കാമ്പസ് രാഷ്ട്രീയം: ഇടതു – വലതുപക്ഷത്തിന് പുറത്തെ പൊതുഭാവനയുടെ ഇടങ്ങള്‍

ഇന്ത്യയിലെ കാമ്പസുകള്‍ പുതിയൊരു രാഷ്ട്രീയത്തിന് വഴിമാറിയിരിക്കുന്നു. ഇത് പലരും കരുതുന്നുപോലൊരു പുതിയ വികാസമല്ല. കഴിഞ്ഞ കാലങ്ങളില്‍ നമുക്ക് നേരിട്ടുകാണാന്‍ കഴിയാതെ, കാമ്പസുകളില്‍ നിശ്ശബ്ദമായി നടന്നുകൊണ്ടിരുന്ന ഒരു മാറ്റം ഇപ്പോള്‍ പൊതുഭാവനയുടെ ഭാഗമായിരിക്കുന്നുവെന്നതാണ്. ഇടതു/വലത് രാഷ്ട്രീയത്തിന് പുറത്തുള്ള സാമൂഹികശക്തികളാണ് ഈ പുതിയ മാറ്റത്തെ ഇന്ത്യന്‍ കാമ്പസുകളില്‍ സാധ്യമാക്കിയതെന്നാണ് ഇതിന്റെ എടുത്തുപറയേണ്ട സവിശേഷത. രാഷ്ട്രീയപാര്‍ട്ടികളുടെ ഉപവിഭാഗങ്ങളില്‍നിന്ന് മാത്രം പരിചയിച്ച പരമ്പരാഗത വിദ്യാര്‍ത്ഥി സംഘടനകളെ ഈ രാഷ്ട്രീയം പുതിയവഴികള്‍ കാണിച്ചുകൊണ്ട് സ്വയം വിമര്‍ശനത്തിനു സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമായൊരു യുവസംസ്‌കാരമാണ് നമ്മുടെ രാഷ്ട്രീയബോധത്തെ ഇപ്പോള്‍ നിര്‍ണയിക്കുന്നതും

ഇന്ത്യയിലെ കാമ്പസുകള്‍ പുതിയൊരു രാഷ്ട്രീയത്തിന് വഴിമാറിയിരിക്കുന്നു. ഇത് പലരും കരുതുന്നുപോലൊരു പുതിയ വികാസമല്ല. കഴിഞ്ഞ കാലങ്ങളില്‍ നമുക്ക് നേരിട്ടുകാണാന്‍ കഴിയാതെ, കാമ്പസുകളില്‍ നിശ്ശബ്ദമായി നടന്നുകൊണ്ടിരുന്ന ഒരു മാറ്റം ഇപ്പോള്‍ പൊതുഭാവനയുടെ ഭാഗമായിരിക്കുന്നുവെന്നതാണ്. ഇടതു/വലത് രാഷ്ട്രീയത്തിന് പുറത്തുള്ള സാമൂഹികശക്തികളാണ് ഈ പുതിയ മാറ്റത്തെ ഇന്ത്യന്‍ കാമ്പസുകളില്‍ സാധ്യമാക്കിയതെന്നാണ് ഇതിന്റെ എടുത്തുപറയേണ്ട സവിശേഷത. രാഷ്ട്രീയപാര്‍ട്ടികളുടെ ഉപവിഭാഗങ്ങളില്‍നിന്ന് മാത്രം പരിചയിച്ച പരമ്പരാഗത വിദ്യാര്‍ത്ഥി സംഘടനകളെ ഈ രാഷ്ട്രീയം പുതിയവഴികള്‍ കാണിച്ചുകൊണ്ട് സ്വയം വിമര്‍ശനത്തിനുസഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമായൊരു യുവസംസ്‌കാരമാണ് നമ്മുടെ രാഷ്ട്രീയബോധത്തെ ഇപ്പോള്‍ നിര്‍ണയിക്കുന്നതും

  • കാമ്പസ് രാഷ്ട്രീയമാറ്റവും സാംസ്‌കാരിക രാഷ്ട്രീയവും

ഒന്നാമത്തെ വാദം എന്നത് പുതിയൊരു സാംസ്‌കരിക രാഷ്ട്രീയം നമ്മുടെ കാമ്പസുകളെ മാറ്റിപ്പണിയുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നാണ്. ഇന്ത്യയിലെ പ്രധാന കാമ്പസുകളില്‍ എ.ബി.വി.പി ക്കും ആര്‍.എസ്.എസിനും രാഷ്ട്രീയമായും സാംസ്‌കാരികമായും വെല്ലുവിളി ഉയര്‍ത്തുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അല്ല എന്നത് ഇപ്പോള്‍ എല്ലാവരുംഅംഗീകരിക്കുന്ന കാര്യമാണ്. സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ മേഖലയില്‍ എന്നത് പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യമാണ്. കാരണം, ജാതിരാഷ്ട്രീയത്തിന്റെ മേഖലയില്‍ ഹിന്ദു ബ്രാഹ്മണിക് പ്രതീകങ്ങളെ ഒരിക്കലും പ്രശ്‌നവത്കരിക്കാന്‍ ഇടതുപക്ഷ സംഘടനകള്‍കക് സാധിച്ചിട്ടില്ല. അങ്ങനെ സാധിച്ചത് ദലിത് ബഹുജന്‍ സംഘടനകള്‍ക്ക് മാത്രമാണ്. അവരാണ് ദേശീയമെന്ന് കരുതിപ്പോന്ന ഹോളി, ദീപാവലി, ഓണം തുടങ്ങിയ പല ആഘോഷങ്ങളെയും മതേതരമെന്നു കരുതിപ്പോന്ന സാംസ്‌കാരിക ചിഹ്നങ്ങളെയും ചോദ്യം ചെയ്തതും പുതിയ അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടതും. എന്നാല്‍, ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ മേല്‍പ്പറഞ്ഞ സവര്‍ണ ആഘോഷങ്ങളെ ചോദ്യം ചെയ്യാന്‍ തയാറാകുന്നില്ല. എന്ന് മാത്രമല്ല, ഉമര്‍ ഖാലിദും അനിര്‍ബനുംകനയയ്യും ഒക്കെ ജാമ്യം കിട്ടി വന്നപ്പോള്‍ പ്രതീകാത്മകമായി ഹോളി ആഘോഷിച്ചാണ് അവരെ ജെ.എന്‍.യുവിലെ ഇടത് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. സവര്‍ണ ആഘോഷങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നത് പോകട്ടെ, അതിനെ മറ്റു സന്ദര്‍ഭങ്ങളില്‍ എടുത്തുപയോഗിച്ചുകൊണ്ട് പൊതു സ്വീകാര്യത നല്‍കാനാണ് ജെ.എന്‍.യുവിലെ ഇടതുസംഘടനകള്‍ ഇപ്പോഴും ശ്രമിക്കുന്നത്.

