ദലിതരുടെ വിദ്യാഭ്യാസത്തോടുള്ള ബ്രാഹ്മണിക ഉദാസീനത

നവ-ലിബറല്‍ കാലത്തെ രാഷ്ട്രീയ സ്ഥാപനങ്ങള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും സ്വകാര്യ സ്ഥാപനങ്ങളുടെ വിഷമവൃത്തത്തെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ മുന്നോട്ടുപോക്കും സ്വഭാവവും നിര്‍ണയിക്കുന്നത് അധീശ ജാതികളും മാര്‍ക്കറ്റും ഭരണകൂടവും തമ്മിലുള്ള ബാന്ധവമാണ്. സനിൽ എം. നീലകണ്ഠൻ എഴുതുന്നു.

ഇൻഡ്യയിലെ അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ ചോദ്യങ്ങളെ സാമൂഹിക-രാഷ്ട്രീയ വികസന ചര്‍ച്ചകളില്‍ നിന്ന് അടര്‍ത്തി മാറ്റാനാവില്ല. അത്തരം ചര്‍ച്ചകളെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി, വിദ്യാഭ്യാസ പ്രത്യയശാസ്ത്രങ്ങളുടെ അസമത്വപരവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ രൂപങ്ങളെ നിര്‍ണയിക്കുന്ന സാമൂഹിക-രാഷ്ട്രീയ ചലനാത്മകയുടെ വിഷമം പിടിച്ച മാനങ്ങളെക്കുറിച്ച് പഠിക്കാനാണ് ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് ശ്രമിക്കുന്നത്. അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങൾ സംബന്ധിച്ച സന്ദേഹങ്ങളുടെ ദലിത് വായനയുമായി ബന്ധപ്പെട്ട സാധ്യതകളും അസാധ്യതകളും അന്വേഷിക്കുകയാണ് രണ്ടാം ഭാഗത്തില്‍. ഗുരുത്വത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദലിത് സമുദായങ്ങളില്‍ നിന്നുള്ള അധ്യാപക-വിദ്യാര്‍ഥികളുടെ സാമൂഹിക മണ്ഡലങ്ങളെക്കൂടി പരിശോധിക്കലാണ് വിശാലാര്‍ഥത്തില്‍ ലക്ഷ്യമാക്കുന്നത്. ചില ദലിത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം.

