കബാലി: ഇടങ്ങളെ നിര്‍മ്മിക്കുകയും പൊളിച്ചെഴുതുകയും ചെയ്യുമ്പോള്‍!!

ബഹുജന്‍ രാഷ്ട്രീയത്തെഉള്‍ക്കൊള്ളുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും നിലവിലിരിക്കുന്ന ഒരു പോപ്പുലര്‍ കള്‍ച്ചറിനെ തന്നെ പിടിച്ചുലയ്ക്കാന്‍ മാത്രം ശക്തിയൊന്നും അവയ്ക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ ഒരു കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ട് വിശകലനം ചെയ്യുമ്പോള്‍ ഈ പൊതുബോധ നിര്‍മ്മിതിയെ അപ്പാടെ വിഴുങ്ങിക്കൊണ്ടുള്ള ഒരു വിജയമാണ് കബാലി നേടിയിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ഇവിടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത ബഹുജന്‍ രാഷ്ട്രീയത്തെ പേറുകയും ഒപ്പം ആന്തരികമായും ബാഹ്യമായും കീഴാള സ്വത്വം പ്രതിഫലിക്കുകയും ചെയ്യുന്ന ഒരു ചിത്രം പുറത്തിറങ്ങുന്നതിനുമുന്‍പ് ആഗോള തലത്തില്‍ തന്നെ മികച്ച ജനപ്രീതിയും സ്വീകാര്യതയും നേടിയെടുത്തു എന്നുള്ളതാണ്. അതായത് ഇന്ത്യയിലെ ജാതീയ ഇടങ്ങള്‍ക്കു മേല്‍ മാത്രമല്ല ആഗോള തലത്തിലെ വരേണ്യ ഇടങ്ങളില്‍ കൂടെയും കബാലിക്ക് ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍. പോപ്പുലര്‍ കള്‍ച്ചര്‍എന്ന ആ വരേണ്യ നിര്‍മ്മിതിയെ എത്ര മനോഹരമായാണ് ഒരു ബഹുജന്‍ ചിത്രം കീഴടക്കി കളഞ്ഞത്!

ജാത്യാധികാരത്തിന്റെ സവര്‍ണ്ണ ഇടങ്ങളിലാണ് നാം ജീവിക്കുന്നതെന്ന കാര്യം പലയാവര്‍ത്തി ഓര്‍മ്മിപ്പിക്കേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നുന്നില്ല. വിഭജിക്കപ്പെട്ട ആ ഇടങ്ങളോട് നിരന്തരം കലഹിക്കുകയും പോരടിക്കുകയും ചെയ്യുന്ന ഒരു തലമുറയുള്ള കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. കാലവും ഇടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന സൈദ്ധാന്തിക കാഴ്ചപ്പാടുകളെ നമുക്കിന്ന് പുനര്‍വിചിന്തനം നടത്തേണ്ടതായുണ്ട്. പ്രത്യേകിച്ച് സിനിമ ഉള്‍പ്പെടെയുള്ള മാസ് മീഡിയകള്‍ ഇത്രത്തോളം പ്രബലശക്തികളായി വളര്‍ന്ന ഒരു കാലഘട്ടത്തില്‍. ഇവിടെ കാലവും ഇടവും തമ്മില്‍ നിലനില്‍ക്കുന്ന അഭേദ്യമായ ചാലക ശക്തി ഒന്ന് മറ്റൊന്നിനെ മറികടക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ ചെയ്യുന്ന നിലയോളം വളര്‍ന്നിട്ടുണ്ട് എന്നാണ്. കാലവും ഇടവും ചേര്‍ന്നുണ്ടാക്കുന്ന ആ ബന്ധത്തെ കുറിച്ച് വളരെ വിശദമായി തന്നെ ലെഫബര്‍ പഠനം നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ”ഇടങ്ങള്‍ ഒരു സാമൂഹിക