രവും ഏറെ മാനവികവും അനുകമ്പാര്‍ദ്രവുമായിരുന്നു. മാനഭംഗത്തിന്റെ ഇരയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവും കഥനവുമാണിത്. ഫാന്‍ഡ്രിയിലൂടെ ദലിത് സിനിമയുടെ പുതിയ പാത മറാഠിയില്‍ തുറന്ന നാഗരാജ് മഞ്ജുളേയുടെ ദുരഭിമാന ജാതിക്കൊലയെ കുറിച്ചുള്ള സൈരത് വേറിട്ടു നിന്നു. മാവോവാദത്തിന്റെ മേലങ്കിചാര്‍ത്തി ഭരണകൂട സൈനിക ശക്തികള്‍ കൊന്നുതള്ളുന്ന യുവജനങ്ങളുടെ കഥകളാണ് ഏറെ പാരിസ്ഥിതികമായും സാമൂഹ്യവീക്ഷണത്തോടെയും ഡോ. ബിജു കാടുപൂക്കുമ്പോള്‍ എന്ന ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്ദ്രന്‍സ് എന്ന നടന്റെ സാധ്യതകളെ വിശദമാക്കുന്ന മണ്‍റോതുരുത്തു പോലെ തന്നെ ശ്രദ്ധേയമായ ഒരു ചിത്രമാണിത്. റിമ കല്ലിങ്കല്‍ എന്ന നടിയുടെ വ്യതിരിക്തമായ പ്രകടനം കൊണ്ടും മേളയില്‍ ഏറെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു ബിജുവിന്റെ ചിത്രം. ഗോവയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നപ്പോളാണ് നിലമ്പൂര്‍ കാടുകളിലെ കരുളായിയില്‍ മലയാള നിയമപാലകന്മാരുടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അരങ്ങേറിയത് എന്നതും ഞെട്ടിക്കുന്നതാണ്. ചലച്ചിത്രവും ചരിത്രവും മാത്രമല്ല വര്‍ത്തമാനവും മനുഷ്യഭാവിയുമായുള്ള അസാധാരണ സഹബന്ധങ്ങളെയാണീ സന്ദര്‍ഭങ്ങള്‍ വെളിപ്പെടുത്തുന്നത്. കേരള മേളയിലും ഡിസമ്പറില്‍ ഡോ. ബിജുവിന്റെ ചിത്രം പ്രദര്‍ശിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ദലിത് ജീവിതദുരന്തത്തെ തീവ്രമായി അടയാളപ്പെടുത്തിയ സജി പലമേലിന്റെ ആറടി പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. വേദപരിഭാഷകനും സംസ്‌കൃതപണ്ഡിതനുമായ സ്വാതന്ത്ര്യസമരസേനാനിയായ ദലിതനായകന്റെ മരണവും അടക്കവുമാണീ ദാരുണചിത്രം. നാടകീയമായ അവതരണത്തിലൂടെ വേറിട്ടു നിന്ന ഷെറിയുടെ ഗോഡ്‌സേ സംസ്‌കാരദേശീയവാദകാലത്തെ ഗാന്ധിവാദത്തിന്റെ പുനസ്ഥാപനത്തിലൂടെ ഏറെ പ്രശ്‌നാത്മകമാണ്. ദേശീയവാദത്തിന്റെ ഉദാരവും ജനപ്രിയവുമായ ആദര്‍ശാനുഷ്ഠാനങ്ങള്‍ പടരുകയാണ്. തിരുപപ്പനാവയില്‍ 2010 ല്‍ ഗണേശകുമാരന്‍ തുടങ്ങിവച്ച ദേശീയഗാനത്തിന്റെ ആക്രാമക ദേശീയതയുടെ ആന്ധ്യം പരക്കുകയാണ്. കെന്‍ ലോച്ചിന്റെ നിര്‍ണായക ചിത്രങ്ങളുള്‍ക്കൊള്ളുന്ന