വ്യവസ്ഥാപിതമായ അപരവത്കരണവും ഭരണഘടനയുടെ അപനിർമാണവും

മുസ്‌ലിം വിദ്യാർഥികളെ അക്കാദമിക ഇടങ്ങളിൽ നിന്ന് വ്യവസ്ഥാപിതമായി അപരവത്കരിക്കുക എന്ന അജണ്ടയുടെ ഭാഗമായാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം വരുന്നത്. വംശീയ അജണ്ടകളുള്ള, ഇസ്‌ലാമോഫോബിയയെയും അധീശത്വ നിർമിതികളെയും ആന്തരികവത്കരിച്ച ഭരണകൂട ശ്രമങ്ങളെ ചെറുക്കുന്നതിന്, അർഹിച്ച പ്രാതിനിധ്യം നേടിയെടുക്കുകയും, നിയമത്തെയും നൈതികതയെയും കുറിച്ച പുതിയ ഭാവനകൾ തേടുകയും ചെയ്യണം. മുഹമ്മദ് റാഷിദ് എഴുതുന്നു.

“ഒരു രാഷ്ട്രത്തിലെ നീതിന്യായ സംവിധാനം നിശ്ചയമായും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും എന്ന കാര്യത്തിൽ അതിലെ മർദിത ജനവിഭാഗങ്ങൾക്ക് സന്ദേഹം തോന്നിത്തുടങ്ങിയാൽ, അത് പ്രസ്തുത ദേശത്തെ സ്വാഭാവിക നീതി വിതരണ സംവിധാനത്തിൻ്റെ പതനാവസ്ഥയുടെ വ്യക്തമായ സൂചനയാണ്”- മാർക്ക് ഹെർട്ടോഗ്.

ഹിജാബുമായി ബന്ധപ്പെട്ട നിലവിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, നിയമ സംവാദങ്ങൾ ബ്രാഹ്മണ്യത്തെ സംബന്ധിച്ചും, ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ സംബന്ധിച്ചും, ജ്യുഡീഷ്യൽ സംവിധാനത്തെ കുറിച്ചും വളരെ സൂക്ഷ്മവും മൗലികവുമായ ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

ബ്രാഹ്മണ്യം ഇൻഡ്യൻ ദേശരാഷ്ട്രത്തിലെ സമസ്ത മേഖലകളിലും വ്യക്തമായ ആധിപത്യവും അധീശത്വവും സ്ഥാപിച്ചിരിക്കുന്ന സവിശേഷമായ സാഹചര്യം ഒരു വശത്ത് നിലനിൽക്കുന്നുണ്ട്. ഈയവസരത്തിൽ ഹൈന്ദവ ദേശീയതയെയും, പ്രസ്തുത ഘടന രാഷ്ട്രീയമായും നിയമപരമായും സാമൂഹികമായും സാമ്പത്തികമായും സർവോപരി സാംസ്കാരികമായും ഉയർത്തുന്ന പ്രതിബന്ധങ്ങളെയും, അധിനിവേശപരവും വംശീയവുമായ അനീതികളെയും മറികടക്കുന്നതിൽ ഭരണഘടനയുടെ മൗലിക അവകാശങ്ങളെ സംബന്ധിച്ചുള്ള അനുഛേദങ്ങളും അവയുടെ സംരക്ഷകരായ നീതിന്യായ വ്യവസ്ഥയും എത്രമാത്രം ശക്തവും ജാഗരൂഗരുമാണ് എന്ന വളരെ മൗലികമായ ചോദ്യമാണ് ഇൻഡ്യൻ മുസ്‌ലിം സമൂഹം ദേശരാഷ്ട്രത്തിൻ്റെ അധികാര സംവിധാനത്തോട് ഉന്നയിക്കുന്നത്.

പ്രസ്തുത ചോദ്യം പ്രസക്തമാവുന്നത് ഇൻഡ്യയുടെ സാംസ്കാരിക ചരിത്രത്തെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയും കൂടി മുൻനിറുത്തി  ആലോചിക്കുമ്പോഴാണ്. ഒരു ജനത എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ‘അവർ എങ്ങനെ ചിന്തിക്കുന്നു’ എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ഇറ്റാലിയൻ ചിന്തകനായ അൻ്റോണിയോ ഗ്രാംഷി അദ്ദേഹത്തിൻ്റെ ‘പ്രിസൺ നോട്ട്ബുക്സ്’ എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നുണ്ട്.

