ബൈനറികളുടെ സദാചാരം

ലൈംഗിക രാഷ്ട്രീയം, ലിംഗരാഷ്ട്രീയം, സദാചാരവിരുദ്ധ ഉണര്‍വ്വുകള്‍ തുടങ്ങിയവയൊക്കെ ‘പുരോഗമന’ ആഖ്യാനത്തിലേക്ക് ഉള്ളടക്കം ചെയ്യപ്പെടുന്നതോടെ ‘പുരോഗമന’ മായി മനസിലാക്കപ്പെടാത്ത മതം, സമുദായം, ജാതി തുടങ്ങിയ അനുഭവങ്ങളെ തിരസ്‌ക്കരിച്ചുകൊണ്ട് അവ എളുപ്പം ഇടതുമതേതരരാഷ്ട്രീയ പ്രമേയങ്ങളായി രൂപാന്തരണം ചെയ്യപ്പെടുന്നു. കേരളത്തിലെ സദാചാരവുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചകളും ആരംഭിക്കുന്നത് തന്നെ ഒരുവിധ പ്രകോപനവുമില്ലാതെ ഹിന്ദുത്വത്തിനെയും ഇസ്ലാമിനെയും ഒരു നാണയത്തില്‍ പതിച്ചുകൊണ്ടാണ്. സ്വത്വങ്ങളെയും വിശ്വാസങ്ങളെയും ഇത്രയെളുപ്പത്തില്‍ ഒരു ബ്രാന്റിലൊതുക്കി കൊണ്ട് മതേതര ആധുനികതയുടെ സാര്‍വ്വലൗകിക സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പ്രക്രിയയായി മാറാന്‍ ശ്രമിക്കുന്നു എന്നതുതന്നെയാണ് സമീപകാലത്ത് നടന്ന ചുംബനസമരത്തിന്റെ വലിയൊരു ഹിംസ.

പ്രമുഖ സൗത്തേഷ്യന്‍ ചിന്തകനായ ജോസഫ് മസാദ് The empire of sexuality എന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച തന്റെ അഭിമുഖം ആരംഭിക്കുന്നത് ലൈംഗികത, ലൈംഗിക സ്വത്വം എന്നത് സവിശേഷമായ യൂറോ-അമേരിക്കന്‍ ചരിത്രസന്ദര്‍ഭത്തിലുള്ളതും അവിടങ്ങളിലെ സാമൂഹിക രൂപീകരണവുമായി ബന്ധപ്പെട്ടു ഷേയ്പ്പ് ചെയ്യപ്പെട്ടതുമായ കാര്യമാണ് എന്ന് വാദിച്ചുകൊണ്ടാണ്. അഥവാ, നവലൈംഗികത/ലൈംഗിക രൂപീകരണങ്ങള്‍ എന്ന സാംസ്‌കാരിക സംവര്‍ഗ്ഗം യൂറോ-അമേരിക്കനാണെന്നും അത് സാര്‍വ്വലൗകികവല്‍ക്കരിക്കപ്പെടേണ്ട ഒന്നല്ല എന്നുമാണ്. മറ്റൊരുതരത്തില്‍ പൗരസ്ത്യ ലൈംഗികരാഷ്ട്രീയത്തെ സ്വന്തമായ വ്യവഹാരവും അസ്ഥിത്വവുമുള്ള വ്യത്യസ്തമായ ഒന്നായി മനസ്സിലാക്കാനുള്ള ഇടം കൂടിയാകണം മദാസ് തരുന്നത്. അതേസമയം, നമലൈംഗികത (മസാദ് സൂചിപ്പിക്കുന്ന) എങ്ങനെയാണ് വ്യത്യസ്തമായ കീഴാള സമുദായങ്ങളെ നിഷേധിച്ചുകൊണ്ട് രൂപപ്പെടുന്നത് എന്ന് സൂക്ഷ്മമായി മനസിലാക്കേണ്ടതുണ്ട്. Racism in the closet: interrogating post colonial sexuality എന്ന പഠനത്തില്‍ ബെന്‍ പിച്ചറും ഹെന്റിച്ച് ഗുന്‍കലും (Henriette Gunkel and Ben Pitcher) വാദിക്കുന്നത് ജര്‍മനിയിലെ മുസ്ലീം കുടിയേറ്റക്കാരെ അപരവല്‍ക്കരിച്ചും അവരെക്കുറിച്ച് തീവ്രവാദ ആരോപണം ഉയര്‍ത്തിയുമാണ് അവിടത്തെ വെള്ളക്കാരായ സ്വവര്‍ഗ്ഗ സംഘടന ജര്‍മ്മന്‍ ദേശീയതയോട് ലയിക്കുന്നതെന്നാണ്. കുടിയേറ്റക്കാരായ മുസ്ലീംകളെ സംബന്ധിച്ച് ഭീതിയും അവിശ്വാസവും വളര്‍ത്തുകയും ജര്‍മ്മനിയുടെ ദേശമൂല്യങ്ങള്‍ക്ക് അവര്‍ ഭീഷണിയാണെന്ന് വരുത്തുകയും ചെയ്യുക വൈറ്റ് ഗൈ മൂവ്‌മെന്റ് ചെയ്യുന്ന പ്രധാന കൃത്യമാണ്. അവര്‍ മുഖ്യധാരയില്‍ ഇഴുകിച്ചേരുന്നത് ഇത്തരമൊരു അപരവല്‍ക്കരണം സാധ്യമാക്കിക്കൊണ്ടാണ്. അതിനായി അവര്‍ ഉപയോഗിക്കുന്ന പ്രമുഖമായ രാഷ്ട്രീയ ടൂളാണ് പുരോഗമനം എന്നത്.
കുടിയേറ്റ സമൂഹം അപരിഷ്‌കൃതരും പുരോഗമനത്തോട് മുഖം തിരിക്കുന്നവരുമാണെന്ന സ്റ്റീരിയോടൈപ്പ് വ്യാപകമായി ഉപയോഗിച്ച് കൊണ്ട് ജര്‍മ്മനിയിലെ വംശീയ ലൈംഗിക രാഷ്ട്രീയം വൈറ്റ്-ജര്‍മ്മന്‍ ദേശമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുകയാണെന്ന് ഹെന്റിച്ചും പിച്ചറും വാദിക്കുന്നു. എല്ലായിടത്തും ലൈംഗികരാഷ്ട്രീയ രൂപീകരണങ്ങള്‍ ഇങ്ങനെ വംശീയമാണ് എന്ന് വാദിക്കാനല്ല ഇതു പറഞ്ഞത്. മറിച്ച് ലൈംഗികതയും അതിന്റെ രാഷ്ട്രീയരൂപീകരണങ്ങളും എല്ലായിടത്തും ഒരുപോലെയല്ല എന്നും അധികാരവ്യവഹാരത്തിനകത്ത് പ്രതിനിധാനം ചെയ്യപ്പെടുന്നു എന്ന് കാണേണ്ടതുണ്ടെന്നുമാണ്. രസകരമായ വസ്തുത, ജര്‍മിനിയിലെ വംശീയ ഗേ മൂവ്‌മെന്റ് അവിടത്തെ മുഖ്യധാര ഇടതുപക്ഷ രാഷ്ട്രീയവുമായി ഒത്തുപോകുന്നതാണെന്നുള്ളതാണ്. തീര്‍ന്നില്ല, ദേശത്തിന്റെ പുരോഗനമസ്വഭാവം നിലനിര്‍ത്താനായി അന്നത്തെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌സ് നയിക്കുന്ന ഗവണ്‍മെന്റ് പൗരന്മാര്‍ക്കായി തയാറാക്കിയ ചോദ്യാവലിയിലെ പ്രധാന ചോദ്യങ്ങള്‍ എങ്ങനെയാണ് ലൈംഗികരാഷ്ട്രീയത്തെ പുരോഗമനരാഷ്ട്രീയമായി മാനദണ്ഡപ്പെടുത്തിക്കൊണ്ട് കുടിയേറ്റ മുസ്ലീം സമൂഹത്തെ അളക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ്. തുര്‍ക്കിയില്‍ നിന്ന് കുടിയേറിയവര്‍ക്കും ഇതര മുസ്ലീം രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ജര്‍മ്മന്‍ പൗരത്വം അപേക്ഷിച്ചവര്‍ക്കും വേണ്ടിയാണ് പ്രസ്തുത ചോദ്യാവലി തയ്യാറാക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ അയല്‍ക്കാരോ സുഹൃത്തുക്കളോ ഒരു ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി നിങ്ങളറിയുന്നു. അപ്പോഴെന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നതാണ് ഒരു ചോദ്യം. നിങ്ങളുടെ കുട്ടി നിങ്ങളുടെ അടുത്തുവന്നു പറയുന്നു, ഞാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്, എനിക്ക് മറ്റൊരാളോടൊപ്പം ജീവിക്കണം. അപ്പോള്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതാണ് മറ്റൊരു ചോദ്യം. അഥവാ, നവലൈംഗിക രാഷ്ട്രീയം ആസൂത്രിതമായി മുസ്ലീമിനെയും സ്വവര്‍ഗ്ഗാനുരാഗിയെയും പരസ്പരം പുറന്തള്ളിക്കൊണ്ട് വംശീയമായി പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നര്‍ത്ഥം. അപ്പോള്‍ ലൈംഗികരാഷ്ട്രീയവും സങ്കല്‍പ്പങ്ങളും ഇങ്ങനെ വംശീയമായും ഏകപക്ഷീയമായും പ്രതിനിധാനം ചെയ്യപ്പെടുന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്, വ്യത്യസ്ത മത, കുടിയേറ്റ, വംശ, ജാതി സമൂഹങ്ങളുടെ തിരഞ്ഞെടുപ്പുകളും ലൈംഗിക പരിപ്രേക്ഷ്യങ്ങളുമാണ് എന്ന് കാണാം. കൂടാതെ, എല്ലാവിധ ലൈംഗികരൂപീകരണങ്ങളും ഇത്തരം സ്വത്വാനുഭവങ്ങളില്‍ നിന്നൊക്കെ തീര്‍ത്തും വിമുക്തമായി പുരോഗമനപരം എന്ന ഏകപക്ഷീയ ആഖ്യാനത്തിനുള്ളില്‍ കടന്നുവരുന്നതിന്റെ ഹിംസ കൂടിയാണ് ഇവിടെ ബോധ്യമാകുന്നത്. കാതറീന്‍ റൗസിഗര്‍ ഫ്രാന്‍സിലെ കുടിയേറ്റ സമൂഹവുമായി ബന്ധപ്പെട്ട് അവിടത്തെ ദേശീയമൂല്യങ്ങളുടെ രൂപീകരണമെങ്ങനെ സാധ്യമായെന്ന് പരിശോധിക്കുന്നുണ്ട്. (Muslim women in France: Impossible subject) ആഫ്രിക്കന്‍ സമൂഹവും മുസ്ലിം വനിതകളും ലിംഗം, സദാചാരം, ലൈംഗികത തുടങ്ങിയവയുമായി ബന്ധപ്പെട്ട ദേശയുക്തികളെ അടിസ്ഥാനപ്പെടുത്തിയാണ് ‘അപരിഷ്‌കൃതരാ’ക്കപ്പെടുന്നത്. അത്തരം യുക്തികള്‍ക്കകത്ത് വെച്ചാണ് ആ സമുദായങ്ങളുടെ ‘noramativity’ യും ദേശസമൂഹവുമായി ലയിക്കാനുള്ള അവരുടെ കഴിവും അളന്നുനോക്കപ്പെടുന്നത്.
ലൈംഗിക രാഷ്ട്രീയം, ലിംഗരാഷ്ട്രീയം, സദാചാരവിരുദ്ധ ഉണര്‍വ്വുകള്‍ തുടങ്ങിയവയൊക്കെ ‘പുരോഗമന’ ആഖ്യാനത്തിലേക്ക് ഉള്ളടക്കം ചെയ്യപ്പെടുന്നതോടെ ‘പുരോഗമന’ മായി മനസിലാക്കപ്പെടാത്ത മതം, സമുദായം, ജാതി തുടങ്ങിയ അനുഭവങ്ങളെ തിരസ്‌ക്കരിച്ചുകൊണ്ട് അവ എളുപ്പം ഇടതുമതേതരരാഷ്ട്രീയ പ്രമേയങ്ങളായി രൂപാന്തരണം ചെയ്യപ്പെടുന്നു. കേരളത്തിലെ സദാചാരവുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചകളും ആരംഭിക്കുന്നത് തന്നെ ഒരുവിധ പ്രകോപനവുമില്ലാതെ ഹിന്ദുത്വത്തിനെയും ഇസ്ലാമിനെയും ഒരു നാണയത്തില്‍ പതിച്ചുകൊണ്ടാണ്. സ്വത്വങ്ങളെയും വിശ്വാസങ്ങളെയും ഇത്രയെളുപ്പത്തില്‍ ഒരു ബ്രാന്റിലൊതുക്കി കൊണ്ട് മതേതര ആധുനികതയുടെ സാര്‍വ്വലൗകിക സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പ്രക്രിയയായി മാറാന്‍ ശ്രമിക്കുന്നു എന്നതുതന്നെയാണ് സമീപകാലത്ത് നടന്ന ചുംബനസമരത്തിന്റെ വലിയൊരു ഹിംസ. സമുദായം, സ്ഥലം തുടങ്ങിയ സാമൂഹിക ഘടകങ്ങളുടെ പ്രതിനിധാനപരവും, രാഷ്ട്രീയ പരവുമായ എല്ലാവിധ വാദങ്ങളെയും ഇടങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് ഇടതുരാഷ്ട്രീയത്തിന്റെ ഒരുതരം പുനരുജ്ജീവനമാണ് ഈ സമരത്തിലൂടെയുണ്ടാകുന്നതെന്ന് കെ. കെ. ബാബുരാജ് തന്റെ ‘മാധ്യമം’ ലേഖനത്തില്‍ സൂചിപ്പിക്കുന്നത് സവിശേഷമാണ്. പ്രത്യേകിച്ച്, പഴയ നക്‌സല്‍ ഇടതുപക്ഷക്കാരുടെയും സാമുദായാതീത, ജാത്യാതീത, വര്‍ഗ്ഗ വിപ്ലവത്തെ സംബന്ധിച്ച എല്ലാ സ്വപ്നങ്ങളും ഉടഞ്ഞു ചിതറിയ നിരാശയില്‍ കഴിയുന്ന വിപ്ലവകാരികളുടെയും ഒരുതരം പിടച്ചിലാണ് നമുക്ക് സമീപകാല സദാചാര വിരുദ്ധ വ്യവഹരങ്ങളില്‍ അധികവും കാണാനാവുക. എന്നാല്‍, ഇടതുപക്ഷക്കാര്‍ പ്രതികളായ പ്രശ്‌നങ്ങളിലൊന്നും നമുക്ക് ഈ വ്യവഹാരകര്‍ത്താക്കളെ കാണാന്‍ സാധ്യവുമല്ല.

__________________________________
സമുദായം, സ്ഥലം തുടങ്ങിയ സാമൂഹിക ഘടകങ്ങളുടെ പ്രതിനിധാനപരവും, രാഷ്ട്രീയ പരവുമായ എല്ലാവിധ വാദങ്ങളെയും ഇടങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് ഇടതുരാഷ്ട്രീയത്തിന്റെ ഒരുതരം പുനരുജ്ജീവനമാണ് ഈ സമരത്തിലൂടെയുണ്ടാകുന്നതെന്ന് കെ. കെ. ബാബുരാജ് തന്റെ ‘മാധ്യമം’ ലേഖനത്തില്‍ സൂചിപ്പിക്കുന്നത് സവിശേഷമാണ്. പ്രത്യേകിച്ച്, പഴയ നക്‌സല്‍ ഇടതുപക്ഷക്കാരുടെയും സാമുദായാതീത, ജാത്യാതീത, വര്‍ഗ്ഗ വിപ്ലവത്തെ സംബന്ധിച്ച എല്ലാ സ്വപ്നങ്ങളും ഉടഞ്ഞു ചിതറിയ നിരാശയില്‍ കഴിയുന്ന വിപ്ലവകാരികളുടെയും ഒരുതരം പിടച്ചിലാണ് നമുക്ക് സമീപകാല സദാചാര വിരുദ്ധ വ്യവഹരങ്ങളില്‍ അധികവും കാണാനാവുക. എന്നാല്‍, ഇടതുപക്ഷക്കാര്‍ പ്രതികളായ പ്രശ്‌നങ്ങളിലൊന്നും നമുക്ക് ഈ വ്യവഹാരകര്‍ത്താക്കളെ കാണാന്‍ സാധ്യവുമല്ല.
