മനുഷ്യാവകാശ പ്രഖ്യാപനം: നിതാന്ത ജാഗ്രതയാണ് വില

December 10, 2016

പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ചുണ്ടായ കരാര്‍, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരികാവകാശങ്ങളെപ്പറ്റി ഉണ്ടായ കരാര്‍, ശാരീരികവും മാനസികവുമായ പീഡനം വിലക്കുന്ന കരാര്‍ ഇവയൊക്കെ അതിന്റെ തുടര്‍ച്ചയാണ്. ഏതു ഏകാധിപതിയും മനുഷ്യാവകാശ ലംഘനം നടത്തുന്നതിനുമുമ്പ് ഒരു നിമിഷം മനുഷ്യാവകാശ പ്രഖ്യാപനത്തെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും. അതേയവസരം, ഒരവകാശവും ഒരു ഭരണകൂടവും പൗരന്മാര്‍ക്കു വെറുതെ അനുവദിച്ചു തരികയില്ലെന്ന സത്യവും നമുക്കു വിസ്മരിക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യത്തിനു നല്‍കേണ്ട വില നിതാന്ത ജാഗ്രത യാണ്. ജാഗ്രതയില്ലെങ്കില്‍ ഭരണഘടനയും യുഎന്‍ ചാര്‍ട്ടും അന്താരാഷ്ട്ര കരാറുകളുമെല്ലാം വെള്ളത്തിലെഴുതിയ വരകള്‍ പോലിരിക്കും.

വിശേഷിച്ചു പ്രത്യയശാസ്ത്രപരമായ അടിസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന പ്രാക്തനഭരണകൂടങ്ങള്‍ക്കു നിയമത്തിനു പരിഗണിക്കാവുന്ന ഒരേയൊരു അടിസ്ഥാനം മതങ്ങളായിരുന്നു. ഭരണാധികാരികള്‍ പലപ്പോഴും മതസംവിധാനത്തിന്റെ കേന്ദ്രബിന്ദുവായി നിന്നു. ദൈവങ്ങളിലേക്കായിരുന്നു രാജാവ് തന്റെ വംശാവലി ഘടിപ്പിച്ചിരുന്നത്. ഉത്തരേന്ത്യയില്‍ ഭരണം നടത്തിയ പല ഗോത്രത്തലവന്മാരും ദേവന്മാരുടെ സന്താനങ്ങളായിട്ടാണു സ്വയം പരിഗണിച്ചിരുന്നത്. മഹാഭാരത യുദ്ധത്തില്‍ ഇരുഭാഗത്തുനിന്നും പോരാടിയിരുന്ന വീരന്മാര്‍ക്കൊക്കെ പിതാക്കന്മാര്‍ ദേവന്മാരായിരുന്നു. വലിയ ദൈവങ്ങളുടെ താഴെയുള്ള ചെറുകിടക്കാരുടെ മക്കളായിരുന്നു ചിലര്‍. ഇന്ദ്രന്റെ മകനായിരുന്നു അര്‍ജുനന്‍. ഭീമന്‍ വായുഭഗവാന്റെ സന്താനമായിരുന്നു. ഗ്രീക്ക് ഇതിഹാസങ്ങളിലും അത്തരം സങ്കല്‍പങ്ങള്‍ കാണാവുന്നതാണ്. അഖ്‌ലി സിയൂസിന്റെ മകനായിരുന്നു. ട്രോജന്‍ യുദ്ധത്തില്‍ ദേവഗണങ്ങള്‍ മഹാഭാരതയുദ്ധത്തിലെന്നപോലെ ഇരുഭാഗത്തും ചേര്‍ന്നു തങ്ങളുടെ സന്താനങ്ങളെ സഹായിക്കുന്നതായി കാണാം. ജപ്പാനിലെ രാജാക്കന്മാരുടെ തന്ത സൂര്യദേവനായിരുന്നു. പ്രജകളെ ഭരിക്കുന്നതിനുള്ള ഒരു പ്രചാരണ തന്ത്രം എന്ന നിലയ്ക്കു മാത്രമാണ് ഇത്തരം വിശ്വാസങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍തന്നെ നിയമനിര്‍മാണത്തിനു വിശ്വാസപരമായ ഒരംഗീകാരമുണ്ടായിരുന്നു. രാജാവ് തന്നെയായിരുന്നു നിയമം. ഞാനാണു രാഷ്ട്രം എന്നു പിന്നീട് ഒരു ഫ്രഞ്ചുചക്രവര്‍ത്തി പ്രഖ്യാപിച്ചതായി കേട്ടിട്ടുണ്ട്. രാജാധികാരം ദൈവദത്തമായിരുന്നുവെന്നാണ് ലൂയി പതിന്നാലാമന്‍ കരുതിയിരുന്നത്. ഭരണകര്‍ത്താവ് ഒരു നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ രാജ്യഭരണം കയ്യാളുന്ന അവസ്ഥ ആധുനിക യുഗത്തിന്റെ സംഭാവനയാണെന്നു കരുതുന്നതിനെ ചരിത്രം പിന്തുണയ്ക്കുന്നില്ല. നിയമവ്യവസ്ഥ വേറെ നില്‍ക്കുകയും അതിനനുസരിച്ചുഭരണകര്‍ത്താവ് ഭരിക്കുകയും ചെയ്യുന്ന അവസ്ഥ അത്ര പുതിയതല്ല. രാജാവിനെ ദൈവിക നിയമങ്ങള്‍ ഭരിക്കണമെന്ന ആശയം എല്ലാ മതങ്ങളിലും കാണുന്നുണ്ട്. നിയമസംഹിതകള്‍ രൂപപ്പെടുന്നത് അങ്ങിനെയാണ്. ഭരണകര്‍ത്താവിന്റെ മേലുള്ള നിയന്ത്രണത്തിന് അത് അത്യന്താപേക്ഷിതമായിരുന്നു. മതങ്ങള്‍ നിയമസംഹിതകളായിരുന്നു എന്നതില്‍ സംശയമില്ല. പല മതങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള വിവേചനത്തിനു വിശ്വാസപരമായ അടിസ്ഥാനമുണ്ടായിരുന്നു. ഓരോ ജാതിക്കും ഓരോ ധര്‍മ്മം എന്നു ഹിന്ദുമതം അനുശാസിക്കുന്നതായി കാണാം. ധര്‍മ്മപരിപാലനത്തിന്നാണ് അവതാരങ്ങള്‍ വരുന്നത്. ധര്‍മ്മം ജയിക്കുമ്പോള്‍ അധര്‍മ്മവും ക്രമേണ അരാജകത്വവുമുണ്ടാവുന്നു. അതിനാല്‍തന്നെ അവതാര സങ്കല്‍പം നിയമവ്യവസ്ഥയുടെ പുനസ്ഥാപനത്തിനുള്ള ഒരു മാര്‍ഗമായി കണക്കാക്കാവുന്നതാണ്.