റിട്രോയും കേരളമേളയില്‍ കാഴ്ച്ചപ്പെട്ടു എന്നതും നിര്‍ണായകമാണ്. കസാഖിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങളും മികച്ചു നിന്നു. ചലച്ചിത്രത്തെ അനുകമ്പയുടേയും ജീവകാരുണ്യത്തിന്റേയും കാരുണികവും നൈതികവുമായ ഭൂമികയായി നിലനിര്‍ത്തുന്ന ആഗോളവും പ്രാദേശികവുമായ സംസ്‌കാര രാഷ്ട്രീയ നിര്‍മിതികളിലാവും ഈ ബഹുജനമാധ്യമത്തിന്റെ ഭാവിയും തെളിച്ചവും വിമോചന സാധ്യതയും. സംസ്‌കാര ദേശീയവാദങ്ങളേയും വിവിധ പാഷണ്ഡ പ്രാദേശീയവാദങ്ങളേയും ചെറുക്കാന്‍ നീതിബോധമുള്ള ജനായത്ത ആഖ്യാനങ്ങള്‍ക്കേ ആവൂ. ചൈനയില്‍ നിന്നുള്ള നൈഫ് ഇന്‍ ക്ലിയര്‍ വാട്ടര്‍, സോള്‍ ഓണ്‍ എ സ്രിങ്ങ് എന്നീ ചിത്രങ്ങളുടെ കാലിക പ്രസക്തിയിതാണ്. തുര്‍ക്കിയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമുള്ള ചിത്രങ്ങളും ലിംഗവ്യവസ്ഥയെ കുറിച്ചുള്ള ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തി.

ഇത്തരത്തിലുള്ള നൈതികവും മാനവികവുമായ ഒരു ധീര ഇടപെടലാണ് കേരള മേളയിലെ വ്യതിരിക്ത ചിത്രമായ കൊറിയന്‍ ബോധിസ്വത്വന്‍ കിം കി ദുക്കിന്റെ വല. ദേശീയവാദത്തിന്റേയും സങ്കുചിത അതിര്‍ത്തികളുടേയും വലകളെ കുറിച്ചാണീ ചിത്രം. കേരളമേളയില്‍ തുറന്ന വേദിയില്‍ ഒരു പ്രേക്ഷകന്‍ ദേശീയഗാനം വീണ്ടും വീണ്ടും ആലപിച്ച് പ്രതിനിധികളെ നിരന്തരം വടിയാക്കിയ പോലെ അതിദേശീയവാദത്താല്‍ അതിക്രമം കാട്ടിയ തെക്കന്‍ കൊറിയന്‍ ചാരനായകവീരന്‍ തനിക്കമളി പിണഞ്ഞതു കണ്ടപ്പോള്‍ തികച്ചും പടയാളി ശൂരത്വത്തില്‍ വടിയായി നിന്ന് ദേശീയഗാനം പാടുകയാണ്. കേരളമേളയെ വിഴുങ്ങിയ ദേശീയവാദഗോഷ്ടിക്കുള്ള ശക്തമായ മറുപടിയും വിമര്‍ശവും പ്രഹരചികില്‍സയുമായിരുന്നു ദുക്കിന്റെ ചാരനായകന്റെ ഈ ദേശീയഗാനഗോഷ്ടി. വംശഹത്യാത്മകമായ ഹിന്ദുത്വ ഫാഷിസത്തിന്റെ അപരോന്മൂലന കാലത്ത് മല്ലുകുലീന നായികമാര്‍ അപരഭീതിയുടെ വരേണ്യാഖ്യാനങ്ങള്‍ ആയിരും നാവുകളിലൂടെ അഴിച്ചു വിടുമ്പോള്‍ ഏറ്റവും ബോധോദയപരമായിരുന്നു ആന്ദ്രേ കൊഞ്ചലോവ്‌സ്‌കിയുടെ പറുദീസ എന്ന നാസി തടവറകളെ കുറിച്ചുള്ള കരിവെള്ള ചിത്രം. ഗോവയിലും ചിത്രം ബഹുജനശ്രദ്ധ നേടി. ദേശീയഗാനത്തിന്റെ പേരില്‍ കേരളത്തിലെ വിദ്യാര്‍ഥികളേയും യുവജനതയേയും മലയാള നിയമപാലകര്‍ പിടികൂടുമ്പോള്‍ റഷ്യയുടേയും തുര്‍ക്കിയുടേയും