മനുഷ്യസംഗമത്തില്‍ നിന്നും മുസ്ലീം സംഘടനകള്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണ്?

കേരളത്തില്‍ മനുഷ്യരെക്കുറിച്ചുള്ള സംവാദങ്ങള്‍ ജാതിയുമായും ആധുനികതയുമായും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. പൊയ്കയില്‍ അപ്പച്ചനും ശ്രീനാരായണ ഗുരുവും മനുഷ്യരെ ജാതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു പ്രശ്‌ന മണ്ഡലത്തിന് പുറത്തു നിര്‍ത്തി ഫാഷിസത്തെ രാഷ്ട്രീയ പ്രശ്‌നമണ്ഡലത്തില്‍ കൊണ്ടുവരുമ്പോള്‍, മനുഷ്യന്‍ എന്ന സങ്കല്പ്പത്തിന് കേരളത്തിലെ ജാതിയും സമുദായവും മതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന അധീശസാംസ്‌ക്കാരിക അര്‍ത്ഥങ്ങളെ ചേദ്യംചെയ്യാന്‍ ശേഷിയുണ്ടോ എന്ന അന്വേഷണം പ്രസക്തമാണ്. അഥവാ, കേരളത്തിലെ അതീശ മനുഷ്യസങ്കല്പത്തെ അങ്ങനെതന്നെ പിന്‍പറ്റുന്നതല്ലാതെ അതിനെ ഏത് തരത്തില്‍ പരിക്കേല്പ്പിക്കാനാണ് ഈ ഫാഷിസ്റ്റ് വിരുദ്ധ മനുഷ്യര്‍ ശ്രമിക്കുന്നത് എന്ന മൗലിക അന്വേഷണം, മനുഷ്യരെ സംബന്ധിച്ച റൊമാന്‍സില്‍ അഭിരമിക്കുന്നവര്‍ക്ക് സാധിക്കാതായിരിക്കുന്നതാണ് ഈ പരിപാടിയുടെ പ്രശ്‌നം .

കേരളത്തിലെ മതേതരത്വത്തിന്റെ പരിവര്‍ത്തനങ്ങള്‍ രസകരമായ ഒരു പഠനത്തിന് വിധേയമാക്കാവുന്ന ഒരു കാര്യമാണ്. മതത്തെ പാടേ തള്ളിക്കളയുന്ന ഒരു കാഴ്ചപ്പാടില്‍ നിന്ന്, മുസ്ലീം അവകാശ രാഷ്ട്രീയം ശക്തമായ ഒരു ഘട്ടത്തില്‍ അതിനെ മറ്റുരീതിയില്‍ സാംശീകരിച്ച് ഇന്‍ക്ലൂസിവിറ്റി പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ആ മാറ്റം. മുമ്പ് ഖുര്‍ആന്‍ അടക്കമുള്ള ഇസ്ലാമിക ഘടകങ്ങളെ തീര്‍ത്തും ഓറിയന്റലിസ്റ്റ് വിജ്ഞാനം ഉപയോഗിച്ചു തള്ളിക്കളഞ്ഞ ഒരു ഘട്ടമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതിന്റെ വ്യാഖ്യാന പാരമ്പര്യം ആണ് പ്രശ്‌നം എന്ന് വന്നിരിക്കുന്നു. യൂറോപ്യന്‍ ലിംഗരാഷ്ട്രീയത്തിന്റെ വിശകലന സാമഗ്രികള്‍ ഉപയോഗിച്ച് ഇസ്ലാമിന്റെ വ്യാഖ്യാനപാരമ്പര്യത്തെ തള്ളുക എന്നത് ഇസ്ലാമിക ടെസ്റ്റുകളെ ഓറിയന്റിലിസ്റ്റുകള്‍ മുമ്പു സമീപിച്ച രീതികളെ പലപ്പോഴും ഓര്‍മ്മിപ്പിക്കുകയാണ്. അതിലൈംഗികനും വയലന്റുമായ മുസ്ലീം പുരുഷനാണ് ഈ സമീപനത്തിന്റെ റോ മെറ്റീരിയലുകള്‍. ഈ ഘട്ടത്തെ സംബന്ധിച്ച് മാത്രം എഴുതുക എന്നത് വേറൊരു പഠന പ്രൊജക്ടായി തന്നെ കാണേണ്ടതുള്ളതുകൊണ്ട് അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
അപ്പോള്‍, ഈ പ്രതിസന്ധിയെ തിരിച്ചറിയാനോ അഡ്രസ്സ് ചെയ്യാനോ ശേഷിയില്ലാത്ത സന്ദര്‍ഭത്തില്‍, മതേതരമണ്ഡലത്തില്‍ പലതരം യൂണിവേഴ്‌സല്‍ കാറ്റഗറികള്‍ പുനരാനയിക്കപ്പെടുന്നു. സമുദായങ്ങളുടെ അവകാശരാഷ്ട്രീയങ്ങളുടെ ഒരു തുടര്‍ച്ച ഒരു വശത്തും മതേതരത്വത്തിന്റെ സാര്‍വ്വലൗകികത മറുവശത്തും കിടക്കുന്ന ഒരു പ്രതിസന്ധിയാണത്. വേറൊരു തരത്തില്‍ സമുദായം, സ്വത്വം എന്നിവ കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മതേതരത്വം എന്ന സങ്കല്‍പ്പനത്തിന്റെ സാര്‍വ്വലൗകികതയെ ചോദ്യം ചെയ്യുന്നു എന്നര്‍ത്ഥം. ഇങ്ങനെ മതേതരത്വം അതിന്റെ എക്സ്ലുസീവ് നേച്ചര്‍ തുറന്ന് കാണിക്കപ്പെടുമ്പോള്‍ സ്വത്വം മേതേതര രാഷ്ട്രീയത്തിന്റെ ഉപാധിയായി പുനര്‍നിര്‍മ്മിക്കപ്പെടുകയും രാഷ്ട്രീയ അവകാശസമരത്തിന്റെ ഭാഗമായി അത് സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് മതേതരത്വത്തോട് കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്നവരോട് നിങ്ങളൊക്കെ ‘സ്വത്വവാദികളാണ്’ എന്ന് ഡിസ്മിസ്സ് ചെയ്യുകയും അതേ ശ്വാസത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ചും അവകാശനിഷേധത്തെക്കുറിച്ചും സ്വന്തം സ്വത്വത്തെ തന്നെ മുന്‍നിര്‍ത്തി സംസാരിക്കുകയും ചെയ്യുന്നത്.