മുമ്പൊക്കെ പ്രജകള്‍ മാത്രമാണുണ്ടായിരുന്നത്. ഭരണകര്‍ത്താവിന്റെ കാരുണ്യത്തിനു വിധേയമായാണ് അവര്‍ കഴിഞ്ഞു പോന്നിരുന്നത്. രാജാവിന്റെ ഇഷ്ടത്തിനനുസരിച്ചാണു പ്രജകളുടെ നിലനില്‍പ്പ്. ചിലര്‍ അപ്പോള്‍ അടിമകളാവും ചിലര്‍ ഉടമകളാവും. മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്ന അവസ്ഥയുണ്ടാവും. അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചായിരുന്നു എല്ലാം. അധികാരമായിരുന്നു നീതിയുടെ മാനദണ്ഡം.ഈ അവസ്ഥ എല്ലായിടത്തും ഒരുപോലെ നിലനിന്നിരുന്നു എന്നു പറഞ്ഞുകൂടാ. പ്രവാചകന്മാരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ഭരണാധികാരിക്കൊരുനിയമം ഭരണീയനു മറ്റൊരു നിയമം എന്ന അവസ്ഥയല്ല ഉണ്ടായിരുന്നത്. നമുക്കു ലഭ്യമായ വസ്തുതകള്‍ വച്ചുനോക്കുമ്പോള്‍ മധ്യപൗരസ്ത്യദേശത്തെ സംസ്‌കാര-നാഗരികതകളില്‍നിന്നാണു ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. മറ്റു നാടുകളില്‍ അത്ര കൃത്യമായ രേഖപ്പെടുത്തിയ ചരിത്രവിവരങ്ങള്‍ അപൂര്‍വമാണ്.

___________________________________
1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം മറ്റൊരു രീതിയില്‍ അതാണു പ്രഖ്യാപിക്കുന്നത്. മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും നിലീനമായ അന്തസ്സുണ്ടെന്നും അതു സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവ ലോകത്തു നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണെന്നും മനുഷ്യാവകാശ പ്രഖ്യാപനം സംശയരഹിതമായി വ്യക്തമാക്കുന്നു. 1948 ഡിസംബര്‍ 10നു യുഎന്‍ പൊതുസഭതന്നെയാണ് അത് അംഗീകരിക്കുന്നത്. ആദം സന്തതികളെ നാം അന്തസ്സുള്ളവരാക്കിയിരിക്കുന്നു എന്ന ഖുര്‍ആന്റെ പ്രഖ്യാപനം അതിന്റെ വരികളില്‍ മുഴങ്ങുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ ഒരു ഭരണകൂടം പൗരന്മാര്‍ക്കു കനിഞ്ഞുനല്‍കുന്ന പ്രത്യേകാധികാരങ്ങള്‍ അല്ലെന്നും അവ ലംഘിക്കാന്‍ അധികാരികള്‍ക്ക് ഒട്ടും അവകാശമില്ലെന്നും യുഎന്‍ പൊതുസഭ വിളംബരം ചെയ്യുന്നു. 
___________________________________