യുവജനതയുടെ ആവേഗങ്ങളേയും പ്രതിസംസ്‌കാരത്തേയും ചേതോഹരമായി കാഴ്ച്ചപ്പെടുത്തിയ ഗുഡ്‌ബൈ ബെര്‍ലിന്‍ എന്ന ഫത്തേ അക്കിന്റെ ചിത്രവും ഏറെ ശ്രദ്ധേയമായി. നെരൂദയുടെ പലായനങ്ങളെ സാഹസികമായി അടയാളപ്പെടുത്തിയ ചിലിയന്‍ പടവും കേരളമേളയില്‍ ശ്രദ്ധേയമായി. നേപ്പാളിലെ മാവോയിസത്തിനുള്ളില്‍ അഗമ്യഗമനം നടത്തുന്ന ജാതിഹിന്ദു ഹിംസയേയും ദലിത് പ്രശ്‌നത്തേയും കുറിച്ചുള്ള വെളുത്ത സൂര്യന്‍ എന്ന പടം ഏറെ ഇന്ത്യന്‍, കേരള കാഴ്ച്ചകള്‍ ആവശ്യപ്പെടുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ചുവന്ന ശലഭ സ്വപ്നം സാംസ്‌കാരിക ബന്ധങ്ങളുടെ വിപുലമായ ചരിത്രഭൂമികകളെ തൊട്ടുണര്‍ത്തുന്നതാണ്. ഉദ്ഘാടന ചിത്രമായ റഫ്ത്താനെന്ന അഫ്ഗാന്‍ ചിത്രവും ദേശീയവാദ വലകള്‍ക്കു കുറുകേ അതിജീവിക്കുന്ന അഭയാര്‍ഥികളുടെ വിപുലജീവതത്തെ കാഴ്ച്ചപ്പെടുത്തുന്നു. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ക്ലാഷിന്റെ രാഷ്ട്രീയ സ്വഭാവം പ്രതീക്ഷ നല്‍കുന്നു. പക്ഷേ ദേശീയവാദത്തിന്റെ സങ്കുചിത വലകളില്‍ കുടുങ്ങുന്ന മലയാള സംഘാടക വരേണ്യര്‍ തൊട്ടടുത്ത അയല്‍നാടുകളില്‍ നിന്നുള്ള പ്രത്യേകിച്ചും ലങ്കയില്‍ നിന്നും മ്യാന്‍മാറില്‍ നിന്നും തായ്‌ലന്റില്‍ നിന്നും ബാംഗ്ലാദേശില്‍ നിന്നുമുള്ള ചിത്രങ്ങളെ ഒന്നോ രണ്ടോ പ്രദര്‍ശനങ്ങളില്‍ ചെറു കൊട്ടകകളില്‍ ഒതുക്കി തങ്ങളുടെ അധീശ സംസ്‌കാര ദേശീയവാദത്തേയും അതിന്റെ വലകളേയും വിസ്തൃതമാക്കുകയാണ്. ഇറാനില്‍ നിന്നുള്ള പത്തു ചിത്രങ്ങള്‍ കാണിക്കുമ്പോള്‍ ബാംഗ്ലാദേശില്‍ നിന്നുള്ള ഒരു ചിത്രവും കേരളമേളയിലെത്തിയില്ല. മ്യാന്‍മാറില്‍ നിന്നുള്ള ഒന്നു മാത്രം. ശ്രീലങ്കയില്‍ നിന്നും ഒന്നു മാത്രം. തായ്‌ലന്റില്‍ നിന്നും ഒന്നുമില്ല. ഭൗമരാഷ്ട്രീയത്തിന്റേയും ഏഷ്യയുടേയും സംസ്‌കാര സംതുലന രാഷ്ട്രീയം മലയാള കുലീന കുമാരീകുമാരന്മാര്‍ പഠിക്കേണ്ടിയിരിക്കുന്നു. കേവലം പടിഞ്ഞാറന്‍ മേളകളില്‍ കയറിക്കൂടി വിജയിക്കുന്ന പടങ്ങള്‍ മാത്രം നിലവാരമുള്ളതായികണക്കാക്കി ജനങ്ങളുടെ ചിലവില്‍ കേരളത്തില്‍ കൊണ്ടു വന്നു കാണിക്കുന്ന മൗഢ്യം ഇനിയും തുടര്‍ന്നുകൂട.
___________________________________________
ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി 68574.

Top