നിര്‍മ്മിതിയാണെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ആ ഇടങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കപ്പെടുമെന്നു”മാണ്. എന്നാല്‍ ഇന്ത്യന്‍ റിയാലിറ്റിക്കകത്ത് നിന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ നിലവിലുള്ള ജാതീയ ഇടങ്ങള്‍ പലയാവര്‍ത്തി പരിഷ്‌കരിക്കപ്പെടുമ്പോള്‍ പോലും ”ജാതി” എന്ന സത്തിനെ പുറന്തള്ളുവാന്‍ തയ്യാറാവുന്നില്ലെന്നു കാണാം. ഇത്തരം ജാതീയ ഇടങ്ങളുടെ ശക്തമായ സ്വാധീന വലയത്തിനുകത്തു തന്നെയാണ് പോപ്പുലര്‍ കള്‍ച്ചര്‍ രൂപീകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പോപ്പുലര്‍ കള്‍ച്ചറിനോട് കലഹിക്കുന്ന, കലഹിക്കുവാന്‍ ശ്രമിക്കുന്ന കീഴാള വിഭാഗങ്ങള്‍ക്ക് പലപ്പോഴും അതിനെ നിലനിര്‍ത്തുന്ന ജാതീയ ഇടങ്ങളോട് കൂടെയാണ് കലഹിക്കേണ്ടതായി വരുന്നത്.

ഇവിടെയാണ് ആന്തരികമായി ബാഹ്യമായും ശക്തമായ ദളിത് രാഷ്ട്രീയം പേറുന്ന ”കബാലി” എന്ന ചിത്രം ശ്രദ്ധേയമായി മാറുന്നത്. പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായ ചേരുവകള്‍ പേറുമ്പോള്‍ തന്നെയും രാഷ്ട്രീയ നിലപാടുകളെ കൈവെടിയാന്‍ ദളിത് കൂടിയായ സംവിധായകന്‍ പാ.രഞ്ജിത്ത് തയ്യാറായിട്ടില്ലെന്ന് കാണാം. വളരെ കൃത്യമായ ദളിത് സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് മുന്നേറുന്ന ചിത്രം, സിനിമ എന്ന ജാതീയ ഇടത്തെ എങ്ങനെയൊക്കെ ജനാധിപത്യവല്ക്കരിക്കാമെന്ന് കാണിച്ചുതരുന്നുണ്ട്. നായര്‍-നമ്പൂതിരി-ബ്രാഹ്മണ കഥാപാത്രങ്ങള്‍ പൊതുബോധത്തിന്റെ ഭാഗമാവുകയും, പ്രേക്ഷകനിലെ ആണധികാരത്തിന്റെ പ്രതിബിംബം ആയി മാറുകയും ചെയ്ത ഒരു കാലത്താണ് ജാതി ഇടങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കറുത്ത് മെലിഞ്ഞ (ഒരു സ്റ്റീരിയോടൈപ്പ് ആണെങ്കില്‍ പോലും) രജനിയുടെ കീഴാളത്വം അടയാളപ്പെടുത്തിക്കൊണ്ട് കബാലിയുമായി രഞ്ജിത്ത് നടന്നു കയറുന്നത്. ഒരു പൊതുനിര്‍മ്മിതിയുടെ മേല്‍ നേടാന്‍ കഴിയാവുന്നതിന്റെ പരമാവധി വിജയം തന്നെയാണ് കബാലിയിലൂടെ രഞ്ജിത്ത് നേടിയെടുത്തിരിക്കുന്നത്. ജാതി കേന്ദ്രീകൃതമായ സിനിമ എന്ന വലിയ മാധ്യമത്തില്‍ തന്റെ സ്വത്വം അടയാളപ്പെടുത്തിക്കൊണ്ട് രഞ്ജിത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രസക്തി ഏറെയുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ അതികഗായകനായ രജനിയുടെ ദളിത് സ്വത്വം ഒരു പക്ഷേ ഏറ്റവും വ്യക്തമായി രേഖപ്പെടുത്തപ്പെട്ട, ചരിത്രത്തിലെ ആദ്യ ചിത്രം കബാലി ആയിരിക്കാം. കീഴാള പശ്ചാത്തലമുള്ള നിരവധി കഥാപാത്രങ്ങളിലൂടെ പൊതുബോധ നിര്‍മ്മിതിക്കുമേല്‍ രജനി നേടിയെടുത്ത മികവുറ്റ അപൂര്‍വ്വം കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് കബാലി. ഒരുപക്ഷേ രജനിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികവുറ്റതെന്ന് പറഞ്ഞാലും ഒട്ടും അധികമാവില്ല. ഇവിടെ ദളിത് സ്വത്വം എന്ന പശ്ചാത്തലത്തിനകത്ത് രജനിക്കും രഞ്ജിത്തിനും പുറമേ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ മിക്കവരും കടന്നുവരുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഛായാഗ്രാഹകന്‍ ജി.മുരളി, കലാസംവിധായകന്‍ താരാമലിംഗം, വരികള്‍ എഴുതിയ ഉമാ ദേവി, അരുണ്‍ രാജ കാമരാജ്, എം.ബാലമുരുഗന്‍ തുടങ്ങി ചിത്രത്തിന്റെ സുപ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് ദളിത് സ്വത്വം അടയാളപ്പെടുത്തിയവര്‍ തന്നെയാണെന്നുള്ളത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നമുക്ക് നോക്കി കാണേണ്ടതുണ്ട്. ഈ രീതിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട് മാത്രമല്ല, അതിനപ്പുറം വളരെ കൃത്യമായ അംബേദ്കറൈറ്റ് ആശയങ്ങള്‍ കോമേഷ്യല്‍ ചേരുവകള്‍ക്കിടയിലും യാതൊരു വിട്ടുവീഴ്ചയും കൂടാതെ അവതരിപ്പിച്ചു എന്നുള്ളതുകൊണ്ട് കൂടെയാണ് കബാലി ഒരു മികച്ച ചിത്രമായി മാറുന്നത്. ബഹുജന്‍ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും നിലവിലിരിക്കുന്ന ഒരു പോപ്പുലര്‍ കള്‍ച്ചറിനെ തന്നെ പിടിച്ചുലയ്ക്കാന്‍ മാത്രം ശക്തിയൊന്നും അവയ്ക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ ഒരു കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ട് വിശകലനം ചെയ്യുമ്പോള്‍ ഈ പൊതുബോധ നിര്‍മ്മിതിയെ അപ്പാടെ വിഴുങ്ങിക്കൊണ്ടുള്ള ഒരു വിജയമാണ് കബാലി നേടിയിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ഇവിടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത ബഹുജന്‍ രാഷ്ട്രീയത്തെ പേറുകയും ഒപ്പം ആന്തരികമായും ബാഹ്യമായും കീഴാള സ്വത്വം പ്രതിഫലിക്കുകയും ചെയ്യുന്ന ഒരു ചിത്രം പുറത്തിറങ്ങുന്നതിനുമുന്‍പ് ആഗോള തലത്തില്‍ തന്നെ മികച്ച ജനപ്രീതിയും സ്വീകാര്യതയും നേടിയെടുത്തു എന്നുള്ളതാണ്. അതായത് ഇന്ത്യയിലെ ജാതീയ ഇടങ്ങള്‍ക്കു മേല്‍ മാത്രമല്ല ആഗോള തലത്തിലെ വരേണ്യ ഇടങ്ങളില്‍ കൂടെയും കബാലിക്ക് ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍. പോപ്പുലര്‍ കള്‍ച്ചര്‍എന്ന ആ വരേണ്യ നിര്‍മ്മിതിയെ എത്ര മനോഹരമായാണ് ഒരു ബഹുജന്‍ ചിത്രം കീഴടക്കി കളഞ്ഞത്!

