ഭാവിയുടെ രാഷ്ട്രീയം ദലിത്-മുസ്‌ലിം സഹജീവനത്തിന്റേതാണ്

ബ്രാഹ്മണ മൂല്യബോധം സ്വന്തം ശരീരത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇനിയും കുടഞ്ഞുകളയാത്ത മുസ്‌ലിംകളിലും ദലിത്-പിന്നാക്കക്കാരിലും പെട്ട മധ്യവര്‍ഗ പ്രതിനിധികള്‍ കൂടുതല്‍ ആഴത്തില്‍ രാഷ്ട്രീയ ബോധം ആര്‍ജിക്കേണ്ടതുണ്ട്. അതിനുള്ള വൈജ്ഞാനികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കിടയില്‍ ശക്തമായ രീതിയില്‍ നടക്കണം. എങ്കില്‍ മാത്രമേ ആന്തരിക വൈരുധ്യങ്ങളില്‍ നിന്ന് സ്വതന്ത്രമായി പരസ്പര ഐക്യത്തോടുകൂടിയുള്ള മുന്നേറ്റം അവര്‍ക്കിടയില്‍ തന്നെ സാധ്യമാവുകയുള്ളൂ. ഓരോ വിഭാഗത്തിന്റെയും സ്വന്തമായ ആശയം പ്രകാശിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യവും അവരവരുടെ രാഷ്ട്രീയകര്‍തൃത്വവും പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള സഹകരണവുമാണ് വേണ്ടത്. സവര്‍ണ ബുദ്ധിജീവികള്‍ ചെയ്തിരുന്നതുപോലെ ദലിതരുടെയും മുസ്‌ലിംകളുടെയും രക്ഷാകര്‍തൃത്വം തങ്ങള്‍ ഏറ്റെടുത്തുകൊള്ളാം എന്ന മനോഭാവം ഈ ഐക്യ നിരക്ക് നന്നല്ല. സംരക്ഷക മനോഭാവം ഉപേക്ഷിക്കുകയും ഏറ്റവും സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ നിരുപാധിക പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് മുന്നേറുമ്പോള്‍ മാത്രമേ ദലിത് മുസ്‌ലിം രാഷ്ട്രീയം ഭാവിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ശരിയായ ഊര്‍ജം പ്രസരിപ്പിക്കുകയുള്ളൂ.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും പുതിയ വിചാരങ്ങള്‍ ഉടലെടുക്കുന്ന സന്ദര്‍ഭത്തിലാണ് നാമിപ്പോള്‍. ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ സഹവര്‍ത്തിത്വത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റമാണ് പുതിയ കാലത്ത് ബഹുജനങ്ങളുടെ പ്രതീക്ഷയായി പ്രവര്‍ത്തിക്കുന്നത്. സാമൂഹിക ഘടനയിലും സാംസ്‌കാരിക ചിന്തയിലും ആഴത്തില്‍ വേരൂന്നിയിട്ടുള്ള ബ്രാഹ്മണ മൂല്യബോധത്തെ പിഴുതുകളയാനുള്ള ശക്തി ഈ മുന്നേറ്റത്തിനുണ്ട്. 2016 ആഗസ്റ്റ് 5 മുതല്‍ 15 വരെ അഹമ്മാദാബാദിലെ അംബേദ്കര്‍ ചൗക്കില്‍ നിന്ന് ഉന വരെ നടന്ന റാലി ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിന വിചാരങ്ങളെ അര്‍ഥപൂര്‍ണ്ണമാ ക്കുന്നതായിരുന്നു. ‘നിന്റെ പശുവിന്റെ വാല്‍ നീ വെച്ചോളൂ. എനിക്കെന്റെ ഭൂമി തരൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ദലിത് അസ്മിതാ റാലി മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ വെല്ലുവിളിക്കുന്ന തരത്തില്‍ തന്നെയാണ് മുന്നേറിയത്. പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ കൂലിത്തല്ലുകാരായി മാത്രം നിലനിര്‍ത്തിയിരുന്ന ദലിത് ജനത രാഷ്ട്രീയ കര്‍തൃത്വത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ചിതറിക്കിടക്കുന്ന പലതരം വിഭാഗങ്ങളെ ദലിത് എന്ന കൂട്ടായ്മയിലേക്ക് ഐക്യബോധത്തോടെ ഉള്‍ച്ചേര്‍ക്കുക എന്ന സാഹസം ആര്‍ജവമുള്ള ചില ചെറുപ്പക്കാരാണ് ഏറ്റെടുത്തത്. ജിഗ്നേഷ് മേവാനി, സുബോധ് പര്‍മാര്‍ തുടങ്ങിയ ചെറുപ്പക്കാര്‍ വലിയ ജനക്കൂട്ടങ്ങളെ ആവേശവും അതേസമയം യുക്തിഭദ്രവുമായി നയിച്ചു. ദലിത് പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലും ഈ സമരം നിര്‍ണായകമായിരുന്നു.

