ഏകീകൃത സിവില്‍കോഡ്: വൈവിധ്യങ്ങളുടെ നിഷേധവും സംഘപരിവാറിന്റെ ലക്ഷ്യങ്ങളും

ഇന്ത്യന്‍ ദേശീയരാഷ്ട്രത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഏകീകൃത സിവില്‍കോഡ് പോലുളള ഹിന്ദുത്വ അജണ്ട നടപ്പാക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്. ഇതൊരു ഭാഗികമായ സത്യം മാത്രമാണ്. കാരണം, ഇന്ത്യന്‍ ദേശരാഷ്ട്രം സംവഹിക്കുന്നത് വൈവിധ്യങ്ങളുടെ പരിരക്ഷകളോടൊപ്പം സവര്‍ണ്ണസാമുദായിക താല്‍പ്പര്യങ്ങളുമാണ്. അതുകൊണ്ടാണ്, ഭരണഘടനാവിധേയമായി 1975-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും, സാമുദായിക സഹവര്‍ത്തിത്വത്തിനും വിശ്വാസസ്വാതന്ത്ര്യ സംരക്ഷണത്തിനും മുറിവേല്‍പ്പിച്ചുകൊണ്ട് 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കാനും കഴിഞ്ഞത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ രാജ്യമാസകലം നടന്ന സവര്‍ണ്ണ സമരങ്ങളെ വിലയിരുത്തിക്കൊണ്ട് കെ. ബാലഗോപാല്‍ പറഞ്ഞു: ”ഹിന്ദുസമുദായത്തിലെ മുന്നോക്കജാതികള്‍ പെട്ടെന്ന് ഉറച്ച ഒരു പാറയായി. മതമൗലികവാദികളും മാര്‍ക്‌സിസ്റ്റുകളും ഗാന്ധിയന്മാരും, നഗരവാസികളും ഗ്രാമീണരും, എല്ലാവരും മറ്റൊരിക്കലും ഉണ്ടാകാത്തപോലെ ഒന്നിച്ചു.

2014-ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി) കൈവരിച്ച മികച്ച വിജയത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണം; ജാതിപാര്‍ട്ടികളെ തുടച്ചുനീക്കിയെന്നായിരുന്നു. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍, ആം ആദ്മിപാര്‍ട്ടി എന്നി പാര്‍ട്ടികള്‍ക്ക് നേരിടേണ്ടിവന്ന കനത്ത പരാജയത്തെ കണക്കിലെടുക്കാതെ ആഘോഷിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്പാര്‍ട്ടി, ബീഹാറിലെ ജനതാദള്‍ (യു), ജനതാദള്‍ (എസ്) എന്നിങ്ങനെ ദലിത്-പിന്നോക്ക സാമുദായിക പാര്‍ട്ടികള്‍ക്കേറ്റ തിരിച്ചടികളാണ്. ഈ പാര്‍ട്ടികള്‍ മുഖ്യമായും ആശ്രയിച്ചത്, സ്വന്തം സാമുദായിക വോട്ടുകളോടൊപ്പം മുസ്ലിം വോട്ടുകളെയാണ്. എന്നാല്‍ ദലിത്-പിന്നോക്ക വോട്ടുകള്‍ സംഘപരിവാറിന്റെ ആസൂത്രിത പ്രവര്‍ത്തനങ്ങളിലൂടെ ഭിന്നിച്ച് മതാധിഷ്ഠിതമായി ബി.ജെ.പി യിലേക്കു ചാഞ്ഞപ്പോള്‍, മുസ്ലിം വോട്ടുകള്‍ വിവിധ പ്രസ്ഥാനങ്ങള്‍ക്കനുകൂലമായി ചിതറിയതുമാണ് മുന്‍ചൊന്ന പ്രസ്ഥാനങ്ങളുടെ പരാജയത്തിനടിസ്ഥാനമായത്. മുമ്പൊരിക്കലുമില്ലാത്തതും ദേശീയ ശ്രദ്ധയാകര്‍ഷിച്ചതുമായ തെരഞ്ഞെടുപ്പിന്റെ സാമുദായിക പക്ഷപാതിത്വത്തെക്കുറിച്ചു നല്ലൊരു ചിത്രം ലഭിക്കുന്നത് യു.പി.യില്‍ നിന്നുമാണ്. ആ സംസ്ഥാനത്തെ 80 ലോകസഭാ സീറ്റുകളില്‍ 71 ഉം നേടാന്‍ കഴിഞ്ഞത് ബി.ജെ.പി ക്കാണ്. അതേസമയം, തെരഞ്ഞെടുപ്പുഫലം മറ്റൊരുകാര്യം വ്യക്തമാക്കുന്നുണ്ട്. ജാതിപാര്‍ട്ടികളെന്നു മുദ്രയടിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാമുദായികാടിത്തറ ഇളക്കാന്‍ ബി.ജെ.പി ക്കു കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയമായിട്ടുള്ളത്. ഉദാഹരണത്തിന് 2009ലെ തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ-ഭൂമിഹാര്‍ സമുദായങ്ങളുടെ പിന്തുണയോടെ ബി.