ഒരു വിഭാഗത്തിന് രാഷ്ട്രീയ അധികാരം നേടുന്നതിനു മുൻപ് സാംസ്കാരിക അധീശത്വം സ്ഥാപിക്കാൻ സാധിക്കേണ്ടതുണ്ട് എന്ന് തൻ്റെ ‘അധീശത്വ’ പ്രത്യയശാസ്ത്രത്തെ (hegemony) സംബന്ധിച്ച പഠനത്തിൽ ഗ്രാംഷി വ്യക്തമാക്കുന്നുണ്ട്. ഒരു രാഷ്ട്രത്തിലെ പൗരസമൂഹത്തിൻ്റെ ചിന്താരീതികൾ, പൊതുബോധവും ബോധ്യങ്ങളും, രാഷ്ട്രീയ സംവിധാനത്തിൻ്റെ നിയമ നിർമാണമടക്കമുള്ള പ്രക്രിയകൾ, നിയമ-ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ നിയമ പാലനവും കൃത്യനിർവഹണവും അടങ്ങിയ സങ്കീർണമായ പ്രക്രിയകളും അധീശത്വ പ്രത്യയശാസ്ത്രവും പരസപരം ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതിനാൽ തന്നെ സാംസ്‌കാരിക അധീശത്വത്തെ (Cultural hegemony) സംബന്ധിച്ച ഇൻഡ്യൻ യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് ഒരിക്കലും ഇൻഡ്യാ ചരിത്രത്തെയോ നിലവിലെ പ്രക്ഷുബ്ധമായ ഇൻഡ്യൻ സാഹചര്യങ്ങളെയോ വിലയിരുത്തുക സാധ്യമല്ല.

ബ്രാഹ്മണ്യം അടിസ്ഥാന സിദ്ധാന്തമായി വർത്തിക്കുന്ന, ജാതി വ്യവസ്ഥയുടെ സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക ധാർമിക സങ്കൽപനങ്ങളാണ് ഇൻഡ്യയുടെ ചിന്തകളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അധീശത്വ പ്രത്യയശാസ്ത്രം എന്ന് പ്രാഥമികമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു കൂടിയാണ് ‘ജാതിയെ കുറിച്ച് സംസാരിക്കുകയെന്നാൽ ഇൻഡ്യയെ കുറിച്ച് സംസാരിക്കലാണ് എന്ന് ഡോ. ബാബാസാഹബ് അംബേഡ്ക്കർ പ്രസ്താവിച്ചത്.