മറ്റൊരു ആഹ്‌ളാദകരമായ സംഭവം ഗുജറാത്തിലെ മുസ്‌ലിം ജനസമൂഹം ഈ സമരത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കുകയും സമരത്തിന്റെ ഭാഗമായി മാറുകയും ചെയ്തുവെന്നതാണ്. വളരെ ശ്രമകരമായ ഈ സഹവര്‍ത്തിത്വം സാധ്യമായത് അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയുടെ നെടുനാളത്തെ പ്രാര്‍ഥനയുടെയും പ്രതീക്ഷയുടെയും ഫലമായിരുന്നു എന്ന് പറയാം. ദീര്‍ഘനാളായി ചിതറി നില്‍ക്കുന്ന മനുഷ്യജന്മങ്ങളുടെ പോരാട്ടവീറിന്റെയും ധീരമായ കൂട്ടുചേരലിന്റെയും ഊര്‍ജസ്വലമായ അടയാളമായിരുന്നു ഉനയില്‍ കാണാന്‍ കഴിഞ്ഞത്.

ദലിത് പ്രശ്‌നവും മുസ്‌ലിം പ്രശ്‌നവും രണ്ടല്ല എന്നതുകൂടി ഉനയിലെ സമരം തെളിയിച്ചു. ഇന്ത്യന്‍ ദേശീയതയെ മുന്നോട്ടുനയിക്കുന്ന സവര്‍ണ പൊതുബോധം ദലിത് മുസ്‌ലിം സഹജീവിതത്തെ തന്ത്രപൂര്‍വം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഗുജറാത്തിലെ വംശഹത്യയിലടക്കം ദലിത് ജനവിഭാഗത്തെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടാന്‍ സംഘ്പരിവാറിന് സാധിച്ചത് മുസ്‌ലിംകളെക്കുറിച്ചുള്ള കെട്ടുകഥകള്‍ മെനഞ്ഞുകൊണ്ടായിരുന്നു. മുഗള്‍ രാജാക്കന്‍മാര്‍ ഹിന്ദുക്കളെ അക്രമിച്ചിരുന്ന കഥകള്‍ പറഞ്ഞ് മുസ്‌ലിം ശത്രുവില്‍ നിന്ന് ഹിന്ദുവിനെ രക്ഷിക്കാന്‍ സംഘ്പരിവാര്‍ അവരെ പാകപ്പെടുത്തിയിരുന്നു. ഇതുവഴി ദലിതരെ ഹിന്ദു എന്ന ഘടനക്കകത്ത് അടിമയാക്കി നിലനിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. ദലിതനെക്കൊണ്ടുതന്നെ മുസ്‌ലിമിനെ ഇല്ലായ്മ ചെയ്യാനും ഇങ്ങനെ സാധിച്ചു. എവിടെയൊക്കെ ദലിത്-മുസ്‌ലിം ഐക്യശ്രമങ്ങള്‍ നടക്കുന്നുണ്ടോ അവിടെയൊക്കെ പലതരം സംശയങ്ങളും ഭീതിയും ഉല്‍പാദിപ്പിച്ച് അതിനെ പിളര്‍ത്താന്‍ സവര്‍ണ രാഷ്ട്രീയത്തിന് പ്രത്യേക മിടുക്കുണ്ട്. എന്നാല്‍, ഉനയില്‍ മുഴങ്ങിക്കേട്ട പ്രധാന മുദ്രാവാക്യം ‘ദലിത് മുസ്‌ലിം ഭായീഭായി’ എന്നായിരുന്നു. ‘ബഡേ മസേകീ ബാത്ത് ഹെ, ദലിത് മുസ്‌ലിം സാത് ഹെ’ എന്ന മുദ്രാവാക്യം ഹിന്ദുത്വ അജണ്ടയെ നേരിടാനുള്ള പുതിയ ഒരു ഊര്‍ജം ഉള്‍വഹിക്കുന്നതായിരുന്നു.

മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരിടാനുള്ള ബ്രാഹ്മണ മേധാവിത്വം ഒരേ ആവരണം അണിഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. രണ്ട് മുഖത്തോടെ അവര്‍ പ്രയോഗിക്കുന്ന ഈ അടിച്ചമര്‍ത്തല്‍ തിരിച്ചറിയാന്‍ സാധിച്ചുവെന്നതാണ് ഉനയിലെ വിജയം. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളില്‍ ദലിതുകളെ ഉപയോഗിക്കുന്നത് അവരെ ഹിന്ദുവായി ഷെയ്പ്പ് ചെയ്യാനും മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യാനുമുള്ള ഒറ്റ അജണ്ടയുടെ ഭാഗമാണ്. ഇത് സാധ്യമാവാത്ത സന്ദര്‍ഭങ്ങളിലാണ് ദലിതര്‍ക്കുനേരെ അക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. സവര്‍ണ മൂല്യബോധം ആന്തരവത്കരിച്ച ദലിത്-പിന്നാക്ക-മുസ്‌ലിം ജനവിഭാഗങ്ങള്‍ ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് അപകടം. ജാതി ഹിന്ദുമതത്തിന്റെ ആന്തരിക പ്രശ്‌നമാണ് എന്നുപറയുന്നവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന ഘടനയെ ശരിയായി വിലയിരുത്തി തിരിച്ചറിവു കളിലെത്തേണ്ടതുണ്ട്. ബുദ്ധി, കഴിവുകള്‍, സാമൂഹ്യ സ്ഥാനം എല്ലാം ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്തോളജിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് സര്‍വേ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ഹിന്ദു എന്ന കാറ്റഗറിയില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. ബ്രാഹ്മണ അധികാര വ്യവസ്ഥക്കാണ് ബുദ്ധിയും വൈജ്ഞാനിക ആധികാരവും രാഷ്ട്രീയ കര്‍തൃത്വവും ഈ ഘടനയില്‍ ലഭ്യമായത്. പേരുകൊണ്ട് ഹിന്ദുവായി മാറിയ കീഴാള ജനവിഭാ ഗങ്ങള്‍ അധികാരത്തില്‍ നിന്നും വിജ്ഞാനത്തില്‍ നിന്നും പുറംതള്ള പ്പെടുകയും ചെയ്തു. എസ്.എം. ബാലഗംഗാധരനെപ്പോലെയുള്ള എഴുത്തുകാര്‍ ഇന്നും ജാതിയെ ന്യായീകരിച്ച് എഴുതുന്നത് ശ്രദ്ധിക്കേണ്ടതാണ്. പരിഷ്‌കൃത സമൂഹങ്ങളില്‍ മുഴുവനും ഇത്തരം തൊഴില്‍ വിഭജനം നിലനില്‍ക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, താഴേക്കുപോകുംതോറും അപമാനവും മേലോട്ടുപോകും തോറും ബഹുമാനവും യുക്തിരഹിതമായി കൈവശപ്പെടുന്ന ഇത്തരമൊരു ശ്രേണീഘടന ലോകത്തിലൊരിടത്തുമില്ല എന്നത് അംബേദ്കര്‍ മുമ്പേ വ്യക്തമാക്കിയതാണ്.

സവര്‍ണ ലിബറല്‍ ദേശീയബോധവും ഹിന്ദുത്വ രാഷ്ട്രീയവും ഒരുപോലെ ആവശ്യപ്പെടുന്ന ഏകസിവില്‍കോഡ് പ്രശ്‌നഭരിതമാണ് എന്നതും അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്.

____________________________________
ഇടത് ലിബറല്‍ വ്യവഹാരങ്ങള്‍ ഇത്തരം മുന്നേറ്റങ്ങളെ സ്വത്വരാഷ്ട്രീയം എന്ന് പേരിട്ട് അവഗണിക്കുകയും അവമതിക്കുകയുമാണ് ചെയ്തുപോന്നത്. അനുഭവ ങ്ങളെ മുന്‍നിര്‍ത്തി, ജനാധിപത്യപരമായി, ഇടത് സംരക്ഷണത്തി ലല്ലാതെ ഉയര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയങ്ങളോടുള്ള മുന്‍വിധിയാണ് ഇതിലൂടെ പ്രകടമാവുന്നത്. എന്നാല്‍, ഇടത് രാഷ്ട്രീയത്തിന് ഇന്ന് ഈ യാഥാര്‍ഥ്യത്തെ ഗുണപരമായി അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. സഹവര്‍ത്തി ത്വത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഏതു സിദ്ധാന്തങ്ങ ളേക്കാളുംഗുണംചെയ്യുക എന്നത് തന്നെയാണ് പുതിയ മുന്നേറ്റങ്ങള്‍ നല്‍കുന്ന പാഠം. ദലിത്-മുസ്‌ലിം ഐക്യം വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമാണെങ്കിലും സമാന്തരമായി അവര്‍ക്കിടയിലുള്ള ആന്തരിക ഛിദ്രതകളെ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. വിവിധ വിഭാഗങ്ങളായി ചിതറിക്കിടക്കുകയും പരസ്പരം തൊട്ടുകൂടായ്മകള്‍ പാലിക്കുകയും ചെയ്യുന്ന ദലിത് വിഭാഗങ്ങള്‍ അവ കൈയൊഴിച്ചുകൊണ്ട് വര്‍ത്തമാന രാഷ്ട്രീയം തിരി ച്ചറിവോടുകൂടി ഏറ്റെടുക്കുന്നതാണ് നാം കണ്ടത്.
____________________________________ 