എസ്.പി ക്ക് കിട്ടിയത് 27.5 ശതമാനം വോട്ടുകളാണ്. 2014-ല്‍ സവര്‍ണസമുദായങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടിട്ടും ബി.എസ്.പിക്കു 19.6 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പി.ക്കു ലഭിച്ചിരിക്കുന്നത് 31 ശതമാനം വോട്ട് മാത്രമാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് രാജ്യത്തിലെ മൂന്നില്‍ രണ്ടിലേറെ ജനങ്ങള്‍ ബി.ജെ.പി യെ അംഗീകരിക്കുന്നില്ലെന്നാണ്. തന്മൂലം, ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കേന്ദ്രഗവണ്‍മെന്റിന് രാഷ്ട്രീയസ്വയം സേവ്‌സംഘി (ആര്‍.എസ്.എസ്) ന്റെ തീവ്രഹിന്ദുത്വ അജണ്ടകളായ രാമക്ഷേത്രം നിര്‍മ്മിക്കുക, ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക, ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക എന്നിവ നടപ്പാക്കാനാവില്ലെന്നാണ്. മറിച്ച് ചെയ്യാന്‍ കഴിയുന്നത്, ഗുജറാത്തിലെ നരേന്ദ്രമോദി ഭരണത്തിലെന്നപോലെ സാമുദായിക മതസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും, ദേശസുരക്ഷയുടെയും വികസനത്തിന്റെയും പേരില്‍ ന്യൂനപക്ഷ ഹിംസകളും, ജനകീയ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താനുമാണ്. ഇത്തരം ഹിംസകളിലൂടെ സ്വദേശിയും വിദേശിയുമായ കോര്‍പ്പറേറ്റു മൂലധനത്തിന്റെ സുരക്ഷിതസ്ഥലിയെന്ന വികസന നയമാണ് നടപ്പാക്കപ്പെടുക. ഈയൊരു രാഷ്ട്രീയ ഭൂമികയില്‍നിന്നുമായിരിക്കണം ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള സംവാദത്തിനാരംഭം കുറിക്കേണ്ടത്.

  • ഏകീകൃത സിവില്‍കോഡ് ആവശ്യമോ?

ഇന്ത്യയിലെ ഭരണഘടനാനിര്‍മ്മാണസഭയില്‍ ഏകീകൃത സിവില്‍കോഡ് എന്ന ആവശ്യത്തെ നിരാകരിച്ചുകൊണ്ട് ഡോ.ബി.ആര്‍ അംബേദ്കര്‍ പറഞ്ഞു. ”നമുക്ക് ഈ രാജ്യത്ത് എല്ലാ മനുഷ്യബന്ധങ്ങളെയും ഉള്‍ക്കൊള്ളുന്ന ഏകരൂപമായ നിയമസംഹിത നിലവിലുണ്ട്. നമുക്ക് രാജ്യത്തിലൊട്ടാകെ പ്രാബല്യമുള്ള ഏകരൂപവും സമ്പൂര്‍ണ്ണവുമായ ക്രിമിനില്‍ നിയമം ഉണ്ട്. പീനല്‍കോഡിലും ക്രിമിനല്‍ നടപടി ക്രമങ്ങളിലും അത് അടങ്ങിയിരിക്കുന്നു. സ്വത്ത് ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യത്തൊട്ടാകെ പ്രാബല്യമുള്ള ഒരു വസ്തുകൈ മാറ്റനിയമമുണ്ട്. പിന്നെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റേഷന്‍ നിയമങ്ങളുണ്ട്. വേറെയും അനേകം നിയമങ്ങള്‍ എനിക്കു ചൂണ്ടിക്കാട്ടാനാവും. അവയൊക്കെ ഈ രാജ്യത്തിന് ഫലത്തില്‍ ഒരു സിവില്‍ കോഡ് ഉണ്ടെന്നും അത് ഐക്യരൂപമുള്ളതും രാജ്യത്തൊട്ടാകെ നിയമ പ്രാബല്യമുള്ളതാണെന്നും തെളിയിക്കുന്നതാണ്. സിവില്‍ നിയമനത്തിന് ഇതുവരെ എത്താന്‍ കഴിയാത്ത മേഖല വിവാഹവും പിന്തുടര്‍ച്ചാവകാശവുമാണ്. ഈ ചെറിയ മൂല മാത്രമാണ് ഉള്ളത്. അംബേദ്കര്‍ ഇപ്രകാരമൊരു നിലപാടിലെത്തിച്ചേരാന്‍ കാരണം, ഏകീകൃത സിവില്‍കോഡിനടിസ്ഥാനം ഹിന്ദുമതത്തിന്റെ ധര്‍മ്മസംഹിതകളായിരിക്കുമെന്നും ആ മതം പ്രാകൃതമാണെന്നും അതിനൊരു ദേശീയ സമൂഹരൂപീകരണം അസാധ്യമാണെന്നുമുള്ള