__________________________________ 

ദിവസങ്ങള്‍ക്ക് മുന്നേ തനിക്കെതിരെ ഉള്ള ഇടതുപക്ഷ ഗുണ്ടായിസത്തിനെതിരെ സമരം ആരംഭിച്ച കണ്ണൂര്‍, പയ്യന്നൂരിലെ ചിത്രലേഖയെ സംബന്ധിച്ച പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നായിരുന്നു അവര്‍ ചീത്ത സ്ത്രീയാണ് എന്നത്. അവര്‍ കഞ്ചാവും കള്ളും കഴിക്കുന്നുണ്ടത്രേ. വര്‍ഷങ്ങള്‍ക്ക് മുന്നേ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ചെങ്ങറ ഭൂമി സമരത്തോടനുബന്ധിച്ച് നടന്ന നിശാസമരത്തെ സംബന്ധിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കൈരളി ചാനല്‍ പുറത്ത് വിട്ട വാര്‍ത്തപ്രകാരം അവിടെ നടന്നത് അനാശാസ്യമായിരുന്നുവത്രെ. മഹിളാ സംഘടനക്കാരാകട്ടെ, പിറ്റേന്ന് വന്ന് അവിടം വൃത്തിയാക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുന്നേ ഡി. വൈ. എഫ്. ഐ. ക്കാര്‍ കോഴിക്കോട് നഗരത്തിലെ ഒരു വാടകമുറി അടിച്ചുതകര്‍ത്ത് അനാശാസ്യം നടക്കുന്നു എന്ന് ആരോപിച്ചാണ്. പ്രസ്തുത ദൃശ്യങ്ങള്‍ സ്വന്തം ചാനല്‍ തന്നെ വലിയ വീര്യകൃത്യം ചെയ്യുന്നപോലെ പുറത്തുവിടുകയുമുണ്ടായി. മലയാളി സദാചാരത്തിന്റെ സംരക്ഷകരും മലയാളി സദാചാര വിരുദ്ധത എന്ന പുരോഗമന വ്യവഹാരത്തിന്റെ സൈദ്ധാന്തികരും ഒരേപോലെ ആകാന്‍ കഴിയുന്നു എന്നതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ വ്യാവഹാരിക അധീശത്വത്തിന്റെ വലിയൊരു തെളിവ്.
കേരളത്തിന്റെ സാംസ്‌കാരിക രൂപീകരണത്തിലെ പ്രധാനഘടകമാണ് പുരോഗമനവുമായി ബന്ധപ്പെട്ട സംവാദങ്ങളും വ്യവഹാരങ്ങളും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിന്റെ സാമ്രാജ്യത്വത്തിനെതിരെ പ്രഖ്യാപിക്കപ്പെട്ടതും യുക്തിബോധത്തിലൂന്നിയതുമായ രാഷ്ട്രീയ രൂപീകരണങ്ങളാണ് പലതരത്തില്‍ കേരളത്തിന്റെ പൊതുബോധത്തെ നിര്‍ണയിച്ചിരിക്കുന്നത്. മലയാളി ധാര്‍മ്മികത, കുടുംബം, സദാചാരം തുടങ്ങിയവ നിര്‍ണയിക്കപ്പെടുന്നതില്‍ ജാതീയമായ ശുദ്ധിബോധം ആന്തരികവല്‍ക്കരിച്ച ഈ ഇടതുപക്ഷ യുക്തിബോധം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ യുക്തിബോധത്തിലൂടെ സ്ഥാപിക്കപ്പെട്ട വലിയൊരു ദ്വന്ദ്വാത്മക വിഭജനമാണ് പുരോഗമനം/യാഥാസ്ഥിതികം അല്ലെങ്കില്‍ ആധുനികം/പ്രാചീനം എന്നത്. കേരളത്തെ സാധ്യമാക്കിയ സാംസ്‌കാരിക പ്രത്യയശാസ്ത്രം തന്നെ ഈ വിഭജനമാണെന്ന് പറയാം.
എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന ചുംബനസമരവും തദനുബന്ധവിവാദങ്ങളും ചര്‍ച്ചകളും കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തെക്കുറിച്ച് അനേകം തിരിച്ചറിവുകള്‍ക്ക് കാരണമായി. പ്രമുഖ ദലിത് സംഗീതജ്ഞനും എഴുത്തുകാരനുമായ എ.എസ്. അജിത് കുമാര്‍ കുറിച്ചത് കേരളത്തിലെ പൊതുമണ്ഡലത്തിലെ, ചുംബനസമരം ബോധ്യപ്പെടുത്തിത്തന്ന വ്യാവഹാരിക തരംതിരിവായിരുന്നു പുരോഗമനം/പ്രാകൃതം എന്നത് എന്നാണ്. എഴുത്തുകാരനും ചരിത്രകാരനും ഡല്‍ഹി സര്‍വ്വകലാശാല ചരിത്രവിഭാഗം അധ്യാപകനുമായ ര്‍ അറാഫത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ ചുംബനസമരത്തോട് പ്രതിഷേധം പ്രഖ്യാപിച്ച മുസ്ലീം സംഘടനകളെ അധിക്ഷേപിക്കാനുപയോഗിച്ച ഭാഷതന്നെ ഇതു ബോധ്യപ്പെടുത്തിത്തരുന്നു. ‘പ്രാചീനയുഗത്തിലെ നരച്ച താടിക്കാരും പല്ലില്ലാത്ത മോണയുള്ള കാക്കാമാര്‍’ എന്നായിരുന്നു അവരെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ, പരിപാടിയോട് പ്രതിഷേധിച്ച സംഘടനയെ ‘വോയറിസ്റ്റുകള്‍’ എന്നും വിശേഷിപ്പിക്കുന്നുണ്ട്. വ്യാവഹാരികമായ ഈ ദ്വന്ദ്വ വിഭജനത്തെ നിലനിര്‍ത്താന്‍ പലരും കടുത്ത നുണകളെപ്പോലും അവലംബിക്കുന്നതുകാണാം. അഴിമുഖം എന്ന വെബ്‌പോര്‍ട്ടലില്‍ തദനുബന്ധമായി എഴുതിയ ദീപക് ശങ്കരനാരായണന്‍ നടത്തുന്ന വിശകലനത്തില്‍, ചുംബനസമരത്തിലെയും കേരളത്തിലെ സദാചാരവാദത്തിലെയും പ്രധാനപ്രതി കേരളത്തിലെ ഇസ്ലാമിക സംഘടനകളാണ്. ”കേരളത്തിലെ മോറല്‍ പോലീസിംഗിന് യുവമോര്‍ച്ചയല്ല, എന്‍. ഡി. എഫും, സോളിഡാരിറ്റിയും, മുസ്ലീം ലീഗുമാണ്. മലബാറിലെ ഗ്രാമങ്ങളില്‍ സംഘടിതമായി വീടുകളെ സര്‍വൈലന്‍സില്‍ നിര്‍ത്തുകയും അവിടേയ്ക്ക് രാത്രി വരുന്നവരെ തല്ലിക്കൊല്ലുകയും പൊതുസ്ഥലത്ത് കാണുന്ന മുസ്ലീം പെണ്‍കുട്ടികളുടെ കൂടെയുള്ളവന്റെ മതം പരിശോധിക്കുകയും ചെയ്യുന്നത് ആദ്യമായി സംഘടനാപരമായ ഒരു അജന്‍ഡയായി എടുക്കുകയും നടപ്പിലാക്കുകയും ചെയ്തത് ഇസ്ലാമിക് ശ്രീരാമസേനകളാണ്. കര്‍ണ്ണാടകയില്‍ ശ്രീരാമസേനയുടെ വന്‍ വിജയം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ യുവമോര്‍ച്ചക്കാര്‍ക്ക് ഇവിടെത്തന്നെ മണ്ണൊരുക്കിക്കൊടുത്ത് ലൗ ജിഹാദ് ടൈപ്പ് അപരവൈരം മാത്രമല്ല, കാമുകന്മാരെ തല്ലിക്കൊന്ന് ഇസ്ലാമിക് ഫണ്‍ഡമെന്റലിസം നടപ്പാക്കിക്കാണിച്ച അതിന്റെ തന്നെ ചരിത്രപരതയുടെ ആവര്‍ത്തനം കൂടിയാണ്.’