ജാതിവ്യവസ്ഥ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഏകസിവില്‍ കോഡ് വരുമ്പോള്‍ പൗരന്മാര്‍ക്ക് തുല്യത എന്ന ലേബലില്‍ മുഖ്യജാതിയുടെ ആചാരവിശേഷങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിക്കുക. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുമ്പോള്‍ അവിടങ്ങളിലുള്ള വരേണ്യ വിഭാഗങ്ങളുടെ മുഖ്യഭാഷ മറ്റു ഭാഷാ വ്യത്യാസങ്ങളെ അടിച്ചമര്‍ത്തുകയോ സ്വാംശീകരിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയിലെ ആദിമരും ശ്രേഷ്ടരുമായ ജനത ആര്യന്‍മാരാണെന്ന് വാദിച്ച ദയാനന്ദ സരസ്വതി ഒരു രാഷ്ട്രീയ ജനതയായി ബ്രാഹ്മണരെ പുനരാനയിക്കുകയായിരുന്നു. അതിന്റെ സാംസ്‌കാരിക ബിംബമായാണ് പശുരാഷ്ട്രീയം ഇന്ത്യയിലുണ്ടാകുന്നതെന്ന് പല സാമൂഹിക ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1927ല്‍ മോട്ടിലാല്‍ നെഹ്‌റു വിഭാവനം ചെയ്ത ഭരണഘടയില്‍ ദലിതര്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെന്നും ഇതിന്റെ ഭാഗമായി മനസ്സിലാക്കേണ്ടതാണ്. 1932 ല്‍ ഭരണഘടനാ നിര്‍മാണശ്രമങ്ങളുടെ കാലത്ത് അംബേദ്കര്‍ ഈ പ്രശ്‌നം തിരിച്ചറിയുന്നുണ്ട്. ദലിതര്‍ക്ക് ഒരു രാഷ്ട്രീയ വിഭാഗമായിക്കൊണ്ടു മാത്രമേ ബ്രാഹ്മണാധിപത്യത്തില്‍ നിന്ന് കുതറിമാറാന്‍ സാധിക്കൂ എന്നദ്ദേഹം മനസ്സിലാക്കി. ദ്വയാംഗ മണ്ഡലം വേണമെന്നും സവര്‍ണ നെപ്പോലെ ദലിതനും ആ മണ്ഡലങ്ങളില്‍ വേണമെന്നും അംബേദ്കര്‍ വാദിച്ചപ്പോള്‍, ഇത് ഹിന്ദു മതത്തെ വിഭജിക്കലാണെന്നും അത് അനുവദി ക്കുകയില്ലെന്നും ഗാന്ധി പറയുന്നുണ്ട്. ഗാന്ധിയുടെ നിരാഹാര സമരം കാരണമായി അംബേദ്കറിന് ഈ ആശയത്തില്‍ നിന്ന് പിന്‍മാറേണ്ടിവന്നു. നിയമസഭ/പാര്‍ലമെന്റ്/ഉദ്യോഗ മണ്ഡലങ്ങളില്‍ ദലിതര്‍ക്ക് ജനസംഖ്യാ നുപാധികമായ പ്രാതിനിധ്യം ഉണ്ടാവുമ്പോള്‍ മാത്രമേ അവര്‍ക്ക് രാഷ്ട്രീയ ജനതയാവാന്‍ സാധിക്കുക യുള്ളൂവെന്ന് അംബേദ്ക്കറെ ഉദ്ധരിച്ച് കെ.കെ. കൊച്ചിനെ പ്പോലെയുള്ളവര്‍ എഴുതിയിട്ടുണ്ട്.