തിരിച്ചറിവില്‍നിന്നുമാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇന്ത്യന്‍ സമൂഹം നിലനില്ക്കുന്നത് പ്രാകൃത കാലഘട്ടത്തിലാണ്. അതിന്റെ മതമാകട്ടെ സാരാംശത്തില്‍ പ്രാകൃതമാണ്. അതിന്റെ ധര്‍മ്മസംഹിത ഗോത്രസമൂഹത്തിന്റേതാണ്. ഇപ്രകാരമൊരു മതത്തിനുള്ളിലെ ദേശീയതയെക്കുറിച്ചദ്ദേഹം പറഞ്ഞു. ”ഇന്ത്യക്കാര്‍ ഒരു രാഷ്ട്രമല്ലെന്നും നിയതരൂപമില്ലാത്ത ആള്‍ക്കൂട്ടമാണെന്നും സമ്മതിച്ചുകൊടുക്കാന്‍ ദേശീഭിമാനം അനുവദിക്കാത്ത ധാരാളം ഇന്ത്യക്കാരുണ്ട്. പ്രതീതമായ നാനാത്വങ്ങള്‍ക്കിടയില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന മൗലികമായ ഒരേകത്വം ഉണ്ടെന്ന് അവര്‍ ശഠിച്ചു പറയുന്നു. ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദുക്കളുടെ ജീവിതശൈലിയിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ചിന്താരീതികളിലും പ്രകടമായ സമാനതകളെ മുന്‍നിര്‍ത്തിയാണ് ഈ ഏകത്വത്തിന്റെ പ്രസക്തി നിര്‍ണ്ണയിക്കപ്പെടുന്നത്. സ്വഭാവങ്ങളിലും വിശ്വാസങ്ങളിലും ചിന്തകളിലും സമാനതയുണ്ടെന്നുള്ളത് വാസ്തവം. എന്നാല്‍, ഹിന്ദുക്കള്‍ ഒരു സമൂഹമായി രൂപപ്പെട്ടുവെന്ന നിഗമനം ശരിയല്ല.” ചരിത്രാനുഭവങ്ങള്‍ അംബേദ്കറിന്റെ നിഗമനങ്ങളെ സാധൂകരിക്കുന്നുണ്ട്.
ഹിന്ദുക്കളെ ഒരു ദേശീയതയാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനു കാരണം, സഹസ്രാബ്ദങ്ങളായി നിലനില്ക്കുന്ന സാമൂഹ്യവിഭജനങ്ങളാണ്. ചാതുര്‍വര്‍ണ്ണ്യവും പിന്നീടാവിര്‍ഭവിച്ച ജാതിവ്യവസ്ഥയും ജനവിഭാഗങ്ങള്‍ക്കിടയില്‍ ആഴമേറിയ ഭിന്നിപ്പുകളാണ് സൃഷ്ടിച്ചത്. ഇതിന്റെ ഫലമായി രാജ്യമഭിമുഖീകരിച്ചത് നിരന്തരമായ വൈദേശികാക്രമണങ്ങളായിരുന്നു. ഗ്രീക്കുകാരും കുഷാനരും പല്ലവരും മുഗളന്മാരും ഒടുവില്‍ ബ്രിട്ടീഷുകാരും ഇന്ത്യയ്ക്കുമേല്‍ ആധിപത്യമുറപ്പിച്ചു. ഇത്തരം ആക്രമണങ്ങളെ ഹിന്ദുസമൂഹത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, രാജ്യത്തിനുള്ളില്‍നിന്നും ആക്രമണാധികാരികള്‍ക്ക് പിന്തുണയും സഹായവും ലഭിച്ചിരുന്നു. എ.ഡി. 712-ല്‍ മുഹമ്മദ്ബിന്‍ കാസിമിന്റെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ സിന്ധ് ആക്രമിച്ചപ്പോള്‍, ദാഹിര്‍ രാജാവിന്റെ സൈന്യാധിപന്മാര്‍ ബിന്‍ കാസിമില്‍ നിന്നും കൈക്കൂലി വാങ്ങി സ്വന്തം സൈന്യത്തെ നിര്‍വീര്യമാക്കി. രജപുത്രരാജാവായ പൃഥ്വിരാജിന്നെതിരെ യുദ്ധം നടത്തിയത് ഹിന്ദുരാജാവായ ജയചന്ദ് ആയിരുന്നു. ഹിന്ദുക്കളുടെ മോചനത്തിനുവേണ്ടി ശിവജി യുദ്ധം ചെയ്തപ്പോള്‍, മുഗള്‍ ചക്രവര്‍ത്തിമാരുടെ പക്ഷത്താണ് മഹാരാഷ്ട്രയിലെ രജപുത്രരാജാക്കന്മാരും കുലീനരും നിലയുറപ്പിച്ചത്. സിഖ് ഭരണാധികാരികളെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ യുദ്ധം ചെയ്തപ്പോള്‍ അവരുടെ സര്‍വ്വസൈന്യാധിപന്‍ നിഷ്‌ക്രിയത്വം പുലര്‍ത്തി.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ സിഖുകാര്‍ പങ്കെടുത്തതേയില്ല. ഇതയും ചരിത്രാനുഭവങ്ങളാണ് ഹിന്ദു ദേശീയത്വത്തെ പ്രതിക്കൂട്ടില്‍ നിറുത്തുന്തന്.