ഈ എഴുതിയിരിക്കുന്നത് കൃത്യമായും ഒരു നുണയാകുന്നു. ഇത്തരം നുണകള്‍ കൂടി എഴുതിപ്പിടിപ്പിച്ചുകൊണ്ട് ഈ വ്യവഹാരത്തെ നിലനിര്‍ത്താനുള്ള ഹീനമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സമാനനുണകള്‍ ഹൈദ്രാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ നടന്ന അനുബന്ധ ചുംബനസമരത്തിലും എഴുന്നള്ളപ്പെട്ടു. എ. ബി. വി. പി. യ്ക്ക് മുന്നേ ചുംബനസമരത്തില്‍ പ്രശ്‌നം സൃഷ്ടിച്ചത് എസ്. ഐ. ഒ.യും ജമാഅത്തെ സ്ലാമിയും ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്നായിരുന്നു സംഘാടകരിലൊരാള്‍ ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അവസാനം പ്രവര്‍ത്തിക്കുന്നില്ലെന്നത് പ്രസ്താവ്യമാണ്. കൂടാതെ, ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ചുംബനസമരത്തോട് കൃത്യമായ നിലപാടും വിമര്‍ശനങ്ങളും രേഖപ്പെടുത്തുകയും എന്നാല്‍, എ. ബി. വി. പി. ഫാഷിസത്തിനെതിരെ പ്രസ്തുത പരിപാടിയെ പിന്തുണയ്ക്കുകയും ചെയ്തവരായിരുന്നു കാമ്പസിലെ എസ്. ഐ. ഒ. പ്രവര്‍ത്തകര്‍ എന്നതും കാണണം. എന്നാല്‍ ഇത്തരം വ്യത്യാസങ്ങളെയൊന്നും കാണാതിരിക്കുകയും വിമര്‍ശനങ്ങളെ വലതുപക്ഷ ഹിന്ദുത്വത്തിന്റെ അക്കൗണ്ടിലേക്ക് ഏകപക്ഷീയമായി വരവുവെക്കുകയും ഇവിടെ രണ്ട് തരം നിലപാടുകളേ സാധ്യമാകൂ എന്ന് തീരുമാനിക്കുകയും ചെയ്തുകൊണ്ട് മറ്റൊരുതരത്തിലുള്ള ഫാഷിസമായിരുന്നു ചുംബനസമരവ്യവഹാരങ്ങള്‍ നിര്‍മ്മിച്ചതെന്ന് കാണാം. ഈ വ്യവഹാരനിര്‍മ്മിതിയുടെ ആവേശത്തില്‍ ശിവസേനയും എസ്.ഡി.പി.ഐ.യുമൊക്കെ ഒരേ ലെന്‍സിലൂടെ നേക്കപ്പെട്ടു.

________________________________
ദിവസങ്ങള്‍ക്ക് മുന്നേ തനിക്കെതിരെ ഉള്ള ഇടതുപക്ഷ ഗുണ്ടായിസത്തിനെതിരെ സമരം ആരംഭിച്ച കണ്ണൂര്‍, പയ്യന്നൂരിലെ ചിത്രലേഖയെ സംബന്ധിച്ച പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നായിരുന്നു അവര്‍ ചീത്ത സ്ത്രീയാണ് എന്നത്. അവര്‍ കഞ്ചാവും കള്ളും കഴിക്കുന്നുണ്ടത്രേ. വര്‍ഷങ്ങള്‍ക്ക് മുന്നേ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ചെങ്ങറ ഭൂമി സമരത്തോടനുബന്ധിച്ച് നടന്ന നിശാസമരത്തെ സംബന്ധിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കൈരളി ചാനല്‍ പുറത്ത് വിട്ട വാര്‍ത്തപ്രകാരം അവിടെ നടന്നത് അനാശാസ്യമായിരുന്നുവത്രെ. മഹിളാ സംഘടനക്കാരാകട്ടെ, പിറ്റേന്ന് വന്ന് അവിടം വൃത്തിയാക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുന്നേ ഡി. വൈ. എഫ്. ഐ. ക്കാര്‍ കോഴിക്കോട് നഗരത്തിലെ ഒരു വാടകമുറി അടിച്ചുതകര്‍ത്ത് അനാശാസ്യം നടക്കുന്നു എന്ന് ആരോപിച്ചാണ്. പ്രസ്തുത ദൃശ്യങ്ങള്‍ സ്വന്തം ചാനല്‍ തന്നെ വലിയ വീര്യകൃത്യം ചെയ്യുന്നപോലെ പുറത്തുവിടുകയുമുണ്ടായി. മലയാളി സദാചാരത്തിന്റെ സംരക്ഷകരും മലയാളി സദാചാര വിരുദ്ധത എന്ന പുരോഗമന വ്യവഹാരത്തിന്റെ സൈദ്ധാന്തികരും ഒരേപോലെ ആകാന്‍ കഴിയുന്നു എന്നതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ വ്യാവഹാരിക അധീശത്വത്തിന്റെ വലിയൊരു തെളിവ്.|
________________________________ 

കേരളത്തിലെയും ഇന്ത്യയിലെയും പലതരത്തില്‍ മുസ്ലീംവിരുദ്ധത അന്തര്‍വഹിച്ചിരിക്കുന്ന ഒരു പൊതുമണ്ഡലത്തില്‍ ഒരു ചുംബനസമരത്തിന്റെ പേരില്‍ ന്യൂനപക്ഷ സംഘടനകള്‍ എടുക്കുന്ന നിലപാടുകള്‍ ശിവസേന പോലുള്ള തീവ്രവലതു ഹിന്ദുത്വകക്ഷികളോട് എളുപ്പം ചേര്‍ത്തുവെക്കപ്പെടുന്നതിലൂടെ ന്യൂനപക്ഷ കര്‍തൃത്വത്തിന്റെ ദൃശ്യതയെയും വ്യത്യാസത്തെയും എളുപ്പം നിരാകരിക്കുക എന്നതാണ് സംഭവിച്ചത്.
അഥവാ, ചുംബനസമരം എന്നത് കേരളത്തിലെ ലൈംഗിക രാഷ്ട്രീയത്തിലും സദാചാരവിരുദ്ധ കലഹബോധത്തിലും ഉണര്‍ച്ചകള്‍ ഉണ്ടാക്കേണ്ടതായിരുന്നുവെങ്കിലും അത് ന്യൂനപക്ഷങ്ങളടക്കമുള്ള ഇതരരില്‍ നിന്നും ഏകപക്ഷീയമായ നിലപാട് ആവശ്യപ്പെട്ടതിലൂടെ നിലനില്‍ക്കുന്ന ഇടതുമതേതരത്വത്തിന്റെ ന്യൂനപക്ഷവിരുദ്ധഹിംസയെ ആത്യന്തികമായി ഉദ്ദീപിക്കുകയായിരുന്നു ചെയ്തത് എന്ന് കാണാം. ഇങ്ങനെ ചുംബനസമരത്തെ അനുകൂലിക്കുന്ന പുരോഗമനക്കാര്‍, അതിനെ എതിര്‍ക്കുന്ന പ്രാചീനര്‍ എന്നും പറഞ്ഞും പറയാതെയും തീര്‍ത്ത ഹിംസാത്മക വിഭജനത്തില്‍ സമുദായം, ജാതി അടക്കമുള്ള എല്ലാ സങ്കീര്‍ണ്ണതകളും കുഴിമാടത്തിലായി. ചുംബനസമരത്തെ പ്രമുഖ ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ജെ. ദേവിക വിശേഷിപ്പിക്കുന്നത് ‘ആധുനിക തൊട്ടുകൂടായമയ്‌ക്കെതിരെയുള്ള സമരം’ എന്നാണ്. (The battle against Modern Untouchability) കൂടാതെ, ഇരുപതാം നൂറ്റാണ്ടിലെ ജാതിവിരുദ്ധസമരത്തെ ആണ് ചുംബനസമരം ഓര്‍മ്മിപ്പിച്ചതെന്ന് കൂടി എഴുതി. ഇരുപതാം നൂറ്റാണ്ടിലെ ജാതിവിരുദ്ധസമരത്തിന് ഉണ്ടായിരുന്ന സവിശേഷമായ എല്ലാവിധ സങ്കീര്‍ണതകളെയും ചുംബനസമരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പരമാര്‍ശിത ദ്വന്ദ്വവിഭജനത്തിനകത്തിട്ട് നിര്‍വീര്യമാക്കിത്തീര്‍ക്കുകയായിരുന്നു ദേവിക ചെയ്തത് എന്നുകാണാം. കൂടാതെ അപ്പോള്‍ എന്താണ് Modern Untouchability എന്ന ചോദ്യവും അവശേഷിക്കുന്നു. ആധുനിക കാലത്ത് ദലിതരനുഭവിക്കുന്ന ജാതീയതയെ പ്രാചീനവല്‍ക്കരിച്ചുകൊണ്ട് ആധുനികതയുടെ തന്നെ ലിബറല്‍ സദാചാരയുക്തിയിലേക്ക് Untouchability എന്ന ചരിത്രപരവും ജാതീയവുമായ പ്രക്രിയയെ ചുരുക്കിയൊതുക്കുക എന്നതാണ് പ്രസ്തുത ലേഖനം ചെയ്യുന്നത്.