ഇതുപോലെത്തന്നെ മുസ്‌ലിംകള്‍ക്കും ഒരു രാഷ്ട്രീയ ജനത എന്നര്‍ഥത്തില്‍ രാഷ്ട്ര നിര്‍മാണത്തില്‍ ജനാധിപത്യപരമായ പങ്കാളിത്തം ലഭ്യമാവേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സവര്‍ണ ദേശീയതയുടെ പ്രാന്തത്തിലേക്ക് തള്ളപ്പെടുന്ന മുസ്‌ലിംകള്‍ക്ക് മുഖ്യധാരയില്‍ കരുത്തോടെ നിലനില്‍ക്കാനാവുകയുള്ളൂ. മതേതര ആഖ്യാന ങ്ങളില്‍ പ്രതിസ്ഥാനത്താക്കപ്പെടുന്ന മതം പലപ്പോഴും ഇസ്‌ലാമിനെ ഉന്നം വെച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഇടത് ലിബറല്‍ ആശയങ്ങളില്‍ പലപ്പോഴും വര്‍ഗീയത എന്ന വാക്കിന് ഊന്നല്‍ ലഭിക്കുന്നത്. ജാതീയത എന്ന അടിസ്ഥാന പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ മാറുകയും മുസ്‌ലിം, ഹിന്ദു എന്നീ ദ്വന്ദ്വങ്ങളായി പരസ്പരം പോരടിക്കുന്ന രണ്ട് ജനതയാണ് ഇന്ത്യയിലുള്ളത് എന്ന മുന്‍വിധിയുമാണ് ഇതുവഴി നിലനിര്‍ത്തപ്പെടുന്നത്. ജാതിപ്രശ്‌നങ്ങളെപ്പോലും എല്ലാ മതങ്ങളിലുമുള്ള അനാചാരങ്ങളുടെ ഭാഗമായി മനസ്സിലാക്കപ്പെടുന്നു. മുസ്‌ലിമിനെതിരെ ഹിന്ദു എന്ന ഒരു കാറ്റഗറി നിര്‍മിക്കപ്പെടാന്‍ ഈ ആശയവും കാരണമാവുന്നു. ദലിത്, ഒ.ബി.സി വിഭാഗങ്ങളടങ്ങിയ ഭൂരിപക്ഷ ജനതയെ ഹിന്ദുവായി വ്യവഹരിക്കുന്നത് വഴി ഇല്ലാത്ത ഒരു ഹിന്ദു ഉണ്ടായിവരികയാണ് ചെയ്യുക. മുസ്‌ലിംകളും ദലിതരും അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളും ദേശീയതയിലെ അന്യവത്കരണങ്ങളും വ്യത്യസ്ത പ്രശ്‌നങ്ങളായി ചിതറിപ്പോകുമെന്നതും ഇതിന്റെ ഫലമാണ്. വിദ്യാര്‍ഥി സമൂഹം ഈ അടിസ്ഥാന തല ഐക്യം തിരിച്ചറിയുകയും ശക്തമായി പ്രയോഗവത്കരിക്കുകയും ചെയ്യുന്നുണ്ട്. കേരളം പോലുള്ള ഗൂഢ സവര്‍ണ ലിബറല്‍ പ്രദേശത്ത് ഇവക്ക് വ്യാപകത്വം ലഭിക്കുന്നില്ല. എന്നാല്‍, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പോലുള്ള ശ്രദ്ധേയമായ ഇന്ത്യന്‍ കലാലയങ്ങളില്‍ അംബേദ്കര്‍ വിദ്യാര്‍ഥി സംഘടനകളില്‍ ദലിത് മുസ്‌ലിം വിഭാഗങ്ങളുടെ സഹവര്‍ത്തിത്വം കൂടിയുണ്ട്. അത്തരം മുന്നേറ്റങ്ങളാണ് വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തെ പുതിയ പ്രതീക്ഷകളിലേക്ക് നയിച്ചത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം കൂട്ടായ്മകളാണ് ദലിത് മുസ്‌ലിം പ്രശ്‌നങ്ങളെ ശരിയായ മട്ടില്‍ അഭിമുഖീകരിക്കുന്നത്. ഇത് ഇന്ത്യയിലെ പുതിയ ബഹുജന രാഷ്ട്രീയമായി ഉയരുന്നു എന്നതാണ് ഉന നല്‍കുന്ന പ്രതീക്ഷ.

ഇടത് ലിബറല്‍ വ്യവഹാരങ്ങള്‍ ഇത്തരം മുന്നേറ്റങ്ങളെ സ്വത്വരാഷ്ട്രീയം എന്ന് പേരിട്ട് അവഗണിക്കുകയും അവമതിക്കുകയുമാണ് ചെയ്തുപോന്നത്. അനുഭവങ്ങളെ മുന്‍നിര്‍ത്തി, ജനാധിപത്യപരമായി, ഇടത് സംരക്ഷ ണത്തിലല്ലാതെ ഉയര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയങ്ങളോടുള്ള മുന്‍വിധിയാണ് ഇതിലൂടെ പ്രകടമാവുന്നത്. എന്നാല്‍, ഇടത് രാഷ്ട്രീയത്തിന് ഇന്ന് ഈ യാഥാര്‍ഥ്യത്തെ ഗുണപരമായി അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. സഹവര്‍ത്തിത്വത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഏതു സിദ്ധാന്തങ്ങളേക്കാളും ഗുണംചെയ്യുക എന്നത് തന്നെയാണ് പുതിയ മുന്നേറ്റങ്ങള്‍ നല്‍കുന്ന പാഠം.

