രോഹിതിന്റെ രാഷ്ട്രീയം
പൊതുമനസ്സാക്ഷിയുടെ കുറ്റബോധപ്രകടനം എന്നതിനപ്പുറം ദലിത് സമുദായത്തിന്റെ രാഷ്ട്രീയത്തെ ഉള്‍വഹിക്കുന്ന ഒരു മൂവ്‌മെന്റാണ് രോഹിതിന്റെ മരണം സൃഷ്ടിക്കേണ്ടത്. കീഴാള മരണങ്ങള്‍/ ജീവിതങ്ങള്‍ ഒരു നിലയ്ക്കും ബാധിക്കാത്ത മേല്‍ജാതിക്കാരുടെ കംഫര്‍ട്ട് സോണ്‍ എന്ന നിലയിലാണ് ദേശരാഷ്ട്രവും അതിലെ ഇന്‍സ്റ്റിറ്റിയൂഷനുകളും സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്. ആ കംഫര്‍ട്ട് സോണുകളെ പരിക്കേല്‍പിക്കാതെയും തച്ചുതകര്‍ക്കാതെയും കീഴാള രാഷ്ട്രീയത്തിനു വികസിക്കുക സാധ്യമല്ല. രോഹിതിന്റെ മരണം ആ കംഫര്‍ട്ട് സോണുകള്‍ക്ക് ഏല്‍പിച്ച ആഘാതത്തിന്റെ തെളിവാണ്. ഉപ്പലില്‍ നടക്കുമെന്നു പറഞ്ഞിരുന്ന ശവസംസ്‌കാരം പോലിസ് അമ്പര്‍പേട്ടിലേക്കു മാറ്റുകയും ശവസംസ്‌കാരത്തിനു പോകാന്‍ തയ്യാറായിരുന്ന വലിയൊരു വിഭാഗം ആളുകള്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത്. അങ്ങനെ രഹസ്യമായി കത്തിത്തീരുമെന്നു കരുതിയ പോലിസിനെയും അധികാരസ്ഥാപനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് രോഹിത് കത്തിപ്പടരുകയാണ് ഇപ്പോള്‍. അതങ്ങനെ രാജ്യത്തെ വിദ്യാഭ്യാസ അഗ്രഹാരങ്ങളെ ചാമ്പലാക്കുവോളം തുടരും.
എപ്പോള്‍ വേണമെങ്കിലും കടുത്ത നടപടിയിലേക്കു നീങ്ങാന്‍ തയ്യാറായി ഹൈദരാബാദ് സര്‍വകലാശാല വളഞ്ഞുനില്‍ക്കുന്ന പോലിസുകാരുടെ കര്‍ശന വലയത്തിനുള്ളില്‍ ഇരുന്നാണ് ഇതെഴുതുന്നത്. പ്രിയപ്പെട്ട സുഹൃത്തും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ സഹപ്രവര്‍ത്തകനുമായിരുന്ന രോഹിത് ചക്രവര്‍ത്തി വെമുല മരണത്തിലേക്കു പോയതിന്റെ നാലാം നാളാണിത്.
മരിച്ചുപോയ സുഹൃത്തിനെക്കുറിച്ച് എഴുതുമ്പോള്‍ അത് വൈയക്തികമാവാതെ വഴിയില്ല. എന്നാല്‍, ആ മരണം സൃഷ്ടിച്ച രാഷ്ട്രീയ സംവാദങ്ങളല്ലേ പ്രാഥമികമായി പരാമര്‍ശിക്കേണ്ടത് എന്ന ധര്‍മസങ്കടം വേദനാജനകമായ ഈ വൈയക്തികതയിലും എന്നെ വേട്ടയാടിയിരുന്നു. പക്ഷേ, സ്വന്തം വ്യക്തിജീവിതത്തെ തന്റെ സമുദായത്തിന്റെ രാഷ്ട്രീയവുമായി ഇത്രയധികം ചേര്‍ത്തുവച്ച ഒരാളെ വേറെ കണ്ടിട്ടില്ല എന്നതുകൊണ്ടുതന്നെ രോഹിത് എന്ന വ്യക്തി തന്നെ സ്വയം ഒരു ജാതിവിരുദ്ധ രാഷ്ട്രീയമായി നമ്മളോട് സംവദിക്കും.
അവസാനം രോഹിതിനെ കാണുന്നത് മരണത്തിന് ഒരു ദിവസം മുമ്പ് വൈകുന്നേരം ചായ കുടിക്കുമ്പോളാണ്. ചായ കുടിക്കാന്‍ വിളിച്ചപ്പോള്‍ രോഹിത് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. മതേതരത്വത്തിന്റെയും പരിണാമസിദ്ധാന്തത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് എന്നും നമ്മള്‍ പലപ്പോഴും പറയുകയും അതു നടക്കാതിരിക്കുകയും ചെയ്യും. എസ് കെ ബിശ്വാസിന്റെ പുസ്തകത്തിനു ശേഷം ദിലീപ് മേനോന്റെ ഇഎംഎസ് വിമര്‍ശം, കേരളത്തിലെ ഇടതുപക്ഷത്തോടുള്ള ദലിത് വിമര്‍ശങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കുകയും ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമായിരുന്നു.
കേരളത്തിലെ ദലിത് ധൈഷണികതയെക്കുറിച്ചും കെ.കെ ബാബുരാജിനെയും അജിത് കുമാര്‍ എ.എസിനെയും കുറിച്ചും സംസാരിച്ചു മുറിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് സ്വയം ഒരു സംഭാഷണമായി, ഭാഷയായി വികസിച്ചുകൊണ്ട് രോഹിത് പോയത്. ഒരു പ്രത്യേക നിലപാടില്‍ മൂടുറച്ച ആല്‍മരമാവുന്നതിനു പകരം നിരന്തരം മാറുകയും പുനഃപരിശോധിക്കുകയും ചെയ്തുകൊണ്ടിരിക്കുക എന്നത് രോഹിതിന്റെ സവിശേഷതയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്ത് 4നായിരുന്നു എബിവിപിയുടെ കാംപസ് ഭാരവാഹി നന്ദനം സുശീല്‍ കുമാറിന്റെ പരാതിക്ക് ആധാരമായ സംഭവം നടക്കുന്നത്. ‘മുസഫര്‍നഗര്‍ ബാക്കി ഹേ’ എന്ന ഡോക്യുമെന്ററി എഎസ്എ പ്രദര്‍ശിപ്പിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ പ്രസ്തുത ഡോക്യുമെന്ററി പ്രദര്‍ശനം എബിവിപി തടഞ്ഞതിനെതിരേ എഎസ്എ കാംപസില്‍ പ്രതിഷേധവുമുയര്‍ത്തി. അതു കൂടാതെ യാക്കൂബ് മേമനെ അന്യായമായി തൂക്കിലേറ്റിയതിനെതിരേ വലിയ രീതിയില്‍ ശബ്ദമുയര്‍ത്തിയ സംഘടന കൂടിയായിരുന്നു എഎസ്എ. അങ്ങനെ രാജ്യത്തെ ബ്രാഹ്മണാധീശത്വത്തിനെതിരേ നിഷ്പക്ഷതയുടെ ഭാഷ ഉപേക്ഷിച്ച് തീര്‍ത്തും അസര്‍ട്ടീവ് ആയി സംസാരിച്ചുകൊണ്ടിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ മുന്‍നിരയില്‍ എപ്പോഴും രോഹിത് ഉണ്ടായിരുന്നു.
അങ്ങനെ സ്വയം പുതുക്കിക്കൊണ്ടിരുന്ന രോഹിത് എസ്എഫ്‌ഐയില്‍ നിന്നു പുറത്തുവരുകയും എഎസ്എയുടെ നേതൃരംഗത്തെത്തുകയും ചെയ്തതില്‍ ഒരദ്ഭുതവുമില്ല. ഹരിയാനയിലെ ഭഗാനയില്‍ ദലിത് സമുദായം കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചതിനെ ‘വസന്തം’ എന്നു വിശേഷിപ്പിച്ച രോഹിത് ഇന്ത്യയിലെ മതപരിവര്‍ത്തനങ്ങളുടെ ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച് കാംപസില്‍ ഒരു അക്കാദമിക പ്രഭാഷണം സംഘടിപ്പിക്കണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നു.
കൂടാതെ എഎസ്എ നേതൃത്വം കൊടുത്ത കഴിഞ്ഞ തവണത്തെ വിദ്യാര്‍ഥി യൂനിയന്‍ നടത്തിയ ചലച്ചിത്രമേളയുടെ കണ്‍വീനറായിരുന്ന രോഹിത് കാംപസില്‍ ഒരു കീഴാള പെര്‍സ്‌പെക്ടീവില്‍ നിന്നുള്ള സിനിമാ മൂവ്‌മെന്റിനെക്കുറിച്ച് കാണുമ്പോഴൊക്കെ പറയുകയും ചെയ്യുമായിരുന്നു.
എബിവിപിയെ സംബന്ധിച്ചിടത്തോളം ബിജെപി ഭരിക്കുന്ന രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ച ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഇത്തരമൊരു രാഷ്ട്രീയം അങ്ങേയറ്റം പ്രകോപനപരമായിരുന്നു. അത് ഫേസ്ബുക്ക് സംവാദങ്ങളിലും പ്രതിഫലിച്ചു. ജീവിതം തന്നെ അവഹേളനങ്ങള്‍ക്കെതിരേയുള്ള പോരാട്ടമായ ദലിത് വിദ്യാര്‍ഥികളെ ഇക്കാര്യങ്ങള്‍ പറഞ്ഞ് ശക്തമായ മറുവാദങ്ങളുടെ അഭാവത്തില്‍ വീണ്ടും അവഹേളിക്കുകയായിരുന്നു കാംപസിലെ എബിവിപിക്കാര്‍. അതു ചോദിക്കാന്‍ ചെന്നവര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുകയും തങ്ങളെ പിന്തുണയ്ക്കുന്ന സര്‍വകലാശാലാ അധികൃതരുടെ സഹായത്തോടെ ഈ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയുമായിരുന്നു എബിവിപി. അതിനെത്തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷനെതിരേ കാംപസില്‍ കടുത്ത സമരം നടക്കുകയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടുകയും ചെയ്തു.
സസ്‌പെന്‍ഷനു കൃത്യമായ ന്യായങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് കേസ് കെട്ടിച്ചമയ്ക്കുക എന്നതായിരുന്നു അവരുടെ മുമ്പിലുണ്ടായിരുന്ന വഴി. കൂടാതെ മനുഷ്യവിഭവശേഷി വകുപ്പില്‍ നിന്നു സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടപടി അന്വേഷിച്ച് യൂനിവേഴ്‌സിറ്റിയിലേക്കു കത്തുകള്‍ പോയെന്നതും ചേര്‍ക്കുമ്പോള്‍ ഗൂഢാലോചനയുടെ ആഴം മനസ്സിലാകുന്നു. പ്രോക്ടറല്‍ കമ്മിറ്റി ചീഫ് രജിസ്ട്രാര്‍ക്ക് അയച്ച രഹസ്യ കത്തില്‍, പരാതിക്ക് ആധാരമായ സംഭവം പൂര്‍ണമായി അന്വേഷിച്ചെന്നും അന്വേഷണത്തില്‍ നിന്നു പരാതിക്കാരനായ സുശീല്‍ കുമാറിനെയും സംഭവത്തിനു സാക്ഷികളായ സെക്യൂരിറ്റി സ്റ്റാഫിനെയും മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുപമയെയും ഒഴിവാക്കിയെന്നുമാണ് പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ ദലിത് ധൈഷണികതയെക്കുറിച്ചും കെ കെ ബാബുരാജിനെയും അജിത് കുമാര്‍ എ എസിനെയും കുറിച്ചും സംസാരിച്ചു മുറിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് സ്വയം ഒരു സംഭാഷണമായി, ഭാഷയായി വികസിച്ചുകൊണ്ട് രോഹിത് പോയത്. ഒരു പ്രത്യേക നിലപാടില്‍ മൂടുറച്ച ആല്‍മരമാവുന്നതിനു പകരം നിരന്തരം മാറുകയും പുനഃപരിശോധിക്കുകയും ചെയ്തുകൊണ്ടിരിക്കുക എന്നത് രോഹിതിന്റെ സവിശേഷതയായിരുന്നു. അങ്ങനെ സ്വയം പുതുക്കിക്കൊണ്ടിരുന്ന രോഹിത് എസ്എഫ്‌ഐയില്‍ നിന്നു പുറത്തുവരുകയും എഎസ്എയുടെ നേതൃരംഗത്തെത്തുകയും ചെയ്തതില്‍ ഒരദ്ഭുതവുമില്ല. ഹരിയാനയിലെ ഭഗാനയില്‍ ദലിത് സമുദായം കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചതിനെ ‘വസന്തം’ എന്നു വിശേഷിപ്പിച്ച രോഹിത് ഇന്ത്യയിലെ മതപരിവര്‍ത്തനങ്ങളുടെ ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച് കാംപസില്‍ ഒരു അക്കാദമിക പ്രഭാഷണം സംഘടിപ്പിക്കണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നു.
പ്രധാനപ്പെട്ട മൂന്നു പേരെ- പ്രത്യേകിച്ച് സുശീല്‍ കുമാറിനെ- എഎസ്എക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തിയ സെക്യൂരിറ്റി സ്റ്റാഫിനെ രഹസ്യമായി ഒഴിവാക്കിക്കൊണ്ട് കെട്ടിച്ചമയ്ക്കുകയായിരുന്നു കേസ് എന്നതിനു വലിയ തെളിവാണ് ഈ കത്ത്. സുശീല്‍ കുമാറിനു മര്‍ദ്ദനമേറ്റിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ റിപോര്‍ട്ട് ചേര്‍ത്തുവായിച്ചാല്‍ രോഹിതിനെ മരണത്തിലേക്ക് എത്തിച്ച സസ്‌പെന്‍ഷന്റെ കാരണം മനസ്സിലാകും.
ഹൈദരാബാദ് കേന്ദ്രീകരിച്ചു വളരുന്ന പോസ്റ്റ് മണ്ഡല്‍ ദലിത്-മുസ്‌ലിം രാഷ്ട്രീയത്തിനു വേണ്ടി നല്‍കപ്പെട്ട ജീവിതങ്ങള്‍ അനവധിയാണ്. മാതാരി വെങ്കിടേഷും സെന്തില്‍ കുമാറും മുദ്ദസിര്‍ കംറാനും അവസാനം രോഹിത് വെമുലയും അടക്കമുള്ള അനേകം ജീവനുകള്‍ കീഴാളരായ, പിന്നാക്കക്കാരായ തലമുറയ്ക്ക് പുതിയ ജീവിതം സാധ്യമാക്കാനുള്ള ത്യാഗങ്ങളാണ്. രോഹിതിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, ജനിച്ചുവീഴുന്നതു തന്നെ ദാരുണമായ അപകടമാണ് ഓരോ ദലിതനും. ജീവിതം എന്ന അതിജീവനസമരത്തില്‍ ഊര്‍ജം തേടി പഠിക്കാന്‍ വരുന്ന അങ്ങേയറ്റം പ്രതിഭാധനരായ വിദ്യാര്‍ഥികളെ (രണ്ട് ജെആര്‍എഫ് ഉള്ള രോഹിതിന്റെ തിളങ്ങുന്ന അക്കാദമിക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ അറിയാം) കൊന്നുതള്ളുന്ന ബ്രാഹ്മണ അഗ്രഹാരങ്ങളാണ് രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളോരോന്നും.
ജാതിയെന്ന അതിരൂക്ഷമായ സാമൂഹിക ഹിംസയ്ക്ക് ഒരു മാര്‍ദ്ദവവുമില്ലാത്തവിധം ആഘാതമേല്‍പിക്കാതെ ഈ ചലനങ്ങള്‍ക്കു വികസിക്കുക സാധ്യമല്ല. പൊതുമനസ്സാക്ഷിയുടെ കുറ്റബോധപ്രകടനം എന്നതിനപ്പുറം ദലിത് സമുദായത്തിന്റെ രാഷ്ട്രീയത്തെ ഉള്‍വഹിക്കുന്ന ഒരു മൂവ്‌മെന്റാണ് രോഹിതിന്റെ മരണം സൃഷ്ടിക്കേണ്ടത്. കീഴാള മരണങ്ങള്‍/ ജീവിതങ്ങള്‍ ഒരു നിലയ്ക്കും ബാധിക്കാത്ത മേല്‍ജാതിക്കാരുടെ കംഫര്‍ട്ട് സോണ്‍ എന്ന നിലയിലാണ് ദേശരാഷ്ട്രവും അതിലെ ഇന്‍സ്റ്റിറ്റിയൂഷനുകളും സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്. ആ കംഫര്‍ട്ട് സോണുകളെ പരിക്കേല്‍പിക്കാതെയും തച്ചുതകര്‍ക്കാതെയും കീഴാള രാഷ്ട്രീയത്തിനു വികസിക്കുക സാധ്യമല്ല.
രോഹിതിന്റെ മരണം ആ കംഫര്‍ട്ട് സോണുകള്‍ക്ക് ഏല്‍പിച്ച ആഘാതത്തിന്റെ തെളിവാണ്. ഉപ്പലില്‍ നടക്കുമെന്നു പറഞ്ഞിരുന്ന ശവസംസ്‌കാരം പോലിസ് അമ്പര്‍പേട്ടിലേക്കു മാറ്റുകയും ശവസംസ്‌കാരത്തിനു പോകാന്‍ തയ്യാറായിരുന്ന വലിയൊരു വിഭാഗം ആളുകള്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത്. അങ്ങനെ രഹസ്യമായി കത്തിത്തീരുമെന്നു കരുതിയ പോലിസിനെയും അധികാരസ്ഥാപനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് രോഹിത് കത്തിപ്പടരുകയാണ് ഇപ്പോള്‍. അതങ്ങനെ രാജ്യത്തെ വിദ്യാഭ്യാസ അഗ്രഹാരങ്ങളെ ചാമ്പലാക്കുവോളം തുടരും.
◾️
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍.