റാഗിങ്ങിന്റെ തത്വ ശാസ്ത്രം ജാതിയുടേയോ?

ഇല്ലായ്മകളുടെ ദുരിത മുഖത്തു നിന്നുമെത്തു ന്നവരുടെ നിസ്സഹായായതയ്ക്കു മേലാണ് മിക്കപ്പോഴും പണകൊഴുപ്പുള്ള സവര്‍ണ്ണ സ്ത്രീകളുടെ കുതിര കയറ്റം നടക്കുന്നത്. അതുകൊണ്ട്, ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അത് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നതായാലും ശരി അവയെ തടയിടാന്‍ സുശക്തമായ നിയമവും നിയമ നിര്‍മാണവും നമ്മുക്കാവിശ്യമാണ്. ജാതിവിവേചനത്തിനും നീതിനിഷേധ ത്തിനുമെതിരേ ഗവണ്‍മെന്റ് തലത്തില്‍ ബോധവല്‍കരണക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ദലിത് ആദിവാസി/അധസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യസം ഉറപ്പുവരുത്തുകയും അവ കൃത്യമായി നടക്കുന്നുണ്ടോ യെന്ന് പരിശോധിക്കുകയും ചെയ്യുക. സര്‍വ്വകലശാലകളിലേയും ഉന്നത വിദ്യാഭ്യാസ രംഗത്തേയും ഭരണസമിതിയില്‍ ദലിത് അദ്ധ്യാപക/വിദ്യാര്‍ത്ഥി പ്രാതി നിധ്യം ഉറപ്പാക്കുക. അതുവഴി ദലിത്/വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ അവകാശവും പങ്കാളിത്തവും ഉറപ്പുവരുത്തുക. ഇതിലൂടെ മാത്രമേ ചിന്തശേഷിയുള്ള ധിക്ഷണതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളൂ.

”റാഗിങ്” അഥവാ ”റാഗ്” എന്ന വാക്കിന്റെ അര്‍ത്ഥം ചീന്തിയെടുക്കുക. ആക്രമിക്കുക, പരിഹാസ്യമാക്കുക എന്നൊക്കെയാണ്. ഈ വാക്കുകളുടെ അര്‍ത്ഥ തലം പോലെ തന്നെയാണ് ഇരയായവരുടെ മനോനിലയും. പ്രത്യേകിച്ച് ഇരയായവര്‍ ദലിതരാണെന്ന വസ്തുത വെളിവാക്കപ്പെടുമ്പോള്‍.
ഇന്ത്യന്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരണത്തിന് വിധേയരാക്കപ്പെട്ട ഒരു വിഭാഗത്തിലെ പുതുതലമുറ അവരുടെ ഭൗതീക സാഹചര്യങ്ങളിലെ പോരായ്മകളേയും പിന്നോക്കാവസ്ഥകളേയും മറി കടന്ന് തങ്ങളുടെ സര്‍ഗ്ഗശേഷിയേയും ധീഷണതയേയും വളര്‍ത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കടന്നു വന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അവര്‍ക്ക് പ്രധാനമായും നേരിടേണ്ടി വരുന്ന പ്രശ്‌നം ജാതിയുടേയും സംവരണത്തിന്റേയും നിരന്തരമായ ചോദ്യങ്ങളാണ്. അതിക്രമത്തിന്റേയും പരിഹാസിക്കലിന്റേയും ഇത്തരം ചോദ്യം ചെയ്യലുകള്‍ക്ക് സമൂഹം വിളിക്കുന്ന പേര്‍ ‘റാഗിങ്’ എന്നാണ്. റാഗിങ്ങ് വിദ്യാര്‍ത്ഥികളില്‍ നിന്നാകാം. സമൂഹത്തില്‍ നിന്നാകാം, അദ്ധ്യാപകരില്‍ നിന്നാകാം. അതുമല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ യൂണിവേഴ്‌സിറ്റികളില്‍ നിന്നുമാകാം. ഇതിന്റെ ഓര്‍മ്മയില്‍ നിന്നും മായാത്ത രക്തസാക്ഷിയാണ് ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്യപ്പെട്ട രോഹിത് വേമുല.