‘മീഡിയവണ്‍’ ചാനലിന്റെ സീനിയര്‍ ന്യൂസ് എഡിറ്ററായ സനീഷ് ‘മൊമന്റ്‌സ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നടത്തുന്ന വിശകലത്തില്‍ ചുംബനസമരം എന്നത് സ്വാതന്ത്ര്യസമരം പോലെയോ ക്ഷേത്രപ്രവേശനവിളംബര സമരം പോലെയോ ഉള്ള ഒന്നാണ്. ഈ സമരത്തിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞതോടെ ഡി.വൈ.എഫ്.ഐ. ഇപ്പോഴും പ്രസക്തി ഉള്ള സംഘടനയായി നിലനില്‍ക്കുന്നു. (തുടക്കത്തില്‍ പറഞ്ഞ പോലീസിംഗ് സംഭവങ്ങളുടെ ഉത്തരവാദികള്‍ ആര് എന്ന് ചോദിക്കരുത്, ചിത്രലേഖയെ ഓര്‍ക്കുകയും ചെയ്യരുത്) കൂടാതെ, സമരത്തെ എതിര്‍ത്തതോടെ മുസ്ലീം സംഘടനകളും സംഘപരിവാരത്തെ പോലെ തന്നെ പിന്തിരിപ്പിന്മാരും പ്രാചീനരും ആണ്. അടഞ്ഞു കിടക്കുന്ന സമൂഹത്തെ ആധുനികമാക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ് ചുംബനസമരം എന്നാണ് ലേഖനം തുടങ്ങുന്നത് തന്നെ. ചുംബനസമര വ്യവഹാരം എന്നതിനെ എല്ലാ സങ്കീര്‍ണതകള്‍ക്കുമപ്പുറം ഇപ്പോഴും അവശേഷിക്കുന്ന പ്രാചീനതക്കെതിരെ ഉള്ള ആധുനികതയുടെ സമരമാകുന്നു എന്നാണ് ഈ ലേഖനവും വിശേഷണം ചെയ്യുന്നത്. അപ്പോള്‍ ചുംബനസമരത്തിനെതിരെയുള്ള നിലപാടുകളുടെ പേരില്‍ എളുപ്പം ഒരു സമുദായം/സമുദായത്തിലെ സംഘടനകള്‍ പ്രാചീനവല്‍ക്കരിക്കപ്പെട്ടുപോകുകയും രാഷ്ട്രീയപരമായി സംഘപരിവാറിനൊപ്പം ചേര്‍ത്തുവെക്കപ്പെടുകയും ചെയ്യുന്നു. സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ ആവിര്‍ഭാവങ്ങളൊക്കെ അതിന്റെ കഷ്ടതകളും അത് നേരിടുന്ന അടിച്ചമര്‍ത്തലുകളും അതിലൂടെ രൂപപ്പെട്ട മതേതര വിമര്‍ശനവും ഒക്കെ നിര്‍വീര്യമാക്കപ്പെടുകയും സംഘപരിവാര്‍വല്‍ക്കരിക്കപ്പെടുകയും ചെയ്തു. വലതുപക്ഷ വ്യവഹാരങ്ങളും ഇടതുപക്ഷവ്യവഹാരങ്ങളും ഒരേപോലെ ന്യൂനപക്ഷ വിരുദ്ധമാകുന്ന അവസരമായി ഇതങ്ങനെ മാറിത്തീരുന്നു. ചുംബനസമരത്തോട് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡിഫിയുടെ രാജേഷ് നടത്തുന്ന പ്രസ്താവനയില്‍ പ്രതി ‘താലിബാനാ’ണ്. കേരളത്തിലെ ജാതീയവും ഇടതുപക്ഷപരവുമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന സദാചാരപരതയെ തരിമ്പും അഭിസംബോധന ചെയ്യാന്‍ സന്നദ്ധമാകാതെ അവയെ ഒരുതരത്തിലും പ്രതീകവല്‍ക്കരിക്കാത്ത താലിബാന്‍ എന്ന മറ്റൊരു സാംസ്‌കാരിക രാഷ്ട്രീയ അടയാളത്തെ ഇവിടെക്കൊണ്ടു വന്നു പ്രതിഷ്ഠിക്കുന്നതിലൂടെ സദാചാരവാദമല്ല, ന്യൂനപക്ഷമാണ് ഇവരുടെ ഉന്നമെന്ന് വീണ്ടും തെളിയിക്കുന്നു. കേരളത്തെ സൗദി അറേബ്യ ആക്കാനനുവദിക്കില്ലെന്നാണ് ‘കിസ് ഓഫ് ലൗ’ സംഘാടകരുടെ ഔദ്യോഗിക പേജില്‍ വന്ന മറ്റൊരു പോസ്റ്റ്.
അപ്പോള്‍, ഇത്തരം മുസ്ലീം പ്രതീകങ്ങളിലൂടെ മാത്രമേ സംഘപരിവാര്‍ മോറലിസം നിലനില്‍ക്കൂ എന്നാണോ? സംഘപരിവാറിന്റെ മോറലിസ്റ്റ് അസ്ഥിത്വത്തെക്കുറിച്ച് ഒന്നും പറയാനില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ പോലും അവര്‍ തയ്യാറാവുന്നില്ല എന്നതാണ് കഷ്ടം. പ്രമുഖ മലയാള മാധ്യമങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി അഭിമുഖം നല്‍കിയ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ കിസ്സ് ഓഫ് ലൗ സംഘാടകരിലൊരാളായ ഒരു പെണ്‍കുട്ടി പറഞ്ഞത് ഇപ്പോഴും പലരും പുരാതന ചിന്തയിലാണ്, അവരാരും ആധുനിക ലോകത്തേക്കെത്തിയിട്ടില്ലെന്നാണ്. അതേ പെണ്‍കുട്ടി തന്നെയാണ് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞത്, ഇന്ത്യയിലെ പൗരാണിത സാംസ്‌കാരിക ആവിഷ്‌ക്കാരത്തിലെ പ്രധാനപ്പെട്ട ഇനമായിരുന്നു ക്ഷേത്രങ്ങളിലെ പരസ്യലൈംഗികകേളികളെ സംബന്ധിച്ച ചിത്രപ്രതിഷ്ഠകളെന്നും അതുകൊണ്ട് സംഘപരിവാറിന്റെ എതിര്‍പ്പിന് അര്‍ത്ഥമില്ലെന്നുമാണ്. എന്തുകൊണ്ട് സംഘപരിവാറിനെ ഒരു ആധുനിക ഹിന്ദുത്വ സംഘടനയായി ഇവരൊക്കെ മനസ്സിലാക്കുന്നില്ല എന്ന അജിത്കുമാര്‍ എ. എസിന്റെ ചോദ്യം ഇവിടെ പ്രസക്തമാണ്. അപ്പോള്‍ ആധുനികതയുടെ പ്രാചീനം എന്ന പൂര്‍വ്വാപരത്തെ ഉള്ളില്‍ പേറുകയും പരിഹാസ്യമാം വണ്ണം ചുംബനസമരത്തെ ആധുനികതയുടെ കര്‍തൃനിഷേധപരമായ ഇടത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ് ഇവരൊക്കെ ചെയ്യുന്നതെന്ന് മനസ്സിലാക്കാം. അങ്ങനെ സദാചാരത്തെ സംബന്ധിച്ച് ആധുനികവീക്ഷണം ഒന്നേയുള്ളു, എന്നല്ല ഒന്നേ പാടുള്ളു എന്ന ഫാഷിസ്റ്റ് പരികല്‍പനയിലേക്ക് ഈ വ്യവഹാരങ്ങളൊക്കെ എത്തിച്ചേരുന്നു. ഇതിലൂടെ യൂത്തിനെക്കുറിച്ചും തികച്ചും രക്ഷാകര്‍തൃപരവും വൈവിധ്യനിഷേധപരവുമായ ഒരു വീക്ഷണത്തിന്റെ രൂപീകരണമാണ് സംഭവിക്കുന്നത്.