ജെ.എന്‍.യുവിലെ സംസ്‌കാര രാഷ്ട്രീയത്തിന്റെ മേഖലയിലെ ഈ പോരാട്ടം പുതിയ കാര്യമല്ലാതാനും. 2011 മുതല്‍ ജെ.എന്‍.യുവില്‍ നടക്കുന്ന മഹിഷാസുര ദിനാചരണം തന്നെയെടുക്കുക. ദുര്‍ഗാപൂജയുടെ ഒരു വിമര്‍ശനമെന്ന നിലയില്‍ ”ഓള്‍ ഇന്ത്യ ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ്” അത് സംഘടിപ്പിക്കാറുള്ളത്. ദുര്‍ഗാദേവിയാല്‍ കൊല്ലപ്പെട്ട അസുരരാജാവാണ് മഹിഷാസുരന്‍. കീഴാളജാതികളുടെ ഭാഗമായ അസുരഗോത്രത്തില്‍നിന്നാണ് മഹിഷാസുരന്‍ വരുന്നതെന്നുംഅതുകൊണ്ടുതന്നെ മഹിഷാസുരന്റെ കൊലപാതകം ആഘോഷിക്കാന്‍ തങ്ങളില്ലെന്നും ജോതിറാവു ഫൂലെയെപ്പോലെയുള്ള അബ്രാഹ്മണ ചിന്തകരുടെ പഠനങ്ങള്‍ ഉപയോഗിച്ച് അവര്‍ വാദിക്കുന്നു. എല്ലാ വര്‍ഷവും ദുര്‍ഗാപൂജയുടെ അന്ന് ജെ.എന്‍.യു കാമ്പസില്‍ മഹിഷാസുരന്റെ കൊലപാതകത്തെ ആഘോഷിക്കുന്നതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. സെമിനാറുകളും പ്രഭാഷണങ്ങളും അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്. ജീവിതത്തെ ആഘോഷിക്കുന്നവരും മരണത്തെ ആഘോഷിക്കുന്നവരും തമ്മിലെ വ്യത്യാസം പ്രധാനമാണെന്ന് അവര്‍ തുറന്നു പറയുന്നു. ബംഗാള്‍, ഝാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ പതിവായി നടക്കുന്നതാണ് മഹിഷാസുര ദിനം. അതിനെ ഓള്‍ ഇന്ത്യ ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കാമ്പസുകളിലേക്ക് കൊണ്ടുവരുകയായിരുന്നു. തങ്ങളുടെ നാട്ടിലും തെരുവിലും നടന്നിരുന്നമഹിഷാസുര ആഘോഷത്തെ കാമ്പസുകളിലേക്കും കൊണ്ടുവരുന്നത് വിലക്കാന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും അവര്‍ ചോദിക്കുന്നു.
അഫ്‌സല്‍ ഗുരുവിനു വധശിക്ഷ നല്‍കിയതിന്റെ പേരില്‍ നടന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി ഇരുപത്തിയാറിനു പാലര്‍മെന്റില്‍ നടന്ന ചര്‍ച്ചയില്‍ സ്മൃതി ഇറാനി ജെ.എന്‍.യു വിനെ ആക്രമിക്കാന്‍ ശ്രമിച്ചത് അവിടെ മഹിഷാസുരനെ ആഘോഷിക്കുന്നുവെന്നു പറഞ്ഞാണ്. ഒരു ദുര്‍ഗാദേവി വിശ്വാസിയായ തന്നെ ഇതു വേദനിപ്പിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍, മഹിഷാസുരനെ ആദരിക്കുന്നവര്‍ അദ്ദേഹത്തിന്റെ കൊലപാതകം ആഘോഷിക്കുമ്പോള്‍പ്രതികരിക്കാതെയിരിക്കുന്നതെങ്ങനെയന്നു ചോദിച്ചത് ബി.എസ്.പി അംഗങ്ങളായിരുന്നു. എന്നാല്‍, മഹിഷാസുരനെ പിന്തുണക്കുന്ന നിങ്ങള്‍ ദുര്‍ഗാദേവിയെ ഇഷ്ടപ്പെടുന്ന എന്റെ തല അറുത്തോളൂ എന്നാണ് സ്മൃതി ഇറാനി പ്രതികരിച്ചത്.
തീര്‍ച്ചയായും, കാമ്പസുകള്‍ ഈ അര്‍ത്ഥത്തില്‍ ജാതിവിരുദ്ധ രാഷ്ട്രീയത്തിന് പുതിയ അര്‍ഥങ്ങള്‍ നല്‍കുകയും ജാതിവിരുദ്ധ പോരാട്ടത്തെ പുതിയ മേഖലകളിലേക്ക് കൊണ്ടുവരികയും ചെയ്തിരിക്കുന്നു. എന്നാല്‍, പരമ്പരാഗത ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍സാംസ്‌കാരിക-രാഷ്ട്രീയ സമരങ്ങളെ ഇകഴ്ത്തുക മാത്രമല്ല, മറിച്ച്, പുതിയ രാഷ്ട്രീയ പ്രശ്‌നങ്ങളെ അവഗണിക്കാനാണ് ശ്രമിക്കുന്നത്.
2010ലാണ് ഈ ലേഖകന്‍ ഹൈദരാബാദ് കാമ്പസില്‍ താരതമ്യ സാഹിത്യത്തില്‍ എം.ഫില്‍ വിദ്യാര്‍ത്ഥിയായി ഉണ്ടായിരുന്നത്. അന്ന് ‘അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍’ ഓണം എങ്ങനെ കേരളത്തിന്റെ ദേശീയ ആഘോഷമായി എന്ന പ്രശ്‌നത്തെ ചര്‍ച്ചക്കെടുത്തപ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കാനും മലയാളി വോട്ടുബാങ്കിനെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് എതിരെ തിരിക്കാന്‍ ഓണത്തെ ഉപയോഗിക്കുകയുമാണ് എസ്.എഫ്.ഐ ചെയ്തത്. ‘കൈരളി’ എന്ന മലയാളി കൂട്ടായ്മ ഉണ്ടാക്കി എസ്.എഫ്.ഐ അംഗങ്ങള്‍ഓണാഘോഷം നടത്തുകയും അങ്ങനെ കൃത്രിമമായി മലയാളി ദേശീയ അഭിമാനം നിര്‍മിച്ച് വോട്ടുബാങ്ക് സംരക്ഷിക്കാനുമാണ് അവര്‍ തുനിഞ്ഞത്. ഡല്‍ഹി സര്‍വകലാശാലയില്‍ ‘മൈത്രി’ എന്ന പേരിലും ഇതേ ഇടതുപക്ഷ മലയാളി ദേശീയബോധം ജാതിവിരുദ്ധ രാഷ്ട്രീയത്തെ അട്ടിമറിച്ചതിന്റെ ചരിത്രം നമുക്ക്കാണാം. അതായത്, സാംസ്‌കാരിക രാഷ്ട്രീയമെന്നത് പുതിയ കീഴാള കാമ്പസ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അതിനെ അവഗണിച്ചുകൊണ്ടും മറച്ചുപിടിച്ചുകൊണ്ടും വ്യത്യസ്തമായ ഒരു കാമ്പസ്‌രാഷ്ട്രീയം സങ്കല്‍പിക്കാന്‍ നമുക്ക് സാധ്യമല്ല എന്ന പാഠമാണ് മാറിയ കാമ്പസ് നല്‍കുന്നത്. ‘ലാല്‍സലാം’ പോലെ ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല ‘നീല്‍സലാം.’ അതൊരു സംസ്‌കാരിക രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ് എന്നത് നാം മറന്ന് പോകരുത്. പ്രതിനിധാനത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളാണ് ‘നീല്‍ സലാം’ എന്ന മുദ്രവാക്യം സാധ്യമാക്കുന്നത്. അത് അബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ ഭാഗമാണ്.

  • വിദ്യാര്‍ത്ഥി രാഷ്ട്രീയവും പുതിയ ജനാധിപത്യ പ്രശ്‌നങ്ങളും.

രണ്ടാമത്തെ വാദം എന്നത് പുതിയ കാമ്പസ് രാഷ്ട്രീയം നാളിതു വരെ കാമ്പസില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അല്ലെന്ന് കരുതിയിരുന്ന കാര്യങ്ങളെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് കൊണ്ടുവന്നു എന്നതാണ്. ഉദാഹരണമായി രോഹിത് വെമുലയെ കൊന്നത് ഒരു സാമൂഹികവ്യവസ്ഥയാണെന്ന വാദം പുതിയ കാമ്പസ് പ്രക്ഷോഭങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. ഈയൊരു അവബോധ നിര്‍മതിയില്‍ പുതിയ ആദിവാസി/ ബഹുജന്‍/മതന്യൂന പക്ഷ/സ്ത്രീ/ ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയം നടത്തിയ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു. അത് ജനാധിപത്യ സമരങ്ങളുടെ ഉള്ളടക്കത്തെ പുനര്‍നിര്‍ണ്ണയിക്കുന്നു.
2013 മാര്‍ച്ച് ആദ്യ വാരത്തില്‍ ഹൈദരാബാദിലെ ”ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റിയില്‍” ആത്മഹത്യ ചെയ്ത കാശ്മീരി മുസ്ലിം വിദ്യാര്‍ത്ഥിയായ മുദ്ദസിര്‍ കമ്രാനും തൊട്ടടുത്ത ആഴ്ച എച്ച്.സി.യുവില്‍ ‘ആത്മഹത്യ’ ചെയ്ത ദലിത് വിദ്യാര്‍ത്ഥി പുല്യാല രാജുവിന്റെയും മരണങ്ങള്‍ പല കാരണങ്ങളാല്‍ ഹൈദരാബാദ് കാമ്പസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയ രാഷ്ട്രീയ സംഭവമായിരുന്നു.

____________________________________
കീഴാളരുടെ ജീവചരിത്രാനുഭവം ഉണ്ടാക്കുന്ന മാറ്റം അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തിലും മൊത്തം ബോധന ശാസ്ത്രത്തിലുമാണ്. ഈ മാറ്റം സാംസ്‌കാരിക- രാഷ്ട്രീയ- ബോധന ശാസ്ത്ര-ജ്ഞാന ശാസ്ത്രപരവുമാണ്. അതുകൊണ്ട് തന്നെ സംഘ്പരിവാര്‍ ഭരണകൂടത്തിന് അത്ര എളുപ്പം തകര്‍ക്കാന്‍ കഴിയുന്നതല്ല കാമ്പസ് രാഷ്ട്രീയം. ഇന്ത്യയിലെ താഴെതട്ടിലെ ജനസമൂഹങ്ങളുടെ ജീവിത അനുഭവങ്ങളുമായി അഭേദ്യമായി ബന്ധമുള്ളതാണ് ഈ കാമ്പസ് രാഷ്ട്രീയം.മാറുന്ന കാമ്പസ് നമ്മോട് പറയുന്നത് പുതിയൊരു രാഷ്ട്രീയത്തെക്കുറിച്ചാണ്. ഹൈദരാബാദില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്ന ദലിത് ഫെമിനിസ്റ്റ് രാഷ്ട്രീയമുള്ള സിമി കോറോത്ത് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ പുതിയ കാമ്പസ് പുതിയ ഭാവനകളുടേതാണ്. താല്‍ക്കാലികമായ തിരിച്ചടികള്‍ ധാരാളമുണ്ടെങ്കിലും അനുഭവത്തിന്റെയും പ്രയോഗികതയുടെയും നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും, കാമ്പസുകളുടെ പുതിയ മാറ്റം നമ്മുടെ ജനാധിപത്യ അനുഭവങ്ങളെ പുതുക്കിപ്പണിയുന്ന വലിയൊരു മാറ്റമാണ്.ഈ അര്‍ത്ഥത്തില്‍ നമ്മുടെ കാമ്പസുകള്‍ ഇന്ത്യന്‍ ജനാധിപത്യരാഷ്ട്രീയത്തെയും സാമൂഹിക നീതിക്കായുള്ള സമരങ്ങളെയും മുന്നില്‍ നിന്നു നയിക്കുകയാണ്.
____________________________________ 