മലയാള സിനിമ എന്ന സവര്‍ണ്ണ ഇടത്ത് കലാഭവന്‍ മണി എന്ന ദളിത് കലാകാരന്‍ സ്വന്തമായി സൃഷ്ടിച്ചെടുത്ത ഒരു സ്ഥാനമുണ്ട്. മലയാള സിനിമ തനിക്ക് വച്ചുനീട്ടിയ അപരവല്ക്കരിക്കപ്പെട്ടതും കീഴാള പശ്ചാത്തലം ഉള്ളതുമായ കഥാപാത്രങ്ങള്‍ എന്ന അതിരുകളെ അതിസമര്‍ത്ഥമായി മറികടന്ന ഒരു നടനാണ് അദ്ദേഹം. സമാനമായ കീഴാള വാര്‍പ്പ് മാതൃകകള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് നടന്നു കയറിയ മഹാ നടനാണ് രജനീ. നമ്മുടെ വരേണ്യസിനിമാ ലോകം തളച്ചിടാന്‍ ശ്രമിക്കുന്ന വാര്‍പ്പ് മാതൃകകളില്‍ നിന്നും തങ്ങളുടേതായ ഇടം നേടിയെടുക്കാന്‍ സാധിച്ച അപൂര്‍വ്വം അഭിനേതാക്കളില്‍ ചിലര്‍ മാത്രമാണ് രജനിയും മണിയും. പൊതുബോധനിര്‍മ്മിതിയോട് കലഹിച്ചും ജാതീയ ഇടങ്ങളോട് പൊരുതികൊണ്ടും രജനി എന്ന മഹാനടന്‍ കയ്യടക്കിയ സൂപ്പര്‍ താരപദവിക്ക് പത്തരമാറ്റ് തിളക്കമുണ്ട്. രജനിയുടെ കാര്യത്തില്‍ ആദ്യകാലത്ത് കീഴാള വാര്‍പ്പ് മാതൃകകള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ കടന്നുവരുകയും പിന്നീട് എപ്പോഴോ സവര്‍ണ്ണ സദാചാര നായക സങ്കല്പങ്ങളിലേക്ക് വഴുതി പോവുകയുമാണ് ഉണ്ടായത്.

അംബേദ്കറിനൊപ്പം ചെഗുവേരയും ബുദ്ധനുമെല്ലാം ഫ്രെയ്മുകളില്‍ മിന്നിമറഞ്ഞു പോകുന്നത് സിനിമയുടെയും സംവിധായകന്റെയും രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ്. സിനിമയില്‍ പൊളിറ്റിക്കല്‍ ഡിസ്‌കോഴ്‌സിന് സാധ്യത തുറന്നിടുന്ന മിക്ക രംഗങ്ങളും പ്രേക്ഷകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചത് നിലവിലെ പൊതുബോധ നിര്‍മ്മിതിക്ക് മേല്‍ കബാലി നേടിയ വിജയത്തെ അടിവരയിടുന്നതാണ്. ഇവിടെയാണ് പോപ്പുലര്‍ കള്‍ച്ചര്‍ എന്ന ആ ജാതീയ പ്രതിഭാസത്തെ അതി സമര്‍ത്ഥമായി ഒരു കീഴാള കലാസൃഷ്ടി ചോദ്യം ചെയ്യുന്നത്. അതായത് കാലാനുസൃതമായി ഇടങ്ങള്‍ പരിഷ്‌ക്കരിക്കപ്പെടുമെന്ന് പറഞ്ഞ ലെഫബറിന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ജാതി സമൂഹത്തിലെ ഇടങ്ങള്‍ ബഹുജന രാഷ്ട്രീയ കലാരൂപങ്ങളുടെ ഇടപെടല്‍ മൂലവും പരിഷ്‌കരിക്കപ്പെടാമെന്നും ജനാധിപത്യവല്ക്കരിക്ക
പ്പെടാമെന്നും നട്ടെല്ല് നിവര്‍ത്തി നിന്നുകൊണ്ട് രഞ്ജിത്ത് എന്ന സംവിധായകന്‍ നമുക്ക് കാണിച്ചുതരുകയാണ്.