ഇനി അദ്ധ്യാപക തലത്തില്‍ ആണെങ്കിലോ, കേരളത്തിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയായ ‘മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണ പഠനം നടത്തുന്ന ദീപ. പി. മോഹനന്റെ പ്രശ്‌നം നമ്മുടെയെല്ലാം മുന്‍പില്‍ ചര്‍ച്ചാ വിഷയമായതാണല്ലോ. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, അതേ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് തല ഭരണ പരിഷ്‌കാരങ്ങള്‍ കൊണ്ട് (ഗവേഷണ പഠന കാലത്ത് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് തുക 2 വര്‍ഷം കഴിഞ്ഞിട്ടും കിട്ടാതെ പഠനം തന്നെ നിലച്ചു പോയേക്കാവുന്ന ഒരു കൂട്ടം എസ്. എ.ടി, ഓ.ബി. സി വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരു തലത്തിലുള്ള നീതി നിഷേധമാണ്. (അതേ അക്കാദമിക് തല പരിഷ്‌കാരങ്ങളില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മറ്റ് യൂണിവേഴ്‌സിറ്റികളില്‍ ഫെലോഷിപ്പ് നല്‍കുണ്ട്). അര്‍ഹമായ സ്‌കോളര്‍ഷിപ്പ് തുക നല്‍കാത്തതിലൂടെ ചിന്താശേഷിയുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സാമൂഹികമായ മരണം തന്നെയാണ് ഈ യൂണിവേഴ്‌സിറ്റി നടത്തികൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നീതി നിഷേധത്തേയും ബഹുമാനപ്പെട്ട യൂജിസിയും അധികാര തലവും റാഗിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. കാരണം, ഇന്ത്യയിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ ദലിത്-കീഴാള വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂള്‍ പഠനം തൊട്ട് അക്കാദമിക് തല രജിസ്‌ട്രേഷന്‍ വരെയും തങ്ങളുടെ പഠനത്തിന്റെ ഓരോ മേഖലയിലും ഈ സാമൂഹിക മരണം പേറിയാണ് ജീവിച്ചു പോകേണ്ടി വരുന്നത്. വിദ്യാഭ്യാസത്തിന്റ ഓരോ ഘട്ടത്തിലും തങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ സംവരണത്തിലൂടെ മാത്രം ലഭിക്കുന്ന/ നല്‍കുന്ന ഒരു സവര്‍ണ്ണ ധനമായിട്ടാണ് സമൂഹം അതിനെ കാണുന്നത്.
ഇനി സഹവിദ്യാര്‍ത്ഥികള്‍ മൂലമുള്ള അതിക്രമങ്ങള്‍ ആണെങ്കിലോ. അത് അവളെ/ അവനെ അപഹാസ്യപ്പെടുത്തുന്നു. അതുവഴി ആ വ്യക്തിയെ മാനസികമായും ശാരീരികമായും ഇല്ലായ്മ ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്. ഇങ്ങനെയുള്ള അതിക്രമത്തിന്റെ ജീവിക്കുന്ന ഇരയാണ് അശ്വതി എന്ന പെണ്‍കുട്ടി. അവളും എത്തിയിരിക്കുന്നത് ഞാന്‍ മുന്‍പ് പറഞ്ഞ സാമൂഹികമായ നിശബ്ദമാക്കപ്പെടലിലേക്കാണ്.