അന്ന് ഇംഗ്ലീഷ് ആന്‍ഡ്‌ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ യൂനിയന്‍ ഭരിച്ചിരുന്ന ദലിത്, ആദിവാസി, ബഹുജന്‍, ന്യൂനപക്ഷ സ്റ്റുഡന്റെസ് അസോസിയേഷന്‍ നടത്തിയ പ്രക്ഷോഭം ഇന്നത്തെ നമ്മുടെ പല പല രാഷ്ട്രീയ ബോധ്യങ്ങളെയും മുന്‍കൂര്‍ നിര്‍ണ്ണയിച്ച സംഭവമായിരുന്നു. ദലിത്, ആദിവാസി, ബഹുജന്‍, ന്യൂനപക്ഷ സ്റ്റുഡന്റെ്‌സ് അസോസിയേഷന്‍ അന്ന് പുറത്തിറക്കിയ ഒരു ലഘുമേഖലയില്‍ വാദിച്ചത് ‘ആത്മഹത്യ’ എന്നത് വ്യക്തിപരമായ ഒരു പ്രശ്‌നം അല്ല എന്നും സാമൂഹികസാഹചര്യങ്ങളിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നതുമാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ എന്തുകൊണ്ട് ഒരു പ്രത്യേക സാമൂഹിക സ്ഥാനവും അടയാളവും വഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ഹോസ്റ്റലില്‍ ഉത്തരത്തില്‍ ജീവിതം അവാസനിപ്പിക്കേണ്ടിവരുന്നു എന്ന ചോദ്യമാണ് മുദ്ദസിര്‍ കമ്രാന് വേണ്ടിയും പുല്യാല രാജുവിനു വേണ്ടിയും സമരരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ അന്ന് ചോദിച്ചത്. അതുവരെ മുഖ്യധാരാ അക്കാദമിക് സമൂഹവും മാധ്യമങ്ങളും ‘അപകര്‍ഷബോധമുള്ളവര്‍’ ‘കഴുവുകേടുള്ളവര്‍’, ‘ആത്മവിശ്വാസക്കുറവ് ഉള്ളവര്‍’ എന്നൊക്കെ വൈദ്യ ശാസ്ത്രത്തിന്റെ ഭാഷയില്‍ യുക്തിപൂര്‍വ്വം വ്യവഹരിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ വ്യക്തിപരമായ ‘വീഴ്ചയോ’ ‘തകര്‍ച്ചയോ’ ‘നഷ്ടമോ’ അല്ലെന്നും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലത്തില്‍ തന്നെ കാണേണ്ട നവജനാധിപത്യ പ്രശ്‌നങ്ങളാണെന്നും ഈ വിദ്യര്‍ത്ഥികള്‍ ഉയര്‍ത്തികൊണ്ടുവന്നു.ഇന്ന് രോഹിത് വെമുലക്കു വേണ്ടിവാദിക്കുമ്പോള്‍ ഈ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഒക്കെ പരിഗണിക്കണം. ദീര്‍ഘകാലമായി സാമൂഹിക രാഷ്ട്രീയ വ്യവഹാരത്തിന്റെ മേഖലയില്‍ നടന്ന ജനാധിപത്യ സംഘര്‍ഷങ്ങളുടെ ഈ ചരിത്രം തന്നെയാണ് നമ്മുടെ മാറിയ രാഷ്ട്രീയ അവബോധങ്ങളുടെ പ്രധാന കാരണം.
എന്നാല്‍, ഇതേ കാലയളവില്‍ നമ്മുടെ മാധ്യമങ്ങളില്‍ അണ്ണാ ഹസാരെ എന്ന ‘രാഷ്ട്രീയ ബിംബം’ ആയിരുന്നു ചര്‍ച്ചകളെ നിയന്ത്രിച്ചത്. അത് ഹൈദരാബാദിലെ സമരങ്ങളെ തമസ്‌കരിക്കാന്‍ മാത്രമേ ഉതകിയുള്ളൂവെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇക്കാലയളവില്‍ മലയാള പത്രങ്ങള്‍ എഴുതിയിരുന്നത് അണ്ണാ ഹസാരെയുടെ ‘അഴിമതി’വിരുദ്ധ സമരത്തെ പിന്തുണച്ച ”യൂത്ത് ഫോര്‍ ഇക്വാലിറ്റി” എന്ന സവര്‍ണ വിദ്യാര്‍ത്ഥി കൂട്ടായ്മയെകുറിച്ചും അവര്‍ ജെ.എന്‍. യു വിലടക്കം ഉണ്ടാക്കുന്ന ‘നവീനമായ’ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെകുറിച്ചുമായിരുന്നു. ഇങ്ങനെയുള്ള തമസ്‌കരണങ്ങളെയും മറവികളെയും മറികടന്നാണ് രോഹിത് വെമുലയുടെ വേദനയുള്ള രാഷ്ട്രീയം നമ്മുടെ ബോധ്യങ്ങളിലേക്ക് കടന്നു വരുന്നത്.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ വിഷയങ്ങളില്‍ കാണിച്ച മൗനത്തിന്റെ ചരിത്രവും ഇവിടെ പരിശോധിക്കണം. മുദ്ദസിര്‍ കമ്രാന്റെ മരണത്തെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി സമരത്തെ ആദ്യം തള്ളിപ്പറഞ്ഞത് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വജ് യൂനിവേഴ്‌സിറ്റി കാമ്പസിലെ ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ ”ഡെമോക്രാറ്റിക് സ്റ്റുഡന്റസ് ഫെഡറേഷന്‍” ആയിരുന്നു. പിന്നീട് ആസമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത് തലമുതിര്‍ന്ന ഇടതുപക്ഷ നേതാവായ സുഭാഷിണി അലി ആയിരുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥിയായ പുല്യാല രാജു ആത്മഹത്യ ചെയ്തപ്പോള്‍ അവിടെ സവര്‍ണ്ണ രാഷട്രീയത്തിലൂടെ നിലനില്‍ക്കുന്ന എസ്.എഫ്.ഐ ആസൂത്രിതമായ നിശബ്ദതയാണ് പ്രസ്തുത വിഷയത്തില്‍ പുലര്‍ത്തിയതെന്ന് പുല്യാല രാജുവിന്റെ മരണശേഷമുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള ”ദലിത് കാമറ” എന്ന വീഡയോ ചാനല്‍ പറയുന്നത് ഇപ്പോഴും പരിശോധിക്കാവുന്നതാണ്.
അതുകൊണ്ട്തന്നെ, ഇപ്പോള്‍ കാമ്പസുകളില്‍ നടക്കുന്ന മാറ്റം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അത് ഏതെങ്കിലും പാര്‍ട്ടികള്‍ മനംമാറ്റം നടത്തിയതു കൊണ്ടോ ചകപ്പും നീലയും ഒരു പ്രത്യേക സാഹചര്യത്തില്‍ യാന്ത്രികമായി ഒന്നിച്ച് വന്നതോ കൊണ്ട് നടക്കുന്ന ഒരു മാറ്റവും അല്ല. മണ്ഡല്‍ കമ്മീഷന് ശേഷം, ഇരുപത്തഞ്ച് വര്‍ഷമായി വികസിച്ച, ജാതിയും സമുദായത്തെയും മുന്‍നിര്‍ത്തിയുള്ള സാമൂഹിക നീതിയുടെ രാഷ്ട്രീയം സാധ്യമാക്കിയ ഉണര്‍വുകളില്‍ നിന്നാണ് എ.ബി.വി.പി അടക്കമുള്ളവരുടെ മേല്‍ജാതി രാഷ്ട്രീയത്തെ ചെറുത്തു നില്‍ക്കുന്ന നവ ജനാധിപത്യശക്തികള്‍ ഉയര്‍ന്നു വരുന്നത്. അവരാണ് രാജ്യത്തെ മേല്‍ജാതി രാഷ്ട്രീയത്തിന്റെപ്രശ്‌നമണ്ഡലത്തില്‍ സംഘ്പരിവാറിനെ പ്രതിഷ്ഠിച്ചത്. ഹിന്ദു ഐക്യവും മുസ്ലിം വിരോധവും എന്ന മുദ്രാവാക്യം ഉയര്‍ത്തി കാമ്പസുകളെ പിടിക്കാന്‍ വുന്നോട്ടുവന്ന സംഘ്പരിവാറിനെ ജാതി വിരുദ്ധ/ സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന്റെ ശക്തമായ ബ്ലോക്കുകള്‍ ഉയര്‍ത്തിയാണ് പുതിയ കാമ്പസ് ജനാധിപത്യ രാഷ്ട്രീയം നേരിട്ടത് ഈ അജണ്ട ഹിന്ദു ഐക്യം/ മുസ്‌ലിം വിരുദ്ധത എന്ന സംഘപരിവാര്‍ ഫോര്‍മുലയെ ഫലപ്രദമാക്കി മറികടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇതിനെ മറികടക്കാനുള്ള എ.ബി.വി. പിയുടെ തന്ത്രങ്ങള്‍ രാഷ്ട്രീയ പരമായി പരാജയപ്പെട്ടപ്പോള്‍ അതിനെ മറികടക്കാനാണ് കാമ്പസുകളെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്താന്‍ ഉപകരണങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ധൃതി പിടിച്ച് രംഗത്ത് വന്നിരിക്കുന്നതും. ശ്രമിക്കുന്നത് ഈ രാഷ്ട്രീയം പക്ഷേ, കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തെ കാമ്പസ് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്.

  • മണ്ഡല്‍ ഉണ്ടാക്കിയ രാഷ്ട്രീയ മാറ്റവും കീഴാള ജീവചരിത്രങ്ങളും.

മൂന്നാമത്തെ വാദം, മണ്ഡല്‍ സാധ്യമാക്കിയ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമാണ് പുതിയ കാമ്പസ് രാഷ്ട്രീയം എന്നതാണ്. അതൊരു പുതിയ ശരീരരാഷ്ട്രീയത്തെയും ജീവചരിത്ര രാഷ്ട്രീയത്തെയും നമ്മുടെ കാമ്പസില്‍ സാധ്യമാക്കുകയും പുതിയ വിദ്യാര്‍ത്ഥിശക്തിയെ നമ്മുടെ കാമ്പസില്‍ നിര്‍മ്മിച്ചെടുക്കുകയും ചെയ്തു.
ആരാണീ പുതിയ സാമൂഹികനീതിയുടെ രാഷ്ട്രീയം പറയുന്ന വിദ്യാര്‍ത്ഥി ശക്തികള്‍? ഇതിന് നിരവധിഉത്തരങ്ങളുണ്ട്. മണ്ഡല്‍ സമരകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1990 ഒക്‌ടോബറില്‍ കാഞ്ചാ ഇളയ്യ ഇ.പി.പി ഡബ്ലുവില്‍ എഴുതിയ ലേഖനം, Reservations: Experience as Frame work of Debate ഈ സാഹചര്യത്തില്‍ ഒന്നു കൂടി വായിക്കാവുന്നതാണ്. ഇളയ്യയുടെ ലേഖനം എഴുതപ്പെടുന്നത് മണ്ഡല്‍ സമരകാലത്തിന്റെ തീഷ്ണതയിലാണ്.അദ്ദേഹം എഴുതി:”ഞാന്‍ പിന്നാക്ക ജാതി (ബി.സി) സംവരണം കൊണ്ട് മാത്രം ഉസ്മാനിയ സര്‍വ്വകലാശാലയില്‍ ലെക്ചറ്റായി വന്നയാളാണ്. നമ്മുടെ അക്കാദിമയില്‍ അലിഖിതമായ സാമൂഹിക ആനുകൂല്യങ്ങളും സാമൂഹിക ബന്ധങ്ങളുമാണ് ആര്‍ക്കാണ് ജോലി ലഭിക്കുന്നതെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നാം ക്ലാസ് എം.എയും എം.ഫിലുംഅഖിലേന്ത്യാ തലത്തിലുള്ള അക്കാദമിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും ഉള്ള എനിക്ക് ഈ ജോലി ലഭിച്ചത് സംവരണം കൊണ്ടാണ്.” എന്റെ സര്‍വകലാശാലയില്‍ ആകെയുള്ള 1200 അധ്യാപകരില്‍ 160 പേര്‍ അധ്യാപകയോഗ്യത കൈവരിച്ചത് എസ്.സി/എസ്.ടി/ഒ.ബി.സി സവരണംകൊണ്ട് മാത്രമാണ്.” ഈ ലേഖനം സംവരണത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല നാം വായിക്കേണ്ടത്. ഇളയ്യ കാമ്പസ് രാഷ്ട്രീയത്തിനും അക്കാദമികരാഷ്ട്രീയത്തിനും നല്‍കുന്ന ശരീരപരവും ജീവചരിത്രപരവുമായ വായനയുടെ ഒരു തലം ശ്രദ്ധിക്കണം. അത് മണ്ഡലിനു ശേഷമ്മുള്ള വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ കൂടി ജീവ ചരിത്രമാണ്. ഈ ജീവചരിത്രപരമായ രാഷ്ട്രീയ മാറ്റത്തെ കാണാതെ പുതിയ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ പൂര്‍ണ്ണമാകുമെന്ന് തോന്നുന്നില്ല. കീഴാള വിദ്യാര്‍ത്ഥികള്‍ ഒരു കാമ്പസിലേക്ക് വരുന്നത് ചില കാര്യങ്ങള്‍ പഠിക്കാന്‍ മാത്രമല്ല. മറിച്ച് നമ്മുടെ കാമ്പസുകളെ ചിലപുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കൂടിയാണ്. ഇപ്പോള്‍ ചിലരൊക്കെ പറയുമ്പോലെ ഉത്തരാഘടനാവാദ സിദ്ധാന്തങ്ങള്‍ വായിച്ചുകൊണ്ടോ ദേശീയതയെ കുറിച്ചുള്ള പാഠപുസ്തക അവബോധമോ മാത്രമല്ല അതിനെ മാറ്റിയെടുത്തത്.ടി.ടി ശ്രീകുമാറിനെപ്പോലുള്ളവര്‍ കാര്യങ്ങളെ അങ്ങനെ ലഘൂകരിച്ച് കാണുന്നത് ശരിയല്ല . പഠിക്കുന്ന കാര്യം എന്തെന്നപോലെ ആരാണ് പഠിക്കുന്നത് എന്ന ചോദ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഈ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അനുഭവങ്ങളും ജീവിതസമരങ്ങളും വൈജ്ഞാനിക സമീപനങ്ങളും പുതിയൊരു കാമ്പസ് രാഷ്ട്രീയത്തെ തന്നെ സാധ്യമാക്കുന്നുവെന്നു വേണം കരുതാന്‍. ഇന്നത്തെ കാമ്പസ് മുന്നേറ്റങ്ങളിലും സമാനമായ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ജെ.എന്‍.യുവിന്റെ കാമ്പസ് ചരിത്രത്തില്‍ കുറെ വര്‍ഷങ്ങളായെങ്കിലും പ്രകടമായും പിന്നാക്ക ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥി നേതാക്കളാണ്ഉയര്‍ന്നുവരുന്നത്. ജാതിയല്ല വര്‍ഗമാണ് പ്രധാനം എന്നൊക്കെ ഇപ്പോഴും അധരവ്യായാമത്തിന്റെ ഭാഗമായി ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുമെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അവര്‍ പിന്നാക്ക സംവരണം കൊണ്ടു വന്നിരിക്കുന്നു. എന്തിനധികം ഈ മാറ്റത്തെ കണ്ടറിഞ്ഞുകൊണ്ട് എ.ബി.വി.പി പോലും പിന്നാക്ക ജാതിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ കാമ്പസില്‍ മത്സരിപ്പിക്കാന്‍ തയ്യാറാകുന്നു.