ദലിതരും വിദ്യാഭ്യാസത്തിന്റെ ജാത്യാധിഷ്ഠിത ലോകങ്ങളും

ആധുനികവല്‍കൃതമെന്നു വിളിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അധ്യാപക-വിദ്യാര്‍ഥികളുടെ സാമൂഹിക ലോകങ്ങള്‍ അധികാരത്തെ ക്രമപ്പെടുത്തുന്നത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ജാതിയുടെ അധികാരത്തിലും ഉച്ചനീചത്വങ്ങളിലും അധിഷ്ഠിതമായിരുന്നു. ജാതിയടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തെയും സംഘര്‍ഷങ്ങളെയും മറികടക്കാനുള്ള ശേഷിയുടെ പേരില്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിലമതിക്കപ്പെടാറുണ്ടെങ്കിലും, വിദ്യാഭ്യാസവും ജാതിയുമായി ബന്ധപ്പെട്ട അധികാരങ്ങളുടെ വൈരുദ്ധ്യാത്മക രൂപങ്ങള്‍ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് (Beteille 2006:174). ഒന്നാമതായി, മേല്‍ജാതിക്കാരായ/അധീശ സമുദായങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ അധീശ ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ താല്‍പ്പര്യാനുസരണം പാഠ്യപദ്ധതിയും അധ്യാപനരീതിയും പുനരാവിഷ്‌കരിക്കുന്നു (Singh 2021). ദുര്‍ബല സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തുന്നതിനു വേണ്ടി ജാതിയിലും അധികാരത്തിലുമുറച്ച ബോധപൂര്‍വമായ ശ്രമമാണിത്. ദലിതരുടെ നിലനില്‍പ്പിന്റെ സങ്കീര്‍ണ സ്വഭാവത്തെയും സാമൂഹിക സ്ഥാനങ്ങളെയും മനസ്സിലാക്കുന്നതിന് സ്വാതന്ത്ര്യാനന്തര ഇൻഡ്യന്‍ വിദ്യാഭ്യാസ ക്രമത്തിനു കീഴില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ പ്രത്യേകമായി തന്നെ ഇനം തിരിക്കേണ്ടതുണ്ട്. ഒരു വശത്ത് മേല്‍ജാതി വിദ്യാര്‍ഥികളാല്‍ ദലിത് അധ്യാപകര്‍ വിവേചനമനുഭവിക്കുന്നു (Ovichegan 2015:79-80). മേല്‍ജാതിക്കാരായ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കണ്ണില്‍ ദലിത് അധ്യാപകര്‍ സംവരണത്തില്‍ നിയമിതരായവരും അതിനാല്‍ തന്നെ അധ്യാപന മികവില്ലാത്തവരുമാണ്. പലവിധത്തിലുള്ള മാനസിക പീഡനങ്ങളും ദലിത് അധ്യാപകര്‍ നേരിടുന്നു. മറ്റൊരു വശത്ത് ദലിത് വിദ്യാര്‍ഥികളും സംവരണത്തിന്റെ പേരില്‍ സമാന രീതിയിലുള്ള വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നു. എന്തൊക്കെയായാലും ആധുനിക വിദ്യാഭ്യാസ ഇടങ്ങളെന്നു പറയപ്പെടുന്നവയുടെ അവകാശവാദങ്ങളെ വെല്ലുവിളിക്കുന്നതാണ് ദലിത് വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ (Senthil Solidarity Committee 2008). സര്‍വകലാശാലയില്‍ രൂഢമൂലമായ ജാതിപക്ഷപാതിത്വം മൂലമാണ് രോഹിത് വെമുല ജീവനൊടുക്കുന്നത് (Farooq 2016). മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ജാതി വിവേചനം ഇന്നും നിലനില്‍ക്കുന്നുവെന്ന് കാണിക്കുന്നതായിരുന്നു പായല്‍ തദ്വിയുടെ ആത്മാഹുതി (Shantha 2020). ദലിത് അധ്യാപകരും വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്‌നങ്ങളോട് വളരെ സഹാനുഭൂതിയോടെ ഇടപെടുന്ന കുറച്ചെങ്കിലും അധ്യാപകരുണ്ടെന്നത് വാസ്തവമാണ്. എന്നിരുന്നാലും ജാതിയുടെ രാഷ്ട്രീയത്തെ അതിന്റെ മര്‍മത്തില്‍ ചോദ്യംചെയ്യാതെ, പുരോഗമനവാദികളായ അക്കാഡമിസ്റ്റുകളെന്ന് അറിയപ്പെടുന്നയാളുകള്‍ നടത്തുന്ന നാമമാത്ര പ്രതിഷേധങ്ങളാണ് അധികവും. സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്ന പലതരം ജാതി വിവേചനങ്ങളും പക്ഷപാതിത്വവും അവസാനിപ്പിക്കുന്നതിന് ദലിത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആക്റ്റിവിസം വളരെ പ്രധാനമാണ്. പൊതു സര്‍വകലാശാലകള്‍ ക്രമേണ ജനാധിപത്യ ഇടങ്ങളായി മാറുകയും അധികാര സ്ഥാനീയര്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നുണ്ട് (Deshpande 2016). വര്‍ഗാടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥി-അധ്യാപക ആക്റ്റിവിസങ്ങൾക്കും അധ്യാപക സംഘടനകള്‍ക്കും ജാതിയെ ഇനിയും വേണ്ടവിധം അഡ്രസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല (Pathania 2020: 536). എന്നാലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരട്ട വിവേചനം നേരിടേണ്ടി വരുന്നവരാണ് ദലിത് അധ്യാപകരും വിദ്യാര്‍ഥികളും. പുതുതായി ഏര്‍പ്പെടുത്തിയ വിവാദപരമായ സാമ്പത്തിക സംവരണത്തിലൂടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ദലിത് വിദ്യാര്‍ഥികളുടെ സംവരണാവകാശത്തെ അട്ടിമറിക്കുന്നത്. സീറ്റൊഴിവില്ലാത്തതു മൂലം ദലിത് വിദ്യാര്‍ഥികള്‍ ദുരിതമനുഭവിക്കേണ്ടി വരുന്നു. ജനറല്‍ വിഭാഗത്തിലാകട്ടെ അവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ദലിത് വിദ്യാര്‍ഥികള്‍ പട്ടിക-ജാതി വിഭാഗത്തില്‍ മാത്രമാണ് അപേക്ഷിക്കാൻ യോഗ്യരെന്ന അലിഖിത നിയമം നിലനില്‍ക്കുന്നതിനാലാണത്. മേല്‍ജാതി ഉദ്യോഗസ്ഥരാകട്ടെ സംവരണ സീറ്റുകളില്‍ പ്രവേശനം നൽകാതിരിക്കാൻ വേണ്ടി ഭരണസംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു (Jogdand, cited in Ovichegan 2015:163).