ആരാണ് അശ്വതി? ഒരു സാധാരണ ദലിത് സ്ത്രീയുടെ അസാധാരണമായ മനോധൈര്യത്തില്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ജോലി ചെയ്തു തന്റെ മകള്‍ ഇന്നത് പഠിക്കണമെന്ന് ആഗ്രഹിച്ച ഒരമ്മയുടെ മകളാണവള്‍. അവര്‍ മൂന്നു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തുകൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗി എന്ന സ്ഥലത്തുള്ള അല്‍ഖമാര്‍ നഴ്‌സിങ്ങ് കോളേജിലേയ്ക്ക് അച്ഛനില്ലാത്ത മകളെ ബി. എസ്. സി നഴ്‌സിങ്ങ് പഠിപ്പിക്കാനയച്ചത്. എന്നാല്‍ അവളെ അവിടെ കാത്തിരുന്നതാവട്ടെ കഠിനവും ക്രൂരവുമായ റാഗിങ്ങായിരുന്നു. പഠനം തുടങ്ങി ആറുമാസം അവള്‍ കടന്നു പോയത് സീനിയര്‍ മലയാള വിദ്യാര്‍ത്ഥികളുടെ അതിക്രമങ്ങളുടേയും ആക്ഷേപങ്ങളുടേയും ദിവസങ്ങളിലൂടെയായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ കഴുകിപ്പിക്കുക, വര്‍ക്കുകള്‍ ചെയ്യിക്കുക തുടങ്ങി വൈകുന്നേരത്തെ ഹോസ്റ്റലിനുള്ളിലെ ഭക്ഷണം എടുക്കാതിരിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ അനുവാദമില്ലായ്മ തുടങ്ങിയവയായിരുന്നു റാഗിങ്ങിന്റെ രീതി. അവളെ ജാതീയമായും വംശീയമായും ആക്ഷേപിക്കുകയും ചെയ്തു. ആ ആക്ഷേപപ്പെടുത്തലിന്റെ അവസാന ഘട്ടം ആയിരുന്നു മെയ് 9, 2016. അന്ന് രാത്രി ഭക്ഷണം ഉണ്ടാക്കുകയായിരുന്ന അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ ആതിരയും, ലക്ഷ്മിയും മുറിയിലേക്ക് വിളിപ്പിക്കുകയും നാട്ടില്‍ പോകാന്‍ അനുവദിക്കില്ലെന്നും പോകുന്നെങ്കില്‍ നാളെ തന്നെ പൊയ്‌ക്കോളണമെന്നും; എന്നാല്‍ പിന്നീട് കോളേജിലേക്ക് വരാന്‍ പാടില്ലെന്നും ഭീഷണിപ്പെടുത്തി. പിന്നീട് മോശമായ രീതിയില്‍ അസഭ്യ വര്‍ഷം നടത്തി വിവസ്ത്രയായി ഡാന്‍സ് കളി കളിക്കാന്‍ ഉത്തരവും ഇറക്കി ഈ മലയാളി മഹതികള്‍. ഡാന്‍സ് കളിക്കാന്‍ പറ്റില്ലായെന്ന് പറഞ്ഞതോടുകൂടി ‘നീ കറുത്തവള്‍ അല്ലേ’, ‘നീ താന്നജാതിക്കാരിയല്ലേ നിന്റെ അമ്മ കറുത്തതല്ലേ അതാണ് നിന്റെ അച്ഛന്‍ ഉപേക്ഷിച്ചു പോയത്’ എന്നായി കാര്യങ്ങള്‍. ആക്ഷേപത്തിനൊടുവില്‍ അതിരയും ശില്‍പയും ലക്ഷ്മിയും മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബാത്‌റൂം കഴുകുവാന്‍ പറയുകയും പറ്റില്ലായെന്ന് പറഞ്ഞതോടുകൂടി