ജെ.എന്‍.യുവില്‍ 2006ലെ രണ്ടാം മണ്ഡല്‍ സംവരണം ഭാഗികമായെങ്കിലും നടപ്പാക്കുന്നതുവരെ എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ ഇരുപത്തിയെട്ടു ശതമാനമായിരുന്നു. 2006ല്‍ അര്‍ജുന്‍ സിങ് നടപ്പാക്കിയ ഒ.ബി.സി സംവരണത്തിനുശേഷമുള്ള കണക്കുകള്‍ പരിശോധിക്കണം. ജെ.എന്‍.യുവിലെ 2013-14 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്, ആകെ 7677വിദ്യാര്‍ത്ഥികളാണ് ജെ.എന്‍.യു കാമ്പസിലുള്ളത്. അതില്‍ 3648 ആണ് ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം (1058 എസ്.സി + 632 എസ്.ടി+ 1948 ഒ. ബി.സി അതായത് ഇപ്പോള്‍ കീഴാള വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യുവിന്റെ ചരിത്രത്തില്‍ ആദ്യമായി അമ്പതു ശതമാനത്തിലേറെ ആയിവരുന്നു. അതുകൊണ്ട് തന്നെ 2012 ല്‍ ജെ.എന്‍.യു പ്രസിഡന്റായ വി.ലെനിന്‍ കുമാര്‍ തമിഴ് നാട്ടില്‍ നിന്ന് വന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു.2014ല്‍ പ്രസിഡന്റായ അശുതോഷ് കുമാര്‍ ബിഹാറില്‍ നിന്നുള്ള, യാദവ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായിരുന്നു.
2006 ല്‍ 288 ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന ജെ.എന്‍.യു കാമ്പസില്‍ 2015ല്‍ അത് 2434 ആയി. ഇപ്പോഴത്തെ ജെ.എന്‍.യു വിദ്യര്‍തഥി യൂണിയനില്‍ കനയ്യ കുമാര്‍ എന്ന ഭൂമിഹാര്‍ എന്ന മേല്‍ജാതി വിഭാഗത്തില്‍ നിന്നുള്ള പ്രസിഡന്റ് ഒഴികെയുള്ളവര്‍ ദലിത്/ബഹുജന്‍/മുസ്ലിം സ്ത്രീ സ്ഥാനത്ത് നിന്ന് വരുന്നവരാണ്. അതുകൊണ്ട്തന്നെ കീഴാള വിദ്യാര്‍ത്ഥികള്‍ക്ക് ഇടതുപക്ഷംപോലും വര്‍ദ്ധിച്ച തോതില്‍ അധികാര പങ്കാളിത്തം നല്‍കുന്ന തരത്തില്‍ ഘടനാപരമായ മാറ്റം രണ്ടാം മണ്ഡല്‍ ഉണ്ടാക്കിയെന്നു മനസ്സി ലാക്കാം.
രാജ്യത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന സാമൂഹിക മാറ്റവുമായി ഈ പുതിയ മാറ്റങ്ങള്‍ക്ക് ബന്ധമുണ്ട്. ജെ.എന്‍.യുവില്‍ അന്തര്‍ദേശീയ പഠന വിഭാഗത്തിലെ റഷ്യന്‍ ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ പഠന കേന്ദ്രത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളില്‍ എഴുപതു ശതമാനവും എസ്.സി/ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവരൊന്നും യോഗ്യത നേടിയത് സംവരണം ഉപയോഗിച്ചയിരുന്നില്ല. എഴുത്തു പരീക്ഷയില്‍ യോഗ്യത മാത്രമാണ് ജെ.എന്‍.യുവില്‍ നോക്കുന്നത്. അങ്ങനെ മത്സരപരീക്ഷയില്‍എഴുപതു ശതമാനം മാര്‍ക്ക് നിങ്ങള്‍ക്കു ലഭിച്ചാലാണ് വൈവക്ക് വിളിക്കുക. പിന്നീട് വൈവ കഴിഞ്ഞ് നോക്കുമ്പോള്‍ 90 ശതമാനമായിരുന്നു ഒഴുവാക്കപ്പെട്ട കീഴാളവിദ്യാര്‍ത്ഥികള്‍ എന്നത് മറ്റൊരു വൈരുധ്യം. ഇത് സൂചിപ്പിക്കുന്നത് കീഴാളവിദ്യാര്‍ത്ഥികള്‍ ശരിക്കും യോഗ്യത നേടിയാലും അവരെ’സംവരണം’ ഉപയോഗിച്ച് തഴയുന്ന മേല്‍ജാതി രാഷ്ട്രീയവിദ്യകള്‍ ജെ.എന്‍.യുവില്‍തന്നെ കാണാം. എന്നാല്‍, ഇവിടെ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യം, രാജ്യത്ത് നടക്കുന്ന കീഴാളസാമൂഹിക ചലനങ്ങള്‍ തന്നെയാണ് നമ്മുടെ കാമ്പസ് ്‌രാഷ്ട്രീയത്തിലും കാമ്പസിന്റെ കീഴാള ഉള്ളടക്കത്തെയും നിര്‍ണ്ണയിക്കുന്നത് എന്നതാണ്.

_________________________________
ജാതിരാഷ്ട്രീയത്തിന്റെ മേഖലയില്‍ ഹിന്ദു ബ്രാഹ്മണിക് പ്രതീകങ്ങളെ ഒരിക്കലും പ്രശ്‌നവത്കരിക്കാന്‍ ഇടതുപക്ഷ സംഘടനകള്‍കക് സാധിച്ചിട്ടില്ല. അങ്ങനെ സാധിച്ചത് ദലിത് ബഹുജന്‍ സംഘടനകള്‍ക്ക് മാത്രമാണ്. അവരാണ് ദേശീയമെന്ന് കരുതിപ്പോന്ന ഹോളി, ദീപാവലി, ഓണം തുടങ്ങിയ പല ആഘോഷങ്ങളെയും മതേതരമെന്നു കരുതിപ്പോന്ന സാംസ്‌കാരിക ചിഹ്നങ്ങളെയും ചോദ്യം ചെയ്തതും പുതിയ അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടതും. എന്നാല്‍, ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ മേല്‍പ്പറഞ്ഞ സവര്‍ണ ആഘോഷങ്ങളെ ചോദ്യം ചെയ്യാന്‍ തയാറാകുന്നില്ല. എന്ന് മാത്രമല്ല, ഉമര്‍ ഖാലിദും അനിര്‍ബനും കനയയ്യും ഒക്കെ ജാമ്യം കിട്ടി വന്നപ്പോള്‍ പ്രതീകാത്മകമായി ഹോളി ആഘോഷിച്ചാണ് അവരെ ജെ.എന്‍.യുവിലെ ഇടത് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. സവര്‍ണ ആഘോഷങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നത് പോകട്ടെ, അതിനെ മറ്റു സന്ദര്‍ഭങ്ങളില്‍ എടുത്തുപയോഗിച്ചുകൊണ്ട് പൊതു സ്വീകാര്യത നല്‍കാനാണ് ജെ.എന്‍.യുവിലെ ഇടതുസംഘടനകള്‍ ഇപ്പോഴും ശ്രമിക്കുന്നത്.
_________________________________ 

ഹൈദരാബാദ് സര്‍വകലാശാലയില്‍ വി.സി അപ്പാറാവുവിനെ പുറത്താക്കാനുള്ള സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെക്കുറിച്ച് നിഖില ഹെന്ററി ‘ഹിന്ദു’ ദിന പത്രത്തില്‍ എഴുതിയ ഒരുറിപ്പോര്‍ട്ടില്‍ പറയുന്നത് നാം ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കണം. അപ്പാറാവുവിനെതിരെ നടന്ന സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ സാമൂഹികമായ അടയാളങ്ങള്‍ അത് നല്‍കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പതിനഞ്ചുപേര്‍ കീഴാളരായ ആദ്യതലമുറ കാമ്പസ് വിദ്യാര്‍ത്ഥികളാണ്. മണ്ഡല്‍ സാധ്യമാക്കിയ വലിയ രാഷ്ട്രീയ മാറ്റമാണിത്. ഈ രാഷ്ട്രീയ ചരിത്രത്തെ ചര്‍ച്ചക്ക് വിധേയമാക്കാതെ നമുക്ക് കാമ്പസുകളെക്കുറിച്ച് ഒരു ചര്‍ച്ച തന്നെ സാധ്യമല്ല.

  • ഒരു പുതിയ ജ്ഞാന ശാസ്ത്ര രാഷ്ട്രീയം: കോഫിയില്‍ നിന്ന് ജാതിയിലേക്ക്

പുതിയ കാമ്പസ് രാഷ്ട്രീയം വ്യത്യസ്തമായ ജ്ഞാനശാസ്ത്രത്തെ സാധ്യമാക്കി എന്നാണ് നാലാമത്തെ വാദം. പുതിയ കാമ്പസ് രാഷ്ട്രീയത്തിന്റെ ജ്ഞാന ശാസ്ത്രപരമായ ശക്തി എത്രത്തോളമെന്നാറിയാല്‍സൈദ്ധാന്തിക വാശിക്കു കുപ്രസിദ്ധി നേടിയ ഇടതുവിദ്യര്‍ത്ഥി സംഘടനകള്‍പോലും ”ജയ് ഭീം” എന്നും ”നീല്‍ സലാം” എന്നും വിളിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഇതൊരു മുദ്രാ വാക്യം മാത്രമല്ല. അല്ലെങ്കില്‍ കേവല അര്‍ത്ഥത്തില്‍ ഉള്ള ഐക്യദാര്‍ഢ്യ പ്രകടനവുമല്ല. കാമ്പസ് രാഷ്ട്രീയത്തിന് മേലുള്ള ആഖ്യാനങ്ങളുടെ സമരത്തിന്റെ (struggle of narratives) മേഖലയില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ഷഹ്‌ല റാഷിദ്, കനയ്യ കുമാര്‍ പോലുള്ളവരെ അത്യപൂര്‍വ്വ ശക്തിയുള്ള വ്യക്തികളായി (heroic individuals) ഉയര്‍ത്തികാണിക്കുന്നത് സംഘടനകള്‍ എന്ന നിലയില്‍ രാഷ്ട്രീയമായും സാംസ്‌കരികമായും വലിയ അവകാശവാദങ്ങള്‍ അവര്‍ക്ക് ഉന്നയിക്കാന്‍ കഴിയാത്തതുകൊണ്ടാണ;് എന്ന ദലിത് ബഹുജന്‍ ചിന്തകനായ നിധിന്‍ ശോഭയുടെ നിരീക്ഷണം ഈ അര്‍ത്ഥത്തില്‍ പ്രസക്തമാണ്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യക്തികളെയല്ല ഉണ്ടാക്കിയത്. അതൊരു കൂട്ടായ തീരുമാനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായിരുന്നു. ഈ വ്യത്യസം എന്തു കൊണ്ടാണ്?ഉരുക്കു ശരീരമുള്ള പാര്‍ട്ടിയാണ് എല്ലാം എന്ന് പറയുമ്പോള്‍ തന്നെ ചില വ്യക്തികളിലേക്ക് കാമ്പസ് രാഷ്ട്രീയത്തെ ചുരുക്കി കൊണ്ടുവരാതെ പരമ്പാരഗത ഇടതു രാഷ്ട്രീയത്തിന് പുതിയ കാമ്പസില്‍ നിലനില്‍ക്കാന്‍ കഴിയാതെ വരുന്നു. ഈ മാറ്റം ശരിക്കും സൂചിപ്പിക്കുന്നത് പുതിയ കാമ്പസ് രാഷ്ട്രീയം ഇടതു വിദ്യര്‍ത്ഥി സംഘടനകളില്‍ ഉണ്ടാക്കിയ ആത്മവിശ്വാസമില്ലായ്മയാണ്. മണ്ഡല്‍ രാഷ്ട്രീയം കാമ്പസിന്റെ ജാതി ഉള്ളടക്കത്തില്‍ ഉണ്ടാക്കിയ മാറ്റം തീരാത്ത വൈരുധ്യങ്ങളിലേക്ക് അവരെ കൊണ്ടു ചെന്നെത്തിക്കുന്നതാണ് കാണുന്നത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ രാജ്യത്തെ കമ്പസുകളെ കൂടുതല്‍ വ്യത്യസ്തമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് കാരണമാക്കുന്നുണ്ട്. പണ്ടൊക്കെ ഈ രാഷ്ട്രീയത്തെ ജാതി രാഷ്ട്രീയം, വര്‍ഗീയ രാഷ്ട്രീയം, സ്വത്വ രാഷ്ട്രീയം തുടങ്ങിയ പേരുകളില്‍ അധിക്ഷേപിക്കുകയായിരുന്നു ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍. . എന്നാല്‍, അവര്‍ ഇപ്പോള്‍ ചെയ്യുന്നത് പുതിയ സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ അവരുടെ സംഘടനാ ശേഷി ഉപയോഗിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. ഹൈദരാബാദില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെക്കാള്‍ വലിയൊരു അംബേദ്കര്‍ സ്റ്റുഡന്റ്‌സ്അസോസിയേഷനായി മാറാന്‍ അവര്‍ തയ്യാറാകുന്നു. ജെ.എന്‍.യു വില്‍ ബിര്‍സ ഫുലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെ ചാണിനു ചാണായും മുഴത്തിനു മുഴമായും അവര്‍ പിന്തുടരാന്‍ ശ്രമിക്കുന്നു. ഐ.ഐ.ടികളിലും മറ്റും നിലനില്‍ക്കുന്ന അംബേദ്കര്‍ പഠന വേദികളെ പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീ പ്രസ്ഥാനങ്ങളെ അടുപ്പിക്കാന്‍ കൂടുതല്‍ ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ കൊണ്ടുവരുന്നു. അതുകൊണ്ടു തന്നെ കാമ്പസിന്റെ അജണ്ടകള്‍ നിര്‍ണ്ണയിക്കുന്ന, ആശയപരമായ മേല്‍കൈയുള്ള പ്രതിരോധശക്തി എന്ന നിലയില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്‍വാങ്ങിയിരിക്കുന്നു. അവര്‍ക്കിനി ചെയ്യാന്‍ കഴി യുക ഒന്നുകില്‍ സ്വയം മാറുക അല്ലെങ്കില്‍ വഴിമാറികൊടുക്കുക എന്നതാണ്. അതിലേത് ഓപ്ഷനായാലും മാറുന്ന മണ്ഡല്‍ അനന്തര കാമ്പസിന്റെ ജ്ഞാനശാസ്ത്ര വ്യകരണത്തെയും മറ്റങ്ങളെയും സ്വന്തം അജണ്ടകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അവര്‍ക്കാവുമെന്ന് തോന്നുന്നില്ല.