പ്രസ്തുത ജാതി ഘടനയുടെ മൗലികമായ പ്രകൃതമെന്തെന്നാൽ, അവ അടിസ്ഥാനപരമായി അനീതിയെ ധാർമികവത്കരിക്കുന്നു എന്നതാണ്. ഇത്തരത്തിൽ അനീതിയെ ധാർമികവത്കരിക്കുകയും ആന്തരികമായി സ്വാംശീകരിക്കുകയും ചെയ്ത ഒരു മനോഘടനയാണ് ഇൻഡ്യക്കുളളത്. ഇത്തരത്തിൽ ജാതീയതയെ അടിസ്ഥാനപ്പെടുത്തി, അനീതിയെ ധാർമികവത്കരിച്ചു നിലനിൽക്കുന്ന ഇൻഡ്യൻ പൊതുബോധം, അപരത്വത്തെ അല്ലെങ്കിൽ അപര ജീവിതങ്ങളെ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന വിശകലന യുക്തിക്ക് സഹജമായ ഒരു പരിമിതിയുണ്ട്. അപര ജീവിതങ്ങളെയോ, അവരുടെ സ്വതന്ത്രമായ നിലനിൽപ്പിനെയോ, ഒരു സമൂഹം എന്ന നിലക്കുള്ള അവരുടെ സ്വാഭാവിക നീതിക്കുള്ള അവകാശങ്ങളെയോ ഉൾകൊള്ളാൻ അതിനൊരിക്കലും സാധിക്കില്ല. ഇത്തരത്തിൽ ഹൈന്ദവേതരമായ അപര ജീവിതങ്ങളെയോ സംസ്കാരങ്ങളെയോ അടിസ്ഥാനപരമായി ഉൾക്കൊള്ളാനും, പ്രസ്തുത സമൂഹങ്ങളുമായി പരസ്പര ബഹുമാനത്തിലും പരിഗണനയിലും ഊന്നീയ ജീവിതരീതി സ്വഭാവികമായി കെട്ടിപ്പടുക്കാനും ഇൻഡ്യയിൽ സാധ്യമല്ലാതെ വരുന്നു. അതുകൊണ്ടാണ് ജാതി വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി നിലനിൽക്കുന്ന, സാമൂഹിക വിലക്കുകളും തൊട്ടുകൂടായ്മയും ഉൾപ്പെടെയുള്ള ജാതി വിവേചനങ്ങൾ കുറ്റകരമാണ് എന്ന് ഇൻഡ്യൻ ഭരണഘടന വ്യക്തമാക്കിയത്. തുല്യത, മതസ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങളും സംവരണവും, സ്വാഭാവിക നീതിക്കുള്ള മറ്റു അവകാശങ്ങൾ എന്നിവ ഇൻഡ്യൻ ഭരണഘടന ജനങ്ങൾക്ക് ഉറപ്പു നൽകിയതും, അവ മൗലിക അവകാശങ്ങളുടെ ഭാഗമായതും ഇക്കാരണത്താൽ തന്നെ. ഇവിടെയാണ് സ്വതന്ത്ര ഇൻഡ്യാ ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഘർഷവും പ്രതിസന്ധിയും രൂപം കൊള്ളുന്നത്. അതായത്, ദേശരാഷ്ട്രത്തിൻ്റെ അടിസ്ഥാന നിയമസംഹിത അഥവാ, ഭരണഘടന നീതിയെ കുറിച്ച് സംസാരിക്കുന്നു, മറുവശത്ത് പൗരസമൂഹം ബ്രാഹമണ്യത്തിൻ്റെ മൂല്യഘടന പിന്തുടരുന്നു! സ്വതന്ത്ര്യ ഇൻഡ്യൻ ദേശരാഷ്ട്രത്തിൻ്റെ നൈതിക സങ്കൽപങ്ങളുടെ അട്ടിമറിയെ സംബന്ധിച്ച (ഭരണകൂടത്തിന്റെ നേതൃത്വത്തിലോ പിന്തുണയിലോ നടന്ന) അനീതികളുടെ ചരിത്രത്തെ മനസ്സിലാക്കുന്നതിൽ മേൽപറഞ്ഞ വൈരുദ്ധ്യങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്.

റൈറ്റ്സ് ഓഫ് മാൻ’ (Rights of Man) എന്ന പുസ്തകത്തിൽ തോമസ് പൈൻ നടത്തുന്ന നിരിക്ഷണം (“നിയമം വ്യാഖ്യാനാത്മകമായി നിലകൊള്ളുന്നതും, ഒരു സാമൂഹിക വീക്ഷണത്തെ സാധ്യമാക്കുന്നതുമായ രേഖയാണ്”) സുപ്രധാനമാണ്. നീതിയോടും സ്വാതന്ത്ര്യത്തോടും പ്രതിബദ്ധതയുള്ള പൗരസമൂഹത്തിൻ്റെയും, രാഷ്ട്രീയ സമൂഹത്തിൻ്റെയും, സിവിൽ സർവീസ് വിഭാഗങ്ങളുടെയും, നിയമപാലകരുടെയും, നിയമജ്ഞരുടെയും, ന്യായാധിപരുടെയും മറ്റു വിഭാഗങ്ങളുടെയുമെല്ലാം കൂട്ടായ പരിശ്രമത്തിൻ്റെയും ജാഗ്രതയുടെയും ഫലമായാണ് ‘നിയമം’ ഒരു രാഷ്ട്രത്തെ നീതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കുന്ന അവസ്ഥയുണ്ടാകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരു ജനസമൂഹം മുഴുവൻ നീതിയെ ഉയർത്തിപ്പിടിക്കാൻ തയ്യാറാവുമ്പോൾ മാത്രമേ ഒരു സമൂഹം നൈതികവത്കരിക്കപ്പെടുകയുള്ളൂ. പ്രസ്തുത ആശയത്തെ കുറിച്ച് ഡോ. ബി.ആർ അംബേഡ്കർ നിയമനിർമാണ സഭയിൽ ഇപ്രകാരം വിശദീകരിക്കുന്നുണ്ട്: “വളരെ മെച്ചപ്പെട്ട ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും, വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും”. പ്രസ്തുത നിരീക്ഷണം നിയമത്തിൻ്റെ വ്യാഖ്യാനാത്മകമായ അസ്തിത്വത്തെ സംബന്ധിച്ച സൂക്ഷമമായ നിരീക്ഷണമാണ്.