കെ. കെ. ബാബുരാജ് നടത്തുന്ന ഒരു വിശകലനം ഇതിനെ തിരിച്ചറിയാന്‍ സഹായകരമാണ്. ഇന്ത്യയിലെ ലിബറലും നവബ്രാഹ്മിണ്‍ മാര്‍ക്‌സിസ്റ്റുകളും വ്യത്യസ്ത സമുദായങ്ങളിലെ ചെറുപ്പക്കാരെ/ചെറുപ്പക്കാരികളെ ഭൂരിപക്ഷവര്‍ഗ്ഗീയത/ന്യൂനപക്ഷവര്‍ഗ്ഗീയത എന്ന ദ്വന്ദ്വത്തില്‍ നിര്‍ത്തി വ്യാഖ്യാനിച്ചുകൊണ്ട് പുത്തന്‍ സാമൂഹിക ചലനങ്ങളെയൊന്നടങ്കം അസന്നിഹിതമാക്കുന്നു. ഇതിലൂടെ യുവത്വം തന്നെ ഒരു പ്രത്യേകതരം ലിബറല്‍ യുക്തിവാദത്താല്‍ മാത്രം സാധുവാക്കപ്പെടുന്ന ഒരു കാറ്റഗറിയാക്കപ്പെടുന്നു എന്ന് ബാബുരാജ് വിശദീകരിക്കുന്നുണ്ട്. അങ്ങനെ സദാചാരം എന്നതിന് മറ്റൊരര്‍ത്ഥവും നിലപാടും സാധ്യമല്ലാത്ത വണ്ണം പ്രാചീനവല്‍ക്കരിക്കപ്പെടുകയും സദാചാരവല്‍ക്കരിക്കപ്പെടുകയും സദാചാരവിരുദ്ധത എന്ന തികഞ്ഞ ഏകപക്ഷീയതയുള്ളതും ലിബറല്‍ മതേതര ആധുനിക യുക്തിയില്‍ മാത്രം നിര്‍ണയിക്കപ്പെട്ടതുമായ ഒരു വ്യവഹാരം രൂപപ്പെടുകയും ചെയ്യുന്നു. അഥവാ, ഇന്ത്യയില്‍ മതേതരം എന്നത് സവര്‍ണ്ണമാണെങ്കില്‍ അതിനെ എവിടെയും ഒരു പോറലുപോലുമേല്‍പ്പിക്കാനാകാത്ത വണ്ണം, എന്നാല്‍ പലയിടത്തും അതിനെ സാധീകരിക്കുന്ന ഒന്നായി ചുംബനസമരം മാറിത്തീരുന്നു.
ചുംബനസമരം നടത്തിയ മറ്റൊരു ന്യൂനപക്ഷ ഹിംസയായിരുന്നു അതിന്റെ തന്നെ സന്ദര്‍ഭത്തില്‍ നിന്ന് സ്വയം അടര്‍ന്നു മാറി തികഞ്ഞ ഒരു മതേതര നിരപേക്ഷവ്യവഹാരമാകാനുള്ള അതിന്റെ ശ്രമം. കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ അനാശ്യാസകേന്ദ്രമെന്ന ആരോപണം ഉയര്‍ത്തി യുവമോര്‍ച്ചക്കാര്‍ തല്ലിത്തകര്‍ത്തതായിരുന്നു ഇത്തരമൊരു സമരത്തിലേക്ക് വഴിതെളിച്ചത്. എന്നാല്‍ അനാശാസ്യമെന്ന ആരോപണം ഒരു ചാനല്‍ നടത്തിയ ഗൂഢാലോചനയായിരുന്നുവെന്നും ആ വാര്‍ത്ത തന്നെ വ്യാജമായിരുന്നുവെന്നുമുള്ളഹോട്ടലുടമയുടെ വാദം അതിന്റെ പ്രാഥമികമായ നൈതികയില്‍ പോലും പരിഗണിക്കപ്പെട്ടില്ല. കൂടാതെ, ആക്രമത്തിന് പിന്നിലെ സാമുദായികമായ ഘടകങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെടുകയും ചെയ്തു. പത്രപ്രവര്‍ത്തകനായ സബ്‌ളൂ തോമസ് ‘ഉത്തരകാലത്തില്‍’ നടത്തിയ വിശകലനം ഈ പ്രശ്‌നത്തെ അനാവരണം ചെയ്യുന്നുണ്ട്. സബ്‌ളു പറയുന്നത് പ്രസ്തുത വാര്‍ത്ത ഗൂഢാലോചന ആണെന്ന് കരുതാന്‍ അനേകം ന്യായങ്ങളുണ്ടെന്നും അത് യുവമോര്‍ച്ചയുടെ മുസ്ലീം വിരുദ്ധ മനോഭാവത്തെ ത്വരിപ്പിക്കാനുപയോഗിക്കപ്പെട്ടുവെന്നുമാണ്.

_____________________________________
ശൂദ്രസ്ത്രീകള്‍ ബ്രാഹ്മണകാമപൂര്‍ത്തിക്ക് ഇരയാവേണ്ടിവന്നതിനെക്കുറിച്ചും ഭാരതീയ ലൈംഗിക പാരമ്പര്യത്തിന്റെ ഭാഗമായി ദേവദാസി സമ്പ്രദായം നിലനിന്നിരുന്നതിനെസംബന്ധിച്ചും കാഞ്ച എഴുതിയിട്ടുണ്ട്. അപ്പോള്‍ ഹിംസാത്മകമായ ഭാരതീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലേക്ക് വന്ന് നില്‍ക്കാനാണ് ചുംബനസമരവ്യവഹാരങ്ങള്‍ ശ്രമിക്കുന്നതെന്ന് വരുന്നു. ചുംബനസമരത്തില്‍ പ്രത്യക്ഷപ്പെട്ട ബ്രാഹ്മണചിഹ്നങ്ങളു മുസ്ലീം ചിഹ്നങ്ങളും മാത്രം പരിശോധിച്ചാല്‍ ഈ വ്യവഹാരങ്ങള്‍ ഏത് പാരമ്പര്യത്തിലേക്കാണ് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാം. ലിബറലിസം എങ്ങനെ ക്രൈസ്തവ പാരമ്പര്യത്തിലെ ഹിംസയെ ആന്തരവല്‍ക്കരിച്ചിരുന്നു എന്നത് തലാല അസദിന്റെ ആത്മഹത്യാ ചാവേറുകളെക്കുറിച്ച് എന്ന പുസ്തകത്തിലെ വിശകലനങ്ങളുടെ പ്രധാന ഏരിയ തന്നെയാണ്. ഇന്ത്യന്‍ ലിബറലിസം ഇത്തരത്തില്‍ ബ്രാഹ്മണഹിംസാത്മക പാരമ്പര്യത്തെ ആന്തരവല്‍ക്കരിക്കുന്നത് ചുംബനസമരക്കാരുടെ ഇത്തരം വാദങ്ങളില്‍ നിന്ന് നമുക്ക് കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെയാവണം ഹിന്ദുത്വഫോഴ്‌സിനൊപ്പം നിര്‍ത്തി ന്യൂനപക്ഷങ്ങളെയും സാമുദായികതാ മുദ്ര അടിക്കാന്‍ ചുംബനസമര വ്യവഹാരങ്ങള്‍ക്കാകുന്നത്. 
_____________________________________ 

കൂടാതെ, മുസ്ലീം സമുദായം ഗള്‍ഫ് കുടിയേറ്റത്തിലൂടെ സാമ്പത്തികമായി ഉണ്ടാക്കിയെടുക്കുന്ന അഭിവൃദ്ധി പലപ്പോഴും സംഘപരിവാറിനെ പ്രകോപിപ്പിക്കുന്നതായും അത് ആക്രമണത്തിന് കാരണമാകുന്നതായും സബ്‌ളു വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരം ഘടകങ്ങളൊന്നും പിന്നീട് പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അവയെ ബോധപൂര്‍വ്വം മറച്ചുപിടിക്കാനുള്ള ശ്രമങ്ങളും ചുംബനസമരത്തിന് പിന്നിലെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നുണ്ടായി.
