സാഹിത്യത്തിലെ വിട്ടുകളയുന്ന യാഥാര്‍ത്ഥ്യങ്ങള്‍

മലയാള സാഹിത്യത്തിന്റെ വായനാ വ്യവഹാരത്തില്‍ ന്യൂനപക്ഷ ഇടത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ച വിമര്‍ശകനാണ് എം.ടി അന്‍സാരി. 1990 കളില്‍ എന്‍.എസ്.മാധവന്റെ ‘ഹിഗ്വിറ്റ്’ക്ക് എഴുതിയ വിമര്‍ശം ഏറെ സംവദിക്കപ്പെട്ടിരുന്നു. ആ വിമര്‍ശം മലയാളത്തില്‍ ഒരു പതിറ്റാണ്ടോളം ചര്‍ച്ച ചെയ്യപ്പെട്ടു. എം.ടി. അന്‍സാരിയുമായി മുഹമ്മദ് ഷാ നടത്തിയ അഭിമുഖം.

സമീപകാലത്ത് കേരളത്തില്‍ മുസ്ലിം പ്രതിനിധാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുയര്‍ത്തിയ ഒരു കഥ എം.ടി അന്‍സാരിയെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ജാതിവിമര്‍ശനം ഒരു വിമര്‍ശ വ്യവഹാരമായി അംഗീകരിക്കപ്പെട്ട കാലത്ത് ജാതിയും ഇതര സംസ്ഥാനക്കാരുടെ ജീവിതാനുഭവവും പ്രമേയവത്കരിക്കുകയും അതിനകത്തെ വില്ലനായി പഴയ വില്ലന്മാര്‍ പുനഃപ്രവേശം നേടുകയും ചെയ്യുന്നു എന്നാണ് ആരോപണം. മൂലധനത്തെ സംബന്ധിക്കുന്ന ചര്‍ച്ചകളൊക്കെ തന്നെ കേരളത്തില്‍ സമുദായവുമായി ബന്ധപ്പെട്ടാകുമ്പോള്‍, മുസ്ലിംപ്രശ്‌നം എന്ന നിലയിലേക്ക് അത് മാറിത്തീരുന്നത് ശ്രദ്ധേയമാണ്. മൂലധനത്തെ സംബന്ധിച്ച ചര്‍ച്ച ജാതി അധികാരത്തിന്റെ ഭാഗമായ മൂലധന നിര്‍മ്മിതിയെ സൗകര്യപൂര്‍വ്വം മറന്നുകളയുകയും ഗള്‍ഫ് മൂലധനത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യപ്പെടുന്നു. സമീപകാലത്ത് സാഹിത്യാഖ്യാനങ്ങളില്‍ സംഭവിക്കുന്ന ഇത്തരം പ്രവണത തിരിച്ചറിഞ്ഞുള്ള വായന പ്രസക്തമാണ്. അത്തരം വായനകള്‍ സംഭവിക്കുമ്പോഴൊക്കെ അന്‍സാരി മലയാള സാഹിത്യത്തില്‍ നടത്തിയ ഇടപെടല്‍ വീണ്ടും വീണ്ടും ഉണര്‍ത്തപ്പെടുന്നു. അഥവാ തന്റെ പാഠപാഠാന്തര വായനകളിലൂടെ അന്‍സാരി എന്ന വിമര്‍ശക കര്‍ത്താവ് വായനക്കാരാല്‍ മരിക്കാതെ, എന്നാല്‍ പുനര്‍ജീവിച്ചുകൊണ്ടേയിരിക്കുന്നു.

