കമ്മട്ടിപാടം: കറുപ്പിന്റെ ദൃശ്യപാഠങ്ങള്‍

May 25, 2016

ദലിത് ആക്ടിവിസ്റ്റ് പരിവേഷമുള്ള, അല്ലെങ്കില്‍ രാഷ്ട്രീയ ബോധമുള്ള അമ്മാവന്‍, ബാലനെ നന്നാക്കാന്‍ ശ്രമിക്കുന്ന, ബാലന്റെ വിമര്‍ശനം താങ്ങാന്‍ കഴിയാതെയും തങ്ങളുടെ ജനതയ്ക്ക് എല്ലാം നഷ്ടപ്പെടുന്നത് കണ്ടുനില്ക്കാന്‍ കഴിയാതെയും മനം നൊന്ത് മരിക്കുന്ന ബാലന്റെ അമ്മാവന്റെ പിന്‍ തലമുറയില്‍പ്പെട്ട ബാലനും ഗംഗയും എങ്ങനെ ഗുണ്ടകള്‍ ആയിപ്പോയി എന്നുള്ളതാണ്. ചൂഷണം ചെയ്യപ്പെട്ട ദലിതരുടെ കഥ പറയുന്നതിനോടൊപ്പം കൊച്ചിയിലെ ക്രിമിനലുകള്‍ ദലിതര്‍ ആണെന്നും ക്രിമിനലുകള്‍ ആവാന്‍ കാരണക്കാര്‍ അവരുടെ തന്നെ പൂര്‍വ്വികര്‍ ആണെന്നും ഭൂമി ഇല്ലാത്ത തങ്ങളെ കൃഷി മാത്രമേ പഠിപ്പിച്ചു എന്നു ബാലന്‍ എന്ന കഥാപാത്രം പറയുന്നു/പറയിപ്പിക്കുന്നു. നിഷ്‌കളങ്കമായ പെരുമാറ്റചട്ടങ്ങളൊന്നും പാലിക്കാത്ത കുടിച്ചു കൂത്താടുന്ന ഗംഗയെ രക്ഷിക്കാന്‍ വരുന്ന നായകനായികൃഷ്ണന്‍ മാറുന്നതിനൊപ്പം ഗംഗയുടെ ശല്യം താങ്ങാന്‍ പറ്റാതെ അവനെ ഇല്ലാതാക്കുന്ന ഒരു പാവം വില്ലനായും മേല്‍ജാതിക്കാരനെ ചിത്രീകരിക്കുന്നു.

സിനിമയുടെ രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുന്‍പ് ഒന്ന് രണ്ടു കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ. സിനിമയുടെ ലക്ഷ്യം എന്റര്‍ടെയ്ന്‍മെന്റ് അല്ല എന്നും സിനിമയില്‍ ആവശ്യം രാഷ്ട്രീയവും റിയലിസവും ആണെന്നും, പൈസയ്ക്കു വേണ്ടിയല്ല താന്‍ സിനിമകള്‍ ഉണ്ടാക്കുന്നതെന്നും ഒക്കെ വാദമുന്നയിച്ച് നമുക്ക് ഏറെ പ്രതീക്ഷയ്ക്ക് വക തന്ന സംവിധായകനാണ് രാജീവ് രവി. ഇതിനോടൊപ്പം തന്നെ മലയാള സിനിമ ഒരുവ്യത്യാസവുമില്ലാത്ത ഫോര്‍മുലകളില്‍ അകപ്പെട്ടിരിക്കുകയാണെന്നും ശ്രീനിവാസന്റെ സിനിമകള്‍ മിഡില്‍ ക്ലാസ് സംഗതികളെ എടുത്തിട്ട് ചൂഷണം ചെയ്യുകയാണെന്നും വിമര്‍ശനം ഉന്നയിച്ച രാജീവ് രവിയുടെ ‘കമ്മട്ടിപാടം’ ഏതു രീതിയിലാണ് വ്യത്യസ്ത സിനിമയാവുന്നത്? പൗലോ ലിന്‍സന്റെ ‘സിറ്റി ഓഫ് ഗോഡ്’ എന്ന നോവലിനെ ആസ്പദമാക്കി അതെ പേരില്‍ തന്നെ നിര്‍മ്മിച്ച ബ്രസീലിയന്‍ ക്രൈം ഡ്രാമ ‘ഫിലിമന്‍’ (2002, സംവിധാനം ഫെര്‍ണാണ്ടോ മെരെല്ലോസ് & കതിയലൂണ്ട്) അനുസ്മരിപ്പിക്കുന്നതാണ് രാജീവ് രവിയുടെ ‘കമ്മട്ടിപാടം’ എന്ന ക്രൈം ഡ്രാമ ഫിലിം. ഒരു റിയലിസ്റ്റിക് ഇഫക്ടിനുവേണ്ടി ‘സിറ്റി ഓഫ് ഗോഡി’ല്‍ കാസറ്റ് ചെയ്യപ്പെട്ട അഭിനേതാക്കള്‍ മിക്കതും സ്ലമില്‍ (ഫവേലാസ്) നിന്നുള്ളവരാണ്. റിയല്‍ ഈവന്‍സിനെ ബേസ് ചെയ്തു എന്നതും ഒരു യഥാര്‍ത്ഥ ക്രൈമിന്റെ കഥ പറയുന്നു എന്നുമുള്ള സാമ്യതയിലുപരി കാഴ്ചയിലും അവതരണത്തിലും കഥാപാത്രങ്ങള്‍ക്കുള്ള സാമ്യത അതിശയിപ്പിക്കുന്നതാണ്. രാജീവ്‌രവി ഒരു ഫോം കടം കൊള്ളുക മാത്രമായിരുന്നോ ഇവിടെ ചെയ്തത്? സിനിമാട്ടോഗ്രാഫിയും നരേറ്റീവ് ടെക്‌നിക്കും പ്രശംസ അര്‍ഹിക്കുന്നു എന്നതൊഴിച്ചാല്‍ ഒരു സൂഷ്മ നിരീക്ഷണത്തില്‍ ഏതു തരത്തിലാണ് ഇത് മറ്റു മെയ്ന്‍സ്ട്രീം സിനിമകളുടെ സൗന്ദര്യശാസ്ത്രം നിലനിര്‍ത്തുന്നതെന്ന് മനസ്സിലാവും. ജാതി-മത-ലിംഗ സ്റ്റീരിയോ ടൈപ്പിലൂടെ സിനിമ വൃത്തിയായി മാര്‍ക്കറ്റ് കീഴടക്കുന്നതാണ് നാം കാണുന്നത്. ഒരു ഇടതു പക്ഷ സിനിമയായി ഇത് മാറുമ്പോള്‍ അല്ലെങ്കില്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ സിനിമയിലെ പറയാതെ പറഞ്ഞു പോയ ജാതിയുടെ, (ഇവിടെ കറുപ്പിന്റെ) മതത്തിന്റെ, ലിംഗത്തിന്റെ രാഷ്ട്രീയം എന്താണെന്നു നോക്കാം.

  • ജാതിയുടെ (ഇവിടെ കറുപ്പിന്റെ ) രാഷ്ട്രീയം

കൊയിലാണ്ടിയിലെ ഒരു സാധാരണ തിയേറ്ററില്‍ നിറഞ്ഞ കാണികള്‍ക്കൊപ്പം ഇരുന്നു 177 മിനിറ്റ് ഉള്ള സിനിമ കണ്ടപ്പോള്‍ എന്താണ് കൂടെ ഇരുന്ന ബഹുഭൂരിഭാഗം ആളുകളെ എന്റെര്‍ടെയ്ന്‍ ചെയ്യിക്കുന്ന ഘടകങ്ങള്‍ എന്ന ഫീല്‍ കൃത്യമായിട്ട് കിട്ടി. അതിഭാവുകത്വത്തോടെ സ്‌ക്രീനില്‍ നിറഞ്ഞുനില്ക്കുന്ന പല്ലുന്തിയ കറുത്ത ദളിത് ശരീരങ്ങള്‍ എങ്ങനെ എന്റര്‍ടെയ്ന്‍മെന്റ് പ്രോടക്‌സ് ആവുന്നു എന്നും കച്ചവട തന്ത്രത്തിന്റെ ഉല്പന്നങ്ങള്‍ ആവുന്നു എന്നും ഉള്ള ബോധം സിനിമ കണ്ടിരിക്കുമ്പോഴും ശേഷവും വല്ലാതെ ഡിസ്ട്ടര്ബ് ചെയ്യുന്ന റിയാലിറ്റി ആയി മാറി. മോശമായ ചുറ്റുപാടുകളില്‍ വളര്‍ന്നു ക്രിമിനലുകള്‍ അഥവാ ഗുണ്ടകള്‍ ആയ 3 യുവാക്കളുടെ കഥയിലൂടെ കൊച്ചിയുടെ ചരിത്രം പറയുകയാണ് കമ്മാട്ടിപാടമെന്ന സിനിമ. സിനിമയില്‍ പാവപ്പെട്ട ജനതയെ/കീഴാള ജനതയെ ചൂഷണം ചെയ്യുന്നത് കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുമ്പോള്‍ ജാതിയുടെ രാഷ്ട്രീയം പറയാതെ പറയപ്പെടുന്നു. കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മണികണ്ഠന്‍ (സിനിമയില്‍ ബാലന്‍) പറയുന്നു, ‘ഇതൊരു കറുത്ത ആള്‍ക്കാരുടെ സിനിമയാണല്ലോ’ എന്ന്. ഇവിടെ കറുത്ത ജനത ആരാണ്? അല്ലെങ്കില്‍ കറുത്ത ജനതയെ റെപ്രസന്റ്റ് ചെയ്യുന്നത് ദലിതര്‍ അല്ലാതെ ആരാണ് ? ഇവിടെയാണ് സിനിമയില്‍ ദുല്‍ഖര്‍ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് പ്രസക്തി. ദുല്‍ഖറിനെ കൊണ്ട് കഥ പറയിപ്പിച്ച്, ദുല്‍ഖറിനു നായക പരിവേഷം കൊടുത്ത്, പോസ്റ്ററുകള്‍ ഇറക്കിയ കച്ചവട തന്ത്രത്തോടൊപ്പം മറഞ്ഞു കിടക്കുന്ന രാഷ്ട്രീമെന്താണ്? പോസ്റ്ററുകള്‍ എല്ലാം തന്നെ ദുല്‍ഖര്‍ നായകനാണെന്ന് വിളിച്ചു പറയുന്നു. പക്ഷേ, ആരാണ് സിനിമയിലെ നായകന്‍? ആരാണ് സിനിമയിലെ വില്ലന്‍? ആദ്യപകുതിയില്‍ ബാലനും (മണികണ്ഠന്‍) രണ്ടാം പകുതിയില്‍ ഗംഗയും (വിനായകന്‍) സ്‌ക്രീനിലെ അഭിനയ തികവുകൊണ്ട് നിറഞ്ഞാടുന്നു. വഴി തെറ്റിയ ദളിതുകളോടൊപ്പം ചെറുപ്പത്തിലെ പെട്ട് ക്രിമിനല്‍ ആയിപ്പോയ മേല്‍ജാതി ആണായാണ് കൃഷ്ണന്‍ (ദുല്‍ഖര്‍) അവതരിപ്പിക്കപ്പെടുന്നത്. ഇവരെ ചൂഷണം ചെയ്യുന്ന ബൂര്‍ഷ്വായുടെ ജാതി (മേനോന്‍) കൃത്യമായി സിനിമയില്‍ പറയുമ്പോള്‍ കൃഷ്ണന്‍ (ദുല്‍ഖര്‍) എന്ന കഥാപാത്രത്തിന്റ ജാതി പറയാതെ പറയപ്പെടുന്നതെന്തുകൊണ്ട്? സിനിമയിലെ ഏറ്റവും ക്രൂരനായ ”വില്ലനാണ്” പരിണമിക്കുന്ന മേനോന്റെ പ്രതിയോഗിയായി പാവപ്പെട്ട/നല്ല മേല്‍ജാതിയെ പ്രതിഷ്ഠിക്കുന്നതിനോടൊപ്പം തന്നെ വഴി വിട്ടുപോയ ദലിത് സുഹൃത്തുക്കളെ ട്രാവല്‍സ് തുടങ്ങി രക്ഷപെടുത്താനും സ്വയം രക്ഷപ്പെടാനും ശ്രമിക്കുന്ന നല്ല മേലജാതി ഗുണ്ടയെ കൃഷ്ണന്‍ റെപ്രസെന്റ് ചെയ്യുന്നു.
ഇവിടെ രസകരമായി തോന്നിയത്, ദലിത് ആക്ടിവിസ്റ്റ് പരിവേഷമുള്ള, അല്ലെങ്കില്‍ രാഷ്ട്രീയ ബോധമുള്ള അമ്മാവന്‍, ബാലനെ നന്നാക്കാന്‍ ശ്രമിക്കുന്ന, ബാലന്റെ വിമര്‍ശനം താങ്ങാന്‍ കഴിയാതെയും തങ്ങളുടെ ജനതയ്ക്ക് എല്ലാം നഷ്ടപ്പെടുന്നത് കണ്ടുനില്ക്കാന്‍ കഴിയാതെയും മനം നൊന്ത് മരിക്കുന്ന ബാലന്റെ അമ്മാവന്റെ പിന്‍ തലമുറയില്‍പ്പെട്ട ബാലനും ഗംഗയും എങ്ങനെ ഗുണ്ടകള്‍ ആയിപ്പോയി എന്നുള്ളതാണ്.

____________________________________
കൊയിലാണ്ടിയിലെ ഒരു സാധാരണ തിയേറ്ററില്‍ നിറഞ്ഞ കാണികള്‍ക്കൊപ്പം ഇരുന്നു 177 മിനിറ്റ് ഉള്ള സിനിമ കണ്ടപ്പോള്‍ എന്താണ് കൂടെ ഇരുന്ന ബഹുഭൂരിഭാഗം ആളുകളെ എന്റെര്‍ടെയ്ന്‍ ചെയ്യിക്കുന്ന ഘടകങ്ങള്‍ എന്ന ഫീല്‍ കൃത്യമായിട്ട് കിട്ടി. അതിഭാവുകത്വത്തോടെ സ്‌ക്രീനില്‍ നിറഞ്ഞുനില്ക്കുന്ന പല്ലുന്തിയ കറുത്ത ദളിത് ശരീരങ്ങള്‍ എങ്ങനെ എന്റര്‍ടെയ്ന്‍മെന്റ് പ്രോടക്‌സ് ആവുന്നു എന്നും കച്ചവട തന്ത്രത്തിന്റെ ഉല്പന്നങ്ങള്‍ ആവുന്നു എന്നും ഉള്ള ബോധം സിനിമ കണ്ടിരിക്കുമ്പോഴും ശേഷവും വല്ലാതെ ഡിസ്ട്ടര്ബ് ചെയ്യുന്ന റിയാലിറ്റി ആയി മാറി. മോശമായ ചുറ്റുപാടുകളില്‍ വളര്‍ന്നു ക്രിമിനലുകള്‍ അഥവാ ഗുണ്ടകള്‍ ആയ 3 യുവാക്കളുടെ കഥയിലൂടെ കൊച്ചിയുടെ ചരിത്രം പറയുകയാണ് കമ്മാട്ടിപാടമെന്ന സിനിമ. സിനിമയില്‍ പാവപ്പെട്ട ജനതയെ/കീഴാള ജനതയെ ചൂഷണം ചെയ്യുന്നത് കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുമ്പോള്‍ ജാതിയുടെ രാഷ്ട്രീയം പറയാതെ പറയപ്പെടുന്നു. 
____________________________________ 

ചൂഷണം ചെയ്യപ്പെട്ട ദലിതരുടെ കഥ പറയുന്നതിനോടൊപ്പം കൊച്ചിയിലെ ക്രിമിനലുകള്‍ ദലിതര്‍ ആണെന്നും ക്രിമിനലുകള്‍ ആവാന്‍ കാരണക്കാര്‍ അവരുടെ തന്നെ പൂര്‍വ്വികര്‍ ആണെന്നും ഭൂമി ഇല്ലാത്ത തങ്ങളെ കൃഷി മാത്രമേ പഠിപ്പിച്ചു എന്നു ബാലന്‍ എന്ന കഥാപാത്രം പറയുന്നു/പറയിപ്പിക്കുന്നു. നിഷ്‌കളങ്കമായ പെരുമാറ്റചട്ടങ്ങളൊന്നും പാലിക്കാത്ത കുടിച്ചു കൂത്താടുന്ന ഗംഗയെ രക്ഷിക്കാന്‍ വരുന്ന നായകനായി കൃഷ്ണന്‍ മാറുന്നതിനൊപ്പം ഗംഗയുടെ ശല്യം താങ്ങാന്‍ പറ്റാതെ അവനെ ഇല്ലാതാക്കുന്ന ഒരു പാവം വില്ലനായും മേല്ജാതിക്കാരനെ ചിത്രീകരിക്കുന്നു. കറുത്ത മേജാതിക്കരെയും, വെളുത്ത ദലിതരും ഒരുപാടുള്ള കേരളത്തില്‍ ഇന്നും കറുപ്പ് ജാതിയെ റെപ്രസെന്റെ് ചെയ്യപ്പെടുമ്പോള്‍ ഉന്തിയ പല്ലിലൂടെയും വ്യത്യസ്തമായി അല്ലെങ്കില്‍ ലൌഡ് ആയ ബോഡി ലാംഗേജിലൂടെയും മാനറിസത്തിലൂടെയും ജാതി സ്റ്റീരിയോടൈപ്പുകള്‍ നിലനിര്‍ത്തപ്പെടുന്നു.
ഇതിനോടൊപ്പം പറഞ്ഞു പോവേണ്ടതാണ് സിനിമയിലെ മതത്തിന്റെ രാഷ്ട്രീയം. മുന്‍പ് പറഞ്ഞത് പോലെ സിനിമ നായകന്‍/വില്ലന്‍ എന്ന ദ്വന്തത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും മറ്റു സിനിമകളുടെ ഫോര്‍മുല ഉപയോഗിച്ചു ബെന്നി (ഷൈന്‍ ടോം ചാക്കോ) എന്ന ഒരു ക്രിസ്ത്യാനി വില്ലനെ വീണ്ടും നമ്മുടെ മുന്‍പില്‍ എത്തിക്കുന്നു. ഇവിടെ പ്രത്യേകത മേനോന്‍ ഉള്‍പ്പെടെയുള്ള കഥയിലെ മറ്റു ”വില്ലന്മാര്‍” പല രീതിയിലും പ്രേക്ഷകരുടെ ദയ അര്‍ഹിക്കപ്പെടുമ്പോള്‍ ബെന്നി ക്രൂകെഡ് ആയ, ഈഗോയിസ്റ്റായ, കൊലപാതകിയായ ഉള്ളതെല്ലാം വിറ്റുപെറുക്കി പക പോക്കാനായി ഇറങ്ങിത്തിരിക്കുന്ന ചീത്ത വില്ലനായി നമ്മുടെ മുന്‍പില്‍ എത്തുന്നു. ഇങ്ങനെ സാധാരണ മലയാളം കൊമേഴ്‌സ്യല്‍ സിനിമകളുടെ ഭാഗമാവുകയാണ് കമ്മട്ടിപാടവും.
ഈ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ റിയലിസ്റ്റ് റെപ്രസന്റേഷനെക്കുറിച്ചും പറയാതെ വയ്യ. കൊച്ചിക്കാരിയും ബയോടെക് എന്‍ജിനിയറും ആയ ഷോണ്‍ റോമി എന്ന മോഡല്‍ ആണ് സിനിമയിലെ കേന്ദ്ര സ്ത്രീ കഥാപാത്രമായ അനിതയെ അവതരിപ്പിക്കുന്നത്. ദലിത് ശരീരഭാഷയും ആണത്തവും അതിഭാവുകത്വത്തോടെ സിനിമയില്‍ അവതരിപ്പിച്ചപ്പോള്‍ ഏതു റിയാലിസ്റ്റിക് രീതിയില്‍ ആണ് കറുത്ത സുന്ദരി എന്നതിലപ്പുറം ഇവിടെ അനിത എന്ന ദലിത് പെണ്‍കുട്ടിയുടെ ശരീരഭാഷ ദലിത് സ്ത്രീകളുടെ ശരീരഭാഷയെ ഉപയോഗിക്കുന്നത് എന്നും എങ്ങനെ ‘കറുത്ത’ മുത്ത് ദുല്‍ഖറിന് അനുയോജ്യയായ നായികയായി നിലനില്ക്കുന്നു എന്നും നമ്മള്‍ ആരായേണ്ടിയിരിക്കുന്നു. സിനിമയുടെ തുടക്കത്തില്‍ കൃഷ്ണന്‍ തന്നെ തനിച്ചു കാണാന്‍ അവസരം ഒരുക്കുന്ന, അവന്റെ ധൈര്യം പരീക്ഷിക്കുന്ന, അവനെ പ്രലോഭിപ്പിക്കുന്ന, അവന്റെ പ്രണയ സമ്മാനമായ മാല പരസ്യമായി അണിയുന്ന, കൃഷ്ണന്റെ കൂടെ ഒളിച്ചോടാന്‍ തയ്യാറാവുന്ന അനിത, കുറെകാലം കൃഷ്ണനെ കാത്തിരുന്നതിന് ശേഷം ഒട്ടം ഏജന്‍സി ഇല്ലാതെ ഗംഗയുടെ ഭാര്യസമാനമായി നിരന്തരം കലഹിക്കുന്നവളായി മാറുന്നു. കൃഷ്ണന്റെ കാമുകി ആയിരിക്കെ തുന്നല്ക്കാരിയായ സ്ത്രീകളോടൊപ്പം ജോലി ചെയ്യുന്ന ഉത്തമ സ്ത്രീയായും ഗംഗയുടെ ഭാര്യസമാനമായിരിക്കെ പെട്രോള്‍ പമ്പിലെ വേതനക്കാരിയായി പബ്ലിക് സ്‌പേസില്‍ നില്‍ക്കുന്നവള്‍ ആയി മാറുന്നു. ഇതിനോടൊപ്പം ചിത്രത്തിലെ മറ്റു പ്രധാന സ്ത്രീ കഥാപാത്രമായ റോസമ്മയെ അവതരിപ്പിക്കുന്നത് അമല ലിസ് ജോസഫ് എന്ന വയനാടുകാരിയും എന്‍ജിനിയറിംഗ് ബിരുദധാരിയും മോഡലും ആണ്. വെളുത്ത സുന്ദരിയും വായനക്കാരിയും ഗുണ്ടയായ തന്റെ ഭര്‍ത്താവു പോലും പേടിക്കുന്ന അമ്മായി അമ്മയെ ആദ്യ കാഴ്ചയില്‍ തന്നെ തള്ളിയിട്ടു തന്റേടം കാണിക്കുന്ന മാര്‍ഗം കൂടിയവളായും വളരെ ബോള്‍ഡ് ആയ സ്ത്രീയായ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ അവസാനഭാഗത്ത് അവര്‍ എന്താവുന്നു എന്നും എങ്ങനെ അത്ര സ്വാധീനമുള്ളവള്‍ ആവുന്നു എന്നും കൃത്യമായി എസ്റ്റാബ്ലീഷ് ചെയ്യുന്നില്ല. പ്രേമം, അമര്‍ അക്ബര്‍ അന്തോണി, എന്ന സിനിമകളെ പോലെ കമ്മട്ടിപാടവും ആണത്തത്തിന്റെയും ആണ്‍സൗഹൃദത്തിന്റെയും ആഘോഷമായി ചുരുങ്ങുന്നു. ചുരുക്കി പറഞ്ഞാല്‍, രാജീവ് രവിയുടെ കമ്മട്ടിപ്പടം (ദലിത് റെപ്രസന്റേഷന്‍) ജാതി-മത-ലിംഗ സ്റ്റീരിയോ ടൈപ്പുകളെ എത്രമാത്രം കച്ചവടവത്കരിക്കുന്നു എന്ന് നമുക്ക് കാണാം.
____________________________
ഡോ. ശ്രീബിത, അസിസ്റ്റന്റ്‌ പ്രോഫസ്സര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലിഷ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, കര്‍ണ്ണാടക.

Top