കേരളത്തിലെ ദലിത്, മുസ്ലീം സാമുദായിക രാഷ്ട്രീയം ഇവിടത്തെ മതേതര രാഷ്ട്രീയ മണ്ഡലത്തിലുയര്‍ത്തിയ വലിയൊരു വെല്ലുവിളിയുടെ പ്രതിഫലനം കൂടിയാണ് ഈ പ്രതിസന്ധി. ഇതിനെ മറികടക്കുന്നതാണ് രസകരം. മതേതര മണ്ഡലത്തില്‍ നിലനിന്നുകൊണ്ട് സ്വത്വം പറയുന്നവര്‍ ‘സ്വത്വവാദികള്‍’ എന്ന ഇനിയും നിര്‍വ്വചിച്ചിട്ടു പോലുമില്ലാത്ത ഒരു അപരവിഭാഗത്തെ തങ്ങളുടെ റെട്ടറിക് കൊണ്ട് രൂപീകരിക്കുന്നു. അങ്ങനെ മതേതരത്വത്തിന്റെ അധീശപരവും എക്‌സ്‌ക്ലുസീവുമായ സ്വഭാവം അത് നിലനിര്‍ത്തുന്നു. കേരളത്തില്‍ ഒരിക്കലും ‘സ്വത്വവാദികളായിരുന്നിട്ടില്ലാത്ത’ ചുരുങ്ങിയ പക്ഷം അങ്ങനെ വിളിക്കപ്പെടുക പോലും ചെയ്തിരുന്നിട്ടില്ലാത്ത മുസ്ലീം മത-രാഷ്ട്രീയ സംഘടനകളാണ് ഈ റെട്ടറികിലെ പുതിയ പ്രശ്‌നക്കാരായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതിന് കാരണമായിട്ടുള്ള സമകാലീക വ്യവഹാരങ്ങളെകൂടി നമ്മള്‍ പരിശോധിക്കണം.
എറണാകുളത്ത് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമവുമായി ബന്ധപ്പെട്ട സംവാദങ്ങളാണ് ഈ അര്‍ത്ഥത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യ സംഗമം എന്ന പേരില്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. മനുഷ്യന്‍ എന്നതിനെ യൂണിവേഴ്‌സല്‍ കാറ്റഗറിയായും ഖുര്‍ആനിക് കാറ്റഗറി ആയുമൊക്കെയുളള വ്യാഖ്യാനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ സമകാലീക വ്യവഹാരത്തിനകത്ത് ഈ പദം ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രീയപരമായ പ്രശ്‌നങ്ങളെ ഈ വ്യാഖ്യാനങ്ങള്‍ അഭിസംബോധന ചെയ്യുന്നുമില്ല. രാഷ്ട്രീയചരിത്രത്തിന്റെ പല ഇടങ്ങളിലും അധീശവിഭാഗമായിരിക്കും യൂണിവേഴ്‌സല്‍ കാറ്റഗറികളെ നിര്‍വ്വചിക്കുക. പതിനെട്ടാം നൂറ്റാണ്ടിലുല്‍പാദിപ്പിക്കപ്പെട്ട മനുഷ്യന്‍ എന്ന സങ്കല്‍പത്തെ സെക്യുലറായ വ്യവഹാരങ്ങള്‍ക്ക് പുറത്ത് നിന്ന് അപനിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ വിരളമായിരുന്നു. ഫൂക്കോ മനുഷ്യനെ അല്ല, ‘സാര്‍വ്വലൗകിക മനുഷ്യനെ’ ആണ് പ്രശ്‌നവല്‍ക്കരിച്ചത്. മനുഷ്യനെ തന്നെ ചെറുയൂണിറ്റുകളുടെ യാഥാര്‍ത്ഥ്യമായി കാണാനായിരുന്നു ഫൂക്കോ ശ്രമിച്ചതെങ്കില്‍ ഫാനന്‍ വംശീയതയെ മുന്‍നിര്‍ത്തി ആണ് പ്രസ്തുത സങ്കല്‍പത്തെ പ്രശ്‌നവല്‍ക്കരിച്ചത്. മനുഷ്യനെക്കുറിച്ചുള്ള സംവാദങ്ങള്‍ യൂറോപ്യന്‍ ഇടങ്ങളില്‍ നടക്കുന്ന ഘട്ടത്തില്‍ അതിനെ യൂറോപ്പിനു പുറത്ത് കൊളോണിയല്‍ സന്ദര്‍ഭത്തിലേക്ക് മാറ്റി പ്രതിഷ്ഠി്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫാനന്‍ ചെയ്യുന്നത്. ഫാനന്‍ പറയുന്നത് മൂന്നാം ലോക രാജ്യത്ത് നിന്ന് ഹ്യൂമനിസത്തിന് പുതിയൊരു ചരിത്രം തുടങ്ങേണ്ടതുണ്ട് എന്നാണ്. അഥവാ, കൊളോണിയല്‍ ഭൂതകാലത്ത് നിന്ന് ഊര്‍ജം നേടിയ മറ്റൊരു മനുഷ്യന്‍. അപ്പോള്‍ പതിനെറ്റാണ്ടാം നൂറ്റാണ്ടിലെ കൊളോണിയല്‍ മനുഷ്യന്‍ ആണ് ഫാനന്റെ ഉന്നം എന്ന് മനസിലാകും. ”മനുഷ്യസംഗമം” എന്ന കേരളത്തില്‍ മനുഷ്യരെക്കുറിച്ചുള്ള സംവാദങ്ങള്‍ ജാതിയുമായും ആധുനികതയുമായും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. പൊയ്കയില്‍ അപ്പച്ചനും ശ്രീനാരായണ ഗുരുവും മനുഷ്യരെ ജാതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്.

____________________________________
മുസ്ലീം പ്രശ്‌നം ദലിത് പ്രശ്‌നത്തെ അപേക്ഷിച്ച് വ്യക്തമായ മതസാന്നിധ്യമുള്ള പ്രശ്‌നമാണ്. ദലിത് കര്‍തൃത്വം ഹിന്ദു മതസങ്കല്‍പത്തിന്റെ പൂര്‍ണ്ണമായ നിഷേധത്തെ അടിസ്ഥാനപ്പെടുത്തുന്നു എങ്കില്‍ മുസ്ലീം കര്‍തൃത്വം ഇസ്ലാമിന്റെ കൂടുതല്‍ മികച്ച വീണ്ടെടുക്കലില്‍ (reaffirmation) അടിസ്ഥാനപ്പെടുത്തുന്നു എന്നത് ഒരു വ്യത്യാസമാണ്. മതഭ്രാന്തര്‍, വര്‍ഗ്ഗീയവാദി തുടങ്ങിയ കൊളോണിയല്‍, ദേശരാഷ്ട്ര വ്യവഹാരങ്ങള്‍ നിര്‍മ്മിച്ച് പാറ്റേണുകള്‍ക്കകത്ത് മുസ്ലീം കര്‍തൃത്വത്തെ അതുകൊണ്ടുതന്നെ എളുപ്പം കുരുക്കിയിടാന്‍ സാധിക്കും. ഉദാഹരണം പറഞ്ഞാല്‍, മുസ്ലീം വയലന്‍സ് എന്നത് ഈ മോഹഭംഗം മറികടക്കാന്‍ ഇടതു മതേതരര്‍ കൂടുതല്‍ ഉപയോഗിക്കുന്ന കാര്യമാണ്. കേരളത്തില്‍ ഒരു മുസ്ലീം വിരുദ്ധ ഹിംസ സംഭവിച്ചാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്ന മുസ്ലീം ഗ്രൂപ്പുകളെക്കുറിച്ച് ഭയം ജനിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് കേരളത്തിന് (അല്ലെങ്കില്‍ ഇന്ത്യയുടെ) പുറത്തുള്ള ഹിംസകളുടെ ഒരു വലിയ നറേറ്റീവ് ഉടനെ രൂപപ്പെടുത്തുക എന്നത്. 
____________________________________ 

ഇത്തരമൊരു പ്രശ്‌ന മണ്ഡലത്തിന് പുറത്തു നിര്‍ത്തി ഫാഷിസത്തെ രാഷ്ട്രീയ പ്രശ്‌നമണ്ഡലത്തില്‍ കൊണ്ടുവരുമ്പോള്‍, മനുഷ്യന്‍ എന്ന സങ്കല്പ്പത്തിന് കേരളത്തിലെ ജാതിയും സമുദായവും മതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന അധീശസാംസ്‌ക്കാരിക അര്‍ത്ഥങ്ങളെ ചേദ്യംചെയ്യാന്‍ ശേഷിയുണ്ടോ എന്ന അന്വേഷണം പ്രസക്തമാണ്. അഥവാ, കേരളത്തിലെ അതീശ മനുഷ്യസങ്കല്പത്തെ അങ്ങനെതന്നെ പിന്‍പറ്റുന്നതല്ലാതെ അതിനെ ഏത് തരത്തില്‍ പരിക്കേല്പ്പിക്കാനാണ് ഈ ഫാഷിസ്റ്റ് വിരുദ്ധ മനുഷ്യര്‍ ശ്രമിക്കുന്നത് എന്ന മൗലിക അന്വേഷണം, മനുഷ്യരെ സംബന്ധിച്ച റൊമാന്‍സില്‍ അഭിരമിക്കുന്നവര്‍ക്ക് സാധിക്കാതായിരിക്കുന്നതാണ് ഈ പരിപാടിയുടെ പ്രശ്‌നം .
‘മനുഷ്യ സംഗമം’ people against fascism എന്നതാണ് പ്രസ്തുത സംഗമത്തിന്റെ പ്രധാനപ്പെട്ട കാപ്ഷന്‍. ശ്രദ്ധിക്കേണ്ട കാര്യം, വരുന്നവരുടെ ഫോട്ടോ വെച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിലുള്ളത് മനുഷ്യരായി പങ്കെടുക്കുന്നു എന്നതാണ് . ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്ന കാപ്ഷനാണത്. പ്രമുഖ ആദിവാസി നേതാവ് സി. കെ ജാനു, ദലിത് ആക്റ്റിവിസ്റ്റ് സണ്ണി കപിക്കാട്, ദലിത് സ്ത്രീപക്ഷ ബുദ്ധിജീവി രേഖാരാജ് തുടങ്ങിയവരുടെ ചിത്രങ്ങള്‍വെച്ച് ‘മനുഷ്യരായി’ പങ്കെടുക്കുന്നു എന്നാണ് പോസ്റ്റര്‍. സമാനമായി ആണ് മേല്‍ജാതിക്കാരും പലതരം ജാതീയ സൗജന്യങ്ങള്‍ അനുഭവിക്കുന്ന ആളുകളും മനുഷ്യരായി വരുന്നു എന്ന് പോസ്റ്ററുകളില്‍ കാണുന്നത്. സത്യത്തില്‍ കേരളത്തില്‍ അങ്ങനെ അധികാരപരമായി പല അറ്റങ്ങളില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ഒരുപോലെ മനുഷ്യരായി വരാന്‍ പറ്റും എന്നുപറയുന്നത് സാമൂഹികാധികാരത്തിലെ ജാതിമത ഹിംസകളെ എളുപ്പം മറക്കുകയാണ് ചെയ്യുന്നത്. സ്വത്വങ്ങള്‍ എന്നതല്ല, ദലിത്, ആദിവാസി, മുസ്ലിം സ്വത്വങ്ങള്‍ ആണ് എല്ലായ്‌പ്പോഴും അധീശവ്യവഹാരത്തില്‍ മനുഷ്യര്‍ എന്ന സംവര്‍ഗ്ഗത്തിന് പുറത്ത് നില്‍ക്കുന്നത്. ഈ സാമൂഹിക ഗണങ്ങള്‍ ഒന്നുകില്‍ മനുഷ്യരായി തീര്‍ന്നിട്ടില്ലാത്തവരോ അല്ലെങ്കില്‍ എക്‌സസ് ആയ വിഭാഗങ്ങളോ ആയി ആണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. മേല്‍ജാതി സ്വത്വങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് ഈ സംവര്‍ഗ്ഗത്തിനകത്ത് നിര്‍ത്തപ്പെട്ടുകൊണ്ടാണ്. പുലയന്‍ എന്നോ പറയന്‍ എന്നോ പേരിനൊപ്പം ചേര്‍ത്താല്‍ കിട്ടാത്ത അധീശത്വം നായര്‍ എനന് പേര് ചേര്‍ത്താല്‍ എളുപ്പം നിലനില്‍ക്കുന്ന ഒരു സാമൂഹിക ഇടത്തിലാണ് മനുഷ്യര്‍ ആകുന്നതില്‍ ഒരേ സമയം ഉള്ള പ്രവിലേജുകളെയും അധികാരനിഷേധങ്ങളെയും പൂര്‍ണ്ണമായും മറച്ചുവെക്കുന്ന ഇത്തരമൊരു ഹിംസാത്മക വ്യവഹാരം രൂപപ്പെടുന്നത്.
എ.എസ് അജിതകുമാര്‍ ചൂണ്ടിക്കാണിക്കുന്ന പോലെ മനുഷ്യന്‍ എന്ന സംവര്‍ഗ്ഗം മലയാളി എന്ന ജാതീയ സങ്കല്‍പത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആ അധീശത്വത്തിനകത്ത് നില്ക്കുന്ന വ്യവഹാരമായതുകൊണ്ടാണ് ബ്രാഹ്മണിസം എന്ന ചരിത്രപരവും ഫാഷിസത്തേക്കാള്‍ ഹിംസാത്മകവുമായ അധികാരമുഖത്തേക്ക് സമരം ചെയ്യാന്‍ ഇവര്‍ക്ക് കഴിയാതിരിക്കുന്നത്.
മുസ്ലീം പുരുഷ മേധാവിത്വമെന്ന നിര്‍മ്മിതിയെ മുന്‍നിര്‍ത്തി ഫാഷിസം ആരോപിക്കുക എന്ന ഏര്‍പ്പാടാണ് മനുഷ്യ സംഗമത്തിലെ ഏറ്റവും രസം പിടിപ്പിക്കുന്ന ഇനം. ചിത്രലേഖ അടക്കമുള്ള ദലിത് സ്ത്രീകളുടെ രാഷ്ട്രീയ അവകാശവും ദൈനംദിന ജീവിതവും നിരന്തരം മുള്‍മുനയിലാക്കിക്കൊണ്ടിരിക്കുന്ന ഇടത് പുരുഷനു ഈ മനുഷ്യ സംഗമത്തില്‍ ഇടമുണ്ട്. അപ്പോള്‍ മുസ്ലീം പുരുഷന്‍ മാത്രമാണ് കേരളത്തിലെ പുരുഷാധിപത്യത്തിന്റെ മൂര്‍ത്തീഭാവം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ (തെരുവില്‍ കണ്ടാല്‍ പേടിക്കേണ്ട) മുസ്ലീം രാഷ്ട്രീയം പറയുന്ന മുസ്ലീം പുരുഷനെ പേടിച്ച് നടത്തുന്ന സംഗമമാണ് എറണാകുളത്തെ മനുഷ്യ സംഗമം, എന്ന് ഒരാള്‍ ഇതിനെ ചുരുക്കി വായിച്ചാല്‍ അത് അത്രയും ചുരുങ്ങിയ ഒന്നല്ലന്ന് പറയുന്നതില്‍ വലിയ അസാംഗത്യമില്ലെന്ന് കാണാം.

_________________________________
പുലയന്‍ എന്നോ പറയന്‍ എന്നോ പേരിനൊപ്പം ചേര്‍ത്താല്‍ കിട്ടാത്ത അധീശത്വം നായര്‍ എനന് പേര് ചേര്‍ത്താല്‍ എളുപ്പം നിലനില്‍ക്കുന്ന ഒരു സാമൂഹിക ഇടത്തിലാണ് മനുഷ്യര്‍ ആകുന്നതില്‍ ഒരേ സമയം ഉള്ള പ്രവിലേജുകളെയും അധികാരനിഷേധങ്ങളെയും പൂര്‍ണ്ണമായും മറച്ചുവെക്കുന്ന ഇത്തരമൊരു ഹിംസാത്മക വ്യവഹാരം രൂപപ്പെടുന്നത്.
എ.എസ് അജിതകുമാര്‍ ചൂണ്ടിക്കാണിക്കുന്ന പോലെ മനുഷ്യന്‍ എന്ന സംവര്‍ഗ്ഗം മലയാളി എന്ന ജാതീയ സങ്കല്‍പത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആ അധീശത്വത്തിനകത്ത് നില്ക്കുന്ന വ്യവഹാരമായതുകൊണ്ടാണ് ബ്രാഹ്മണിസം എന്ന ചരിത്രപരവും ഫാഷിസത്തേക്കാള്‍ ഹിംസാത്മകവുമായ അധികാരമുഖത്തേക്ക് സമരം ചെയ്യാന്‍ ഇവര്‍ക്ക് കഴിയാതിരിക്കുന്നത്.
_________________________________ 

സമുദായ രാഷ്ട്രീയ കര്‍തൃത്വ രൂപീകരണം എന്നത് പ്രാഥമികമായും ഇടതുരാഷ്ട്രീയ സങ്കല്പ്പനങ്ങളില്‍ നിന്ന് വിരുദ്ധമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന് ജാതിയും മതവുമൊക്കെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ രൂപീകരണങ്ങളോട് ഒരുതരം ലക്കാനിയന്‍ മോഹഭംഗം ഉണ്ട്. ഈ ലാക്കിനെ മറികടക്കാനുള്ള സഹാതാപാര്‍ഹമായ ശ്രമമാണ് ഇടതുരാഷ്ട്രീയ വിശ്വാസം പുലര്‍ത്തുന്നവര്‍ സൃഷ്ടിക്കുന്ന പുതിയ ലിബറല്‍ ഇടതു രാഷ്ട്രീയം. ‘സ്വത്വം’ ലിബറല്‍ രാഷ്ട്രീയ യൂണീറ്റ് ആവുകയും എന്നാല്‍ തങ്ങളുടെ മതേതര അധീശത്വത്തെ ഒരു നിലക്കും ഉപേക്ഷിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതില്‍ നിന്ന് ഈ മോഹഭംഗം വ്യക്തമാകും. ക്ലാസ് എന്നതിലെ ‘ ലാക്’ ആയി ഐഡന്റിറ്റി (പ്രാധാനമായും ജാതി) കരുതപ്പെടുകയും ആ ലാക് മറികടക്കാനുള്ള ഒരു അഭിവാജ്ഞ (desire) വര്‍ഗ്ഗവ്യവഹാരത്തില്‍ ശക്തമാകുകയും ചെയ്യുന്നു. ആ മോഹഭംഗത്തെ മറികടക്കുന്ന രീതികളാണ് രസകരം. ഉദാഹരണത്തിന് ദലിത് രാഷ്ട്രീയ കര്‍തൃത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ കേവലം പ്രതിനിധാനത്തിന്റെ പ്രശ്‌നമായി ചുരുക്കിക്കളയുക എന്നതാണ് ഒന്ന്. വര്‍ഗ്ഗത്തിനകത്ത് ജാതിക്ക് പ്രാതിനിധ്യം ലഭ്യമാകുന്നതിലൂടെ പരിഹരിക്കാവുന്ന, പി.ബിയില്‍ ദലിത് പ്രാധിനിധ്യം വരുന്നതിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമായി ദലിത് കര്‍തൃത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ കാണുക എന്നത്. ഇത് ഇന്ത്യയിലെ സവിശേഷമായ ഒരു സാമൂഹിക ഘടനയെക്കുറിച്ചുള്ള മൗലികമായ ചോദ്യമായി കാണാന്‍ തയാറാകാതിരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന കാര്യമാണ്.
മുസ്ലീം പ്രശ്‌നം ദലിത് പ്രശ്‌നത്തെ അപേക്ഷിച്ച് വ്യക്തമായ മതസാന്നിധ്യമുള്ള പ്രശ്‌നമാണ്. ദലിത് കര്‍തൃത്വം ഹിന്ദു മതസങ്കല്‍പത്തിന്റെ പൂര്‍ണ്ണമായ നിഷേധത്തെ അടിസ്ഥാനപ്പെടുത്തുന്നു എങ്കില്‍ മുസ്ലീം കര്‍തൃത്വം ഇസ്ലാമിന്റെ കൂടുതല്‍ മികച്ച വീണ്ടെടുക്കലില്‍ (reaffirmation) അടിസ്ഥാനപ്പെടുത്തുന്നു എന്നത് ഒരു വ്യത്യാസമാണ്. മതഭ്രാന്തര്‍, വര്‍ഗ്ഗീയവാദി തുടങ്ങിയ കൊളോണിയല്‍, ദേശരാഷ്ട്ര വ്യവഹാരങ്ങള്‍ നിര്‍മ്മിച്ച് പാറ്റേണുകള്‍ക്കകത്ത് മുസ്ലീം കര്‍തൃത്വത്തെ അതുകൊണ്ടുതന്നെ എളുപ്പം കുരുക്കിയിടാന്‍ സാധിക്കും. ഉദാഹരണം പറഞ്ഞാല്‍, മുസ്ലീം വയലന്‍സ് എന്നത് ഈ മോഹഭംഗം മറികടക്കാന്‍ ഇടതു മതേതരര്‍ കൂടുതല്‍ ഉപയോഗിക്കുന്ന കാര്യമാണ്. കേരളത്തില്‍ ഒരു മുസ്ലീം വിരുദ്ധ ഹിംസ സംഭവിച്ചാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്ന മുസ്ലീം ഗ്രൂപ്പുകളെക്കുറിച്ച് ഭയം ജനിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് കേരളത്തിന് (അല്ലെങ്കില്‍ ഇന്ത്യയുടെ) പുറത്തുള്ള ഹിംസകളുടെ ഒരു വലിയ നറേറ്റീവ് ഉടനെ രൂപപ്പെടുത്തുക എന്നത്. മുമ്പ് അല്‍ഖാഇദ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഐസിസിനെ കേന്ദ്രീകരിച്ചാണ് ഈ നറേറ്റീവ് രൂപപ്പെടുന്നത്. അല്ലെങ്കില്‍ ബംഗ്ലാദേശിലെ പ്രശ്‌നം, അങ്ങനെ ഏതെങ്കിലും ഈ നറേറ്റീവാകട്ടെ, മുസ്ലീംകള്‍ ഇവിടെ ഉള്ളവരല്ല (പുറത്തുനിന്ന് വന്നവരാണ്, അല്ലെങ്കില്‍ ‘പുറം’വ്യവഹാരങ്ങള്‍ക്ക് ഉത്തരവാദികളായവരാണ്)എന്ന ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ അതേ തത്വം പിന്തുടരുന്നവരുമാണ്. കേരളത്തില്‍ അത്തരത്തിലുള്ള ആഖ്യാനങ്ങള്‍ക്ക് സാധ്യതക്കുറവായതിനാല്‍ പ്രവാചക നിന്ദയുടെ പിന്നാടിയായി സംഭവിച്ച കൈവെട്ട് കേസ് ഉള്ളതുകൊണ്ട് മുസ്ലീം രാഷ്ട്രീയഗ്രൂപ്പുകള്‍ രാഷ്ട്രീയം പറയുന്നത് എപ്പോഴും ഫാഷിസം ആയിപ്പോകും എന്ന മാനസികാവസ്ഥ ഇവിടത്തെ ഇടതു മതേതരബോധം ഉദ്പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു (വ്യവസ്താപിത ഇടതുപക്ഷത്തിന്റെയും സംഘ്പരിവാരിന്റെയും ഹിംസകളെ ‘രാഷ്ട്രീയപരമായി കാണുക എന്നത് തുടരുകയും). വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഉസ്താദ് മഅദനിയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇതുപോലെ തിരിച്ചുപയോഗിക്കപ്പെട്ട കാര്യമായിരുന്നു കളമശ്ശേരിയിലെ ബസ് കത്തിക്കല്‍. കേരളത്തിലങ്ങോളമിങ്ങോളം ഹിംസ നടത്തിയതിന്റെ ദീര്‍ഘചരിത്രമുള്ള ഇടതുപക്ഷ സംഘടനകളെ കുറച്ച് കാലത്തേക്ക് മറന്നുകൊണ്ട് ഉസ്താദിന്റെ ഭാര്യ ആയ സുഫിയാ മഅദനിയെ വേട്ടയാടുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ . ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണകാലം മുതല്‍ പലതരത്തിലുള്ള അപരത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിന്റെ പ്രതികരണങ്ങള്‍ക്ക് അങ്ങനെ മതേതരമായ പാറ്റേണ്‍ നിര്‍ണ്ണയിക്കപ്പെട്ടു എന്നത് (ഇവിടത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്ത മുസ്ലീംകള്‍ക്ക് മാത്രം ബാധകമായ പാറ്റേണ്‍) ആണ് ഇതില്‍ തെളിച്ചപ്പെടുന്നത്. ഈ പാറ്റേണ്‍ തകരുമെന്ന കടുത്ത ഭീതിപ്രചാരണമാണ് കേരളത്തിലെ മുസ്ലീം വര്‍ഗ്ഗീയത എന്ന ഇടതുമതേതര മിത്തിന്റെ അടിത്തറ. ഈ ഭീതിക്ക് മുസ്ലീം ലീഗടക്കമുള്ള എല്ലാ സംഘടനകളും കാലങ്ങളായി ഇരയായിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിസം എന്ന സങ്കല്പ്പത്തെ തന്നെ താത്വികമായി നിരാകരിക്കുന്ന (ഇസ്ലാമിസത്തെ പാക്കിസ്ഥാനിലെ ഇസ്ലാമിസ്റ്റുകളെക്കുറിച്ച് പഠിച്ച ഹുമൈറ ഇഖ്താദാര്‍ നിര്‍വചിച്ചിരിക്കുന്നത് ദേശരാഷ്ട്രത്തോടും ജനാധിപത്യത്തോടും പുരോഗമനപരമായും ക്രിയാത്മകമായും ഇടപെടാനുള്ള ഇസ്ലാമിക ശ്രമത്തിന്റെ ഭാഗമായി രൂപപ്പെട്ട സങ്കല്പ്പമെന്നാണ്, എന്നാലിവിടെ വ്യവഹരിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭീഷണി എന്ന നിലയിലും) ഇതര മുസ്ലീം ധൈഷണിക ശബ്ദങ്ങളേയും ഏകപക്ഷീയമായി ഇസ്ലാമിസ്റ്റുകള്‍എന്ന,അവരുടെ ശഷബ്ദത്തിലെ രാഷ്ട്രീയ അന്തര്‍ധാരകള്‍ മാത്രം കൊണ്ട് നിര്‍വ്വചിച്ചൊതുക്കുന്നത് മതേതരത്വത്തിന്റെ നിര്‍വ്വചാനാധീശത്വഹിംസ കൊണ്ടാണെന്ന് കാണാം.

__________________________________
ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണകാലം മുതല്‍ പലതരത്തിലുള്ള അപരത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിന്റെ പ്രതികരണങ്ങള്‍ക്ക് അങ്ങനെ മതേതരമായ പാറ്റേണ്‍ നിര്‍ണ്ണയിക്കപ്പെട്ടു എന്നത് (ഇവിടത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്ത മുസ്ലീംകള്‍ക്ക് മാത്രം ബാധകമായ പാറ്റേണ്‍) ആണ് ഇതില്‍ തെളിച്ചപ്പെടുന്നത്. ഈ പാറ്റേണ്‍ തകരുമെന്ന കടുത്ത ഭീതിപ്രചാരണമാണ് കേരളത്തിലെ മുസ്ലീം വര്‍ഗ്ഗീയത എന്ന ഇടതുമതേതര മിത്തിന്റെ അടിത്തറ. ഈ ഭീതിക്ക് മുസ്ലീം ലീഗടക്കമുള്ള എല്ലാ സംഘടനകളും കാലങ്ങളായി ഇരയായിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിസം എന്ന സങ്കല്പ്പത്തെ തന്നെ താത്വികമായി നിരാകരിക്കുന്ന (ഇസ്ലാമിസത്തെ പാക്കിസ്ഥാനിലെ ഇസ്ലാമിസ്റ്റുകളെക്കുറിച്ച് പഠിച്ച ഹുമൈറ ഇഖ്താദാര്‍ നിര്‍വചിച്ചിരിക്കുന്നത് ദേശരാഷ്ട്രത്തോടും ജനാധിപത്യത്തോടും പുരോഗമനപരമായും ക്രിയാത്മകമായും ഇടപെടാനുള്ള ഇസ്ലാമിക ശ്രമത്തിന്റെ ഭാഗമായി രൂപപ്പെട്ട സങ്കല്പ്പമെന്നാണ്, എന്നാലിവിടെ വ്യവഹരിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭീഷണി എന്ന നിലയിലും) ഇതര മുസ്ലീം ധൈഷണിക ശബ്ദങ്ങളേയും ഏകപക്ഷീയമായി ഇസ്ലാമിസ്റ്റുകള്‍എന്ന,അവരുടെ ശഷബ്ദത്തിലെ രാഷ്ട്രീയ അന്തര്‍ധാരകള്‍ മാത്രം കൊണ്ട് നിര്‍വ്വചിച്ചൊതുക്കുന്നത് മതേതരത്വത്തിന്റെ നിര്‍വ്വചാനാധീശത്വഹിംസ കൊണ്ടാണെന്ന് കാണാം.