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ താരതമ്യസാഹിത്യവിഭാഗത്തില്‍ അധ്യാപകനാണ് എം.ടി അന്‍സാരി. ചെമ്മീന്‍, ഇന്ദുലേഖ, നാലുകെട്ട് തുടങ്ങിയ സൃഷ്ടികളോട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഒരുപക്ഷേ, നവചരിത്രപരവും പഠനാവാദാനന്തരപരവുമായ വായനകള്‍ക്ക് മലയാളത്തില്‍ സംഭവിച്ച മികച്ച മാതൃകകളായി നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ‘മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍’ എന്ന പുസ്തകം മാപ്പിള സമരത്തെക്കുറിച്ച് കൊളോണിയല്‍, ദേശീയവാദ ചരിത്രാകാരന്മാരോടുള്ള രാഷ്ട്രീയപരമായ ഇടപെടല്‍കൂടിയായിരുന്നു. ആ പുസ്തകം മലയാള നവ അക്കാദമിക സമൂഹത്തിന് മാപ്പിള/മലബാര്‍ എന്നതിനെ ഒരു അക്കാദമിക സംവര്‍ഗമായി വികസിപ്പിക്കുന്നതിലും ആ മേഖലയില്‍ തുടര്‍ന്നുണ്ടായ വ്യാപക പഠനശ്രദ്ധയിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. Secularism, Islam and modernity : selected essays from Alam Khundmiri (sage, 2001), Discourse, democracy and difference :Perspectives on community, Politics and Culture (Sahitya Akademi 2010)  എന്നീ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിലെ സാഹിത്യപൊതുമണ്ഡലത്തില്‍ നിരന്തരം സാന്നിധ്യമായ ഒരസാന്നിധ്യമാണ് അന്‍സാരി. ‘ഹിഗ്വിറ്റ’ എന്ന എന്‍.എസ് മാധവന്റെ ചെറുകഥയെ മുസ്ലിം കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി അന്‍സാരി നടത്തിയ പഠനം പില്‍ക്കാലത്ത് വന്ന സാഹിത്യവാദങ്ങളെ സ്വാധീനിച്ച ഒന്നാണ്. ഒരുപക്ഷേ, കേരളത്തിലെ സാഹിത്യമണ്ഡലത്തില്‍ നവ ചരിത്രപരവും ഘടനാവാദനാന്തരപരവുമായ വായനയെ മുസ്ലിം വീക്ഷണത്തിലൂടെ പരിചയപ്പെടുത്തിയ ആള്‍കൂടിയാണ് അന്‍സാരി. ഇപ്പോള്‍ കേരളത്തില്‍ ‘ബിരിയാണി’ എന്ന ചെറുകഥയുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിലും അന്‍സാരി ദശകങ്ങള്‍ക്കു മുമ്പ് നടത്തിയ നിരീക്ഷണം നിറഞ്ഞുനില്‍ക്കുന്നു. ആ കഥയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ബിരിയാണി കുറച്ചധികം വിവാദം സൃഷ്ടിച്ചുകഴിഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് കഥാകൃത്ത് തന്നെ കഥയോടുള്ള ചില വായനകളെ ഭീകരപ്രവര്‍ത്തനം എന്നു വിശേഷിപ്പിച്ചു തന്റെ കഥക്ക് പ്രതിരോധവുമായി രംഗത്തുവന്നതുവഴിയും. ഒരുപക്ഷേ, വിവാദം സൃഷ്ടിക്കുക എന്നതുതന്നെ അജണ്ടയുടെ ഭാഗമാകാം. യഥാതഥ ആഖ്യാനവും പ്രതിനിധാനവുമായി ബന്ധപ്പെട്ട രചയിതാവിന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങളാണ് ഈ വിവാദത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളത്. 85 വയസ്സ് ചെന്ന ഹാജിയാര്‍ കഥയിലെന്നപോലെ നമുക്ക് ചുറ്റുമുണ്ടാകാം. അങ്ങനെ ഇതൊരു ആധികാരികമായ പ്രതിനിധാനവുമാകാം. അത്തരമൊരു റിയിലസ്റ്റ് കാഴ്ചപ്പാടില്‍ തന്നെ ഇങ്ങനൊരു വ്യക്തി ഒരു സമുദായത്തിനെ ഒന്നാകെ പ്രതിനിധാനം ചെയ്യുന്നില്ല എന്നുവാദിക്കാവുന്നതാണ്. എന്തായാലും യഥാതഥ ആഖ്യാനം അല്ലെങ്കില്‍ റിയലിസം എന്നത് സവിശേഷമായ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സൗന്ദര്യശാസ്ത്ര സങ്കേതമാണ്. അതിലൂടെ കര്‍ത്താവ് പുനഃപ്രതിനിധാനം ചെയ്യുകയും യാഥാര്‍ഥ്യത്തെ ആധികാരികവത്കരിക്കുകയും കല്‍പിക്കപ്പെടുകയും ചെയ്യുന്നു. യാഥാര്‍ഥ്യം മുഴുവനായി ഇവിടെ ചിത്രീകരിക്കുന്നില്ല എന്നതിലാണ് ഇവിടെ പ്രതിനിധാനപ്പിശക് വരുന്നത്. കഥയില്‍ ചിത്രീകരിക്കപ്പെട്ട യാഥാര്‍ഥ്യത്തിലെ അഭാവങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

എന്തുകൊണ്ടാണ് ഒരു മുഴുവന്‍ ചെമ്പ് ബിരിയാണി ചവറ്റുകുഴിയിലേക്ക് പോയത്. സൂചിപ്പിക്കപ്പെട്ടതുപോലെ, ഇത് ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പതിവുകള്‍ക്ക് വിപരീതമാണ്. പ്രത്യേകിച്ച് അധികം ഭക്ഷണം കരുതിക്കൂട്ടി തയ്യറാക്കുന്നതുതന്നെ അയള്‍ക്കാര്‍ക്കും അനാഥാലയങ്ങളിലും വിതരണം ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കുമ്പോള്‍. ഒരു പക്ഷേ ആ ബിരിയാണിച്ചെമ്പിലുള്ളത് ആഹാരയോഗ്യമായ ഭക്ഷണമായിരിക്കില്ല. പ്രധാനമായ കാര്യം എന്തുകൊണ്ടാണ് ബിഹാറി തൊഴിലാളിക്ക് ഭക്ഷണം കൊടുക്കാത്തത് എന്നതാണ്. ചിലപ്പോള്‍ തൊഴിലിന് ശേഷം അയാള്‍ക്ക് കൊടുക്കാമെന്നായിരിക്കും. പക്ഷേ, അയാള്‍ക്ക് ഭക്ഷണം നല്‍കപ്പെട്ടാല്‍ കഥയ്ക്ക് തീക്ഷ്ണത നഷ്ടമാവും. ഹിഗ്വിറ്റയെക്കുറിച്ചുള്ള വിശകലനത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ പ്രശ്‌നം കിടക്കുന്നത് യാഥാര്‍ഥ്യത്തെ മുഴുവനായി ചിത്രീകരിക്കുക എന്നതിനലല്ല, മറിച്ച്, യാഥാര്‍ഥ്യത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും ആഖ്യാനപ്പെടുത്തുകയും യാഥാര്‍ഥ്യത്തിന്റെ തന്നെ മറ്റു വിശേഷങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നതിലാണ്. അത്തരം വിടവുകള്‍ പാഠത്തിന്റെ അബോധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രതിനിധാനത്തെക്കുറിച്ച് അന്ന് ഞാന്‍ ‘മാധവകല്‍പന’ എന്നു വിശേഷിപ്പിച്ചിരുന്നു. അഥവാ, മാധവമായ കല്‍പന! ഇവിടെ കൂടുതല്‍ ശ്രദ്ധേയമായത് ബിരിയാണി എന്ന കഥ പ്രസിദ്ധീകരിച്ച സവിശേഷ സന്ദര്‍ഭമാണ്. പ്രസാധകരുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിമര്‍ശം ഈ ചര്‍ച്ചകളിലെവിടെയും ഞാന്‍ കണ്ടിട്ടില്ല. പറഞ്ഞുകേട്ടതു പ്രകാരം, ഈ കഥ എഴുതപ്പെടുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്ത ശേഷമാണ് പ്രസ്തുത പ്രസാധകര്‍ ഇതു പ്രസിദ്ധീകരിക്കുന്നത്. ദലിത്-മുസ്ലിം രാഷ്ട്രീയൈക്യം എന്നത് പൊതുമാനങ്ങള്‍ നേടുകയും രാജ്യത്തുടനീളം വളര്‍ന്നു ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മുദ്രാവാക്യമായി മാറുകയും ചെയ്തിരിക്കെ, സമ്പന്നനായ, മനുഷ്യരഹിതനായ മുസ്ലീമും അയാളുടെ ധൂര്‍ത്തരായ വീട്ടുകാരും കുടിയേറ്റ തൊഴിലാളിയും കടന്നുവരുന്ന ഒരാഖ്യാനം തീര്‍ച്ചയായും ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ, ഒരേ ഒരു നല്ല കാര്യം എന്താണെന്നുവെച്ചാല്‍ അധികം കഥാപാത്രങ്ങളും ഹിന്ദിയില്‍ സംസാരചാതുരി ഉള്ളവരാണ് എന്നതാണ്. ദേശീയതയുടെ അടയാളമായിരിക്കാം അത്. ഉദ്ദേശ്യം എന്തുതന്നെയായാലും കൃതിയുടെ കര്‍ത്താവ് തന്റെ കഥക്ക് പ്രതിരോധവുമായി നേരിട്ട് രംഗത്ത് വരുന്നതും ഒരുതരത്തില്‍ നല്ല കാര്യം തന്നെയാണ്. ഇത് കര്‍തൃസ്ഥാപനത്തെ തടയുകയും കര്‍ത്താവിന്റെ മരണം അല്ലെങ്കില്‍ കര്‍ത്താവ് എന്ന പാഠത്തിന്റെ ധര്‍മം എന്ന സങ്കല്‍പ്പത്തിനപ്പുറത്ത് കര്‍ത്താവും പാഠവും തമ്മിലുള്ള മാറിവരുന്ന ബന്ധത്തെ അഭിസംബോധന ചെയ്യാന്‍ നമ്മളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.