ടോയ്‌ലറ്റില്‍ ഇരുന്ന ഫിനോയല്‍ വായില്‍ ബലമായി ഒഴിപ്പിക്കുകയും ചെയ്തു. ശ്വാസംമുട്ടി നിലത്തു വീണുരുണ്ട ശബ്ദം കേട്ടു ഓടിയെത്തിയ മറ്റു സീനിയേഴ്‌സ് അശ്വതിയുടെ തൊണ്ടയില്‍ കൈയ്യിട്ട് ഛര്‍ദ്ദിപ്പിക്കുകയും ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നാലുദിവസം തീവ്രപരിചരണ വിഭാഗത്തിലും ഒരു ദിവസം അത്യാഹിത വിഭാഗത്തിലും കഴിഞ്ഞ അശ്വതിയെ ആശുപത്രിയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കേസ് റിപ്പോര്‍ട്ട്‌ചെയ്തു എന്ന് മനസിലാക്കിയതോടുകൂടി ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാതെ നിര്‍ബന്ധപൂര്‍വ്വം ട്രിപ്പടക്കം ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടയ്ക്ക് പോലീസ് മൊഴിയെടുക്കാന്‍ എത്തിയെങ്കിലും കുഴപ്പമൊന്നുമില്ലെ പറഞ്ഞ് സീനിയേഴ്‌സ് അവരെ തിരിച്ചയച്ചു. അവിടുത്തെ റിപ്പോര്‍ട്ട് പ്രകാരം, അശ്വതിയുടെ കഴുത്തു മുതല്‍ അന്നനാളം വരെ പൊള്ളുകയും അന്നനാളം ചുരുങ്ങി ഒട്ടിയമര്‍ന്നിരിക്കുകയും ചെയ്തിരിക്കുകയാണ്. ചുരുങ്ങിയത് ആറുമാസമെങ്കിലും വേണം ഈ കുട്ടിക്ക് സ്വാഭാവികമായി ഭക്ഷണം കഴിക്കാന്‍.
ഡിസ്ചാര്‍ജ് കഴിഞ്ഞ് രണ്ടാം ദിവസം, രണ്ട് സഹപാഠികളുടെ ഒപ്പും അവളെ നാട്ടിലേയ്ക്ക് കയറ്റി അയക്കുകയാണുണ്ടായത.് നാട്ടില്‍ വന്ന അശ്വതിയുടെ സുഹൃത്തുക്കള്‍ വിവരം ബന്ധുക്കളെ അറിയിക്കുകയും എടപ്പാളിലെ സ്വകാര്യആശുപത്രിയില്‍ പ്രവശേിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ( കോഴിക്കോട്) മാറ്റി. മെഡിക്കല്‍ കോളേജ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടിക്കായി ഗല്‍ബര്‍ഗ്ഗ് സ്റ്റേഷനിലേക്ക് കൈമാറുന്നത്. ഇതോടെ ഈ വിഷയം പത്രമാധ്യമങ്ങളില്‍ എത്തുകയും ചര്‍ച്ചയാവുകയും ചെയ്തു. ഇതേ സമയം അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന എന്ന രീതിയില്‍ കോളേജിന്റെ വാര്‍ത്താ കുറിപ്പ് ഇറങ്ങി. നമ്മള്‍ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, അശ്വതി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെങ്കില്‍ എന്തുകൊണ്ട് കോളേജധികൃതര്‍ അവളുടെ അമ്മയെ വിവരം അറിച്ചില്ല? എന്തുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി നാട്ടിലേക്ക് അയച്ചു?
വാര്‍ത്ത സോഷ്യല്‍ മീഡിയായും ചാനലുകളും മറ്റും ചര്‍ച്ചയാക്കിയതോടുകൂടി ധൃതിപ്പെട്ട് അല്‍ഖമാര്‍ കോളേജ് ഉള്‍പ്പെടുന്ന യൂണിവേഴ്‌സിറ്റിയായ ‘രാജീവ് ഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റി’ രണ്ട് അംഗങ്ങളെ വെച്ച് ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചു. എന്നാല്‍, ഏറ്റവും ക്രൂരമായ വസ്തുത റാഗിങ്ങിനിരയായ അശ്വതിയുടെ മൊഴി ഈ കമ്മീഷന്‍ എടുത്തില്ല എന്നതാണ്. അവരുടെ റിപ്പോര്‍ട്ടോ, അങ്ങിനെയൊരു റാഗിംഗ് അവിടെ നടന്നിട്ടില്ല എന്നുള്ളതും. അതുംപോരാഞ്ഞ് പൊറാട്ട് നാടകം കളിപ്പിക്കുവാന്‍ ഒരു വിദ്യാര്‍ത്ഥിയെ കൊണ്ട് പത്ര സമ്മേളനം വിളിപ്പിക്കുകയും ചെയ്തു. ആരെ തൃപ്തിപ്പെടു ത്താനും രക്ഷപ്പെടുത്താനുമാണ് ഈ നീക്കങ്ങള്‍? ഇവിടെ നമ്മള്‍ മനസിലാക്കേണ്ടകാര്യം; ഇര ഒരു ദലിതാകുമ്പോള്‍ സമൂഹം ആ കുറ്റകൃത്യത്തിന്റെ നേര്‍ക്ക് മുഖം തിരിക്കുന്നു എന്നുള്ളതാണ്. അല്ലെങ്കില്‍, നിസ്സംഗമായ സമീപനം സ്വീകരിക്കുന്നു. ഇവിടെ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും അശ്വതിയ്ക്ക് നീതി കിട്ടുമോ എന്ന കാര്യം കാത്തിരുന്ന് കാണാനേ കഴിയൂ.
ഇങ്ങനെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍, ഇരയുടെ സാഹചര്യത്തെക്കാള്‍ ഉപരി അവരുടെ ജാതിസ്വത്വത്തെയാണ് മുതലെടുക്കുന്നത്. സവര്‍ണ്ണസമൂഹത്തിന്റെ പ്രതിനിധാനം, വിദ്യാലയങ്ങളില്‍, സമൂഹത്തില്‍ ‘ഭരണകൂടത്തില്‍ സ്ഥീരീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. ദളിതര്‍/ദലിതേതര്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വ്യത്യാസങ്ങള്‍ക്കപ്പുറം, ഇന്ന് ‘ഭരണകൂടവും വിദ്യാഭ്യാസ സമ്പ്രദായവും അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥാപിതമായ ജീര്‍ണ്ണ രൂപങ്ങള്‍ക്കെതിരെയാണ് നമ്മള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നത്.
വിവേചനപരമായ ബ്രാഹ്മണാധിപത്യത്തിന്റെ കീഴില്‍ ശ്രേണിബദ്ധമായി സമൂഹത്തില്‍ ഒരോ ജാതിക്കും കൃത്യമായ തൊഴില്‍രൂപങ്ങള്‍ ഇവിടെ സവര്‍ണ്ണര്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. ആ തൊഴില്‍രൂപങ്ങള്‍ പൊളിച്ചടുക്കികൊണ്ട് ദലിതരായ പുതുതലമുറ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ അവരുടെ ‘ഭൗതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥയെ മറികടക്കുകയും, അക്കാദമിക് തലത്തില്‍ അവരുടെ ഭാഷയും നൈപുണ്യവും സര്‍ഗശേഷിയും വളര്‍ത്തികൊണ്ട് വരുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നത് ഇത്തരം നീതി നിഷേധങ്ങളാണ്. നീതി എന്ന വാക്കിന് വലിയ അര്‍ത്ഥങ്ങള്‍ ഉണ്ട്. ഒരു സമൂഹത്തിലെ നീതി വിതരണത്തിന്റെ തുല്യതയേയാണ് നാം നീതിയായി പറയേണ്ടത്. എന്നാല്‍ ഇവിടെ തുല്യമായല്ല നീതിയുടെയും ന്യായത്തിന്റെയും വിതരണം നടക്കുന്നത്. ഇതിനായി സമൂഹത്തിന്റെ ചരിത്രപരമായ പാശ്ചാത്തലങ്ങളെ കുടി കണക്കിലെടുത്തുകൊണ്ട് വേണം നീതി നടപ്പിലാക്കേണ്ടത്. കാരണം ഇവിടുത്തെ പൂര്‍വ്വ നിവാസികളായിരുന്ന ദലിതരും ആദിവാസികളും അടിമകളാവുകയും, ഇവിടെ വന്ന ആര്യന്‍മാര്‍ യജമാനന്മാര്‍ ആവുകയും ചെയ്തു. അവര്‍ സൃഷ്ടിച്ച നികൃഷ്ടമായ ഒരു സാമൂഹിക പ്രതിഭാസമാണ് ജാതിവ്യവസ്ഥ. ജാതിവ്യവസ്ഥയുടെ ഉത്ഭവത്തില്‍, ജാതിപരവും മതപരവും സാമ്പത്തികവും വംശീയവുമായ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടന്ന് മാക്‌സ് വെബ്ബര്‍ തന്റെ Religion of India എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
എന്തുതന്നെയായലും, ഇത്രയും സങ്കീര്‍ണ്ണമായ ജാതിവ്യവസ്ഥ മറ്റൊരിടത്തും വേരുറച്ചിട്ടല്ല. റാഗിങ്ങ് എന്ന ഈ അതിക്രമത്തിന്റെ ഒരു പ്രധാന കാരണം. അക്കാദമിക് തലത്തില്‍ ഉയര്‍ന്നു വരുന്ന ദലിതരമായ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ച കണ്ട് ഭീതിദമായ സവര്‍ണ്ണ സമൂഹത്തിന്റെ പ്രതികരണങ്ങളാണ്. ആണ്‍/പെണ്‍ ഭേദമന്യേ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. 1960 കളില്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമായിരുന്നു ഉന്നത വിദ്യാഭ്യസത്തില്‍ ദലിതരുടെ എണ്ണം എങ്കില്‍ ഇപ്പേള്‍ അക്കാദമിക് തലത്തില്‍ 60% ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍. യോഗ്യതയിലും മറ്റും അവര്‍ ബഹുദൂരം മുന്‍പിലാണ്. എന്നിട്ടും ക്യാമ്പസുകള്‍ക്കകത്തും പുറത്തുള്ള വിവേചന ത്തിന്റെയും അതിക്രമത്തിന്റെയും നീതിനിഷേധത്തിന്റെയും പ്രധാന ഇരകള്‍ സ്ത്രീകള്‍ തന്നെയാണ്. പ്രത്യേകിച്ചും, ദലിത് സ്ത്രീകള്‍. ഇല്ലായ്മകളുടെ ദുരിത മുഖത്തു നിന്നുമെത്തു ന്നവരുടെ നിസ്സഹായായതയ്ക്കു മേലാണ് മിക്കപ്പോഴും പണകൊഴുപ്പുള്ള സവര്‍ണ്ണ സ്ത്രീകളുടെ കുതിര കയറ്റം നടക്കുന്നത്. അതുകൊണ്ട്, ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അത് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നതായാലും ശരി അവയെ തടയിടാന്‍ സുശക്തമായ നിയമവും നിയമ നിര്‍മാണവും നമ്മുക്കാവിശ്യമാണ്. ജാതിവിവേചനത്തിനും നീതിനിഷേധ ത്തിനുമെതിരേ ഗവണ്‍മെന്റ് തലത്തില്‍ ബോധവല്‍കരണക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ദലിത് ആദിവാസി/അധസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യസം ഉറപ്പുവരുത്തുകയും അവ കൃത്യമായി നടക്കുന്നുണ്ടോ യെന്ന് പരിശോധിക്കുകയും ചെയ്യുക. സര്‍വ്വകലശാലകളിലേയും ഉന്നത വിദ്യാഭ്യാസ രംഗത്തേയും ഭരണസമിതിയില്‍ ദലിത് അദ്ധ്യാപക/വിദ്യാര്‍ത്ഥി പ്രാതി നിധ്യം ഉറപ്പാക്കുക. അതുവഴി ദലിത്/വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ അവകാശവും പങ്കാളിത്തവും ഉറപ്പുവരുത്തുക. ഇതിലൂടെ മാത്രമേ ചിന്തശേഷിയുള്ള ധിക്ഷണതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളൂ.
_______________

Top