__________________________________

ഹൈദരാബാദ് കേന്ദസര്‍വ്വകലാശാലയില്‍ ഇടതുവിരുദ്ധരാഷ്ട്രീയം സംസാരിക്കുന്ന മുസ്ലീം കുട്ടികളെയൊക്കെ എ സ്.ഐ.ഒ ക്കാര്‍ എന്ന് കോര്‍ണര്‍ ചെയ്യുന്നപോലെ. ഇതേ മുസ്ലീം ഭീതിയെ അട്ടിയിട്ടു കൂട്ടി അതിന്‍മേല്‍ രൂപപ്പെട്ട പരിപാടി ആണ് എറണാകുളത്ത് നടക്കുന്ന മനുഷ്യസംഗമം.
ഫാഷിസത്തെ സംബന്ധിച്ചുള്ള കേരളത്തിലെ ജനപ്രിയ വ്യവഹാരം എന്നത് അത് മത വര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുന്ന പദം എന്നതാണ്. ചരിത്രപരമായി ഫാഷിസത്തിന് മതവുമായി വലിയ ബന്ധമില്ലെന്ന് കാണാന്‍ സാധിക്കും. വംശവുമായാണ് അതിന് ബന്ധം. മതം എന്നത് വിശ്വാസവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഫാഷിസം എന്നതം വംശ/കുല പരമ്പരയുടെ അധീശത്വവുമായി ബന്ധപ്പെട്ടതാണ്. ആ അര്‍ത്ഥത്തില്‍ അത് മതവിരുദ്ധമാണ്. ഫാഷിസത്തിന്റെ മുഖമായി ഇവിടെ കാണിക്കപ്പെടുന്നത് മുസ്സോളിനി അല്ല, ഹിറ്റ്‌ലറാണ്. ഹിറ്റ്‌ലറുടെ നാസിസമാകട്ടെ ആന്റി സെമിറ്റിസം (സെമിറ്റിക് മതങ്ങള്‍ക്കെതിരെ) എന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ്. യൂറോപ്പിലെ ജനാധിപത്യ മതേതര രാഷ്ട്രീയവുമായി ആണ് അതിനു കൂടുതല്‍ ബന്ധം. എന്നാല്‍ കേരളീയ പൊതുമണ്ഡലത്തിലാകട്ടെ, മതവിരുദ്ധമായ ഈ ആശയത്തെ മതവുമായി സമീകരിക്കുന്ന ചരിത്രനിഷേധപരമായ അബദ്ധം ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാം. ഫാഷിസത്തിന് കൂടുതല്‍ സാമ്യം ജാതീയതയുമായിട്ടാകാം. പക്ഷെ അത്തരമൊരു വ്യവഹാരം ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ ബ്രാഹ്മണ ജ്ഞാമണ്ഡലത്തില്‍ തീര്‍ത്തും പ്രകോപനം സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് തന്നെ എളുപ്പം തള്ളിക്കളയപ്പെടുന്ന ഒന്നാണ്.
ഫാഷിസം എന്ന പ്രയോഗത്തിന്റെ രണ്ടാമത്തെ പ്രശ്‌നം അതിന്റെ അമൂര്‍ത്ത സ്വഭാവമാണ്. നിര്‍വ്വചിക്കാന്‍ കഴിയുന്നവര്‍ക്ക് (നിര്‍വ്വചനാധികാരം ഉള്ളത് മേല്‍ജാതിക്കാര്‍ക്കാണല്ലോ) സ്വന്തം ജ്ഞാന മണ്ഡലത്തില്‍ നിന്ന് എളുപ്പം നിര്‍വ്വചിക്കാവുന്ന പദപ്രയോഗമാണത്.അതില്‍, നിര്‍വ്വചിക്കാനുള്ള ജ്ഞാനാധികാര ങ്ങള്‍ക്കെല്ലാം പുറത്ത് നില്‍ക്കുന്ന മുസ്ലീകള്‍ ആണ് പ്രഥമമായി ഇരയാവുക എന്ന് പറയേണ്ടതില്ലല്ലോ. മര്‍ദ്ദക വ്യവസ്ഥയെ നിര്‍വ്വചിക്കാനുള്ള ജ്ഞാനപരമായ അവകാശത്തെത്തന്നെ മര്‍ദ്ദിതര്‍ക്ക് ഹനിച്ചുകളയുന്ന ബ്രാഹ്മണ ഇടതുവ്യവഹാരത്തിന്റെ ഹിംസയെക്കൂടിയാണ് ഫാഷിസം എന്ന പ്രയോഗം അടയാളപ്പെടുത്തുന്നത് എന്നത് തര്‍ക്കമറ്റ കാര്യമാകുന്നു. ഈ അര്‍ത്ഥത്തില്‍ അങ്ങേയറ്റം ഹിംസാത്മകമായ മണ്ണൊരുക്കലിലാണ് ‘മനുഷ്യസംഗമം’ സംഭവിക്കുന്നത്. ജമാഅത്ത ഇസ്ലാമി, എസ്.ഡി.പി.ഐ, മുസ്ലീം ലീഗ് തുടങ്ങിയ മുസ്ലീം സംഘടനകളെ മാറ്റിനിര്‍ത്തുന്നതിന് സംഘാടകര്‍ പറയുന്ന പ്രധാന പരിഹാരം മു സ്ലീങ്ങളായ വ്യക്തികള്‍ പങ്കെടുക്കുന്നുണ്ടല്ലോ എന്നതാണ്. അവരെ പങ്കെടുപ്പിക്കാത്തത് അവര്‍ ഹൈന്ദവ ഫാഷിസത്തെപ്പോലെ തന്നെ ഫാഷിസ്റ്റുകളാകാന്‍ സാധ്യത ഉള്ളവരെന്ന് മുദ്രകുത്തിയും ഈ രണ്ട് കാര്യത്തെയും സാമാന്യബോധമുപയോഗിച്ച് ഒന്ന് ചേര്‍ത്ത് വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. നിങ്ങള്‍ മുസ്ലീം അവകാശ രാഷ്ട്രീയത്തിന്റെ ഭാഗമായി ‘സംഘടിക്കരുത്’ വേണമെങ്കില്‍ വ്യക്തികളായി നിന്നോളൂ എന്നത് വാചകങ്ങള്‍ വിഘടിച്ചു പറയുന്നു എന്ന് മാത്രം. മുസ്ലീം ആധുനികതയുടെ (ആധുനികതയെ സംബന്ധിച്ച ഇസ്ലാമിക ജ്ഞാനസമീപനം അല്ല ഇവിടെ പിന്‍പറ്റുന്നത്) ചരിത്രത്തില്‍ സംഘടനകള്‍ എന്നത് അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്ന ഘടകം തന്നെയാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ അങ്ങനെ ആധുനികരല്ല (ആവേണ്ടതില്ല) എന്നാകുമോ മുസ്ലീം സംഘടനകളെ സംബന്ധിച്ച ഭീതിപ്രചാരണത്തിലൂടെ കേരളീയ മതേതരത്വം പറയുന്നത്? എന്തായാലും സംഘടനകളും മുസ്ലീം സമുദായവും എന്നത് പലതരം വിചിന്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന കാര്യമാണ്.
സംഘടനകള്‍ പലതരത്തിലുള്ള വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് സമുദായത്തിനുള്ളില്‍ നില്‍ക്കുന്നത്. എന്നാല്‍, ആധുനികതയുടെ ഒരു ഘട്ടത്തില്‍ മുസ്ലീം സമുദായത്തിന് മുന്നോട്ട് പോകാനുള്ള സാമഗ്രികള്‍ സംഘടനകളിലൂടെയാണ് ലഭ്യമായത് എന്നത് യാഥാര്‍ത്ഥ്യമാണ്. സമുദായത്തിനുള്ളിലെ മദ്രസാ പ്രസ്ഥാനങ്ങള്‍ മുതല്‍ സകാത്ത് സംരംഭവും മഹല്ല് സംവിധാനവുമടക്കം മുസ്ലീം സമുദായത്തെ ആധുനികതയുടെ ആശയാവലികളെ നേരിടാന്‍; പുതിയ രീതികളില്‍ ആധുനികതയെ ഉപയോഗിക്കാന്‍ (ഇവിടെ ആധുനികതയെ അതിന്റെ overarching ആയ രൂപത്തിലല്ല സമീപിക്കുന്നത്) സജ്ജമാക്കിയതിനെ നിഷേധിക്കാനാവില്ല. രാഷ്ട്രീയ പങ്കാളിത്തം, മാധ്യമപങ്കാളിത്തം, വിദ്യാഭ്യാസ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലൊക്കെത്തന്നെ വ്യത്യാസങ്ങളും പരസ്പര ആശയപ്പോരാട്ടങ്ങളും നിലനിര്‍ത്തിക്കൊണ്ട് മുസ്ലീം സമുദായത്തെ പര്യാപ്തമാക്കിയത് അതിനുള്ളിലെ സംഘടനാരൂപീകരണങ്ങളാണെന്ന കാര്യത്തില്‍ ഒരു വിധതര്‍ക്കത്തിനും ഇടമില്ല. മുസ്ലീം രാഷ്ട്രീയ അവകാശ സമരങ്ങളുടെ വേരുകളും അവിടെതന്നെയാണ് കിടക്കുന്നത്.
ഇന്ത്യന്‍ മുസ്ലീംകള്‍ സമുദായം എന്ന നിലയില്‍ ആത്മശാക്തീകരണത്തിന് പ്രാപ്തമായത് സമുദായത്തിന്റെ ചരിത്രത്തില്‍ സംഘടനകള്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ട്തന്നെയാണ്. മുസ്ലീംലീഗ് അതില്‍ പ്രഥമപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. സമുദായാതീതമാണ് എപ്പോഴും രാഷ്ട്രീയ സംഘ ടനകള്‍ എന്നു പറയുന്നത് ഒരു മിത്താണ്. കേരളത്തിലെ പൊതുമണ്ഡല രൂപീകരണം തന്നെ ഇങ്ങനെ വ്യത്യസ്തങ്ങളായ സമുദായങ്ങള്‍ തമ്മിലുള്ള അധികാരപരവും അവകാശ പരവുമായ പാരസ്പര്യങ്ങളുമായി ബന്ധപ്പെട്ട് മാത്രം രൂപം കൊണ്ടതാണ്. മതം, സമുദായം തുടങ്ങിയവയ്ക്ക് പുറത്തുനില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന ഇടതു സംഘടനകളും കേരളത്തിലുടനീളം നിലനിന്നു പോരുന്നത് വ്യത്യസ്തങ്ങളായ സമുദായങ്ങളുടെ ബലതന്ത്രങ്ങളെ ആശ്രയിച്ചുതന്നെയാണ്. മതം വിഭാഗീയമാണ് എന്ന് പറയുന്ന സി.പി. എം. കോഴിക്കോട് വെച്ച് നടന്ന അതിന്റെ ( സംസ്ഥാനസമ്മേളന പ്രഖ്യാപനം എന്നാണ് ഓര്‍മ്മ) സമ്മേളനത്തിന് വന്ന മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്ക് നിസ്‌ക്കാര സൗകര്യമൊരുക്കിയത് വാര്‍ത്തയായിരുന്നു.
മതത്തിനോടുള്ള സഹിഷ്ണുത എന്ന നിലയില്‍ അതിനെ വ്യാഖ്യാനിക്കുന്നവര്‍ എന്നാല്‍ പിന്നെ മുസ്ലീംകളുള്ള മറ്റ് സ്ഥലങ്ങളില്‍, തിരുവനന്തപുരത്തടക്കം, പാര്‍ട്ടി സമ്മേളനങ്ങളില്‍ അത് ചെയ്യാറില്ല എന്നത് കണക്കിലെടുക്കാറില്ല. അപ്പോള്‍ സവിശേഷമായ സാമുദായിക ബലതന്ത്രത്തില്‍ ഗുണപരമായല്ലാതെ ഇടപെട്ടാല്‍ പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം എന്ന വലിയ ‘മാനവിക’ പാര്‍ട്ടി. എന്‍.എസ് .എസിനോട് നായന്‍മാരുടെ അട്ടിപ്പേറവകാശം ആര്‍ക്കുമില്ലെന്ന് പിണറായി പറഞ്ഞതും ആര്‍ക്കുമുണ്ടാവരുതേ എന്ന ഈ പേടികൊണ്ട് തന്നെയാണ്. അപ്പോള്‍ പിന്നെ ഈ സമുദായ രാഷ്ട്രീയ മണ്ഡലത്തില്‍ നീതിയെയും അനീതിയെയും ചരിത്രപരമായി തിരിച്ചറിയാനും അതില്‍ പക്ഷം പിടിക്കാനും കഴിയുക എന്നതാണ് ബാക്കിയുള്ളത്. അത് ഏതായാലും (പാര്‍ട്ടി/പാര്‍ട്ടിരഹിത- സമുദായ മതാതീത) ‘ഇടതുമതേതരത്വത്തിന്’ സ്വപ്നം കാണാന്‍ കഴിയാത്ത കാര്യമാണ്.

__________________________________
മുസ്ലീം രാഷ്ട്രീയ കര്‍തൃത്വം പുതിയ തലമുറയില്‍ കുറെയൊക്കെ സംഘടനകള്‍ക്കതീതമായും നിലനില്‍ക്കുന്നുണ്ടെന്ന കാര്യത്തിലും സംശയമില്ല. പക്ഷെ ആ ഇടം വെട്ടിപ്പിടിക്കുന്നത് മതേതര വിമര്‍ശനങ്ങളിലൂടെയും ദേശരാഷ്ട്രത്തോടുള്ള പുതിയതരം സൈദ്ധാന്തിക ഇടപെടലുകളിലൂടെയുമാണ് എന്നത് കാണേണ്ടതാണ്. ദലിത് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് പുതിയ കാലത്ത് മുസ്ലീം തലമുറ തങ്ങളുടെ രാഷ്ട്രീയ ബഹുസ്വരത എന്ന സങ്കല്പ്പം രൂപീകരിക്കുന്നത് എന്ന് കാണാം. മതേതര ബഹുസ്വരത എന്ന, ഒരു സമയത്ത് മുസ്ലീം സംഘടനകള്‍ തന്നെ ഒരു ബാധ്യതയായികൊണ്ട് നടന്ന കാഴ്ചപ്പാടിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇങ്ങനെ തീര്‍ത്തും രാഷ്ട്രീയപരമായ ഒരു ബഹുസ്വരതാ സങ്കല്പ്പം രൂപപ്പെടുന്നത്.
__________________________________ 

തീര്‍ച്ചയായും, മുസ്ലീം രാഷ്ട്രീയ കര്‍തൃത്വം പുതിയ തലമുറയില്‍ കുറെയൊക്കെ സംഘടനകള്‍ക്കതീതമായും നിലനില്‍ക്കുന്നുണ്ടെന്ന കാര്യത്തിലും സംശയമില്ല. പക്ഷെ ആ ഇടം വെട്ടിപ്പിടിക്കുന്നത് മതേതര വിമര്‍ശനങ്ങളിലൂടെയും ദേശരാഷ്ട്രത്തോടുള്ള പുതിയതരം സൈദ്ധാന്തിക ഇടപെടലുകളിലൂടെയുമാണ് എന്നത് കാണേണ്ടതാണ്. ദലിത് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് പുതിയ കാലത്ത് മുസ്ലീം തലമുറ തങ്ങളുടെ രാഷ്ട്രീയ ബഹുസ്വരത എന്ന സങ്കല്പ്പം രൂപീകരിക്കുന്നത് എന്ന് കാണാം. മതേതര ബഹുസ്വരത എന്ന, ഒരു സമയത്ത് മുസ്ലീം സംഘടനകള്‍ തന്നെ ഒരു ബാധ്യതയായികൊണ്ട് നടന്ന കാഴ്ചപ്പാടിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇങ്ങനെ തീര്‍ത്തും രാഷ്ട്രീയപരമായ ഒരു ബഹുസ്വരതാ സങ്കല്പ്പം രൂപപ്പെടുന്നത്.
പല കാമ്പസുകളിലും മുസ്ലീം രാഷ്ട്രീയം ഇപ്പോള്‍ സംഘടിപ്പിക്കപ്പെടുന്നത് ദലിത് രാഷ്ട്രീയത്തോട് ചേര്‍ന്നുനിന്നുകൊണ്ടും ദലിത് കര്‍തൃത്വത്തെ തങ്ങളുടെ രാഷ്ട്രീയ ബഹുസ്വരതയിലെ പ്രാഥമിക സാന്നിദ്ധ്യമായി സ്വീകരിച്ചുകൊണ്ടുമാണ്. മര്‍ദ്ദിതരുടെ ഐക്യമെന്ന ഫരീദ് ഇസ്ഹാഖ് വിശേഷിപ്പിക്കുന്ന ഒരു തലം ഈ രാഷ്ട്രീയ ബഹുസ്വരത എന്ന സങ്കല്‍പ്പത്തില്‍ കാണാന്‍ സാധിക്കും. ഫരീദ് ഇസ്ഹാഖിന്റെ സമീപനത്തെപ്പോലെ ഇസ്ലാമികപ്രമാണങ്ങളെയും പാരമ്പര്യങ്ങളെയും വായിച്ചു കൊണ്ടുതന്നെയാണ് ഈ രൂപീകരണങ്ങള്‍ സാധ്യമാകുന്നത്. ഇത്തരം ഇടപെടലുകള്‍ സംഘടനാതീതമായ മുസ്ലീം ധൈഷണികതയെ രൂപീകരിക്കും എന്ന പോലെത്തന്നെ സംഘടനകളുടെ പരിവര്‍ത്തനത്തെയും സാധ്യമാകും എന്നും കാണാം. എന്നാല്‍, ഇത്തരത്തിലുള്ള പരിണാമപ്രക്രിയകള്‍ മതേതരത്വത്തിന്റെ നിര്‍വ്വചന മാനകങ്ങളെ പൊളിച്ചു നിലത്തിടുന്നു എന്നത് പ്രഭാത വെയിലുപോലെ പ്രകടമായി വരുന്നുണ്ട്. ഈ സംഘടിത മുസ്ലീം സബ്ജക്ടിവിറ്റിയെക്കുറിച്ച് ഭീതി പരത്തുകയല്ലാതെ ഫാഷിസത്തെ സംബന്ധിച്ചുള്ള മതേതര വ്യവഹാരം മറ്റൊന്നും ചെയ്യുന്നില്ല. കൂടാതെ ഈ ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരം പെട്ടെന്ന് ശക്തിപ്പെട്ടതിന്റെ സമീപസ്ഥ ചരിത്രവും വിശകലനം ചെയ്യാതെ ഈ അന്വേഷണം പൂര്‍ത്തിയാവില്ല. ”സഹിഷ്ണുത” എന്ന സാര്‍വ്വലൗകിക സങ്കല്പ്പം ഉയര്‍ത്തിപ്പിടിച്ചാണ് ഈ ഫാഷിസ്റ്റ് വിരുദ്ധത മോദിയുടെ സമയത്ത് പുതിയൊരു ഭാഷ സ്വീകരിക്കുന്നത്. (ഭൂരിപക്ഷ സഹിഷ്ണുതയുടെ സംരക്ഷണത്തിലാണ് മുസ്ലിംകള്‍ ജീവിക്കുന്നത് എന്നത് വിഭജനാനന്തര ഇന്ത്യയുടെ മനഃശാസ്ത്ര അടിത്തറയാണ് എന്നത് മറക്കാനാവില്ലല്ലോ).അഖ്‌ലാഖിന്റെ കൊലയെ വളരെ കൃത്യമായി നിരപേക്ഷവും സാര്‍വ്വലൗകികവുമായ ഒരു കോണ്‍ടെക്സ്റ്റിലേക്ക് പ്രതിഷ്ഠിച്ചു. സഹിഷ്ണുത/അസഹിഷ്ണുത എന്ന യൂണിവേഴ്‌സല്‍ ഡൈക്കോട്ടമി നിര്‍മ്മിച്ചുകൊണ്ട് അഖ്‌ലാഖിനെ (അതുപോലെ അനേകം ഇരകളെ) മതവും സമുദായവുമൊന്നും ഇല്ലാത്ത ആളാക്കി ഒറ്റപ്പെടുത്തി ഈ ഡൈക്കോട്ടമിയില്‍ കുരുക്കി വീണ്ടും കൊല നടത്തുന്നു. അപ്പോള്‍ ഹിന്ദുത്വ ഹിംസയെ അഭിമുഖീകരിക്കാന്‍ ഭാഷയില്ലാത്ത പ്രതിസന്ധിയല്ലാതെ മറ്റെന്താണ് മതേതരത്വം അനുഭവിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ആ ഭാഷയില്ലായ്മയുടെ ഭാഷയില്‍ കീഴാള ഭാഷയെ മുക്കി നനച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന വ്യവഹാരമാണ് നിലവിലെ ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരം എന്ന് കാണാം. അപ്പോള്‍, ഫാഷിസത്തെക്കുറിച്ചുതന്നെയുള്ള വ്യവഹാരങ്ങളെതന്നെ അപനിര്‍മ്മിച്ചുകൊണ്ടും ഹിന്ദുത്വത്തിനെതിരെയുള്ള മുസ്ലീം/ദലിത്/ കീഴാള വിജ്ഞാനങ്ങളുടെ ശക്തിപ്പെടലിലൂടെയും മാത്രം സാധ്യമാകുന്ന ഒരു പ്രതിരോധത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനവസരം തന്നു എന്നതാണ് മനുഷ്യ സംഗമം നല്‍കിയ ഒരു പ്രയോജനം.
_______________________________

Top