എന്‍.എസ് മാധവന്‍ തിരുത്ത്, മുംബൈ അടക്കമുള്ള കഥകളെഴുതിയ ആളാണ്. പൊതുവില്‍ ന്യൂനപക്ഷ രാഷ്ട്രീയ വികാരങ്ങള്‍ പങ്കുവെക്കുന്ന ആളുമായി അറിയപ്പെടുന്നു. അതികായന്മാരായ സവര്‍ണകഥാകാരന്മാരുണ്ടായിരുന്ന ഒരു സമയത്ത് എന്‍.എസ്. മാധവനെ തന്നെ താങ്കള്‍ വിമര്‍ശിച്ചു?

ഇത് കുറെയൊക്കെ മുമ്പേ വിശദീകരിക്കപ്പെട്ട കാര്യമാണ്. മറ്റനേകം എഴുത്തുകാരുടെ കാര്യത്തില്‍ വാര്‍പ്പുമാതൃകകളെ തിരഞ്ഞുപിടിക്കാനും വിമര്‍ശമുന്നയിക്കാനും എളുപ്പമായിരിക്കുമ്പോള്‍, ഞാന്‍ ശ്രമിച്ചത് അത്തരം കേവലസൗന്ദര്യശാസ്ത്ര പ്രവണത പുരോഗമനകാരികളെന്നു വിളിക്കപ്പെടുന്ന എഴുത്തുകാരില്‍ എങ്ങനെ മറഞ്ഞുപ്രവര്‍ത്തിക്കുന്നു എന്ന് അടയാളപ്പെടുത്താനാണ്. ഓര്‍മിക്കേണ്ട ഒരു പ്രധാനകാര്യം, എന്‍.എസ് മാധവന്‍ ഹിഗ്വിറ്റ എഴുതുന്നത് വളരെ വര്‍ഷത്തെ സ്വയം സ്വീകരിച്ച മൗനത്തിന് ശേഷമാണ് എന്നതിനാല്‍ അതൊരു പുതിയ തുടക്കത്തെ കുറിക്കുന്നു കൂടിയുണ്ട്. കഥയിലെ നായകന്‍ താന്‍ വായിക്കാന്‍ ആഗ്രഹിക്കാത്ത ഒരു നോവലിന്റെ പേരുമായി ചിന്താവ്യാപൃതനാവുകയും എന്നാല്‍ കഥയിലെ പ്രയോഗം കടമെടുത്താല്‍ ‘യാഥാര്‍ഥ്യത്തിന്റെ ജാതക കഥകള്‍ അവസാനിക്കുകയും’ നോവലില്‍ എഴുതിയത് മാത്രമായി കഥ ചുരുങ്ങുകയും ചെയ്യും എന്ന ഭയത്താല്‍ ആ കഥ വായിക്കാതിരിക്കുകയും ചെയ്യുന്നു എന്നത് ഒരു യാദൃച്ഛികതയല്ല. ഹിഗ്വിറ്റ എന്ന കഥ തന്നെ പ്രതിനിധാനം എന്നതിനെ പ്രമേയമാക്കുകയും യാഥാര്‍ത്ഥ്യത്തെ പുനഃകല്‍പിക്കുകയും ചെയ്യുന്നുണ്ട്. കഥ അങ്ങനെ കാര്യത്തിന്റെ അനന്തസാധ്യതകള്‍ക്ക് വിരാമമിടുകയും സങ്കല്‍പത്തെ ഒരു നിര്‍ണിതദിശയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് കഥ തന്നെ കാര്യകാരണമായി തെളിയിക്കുന്നുണ്ട്. ഞാന്‍ കഥയിലെ തന്നെ ഉള്‍ക്കാഴ്ചകളെ വികസിപ്പിക്കാന്‍ ശ്രമിച്ചു എന്നു മാത്രമേ ഉള്ളൂ. മാത്രമല്ല, തിരുത്ത്, മുംബൈ എന്നീ കഥകള്‍ ഒരു ജാമ്യമായി കണക്കാക്കേണ്ട കാര്യവുമില്ല. അവയിലെ സങ്കീര്‍ണ്ണതകള്‍ പോട്ടെ, പാഠത്തിന്റെ പാഠങ്ങളാണല്ലോ പഠനത്തിന്റെ വിഷയം.