എതിര്‍പ്പുകള്‍ മറികടക്കാന്‍ അവരുടെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു അജണ്ടയായിരുന്നു ‘സ്വച്ഛഭാരത്’ പദ്ധതിക്കുള്ള പിന്തുണ. മോദിജിയുടെയും ഗാന്ധിജിയുടെയും സ്വപ്നമെന്ന് വിശേഷിപ്പിച്ച പ്രസ്തുത പദ്ധതിയുടെ ഭാഗമായി അത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഇത് പ്രസ്തുത സമരത്തെ സംബന്ധിച്ച സംശയമുണ്ടാക്കുക മാത്രമല്ല, ഡൗണ്‍ടൗണ്‍ പ്രശ്‌നത്തെ ബോധപൂര്‍വ്വം തന്നെ മറച്ചുപിടിക്കാനുള്ള ശ്രമത്തെ പുറത്ത് കൊണ്ട് വരുന്നു. എന്നാല്‍, ഇതിനോട് കൃത്യമായ പ്രതികരണങ്ങളുമുണ്ടായില്ലെന്നുള്ളത് ആശങ്കാകുലമാണ്. വ്യക്തിസാമൂഹിക ധാര്‍മ്മികതയില്‍ വിശ്വസിക്കുന്നവര്‍ക്ക് യുവമോര്‍ച്ചക്കൊപ്പം നിന്ന് ധാര്‍മ്മികത പറയേണ്ട നിസ്സഹായത സൃഷ്ടിച്ചതും പരസ്യചുംബനക്കാരാണ് എന്ന അപകടകരമായ പ്രസ്താവനയിലൂടെ ടി. മുഹമ്മദ് ‘മാധ്യമ’ത്തില്‍ എഴുതിയ ലേഖനവും ഉണ്ടാക്കുന്ന ഫലം മറ്റൊന്നല്ല എന്നു കാണുക തന്നെ വേണം. വ്യക്തിസാമൂഹിക ധാര്‍മ്മികതയില്‍ വിശ്വസിക്കുന്ന ആരാണ് യുവമോര്‍ച്ചക്കൊപ്പം നിന്ന് ചുംബനസമരത്തെ എതിര്‍ത്തിട്ടുണ്ടാകുക? അങ്ങനെയെങ്കില്‍അതെന്തു തരം വ്യക്തി സാമൂഹിക ധാര്‍മ്മികത ആണ്? അപ്പോള്‍ അത്രയും രാഷ്ട്രീയ നിരപേക്ഷമായ ഒന്നാണ് ഇപ്പറയുന്ന ധാര്‍മ്മികത എന്ന് വരുന്നത് എത്രമേല്‍ അപകടകരമാണ്.
മുഹമ്മദിന്റെ ലേഖനവും വിജയിക്കുന്നത് അടിസ്ഥാനപരമായി സദാചാരത്തെ സംബന്ധിച്ചും സദാചാരവിരുദ്ധതയെ സംബന്ധിച്ചും സത്താപരവും ഏകപക്ഷീയവുമായ വാദഗതികള്‍ മുന്നോട്ട് വയ്ക്കുന്നതിലൂടെ ആണ്. അങ്ങനെ ഹിംസാത്മകമായ ഈ വ്യവഹാരത്തെ വളരാനനുവദിക്കുന്നു. ‘ഡ്യൂള്‍ ന്യൂസി’ല്‍ തദനുബന്ധമായി മുസ്ലീം സംഘടനകളെ ഉപദേശിച്ചുകൊണ്ട് പ്രസിദ്ധം ചെയ്ത ലേഖനവും പിന്തുടരുന്നത് സമാനയുക്തി തന്നെയാണ്. നിയമമല്ല, തങ്ങളാണ് സദാചാരവും നീതിയുമൊക്കെ തീരുമാനിക്കുന്നത് എന്ന വിചാരമാണ് മുസ്ലീം സംഘടനകള്‍ക്കുള്ളത് എന്ന അഭിപ്രായപ്പെട്ടുകൊണ്ടാണ് ലേഖനം നീങ്ങുന്നത്. അപ്പോള്‍ സദാചാരവും നീതിയും നിയമമാണോ തീരുമാനിക്കേണ്ടത് എന്ന അനിവാര്യമായ ചോദ്യം പിറക്കുന്നു. മുസ്ലീം സംഘടനകളെ പ്രതിപ്പട്ടികയില്‍ നിര്‍ത്തി പച്ചയായി സ്റ്റേറ്റിന്റെ ഭാഷ്യം സംസാരിക്കാനുള്ള അവസരം തന്നെ അവസാനം ഈ വ്യവഹാരത്തിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നതാണ് ഈ ലേഖനവും തെളിയിച്ചത്.
സദാചാരം, ധാര്‍മ്മികത, നീതിക്കുവേണ്ടിയുള്ള അഭിലാഷം എന്നിവയെ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ നിര്‍ത്തി മനസിലാക്കണം എന്നാണ് പ്രമുഖ രാഷ്ട്രീയതത്വജ്ഞനായ അലസ്‌ദൈര്‍ മെക്കൈന്റര്‍ പറയുന്നത്. ആധുനികതയുടെ യുക്തിപരത തന്നെ അടിസ്ഥാനപരമായി ഒരു സവിശേഷ പാരമ്പര്യത്തില്‍ നിന്ന് പുറപ്പെട്ടുവരുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് മതേതരത്വം എന്നത് ക്രൈസ്തവ പാരമ്പര്യത്തിലാണ് വേരാഴ്ത്തുന്നത് എന്ന് തലാല്‍ അസദ് നിരീക്ഷിക്കുന്നത്. ഈ വാദങ്ങളുടെ വെളിച്ചത്തില്‍ കിസ്സ് ഓഫ് ലൗ എന്ന സമരത്തിന്റെ സാംസ്‌കാരികമായ വാദങ്ങളെ അഭിമുഖീകരിക്കാവുന്നതാണ്.
ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ് തുറന്ന ലൈംഗികത എന്നുള്ള വാദങ്ങള്‍ ഈ സമരത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വ്യാപകമായി കേട്ട ഒന്നാണ്. എങ്ങനെയാണ് ഭാരതീയ ലൈംഗികത സ്ത്രീയെ വസ്തുവല്‍ക്കരിച്ചുകൊണ്ടുള്ള ബ്രാഹ്മണിക് നിര്‍മ്മിതി ആകുന്നതെന്ന് കാഞ്ച ഐലയ്യ വിശദീകരിക്കുന്നുണ്ട്. ശൂദ്രസ്ത്രീകള്‍ ബ്രാഹ്മണകാമപൂര്‍ത്തിക്ക് ഇരയാവേണ്ടിവന്നതിനെക്കുറിച്ചും ഭാരതീയ ലൈംഗിക പാരമ്പര്യത്തിന്റെ ഭാഗമായി ദേവദാസി സമ്പ്രദായം നിലനിന്നിരുന്നതിനെ സംബന്ധിച്ചും കാഞ്ച എഴുതിയിട്ടുണ്ട്. അപ്പോള്‍ ഹിംസാത്മകമായ ഭാരതീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലേക്ക് വന്ന് നില്‍ക്കാനാണ് ചുംബനസമരവ്യവഹാരങ്ങള്‍ ശ്രമിക്കുന്നതെന്ന് വരുന്നു. ചുംബനസമരത്തില്‍ പ്രത്യക്ഷപ്പെട്ട ബ്രാഹ്മണചിഹ്നങ്ങളു മുസ്ലീം ചിഹ്നങ്ങളും മാത്രം പരിശോധിച്ചാല്‍ ഈ വ്യവഹാരങ്ങള്‍ ഏത് പാരമ്പര്യത്തിലേക്കാണ് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാം. ലിബറലിസം എങ്ങനെ ക്രൈസ്തവ പാരമ്പര്യത്തിലെ ഹിംസയെ ആന്തരവല്‍ക്കരിച്ചിരുന്നു എന്നത് തലാല അസദിന്റെ ആത്മഹത്യാ ചാവേറുകളെക്കുറിച്ച് എന്ന പുസ്തകത്തിലെ വിശകലനങ്ങളുടെ പ്രധാന ഏരിയ തന്നെയാണ്. ഇന്ത്യന്‍ ലിബറലിസം ഇത്തരത്തില്‍ ബ്രാഹ്മണഹിംസാത്മക പാരമ്പര്യത്തെ ആന്തരവല്‍ക്കരിക്കുന്നത് ചുംബനസമരക്കാരുടെ ഇത്തരം വാദങ്ങളില്‍ നിന്ന് നമുക്ക് കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെയാവണം ഹിന്ദുത്വഫോഴ്‌സിനൊപ്പം നിര്‍ത്തി ന്യൂനപക്ഷങ്ങളെയും സാമുദായികതാ മുദ്ര അടിക്കാന്‍ ചുംബനസമര വ്യവഹാരങ്ങള്‍ക്കാകുന്നത്. ജി. സമ്പത്ത് മുമ്പൊരു മുമ്പൊരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ പോലെ, ലിബറലിസ്റ്റ് കാഴ്ച്ചപ്പാടില്‍ ഇന്ത്യ എന്നത് സാമുദായികതയുടെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തേണ്ട ഒരാശയമാണ്. മതേതരത്വം അടക്കമുള്ള ലിബറല്‍ മൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ ആണ് ഇന്ത്യ എന്ന ആശയം തന്നെ നിലനില്‍ക്കുന്നത്. അതിന്റെ നിലനില്‍പിന് പ്രധാനമാണ് വ്യത്യസ്ത സാമുദായിക കര്‍തൃത്വങ്ങളെ ഒറ്റ അച്ചില്‍ നിര്‍ത്തി നിര്‍വചിക്കുക എന്നത്. ചുംബനസമരവുമായി ബന്ധപ്പെട്ട രൂപപ്പെട്ടുകഴിഞ്ഞ വ്യവഹാരങ്ങളും ഇത്തരത്തില്‍ സമുദായങ്ങളെ വ്യവച്ഛേദിച്ചു മനസ്സിലാക്കുന്നതിന് പകരം സ്വയം തന്നെ ഒരു മതേതര ഇടപെടലായി മാറിനിന്ന് കൊണ്ട് ലിബറല്‍ മൂല്യങ്ങളുടെ സംരക്ഷണമാണ് നിര്‍വചിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.