പ്രസ്തുത നിരീക്ഷണത്തെ ഇൻഡ്യക്കു മേലുള്ള ബ്രാഹ്മണ്യത്തിൻ്റെ അധീശത്വത്തെ മുൻനിർത്തി വിശകലനം ചെയുമ്പോൾ, സ്വാഭാവിക നീതിക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും വിദ്യഭ്യാസത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സവർണവത്കൃതവും, ഇസ്‌ലാമോഫോബിയയെ ആന്തരികവത്കരിച്ചതുമായ ഇൻഡ്യൻ ഭരണകൂടങ്ങളുമായി നടത്തുന്ന നിയമ സംഘട്ടനങ്ങളും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രതിരോധങ്ങളും കാണാം. അവയെല്ലാം ബഹുമുഖങ്ങളുള്ള ബ്രാഹ്മണ്യ അജണ്ടയുടെ വ്യത്യസ്ത അധീശത്വ ശ്രമങ്ങളെ പ്രശ്നവത്കരിക്കുന്നതായും കാണാം. അതിൽ എറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം നിയമവുമായും നീതിന്യായ വ്യവഹാരങ്ങളുമായും ബന്ധപ്പെട്ടിട്ടുള്ളതാണ്. പ്രസ്തുത ചോദ്യത്തിൻ്റെ വേരുകൾ കിടക്കുന്നത് സ്വാതന്ത്ര്യ സമര കാലത്തു തന്നെ ആരംഭിക്കുന്ന, സുരക്ഷയെ സംബന്ധിച്ചും സ്വാഭാവിക നീതിയെ സംബന്ധിച്ചും പൗരാവകാശങ്ങളെ സംബന്ധിച്ചുമൊക്കെയുള്ള മുസ്‌ലിം സമുദായത്തിൻ്റെ രാഷ്ട്രീയ ചോദ്യങ്ങളിലും വിശകലനങ്ങളിലും അധികാര സംവാദങ്ങളിലുമാണ്. എന്നാൽ വിഭജനാനന്തരം സംഭവിച്ച ബലഹീനതയും, സ്വാതന്ത്ര്യാനന്തരം ഉണ്ടാക്കിയെടുക്കപ്പെട്ട, “മുസ്‌ലിംകളാണെങ്കിൽ മതേതരരും ദേശസ്നേഹികളുമാണ് എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്” എന്ന അപരത്വ നിർമിതിയുമാണ് ഇൻഡ്യയിൽ വലിയ ഒരളവോളം മുസ്‌ലിം അപരവത്കരണം സാധ്യമാക്കിയത്. ഇപ്രകാരം അരികുവത്കരിക്കപ്പെട്ട മുസ്‌ലിം സമൂഹം, വീണ്ടും ഇൻഡ്യയിലെ രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളോടുള്ള സംവാദങ്ങൾ ശക്തിപ്പെടുത്തുന്നത് ബാബരിയാനന്തരം രൂപപ്പെട്ട (ഇൻഡ്യയുടെ ഹിന്ദുത്വ സാംസ്ക്കാരിക പരിസരത്തെ സംബന്ധിച്ചും, രാഷ്ട്രീയ വഞ്ചനയെക്കുറിച്ചുമുള്ള തിരിച്ചറിവിന്റെ) പുതു ഭാവനകളിലൂടെയാണ്. ഗുജറാത്ത് വംശഹത്യ, ആഗോള തലത്തിൽ രൂപംകൊണ്ട ‘വാർ ഓൺ ടെറർ (war on terror)നെ മുൻനിർത്തി ഇൻഡ്യയിൽ വലിയ രീതിയിൽ ഭരണകൂടവും ഭരണകൂട എജൻസികളും ചേർന്ന് നിർമിച്ചെടുത്ത ഭീകര(വിരുദ്ധ) നിയമങ്ങളായ യുഎപിഎ, എൻഎസ്എ, അഫ്സ്പ, ടാഡ തുടങ്ങിയ കരിനിയമങ്ങൾ, അവയുടെ പിൻബലത്തോടെ നടത്തിയ മുസ്‌ലിം വേട്ട, കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി, ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിർമിക്കാനുള്ള സുപ്രീംകോടതി ഉത്തരവ്, പൗരത്വ ഭേദഗതി നിയമം മുതലായവ മുസ്‌ലിം സമൂഹത്തിനു നേരെ പിന്നീടുണ്ടായ നീക്കങ്ങളിൽ ചിലതു മാത്രം. മീഡിയ വൺ ചാനലിന് ‘ദേശ സുരക്ഷാ’ കാരണം മുൻനിറുത്തി സംപ്രേക്ഷണാനുമതി നിഷേധിച്ച സർക്കാർ നടപടി എടുക്കാം. മുദ്രവച്ച കവറിൽ കേന്ദ്ര സർക്കാർ കോടതിക്ക് നൽകിയ വിശദീകരണമെന്തെന്ന് ചാനലിനെ അറിയിക്കാതെ, ആരോപണ വിധേയമായ മാധ്യമ സ്ഥാപനത്തിന് വിശദീകരണം നൽകാനുള്ള മൗലിക അവകാശത്തെ റദ്ദു ചെയ്ത കൊണ്ട്, നീതിന്യായ സംവിധാനങ്ങൾ തന്നെ നടത്തിയ നീക്കങ്ങളും, എറ്റവുമൊടുവിൽ പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചു കൊണ്ട് കർണാടക സർക്കാർ നടത്തിയ ഉത്തരവുമെല്ലാം ഇത്തരത്തിൽ നിയമത്തെ അടിസ്ഥാനപ്പെടുത്തി, ഭരണകൂടം നടത്തുന്ന വ്യവസ്ഥാപിതമായ അപരവത്കരണം സാധ്യമാക്കുന്നതാണ്. ഇവിയോടുള്ള പ്രതികരണങ്ങളാവട്ടെ, ഇത്തരം സ്ഥാപനപരമായ അപരവത്കരണത്തെ പ്രശ്നവത്കരിക്കുന്നതും നൈതികതയെ സംബന്ധിച്ച പുതു ചോദ്യങ്ങളും ഭാവനയും മുന്നോട്ടു വെക്കുന്നതുമാണ്.