ഒരുപക്ഷേ അന്ന് അന്‍സാരിയുടെ വിമര്‍ശപാത്രമായവരൊക്കെ മലയാള സാഹിത്യപൊതുമണ്ഡലത്തില്‍ ഒരുതരം നിശ്ശബ്ദത പുലര്‍ത്തുമ്പോള്‍ നിശ്ശബ്ദനായിരിക്കുന്ന അന്‍സാരി നിരന്തരം പൊതുമണ്ഡലത്തിലേക്ക് പുനരാനയിക്കപ്പെടുന്നു. ചര്‍ച്ച ചെയ്യപ്പെടുന്നു. അന്‍സാരി മുന്നോട്ടുവെച്ച് വായനാരീതി പുതിയ തലമുറയില്‍ ഡെവലപ്പ് ചെയ്യപ്പെട്ടതുകൊണ്ടും മുസ്ലിം വിദ്യാര്‍ത്ഥികളടക്കം പുതിയൊരു അക്കാദമിക സംസ്‌കാരം രൂപപ്പെടുത്തിയതുകൊണ്ടുമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലാണോ അതിനെ കാണുന്നത്?

ഈ കഴിഞ്ഞ ജൂലൈയില്‍ തിരൂരില്‍ നടന്ന ഒരു പരിപാടിയില്‍ ഒരു വ്യക്തി (പേര് പ്രസക്തമല്ല) എന്നോട് പറഞ്ഞത് അയാളെന്നെ കണ്ടുമുട്ടാന്‍ എല്ലായ്‌പ്പോഴും താല്‍പര്യപെട്ടിരുന്നു എന്നും, അതിന് കാരണം എന്നെ കൊല്ലാനുള്ള ദേഷ്യമുള്ളതുകൊണ്ടാണ് എന്നുമായിരുന്നു. തീര്‍ച്ചയായും, അയാളത് തമാശരൂപേണ പറഞ്ഞതായിരിക്കും. പക്ഷേ, എനിക്ക് ശ്രദ്ധേയമായി തോന്നിയത് ഈ മാറ്റമാണ്. എന്നെ അനുമോദിക്കാനോ ആശ്ലേഷിക്കാനോ ഇന്നും തോന്നിയില്ലെങ്കിലും ഭാഗ്യത്തിന് അയാള്‍ക്ക് ഇനിയെന്നെ കൊല്ലണമെന്നില്ല എന്നതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. തീര്‍ച്ചയായും, മലയാളത്തിലെ സാഹിത്യജ്ഞാനികള്‍ ഇപ്പോള്‍ വിമര്‍ശം എന്നതിനെ ഒരു ടെക്സ്റ്റിനെ ആഘോഷിക്കുന്നതിനപ്പുറത്ത് ഒരു ജൈവികമായ സാഹിത്യപ്രവര്‍ത്തനമായി സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിമര്‍ശം എന്നത് കാലോചിതവുമായി മാറുകയും ടെക്സ്റ്റിനെ നിഷ്‌കരുണം സമീപിക്കാനുള്ള പൊട്ടന്‍ഷ്യല്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പുറംനാടുകളില്‍ ജീവിക്കുകയും എന്നാല്‍ മലയാള സാഹിത്യത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച് എഴുതുകയും ചെയ്യുന്ന മലയാളികള്‍ കുറെ കാലമായി അവഗണിക്കപ്പെട്ട പല കാര്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നുണ്ടെങ്കിലും ഫെമിനിസ്റ്റ്, ദലിത്, ന്യൂനപക്ഷ പരിപ്രേക്ഷ്യങ്ങളില്‍നിന്ന് എഴുതുന്നവര്‍, പ്രത്യേകിച്ച് മുസ്ലിംകളടക്കമുള്ള വൈവിധ്യമാര്‍ന്ന നിലപാടുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍, മലയാളി വിമര്‍ശനാവബോധത്തെ കൂടുതലായി ശക്തിപ്പെടുത്തുന്നുണ്ട്. എന്നാല്‍പോലും മുസ്ലിം പ്രശ്‌നം ഉന്നയിക്കുക എന്നത് ഇപ്പോഴും സ്വീകാര്യമായ കാര്യമല്ല എന്നത് സമ്മതിക്കേണ്ടിവരും. പക്ഷേ അതൊരു ആഗോളമാനമുള്ള പ്രശ്‌നംതന്നെയാണ്, അല്ലേ?

റിയലിസം എന്നത് സമീപകാലത്ത് കേരളത്തിലെ വിമര്‍ശമണ്ഡലത്തിലെ ഒരു പ്രശ്‌നക്കാരനാണ്. സാഹിത്യത്തിന് അതിന്റേതായ ഓട്ടോണമി ഉണ്ടെന്ന് വാദിക്കുന്നവര്‍ തന്നെ പലപ്പോഴും അതിനോടുള്ള വിമര്‍ശനത്തെ നേരിടുന്നത് ആ സൃഷ്ടിയെ തന്റെ സാമൂഹിക യാഥാര്‍ഥ്യത്തില്‍ പ്രതിഷ്ഠിച്ചാണ്. അഥവാ, പ്രതിനിധാന വിമര്‍ശത്തോട് പ്രശ്‌നമുള്ളവര്‍പോലും തന്റെ കഥ, കവിത എന്നതൊക്കെ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനമാണ് എന്ന് ഇത്തരം വിമര്‍ശങ്ങളുടെ സന്ദര്‍ഭത്തില്‍ അവകാശപ്പെടുന്നത് കാണാം.?