തന്റെ സ്വത്വം പോലും അടയാളപ്പെടുത്താന്‍ കഴിയാത്ത അത്തരം ചിത്രങ്ങള്‍ രജനിക്ക് താരപദവി നേടിക്കൊടുത്തെങ്കിലും തികച്ചും അരാഷ്ട്രീയമായ കഥാ മുഹൂര്‍ത്തങ്ങള്‍ക്കുള്ളില്‍ അദ്ദേഹം തളയ്ക്കപ്പെടുകയാണ് ഉണ്ടായത്. പിന്നീട് അതില്‍ നിന്നും കുതറി മാറാന്‍ സവര്‍ണ്ണ സദാചാര ബോധത്തെ ഉള്‍ക്കൊണ്ടു വളര്‍ന്നു വന്ന സംവിധായകര്‍ ഒരു തരത്തിലും സമ്മതിക്കുകയുണ്ടായില്ല. അതില്‍ നിന്നെല്ലാം രജനി എന്ന നടനെ മോചിപ്പിക്കുകയും അതോടൊപ്പം അദ്ദേഹത്തെ രാഷ്ട്രീയം പറയുന്ന, കലഹിക്കുന്ന, ചോദ്യം ചെയ്യുന്ന, പ്രേക്ഷകര്‍ക്ക് അപരിചിതമായ പുതിയൊരു നടന ലോകത്തേക്ക് തന്നെ പറിച്ചു നടുക എന്ന ശ്രമകരമായ ദൗത്യമാണ് ഇവിടെ രഞ്ജിത്ത് നിര്‍വ്വഹിച്ചിരിക്കുന്നത്. രജനിയെ ഒരേ സമയം ശക്തമായ പൊളിറ്റിക്കല്‍ ടൂളായും മികവുറ്റ അഭിനേതാവായും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് രഞ്ജിത്തിന്റെ വിജയം. സാമുദായികവും രാഷ്ട്രീയവും സാമൂഹികവുമായ ബഹിഷ്‌കരണങ്ങള്‍ക്ക് വിധേയമായ ഒരു ജനതക്ക്, കലാസ്വാദകര്‍ക്ക് പുതിയൊരു ദാര്‍ശനിക ബോധം പ്രദാനം ചെയ്യാന്‍ കബാലിയിലൂടെ രഞ്ജിത്തിനു സാധിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ചുരുക്കത്തില്‍, യുക്തിപൂര്‍വ്വം രാഷ്ട്രീയം പറയാന്‍ കഴിയുന്ന മുഖ്യധാര സിനിമകളും പുതിയകാലത്ത് സാധ്യമാണെന്ന് തെളിയിക്കുകയാണ് രഞ്ജിത്ത് എന്ന പ്രതിഭാധനനായ സംവിധായകന്‍ ചെയ്തിരിക്കുന്നത്.

മുഖ്യധാര സിനിമകള്‍ നിര്‍മ്മിച്ചെടുത്ത കീഴാള ആണത്ത മാതൃകകളെയും കബാലി ശക്തമായി തന്നെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. ധന്‍സികയും രാധിക ആപ്‌തെയും അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങള്‍ ഈ കാഴ്ചപ്പാടിനെ തികച്ചും സാധൂകരിക്കുന്നവയാണ്. കബാലി എന്ന കേന്ദ്ര കഥാപാത്രത്തെ ഒരു ബിന്ദുവായി പ്രതിഷ്ഠിക്കാതെ, കുമുധവല്ലിയും (ഭാര്യ) യോഗിയും (മകള്‍) തങ്ങളുടേതായ ഒരു ഇടം കണ്ടെത്തുന്നുണ്ട് ഈ ചിത്രത്തില്‍. അത്തരത്തില്‍ പൊതുബോധത്തിന്റെ കീഴാള സങ്കല്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഒരു പോസിറ്റീവ് ഡിസ്‌കോഴ്‌സിനുള്ള സാധ്യത തുറന്നിടുന്നുണ്ട് സംവിധായകന്‍. അതിനാല്‍ കബാലി എന്ന പേരോ ചിത്രമോ ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അത് സ്വാഭാവികമായ പ്രതികരണമായി മാത്രമേ കാണേണ്ടതുള്ളു.