അതേസമയം രാജ്യത്ത് നിലനില്ക്കുന്ന ജനാധിപത്യഭരണക്രമത്തിന് മുകളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രശ്‌നവല്‍ക്കരണങ്ങളെ ദുര്‍ബലമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും, വര്‍ത്തമാനകാല ഇന്ത്യന്‍ സാമൂഹ്യാവസ്ഥ ഏകീകൃത സിവില്‍കോഡിന് സഹായകമല്ലെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അംബേദ്കര്‍ പറഞ്ഞു: ”നമ്മുടെ പഴയ ശത്രുക്കളായ ജാതി, വംശം എന്നിവയോടൊപ്പം വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിരവധി രാഷ്ട്രീയകക്ഷികളും ഇപ്പോഴുണ്ട് എന്ന വസ്തുതയാണ് എന്റെ ഉത്കണ്ഠകളെ ആഴമുള്ളതാക്കന്നത്. തങ്ങളുടെ ജാതിവ്യവസ്ഥയ്ക്കുമേല്‍ രാഷ്ട്രത്തെ വയ്ക്കുവാന്‍ ഇന്ത്യന്‍ ജനത തയ്യാറാകുമോ? അതേ മറിച്ചു സംഭവിക്കുമോ? എനിക്കറിയില്ല. ജാതിബോധത്തെ രാഷ്ട്രത്തിനുമേല്‍ പ്രതിഷ്ഠിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംവട്ടം, ഒരുപക്ഷേ, എന്നെന്നേക്കുമായിത്തന്നെ നഷ്ടപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതിനെതിരെ നാമെല്ലാം ജാഗ്രതയോടെ കരുതിയിരിക്കണം. അവസാനത്തുള്ള രക്തം നല്‍കിയും സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാം തയ്യാറാവണം.” ഹിന്ദുവെന്ന പേരില്‍ ഒരു ന്യൂനപക്ഷ ജാതി (ബ്രാഹ്മണര്‍) യുടെ സാമൂഹ്യാവബോധത്തെ രാഷ്ട്രത്തിനുമേല്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് ആര്‍.എസ്.എസ്. ഏകീകൃത സിവില്‍കോഡിനുവേണ്ടിയുള്ള വാദം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ കീഴാള ന്യൂനപക്ഷ ജനതകള്‍ ഏകീകൃതസിവില്‍കോഡ് വംശീയാധിപത്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയമായി തിരിച്ചറിയേണ്ടതുണ്ട്.

  • സുപ്രീംകോടതിയും ഏകീകൃത സിവില്‍കോഡും

ഇന്ത്യന്‍ഭരണകൂടത്തിന്റെ മതം, ഹിന്ദുത്വമാണെന്ന് ഉറക്കെ വിളിച്ചു പറയുന്നതാണ് സുപ്രീംകോടതിയുടെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ലിംഗസമത്വത്തിനുപരി രാഷ്ട്രീയ സമസ്യകളുമായി ഏകീകരിക്കുന്നതിലൂടെയാണ് കീഴാള- ന്യൂനപക്ഷ ജനതകളുടെ ദേശീയാവബോധത്തിനെതിരാകുന്നത്. 1980 – കളിലാണ് ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ ഒരൊറ്റ ജനത ഒരൊറ്റ രാഷ്ട്രം, അഖണ്ഡഭാരതം, ദേശീയ സംസ്‌കാരം എന്നീ പരികല്‍പ്പനകള്‍ ഉയര്‍ന്നുവരുന്നത്. ആസ്സാം, പഞ്ചാബ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ദേശീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മുകളില്‍ പറഞ്ഞ പരികല്പനകള്‍ രൂപംകൊള്ളുന്നത്. ഇത്തരം പ്രക്ഷോഭണങ്ങളുടെ രാഷ്ട്രീയാന്തര്‍ഗ്ഗതങ്ങളുള്‍ക്കൊള്ളാതെ ഭറണവര്‍ഗ്ഗഭാഷ്യമാണ് സുപ്രീംകോടതി ഏറ്റെടുത്തത്. 1985 ഏപ്രില്‍ 23 ന് ഷാബാനുബീഗം കേസിലെ അന്തിമവിധി പ്രസ്താവിക്കുമ്പോഴാണ് ആദ്യമായി ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതിയില്‍നിന്നുമുണ്ടായത്. വിവാഹമോചനം നേടുന്ന മുസ്ലിം സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വിധിയുണ്ടായത് 1973 ലെ ക്രിമില്‍ നടപടിക്രമം 125-ാം വകുപ്പനുസരിച്ചായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാം മജിസ്‌ട്രേറ്റു കോടതിയില്‍ മുഹമ്മദ് അഹമ്മദ്ഖാന്‍ ്‌ െഷാബാനു ബീഗം കേസില്‍ കീഴ്‌ക്കോടതികളിലുണ്ടായ വിധികളിന്മേല്‍ സമര്‍പ്പിച്ച അന്തിമ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ഏകീകൃത സിവില്‍കോഡിന്റെ അനിവാര്യത സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്. പിന്നീട് സരളാ മുദ്ഗല്‍ കേസില്‍ ഇതേവാദം ആവര്‍ത്തിക്കുകയുണ്ടായി. പ്രസ്തുത കേസില്‍ വിവാഹമോചിതരായ നാലു ഹിന്ദു സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ രണ്ടാം വിവാഹത്തിനുവേണ്ടി ഇസ്ലാം മതം സ്വീകരിച്ചുവെന്നായിരുന്നു ആരോപമം. ഈ കേസില്‍ വിവാഹമോചനം നേടുന്ന പുരുഷന്മാര്‍ക്ക് രണ്ടാം വിവാഹം നടത്താന്‍ മുസ്ലിം മതത്തിന്റെ അനുവാദം ലഭിക്കുന്നുണ്ടെന്ന വിഭാഗീയത നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധിയുണ്ടായത്. അവസാനമായി, ക്രൈസ്തവര്‍ക്കു ബാധകമായ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 118-ാം വകുപ്പുഭരണഘടനാവിരുദ്ധമാണെന്ന വാദത്തിലാണ് പ്രസ്താവമുണ്ടായത്. മുകളില്‍ കൊടുത്തിരിക്കുന്ന കേസുകളിലെ വിധി പ്രസ്താവം വ്യക്തമാക്കുന്നത്, ന്യൂനപക്ഷ (മുസ്ലിം ക്രിസ്ത്യന്‍) വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ടാണ് ഏകീകൃത സിവില്‍കോഡ് എന്നയാവശ്യം മുന്നോട്ടുവച്ചതെന്ന കാര്യമാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ രാജ്യത്തെമ്പാടുമുള്ള ഹിന്ദുത്വവാദികള്‍ ഏറ്റെടുക്കുകയും ന്യൂനപക്ഷ വ്യക്തിനിയമങ്ങളില്‍- മുഖ്യമായും മുസ്ലിം വ്യക്തി നിയമമായ ശരിയത്തില്‍- ലിംഗസമത്വമില്ലെന്ന വാദത്തോടൊപ്പം ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ദേശീയതയില്‍നിന്നും വിഛേദിക്കപ്പെട്ട ജനതയാണെന്നും പ്രചരിപ്പിക്കുകയുണ്ടായി. അതേസമയം, ഹിന്ദുവ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ കോടതികളില്‍ അര്‍ത്ഥ ഗര്‍ഭമായ മൗനമാണവലംബിച്ചതെന്ന യാഥാര്‍ത്ഥ്യം എടുത്തുപറയേണ്ടതുണ്ട്. ഇതു ചൂണ്ടിക്കാട്ടുന്നത്, നിയമാധിഷ്ഠിതമായി ന്യൂനപക്ഷവ്യക്തിനിയമങ്ങള്‍ ദുര്‍ബ്ബലമാക്കിയോ റദ്ദ് ചെയ്യ്‌തോ ഹിന്ദു വ്യക്തിനിയമത്തെ വിശാലമാക്കി സ്ഥാപനവല്‍ക്കരിക്കണമെന്നാണ്. ഇപ്രകാരമൊരു സാമൂഹ്യ താല്‍പ്പര്യത്തെ പ്രതിധാനം ചെയ്യാതെ, സാമൂഹ്യാവസ്ഥയുടെ വികാസത്തിനും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനാധിരത്യവല്‍ക്കരണവുമെന്ന നിര്‍ദ്ദേശമുയര്‍ന്നു വന്നിരുന്നെങ്കില്‍ ദേശവ്യാപകമായ സംവാദം സാദ്ധ്യമാകുമായിരുന്നു.
1772-ല്‍ വാറന്‍ഹേസ്റ്റിംഗ്‌സ് ബംഗാള്‍ ഗവര്‍ണറായി നിയമിതനായതിനുശേഷമാണ് നിയമനിര്‍മ്മാണം, നീതിന്യായപരിപാലനം, പൊതുഭരണം എന്നിവയ്ക്കുള്ള അധികാരങ്ങളോടെ ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിതമാക്കുന്നത്. ഇപ്രകാരമുള്ള ഭരണപരിഷ്‌ക്കരണം മുഴുവന്‍ ബ്രിട്ടീഷ് ഇന്ത്യയ്ക്കും ബാധകമായതോടെയാണ് ശരിഅത്തു നിയമം പരിഷ്‌കരിക്കപ്പെടുന്നത്. ഇതിലേറ്റവും പ്രധാനം ശരിഅത്ത് ഉള്‍ക്കൊണ്ടിരുന്ന ക്രിമിനല്‍ വ്യവസ്ഥകളുട റദ്ദാക്കലും വിശ്വാസം, ആചാരം, എന്നിവ പരിരക്ഷിച്ചുകൊണ്ടുള്ള മതസ്വാതന്ത്ര്യം പുലര്‍ത്താനുള്ള അവകാശവുമാണ്. എങ്കിലും ഈ നിയമം ഇന്ത്യയൊട്ടുക്കും ബാധകമായിരുന്നില്ല. 1935 വരെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പിന്തുടര്‍ച്ചാവകാശങ്ങളിലും മറ്റും കാര്യങ്ങളിലും ഹിന്ദു നിയമം റദ്ദാക്കുകയും ശരിഅത്ത് നിയമം ബാധകമാക്കുകയും ചെയ്തു. 1937-വരെ ഇന്ത്യയിലെ ചില ഭാഗങ്ങളിലും ബോംബെയിലും മുസ്ലിങ്ങളെ ഏകീകരിക്കാനായി 1937-ല്‍ ശരിയത്തു നിയമം മറ്റു ഭാഗങ്ങള്‍ക്കുകൂടി ബാധമാക്കികൊണ്ടു നിയമനിര്‍മ്മാണം നടത്തേണ്ടിവന്നു. ഇതു ചൂണ്ടിക്കാട്ടുന്നത് വ്യക്തി നിയമങ്ങള്‍ ഭരണകൂട ഇടപെടലിന് അതീതമല്ലെന്നാണ്. ഇതേ സമയം അംബേദ്കര്‍ എഴുതുന്നു: ”വ്യക്തി നിയമങ്ങള്‍ എടുത്തുകളയാനുള്ള ബാദ്ധ്യതയൊന്നും ഭരണകൂടത്തിനില്ല. ഒരു ഭരണകൂടത്തിനും അതിന്റെ അധികാരം മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രയോഗിക്കാനാവില്ല. ഭരണകൂടം അങ്ങനെ ചെയ്താല്‍ അതൊരു ബുദ്ധിശൂന്യമായ നടപടി ആയിരിക്കുമെന്നു ഞാന്‍ കരുതുന്നു.” ഈ മുന്നറിയിപ്പിനെ ഉള്‍ക്കൊള്ളാതെയാണ് ആര്‍.എസ്.എസ്.ഏകീക്യത സിവില്‍കോഡിനുവേണ്ടി വാദിക്കുന്നത്.