ദലിത്-മുസ്‌ലിം ഐക്യം വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമാണെങ്കിലും സമാന്തരമായി അവര്‍ക്കിടയിലുള്ള ആന്തരിക ഛിദ്രതകളെ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. വിവിധ വിഭാഗങ്ങളായി ചിതറിക്കിടക്കുകയും പരസ്പരം തൊട്ടുകൂടായ്മകള്‍ പാലിക്കുകയും ചെയ്യുന്ന ദലിത് വിഭാഗങ്ങള്‍ അവ കൈയൊഴിച്ചുകൊണ്ട് വര്‍ത്തമാന രാഷ്ട്രീയം തിരി ച്ചറിവോടുകൂടി ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ദലിതരില്‍ തന്നെ ഏറ്റവും താഴ്ന്നവരായി ഗണിക്കപ്പെടുന്ന വാല്‍മീകീ പോലുള്ള സമുദായത്തെ ഇത്തരം മുന്നേറ്റങ്ങളില്‍ പങ്കാളികളാക്കുകയും സഹജീവിതത്തിലൂടെ എല്ലാവരെയും ഒന്നായിക്കാണുകയും ചെയ്യുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് ജിഗ്നേഷ് മേവാനി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

_______________________________________
ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ഒരു മതത്തിലേക്ക് കടന്നുവരിക എന്നത് ആവശ്യമില്ല. അവരവരുടെ മതവി ശ്വാസവും രാഷ്ട്രീയ സങ്കല്‍പ്പനങ്ങളും നിലനിര്‍ത്തി ക്കൊണ്ടുതന്നെയുള്ള സഹവര്‍ത്തിത്വമാണ് പുതിയ കാലത്ത് പ്രധാനമായിട്ടുള്ളത്. സവര്‍ണാധിപ ത്യപരമായ സങ്കല്‍പ്പങ്ങള്‍ക്കെതിരെ യോജിക്കാവുന്ന മേഖലകളില്‍ എല്ലാ വിഭാഗങ്ങളുമായും ഒരുമിച്ചു നില്‍ക്കാവുന്നതാണ്. രാജ്യത്ത് വംശീയ കലാപങ്ങളും ചില വിഭാഗങ്ങളോടുള്ള അവിശ്വാ സങ്ങളും ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ആധിപത്യ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ അതുമാത്രമാണ് വഴി. മഹാത്മാ ഫൂലെയെപ്പോലെയുള്ള നവോത്ഥാന നായകര്‍ ദലിത് വിമോചനപ്രവര്‍ത്തനങ്ങളില്‍ തന്നോട് യോജിക്കുന്ന ബ്രാഹ്മണരെ സഹപ്രവര്‍ത്തകരാക്കിയിരുന്നു. അംബേദ്കര്‍ക്കും അത്തരം സഹകാരികളുണ്ടായിരുന്നു. കീഴാള രാഷ്ട്രീയ ഉണര്‍വിന് ഏറ്റവും കരുത്തുപകര്‍ന്ന വി.പി. സിംങിനെ പ്പോലെയുള്ളവര്‍ ബ്രാഹ്മണരായിരുന്നു. പെരിയാര്‍ ഇ.വി രാമസ്വാമി തമിഴ്‌നാട്ടിലെ മേധാവിത്വ ജാതിയായ ശൂദ്രരിലെ നായ്ക്കര്‍ വിഭാഗമായിരുന്നു. ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത് ജന്മംകൊണ്ട് മനുഷ്യരെ വേര്‍ത്തിരിക്കലല്ല മറിച്ച് രാഷ്ട്രീയപരമായ അവബോധമുണ്ടാകലാണ് സമര മുഖങ്ങളില്‍ പ്രധാനം എന്നതാണ്.
_______________________________________ 