കബാലി എന്ന പേര് തമിഴ് സിനിമ മേഖലയില്‍ സൃഷ്ടിച്ച ചില സ്റ്റീരിയോടൈപിക് സങ്കല്പങ്ങളുണ്ട്. ചേരിയില്‍ നിന്നും വരുന്നവന്‍, ഭീകരന്‍, പേടിപ്പിക്കുന്നവന്‍, കൂലിത്തല്ലുകാരന്‍, ഇതൊന്നുമല്ലെങ്കില്‍ കൊമേഡിയന്‍ തുടങ്ങിയ ജാതീയ സങ്കല്പങ്ങളെ അതി സമര്‍ത്ഥമായി പൊളിച്ചെഴുതുകയാണ് രഞ്ജിത്ത് ചെയ്തത്. ചുരുക്കത്തില്‍ രഞ്ജിത്ത് എന്ന അംബേദ്കറൈറ്റ് സിനിമ എന്ന ജനപ്രിയ കലാരൂപത്തെ യുക്തിപൂര്‍വ്വം ഉപയോഗിച്ച് കൊണ്ട് ജാതീയ ഇടങ്ങളെ ചോദ്യം ചെയ്യുന്നത് നമുക്ക് കാണാനാവും. അതായത് ജാതിയുടെ പിന്‍ബലത്തില്‍ കെട്ടിപ്പടുത്ത പോപ്പുലര്‍ കള്‍ച്ചറിന് മേല്‍ കീഴാളത്വം ഉള്‍ക്കൊള്ളുന്ന ഒരു മാസ് മീഡിയയെ പ്രതിഷ്ഠിക്കുകയാണ് രഞ്ജിത്ത് ചെയ്യുന്നത്. ചരിത്രത്തെ അപനിര്‍മ്മിച്ച് കൊണ്ടുമാത്രമേ ബഹുജന മുന്നേറ്റങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്ന തിരിച്ചറിവിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഈ ഒരു നീക്കത്തിന് സംവിധായകന്‍ മുതിര്‍ന്നത്.

രജനിയുടെ താരപദവി ഉപയോഗപ്പെടുത്തിയതും വിമാനം പോലും ഉപയോഗിച്ചു കൊണ്ടുള്ള വലിയ രീതിയിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും എല്ലാം നിലവിലെ പോപ്പുലര്‍ കള്‍ച്ചറിന് മേല്‍ സ്വാധീനം നേടിയെടുക്കുക എന്ന സുപ്രധാനലക്ഷ്യത്തിന്റെ ഭാഗമായി ഉണ്ടായതാണ്. അതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു എന്ന് തന്നെയാണ് ചിത്രത്തിന്റെ റിലീസിന് മുന്‍പും അതിന് ശേഷവുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ രീതിയില്‍ ബഹുജന രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രം ഇന്ത്യയിലെന്നല്ല ലോകമൊട്ടുക്കും ഒരേ പോലെ ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു എന്നത് അത്ര നിസ്സാരമായി കാണേണ്ട കാര്യങ്ങളല്ല. ബി.ബി.സി, ന്യൂയോര്‍ക്ക് ടൈംസ്, ഫോബ്‌സ്, വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ കബാലിയെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നതും എടുത്ത് പറയേണ്ടതാണ്. അതിനിടയില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ചെറിയ വിമര്‍ശനങ്ങളെല്ലാം തികച്ചും അപക്വമായ നിലപാടുകളില്‍ നിന്നുള്ളതാണെന്നു കരുതാന്‍ മാത്രമേ നിര്‍വ്വാഹമുള്ളൂ. പലപ്പോഴും അത്തരത്തിലുള്ള ചില വിമര്‍ശനങ്ങള്‍ വംശീയമായ മാനം പോലും കൈവരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. മുന്‍പ് പറഞ്ഞ സവര്‍ണ്ണ സദാചാര നായക സങ്കല്പങ്ങളില്‍ തളയ്ക്കപ്പെട്ട രജനിയുടെ മുന്‍കാല ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നാല്‍ പോലും ഒരു നടനേയും സംവിധായകനെയും ഒരു സിനിമാ മേഖലയെ തന്നെയും തരംതാഴ്ത്തിക്കൊണ്ടുള്ള വില കുറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുള്ള സംവാദത്തിനു പോലും സാധ്യത കല്പിക്കുന്നവയല്ല. അതിനിടയില്‍ ലീന മണിമേഖലയെ പോലുള്ളവര്‍ ഉന്നയിച്ച ആരോഗ്യപരമായ ചില വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന പരിഗണനയോടെ തന്നെ കാണേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍, ആ വിമര്‍ശനങ്ങള്‍ക്ക് പോലും കബാലിക്ക് മുന്നില്‍ കാമ്പില്ലാതെ പോയത് ചരിത്ര നിയോഗമായിരിക്കാം.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു പക്ഷേ ജബ്ബാര്‍ പട്ടേല്‍സംവിധാനം ചെയ്ത ‘അംബേദ്കര്‍’ എന്ന ചിത്രത്തിനു ശേഷം ആ മഹാ മനുഷ്യന്റെ പേര് വീണ്ടും ഉച്ചരിക്കപ്പെടുന്നത് കബാലിയില്‍ ആയിരിക്കാം. നമ്മുടെ മാസ് മീഡിയകള്‍ ഒരേ പോലെ സെന്‍സര്‍ ചെയ്ത ഒരു പേരാണ് അംബേദ്കര്‍. എന്നാല്‍ അംബേദ്കര്‍ എന്ന പേരിനെ വളരെ വ്യക്തമായ രാഷ്ട്രീയത്തോടെ തന്നെ കബാലിയില്‍ രഞ്ജിത്ത് ഉപയോഗിക്കുന്നുണ്ട്. അംബേദ്കറിനൊപ്പം ചെഗുവേരയും ബുദ്ധനുമെല്ലാം ഫ്രെയ്മുകളില്‍ മിന്നിമറഞ്ഞു പോകുന്നത് സിനിമയുടെയും സംവിധായകന്റെയും രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ്. സിനിമയില്‍ പൊളിറ്റിക്കല്‍ ഡിസ്‌കോഴ്‌സിന് സാധ്യത തുറന്നിടുന്ന മിക്ക രംഗങ്ങളും പ്രേക്ഷകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചത് നിലവിലെ പൊതുബോധ നിര്‍മ്മിതിക്ക് മേല്‍ കബാലി നേടിയ വിജയത്തെ അടിവരയിടുന്നതാണ്. ഇവിടെയാണ് പോപ്പുലര്‍ കള്‍ച്ചര്‍ എന്ന ആ ജാതീയ പ്രതിഭാസത്തെ അതി സമര്‍ത്ഥമായി ഒരു കീഴാള കലാസൃഷ്ടി ചോദ്യം ചെയ്യുന്നത്. അതായത് കാലാനുസൃതമായി ഇടങ്ങള്‍ പരിഷ്‌ക്കരിക്കപ്പെടുമെന്ന് പറഞ്ഞ ലെഫബറിന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ജാതി സമൂഹത്തിലെ ഇടങ്ങള്‍ ബഹുജന രാഷ്ട്രീയ കലാരൂപങ്ങളുടെ ഇടപെടല്‍ മൂലവും പരിഷ്‌കരിക്കപ്പെടാമെന്നും ജനാധിപത്യവല്ക്കരിക്കപ്പെടാമെന്നും നട്ടെല്ല് നിവര്‍ത്തി നിന്നുകൊണ്ട് രഞ്ജിത്ത് എന്ന സംവിധായകന്‍ നമുക്ക് കാണിച്ചുതരുകയാണ്.
__________________________________

Top