പ്രസ്തുത ചോദ്യങ്ങൾ മൗലികമായി പ്രശ്നവത്കരിക്കുന്ന പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളിൽ ഒന്ന് ഇസ്‌ലാമോഫോബിയയുടെ സ്വാഭാവികവത്കരണവും, മറ്റൊന്ന് ഇൻഡ്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണ്യത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ അധീശത്വത്തെ സംബന്ധിച്ചുള്ളതുമാണ്. മേൽ സൂചിപ്പിച്ച രണ്ടു ചോദ്യങ്ങളും വിരൽ ചൂണ്ടുന്ന സുപ്രധാനമായ ഒരു പ്രശ്നം, ഇൻഡ്യയിൽ സർക്കാർ ഉദ്യോഗം, രാഷ്ട്രീയ നേതൃത്വം, നീതിന്യായ സംവിധാനം, പോലീസ് ഉൾപ്പെടെയുള്ള സേനകൾ, വിദ്യഭ്യാസം, ഉന്നത വിദ്യഭ്യാസം, സ്വകാര്യ സ്വത്തുടമസ്ഥത, ഉൽപാദന-വിതരണ മേഖല, സഹകരണ മേഖല, വ്യവസായം, മീഡിയ, തുടങ്ങി സകല മേഖലകളിലും നിലനിൽക്കുന്ന സവർണ ഹൈന്ദവ മേധാവിത്വമാണ്. മറുവശത്ത് മുസ്‌ലിംകൾ, ദലിതർ, ആദിവാസി-ഗോത്ര വിഭാഗങ്ങൾ, മറ്റു ലിംഗ-ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ വ്യവസ്ഥാപിതവും ചൂഷണാധിഷ്ഠിതവുമായ കാരണങ്ങളാലുള്ള പ്രാതിനിധ്യക്കുറവുമുണ്ട്.

