ദലിത് സ്ത്രീ എഴുത്തും ജാതി രാഷ്ട്രീയത്തിന്റെ പ്രശ്നവത്കരണവും

കേരളത്തിന്റെ മുഖ്യധാരാ ചരിത്ര രചനകളിൽ ഇടം കിട്ടാതെ പോയ യാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും തമസ്ക്കരിക്കപ്പെട്ട ജനതയുടെ വീക്ഷണകോണിൽ നിന്നും അവതരിപ്പിക്കുകയാണ് ദലിത് എഴുത്തുകൾ പൊതുവെ ചെയ്യുന്നത്. ഉറച്ച നിലപാടുകൾ പരുവപ്പെടുത്തിയെടുക്കുന്നതിനും, അധികാരഹിംസയെ ചോദ്യം ചെയ്യുന്നതിനും, ദലിത് സ്വത്വത്തിനു വേണ്ടി നിലകൊള്ളുന്നതിനും ദലിത് ആത്മകഥാ രചനകൾ സഹായകമാണ്. എഴുത്ത് ഒരു ശക്തമായ അനുഭവമായി ദലിത് സ്ത്രീ ജീവിതങ്ങളെ സ്പർശിക്കുന്നുണ്ട്. ബിജിത പി.ആർ എഴുതുന്നു.

ജാതിയെ ഒരു ചരിത്ര-സമകാലിക ജീവിത യാഥാർഥ്യമായി കണ്ട് അതിനെ എഴുത്തിലൂടെ പ്രശ്നവത്കരിക്കുമ്പോൾ, ദൈനംദിന ജാതി രാഷ്ട്രീയത്തിന്റെയും അതിനെതിരെയുള്ള പൊരുതലിന്റെയും ശക്തമായ പ്രതിനിധാനമായി ആ എഴുത്ത് മാറുന്നു. ജാതി വിവേചനങ്ങളെ തുറന്നു കാണിക്കുകയും, ദലിത് സ്ത്രീകളുടെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും മുൻനിർത്തി അവയെ പ്രശ്നവത്കരിക്കുകയും ചെയ്യുകയാണ് ദലിത് സ്ത്രീ എഴുത്തുകളിലൂടെ ചെയ്യപ്പെടുന്നത്. ഇവിടെ രജനി പാലാമ്പറമ്പിലിന്റെ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന ആത്മകഥ നൽകുന്നത് ജാതി അനുഭവങ്ങളെ കുറിച്ചുള്ള ഒരു ദലിത് സ്ത്രീയുടെ തുറന്നെഴുത്താണ്. വലിയ സമരങ്ങളുടെയോ വിജയങ്ങളുടേയോ ഒന്നും കഥ പറയാതെ തന്നെ, തീക്ഷ്‌ണമായ ജീവിതഗന്ധം പേറുന്ന ദൈനംദിന സമരപർവത്തെ ലളിതമായ വാക്കുകളാൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യരും മൃഗങ്ങളും, അവർ ജീവിക്കുന്ന ഇടങ്ങളും, അവരുടെ ജീവിത യാഥാർഥ്യങ്ങളും, വിശ്വാസങ്ങളും, അടിസ്ഥാന പ്രശ്നങ്ങളും എല്ലാം സമ്മേളിക്കുന്ന ഹൃദയസ്പർശിയായ വായനാനുഭവം രജനിയുടെ വരികൾ നൽകുന്നു. ലളിതമായ, കാമ്പുള്ള, ഉൾകാഴ്ചയുള്ള ഭാഷാശൈലി മികച്ച വായനാനുഭവം നൽകുന്നുണ്ട്.

ദലിത് സ്ത്രീപക്ഷ വീക്ഷണങ്ങൾ

സാമൂഹിക ലോകത്തിന്റെ യാഥാർഥമായ മുഖം അനാവരണം ചെയ്യുന്നതിൽ ആത്മകഥകളുടെ പങ്ക് ഏറെ വലുതാണ്. അധികാര ശ്രേണികൾക്കിടയിലെ ഘോരയുദ്ധങ്ങളും സ്വത്വപ്രശ്നങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നടക്കുന്ന മാറ്റങ്ങളുമെല്ലാം ആത്മകഥകൾ പറഞ്ഞുവെക്കുന്നുണ്ട്. സമയവും കാലവും വ്യക്തിയും സമൂഹവും തലമുറകളും അധികാര സമുച്ചയങ്ങളും ബിംബങ്ങളും, അവയുടെ ലിംഗപരമായ വ്യത്യാസങ്ങളും, വൈകാരിക-സാംസ്‌കാരിക സമസ്യകളും, പൊള്ളത്തരങ്ങളും, ബഹുസ്വരമായ അർഥങ്ങളുമെല്ലാം ആത്മകഥകൾ അഗാധമായി സംവേദിപ്പിക്കുന്നു. കേരളത്തിന്റെ മുഖ്യധാരാ ചരിത്ര രചനകളിൽ ഇടം കിട്ടാതെ പോയ യാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും തമസ്ക്കരിക്കപ്പെട്ട ജനതയുടെ വീക്ഷണകോണിൽ നിന്നും അവതരിപ്പിക്കുകയാണ് ദലിത് എഴുത്തുകൾ പൊതുവെ ചെയ്യുന്നത്. ഉറച്ച നിലപാടുകൾ പരുവപ്പെടുത്തിയെടുക്കുന്നതിനും, അധികാരഹിംസയെ ചോദ്യം ചെയ്യുന്നതിനും, ദലിത് സ്വത്വത്തിനു വേണ്ടി നിലകൊള്ളുന്നതിനും ദലിത് ആത്മകഥാ രചനകൾ സഹായകമാണ്. എഴുത്ത് ഒരു ശക്തമായ അനുഭവമായി ദലിത് സ്ത്രീ ജീവിതങ്ങളെ സ്പർശിക്കുന്നുണ്ട്.