  • ആര്‍.എസ്.എസിന്റെ ലക്ഷ്യം

തീര്‍ച്ചയായും ആര്‍.എസ്.എസിന്റെ മൗലിക ലക്ഷ്യമാണ് ഏകീകൃത സിവില്‍കോഡ്. ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകതത്ത്വങ്ങളില്‍ 44-ാം ഖണ്ഡികയില്‍ ഉള്‍പ്പെടുത്തയിട്ടുള്ള ഈ ലക്ഷ്യത്തെ ലിംഗസമത്വം സ്ഥാപിക്കുക എന്ന നിലയിലല്ല, മറിച്ച് ഒരേകീകൃത ഹിന്ദു ദേശീയതയുടെ രൂപീകരണത്തിലൂടെയുള്ള ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയെന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങളുമായാണ് ഇണക്കി ചേര്‍ത്തിരിക്കുന്നത്. ഈ ലക്ഷത്തിന് സാമൂഹ്യാംഗീകാരം നേടിയെടുത്തിരിക്കുന്നത് മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളെ ”ഭാരതവല്‍ക്കരിക്കുക” എന്ന പൊതുബോധം സൃഷ്ടിച്ചുകൊണ്ടാണ്. ഈ പൊതുബോധത്തെ പ്രയോജനപ്പെടുത്തി, രാജ്യത്തിനുള്ളിലെ ആറു പ്രബല വംശീയ വിഭാഗങ്ങള്‍, 55 മുഖ്യഗോത്രങ്ങള്‍, ആറ് പ്രമുഖ മതങ്ങള്‍, 6400 ജാതികളും ഉപജാതികളും 18 ഭാഷകള്‍, 1600 ഉപഭാഷകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളെ നിയമാധിഷ്ഠിതമായി ഏകീകരിക്കുകയാണ് ഏകീകൃത സിവില്‍ കോഡുകൊണ്ടുദ്ദേശിക്കുന്നത്. ഇവയില്‍ മുസ്ലം ക്രിസ്ത്യന്‍ മതവിഭാഗങ്ങളൊഴിച്ചുള്ള ബുദ്ധ, ജൈന, സിക്കു മത വിഭാഗങ്ങളെ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഹിന്ദുമതത്തിന്റെ ഭാഗമായി നിര്‍വ്വചിക്കുമ്പോള്‍തന്നെ, ഏഴു വ്യക്തിനിയമങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അവ (1) ഹിന്ദു വ്യക്തി നിയമം (2) ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാരനിയമങ്ങള്‍ (3) ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍ (4) ക്രിസ്ത്യന്‍ വ്യക്തിനിയമം (5) പാര്‍സി വ്യക്തിനിയമം (6) ജൂത വ്യക്തിനിയമം (7) മുസ്ലം വ്യക്തിനിയമം. ഇവയെ അടിസ്ഥാനമാക്കിയാണ് വിവാഹം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍ത്തൃത്വം, ദത്തെടുക്കല്‍, മരണപത്രം എന്നിവ നിയന്ത്രിക്കപ്പെടുന്നത്. ഹിന്ദു വ്യക്തി നിയമം കൂടാതെ ഹിന്ദുക്കള്‍ക്ക് ബാധകമായ താഴെപ്പറയുന്ന വ്യക്തി നിയമങ്ങള്‍കൂടി നിലനില്ക്കുന്നുണ്ട്. അവ (1) 1955 ലെ ഹിന്ദു വിവാഹനിയമം (2) 1956-ലെ ഹിന്ദു രക്ഷാകര്‍ത്തൃനിയമം. മുകളില്‍ കൊടുത്തിരിക്കുന്ന ഹിന്ദു വ്യക്തിനിയമങ്ങളുടെ ലക്ഷ്യം, ഹിന്ദു സമുദായത്തിലെ വിവിധ ജാതീയ വിഭാഗങ്ങളെ ഏകോപിപ്പിക്കുകയാണ്. ഹിന്ദു സമുദായത്തിനുള്ളിലെ വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവയെ ഒരളവോളം നിയമാധിഷ്ഠിതമായി ഏകീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും, വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവയ്ക്ക് ഐക്യരൂപം വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിന് സാമുദായികമെന്നതുപോലെ രാഷ്ട്രീയമായ പരിപ്രേക്ഷ്യം ആവശ്യമാണെന്നാണ് ഹിന്ദുത്വവാദികള്‍ കരുതുന്നത്. മുസ്ലിം, പാഴ്‌സി വ്യക്തിനിമങ്ങള്‍ ദുര്‍ബ്ബലമാക്കാനോ റദ്ദാക്കാനോ കഴിയേണ്ടതുളളപ്പോള്‍തന്നെ, സംവരണം, മത-ഭാഷാന്യൂനപക്ഷാവകാശങ്ങള്‍, പട്ടികപ്രദേശങ്ങള്‍, കുടിയേറ്റ സമുദായങ്ങളുടെ സംരക്ഷണം എന്നിവയും റദ്ദാക്കേണ്ടതുണ്ട്. ഏകീകൃത സിവില്‍കോഡിനുവേണ്ടി വാദിക്കുന്ന ഹിന്ദുത്വവാദികള്‍ അഭിമുഖീകരുക്കുന്ന മുഖ്യ വെല്ലുവിളിയാണിത്.

  • ദലിത് മാത്യക

ഇന്ത്യന്‍ ദേശീയരാഷ്ട്രത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഏകീകൃത സിവില്‍കോഡ് പോലുളള ഹിന്ദുത്വ അജണ്ട നടപ്പാക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്. ഇതൊരു ഭാഗികമായ സത്യം മാത്രമാണ്. കാരണം, ഇന്ത്യന്‍ ദേശരാഷ്ട്രം സംവഹിക്കുന്നത് വൈവിധ്യങ്ങളുടെ പരിരക്ഷകളോടൊപ്പം സവര്‍ണ്ണസാമുദായിക താല്‍പ്പര്യങ്ങളുമാണ്. അതുകൊണ്ടാണ്, ഭരണഘടനാവിധേയമായി 1975-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും, സാമുദായിക സഹവര്‍ത്തിത്വത്തിനും വിശ്വാസസ്വാതന്ത്ര്യ സംരക്ഷണത്തിനും മുറിവേല്‍പ്പിച്ചുകൊണ്ട് 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കാനും കഴിഞ്ഞത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ രാജ്യമാസകലം നടന്ന സവര്‍ണ്ണ സമരങ്ങളെ വിലയിരുത്തിക്കൊണ്ട് കെ. ബാലഗോപാല്‍ പറഞ്ഞു: ”ഹിന്ദുസമുദായത്തിലെ മുന്നോക്കജാതികള്‍ പെട്ടെന്ന് ഉറച്ച ഒരു പാറയായി. മതമൗലികവാദികളും മാര്‍ക്‌സിസ്റ്റുകളും ഗാന്ധിയന്മാരും, നഗരവാസികളും ഗ്രാമീണരും, എല്ലാവരും മറ്റൊരിക്കലും ഉണ്ടാകാത്തപോലെ ഒന്നിച്ചു. സമൂഹത്തിലെ ശരിയായ വിഭജനം യോഗ്യതയുളളവരും ഇല്ലാത്തവരും തമ്മിലും, സമ്പന്നരും ദരിദ്രരും തമ്മിലുള്ളതും മാത്രമാണെന്ന് അവരെ നയിച്ച അക്കാദമിക് പണ്ഡിതര്‍ അവരില്‍ ഇടതും വലതും മദ്ധ്യനിരക്കാരുമുണ്ടെന്ന് പെട്ടന്ന് കണ്ടുപിടിച്ചു. വര്‍ഗ്ഗവ്യത്യാസങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിച്ചാല്‍ നിങ്ങളെ നക്‌സലൈറ്റെന്ന് വിളിക്കുമായിരുന്ന ഹരിയാന ബി.ജെ.പി. നേതാവിനെപ്പോലുള്ള ആളുകള്‍ ഇന്ത്യന്‍ സമൂഹത്തിലെ ഏക വൈരുദ്ധ്യം ഉള്ളവരും ഇല്ലാത്തവരുമാണെന്ന് പെട്ടെന്ന് കണ്ടെത്തി. നിസ്സംശയമായും നമ്മുടെ രാജ്യത്ത് ഇല്ലാതാക്കുന്ന അസമത്വപരമായ അവസാനത്തെ സ്ഥാപനമാണ് ജാതി. മറ്റെന്തിനേക്കാളും കൂടുതല്‍ കാലമത് നിലനില്ക്കും.” വിവിധ ജാതിവിഭാഗങ്ങളെ മുസ്ലിം വിരുദ്ധമതാത്മകത (ഹിന്ദു)യില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞതാണ് ആര്‍.എസ്.എസിന്റെ നേട്ടം. ഇപ്രകാരമുള്ള നേട്ടത്തിലൂടെ തെരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്‌തെടുക്കാന്‍ കഴിയുമെന്നും, ഭരണകൂട സംവിധാനങ്ങളുപയോഗിച്ച് വംശഹത്യ നടത്തി സുരക്ഷിതരാക്കാന്‍ കഴിയുമെന്നാണ് ഗുജറാത്ത് തെളിയിക്കുന്നത്. ആര്‍.എസ്.എസിന്റെ ഗുജറാത്ത് മോഡല്‍ വംശഹത്യകളെയും, വൈവിധ്യങ്ങളെ അടിച്ചമര്‍ത്തുന്ന ഏക സിവില്‍കോഡിനെയും ചെറുത്തുതോല്‍പ്പിക്കാന്‍ കീഴാള-ന്യൂനപക്ഷങ്ങളുടെ സഹവര്‍ത്തിത്വം രൂപം കൊളേളണ്ടതുണ്ട്. 2000-ല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ ഗവണ്‍മെന്റ ് അധികാരത്തില്‍ വന്നപ്പോള്‍, ലക്‌നൗവില്‍ ചേര്‍ന്ന സന്ന്യാസി സംസദ് സംവരണം റദ്ദ് ചെയ്യാനും ഭരണഘടനയെ മനുസ്മൃതിയെ നിര്‍ദ്ദേശങ്ങള്‍ക്കനുസരണമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുകയുണ്ടായി. ഇതനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യാനും, ഹിന്ദുരാഷ്ട്ര സങ്കല്പമനുസരിച്ച് ഭരണഘടനയെ മാറ്റി തീര്‍ക്കാനും ശ്രമമുണ്ടായി. ഈ ശ്രമത്തിനെതിരെ 2000 ജനുവരി 29ന് കാന്‍ഷിറാം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ‘ഏതു ഭാഗമാണ് പരിഷ്‌കരണം ആവശ്യപ്പെടുന്നതെന്നും എന്തുകൊണ്ടാണത് അനിവാര്യമാണെന്നും’ പ്രധാനമന്ത്രി വാജ്‌പേയിയോടും ചോദിച്ചു. മാത്രമല്ല, സംഘപരിവാര്‍നീക്കത്തിനെതിരെ 2000 മാര്‍ച്ച് 15ന് ഒരേസമയം 5 വാഹനപ്രചരണ ജാഥകള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. കൂടാതെ, മഹാരാഷ്ട്ര, ഗുജറാത്ത്, കാശ്മീര്‍, മധ്യപ്രദേശ്, ഒറീസ എന്നിവടങ്ങളില്‍നിന്നും വാഹനപ്രചരണ ജാഥകള്‍ സംഘടിപ്പിക്കപ്പെട്ടു. ഭരണഘടന പുനരവലോകനത്തിലെ ഫാസിസ്റ്റ് ഗൂഢാലോചനകള്‍ തുറന്നു കാട്ടിയ ജാഥകള്‍ ഡിസംബറില്‍ ഡല്‍ഹിയില്‍ സംഗമിച്ചു. അന്നേദിവസം പാര്‍ലമെന്റെിലെ ബി.എസ്.പി. അംഗങ്ങള്‍ ഭരണഘടനാപുനരവലോകനത്തെ ചോദ്യം ചെയ്തുകൊണ്ടു പാര്‍ലമെന്റു നടപടികള്‍ സ്തംഭിപ്പിച്ചു. തുടര്‍ന്ന്, ഏഴു ലക്ഷം പേര്‍ പങ്കെടുത്ത റാലിക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. ബി.എസ്.പി.യുടെ നേത്യത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി ഭരണഘടന പുനരവലോകനതീരുമാനം ഗവണ്‍മെന്റിന് ഉപേക്ഷിക്കേണ്ടി വന്നു. ഇന്ത്യന്‍ ജനതയ്ക്കു മാര്‍ഗദര്‍ശകമായ ഈ ദലിത് പ്രതിരോധത്തെ ദേശവ്യാപകമായി വിപുലീകരിക്കുമ്പോഴായിരിക്കും ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട പരാജയപ്പെടുന്നത്.
_______________________

  • റഫറന്‍സ്

1. ഡോ. ബി.ആര്‍. അംബേദാകര്‍, സമ്പൂര്‍ണ്ണക്യതികള്‍, വാല്യം 1,27,28 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
2. ഹമീദ് ചേന്ദമംഗലൂര്‍ : മതം, രാഷ്ട്രീയം ജനാധിപത്യം, മാതൃഭൂമി ബുക്‌സ്
3. khakhishorts saffrom flages, orient longman, new delhi.
4. d.r.goyal-rashtrya swayam sevak sangh: radhakrishna newdelhi.
5. കാസിം ഇരിക്കൂര്‍, പൊതു സിവില്‍കോഡ്, ചില സംശയങ്ങള്‍. മാധ്യമം, ദിനപത്രം.
6. കെ. ബാലഗോപാല്‍, മനുഷ്യാവകാശം, ജനവാര്‍ത്ത പബ്ലിക്കേഷന്‍ കോഴിക്കോട്.
7. ആര്‍. അനിരുദ്ധന്‍, ദാദാസാഹേബ് കാന്‍ശിറാം ബോധിബുക്‌സ്, തിരുവനന്തപുരം.

(ഏകീകൃത സിവില്‍കോഡ്- അകവും പുറവും എന്ന പുസ്തകത്തില്‍നിന്നും, എഡിറ്റര്‍: ഹമിദ് ചേന്ദമംഗലം, ഡി.സി ബുക്‌സ് കോട്ടയം-2014)

Top