മധ്യപൗരസ്ത്യദേശത്തു വന്ന പ്രവാചകന്മാരൊക്കെ നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. പലരും പ്രവാചക ദൗത്യമാരംഭിക്കുന്നതുതന്നെ രാജാക്കന്മാര്‍ക്കെതിരായാണ്. നിയമവാഴ്ചയ്ക്കു പുതുജീവന്‍ നല്‍കുകയാണ് അവരുടെ ദൗത്യം. ചിലപ്പോഴവര്‍ പരാജയപ്പെടുന്നു. വിജയിക്കുമ്പോള്‍ നിയമവ്യവസ്ഥ പൂര്‍ണമായി പുനഃസ്ഥാപിക്കുന്നു. അപ്പോള്‍ പ്രജകള്‍ വീണ്ടും പൗരന്മാരായി മാറുന്നു. ഭരണാധികാരി അനീതി കാണിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നതു ധര്‍മമാവുന്നു. അനീതിക്കു കീഴടങ്ങുന്നത് അധര്‍മമാവുന്നു. പ്രജകള്‍ പൗരന്മാരാവുന്ന ഈ പ്രക്രിയ യൂറോപ്യന്‍ നവോത്ഥാന കാലത്തു മറ്റൊരു രീതിയിലാണു പ്രത്യക്ഷപ്പെടുന്നത്. അതിനെത്രയോ മുമ്പുതന്നെ യൂറോപില്‍ രാജാക്കന്മാരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇംഗ്ലണ്ടിലെ റണിമീഡ് എന്ന സ്ഥലത്തുവച്ചു ജോണ്‍ രാജാവിനെ പ്രഭുക്കന്മാര്‍ നിര്‍ബന്ധിച്ച് ഒരു വലിയ കരാര്‍ ഒപ്പ് വെപ്പിച്ചതിനെപ്പറ്റി ചരിത്രത്തില്‍ ഉണ്ട് (ക്രി.വ. 1215). അപ്പോഴും രാജാവിനുള്ള അധികാരത്തില്‍ പ്രഭുക്കന്മാരാണ് ഇടപെടുന്നത്. സാധാരണ മനുഷ്യര്‍ പ്രജകള്‍തന്നെയായിരുന്നു. എങ്കിലും രാജാധികാരം അതോടെ അനിയന്ത്രിതമല്ലാതായി.

തുടര്‍ന്നു മിക്കവാറും യൂറോപിലാണ് പൗരാവകാശങ്ങളെ കുറിച്ച വലിയ ചിന്തകള്‍ ഉയര്‍ന്നുവരുന്നത്. 1789 ലെ ഫ്രഞ്ചുവിപ്ലവം; സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നു പദങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയും ലൂയി 14-മന്റെ  ഞാനാണു രാഷ്ട്രം എന്ന ധിക്കാരത്തിന്റെ തല ലൂയി 16-മന്റെ ഗില്ലറ്റിനിലേക്കയച്ചു അറുക്കുകയും ചെയ്തു. യൂറോപ്യന്‍ സമൂഹത്തില്‍ നിയമ വ്യവസ്ഥയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ഫ്രഞ്ചു വിപ്ലവം വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഫ്രാന്‍സില്‍ നെപ്പോളിയന്‍ രാജഭരണം തിരികെ കൊണ്ടുവന്നുവെങ്കിലും അത് എല്‍ബ ദ്വീപില്‍ അവസാനിച്ചു. തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ പൊതുവില്‍ മൗലികാവകാശങ്ങള്‍ കൂടുതല്‍ വ്യാപകമാവുന്നതാണു നാം കാണുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് പൗരന്മാരുടെ പ്രത്യേകാവകാശങ്ങളെപ്പറ്റി കൂടുതല്‍ ഉദാരമായ നിയമങ്ങള്‍ കൊണ്ടുവന്നു. പല കാരണങ്ങളാലും ഏകാധിപതികള്‍ക്കു തങ്ങളിച്ഛിക്കുന്ന തരത്തില്‍ ഭരിക്കുക അസാധ്യമായി. മനുഷ്യാവകാശ ലംഘനങ്ങള്‍ കോളനികളില്‍ ഒതുങ്ങി. കീഴാളവിഭാഗങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ അവകാശബോധം ശക്തിപ്പെടുത്തുന്നതിനു സഹായിച്ചു. പാരീസ് (1871) കമ്യൂണ്‍പോലെ പരാജയപ്പെട്ട പ്രക്ഷോഭങ്ങള്‍പോലും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചരിത്രത്തില്‍ പ്രധാനമായിരുന്നു. കടുത്ത ഏകാധിപത്യം റഷ്യയിലും ചില കിഴക്കന്‍ രാജ്യങ്ങളിലുമായൊതുങ്ങി. പാര്‍ലമെന്ററി ജനാധിപത്യം എന്ന ആശയത്തിനു സ്വീകാര്യതയേറി. മനുഷ്യാവകാശങ്ങള്‍ സാര്‍വജനീനമാവണം എന്ന സങ്കല്‍പം, യൂറോപില്‍ ഫാഷിസം കൊടികയറിയതോടെയാണു കൂടുതല്‍ സ്വീകാര്യമാവുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നപ്പോള്‍ മനുഷ്യാവകാശങ്ങള്‍ മത-വര്‍ഗ-വര്‍ണ വ്യവസ്ഥയില്ലാതെ ഏവര്‍ക്കും ലഭ്യമാവണമെന്ന ചിന്ത ശക്തമായി. മനുഷ്യന്‍ ഈ ഭൂമിയില്‍ ജനിച്ചുവീഴുന്നത് അലംഘനീയമായ ചില അവകാശങ്ങളുമായിട്ടാണ്.

1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം മറ്റൊരു രീതിയില്‍ അതാണു പ്രഖ്യാപിക്കുന്നത്. മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും നിലീനമായ അന്തസ്സുണ്ടെന്നും അതു സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവ ലോകത്തു നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണെന്നും മനുഷ്യാവകാശ പ്രഖ്യാപനം സംശയരഹിതമായി വ്യക്തമാക്കുന്നു. 1948 ഡിസംബര്‍ 10നു യുഎന്‍ പൊതുസഭതന്നെയാണ് അത് അംഗീകരിക്കുന്നത്. ആദം സന്തതികളെ നാം അന്തസ്സുള്ളവരാക്കിയിരിക്കുന്നു എന്ന ഖുര്‍ആന്റെ പ്രഖ്യാപനം അതിന്റെ വരികളില്‍ മുഴങ്ങുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ ഒരു ഭരണകൂടം പൗരന്മാര്‍ക്കു കനിഞ്ഞുനല്‍കുന്ന പ്രത്യേകാധികാരങ്ങള്‍ അല്ലെന്നും അവ ലംഘിക്കാന്‍ അധികാരികള്‍ക്ക് ഒട്ടും അവകാശമില്ലെന്നും യുഎന്‍ പൊതുസഭ വിളംബരം ചെയ്യുന്നു. പൗരാവകാശങ്ങള്‍ വ്യാപകമാക്കുന്ന മറ്റു പല അന്താരാഷ്ട്ര കരാറുകളും രൂപപ്പെടുന്നതിന് ആമുഖമായി മാറിയിട്ടുണ്ട് ഈ മനുഷ്യാവകാശ പ്രഖ്യാപനം. പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ചുണ്ടായ കരാര്‍, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരികാവകാശങ്ങളെപ്പറ്റി ഉണ്ടായ കരാര്‍, ശാരീരികവും മാനസികവുമായ പീഡനം വിലക്കുന്ന കരാര്‍ ഇവയൊക്കെ അതിന്റെ തുടര്‍ച്ചയാണ്. ഏതു ഏകാധിപതിയും മനുഷ്യാവകാശ ലംഘനം നടത്തുന്നതിനുമുമ്പ് ഒരു നിമിഷം മനുഷ്യാവകാശ പ്രഖ്യാപനത്തെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും. അതേയവസരം, ഒരവകാശവും ഒരു ഭരണകൂടവും പൗരന്മാര്‍ക്കു വെറുതെ അനുവദിച്ചു തരികയില്ലെന്ന സത്യവും നമുക്കു വിസ്മരിക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യത്തിനു നല്‍കേണ്ട വില നിതാന്ത ജാഗ്രതയാണ്. ജാഗ്രതയില്ലെങ്കില്‍ ഭരണഘടനയും യുഎന്‍ ചാര്‍ട്ടും അന്താരാഷ്ട്ര കരാറുകളുമെല്ലാം വെള്ളത്തിലെഴുതിയ വരകള്‍ പോലിരിക്കും.

Top