രോഹിത് വെമുല

പ്രബല ജാതിക്കാരുമായുള്ള ബന്ധങ്ങളുടെ അഭാവം നിമിത്തം ദലിത് വിദ്യാര്‍ഥികള്‍ സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപക ജോലികളില്‍ നിന്നും പുറംതള്ളപ്പെടുന്നു. ‘മികവില്ലായ്മ’യെന്ന വാക്കാണ് ഈ പുറംതള്ളലിന് ന്യായീകരണമായി പറയാറുള്ളത്. എന്നാല്‍ മറുവശത്ത് ഇൻഡ്യയിലെ നവ-ലിബറല്‍, സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥയെ വിമര്‍ശിക്കുന്ന വരേണ്യ-വിദ്യാഭ്യാസ വിദഗ്ധര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുകയും ചെയ്യുന്നു.

പുരോഗമനവാദികളായ ഈ അക്കാദമിക വിദഗ്ധര്‍ അവരുടെ ആദിമ-വര്‍ഗ ശത്രുക്കളുമായി/പിന്തിരിപ്പന്‍ അക്കാഡമിക വിദഗ്ധരുമായി (അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ന്യായീകരിക്കുന്ന വലതുപക്ഷ, യാഥാസ്ഥിതിക അധ്യാപകരുമായി) സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന രസകരമായ ഈ കുടിയേറ്റം ഇൻഡ്യയിലെ വിചിത്രമായ വിദ്യാഭ്യാസ-ധാര്‍മിക പ്രതിസന്ധിയെ കാണിക്കുന്നു. ഈ വരേണ്യ അക്കാഡമീഷ്യന്മാര്‍ അവരുടെ വിചിത്രമായ കൂടുമാറ്റത്തെ വാചകകസര്‍ത്തുകളിലൂടെ ന്യായീകരിക്കും. വിമര്‍ശനാത്മക ചിന്തയുടെയും അന്വേഷണങ്ങളുടെയും കേന്ദ്രങ്ങളെന്ന തരത്തില്‍ സമീകരിച്ചുകൊണ്ട് പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ മായ്ക്കുകയും ചെയ്യുന്നു (Baviskar 2021).

അതിനാല്‍, നവ-ലിബറല്‍ കാലത്തെ രാഷ്ട്രീയ സ്ഥാപനങ്ങള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും സ്വകാര്യ സ്ഥാപനങ്ങളുടെ വിഷമവൃത്തത്തെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ മുന്നോട്ടുപോക്കും സ്വഭാവവും നിര്‍ണയിക്കുന്നത് അധീശ ജാതികളും മാര്‍ക്കറ്റും ഭരണകൂടവും തമ്മിലുള്ള ബാന്ധവമാണ്.

സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ഈ വരേണ്യ രാഷ്ട്രീയക്കാര്‍ ഉന്നത ജാതികളുടെയും മാര്‍ക്കറ്റിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിജയിക്കുകയാണ്. ഉയര്‍ന്ന ഫീസും വരേണ്യത മുറ്റിയ ലിബറല്‍ സങ്കേതങ്ങളുമെന്ന നിലക്കാണ് സ്വകാര്യ സ്ഥാപനങ്ങള്‍ കാണപ്പെടുന്നത് (Mishra 2021). പൊതു സ്ഥാപനങ്ങളെ യാഥാസ്ഥിതിക-ഭൂരിപക്ഷ രാഷ്ട്രീയ ശക്തികള്‍ രാജ്യദ്രോഹ ഇടപെടലുകളുടെ ഇടങ്ങളായി വിമര്‍ശിക്കുകയും സ്വകാര്യ സ്ഥാപനങ്ങളിലൂടെ പ്രബല വലതുപക്ഷ ഹിന്ദു പ്രത്യയശാസ്ത്രം പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഈ പരിവര്‍ത്തനങ്ങള്‍ നടക്കുന്നത് (Gill and Gurparkash 2020). ദലിത് വിരുദ്ധ/സംവരണ വിരുദ്ധ സ്വകാര്യ സ്ഥാപനങ്ങളില്‍ ദലിത് വിദ്യാര്‍ഥികളും അധ്യാപകരും തുലോം കുറവാണ്. പൊതുവെ ഗവേഷണ രംഗങ്ങളിലും മറ്റും ദലിത് വിദ്യാര്‍ഥികളുടെ മേല്‍നോട്ടം വഹിക്കാന്‍ താല്‍പ്പര്യമില്ലാത്ത മേല്‍ജാതി അധ്യാപകരാണ് പൊതു സ്ഥാപനങ്ങളിലുള്ളത്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായ ദലിത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പക്ഷേ ജാതിവാദികളായ അക്കാഡമീഷ്യന്മാരുടെയും ഭരണനിര്‍വഹണ ശൃംഖലകളുടെയും ശക്തി നിമിത്തം അത്തരം വിവേചനങ്ങളെ തുറന്നെതിര്‍ക്കാന്‍ കഴിയാറില്ല. അതിനാല്‍ വിദ്യാഭ്യാസത്തെക്കുറിച്ച പതിവ് ഗവേഷണങ്ങളിലൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയുമില്ല.

ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങളിലേക്കു വരുമ്പോള്‍, ദലിതരല്ലാത്ത അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ദലിത് പെണ്‍കുട്ടികള്‍ക്ക് ഒരേസമയം കാമ്പസില്‍ ജാതീയവും ലൈംഗീകവുമായ വിവേചനം നേരിടേണ്ടി വരുന്നു. ലൈംഗിക വിവേചനമനുഭവിക്കുന്ന ദലിത് പെണ്‍കുട്ടികള്‍ പുരുഷാധിപത്യ, ജാതീയ അക്കാഡമിക സംവിധാനത്തില്‍ അരികുവല്‍ക്കരിക്കപ്പെടുന്നു. ദലിത് ട്രാന്‍സ് വിദ്യാര്‍ഥികളാകട്ടെ ഹോമോഫോബിയക്കും ജാതീയവുമായ വിദ്യാഭ്യാസ വ്യവസ്ഥയാല്‍ വിവേചനം നേരിടുന്നു (Khokar 2021). മേല്‍ജാതി അധ്യാപകര്‍ ദലിത് വിദ്യാര്‍ഥികളുടെ ഗവേഷണം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഉദാഹരണങ്ങള്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഘട്ടത്തില്‍ പോലും കാണാം. ദലിത് വിദ്യാര്‍ഥികള്‍ ഗവേഷണസംബന്ധമായ കഴിവുകളും മികവുകളും ആര്‍ജിക്കുന്നത് തടയലാണ് അതിനുദ്ദേശമെന്നു മനസിലാക്കാം. പലപ്പോഴും ദലിത് വിദ്യാര്‍ഥികള്‍ അവരുടെ സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണങ്ങളിൽ അധ്യാപകരില്‍ നിന്നും നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ച് പരാതിപ്പെടാറുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലാണോ പഠിച്ചത്? ഇംഗ്ലീഷ് എഴുതാനും വായിക്കാനുമൊക്കെ അറിയാമോ? എന്നു നീളുന്ന പരിഹാസങ്ങള്‍. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട മേല്‍ജാതി/വരേണ്യ അധ്യാപകരില്‍ നിന്നു പോലും ദലിത് വിദ്യാര്‍ഥികള്‍ക്ക് സമാനരീതിയിലുള്ള ചോദ്യശരങ്ങളേല്‍ക്കേണ്ടി വന്നിട്ടുള്ളതായും ഉദാഹരണങ്ങളുണ്ട്.

പായൽ തദ്വി

അതേസമയം, ദലിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി ദലിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രശ്‌നപരിഹാര അദ്ധ്യാപനം (remedial teaching) പ്രൊജക്റ്റ് ചെയ്യപ്പെടുന്നു. എന്നാല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ മറച്ചുവെക്കുന്നതിനുള്ള ഒരു കണ്ണില്‍ പൊടിയിടല്‍ തന്ത്രം മാത്രമാണിതെന്ന് ദലിത് വിദ്യാര്‍ഥികള്‍ക്ക് നല്ല ധാരണയുണ്ട്. സങ്കീര്‍ണമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകാനുള്ള മതിയായ ശേഷിയുള്ളവരല്ല ദലിത് വിദ്യാര്‍ഥികളെന്ന പേരിൽ പല ഗവേഷണ ജോലി സാധ്യതകളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ദലിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്ന ദലിത് ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും അക്കാഡമിക് കൃത്യതയില്ലാത്ത ലഘുലേഖകള്‍ എന്ന് പറഞ്ഞ് തള്ളപ്പെടുന്നു.

ദലിത് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ബോധമുണ്ടെന്ന് കാണിക്കാന്‍, കാലഹരണപ്പെട്ട സിലബസ് വൈവിധ്യവത്കരിക്കാന്‍ ഇത്തരം രചനകളെ ഉള്‍ക്കൊള്ളുന്ന സെന്‍സിബിളായ അക്കാദമിഷ്യന്‍മാരുണ്ട്. അതേസമയം, ദലിത് വിദ്യാര്‍ത്ഥികളുടെ ദൈനംദിന അക്കാദമിക പ്രശ്നങ്ങളോടും സമരങ്ങളോടും അവര്‍ പലപ്പോഴും വിമുഖത തുടരുന്നു. നേരത്തെ പറഞ്ഞതു പോലെ, ഈ വിഷയങ്ങളെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരുന്നത് അപൂര്‍വമായിട്ടാണ്.

ഭീകരമായ രീതിയില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം നിമിത്തം ദലിത് അധ്യാപകര്‍ സ്വമേധയാ വിരമിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. പക്ഷേ അത്തരം സംഭവങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നു പോകുന്നു കാരണം ഭാവിയിലെ അവസരങ്ങള്‍ കൂടി ന്ഷടമായേക്കുമെന്ന ഭയത്താല്‍ അവർ തുറന്നുപറച്ചിലിന് മുതിരുന്നില്ല.

അതിനാല്‍, ദലിത് അക്കാഡമിക വിദഗ്ധരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവിത ലോകം, ഗുരുവും ശിഷ്യനും തമ്മിലുള്ള പഴഞ്ചന്‍ അധികാര ബന്ധങ്ങളുടെ ലളിതമായ നിര്‍മാണത്തെ വെല്ലുവിളിക്കുന്ന അസാധ്യതകളെ അനാവരണം ചെയ്യുന്നു. ദലിത് അക്കാഡമിക വിദഗ്ധരുടെയും വിദ്യാര്‍ത്ഥികളുടെയും പോരാട്ട ജീവിതത്തിന്റെ ഈ രൂപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, അക്കാഡമിക ലോകത്തെ ഏകതാനമായ രീതിയില്‍ നോക്കിക്കാണുന്ന സാധാരണ രീതിയേക്കാള്‍ വ്യത്യസ്തമായി മനസ്സിലാക്കേണ്ടതുണ്ട്. നിയമപരമായ പരിഹാരങ്ങള്‍ തേടേണ്ടിവരുന്ന ദലിത് വിദ്യാര്‍ത്ഥികളും അധ്യാപകരും അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. നിയമസഹായം തേടിയാലും അതേ മനുഷ്യത്വരഹിതവും ശ്രേണീബദ്ധവുമായ അക്കാഡമിക ലോകത്തേക്കു തന്നെയാണ് മടങ്ങേണ്ടിവരുന്നതെന്ന് അവര്‍ പറയുന്നു. അധികാരമില്ലാത്ത ദലിതരുടെ രാഷ്ട്രീയ ഇടപെടലുകളെ എങ്ങനെ ഇല്ലാതാക്കാമെന്ന് ബ്യൂറോക്രാറ്റിക്-അക്കാഡമിക അവിശുദ്ധ കൂട്ടുകെട്ടിനും നന്നായറിയാം. ലിംഗ്‌ദോ കമ്മിറ്റിക്ക് (Lyngdoh Committee) ശേഷമുള്ള സാഹചര്യം, ഈയിടെയായി അക്കാഡമിക സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതാണ്. തങ്ങളുടെ അധഃസ്ഥിത പശ്ചാത്തലവും പ്രിവിലേജുകളുടെ അഭാവവും കാരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വളരെ വൈകി മാത്രം പ്രവേശനം നേടാന്‍ കഴിയുന്ന ദലിത് വിദ്യാര്‍ഥികള്‍ക്ക് വിദ്യാർഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പ്രായപരിധി ഏര്‍പ്പെടുത്തിയ കമ്മിറ്റിയുടെ തീരുമാനം മൂലം യൂണിയനിലേക്കും മറ്റു നിർണായക സ്ഥാനങ്ങളിലേക്കും മത്സരിക്കാനുള്ള അവസരങ്ങളും നഷ്ടമാകുന്നു. അങ്ങനെ അവര്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നു. ദലിതരുടെ വിദ്യാഭ്യാസ/അധ്യാപനത്തിലേക്കുള്ള ഘടനാപരമായ തടസ്സങ്ങളുടെ ചില ഉദാഹരണങ്ങളാണിവയെല്ലാം.

ഉന്നത കുലജാതരായ അധ്യാപകര്‍ അവരുടെ മുന്‍വിധികളുമായി വിദ്യാര്‍ത്ഥികളെ സമീപിക്കുന്നു. താരതമ്യേന മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു ദലിത് വിദ്യാര്‍ത്ഥിയോട് അവളുടെ/അവന്റെ കുടുംബത്തിന്റെ വിശദാംശങ്ങള്‍ ചോദിക്കുന്നു. അതോടൊപ്പം, ഈ വിദ്യാര്‍ത്ഥിയെയും താഴ്ന്ന പശ്ചാത്തലത്തില്‍ നിന്നും വന്ന മറ്റൊരു വിദ്യാര്‍ഥിയെയും അവരുടെ ദലിത് പശ്ചാത്തലത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. രണ്ടു വിദ്യാര്‍ത്ഥികളും അക്കാഡമിക എഴുത്തു രീതികളിൽ (academic writing) പ്രാവീണ്യമുള്ളവരല്ലെന്ന പേരില്‍ വിമര്‍ശിക്കപ്പെടുകയും അതിനാല്‍ അക്കാഡമിക സംബന്ധമായ വ്യത്യസ്ത അവസരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. അതേസമയം, വിശേഷ ജാതി-വര്‍ഗ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വളരെ മിതമായ കഴിവുകള്‍ പരിഗണിക്കാതെ തന്നെ ഉന്നതസ്ഥാനം കല്‍പ്പിച്ചു നല്‍കുന്നു. മിക്ക കേസുകളിലും, കുറഞ്ഞ ഗ്രേഡുകള്‍ നല്‍കി ദലിത് വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നു. ജാതി വിഷയങ്ങളില്‍ എഴുതുന്ന ഫാക്കല്‍റ്റി അംഗങ്ങള്‍ നിസ്സംഗരായിക്കൊണ്ട് ജോലി അപേക്ഷകള്‍, ശിപാര്‍ശ കത്തുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ മുതലായവയുടെ കാര്യത്തില്‍ ദലിത് വിദ്യാര്‍ത്ഥികളെ നിരുത്സാഹപ്പെടുത്തുന്നു. പ്രബല രാഷ്ട്രീയപ്പാര്‍ട്ടികളും അവയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക- വിദ്യാര്‍ഥികളും ജാതി വിവേചനം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭരണനിര്‍വഹണ-നിയമ സ്ഥാപനങ്ങളില്‍ കൃത്രിമം നടത്തിക്കൊണ്ട് ദലിത് അധ്യാപകരുടെ/വിദ്യാര്‍ഥികളുടെ നിയമപോരാട്ടങ്ങളെ അമര്‍ച്ച ചെയ്യുകയാണവര്‍. ഇൻഡ്യയില്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ, ദീപ പി. മോഹനന്‍ എന്ന ദലിത് വിദ്യാര്‍ഥിനിക്ക് തന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അക്കാഡമിക-രാഷ്ട്രീയ ദുശ്ചക്രങ്ങളോട് പോരടിക്കേണ്ടി വന്ന സംഭവം തന്നെ ഉദാഹരണമായെടുക്കാം (Indian Express, 07th November, 2021). പൊതു/സ്വകാര്യ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ ഒരുവശത്ത് നിലനില്‍ക്കെ തന്നെ, നിയമവിദ്യാഭ്യാസം തേടാന്‍ ദലിത് വിദ്യാര്‍ഥികള്‍ കൂടുതലായി മുന്നോട്ടുവരുന്നുണ്ട് (Shaikh 2021). നിയമത്തിന്റെയും പോളിസിയുടെയും സംരക്ഷണ ധര്‍മം ദലിത് വിദ്യാര്‍ഥി ജീവിതങ്ങളുടെ കാര്യത്തില്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല ഒരുപടി കൂടി കടന്ന് അവരുടെ ഉപരിപഠന ശ്രമങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നു. തങ്ങളുടെ സമുദായത്തിന്റെ വിദ്യാഭ്യാസപരമായ അഭിലാഷങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് മേല്‍ജാതിക്കാര്‍ ചെയ്യുന്നത് എന്നവർ തിരിച്ചറിയുന്നു. ഇൻഡ്യയിലെ വികസിതവും അവികസിതവുമായ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദലിത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കാര്യത്തില്‍ ഇത് ബാധകമാണ്. കാമ്പസുകളില്‍ ദലിതർക്കെതിരെ നടക്കുന്ന ജാതീയ പ്രയോഗങ്ങളുടെ കാര്യത്തില്‍ പുരോഗമന അധ്യാപക/വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളും ഒരുപോലെ കുടിലമനസ്‌കരാണ്. അധ്യാപക നിയമനത്തിലെ അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ തന്റെ പിഎച്ഡി പ്രബന്ധം കത്തിക്കുന്നതിലേക്കാണ് കേരളത്തിലെ ഒരു ദലിത് വിദ്യാര്‍ഥിയുടെ സമരം കലാശിച്ചത് (Zulaikha 2021).

വിവിധ വിഷയങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ദലിത് വിദ്യാര്‍ഥികളും അധ്യാപകരും പലവിധ ഒറ്റപ്പെടുത്തലുകള്‍ നേരിടുന്നവരാണ്. ഇൻഡ്യന്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദലിതരുടെ പശ്ചാത്തലത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചോദ്യങ്ങളെ അഭിമുഖീകരിക്കല്‍ സാധ്യമാണോ? ജാതീയ-മാനസിക പീഡനങ്ങള്‍ കാരണം എത്ര ദലിത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്തുപോകേണ്ടി വന്നിട്ടുണ്ട്? അവര്‍ക്കു മുന്നിൽ മറ്റു ബദല്‍ മാര്‍ഗങ്ങളുണ്ടോ?ദക്ഷിണേഷ്യന്‍ പ്രവാസി അക്കാഡമിക സമൂഹമെന്നു വിളിക്കപ്പെടുന്നവർ ദലിത് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന സമാനമായ വിവേചനങ്ങളില്‍ നിന്നും മുക്തരാണോ? വിദ്യാഭ്യാസവും ജനാധിപത്യവുമായി ബന്ധപ്പെട്ട ദലിത് അഭിലാഷങ്ങളെ സ്വാതന്ത്ര്യാനന്തര ഇൻഡ്യന്‍ ഉന്നതവിദ്യാഭ്യാസക്രമം അട്ടിമറിക്കുന്നുവോ ഇല്ലയോ?

ബ്രാഹ്‌മണിക്-നവലിബറല്‍ വിദ്യാഭ്യാസ പ്രത്യയശാസ്ത്രങ്ങളുടെയും പ്രയോഗങ്ങളുടെയും കാലത്തെ അധ്യാപനം

പകര്‍ച്ചവ്യാധിയുടെ കാലത്ത് സര്‍വകലാശാലകളില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങൾ കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു. ഇന്റര്‍നെറ്റും അനുബന്ധ ഉപകരണങ്ങളും പ്രാപ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അസമത്വപരമായ ജ്ഞാനാധികാര ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഓഫ്‌ലൈന്‍ സമയത്തെക്കാൾ ഓണ്‍ലൈനില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. മുന്നേ സൂചിപ്പിച്ച തുടര്‍ച്ചകളും ഇടര്‍ച്ചകളും അരികുവല്‍കൃത സമൂഹങ്ങളിലെ വിദ്യാര്‍ഥികളുടെ അധ്യാപനരംഗത്ത് പ്രകടമായി. അതുമൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും പ്രബലജാതി പ്രത്യയശാസ്ത്രങ്ങളിലും താല്‍പ്പര്യങ്ങളിലും അധിഷ്ഠിതമായ ഇത്തരം അചേതന വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് വിദ്വേഷമുള്ളവരായി മാറിയേക്കാം. ഒരു അധ്യാപകന്റെ സഹായം കൂടാതെ തന്നെ അറിവും വിദ്യാഭ്യാസ യോഗ്യതകളും കരസ്ഥമാക്കാമെന്നു വാദിക്കുന്ന സ്വയംവിദ്യയഭ്യസിക്കാന്‍ പ്രാപ്തനായ (autodidact) വ്യക്തിയുടെ കര്‍തൃത്വത്തെ കാല്‍പ്പനികവല്‍ക്കരിക്കുന്ന ഒരു പൊതുബോധം ഇവിടെയുണ്ട്. എന്നാല്‍ ജ്ഞാനാധികാരത്തിന്റെ ദുഷിച്ച നിലങ്ങളെ മറികടക്കല്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ഏറെ ദുഷ്‌കരമായ കാര്യമാണ്. വിദ്യാഭ്യാസ സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന അധീശത്വ വിഭാഗങ്ങളുടെ കുത്തകയെ വെല്ലുവിളിക്കാന്‍ അധഃസ്ഥിത ജാതി-വര്‍ഗങ്ങളില്‍പ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും തങ്ങളുടെതായ അറിവനുