ചെറായി മിശ്രഭോജനത്തിന്‍റെ ഒരു നൂറ്റാണ്ട്

പുലക്കൊട്ടിയെന്നും പുലച്ചോവനെന്നും അധിക്ഷേപിക്കപ്പെട്ട പുലയനയ്യപ്പന്‍ പ്രതിനിധാനം ചെയ്യുന്ന വിമോചനമാര്‍ഗവുമിതു തന്നെ. തന്റെ ഗുരുവിനേയും കാലികവും ഭവിഷ്യോന്മുഖവുമായി വിമര്‍ശാത്മകമായി മാറ്റിയെഴുതിയ പരിവര്‍ത്തനാത്മകമായ വിമോചനശബ്ദമാണ് സഹോദരന്‍. ജാതിയും അതിന്റെ ഹിംസാത്മകമായ പാഷണ്ഡമതവും കേരളത്തേയും ഇന്ത്യയേയും വിഴുങ്ങാനായുമ്പോളാണ് സഹോദരവാങ്മയവും സാംസ്‌കാരിക പ്രയോഗവും ഏറെ വിമോചനാത്മകമാകുന്നത്. എല്ലാവരുമാത്മ സഹോദരരാണെന്നുണര്‍ത്തിയതും സാഹോദര്യം സര്‍വത്ര എന്ന പ്രതിഷ്ഠാപനം നിര്‍വഹിച്ചതും സഹോദരന്റെ ഗുരുതന്നെയാണല്ലോ. അംബേദ്കര്‍ ബുദ്ധനില്‍ നിന്നും ജനായത്തത്തിന്റെ ആധാരമൂല്യങ്ങളെ സ്വാംശീകരിക്കുന്ന പോലെ കേരളബുദ്ധനായ നാണുഗുരുവില്‍ നിന്നാണ് സഹോദരന്‍ തന്റെ ആധുനിക ജനായത്തസംസ്‌കാരത്തെ വികസിപ്പിക്കുന്നത്. സംസ്‌കാരത്തിന്റെ രാഷ്ട്രീയവും പ്രാഥമികതയും തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതവും രചനകളും നമ്മെ ബോധിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും.

എല്ലാവരുമാത്മസഹോദരരന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
നാരായണഗുരു
സ്വാതന്ത്ര്യമേ ജയിച്ചാലും സമത്വമേ ജയിച്ചാലുംസഹോദര സൗഹാര്‍ദ്ദമേ ജയിച്ചാലുമേ
സഹോദരനയ്യപ്പന്‍

1917 മെയ് 29 നാണ് കൊച്ചിയിലെ വൈപ്പിന്‍ ദ്വീപിന്റെ വടക്കേയറ്റത്തുള്ള ചെറായി തുണ്ടിടപ്പറമ്പില്‍ വച്ച് നാണുഗുരുവിന്റെ ശിഷ്യനായ സഹോദരനയ്യപ്പന്‍ കേരള സാമൂഹ്യ ചരിത്രത്തെ മാറ്റിമറിച്ച മിശ്രഭോജനം സാധ്യമാക്കിയത്. ആധുനിക ജനായത്ത മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഫ്രഞ്ചുവിപ്ലവാദര്‍ശങ്ങളില്‍ പ്രേരിതനായി 1917 ലെ ഒക്‌റ്റോബര്‍ വിപ്ലവത്തെ വടക്കന്‍കാറ്റില്‍ മണത്തുകൊണ്ട് കേരളജനതയെ കവിതയിലൂടെ കുഴലൂതിയറിയിച്ചതും സഹോദരരേ എന്നുമാത്രമല്ല, സഖാക്കളേയെന്ന സംബോധനയും ഭാഷയില്‍ സമാരംഭിച്ചതുമെല്ലാം പുത്തന്‍ കേരള ഭാഷയേയും നൈതികമായ കാവ്യമീമാംസയേയും ജാനായത്ത ആധുനിക സമൂഹത്തേയും പരിവര്‍ത്തിപ്പിച്ച സഹോദരനാണ്. അയ്യാവൈകുണ്ഠരും തൈക്കാടയ്യാവും ചട്ടമ്പിസ്വാമികളും മഞ്ചേരി രാമയ്യരുമെല്ലാം പലനിലയില്‍ പന്തിഭോജനം നടത്തിപ്പോന്നിട്ടുണ്ടെങ്കിലും ജാതിനശീകരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ പ്രചാരണപരിപാടികളോടെ സാഹോദര്യത്തിന്റെ ഒരു പ്രതിനിധാന കലയും സംസ്‌കാര പ്രക്ഷോഭമായി ദലിതരുമായി സോദരത്വേന കലര്‍ന്ന് മിശ്രഭോജനം സംഘടിപ്പിച്ചതും കാവ്യാത്മകമായി പാഠവല്‍ക്കരിച്ചതും തുടര്‍ന്നു പ്രചരിപ്പിച്ചതും സഹോദരനയ്യപ്പനും ചേറായി സഹോദരസംഘവുമാണ്. സംഘചരിതം ഓട്ടന്‍ തുള്ളലില്‍ സഹോദരന്‍ തന്നെയതു വിവരിക്കുന്നു:
ഭേദത്തെ വളര്‍ത്തുന്ന ജാതിയെ തകര്‍ക്കുവാന്‍
പ്രീതിയില്‍ പ്രതിജ്ഞചെയ്തായവരോരോരുത്തര്‍
ഒന്നിച്ചു പുലയരോടീഴവവര്‍ഗക്കാരും
പന്തിയിട്ടൂണുമന്നു ഭംഗിയില്‍ കഴിച്ചല്ലോ…
ബ്രാഹ്മണികവും വൈദികവും ഹൈന്ദവവുമായ വര്‍ണാശ്രമധര്‍മവും ജാതിവ്യവസ്ഥിതിയും വിലക്കിയിരുന്ന വിവിധ ജാതികളുടെ വര്‍ണസങ്കരം പോലുള്ള മിശ്രണവും തീണ്ടിത്തിന്നലുമായിരുന്നു ആ പ്രഖ്യാപിത വിപ്ലവം. ഇലനുറുക്കില്‍ പുലയര്‍ വിളമ്പിയ ഭക്ഷണം ഈഴവരും പുലയരും കൂടിക്കലര്‍ന്ന് തിന്നു. എഴുതി തയ്യാറാക്കിയ പ്രസംഗം അയ്യപ്പന്‍ വായിച്ചു. ചര്‍ച്ചകളും ഭാഷണങ്ങളും നടന്നു. ഈഴവര്‍ക്കു കീഴേയെന്നു അധീശമതവും അതിന്റെ സാമൂഹ്യക്രമീകരണമായിരുന്ന ജാതിയും വിലക്കിയിരുന്ന പുലയരുമായി ചേര്‍ന്ന് ഏകോദര സഹോദരരായി തൊട്ടുതീണ്ടിയുള്ള സമൂഹസദ്യ ഹൈന്ദവബോധത്തിനടിപ്പെട്ട യാഥാസ്ഥിതികരായ സനാതനികളെ ഞെട്ടിച്ചു. സമുദായവിലക്കും പുലച്ചോവനെന്നും പുലക്കൊട്ടിയുമെന്ന വിളിയും അടിയും കുത്തും ചാണകമേറും ഉറുമ്പിന്‍കൂടുകൊണ്ടുള്ള അഭിഷേകവും ഊരുവിലക്കുമെല്ലാമായിരുന്നു സഹോദരനു നേരിടേണ്ടിവന്നത്.
എന്നാല്‍ ഈഴവര്‍ മനുഷ്യരാകണമെങ്കില്‍ അവരാദ്യം പുലയരാകണമെന്നും അടിത്തട്ടിലുള്ള ജനങ്ങളുമായി ഏകോദര സഹോദരരായി വര്‍ത്തിക്കണമെന്നുമുള്ള നാണുഗുരുവിന്റെ അനുകമ്പാപൂര്‍ണമായ നീതിശാസ്ത്രവും വിശ്വദര്‍ശനവും നന്നായി മനസ്സിലാക്കിയ കെ. അയ്യപ്പന്‍ ഇതു കൊണ്ടൊന്നും പതറിയില്ല. ജാതിയെ നശിപ്പിക്കാനും മതത്തെ വ്യക്തികാര്യമാക്കാനുമുള്ള കേരളബുദ്ധന്റെ നൈതികദര്‍ശനത്തെ അദ്ദേഹം കരുതലോടെ മുന്നോട്ടു കൊണ്ടുപോയി. പുലയനയ്യപ്പന്‍ എന്ന വിളിപ്പേര് തന്റെ സര്‍വകലാശാലാബിരുദങ്ങളേക്കാള്‍ പ്രിയങ്കരമായി സഹോദരന്‍ ഹൃദയത്തില്‍ സ്വീകരിച്ചു. നാണുഗുരുവിനെ ആലുവായില്‍ പോയി കണ്ട് മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും മാനവിക ധാര്‍മിക സാധൂകരണം നല്‍കുന്ന മഹാസന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതിവാങ്ങി, ആയിരക്കണക്കിനു പകര്‍പ്പുകള്‍ ബഹുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും സഹോദരസംഘത്തിന്റെ 1917 ലെ ആലുവാ സംസ്ഥാന സമ്മേളനത്തില്‍ പരസ്യപ്രകാശനം ചെയ്യുകയും ചെയ്തു.
മനുഷ്യരുടെ മതം, ഭാഷ, വേഷം എന്നിവയെന്തായാലും അവരുടെ ജാതി മനുഷ്യത്വമായതു കൊണ്ട് മിശ്രഭോജനവും മിശ്രവിവാഹവും കൊണ്ട് യാതൊരു പ്രശ്‌നവുമില്ല എന്നസംന്ദിഗ്ധമായി പ്രസ്താവിക്കുന്നതായിരുന്നു നാണുഗുരുവിന്റെ 1917 ലെ മഹാസന്ദേശം. സഹോദരസംഘത്തിന്റേയും മിശ്രവിവാഹ സംഘത്തിന്റേയും ജാതിനശീകരണപ്രസ്ഥാനത്തിന്റേയും യുക്തിവാദസംഘത്തിന്റേയും ആധാരമായിരിക്കുന്ന മാനവികവും ബഹുസ്വരവുമായ നൈതികദര്‍ശനമാണിത്. കേരള നവോത്ഥാന ആധുനികതയുടെ ആധാരവും കൂടിയാണീ ജാതിവിരുദ്ധവും മതേതരവുമായ മാനവദര്‍ശനം. കേരളത്തിലെ നവബുദ്ധമത പ്രസ്ഥാനവും, മനുഷ്യാവകാശപ്രസ്ഥാനവും, ട്രേഡ്യൂണിയന്‍ പ്രസ്ഥാനവും സഹോദരന്റെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശ പ്രക്ഷോഭവും പിന്നാക്കസമുദായ പ്രസ്ഥാനവും സാമൂഹ്യസംവരണ പ്രക്ഷോഭവും കൊച്ചിയില്‍ സഹോദരന്‍ തന്നെ നയിച്ചതാണ്. തമിളകത്തെ അയ്യോതി താസരുടെ ശാക്യസംഘത്തിനു ശേഷം 1920കളിലും മുപ്പതുകളിലും മിതവാദിയോടും സി. വി. കുഞ്ഞിരാമനോടുമൊപ്പം കേരളത്തിലെ നവബുദ്ധമതപ്രസ്ഥാനത്തെ നയിച്ചതും നടത്തിയതും മതപരിവര്‍ത്തനവാദവും സംവാദവും സംഘടിപ്പിച്ചതും മറ്റാരുമല്ല. 1950കളിലെ അംബേദ്കറുടെ നവയാനത്തിനു മുമ്പാണിതെന്നോര്‍ക്കാം. ജാതിഭാരതം എന്ന കവിതയില്‍ അംബേദ്കറെ ആദ്യമായി കേരളത്തില്‍ തുറന്നു പ്രശംസിച്ചതും സഹോദരന്‍ തന്നെ. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാനപനത്തിനു മുമ്പായിരുന്നല്ലോ 1940കളിലെ അദ്ദേഹത്തിന്റെ കേരള മനുഷ്യാവകാശ പ്രഖ്യാപനം. വൈവിധ്യപൂര്‍ണവും ബഹുസ്വരവുമായ ഈ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികളിലെല്ലാം നാണുഗുരുവിന്റെ ധാര്‍മിക പിന്തുണയും ആശയസ്വാധീനവുമുണ്ടായിരുന്നു.

____________________________________
പരമേശ പവിത്രപുത്രനെന്നു ക്രിസ്തുവിനേയും കരുണാവാന്‍ നബിമുത്തുരത്‌നമെന്നു പ്രവാചകനേയും വിളിച്ച ഒരു ഗുരുവിന്റെ വല്‍സല ശിഷ്യനായിരുന്നു സഹോദരന്‍. സ്വന്തം ഗുരുവിന്റെ സന്ദേശത്തെ തന്നെ കാലികമായി തിരുത്തുവാനുള്ള നൈതികബലവും ഭവിഷ്യോന്മുഖതയും സഹോദരനെന്ന ജൈവബുദ്ധിജീവിയില്‍ സഹജമായിരുന്നു. ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണമെന്നും ജാതിവിരുദ്ധമായ സാഹോദര്യചിന്തയേയും പ്രയോഗത്തേയും സ്വന്തം ജീവനെ പോലും ത്യജിച്ച് സുധീരമായി മുന്നോട്ടു കൊണ്ടുപോകണമെന്നും നാണുഗുരു പറഞ്ഞപ്പോള്‍, മതവും ജാതിയും ദൈവവുമല്ല, വേണ്ടതു ധര്‍മമാണെന്നദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. എഴുത്തുകാരനും പത്രാധിപരും കവിയുമായ ശിഷ്യന്റെ കാലത്തേക്കവിയുന്ന ക്രാന്ദദര്‍ശനം കേട്ട നാണുവാശാന്‍ അങ്ങനേയുമാകാം എന്ന് മോദസ്ഥിതനായി മന്ദഹസിച്ചു. അനുകമ്പയുടേയും അലിവിന്റേയും ഹൃദയവിശാലതയുടേയും പരമകാരുണ്യത്തിന്റേയും ബഹുസ്വരദാര്‍ശനികതയുടേയും മൃദുമന്ദഹാസമാണത്. 
____________________________________ 

ചേറായിയില്‍ സമുദായവിലക്കും, മൂത്തകുന്നത്ത് ചാണകമേറും, ലോകാമലേശ്വരത്ത് ഉറുമ്പിന്‍കൂടഭിഷേകവും ഞാറയ്ക്കലില്‍ കുത്താനോടിക്കലുമെല്ലാം നേരിട്ട് തല്ലും ചവിട്ടും ഏറെ കൊണ്ട് മിശ്രഭോജന, മിശ്രവിവാഹ ജാതിനശീകരണ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ, ആലുവായില്‍ പെരിയാറിന്റെ കരയില്‍ തന്നെ വന്നു കണ്ട അയ്യപ്പനെ ക്രിസ്തുവിനേപ്പോലെ ക്ഷമിക്കണം എന്നാണ് നാണുഗുരു ഉപദേശിച്ചത്. സ്‌നേഹവും പരിത്യാഗവും തഥാഗതനെ പോലുള്ള പരമകാരുണ്യവുമാണ് അദ്ദേഹത്തിന്റെ വിവക്ഷ എന്നതു വ്യക്തമാണ്. ആത്മരക്ഷയ്ക്കു പോലും അഹിംസയെ വെടിയരുതെന്ന നൈതിക ചിന്തയും ഇവിടെ വ്യക്തമാണ്. സമുദായ വിലക്കില്‍ പെട്ട് സഹോദരസംഘത്തിലെ നിരവധി യുവാക്കളുടെ കല്യാണവും ചോറൂണും മരണവുമടക്കമുള്ള നിരവധി ഗാര്‍ഹിക ദൈനംദിന ചടങ്ങുകളും സാമൂഹ്യ ജീവിതവും താറുമാറായിരുന്നു.
പലപ്പോഴും കൊച്ചിയിലെ ഗ്രാമാന്തരങ്ങളിലും ചന്തകളിലും തെരുവുകളിലും ഏകനായി സഞ്ചരിച്ച് ക്രിസ്തുവിന്റെ ബോധകരെ പോലെ പഴയ വീഞ്ഞപ്പെട്ടികളുടെ പുറത്തുകേറിനിന്നാണ് ഈ അഹിംസയുടേയും മാനവികതയുടേയും നീതിയുടേയും സാഹോദര്യത്തിന്റേയും സുവിശേഷം സഹോദരന്‍ ജനങ്ങളോടു വിളിച്ചു പറഞ്ഞത്, തന്റെ പദ്യകൃതികളില്‍ പലതും പാടിപ്രചരിപ്പിച്ചത്. ഓണപ്പാട്ടും, യുക്തികാലം ഓണപ്പാട്ടും, ധര്‍മഗാനവും, ഗാന്ധിസന്ദേശവും ബുദ്ധസ്‌തോത്രവും, പരിവര്‍ത്തനവും, ഉജ്ജീവനവും, സമുദായഗാനവും, മിശ്രവിവാഹഗാനവും, ഭരണിക്കുപോകല്ലേ, പളനിക്കുപോകല്ലേ… എന്നിങ്ങനെയുളള പദ്യരചനകളും ഇങ്ങനെ ജനങ്ങള്‍ക്കിടയില്‍ പാടിയും പറഞ്ഞും പ്രചരിച്ചതിനുശേഷമാണ് 1934 ലെ സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍ എന്ന പുസ്തകത്തില്‍ അച്ചടിക്കപ്പെടുന്നത്.
പാശ്ചാത്യ ആധുനികതയും അതിന്റെ ജനായത്തമൂല്യങ്ങളും പോലെ തന്നെ ക്രൈസ്തവ മിഷനറിമാരുടേയും ഇസ്ലാമിക സൂഫികളുടേയും ബഹുജനനോന്മുഖവും ലോകക്ഷേമത്തിലേക്കുള്ളതുമായ ക്ഷമാപൂര്‍ണമായ ബോധനപ്രവര്‍ത്തനങ്ങളും ആത്മാര്‍പ്പണവും സഹോദരനെ നാണുഗുരുവിനെ എന്ന പോലെ തന്നെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പരമേശ പവിത്രപുത്രനെന്നു ക്രിസ്തുവിനേയും കരുണാവാന്‍ നബിമുത്തുരത്‌നമെന്നു പ്രവാചകനേയും വിളിച്ച ഒരു ഗുരുവിന്റെ വല്‍സല ശിഷ്യനായിരുന്നു സഹോദരന്‍. സ്വന്തം ഗുരുവിന്റെ സന്ദേശത്തെ തന്നെ കാലികമായി തിരുത്തുവാനുള്ള നൈതികബലവും ഭവിഷ്യോന്മുഖതയും സഹോദരനെന്ന ജൈവബുദ്ധിജീവിയില്‍ സഹജമായിരുന്നു. ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണമെന്നും ജാതിവിരുദ്ധമായ സാഹോദര്യചിന്തയേയും പ്രയോഗത്തേയും സ്വന്തം ജീവനെ പോലും ത്യജിച്ച് സുധീരമായി മുന്നോട്ടു കൊണ്ടുപോകണമെന്നും നാണുഗുരു പറഞ്ഞപ്പോള്‍, മതവും ജാതിയും ദൈവവുമല്ല, വേണ്ടതു ധര്‍മമാണെന്നദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. എഴുത്തുകാരനും പത്രാധിപരും കവിയുമായ ശിഷ്യന്റെ കാലത്തേക്കവിയുന്ന ക്രാന്ദദര്‍ശനം കേട്ട നാണുവാശാന്‍ അങ്ങനേയുമാകാം എന്ന് മോദസ്ഥിതനായി മന്ദഹസിച്ചു. അനുകമ്പയുടേയും അലിവിന്റേയും ഹൃദയവിശാലതയുടേയും പരമകാരുണ്യത്തിന്റേയും ബഹുസ്വരദാര്‍ശനികതയുടേയും മൃദുമന്ദഹാസമാണത്. യഥാര്‍ഥത്തില്‍ നാണുഗുരുവിന്റെ മതേതരവും ബഹുസ്വരവുമായ നൈതികദര്‍ശനത്തെ സാമൂഹ്യ രാഷ്ട്രീയത്തിലേക്കും സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തിലേക്കും കൂടുതല്‍ ജനായത്തപരമായി പ്രയോഗിക്കുകയും കാലികമായി വ്യാഖ്യാനിക്കുകയും കൂടിയായിരുന്നു സഹോദരനെന്ന ശിഷ്യന്‍. സാമൂഹ്യ നീതിയുടേയും സമഭാവനയുടേയും ബഹുസ്വരതയുടേയും സന്ദേശത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പദ്യത്തിലും ഗദ്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബോധനത്തിലും അദ്ദേഹം ഏറെ പരിശ്രമിച്ചു.
മനുഷ്യരാവുക, മനുഷ്യന്‍ നന്നാവുക അതാണ് നവോത്ഥാനത്തെ നിര്‍ണയിച്ച നാണുഗുരുവിന്റെ തത്വദര്‍ശനം. ഇതില്‍ മതങ്ങളുടെ ധാര്‍മികചിന്തയെ ആധാരമാക്കാം. മതമേതുമാകാം, മതേതരരുമാകാം. അതുവ്യക്തികാര്യം. നവബുദ്ധനെ പോലെ തന്നെ പൊതുവായ ഊന്നല്‍ ജാതിനശീകരണത്തിനാണ്. ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അപമാനവീകരണവും അവസാനിപ്പിച്ചേ തീരൂ. ഇതിനായി അധീശമതത്തിന്റെ ആശ്രമവ്യവസ്ഥയില്‍ തങ്ങള്‍ക്കുതാഴെ എന്നു കരുതപ്പെട്ടിരുന്ന ജനവിഭാഗങ്ങളുമായി ഏകോദരസഹോദരരാവണം. എന്നാല്‍ മാത്രമേ തങ്ങള്‍ക്കു മീതേ എന്നു കരുതപ്പെട്ടിരുന്നവരുമായി തുല്യത അവകാശപ്പെടാനുള്ള ധാര്‍മികാധാരവും നിര്‍വാഹകത്വവും ഉണ്ടാകുന്നുള്ളു. ഈഴവര്‍ പുലയരായാല്‍ മാത്രമേ ജാതിഹിന്ദുക്കള്‍ക്കു തുല്യരെന്നവകാശപ്പെടാനാവൂ. സഹോദരനും നാരായണഗുരു എന്ന സമാഹാരഗ്രന്ഥം സാധ്യമാക്കിയ പി. കെ. ബാലകൃഷ്ണനും മറ്റും മാത്രം ബോധ്യമായ ഒരു സത്യസാരദര്‍ശനമാണിത്. നാണുഗുരുവിന്റെ അതുല്യമായ ആധുനിക അനേകാന്ത-അനിത്യവാദത്തിന്റെ ആധാരമാണിത്. ഇന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രത്താല്‍ വഞ്ചിതരായി ജാതിഹിന്ദുക്കളും വര്‍ണാശ്രമമൃഗങ്ങളുമാകാന്‍ പരിവാദ പാദജരുടെ പിന്നാലെ നടക്കുന്ന പല പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും ഈ ദലിതീകരണമെന്ന കീഴിറക്കം ബോധോദയപരവുമാണ്. കേരള നവോത്ഥാനത്തെ സാധ്യമാക്കിയതും കേരള ആധുനികതയെ നിലനിര്‍ത്തുകയും ചെയ്യുന്ന കീഴ്ത്തട്ടിനെക്കുറിച്ചുള്ള യാഥാര്‍ഥ്യ ദര്‍ശനവും സാമൂഹ്യദര്‍ശനവുമാണിത്. പുലക്കൊട്ടിയെന്നും പുലച്ചോവനെന്നും അധിക്ഷേപിക്കപ്പെട്ട പുലയനയ്യപ്പന്‍ പ്രതിനിധാനം ചെയ്യുന്ന വിമോചനമാര്‍ഗവുമിതു തന്നെ. തന്റെ ഗുരുവിനേയും കാലികവും ഭവിഷ്യോന്മുഖവുമായി വിമര്‍ശാത്മകമായി മാറ്റിയെഴുതിയ പരിവര്‍ത്തനാത്മകമായ വിമോചനശബ്ദമാണ് സഹോദരന്‍. ജാതിയും അതിന്റെ ഹിംസാത്മകമായ പാഷണ്ഡമതവും കേരളത്തേയും ഇന്ത്യയേയും വിഴുങ്ങാനായുമ്പോളാണ് സഹോദരവാങ്മയവും സാംസ്‌കാരിക പ്രയോഗവും ഏറെ വിമോചനാത്മകമാകുന്നത്. എല്ലാവരുമാത്മ സഹോദരരാണെന്നുണര്‍ത്തിയതും സാഹോദര്യം സര്‍വത്ര എന്ന പ്രതിഷ്ഠാപനം നിര്‍വഹിച്ചതും സഹോദരന്റെ ഗുരുതന്നെയാണല്ലോ. അംബേദ്കര്‍ ബുദ്ധനില്‍ നിന്നും ജനായത്തത്തിന്റെ ആധാരമൂല്യങ്ങളെ സ്വാംശീകരിക്കുന്ന പോലെ കേരളബുദ്ധനായ നാണുഗുരുവില്‍ നിന്നാണ് സഹോദരന്‍ തന്റെ ആധുനിക ജനായത്തസംസ്‌കാരത്തെ വികസിപ്പിക്കുന്നത്. സംസ്‌കാരത്തിന്റെ രാഷ്ട്രീയവും പ്രാഥമികതയും തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതവും രചനകളും നമ്മെ ബോധിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും.
_____________________________________
ഡോ. അജയ് ശേഖര്‍, അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല, കാലടി
(സഹോദരനയ്യപ്പന്‍: റ്റുവേഡ്‌സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍. കോഴിക്കോട്, അതര്‍, 2012;
ഡോ. ബി. ആര്‍. അംബേദ്കര്‍. കോട്ടയം, എസ്. പി. സി. എസ്, 2015;
നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദര്‍ശനവും: അനുകമ്പയുടെ നീതിശാസ്ത്രം. തിരുവനന്തപുരം, മൈത്രി, 2016 എന്നിവയാണ് ലേഖകന്റെ ഈ വിഷയത്തിലുള്ള പുതിയ പുസ്തകങ്ങള്‍)

Top