യഥാതഥാഖ്യാനം അല്ലെങ്കില്‍ റിയലിസം എന്നത് ഒരു പ്രത്യയശാസ്ത്രനിര്‍മ്മിതി ആണ് എന്ന് ഞാന്‍ നേരത്തെ പറഞ്ഞുകഴിഞ്ഞു. തീര്‍ച്ചയായും എഴുത്തുകാര്‍ എന്തൊക്കെ പറഞ്ഞാലും അവരുടെ സ്വന്തം സാമൂഹിക ഇടത്തുനിന്നുതന്നെയാണ് എഴുത്ത് രൂപപ്പെടുത്തുന്നത്. മാത്രമല്ല, യാഥാര്‍ത്ഥ്യത്തിന്റെ എല്ലാ മാനങ്ങളും ഒരാള്‍ക്ക് പ്രതിനിധാനം ചെയ്യാനും കഴിയില്ല. ചോദ്യം, എത്രമേല്‍ വിശാലതയുള്ളതാണ് അല്ലെങ്കില്‍ സങ്കുചിതമാണ് ആ സാമൂഹിക ഇടം എന്നതാണ്. സാഹിത്യം വസ്തുതകള്‍ ആവിഷ്‌ക്കരിക്കുന്നത് നുണകളിലൂടെ ആണെന്നു പറഞ്ഞത് കാമു ആണെന്ന് തോന്നുന്നു. എന്നാല്‍ ബിരിയാണിയെ മുന്‍നിര്‍ത്തി ആലോചിച്ചത്, സത്യമെന്ന് അവതരിപ്പിച്ച് നുണ പറയുകയാണെന്ന് വേണമെങ്കില്‍ പറയാം. എലിയറ്റിനെ ഉദ്ധരിക്കുകയാണെങ്കില്‍, ഒരാള്‍ എത്രമേല്‍ നല്ല വിമര്‍ശകനാണോ അയാള്‍ അത്രമേല്‍ നല്ല കലാകാരനായിരിക്കും. കൂടുതല്‍ വിശാലമായ വിമര്‍ശാവബോധം സര്‍ഗാത്മകതയെ തകര്‍ക്കുന്ന കാര്യമാണെന്ന് കരുതുന്ന ആളുകള്‍ ഒരുപക്ഷേ ലഭ്യമായ സാഹിത്യസമ്പ്രദായങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്യുന്നത് നിര്‍ത്തി കുറച്ചുകൂടി ഭേദമായ ഒരു സൗന്ദര്യബോധം വികസിപ്പിക്കേണ്ടിക്കിയിരിക്കുന്നു എന്നു പറയേണ്ടിവരും.

അന്‍സാരിയുടെ പ്രത്യേകത ഇത്തരം വായനകള്‍ മുസ്ലിം സാമൂഹിക ഇടത്തുനിന്നുതന്നെ ഉന്നയിച്ച ആളെന്നതാണ്. ഒരു പക്ഷേ കേരളത്തിലെ ഇടതുപക്ഷ ധൈഷണികലോകത്ത് നില്‍ക്കുന്ന ആളുകളടക്കം സമാനമായ വായനകള്‍ മുന്നോട്ട് വെച്ചു തുടങ്ങുന്ന ഈ കാലത്തും അതിന്റെ ഉത്തരവാദിത്തം അന്‍സാരി ഏല്‍ക്കേണ്ടിവരുന്നത് അന്‍സാരി ഒരു മുസ്ലിം ആണ് എന്നതുകൊണ്ടാകുമോ?

എന്റെ അതിവായന കുപ്രസിദ്ധമായതില്‍ വലിയ ക്രെഡിറ്റൊന്നും എന്തായാലും ഞാന്‍ അര്‍ഹിക്കുന്നില്ല. എന്റെ പ്രബന്ധം ഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ എന്‍.എസ് മാധവന്റെതന്നെ സാന്നിധ്യത്തില്‍ ഇംഗ്ലീഷിലാണ് അവതരിപ്പിക്കപ്പെട്ടത്. ആ സെഷനില്‍ അധ്യക്ഷനായിരുന്ന പി.ഗോവിന്ദപ്പിള്ള എന്റെ പ്രബന്ധത്തെ സദസ്സിന് പരിചയപ്പെടുത്തിയത് ഖസാക്കിന്റെ ഇതിഹാസത്തെ സംബന്ധിച്ച് എന്‍.എസ് മാധവന്‍തന്നെ സാമ്പത്തികശാസ്ത്പരമായി വിമര്‍ശിച്ചതിന് സമാനമെന്ന് വിശേഷിപ്പിച്ചാണ്. ഇംഗ്ലീഷിലെഴുതപ്പെട്ട ആ പ്രബന്ധത്തിന്റെ കോപ്പികള്‍ പിന്നീട് വ്യാപകമായി പങ്കുവെക്കപ്പെട്ടു. അങ്ങനെ എന്‍.എസ്.മാധവന്‍തന്നെ ഒരഭിമുഖത്തില്‍ അതിനെക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. അഭിമുഖത്തിന് ആഴ്ചകള്‍ക്കുശേഷം എന്റെതന്നെ ഒരു സഹപ്രവര്‍ത്തകന്‍ ഞാന്‍ തന്നെയാണോ മാധവന്‍ കമന്റു ചെയ്ത അന്‍സാരി എന്ന് ചോദിക്കുകയും അങ്ങനെ അതെന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ രീതി അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു. അദ്ദേഹം തന്നെ അത് പിന്നീട് സമ്മതിച്ചിട്ടുണ്ടല്ലോ. അങ്ങനെ പ്രബന്ധം വിവര്‍ത്തനം ചെയ്യുകയും പ്രസിദ്ധീകരണത്തിനയക്കുകയുമായിരുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ട പ്രശ്‌നവും എന്റെ പേരും തീര്‍ച്ചയായും ഈ സംഭവത്തില്‍ പങ്കുവഹിച്ചിട്ടുണ്ടാകാമെങ്കിലും യഥാര്‍ത്ഥത്തില്‍, എന്‍.എസ്.മാധവന് പുരോഗമനകാരികള്‍ക്കിടയിലും റാഡിക്കല്‍ എന്നു കരുതപ്പെടുന്നവര്‍ക്കിടയിലും ഉള്ള ജനകീയത തന്നെയാണ് ഈ സംഭവത്തിന് കാരണം. ഇത് കാണിക്കുന്നത് നേരത്തെതന്നെ ഇത്തരം വായനാരീതികളോട് ഒരു ആഭിമുഖ്യമുണ്ടായിരുന്നുവെന്നാണ.് കടുത്ത അവജ്ഞയും അസംതൃപ്തിയുമുള്ള ഓഡിയന്‍സാണ് അധികമെങ്കിലും ഇക്കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് ഏതായാലും സാഹിത്യമേന്മ, അതിന്റെ സംവരണമടക്കമുള്ള ചോദ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ മലയാളത്തിലെ സാഹിത്യബോധത്തെ കുറെയൊക്കെ മാറ്റിതീര്‍ത്തിയിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിച്ചതിന്റെയും ഗൈഡ് ചെയ്തതിന്റെയും അനുഭവത്തില്‍ എനിക്ക് തോന്നുന്നത് അത്തരത്തില്‍ താല്‍പര്യമുണര്‍ത്തുന്ന വര്‍ക്കുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും പ്രചരിക്കുന്നുണ്ടെന്നാണ്. എഴുത്തുകാരുടെയും വിമര്‍ശകരുടെയും സൗന്ദര്യശാസ്ത്ര നിര്‍മിതിയില്‍ പ്രസാധകര്‍ക്ക് ഇപ്പോഴും വ്യക്തമായ പിടിപാടുണ്ടെങ്കിലും ചെറുകിട പ്രസാധനമേഖലയിലും അതുപോലെ കേരള സ്‌കോളേഴ്‌സ്‌പോലുള്ള അക്കാദമിക് കൂട്ടായ്മകളിലും കൂടുതലായി ഇത്തരം സാധ്യത കാണാനുണ്ട്.

അന്‍സാരിയുടെ വിമര്‍ശത്തിന്റെ സവിശേഷമായ പശ്ചാത്തലമാണ് കേരളത്തില്‍ ശൈശവദശയിലെങ്കിലും പലയിടങ്ങളിലായി നിലനില്‍ക്കുന്ന മതേതരവിമര്‍ശവും ഉത്തര മതേതരത്വം എന്ന സങ്കല്‍പവും. മതേതരത്വം എന്നത് മോദിയുഗത്തിലെ ഹൈന്ദവതക്കെതിരെ എന്ന നിലയില്‍ ഏറ്റവും ജനകീയമായി ഉന്നയിക്കപ്പെടുന്ന ആശയമാണ്. ആ സവിശേഷമായ കാലത്തുതന്നെ ഒരു മതേതരമായ വിമര്‍ശം എന്ന നിലയില്‍കൂടിയാണ് മോദിക്കാലത്ത് ഈ വായനകള്‍ ഉന്നയിക്കപ്പെടുന്നത്. മതേതരത്വത്തോടുള്ള വിമര്‍ശം എന്ന അന്‍സാരിയുടെ നിലപാടും മതേതരത്വത്തിന്റെ ചട്ടക്കൂടില്‍നിന്നുള്ള ഈ വിമര്‍ശവും അടിസ്ഥാനപരമായി ഒരു വൈരുധ്യം പങ്കുവെക്കുന്നു എന്ന് തോന്നുന്നു?

ഈ ചോദ്യം ബുദ്ധിമുട്ടേറിയതെങ്കിലും പ്രധാനപ്പെട്ടതാണ്. മതേതര വിമര്‍ശനത്തെക്കുറിച്ച് സംസാരിച്ചത് എഡ്വേഡ് സൈദാണ്. യഥാര്‍ത്ഥത്തില്‍ സൈദ് ഉദ്ദേശിക്കുന്നത് എല്ലാ നല്ല വിമര്‍ശങ്ങളും അടിസ്ഥാനപരമായി മതേതരപരമാണ് എന്നാണ്. ഈ സാധ്യതയെ വികസിപ്പിക്കുകയാണെങ്കില്‍ നമുക്ക് എത്താനാവുക, മതേതരത്വത്തിന്റെ വിമര്‍ശമാണ് ഏറ്റവും മതേതരമായ കാര്യം എന്നതിലേക്കാണ്. നിങ്ങള്‍ തന്നെ ഈ പുതിയ വികാസങ്ങളെ സൂചിപ്പിക്കുന്നത് ഉത്തര മതേതരം (Post secular) എന്നാണ്, മതേതര നിഷേധം (Anti secular) എന്നല്ല. ശരിക്കും അവിടെയാണ് നിലനില്ക്കുന്ന സമ്പ്രദായങ്ങളും ആശയങ്ങളും ഉപയോഗിച്ച് നിലനില്‍ക്കുന്നതിന്റെ ആവര്‍ത്തനമോ അല്ലെങ്കില്‍ പകരംവെക്കലോ ആയ ആത്യന്തിക രീതികള്‍ക്കപ്പുറം നമുക്ക് പോകാനാവുക. എം.എസ്.എസ് പാണ്ഡ്യന്‍ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത്. മതേതരത്വം, സാമുദായികത എന്നീ സംവര്‍ഗങ്ങള്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ പ്രകാശിപ്പിക്കാന്‍ പ്രാപ്തമായവയല്ല, എന്നതുകൊണ്ടുതന്നെ അവയെ സര്‍ഗാത്മകമായി മലിനപ്പെടുത്തിക്കൊണ്ടിരിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അഥവാ മതേതരത്വം തന്നെ ഒരു പ്രച്ഛന്ന മതമായി മാറുമ്പോള്‍, സാമുദായികതയാകാം കൂടുതല്‍ മതേതരമെന്നത് വിരോധാഭാസമായിത്തോന്നാം. ജനാധിപത്യത്തിന് ആഴം കൂട്ടാന്‍ മതേതരത്വം അനിവാര്യമായേക്കാം. പക്ഷേ, അത് നിശ്ചിതമോ അടിച്ചേല്‍പിക്കേണ്ടതോ ആയ ഒന്നല്ല. മറിച്ച് അത് നമ്മള്‍ കൂടുതലായി ഉത്തരാധുനികവും ഉത്തരമതേതരവും പിന്നെ ഉത്തരദേശീയവുമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നിരന്തരം പുനര്‍നവീകരിക്കേണ്ട ഒന്നാണ്. ഇത്തരം ചട്ടക്കൂടുകള്‍ക്കതീതമായ യാഥാര്‍ത്ഥ്യങ്ങളെയാണ് പലപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ആന്റി നാഷണല്‍ എന്ന ആരോപണം ഉദാഹരണമാണ്. എന്നുവെച്ചാല്‍ മതേതരത്വം, ജനാധിപത്യം എന്നിവയൊന്നും സാര്‍വലൗകികമല്ല. മറിച്ച്, പശ്ചാത്തലത്തിനനുസരിച്ച് അവ വ്യത്യസ്ത നിര്‍വചനങ്ങള്‍ ആവശ്യപ്പെടുന്നു. ചിലപ്പോഴൊക്കെ ഞാന്‍ തമാശ രൂപേണ ക്ലാസില്‍ പറയാറുണ്ട്; ഇന്ത്യയാണ് ലോകത്തിലെ ഏക ജനാധിപത്യരാജ്യം, കാരണം ജനാധിപത്യം ഇവിടെ പ്രാവര്‍ത്തികമാകുന്നില്ല എന്നതുതന്നെ.

വിദ്യാര്‍ത്ഥികള്‍ തമാശയായി അത് ആസ്വദിക്കുന്നതിനിടയില്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നത്, എന്തെന്നാല്‍ ഇതാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മുഖമുദ്രയെന്നാണ്. ജനാധിപത്യത്തിന്റെ പേരില്‍ ജനാധിപത്യവിരുദ്ധത ആചരിക്കുന്നത് അതും ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന വ്യാജേന എങ്ങനെയാണെന്നതിന് നമ്മള്‍ കുറെകാലമായി സാക്ഷികളാണ്. ഒരുപക്ഷേ ജനാധിപത്യം എന്നത് നിര്‍ണിതം (being) എന്നതിനെക്കാള്‍ ആയിത്തീരല്‍ (becoming) ആണ് എന്ന് പറയാം. സമാനമായി മതേതരത്വം എന്നത് മുതലാളിത്ത സമ്മര്‍ദ്ദങ്ങളോടുള്ള നിരന്തരവിമര്‍ശത്തിലൂടെ കൂടുതല്‍ മതേതരമായി മാറേണ്ടതുണ്ട്. പഴയ വാചകങ്ങള്‍ ആവര്‍ത്തിച്ചാല്‍, വിമര്‍ശം എന്നത് ജീവിതരീതി തന്നെയാണ്, അതാകട്ടെ ജനാധിപത്യത്തെ കൂടുതല്‍ ജനാധിപത്യപരമാക്കുന്നു.

കേരളത്തില്‍ ഇപ്പോഴും മരിക്കാത്ത ഒരു വിഭാഗമാണ് എഴുത്തുകാരന്‍. വായനക്കാരന്‍ എന്നത് സ്വയംതന്നെ ഇപ്പോഴും കീഴാളമായ ഒരു കാറ്റഗറിയാണ്. കേരളത്തിലെ എഴുത്തുകാരനെ കൊല്ലാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തികളിലൊരാളെന്ന നിലയില്‍ പുതിയ തലമുറയില്‍ നടക്കുന്ന കൊലപാതക ശ്രമങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്? അഥവാ, മുസ്ലിം അല്ലെങ്കില്‍ സമുദായ രാഷ്ട്രീയ സങ്കല്‍പത്തിന്റെ ഭാഗമായി ഉയര്‍ത്തപ്പെടുന്നതിന് പകരം മതേതരവും പുതയൊരു കലാസാഹിത്യ വിമര്‍ശപദ്ധതിയും എന്ന നിലക്ക് ഈ കൊലപാതക ശ്രമങ്ങള്‍ക്ക് നവീനമായ സ്വീകാര്യത ലഭിക്കുന്നു എന്നതിനെ എങ്ങനെ കാണുന്നു?