ഹൈദരാബാദ് കാമ്പസില്‍ 2013 ല്‍ ഉണ്ടായ ഒരു സംഭവം പുതിയ കാമ്പസ് രാഷ്ട്രീയം സാധ്യമാക്കിയ ജ്ഞാന ശാസ്ത്രപരമായ വിച്ഛേദനങ്ങളെ സര്‍ഗാത്മകമാക്കി പ്രതിഫലിപ്പിക്കുന്നതാണ്. അവിടെ അന്ന് പ്രസംഗിക്കാന്‍ എത്തിയത് നൊബേല്‍ സമ്മാന ജോതാവായ അമര്‍ത്യസെന്‍ ആയിരുന്നു. സെന്‍പ്രസംഗിക്കാന്‍ ഏറ്റ വിഷയം ‘Are Coffee Houses Important for Education? എന്നതായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട വിദ്യാഭ്യാസവും കോഫീഹൗസും എന്നല്ലെന്നും വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ജാതിയെക്കുറിച്ചാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അമര്‍ത്യസെന്‍ നിരവധി ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥികള്‍ വഴങ്ങിയില്ല. അന്നത്തെ വൈസ് ചാന്‍സലറായ പ്രാഫസര്‍ രാമകൃഷ്ണ സ്വാമി പ്രതിഷേധക്കാരെ മാനിച്ച് അമര്‍ത്യസെന്നിനോട് വിഷയം മാറ്റാന്‍ ആവശ്യപ്പെട്ടു. ആദ്യം താല്‍പര്യം കാണിക്കാതിരുന്ന അമര്‍ത്യസെന്‍ ഒടുവില്‍ രാജ്യത്ത് ദലിതുകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിതനായി. ദലിത് അടിച്ചമര്‍ത്തലിനെക്കുറിച്ച് വൈവിധ്യങ്ങളായ രീതിയില്‍ നാം സംസാരിക്കണം എന്ന് തന്റെ ഗവേഷണത്തെ മുന്‍നിര്‍ത്തി അദ്ദേഹം സംസാരിച്ചു. വിശപ്പിനെക്കുറിച്ചും ക്ഷാമത്തെക്കുറിച്ചുമുള്ളതന്റെ കണ്ടെത്തലുകള്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് പങ്ക് വച്ചു. അംബേദ്കറൈറ്റ് മുദ്രാവാക്യമായ ‘Educate,  Agitate and Organise” എന്നു പറഞ്ഞാണ് അദ്ദേഹം എന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
ഈ അനുഭവം മണ്ഡല്‍ അനന്തര ബോധന ശാസ്ത്രത്തിലേക്ക് നമ്മുടെ കാമ്പസുകള്‍ പ്രവേശിക്കുന്നതിന്റെ സൂചനയാണ്. ബഹുഭൂരിപക്ഷം ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥികളുള്ള ഒരു കാമ്പസില്‍ അധ്യാപകര്‍ മേല്‍ജാതിക്കാരായി തുടരുന്നതിന്റെ പ്രശ്‌നം വരും കാലങ്ങളില്‍ രൂക്ഷമായ ക്ലാസ്‌റൂം രാഷ്ട്രീയത്തിനു തന്നെ തിരികൊളുത്തും. ക്ലാസ് മുറികളിലെ സാമൂഹികമായ അകലം എന്നത് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. ജെ.എന്‍.യുവില്‍ 450 അധ്യാപകരില്‍ 60 പേര്‍ മാത്രമാണ് കീഴാള വി്ഭാഗത്തില്‍ നിന്നുള്ളത്. സ്വന്തം അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന വളരെ കുറച്ച് വിദ്യാര്‍ത്ഥികളെ മാത്രമേ ഈ അധ്യാപകര്‍ കണ്ടു മുട്ടുന്നുള്ളൂ. അതുണ്ടാക്കുന്ന വിടവുകള്‍ നമ്മുടെ കാമ്പസുകളെസൂക്ഷ്മ ജനാധിപത്യ സംഘര്‍ഷത്തിലേക്ക് എത്തിക്കുന്ന കാഴ്ചകള്‍ ധാരാളമുണ്ട്. മാത്രമല്ല, ഒരു മേല്‍ജാതി അധ്യാപകന്റെ രാഷ്ട്രീയം എന്നത് പലപ്പോഴും മാറിയ സാമൂഹിക അനുഭവങ്ങളുമായി ഒട്ടും ഒത്തുപോകാത്ത പഴഞ്ചന്‍ രാഷ്ട്രീയ മൂല്യമാണ് എന്നത് നിരവധി പുതിയ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ പരമ്പാരാഗത അധികാര വര്‍ഗത്തിന്റെ ഭാഗമായ ഈ അധ്യാപകര്‍ ഇന്ത്യന്‍ കാമ്പസുകളിലെ മാറിയ രാഷ്ട്രീയത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.
നേരത്തേ പറഞ്ഞതുപോലെ കീഴാളരുടെ ജീവചരിത്രാനുഭവം ഉണ്ടാക്കുന്ന മാറ്റം അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തിലും മൊത്തം ബോധന ശാസ്ത്രത്തിലുമാണ്. ഈ മാറ്റം സാംസ്‌കാരിക- രാഷ്ട്രീയ- ബോധന ശാസ്ത്ര-ജ്ഞാന ശാസ്ത്രപരവുമാണ്. അതുകൊണ്ട് തന്നെ സംഘ്പരിവാര്‍ ഭരണകൂടത്തിന് അത്ര എളുപ്പം തകര്‍ക്കാന്‍ കഴിയുന്നതല്ല കാമ്പസ് രാഷ്ട്രീയം. ഇന്ത്യയിലെ താഴെതട്ടിലെ ജനസമൂഹങ്ങളുടെ ജീവിത അനുഭവങ്ങളുമായി അഭേദ്യമായി ബന്ധമുള്ളതാണ് ഈ കാമ്പസ് രാഷ്ട്രീയം.മാറുന്ന കാമ്പസ് നമ്മോട് പറയുന്നത് പുതിയൊരു രാഷ്ട്രീയത്തെക്കുറിച്ചാണ്. ഹൈദരാബാദില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്ന ദലിത് ഫെമിനിസ്റ്റ് രാഷ്ട്രീയമുള്ള സിമി കോറോത്ത് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ പുതിയ കാമ്പസ് പുതിയ ഭാവനകളുടേതാണ്. താല്‍ക്കാലികമായ തിരിച്ചടികള്‍ ധാരാളമുണ്ടെങ്കിലും അനുഭവത്തിന്റെയും പ്രയോഗികതയുടെയും നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും, കാമ്പസുകളുടെ പുതിയ മാറ്റം നമ്മുടെ ജനാധിപത്യ അനുഭവങ്ങളെ പുതുക്കിപ്പണിയുന്ന വലിയൊരു മാറ്റമാണ്.ഈ അര്‍ത്ഥത്തില്‍ നമ്മുടെ കാമ്പസുകള്‍ ഇന്ത്യന്‍ ജനാധിപത്യരാഷ്ട്രീയത്തെയും സാമൂഹിക നീതിക്കായുള്ള സമരങ്ങളെയും മുന്നില്‍ നിന്നു നയിക്കുകയാണ്.
__________________________ 

Top