പൊതുസമൂഹത്തിന്റെയും കുടുംബത്തിന്റെയും അധികാര പരിധികൾക്കുള്ളിൽ ജീവിക്കേണ്ടിവരുന്ന ദലിത് സ്ത്രീ സ്വത്വങ്ങൾക്ക് പുതിയൊരു അസ്തിത്വം നൽകുന്നുണ്ടു ദലിത് സ്ത്രീവാദവും ദലിത് സ്ത്രീ എഴുത്തുകളും. ദയ തായ്, മുക്തബായ്, കുമുദ് പാവ്‌ദെ, ശാന്തബായ് കാംബ്ലെ, ബേബി കാംബ്ലെ, പാമ, ഊർമിള പവാർ, സെലീന, ഗോഗു ശ്യാമള, യാഷിക ദത്ത് തുടങ്ങി ദലിത് ആത്മകഥയിലൂടെ ശക്തമായ രാഷ്ട്രീയം മുന്നോട്ടു വെച്ച കരുത്തുറ്റ സ്ത്രീകളുണ്ട്. വൈകാരികവും, താത്വികവും, സ്വത്വപരവുമായ ഉൾവലിയലുകൾക്കും നിശബ്ദതകൾക്കുമപ്പുറത്തെ ലോകത്തേക്ക് കടന്നു ചെല്ലാൻ ദലിത് സ്ത്രീകളെ ശാക്തീകരിച്ച ഒന്നാണ് എഴുത്ത്, പ്രത്യേകിച്ചും ആത്മകഥാ എഴുത്തുകൾ. എഴുതപ്പെട്ട അനുഭവങ്ങൾ പിന്നീട് ദലിത് സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതായി നമുക്കു കാണാം. ദലിത് സ്ത്രീ എഴുത്തുകൾ സധൈര്യത്തോടെ തന്നെ കുടുംബത്തിന്റെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയുമെല്ലാം തുറന്നെഴുത്തിലേക്കു കടക്കുന്നതായി കാണാം. പ്രണയവും, പ്രണയഭംഗവും, വിവാഹവും, ഭാര്യ-ഭർതൃ ബന്ധത്തിന്റെ സങ്കീർണതകളുമെല്ലാം അമിത വൈകാരികതയുടെ അംശമില്ലാതെ തന്നെ തീക്ഷ്‌ണമായി രജനിയുടെ എഴുത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

ഒരു ദലിത് സ്ത്രീക്ക് അവളുടേതായ സ്വകാര്യ ജീവിതത്തിലും കനൽ വീണ വഴികളിലൂടെ തന്റെ കാൽപാദങ്ങൾ പതിപ്പിക്കേണ്ടി വരുന്നു എന്ന സത്യം നമുക്ക് ഹൃദയവേദനയോടെ മാത്രമേ വായിക്കുവാൻ സാധിക്കൂ. വ്യക്തി, കുടുംബം, വിവാഹം തുടങ്ങിയ സംവിധാനങ്ങളുടെ ഇടയിൽ ഞെരിഞ്ഞു തീരുന്ന സ്ത്രീ ജീവിതങ്ങളുടെ ദുരിതപൂർണമായ ഒരേട് ഈ അനുഭവങ്ങളിൽ നിഴലിക്കുന്നുണ്ട്. സ്ത്രീ ജീവിതത്തിന്റെ പ്രതിസന്ധികൾ അനാവരണം ചെയ്യുന്ന, പൊള്ളുന്ന അനുഭവങ്ങളുടെ വായനയിലേക്ക് എത്തുമ്പോൾ കൂടുതൽ സങ്കീർണമായൊരു സ്ത്രീലോകം നമുക്കു മുന്നിൽ രജനി തുറന്നിടുന്നുണ്ട്. ഇടക്ക് രജനി എഴുതുന്നുണ്ട്: “ഒരു പുരുഷനായി ജനിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് കൗമാരകാലത്തു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്”. ഇന്ന് അവർ അങ്ങിനെ ആഗ്രഹിക്കുന്നില്ല എന്നും അവരെഴുതുന്നു.

രജനി പാലാമ്പറമ്പിൽ

ദലിത് സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും അനുഭവിച്ചു കൊണ്ടിരുന്ന അസ്വാതന്ത്ര്യമായിരിക്കാം അവരെ ഒരിക്കൽ അങ്ങിനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ നിത്യേനയുള്ള ജീവിത സമരങ്ങളും പൊരുതലുകളും, തന്റെ അനുഭവങ്ങളും മറ്റും പങ്കുവെച്ചപ്പോൾ ലഭിച്ച ധൈര്യം ഒരു സ്ത്രീ എന്ന നിലയിൽ കൂടുതൽ ശാക്തീകരിച്ചതായി കാണാം. അതുകൊണ്ടായിരിക്കാം, തനിക്ക് ഇന്ന് അങ്ങിനെയൊരു ആഗ്രഹം ഇല്ല എന്ന് കൂടി അവർ പറഞ്ഞു വെക്കുന്നത്. തനിച്ചു യാത്ര ചെയ്യാനോ, തീരുമാനങ്ങൾ എടുക്കാനോ ഉള്ള പരിമിതമായ സ്ത്രീ അധികാരത്തെ ദലിത് സ്ത്രീ എഴുത്തുകൾ പ്രശ്നവത്കരിക്കുകയാണ് ഇവിടെ. സമൂഹത്തിലും, കുടുംബത്തിലും, സമുദായത്തിലും സ്ത്രീകൾ അനുഭവിച്ചു വന്ന വേർതിരിവ്, ലിംഗപദവി അടിസ്ഥാനമാക്കിയുള്ള കുറഞ്ഞ അധികാരങ്ങൾ തുടങ്ങിയവ ദലിത് പിതൃമേധാവിത്ത അധികാരഘടനയെ പ്രശ്നവത്കരിച്ചിട്ടുണ്ട്. ഒരു ദലിത് സ്ത്രീയുടെ അനുഭവങ്ങൾ, വീക്ഷണകോണുകൾ, അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ, വിമർശനങ്ങൾ എന്നിവയിലൂടെ സാമുദായിക ചരിത്രവും, അടിമത്തവും, ലിംഗപദവി സംബന്ധിച്ച വേർതിരിവുകളും, ജാതിശ്രേണിയുടെ അധികാരവാഴ്ചയുമെല്ലാം തുറന്നു കാണിക്കപ്പെടുന്നു. ഇവിടെ, സ്ത്രീ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ ചരിത്രപരമായ ദൈനംദിന അടിച്ചമർത്തലുകളോടുള്ള സ്ത്രീപക്ഷ പ്രതികരണങ്ങളും പ്രതിഷേധവും കാണാം. അതു തന്നെയാണ് ഈ എഴുത്തിന്റെ ശക്തിയും പ്രധാന്യവും.

ഈ പുസ്തകം ഉൾക്കൊള്ളുന്നത് കേവലം വ്യക്തി കേന്ദ്രീകൃതമായ പങ്കുവെക്കലല്ല. വ്യക്തി, കുടുംബം, ജാതി, സാമൂഹിക സംവിധാനങ്ങൾ എന്നിവയുടെ ഇടകലരൽ നമുക്കിവിടെ വായിച്ചറിയാൻ സാധിക്കുന്നു. എഴുത്തിലുടനീളം വിവിധ കുടുംബങ്ങൾ, കുടുംബാംഗങ്ങളായ വളർത്തു മൃഗങ്ങൾ, പക്ഷികൾ, അയൽക്കാർ, സുഹൃത്തുക്കൾ, അധ്യാപകർ, ജന്മികൾ, അധികാര കേന്ദ്രങ്ങളിൽ ഉള്ളവർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ, ഇടങ്ങളിൽ, ഇടപെട്ട വ്യക്തികളെ, ജീവജാലങ്ങളെ, സാഹചര്യങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട്, ഒരുപാട് തലങ്ങളിലൂടെയാണ് ഈ ആത്മകഥ മുന്നോട്ടു നീങ്ങുന്നത്.

ആത്മകഥയുടെ വായനാസുഖവും അർഥതലങ്ങളും ഈ പറയുന്ന ഇടങ്ങളിലും വ്യക്തികളിലും ജീവിതങ്ങളിലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. കേരളത്തിലെ സ്ത്രീ എഴുത്ത്, പ്രത്യേകിച്ചും ആത്മകഥാ രൂപത്തിലുള്ള എഴുത്തിൽ ഈ പുസ്തകം ഒട്ടും ചെറുതല്ലാത്ത ഇടം നേടുന്നു. ഈ പുസ്തകത്തിൽ നമുക്ക് വിവിധ തലമുറകളെ കാണാൻ സാധിക്കും. അവരുടെ ദൈനംദിന ജീവിതങ്ങളുടെ കുറിപ്പുകൾ, വിശ്വാസങ്ങൾ, ഇരുണ്ട ശരീരങ്ങൾ, സമൂഹത്തിൽ ദലിത് വ്യക്തികളുടെയും അവരുടെ ശരീരങ്ങളുടെയും അടയാളപ്പെടുത്തൽ, ചൂഷണങ്ങൾ, മാറ്റിനിർത്തപ്പെടൽ ഇവയെല്ലാം തന്നെ വിവിധ ഇടങ്ങളിൽ ചിതറിക്കിടക്കുകയും, പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.

ദലിത് ജീവിതങ്ങളുടെ സാംസ്കാരികവും മതപരവുമായ കാര്യങ്ങൾ കൂടി വായനക്കാരുടെ മുന്നിലേക്ക് എത്തുന്നുണ്ട്. ആരാധനാ രീതികൾ, മൂർത്തികൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം വിവരിക്കുന്നതിലൂടെ ഒരു സമുദായത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലേക്കു കൂടിയാണ് നാം എത്തുന്നത്. മാജിക്കൽ റിയലിസം അതിന്റെ ഭംഗിയോടു കൂടി നമുക്ക് ദർശിക്കാൻ സാധിക്കും. ദലിത് എഴുത്തുകളുടെ ശക്തമായ ആഖ്യാന ശൈലി തന്നെയായി നമുക്കതിനെ കാണാം. തലമുറകളിലൂടെ സഞ്ചരിക്കുന്ന അനുഭവങ്ങൾ, വ്യക്തി ജീവിതത്തിന്റെ ഒരോ കോണിലും എത്തിപ്പെടുന്ന ജാതി വിവേചനങ്ങളുമൊക്കെ ഇതിലുണ്ട്. ജാതിയെ നമുക്കിവിടെയെല്ലാം രഹസ്യമായും പരസ്യമായും കാണാൻ കഴിയും. ഇങ്ങനെ തനിക്കൊപ്പം ജീവിച്ചവരും, താൻ എത്തിപ്പെട്ടതുമായ ഇടങ്ങളിൽ കണ്ടുമുട്ടിയവരെയും, എല്ലാം ചേർത്തു വെച്ച്, അവരുടെ ജീവിതങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു കൊണ്ടാണ് രജനി തന്റെ അനുഭവങ്ങളെയും, വീക്ഷണങ്ങളെയും നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ബാല്യം മുതൽക്കേ നേരിടേണ്ടി വന്ന വിവേചനങ്ങളെ, അവയുടെ കാരണങ്ങളെ കുറിച്ചുള്ള തിരിച്ചറിവുകളെ, പിന്തിരിയാതെ സമൂഹ-കുടുംബ അധികാര വ്യവസ്ഥകളെ നേരിട്ട അനുഭവങ്ങളെയെല്ലാം സ്വരുക്കൂട്ടിയാണ് ദലിത് സ്ത്രീ എഴുത്തിലേക്ക് എത്തുന്നതെന്നും, ആ പ്രക്രിയകളിലൂടെ അവരുടെ എഴുത്തിന്റെ, നിലനിൽപ്പിന്റെ രാഷ്ട്രീയവും വീക്ഷണങ്ങളും കൂടുതൽ സുദൃഢമാകുന്നുവെന്നും നമുക്കു കാണാൻ കഴിയും.

കുമുദ് പാവ്‌ദെ

ജീവിത പരിസരങ്ങൾ

ജീവിതവല്ലരികൾ തളിരിടുകയും വാടുകയുമെല്ലാം ചെയ്ത പരിസര പ്രദേശങ്ങൾ ഏറെ നിരീക്ഷണങ്ങൾക്കു വിധേയമായതായി നമുക്കു കാണാൻ സാധിക്കും. അടിമത്തകാലം മുതൽക്കേയുള്ള ഭൂരാഹിത്യവും, വീടിനു ചുറ്റും പടർന്നു കിടക്കുന്ന പാടവും, വശങ്ങളിലൂടെ ഒഴുകുന്ന തോടുകളുമെല്ലാം പല സന്ദർഭങ്ങളിലും കടന്നു വരുന്നു. ദലിത് ജീവിതങ്ങളുടെ പൊള്ളുന്ന യാഥാർഥ്യങ്ങളിൽ ഒന്നായ പാർപ്പിടത്തിന്റെ ശോചനീയാവസ്ഥ, അവരുടെ പരിസരങ്ങൾ, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, വെള്ളപൊക്കം, മഴക്കാലത്ത് വരുന്ന ഇഴജന്തുക്കളായ അതിഥികൾ, എന്നിവ സൂക്ഷ്‌മമായി വിവരിച്ചിരിക്കുന്നു. ഒരിടത്ത് രജനി പറയുന്നുണ്ട്: “സകല ജീവജാലങ്ങളോടും പ്രകൃതിയോടും ചേർന്ന് നിന്ന ഒരു അപാര ജീവിതമായിരുന്നു തങ്ങളുടേത്”. അദൃശ്യമായ ഒരു ഊറിയ ചിരിയുടെ ഇരമ്പം നമുക്കതിൽ കേൾക്കാനാകും. കാളകൾ, പോത്തുകൾ, പൂച്ച, പശു, മീനുകൾ, കോഴി, അങ്ങിനെ കാർഷിക ജനതയുടെ ജീവിത പരിസരങ്ങളിലെ ജൈവവ്യവസ്ഥയുടെ വിവിധ തന്തുക്കളിൽ ഇഴചേർത്തിരിക്കുന്ന ജീവജാലങ്ങളുടെ ഹൃദയസ്പർശിയായ വിവരണങ്ങൾ കടന്നുവരുന്നു. മീൻ കടിച്ചു കൊണ്ട് വരുന്ന പൂച്ചയും, മഴക്കാലത്ത് കാണുന്ന ഇഴജീവികളും, ഏറെ സ്നേഹിച്ചു വളർത്തിയ പോത്തുകളുമെല്ലാം മനുഷ്യരും ജീവജാലങ്ങളും ഒന്നുചേർന്ന ആവാസലോകം ദൃശ്യമാക്കുന്നുണ്ട് രജനിയുടെ എഴുത്തിൽ. ഗ്രാമാന്തരീക്ഷവും അവിടുത്തെ പുരുഷ മേൽക്കോയ്മയുമെല്ലാം സാന്ദർഭികമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. വഴിയില്ലായ്മയും, പറമ്പും വഴികളും സ്വന്തമായിട്ടുള്ളവന്റെ പറമ്പിലൂടെ സഞ്ചരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളും എല്ലാം ഭൂമി രാഷ്ട്രീയത്തിന്റെ നേർചിത്രങ്ങളാണ്.

പൊതുസമൂഹത്തിന്റെ മാലിന്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു വീട്ടിൽ കഴിയേണ്ടി വരുന്നതും, മഴക്കാലത്ത് വെള്ളം കയറുമ്പോൾ ഉണ്ടാകുന്ന പരാധീനതകളുമെല്ലാം തുറന്നെഴുതിയിരിക്കുന്നതിലൂടെ, സമൂഹത്തിന്റെ പാർശ്വങ്ങളിൽ ഒതുക്കപ്പെട്ടവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ നമുക്കു മുന്നിൽ ഒരു വലിയ ചോദ്യമായി നിൽക്കുന്നു. ദലിത് കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങൾക്കരികിലെ പുറമ്പോക്കു പ്രദേശങ്ങൾ പൊതു സമൂഹം തങ്ങളുടെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി കാണുന്നത് രജനി കൃത്യമായി എടുത്തെഴുതിയിരിക്കുന്നു. വീടിനു സമീപത്തെ പറമ്പിൽ മലവിസർജനത്തിനു വരുന്നവരെ കൂവിയോടിക്കേണ്ടി വരുന്നതിലെ ദയനീയതയും, നിലപാടും, രാഷ്ട്രീയവും എത്ര പ്രധാന്യമർഹിക്കുന്നതാണെന്ന് നമുക്കു മനസ്സിലാകും. മലവിസർജനത്തിനും, ആർക്കും ആവശ്യമില്ലാത്ത, രോഗബാധിതരായ പൂച്ചകുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി എറിയുന്നതിനും മറ്റുമായിട്ടുള്ള, ദുർഗന്ധം വമിക്കുന്ന ഇടങ്ങളായി ദലിത് കുടുംബങ്ങളുടെ പരിസരങ്ങളെ മാറ്റുന്നതിൽ പൊതുസമൂഹത്തിന്റെ പങ്ക് ഇവിടെ തുറന്നു കാണിച്ചിട്ടുണ്ട് എഴുത്തുകാരി. ദലിത് കുടുംബങ്ങൾ താമസിക്കുന്ന കോളനികൾ, പുറമ്പോക്കു സ്ഥലങ്ങളെല്ലാം അറപ്പുളവാക്കുന്ന, ദുർഗന്ധം വമിക്കുന്ന, വൃത്തിഹീനമായ ഇടങ്ങളായി കണക്കാക്കുന്ന പുരോഗമന പൊതുസമൂഹം സ്വയം ഒരു വലിയ മാലിന്യകുട്ടയായി മാറുകയാണ് ഇവിടെ.

മഴക്കാലത്ത് വെള്ളം കയറി മുങ്ങുന്ന പാടവും പറമ്പുമെല്ലാം സൂക്ഷ്‌മമായി വിവരിച്ചിരിക്കുന്നു. ചെളി കുത്തിപ്പൊക്കി അച്ഛൻ പണിതെടുത്ത വീട്, പാമ്പുകൾ അടക്കമുള്ള ഇഴജീവികളോടുള്ള ഭയം, കൊടിയ മഴയിലും തണുപ്പിലും ആവശ്യത്തിന് തലയിണയോ, പുതപ്പോ ഇല്ലാതെ വിയർപ്പും ചേറും മണക്കുന്ന അമ്മയുടെ ഉടുമുണ്ട് പുതച്ചു കിടക്കുന്ന കുട്ടികൾ, ചോർന്നൊലിക്കുന്ന വീട്, ചേറിൽ തെന്നി വീണും മറ്റും നനഞ്ഞു പോയ ഉടുപ്പുകളും, പുസ്തകങ്ങളും, ഒഴുക്കിൽ പെട്ട ബന്ധുവായ സ്ത്രീ അങ്ങനെ മഴക്കാല കെടുതികളുടെ ചിത്രങ്ങൾ ഒന്നൊന്നായി നമുക്കു മുന്നിലേക്ക് എത്തുന്നു. എങ്ങനെയാണ് മതിയായ ഭൂമിയോ, ഗാർഹിക സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥ കുടുംബങ്ങളെ തീരാദുരിതത്തിലേക്കു തള്ളിവിടുന്നതെന്ന് നമുക്കു വ്യക്തമായി കാണിച്ചു തരുന്നുണ്ട്. കർക്കിടക മാസത്തെ വെറും ഐശ്യര്യംകെട്ട മാസമായി എഴുത്തുകാരിക്ക് തോന്നുന്നത് ഈ കൊടിയ സാഹചര്യങ്ങളാൽ മൂലമാണ്. ഏറെ പ്രസക്തമായി ഇവിടെ ഉരുത്തിരിയുന്നത് എന്തെന്നാൽ, എങ്ങനെയാണ് ഈ അടിസ്ഥാന പ്രശ്നങ്ങളിൽ പെട്ട് ഉഴറുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സവർണ സാംസ്കാരിക ബിംബങ്ങൾ എത്രത്തോളം അപ്രസക്തമാകുന്നത് എന്നാണ്. രാമായണ മാസമെന്നു കേൾവികേട്ട കർക്കിടക മാസം എങ്ങനെ ഇവരുടെ ജീവിതത്തിലെ ദുർഘടമായ ഒരു മാസമായി പരിണമിക്കുന്നു എന്നത് രജനി ചൂണ്ടിക്കാണിക്കുന്നു. സവർണ സാംസ്ക്കാരിക ബിംബങ്ങളും, വിശ്വാസങ്ങളും, പെരുമഴയത്ത് ചോർന്നൊലിക്കുന്ന വെള്ളം കയറിയ ദലിത് വീടുകളുടെയിടയിലൂടെ ഒഴുകി മണ്ണിലലിഞ്ഞു പോകുന്നത് എങ്ങനെയെന്ന് നമുക്കിവിടെ കാണാം. കോരിച്ചൊരിയുന്ന കർക്കിടക മഴയിൽ മരവിപ്പിക്കുന്ന, വിറങ്ങലിപ്പിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ നേരിട്ടവരുടെ ഭാഷാ പ്രയോഗത്തിൽ സവർണ നിർമിതികൾ, വികസന മാതൃകകൾ ഛിന്നഭിന്നമാകുന്ന പോലെയാണ് ഇത്തരം വിവരണങ്ങൾ. ഭൂമിയുടെയും കിടപ്പാടത്തിന്റേയും രൂക്ഷമായ ഇല്ലായ്മകളും, അതിനുള്ളിലെ ജാതി അധികാര മുൾകുരുക്കുകളും ആഴത്തിൽ മനസ്സിലാക്കിയത് കൊണ്ടുതന്നെ, സർക്കാരിന്റെ ഗാർഹിക പദ്ധതികളിലെ വീഴ്ചകളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നുണ്ട്.

അറിവ് സമ്പാദനവും പാർശ്വവത്കരണവും

പൊതുസമൂഹത്തിന്റെ വിവേചനപൂർണമായ മനോഭാവം പലയിടത്തും രജനി തുറന്നു കാണിക്കുന്നുണ്ട്. സ്‌കൂൾ, കോളേജ്, ഹോസ്റ്റൽ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട ജാതി വിവേചനം, അഴുക്കു പുരണ്ട നമ്മുടെ സാമൂഹിക അവസ്ഥയെ കാണിക്കുന്നു .ചെറുപ്പകാലം തൊട്ടേ ദലിത് കുട്ടികൾ നിരന്തരം ഇരയാക്കപ്പെടുന്ന അനുഭവങ്ങളായ അപര്യാപ്തമായ ജീവിത സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിടേണ്ടി വരുന്ന മാനസിക ക്ലേശങ്ങൾ, വിവേചനങ്ങൾ, അപരവത്കരണം തുടങ്ങിയവയെല്ലാം ഈ ഘട്ടങ്ങളിൽ പ്രശ്നവത്കരിക്കുന്നുണ്ട്. ദലിത് വിദ്യാർഥികളും അധ്യാപകരും നേരിടുന്ന വിവേചനം അവരെ മറ്റു വിഭാഗങ്ങൾക്കിടയിൽ അപ്രസക്തരും അദൃശ്യരുമാക്കുന്നു. കറുമ്പി എന്ന് വിളിച്ച് നിരന്തരം അപമാനിച്ചിരുന്ന ടീച്ചർ, ദലിത് ശരീരങ്ങൾ പേറുന്ന കുട്ടികളുടെ നേർക്കുള്ള പൊതുസമൂഹത്തിന്റെ കുന്തമുനയായി നമുക്ക് വ്യാഖ്യാനിക്കാം. സംവരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ, നല്ല വസ്ത്രങ്ങൾ ധരിച്ചാൽ കേൾക്കേണ്ടി വരുന്ന സംശയമുനയുള്ള ചോദ്യങ്ങൾ, എന്നിവയെല്ലാം സമൂഹത്തിന്റെ ജാതിവെറിയിൽ നിന്നും മാത്രം പുറത്തുവരുന്ന വൈകൃതങ്ങളാണ്. ചില ചോദ്യങ്ങളും പ്രതികരണങ്ങളും ദലിത് കുട്ടികളോട് മാത്രമായിരുന്നു എന്നത് വിവേചനപൂർണമായ സംവിധാനത്തെയാണ് നമുക്കു കാണിച്ചു തരുന്നത്. ജാതി ചിന്തകളാൽ രൂഢമൂലമായ സാമൂഹിക മനസ്ഥിതി എത്ര ആഴത്തിൽ എഴുത്തുകാരി ചെറുപ്പം മുതലേ തന്നെ ഉൾക്കൊണ്ടിരുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. പഠിക്കാൻ പോകുന്ന കുട്ടികളെ പോലും പാടത്തു പയർ പറിക്കാനും, കിളിയെ ആട്ടാനും മറ്റും പറഞ്ഞയക്കുന്ന തമ്പുരാന്മാരെയും ഇതിൽ തുറന്നു കാണിക്കുന്നുണ്ട്. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ നിമിത്തവും സ്‌കൂളിലെ കളിയാക്കലും അവഗണനയും മൂലവും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികളുടെ കഥകൾ. അവഗണനയും, അപ്രസക്തമായ സ്വത്വങ്ങളും പേറി ഇരുന്നിരുന്ന ക്ലാസ് മുറികൾ. ഇതെല്ലാമാണ് വിദ്യാഭ്യാസകാല ഓർമകളായി പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഇലക്ഷൻ സമയത്തു വോട്ടു ചോദിക്കാൻ മാത്രമേ തങ്ങളുടെ അടുത്തേക്ക് പലരും എത്തിയിരുന്നുള്ളു എന്ന് കലാലയ ഓർമകളിൽ രജനി സമർത്ഥമായി നിരീക്ഷിക്കുന്നു. വ്യക്തികളുടെ സമഗ്രമായ വളർച്ചക്കു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ കാലവും അദൃശ്യരായി, അപ്രസക്തരായി, അവഗണനക്കു വിധേയരായി കഴിഞ്ഞവരുടെ നിരീക്ഷണമാണത്.

അടിമത്ത ചരിത്രവും ബിംബങ്ങളും

എടുത്തുപറയേണ്ട മറ്റൊരു കാര്യം, അടിമത്ത ചരിത്രവും ചൂഷണങ്ങളും വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നതാണ്. അടിമത്തത്തിന്റെ തിക്താനുഭവങ്ങൾ, ജന്മിഗൃഹങ്ങളിൽ നിലനിൽക്കുന്ന പോയകാല അടിമത്തത്തിന്റെ ശേഷിപ്പുകൾ, പിഞ്ചുകുഞ്ഞുങ്ങളെ പോലും ഉപയോഗപ്പെടുത്തിയിരുന്ന അടിമപ്പണികൾ എന്നിങ്ങനെ പലതും കടന്നുവരുന്നുണ്ട് പല താളുകളിലും. നായർ ജന്മിയുടെ കുടുംബത്തിനു കീഴിലെ അടിമകളായിത്തീർന്ന കാലത്തേ കയ്പ്പു നിറഞ്ഞ യാഥാർഥ്യങ്ങൾ നമുക്കു കാണാൻ സാധിക്കും. ജന്മിയുടെ കുടിയൊഴിപ്പിക്കലും, ചൂഷണങ്ങളും, അടിമപ്പണിയുടെ രൂപങ്ങളുമെല്ലാം പറഞ്ഞുപോകുന്നുണ്ട് രജനി. പാടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീകൾ പാടിയിരുന്ന കുത്തുപാട്ട്, വട്ടക്കളി തുടങ്ങിയ സാംസ്‌കാരിക വശങ്ങൾ കൂടി നമുക്കിവിടെ കാണാം. പണ്ട് തങ്ങളുടെ പൂർവികരെ ശിക്ഷക്കു വിധേയരാക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു എന്നു പറയപ്പെടുന്ന, അടിമ കാലഘട്ടത്തിന്റെ ശേഷിപ്പായും, ചരിത്രബിംബമായും സവർണ കുടുംബത്തിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലകളെ എഴുത്തുകാരി നമുക്കു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അടിമത്തം അവസാനിച്ചിട്ടും ഇന്നും പലയിടത്തും മറഞ്ഞിരിക്കുന്ന ചരിത്രപരമായ ദുരനുഭവങ്ങളുടെ നേർക്കാഴ്ചയിലേക്കാണ് നമ്മെ ആ വിവരണങ്ങൾ കൊണ്ടുപോകുന്നത്. ചൂഷണത്തിനു വിധേയരായി കഠിനാധ്വാനം ചെയ്തവർ വീടില്ലാതെ ജീവിക്കുകയും, അതേസമയം ചൂഷകർ ഒന്നിലേറെ ഗൃഹങ്ങൾക്ക് ഉടമകളും ആയിരിക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ട്, സവർണ തമ്പുരാക്കന്മാരും അവരുടെ അടിമകളായിരുന്ന പുലയരും തമ്മിലുള്ള അന്തരം തുറന്നുകാണിക്കുന്നുണ്ട് എഴുത്തുകാരി. പുലയരെ ജന്മിമാർ വാങ്ങിക്കുന്നതും, പറമ്പിന്റെ ഓരങ്ങളിൽ കുടിൽ കെട്ടി താമസിക്കാൻ അനുവദിക്കുന്നതും, ആവശ്യപ്പെടുമ്പോൾ അവിടെ നിന്നും മാറിക്കൊടുക്കേണ്ടി വരുന്നതും, അതോടൊപ്പം ക്രൂരമായ ശിക്ഷാവിധികൾ, കൂലി തട്ടിപ്പ്, രേഖയില്ലാത്ത ഭൂമി നൽകി കബളിപ്പിക്കൽ, അടിമപ്പണിയുടെ കാഠിന്യം, അതു ചെയ്യുന്ന മാതാപിതാക്കളെ കാണുമ്പോഴുള്ള വേദനയും മറ്റും മികച്ച രീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. പയർ പറിക്കാനും വാഴ നനക്കാനും മറ്റും കൂലി നൽകാതെ സ്‌കൂളിൽ പഠിക്കാൻ പോകുന്ന കുട്ടികളെ കൂടി ഉപയോഗിച്ചിരുന്നതായി കാണാം. കൃത്യമായ കൂലി നൽകാതെ വിഷുവിനു നൽകുന്ന പത്തു രൂപ മാത്രമാണ് അവരുടെ കൂലി.

ജാതിബദ്ധമായ ഒരു സമൂഹത്തിന്റെ വിവിധ വശങ്ങളെ കൃത്യമായി വായനക്കാരുടെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കാൻ രജനിയുടെ എഴുത്തിനു സാധിക്കുന്നുണ്ട്. മുഖ്യധാരാ എഴുത്തു മാതൃകകൾ പിന്തുടരാതെ, തനതായ ലളിതമായ വാമൊഴിശൈലി അവലംബിച്ചു കൊണ്ട് ജാതിയുടെ വേരുകൾ, അതിരുകൾ, അരുതുകൾ എന്നിവയെല്ലാം ചോദ്യം ചെയ്യുന്നുണ്ട് ഈ പുസ്തകത്തിൽ. ദലിത് സ്ത്രീ രാഷ്ട്രീയവും എഴുത്തും തുറന്നു കാണിക്കുന്ന യാഥാർഥ്യങ്ങളോടും, നിലപാടുകളോടും, ചരിത്രത്തിന്റെ ഒരു വിമർശന വായനയോടും താത്പര്യമുള്ളവർക്ക് ഈ പുസ്തകം ഏറെ
പ്രിയങ്കരവും അർഥവത്തുമാവുന്നു.

ബിജിത പി.ആർ– മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ റിസർച് സ്കോളറാണ് ലേഖിക.

Top