ചുംബനസമരം സമൂഹത്തിലെ മോറലിസവുമായി ബന്ധപ്പെട്ട ഏതൊരു വശത്തെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത് എന്നതും സവിശേഷമായി തന്നെ കാണണം. എന്തുകൊണ്ടാണ് ജാതിയുമായി ബന്ധപ്പെട്ട മോറലിസത്തിനെതിരെ ഇത്ര രൂക്ഷമായ പ്രതികരണങ്ങള്‍ സംഭവിക്കാതിരുന്നത്? അഹ്മദ് നഗറില്‍ സമീപകാലത്തുണ്ടായ അതിരൂക്ഷവും ബീഭത്സവുമായ ദലിത് കുടുംബത്തിന്റെ കൂട്ടക്കൊല ശ്രദ്ധിക്കേണ്ടതാണ്. ശരീരം പലഭാഗങ്ങളായി ഛേദിക്കപ്പെട്ട് അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു കുടുംബത്തിലെ ഓരോരുത്തരും. കുടുംബത്തിലെ പുരുഷന് മേല്‍ജാതിക്കാരിയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു കൊലക്ക് പിന്നിലെ പ്രധാന ആരോപണങ്ങളിലൊന്ന്. പോലീസാകട്ടെ, കൊലക്ക് ശേഷം അന്വേഷിക്കാന്‍ തിടുക്കപ്പെട്ടത് ഈ ആരോപണത്തെക്കുറിച്ചായിരുന്നു എന്ന് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുന്നു. ഇതോടൊപ്പം തന്നെ, മഹാരാഷ്ട്രയിലും രാജസ്ഥാനിലും വ്യാപകമായി നടത്തപ്പെടുന്ന മാനരക്ഷക്കൊല (Honor Killing) രാജ്യത്ത് എവിടെയാണ് വ്യാപകപ്രതിഷേധമുണ്ടാക്കിയത്. അപ്പോള്‍ സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ച ബഹുജനപ്രതിഷേധങ്ങളൊക്കെ ഏതുതരം പ്രശ്‌നത്തെയാണ് അഭിസംബോധന ചെയ്യുന്നത് എന്നത് ഗൗരവത്തിലുള്ള അന്വേഷണവിഷയമാക്കേണ്ടതുണ്ടെന്ന് ഈ സംഭവങ്ങള്‍ ഓര്‍മ്മിക്കുന്നു. കൂടാതെ, കേരളത്തിലെ സദാചാരവാദം തന്നെ രൂപപ്പെട്ടു വരുന്നത് ജാതീയമായ ശുദ്ധതാ വാദത്തില്‍ നിന്നാണെന്ന് കാണണം. എന്നാല്‍, സദാചാരത്തെ സംബന്ധിക്കുന്ന ചര്‍ച്ചകളൊക്കെ ഇന്ത്യയില്‍ സെമിറ്റിക് മതങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒരു സ്വഭാവം സ്വീകരിക്കുന്നത് കാണാം. ഇസ്ലാമിലൊക്കെ കെട്ടിപ്പിടിക്കുക, കൈ കൊടുക്കുക എന്നത് മതാചാരത്തിന്റെ തന്നെ ഭാഗമാണ്. പരസ്പരം ഉമ്മ വെക്കുന്നവരും ഉണ്ട്. ഉമ്മ വെക്കുക എന്നത് ലൈംഗികതയുടെ അര്‍ത്ഥം മാത്രമുള്ള ഒരു കര്‍മ്മമല്ല എന്ന ചുംബനസമരത്തെ അനുകൂലിക്കുന്ന പലരുടെയും വാദത്തിലേക്കാണ് ഇസ്ലാമിക മതാചാരത്തിന്റെ ഈയൊരു സ്വഭാവത്തെ സംബന്ധിത്ത് സൂചന നല്‍കിയത്. എന്നാല്‍ ലൈംഗികതയെ സംബന്ധിച്ചാവുമ്പോള്‍ ഇസ്ലാമിന്റെ തന്നെ വ്യവഹാരികതക്കുള്ളില്‍ (Discusivity) നടക്കുന്ന സംവാദങ്ങള്‍ കാണാതെ മോറലിസമെന്ന ഏകമുഖാരോപണത്തിലൊതുക്കുന്നത് പ്രശ്‌നകരമാണെന്ന് പറയാതിരിക്കാനാവില്ല. മാത്രവുമല്ല, ലൈംഗികതയുടെയും സദാചാരത്തിന്റെയും ഭാരതീയവും ജാതീയവുമായ പാരമ്പര്യത്തെ എവിടെയും പരിക്കേല്‍പ്പിക്കാനോ ചോദ്യം ചെയ്യാനോ ശ്രമിക്കാതെ ലിബറല്‍ ജനാധിപത്യത്തിനകത്ത് സ്വയം പരിശുദ്ധമാകുകയാണ് ചുംബനസമരം.

  • സൂചനകള്‍

1) href=”http://www.azhimukham.com/news/2419/down-town-restaurant-calicut-sangh-parivar-moral-policing-kerala-ndf-league-class-deepak-sankaranarayanan”>http://www.azhimukham.com/news/2419/down-town-restaurant-calicut-sangh-parivar-moral-policing-kerala-ndf-league-class-deepak-sankaranarayanan
2) https://www.youtube.com/watch?v=CRcmZ3oG8s8
3) http://roundtableindia.co.in/index.php?option=com content&view=article&id=7779:red-is-a-darker-version-of- saffron&catid=119&ltemid-132
4) http://kafila.org/2014/11/03/challenging-the-empire-of-chicken-littles-kiss-of-love-at-kochi/
5) http://newsmoments.in/columns/journalist-e-saneesh-writes-about-kiss-of-love-campaign/7155.html
6) http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=3&contentId=17886015&channelId=-1073750705&BV_ID
7) http://utharakalam.com/?p=8987
8  http://utharakalam.com/?p=11939
9) മാധ്യമം പത്രം – 10-11-2014, ടി.മുഹമ്മദ്
10) http://www.doolnews.com/kiss-of-love-and-muslim-organisations-by-nasirudheen-chendamangaloor-567.html
11) Alasdair MacIntyre/ After virtue /1981
12) TalalAsad/formation of Secular/2013
13) KanchaIllaia/ Post-Hindu India: A discourse on Dalit – Bahujan, socio spiritual and scientific revolution
14) TalalAsad/On suicide Bombing
15)http://www.ambedkar.org/brahmanism/Use_Of_Sex_By_Brahmins_To_Gain_Supremacy.htm
16) Ahmed Nagar Massacre of Dalits: A fact finding report . Nasheman.in
17) Henriette Gunkel and Ben Pitcher/ Racism in the Closet – Interrogating Postcolonial Sexuality
18) Catherine Raissiguier/ Muslim Women in France: Impossible Subjects?
19) മാധ്യമം, കെ.കെ. ബാബുരാജ്, 18/11/14
(വിദ്യാര്‍ത്ഥി – താരതമ്യസാഹിത്യം, ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല)

Top