2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥയെ കുറിച്ചും സാമ്പത്തിക-ഉദ്യോഗ മേഖലയിലെ പ്രാതിനിധ്യത്തിൻ്റെ അഭാവത്തെ കുറിച്ചും, അവ നേരിടുന്നതിൽ വിദ്യഭ്യാസത്തിൻ്റെ പങ്കിനെ കുറിച്ചും വിശദമായി തന്നെ ഗവൺമെൻ്റുകളൊട് സംവദിക്കുന്നുണ്ട്. പ്രാതിനിധ്യത്തിന്റെ അഭാവം എന്ന പ്രശ്നത്തെ മൂർത്തമായി പരിഹരിക്കുന്നതിൻ്റെ ഭാഗമായി മുസ്‌ലിം സമുദായത്തിൽ നിന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഉൾപ്പെടെയുള്ള വ്യത്യസ്ത രാഷ്ട്രീയ-സാമുദായിക പ്രസ്ഥാനങ്ങൾ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും, ഇൻഡ്യയിലും ലോകത്തിലെ മറ്റു ഭാഗങ്ങളിലുമുള്ള ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടാനും പഠിക്കാനുമാവശ്യമായ നിരവധി സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുകയുണ്ടായി. തദ്ഫലമായി ഇൻഡ്യയിലെ ഉന്നത കലാലയങ്ങളിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ പ്രവേശനം നേടി. മുസ്‌ലിം വിദ്യാർത്ഥികളുടെ പ്രസ്തുത വിദ്യഭ്യാസ മുന്നേറ്റത്തെയും ദൃശ്യതയെയും നിഗൂഢവും പൈശാചിക വുമായ താൽപര്യങ്ങളുടെ ഭാഗമായാണ് ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘപരിവാർ പ്രസ്ഥാനങ്ങളും, സി.പി.എം ഉൾപ്പടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും നോക്കിക്കണ്ടത്. “സനാതം അശ്വം, ഗജം മത്തം, ഋഷഭം കാമ മോഹിതം, ശൂദ്രൻ അക്ഷര സംയുക്തം, ദൂരതാ പരിവർജ്ജയേൽ” എന്ന, കുളിച്ചു വരുന്ന കുതിരയെയും മദം പൊട്ടിയ ആനയെയും കാമമോഹിതനായ കാളയെയും അക്ഷരം പഠിച്ച ശൂദ്രനെയും മാറ്റി നിർണത്തണമെന്ന, ‘വേദം കേൾക്കുന്ന ശൂദ്രൻ്റെ ചെവിയിൽ ഈയം ഉരുക്കി ഉഴിക്കണമെന്ന്’ അനുശാസിക്കുന്ന മനുസ്മൃതിയുടെ അതേ യുക്തി തന്നെയാണ് മുസ്‌ലിം വിദ്യാർത്ഥികളുടെ വിദ്യഭ്യാസ മുന്നേറ്റത്തോട് ഇൻഡ്യയിലെ ഹിന്ദു ഭൂരിപക്ഷ പൊതുബോധവും വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളും അനുവർത്തിക്കുന്നത്.