വിമര്‍ശത്തോട് അത്ര വ്യാപകമായ ശത്രുത ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. നല്ല വിമര്‍ശം, നല്ല സര്‍ഗാത്മക രചനയോളം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഒരു രചനയിലെ കര്‍തൃധര്‍മ സാന്നിധ്യം (author function) എന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു കാര്യമായിരിക്കെ, അതെളുപ്പം ഇല്ലാതാവുമെന്ന് കരുതാനാവാത്തതുകൊണ്ടുതന്നെ എളുപ്പത്തിലൊരു കൊലപാതക ശ്രമം നടത്താനാവില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, പ്രധാനപ്പെട്ട കാര്യമെന്നത് ഈ ഫങ്ഷനിലെ മാറ്റങ്ങളെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ്, പ്രത്യേകിച്ച് വിര്‍ച്വല്‍ യാഥാര്‍ത്ഥ്യങ്ങള്‍ വര്‍ധിക്കുന്ന ഒരുസാഹചര്യത്തില്‍, വിമര്‍ശം ഇത്തിള്‍ക്കണ്ണിയുടെ സ്വഭാവത്തില്‍നിന്ന് മാറി മുഖ്യധാരാ സൗന്ദര്യശാസ്ത്രത്തെ മാറ്റിത്തീര്‍ക്കുംവിധം വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. എന്റെ പരിഗണനയും അതു തന്നെയാണ്. അങ്ങനെ നമ്മള്‍ ആദിവാസി, ലൈംഗിക ന്യൂനപക്ഷ, പരിപ്രേക്ഷ്യങ്ങളിലൂടെ വായനാവികാസം സാധ്യമാക്കുകയും ചെയ്യും.

പ്രതിനിധാന ചര്‍ച്ചകള്‍ക്കപ്പുറത്തേക്ക് കേരളത്തിലെ സാഹിത്യചര്‍ച്ചകള്‍ മുന്നോട്ട് പോകേണ്ടതല്ലേ. പ്രത്യേകിച്ച് ബഷീര്‍ അടക്കമുള്ള എഴുത്തുകാരെ പുതിയ രീതിയില്‍ മലയാള സാഹിത്യത്തില്‍ പുനര്‍വായന നടത്തിക്കൊണ്ട്?

തീര്‍ച്ചയായും ഞാന്‍ മുമ്പേ സൂചിപ്പിച്ചതുപോലെ അത്തരം വര്‍ക്കുകള്‍, കൂടുതലും ഇംഗ്ലീഷില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഒരു മുസ്ലിം പെര്‍സ്‌പെക്ടീവില്‍ നിന്ന് ബഷീര്‍, ഉറൂബ് തുടങ്ങിയ പ്രധാനപ്പെട്ട ഒരുപാടു പേരെ പഠിക്കേണ്ടതുണ്ട്. കേരളത്തിലെ പൊതുമണ്ഡലത്തില്‍ ആഘാതസാന്നിധ്യമായ അങ്ങനെ ഒരുപാട് സാമൂഹിക രാഷ്ട്രീയ വ്യക്തിത്വങ്ങള്‍തന്നെയുണ്ട്. അത്തരക്കാരെക്കുറിച്ച് പഠിക്കുന്നതിലെ തൊട്ടുകൂടായ്മ മാറിവരുന്നു എന്നത് നല്ലതുതന്നെ.

അന്‍സാരിയുടെ ‘ഇസ്ലാം ആന്‍ഡ് നാഷണലിസം’ എന്ന പുസ്തകം വന്നുകഴിഞ്ഞു. എം.ടി വാസുദേവന്‍ നായരുടെ വര്‍ക്കുകളെ സംബന്ധിച്ച പഠനമാണ് ഇനി വരാനിരിക്കുന്നത്?

മുകളില്‍ പരാമര്‍ശിക്കപ്പെട്ട പുസ്തകം നാലുകെട്ടിനെ സംബന്ധിച്ച പഠനം ഉള്‍ക്കൊള്ളുന്നുണ്ട്. അസുരവിത്ത് എന്ന നോവലിനെ സംബന്ധിച്ചും പുതിയ ആലോചനകള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, സമീപകാലത്തായി ഞാന്‍ കൂടുതലായി നോക്കാന്‍ ശ്രമിക്കുന്നത് തകഴി, ബഷീര്‍, ദേവ് എന്നീ പുരോഗമന സാഹിത്യത്രയത്തെയാണ്.

കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്തെ ഏറ്റവും കത്തി നില്‍ക്കുന്ന പ്രശ്‌നമണ് രോഹിത് വെമുലയും ഹൈദരാബാദ് സര്‍വകലാശാലയും?

രോഹിത് വെമുലയെ പരാമര്‍ശിക്കാത്ത ഏതൊരു സംഭാഷണവും അപൂര്‍ണമാകും. രോഹിത് അടക്കമുള്ള നമ്മുടെ അഞ്ചു വിദ്യാര്‍ത്ഥികള്‍ അഭയം കണ്ടെത്തേണ്ടിവന്ന ‘വെളിവാടയി’ലെ സന്ദര്‍ശനം പല കാരണങ്ങളാല്‍ നീട്ടിവെക്കേണ്ടിവന്നതില്‍ ഇപ്പോഴും ഖേദമുണ്ട്. പക്ഷേ, ആരും സ്വപ്നത്തില്‍ പോലും ഇങ്ങനെ ഒരു വഴിത്തിരിവ് (രോഹിതിന്റെ ആത്മഹത്യ) സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നീതിക്കുവേണ്ടി നടക്കുന്ന സമരം അത്തരം സംഭവങ്ങളെ തടയുന്ന രീതിയില്‍ വികസിക്കുമെന്ന് കരുതാം. ഫ്രാന്‍സില്‍ മുമ്പ് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം പോസ്റ്റ് സ്ട്രക്ചറല്‍ ചിന്തകള്‍ക്ക് വിത്തുപാകിയതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സമാനമായി എച്ച്.സി.യുവിലും ജെ.എന്‍.യുവിലും നടക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ ഭാവിയില്‍ പുതിയ ഒരു ഘട്ടത്തെ വിളംബരം ചെയ്യുന്നുണ്ട്.

Top