ഇതുപോലെ മുസ്‌ലിംകള്‍ക്കി ടയിലുള്ള പലതരം ജാതിബോധങ്ങള്‍ പിഴുതുകളയാനുള്ള ശ്രമങ്ങള്‍ ഏറ്റവും ശക്തമായി നടക്കേണ്ടതുണ്ട്. ബ്രാഹ്മണ മൂല്യബോധം ഇന്ത്യയിലെ മുഴുവന്‍ മത വിഭാഗങ്ങളും സ്വാംശീകരിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ ആന്തരികമായ ശ്രേണീബന്ധങ്ങള്‍ തകര്‍ത്തെറിയുക എന്നത് വിമോചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബാധ്യതയാണ്. ഇതോടൊപ്പം ദലിതരും മുസ്‌ലിംകളും തമ്മിലുള്ള വിശ്വാസം രൂപപ്പെടുത്തിയെടുക്കല്‍ അത്യാവശ്യമാണ്. സാമ്പത്തികാധികാരവും വരേണ്യ സമ്പ്രദായവുമുള്ള മുസ്‌ലിംകള്‍ ദലിതരോട് ഉച്ഛനീചത്വം പുലര്‍ത്തുന്നത് ഇസ്‌ലാമിക മൂല്യങ്ങളോടു തന്നെയുള്ള നിരാകരണമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. എല്ലാവരെയും മനുഷ്യരായിക്കാണുന്ന ഇസ്‌ലാമിന്റെ പ്രയോഗവത്കരണത്തിലാണ് പഴയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ആവേശംകൊണ്ടിരുന്നത്. നാസ്തികനായ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ തന്റെ സാമൂഹ്യ വിമോചന സ്വപ്നങ്ങളില്‍ ഇസ്‌ലാമിനെ ഒന്നാമതായി വിലയിരുത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ ദ്രാവിഡ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം വഹിച്ച പെരിയാര്‍ അവര്‍ണര്‍ക്ക് ഹിന്ദുത്വത്തിന്റെ ആധിപത്യത്തില്‍ നിന്ന് മുക്തിനേടാന്‍ ഇസ്‌ലാം ഒരു വഴിയാണെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിംകള്‍ അക്രമാസക്തരായ ജനതയാണെന്നും ഇസ്‌ലാം ശരിയായ തെരഞ്ഞെടുപ്പല്ലെന്നും പെരിയാറിനോട് പല സുഹൃത്തുക്കളും ഉപദേശിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞത് ബ്രാഹ്മണാധിപത്യത്തെ ചെറുക്കാനുള്ള ധീരതയെയാണ് നിങ്ങള്‍ അക്രമാസക്തരായി വിശേഷിപ്പിക്കുന്നതെന്നായിരുന്നു. ദുര്‍ബലരും അടിമ മനോഭാവവുമുള്ള അവര്‍ണര്‍ക്ക് ഇസ്‌ലാമിന്റെ ഈ ‘ആക്രമണ ശേഷി’ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സഹോദരന്‍ അയ്യപ്പനും ഇത്തരം ആശയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. യുക്തിവാദിയായി ജീവിച്ച സഹോദരനയ്യപ്പന്‍ ഈഴവര്‍ മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ഇസ്‌ലാമാണ് നല്ല തെരഞ്ഞെടുപ്പെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ഘര്‍വാപസി പോലുള്ള ഹിന്ദുത്വ അജണ്ടകള്‍ യഥാര്‍ഥത്തില്‍ ഇസ്‌ലാമിനോടുള്ള വെറുപ്പ് മാത്രമല്ല. കീഴാള ജനത ഇസ്‌ലാമിനെ പുല്‍കിയേക്കുമെന്ന ഭയംകൂടിയാണ് പ്രകടമാക്കുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രം സൂക്ഷ്മമായി വിലയിരുത്തിയാല്‍ അടിമ ജീവിതത്തില്‍ നിന്നും ക്രൈസ്തവ-ഇസ്‌ലാം മതങ്ങളിലേക്കുള്ള കീഴാളരുടെ പരിവര്‍ത്തനമാണ് അതിനുള്ള കാരണം എന്നുകാണാം. തിരുവിതാംകൂറില്‍ അടിമത്തമവസാനിപ്പിക്കാന്‍ മിഷനറിമാര്‍ ആവശ്യപ്പെടുമ്പോള്‍ ‘പിന്നെയാരാണ് നമുക്ക് ഭക്ഷണമുല്‍പദിപ്പിച്ചു തരിക’ എന്നായിരുന്നു കാര്‍ത്തിക തിരുനാള്‍ ചോദിച്ചത്. മതപരിവര്‍ത്തനം എന്ന ഭീഷണിയാണ് ക്ഷേത്രപ്രവേശന വിളംബരമടക്കമുള്ള പല നടപടികള്‍ക്കും രാജാക്കന്മാര്‍ സന്നദ്ധരാവാന്‍ കാരണം. മതപരിവര്‍ത്തനം എന്ന വാക്ക് തന്നെ പ്രശ്‌നഭരിതമാണ്. ഒരു മതവുമില്ലാതിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ തങ്ങളെ അടിമകളാക്കിയിരുന്ന ഒരു വ്യവസ്ഥിതിയില്‍ നിന്നും കുതറി രക്ഷപ്പെടു കയായിരുന്നു യഥാര്‍ഥത്തില്‍ ഇവിടെ സംഭവിച്ചത്. ഇത് മതപരിവര്‍ത്തനമായി വ്യവഹരിക്കുമ്പോള്‍ കീഴാളര്‍ ഹിന്ദുക്കളായിരുന്നു എന്ന തെറ്റായ ബോധമാണ് നിര്‍മിക്കപ്പെടുന്നത്. അതുകൊണ്ടാണ് മതമില്ലാത്ത സമൂഹങ്ങള്‍ ഇസ്‌ലാം പോലുള്ള മതങ്ങളിലേക്ക് കടന്നുവരുമ്പോള്‍ അതിനെ മതാരോഹം എന്നു വിശേഷിപ്പിക്കണമെന്ന് പല ചിന്തകരും പറയുന്നത്..

ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ഒരു മതത്തിലേക്ക് കടന്നുവരിക എന്നത് ആവശ്യമില്ല. അവരവരുടെ മതവിശ്വാസവും രാഷ്ട്രീയ സങ്കല്‍പ്പനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെയുള്ള സഹവര്‍ത്തിത്വമാണ് പുതിയ കാലത്ത് പ്രധാനമായിട്ടുള്ളത്. സവര്‍ണാധിപത്യപരമായ സങ്കല്‍പ്പങ്ങള്‍ക്കെതിരെ യോജിക്കാവുന്ന മേഖലകളില്‍ എല്ലാ വിഭാഗങ്ങളുമായും ഒരുമിച്ചുനില്‍ക്കാവുന്നതാണ്. രാജ്യത്ത് വംശീയ കലാപങ്ങളും ചില വിഭാഗങ്ങളോടുള്ള അവിശ്വാസങ്ങളും ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ആധിപത്യ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ അതുമാത്രമാണ് വഴി. മഹാത്മാ ഫൂലെയെപ്പോലെയുള്ള നവോത്ഥാന നായകര്‍ ദലിത് വിമോചനപ്രവര്‍ത്തനങ്ങളില്‍ തന്നോട് യോജിക്കുന്ന ബ്രാഹ്മണരെ സഹപ്രവര്‍ത്തകരാക്കിയിരുന്നു. അംബേദ്കര്‍ക്കും അത്തരം സഹകാരികളുണ്ടായിരുന്നു. കീഴാള രാഷ്ട്രീയ ഉണര്‍വിന് ഏറ്റവും കരുത്തുപകര്‍ന്ന വി.പി. സിംങിനെപ്പോലെയുള്ളവര്‍ ബ്രാഹ്മണരായിരുന്നു. പെരിയാര്‍ ഇ.വി രാമസ്വാമി തമിഴ്‌നാട്ടിലെ മേധാവിത്വ ജാതിയായ ശൂദ്രരിലെ നായ്ക്കര്‍ വിഭാഗമായിരുന്നു. ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത് ജന്മംകൊണ്ട് മനുഷ്യരെ വേര്‍ത്തിരിക്കലല്ല മറിച്ച് രാഷ്ട്രീയപരമായ അവബോധമുണ്ടാകലാണ് സമര മുഖങ്ങളില്‍ പ്രധാനം എന്നതാണ്.

ബ്രാഹ്മണ മൂല്യബോധം സ്വന്തം ശരീരത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇനിയും കുടഞ്ഞുകളയാത്ത മുസ്‌ലിംകളിലും ദലിത്-പിന്നാക്കക്കാരിലും പെട്ട മധ്യവര്‍ഗ പ്രതിനിധികള്‍ കൂടുതല്‍ ആഴത്തില്‍ രാഷ്ട്രീയ ബോധം ആര്‍ജിക്കേണ്ടതുണ്ട്. അതിനുള്ള വൈജ്ഞാനികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കിടയില്‍ ശക്തമായ രീതിയില്‍ നടക്കണം. എങ്കില്‍ മാത്രമേ ആന്തരിക വൈരുധ്യങ്ങളില്‍ നിന്ന് സ്വതന്ത്രമായി പരസ്പര ഐക്യത്തോടുകൂടിയുള്ള മുന്നേറ്റം അവര്‍ക്കിടയില്‍ തന്നെ സാധ്യമാവുകയുള്ളൂ. ഓരോ വിഭാഗത്തിന്റെയും സ്വന്തമായ ആശയം പ്രകാശിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യവും അവരവരുടെ രാഷ്ട്രീയകര്‍തൃത്വവും പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള സഹകരണവുമാണ് വേണ്ടത്. സവര്‍ണ ബുദ്ധിജീവികള്‍ ചെയ്തിരുന്നതുപോലെ ദലിതരുടെയും മുസ്‌ലിംകളുടെയും രക്ഷാകര്‍തൃത്വം തങ്ങള്‍ ഏറ്റെടുത്തുകൊള്ളാം എന്ന മനോഭാവം ഈ ഐക്യ നിരക്ക് നന്നല്ല. സംരക്ഷക മനോഭാവം ഉപേക്ഷിക്കുകയും ഏറ്റവും സങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ നിരുപാധിക പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് മുന്നേറുമ്പോള്‍ മാത്രമേ ദലിത് മുസ്‌ലിം രാഷ്ട്രീയം ഭാവിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ശരിയായ ഊര്‍ജം പ്രസരിപ്പിക്കുകയുള്ളൂ.

Top