ഇത്തരത്തിൽ സമൂഹത്തിൻ്റെ പല കോണുകളിൽ നിന്ന് ഉയർന്ന പലതരത്തിലുള്ള പ്രതിസന്ധികളെയും മറികടന്നുകൊണ്ടാണ് മുസ്‌ലിം വിദ്യാർത്ഥികൾ അവരുടെ വിദ്യഭ്യാസത്തിനുള്ള മൗലിക അവകാശത്തെ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നത്. ജ്ഞാനത്തിനു മേലുള്ള തങ്ങളുടെ അധിപത്യത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത മുന്നേട്ടങ്ങളാണ് ക്യാമ്പസുകൾക്കകത്ത് ന്യൂനപക്ഷ-ദലിത് വിദ്യാർത്ഥികളെ വ്യവസ്ഥാപിതമായി അപരവത്കരിക്കുക എന്ന നയത്തിലേക്ക് ബ്രാഹ്മണ്യത്തെ എത്തിക്കുന്നത്. രോഹിത് വെമുലയും ഫാത്തിമ ലെത്തീഫും പ്രസ്തുത ഭീകരതയുടെ രക്തസാക്ഷികളാണ്. ഇത്തരത്തിൽ മുസ്‌ലിം-പിന്നാക്ക സമുദായങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നിന്നു മാറ്റിനിർത്തുക എന്ന ബ്രാഹ്മണ്യത്തിൻ്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക്  പൊതു വിദ്യഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്ക് എർപ്പെടുത്തിയ ഹിന്ദു ഭൂരിപക്ഷ ഗവൺമെന്റ് നീക്കങ്ങളുടെ കാതൽ. പ്രസ്തുത താൽപര്യത്തെ അവഗണിച്ചു കൊണ്ട്, ഇനിയൊരു വിധി ഉണ്ടാകുന്നതുവരെ ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും വിദ്യാലയത്തിൽ പാടില്ല എന്ന കർണാടക ഹൈകോടതിയുടെ ഇടക്കാല വിധി അതുകൊണ്ടുതന്നെ സ്വാഭാവിക നീതിയുടെ ലംഘനമാണ്.

ഫാത്തിമ ലത്തീഫ്, രോഹിത് വെമുല

ഇത്തരത്തിൽ ഭരണകൂടം നടത്തുന്ന, വംശീയ മാനങ്ങളുള്ള വ്യവസ്ഥാപിതമായ അപരവത്കരണത്തെ, ഇസ്‌ലാമോഫോബിയയെ ആന്തരികവത്കരിച്ച ഭരണകൂട യുക്തിയെ റദ്ദു ചെയുന്നതിനു പകരം, എല്ലാവരും മത ചിഹ്നങ്ങൾ ഉപേക്ഷിക്കട്ടെ എന്ന ലളിത യുക്തിയിൽ നീതിന്യായ സംവിധാനങ്ങൾ അഭയം തേടുന്നത്, ഭരണഘടന മുന്നോട്ടു വെക്കുന്ന ‘Positive secularism’ എന്ന ആശയത്തെ ക്രമേണ റദ്ദു ചെയുന്നതിലേക്ക് നയിച്ചേക്കാം.

പ്രസ്തുത പ്രശ്നത്തെ മറികടക്കാൻ വിശാലമായ ഉൾകൊള്ളൽ ശേഷി കൈവരിക്കാൻ ഉതകുന്ന വിധത്തിൽ ഭരണഘടനാ തത്ത്വങ്ങളെ അപനിർമിക്കുകയാണ് ചെയ്യേണ്ടത്. അതിനായി, നൈതികതയെ സംബന്ധിച്ച പുതിയ ഉൾക്കാഴ്ച്ചകളും ചിന്തകളും, പരിവർത്തനോന്മുഖമായ ചലനാവസ്ഥയും സമൂഹവും നിയമ ലോകവും കൈവരിക്കേണ്ടതുണ്ട്. അതിൻ്റെ ആദ്യപടി ബ്രാഹ്മണ്യത്തിൻ്റെ അധീശത്വത്തെ ചോദ്യം ചെയുകയും അർഹമായ പ്രാതിനിധ്യവും അതുവഴി ദൃശ്യതയും  നേടിയെടുക്കുകയും ചെയുക എന്നതു തന്നെയാണ്. ഇത്തരത്തിൽ അർഹമായ പ്രാതിനിധ്യം നേടിയെടുക്കുന്നതിലൂടെ മാത്രമേ സ്വയം ശാക്തീകരിക്കാനും അതുവഴി നിലനിൽക്കുന്ന അനീതികളെ മറിക്കടക്കുവാനും ജനാധിപത്യത്തെ വിപുലീകരിക്കാനും ഭരണകൂടങ്ങളുടെ വ്യവസ്ഥാപിതമായ അപരവത്കരണ ശ്രമങ്ങളെ പ്രതിരോധിക്കാനും സാധിക്കുകയുള്ളു.

മുഹമ്മദ് റാഷിദ്- പഞ്ചാബ് ആർ.ഐ.എം.ടി സർവകലാശാലയിൽ അവസാന വർഷം നിയമ വിദ്യാർത്ഥിയാണ് ലേഖകൻ. 

Top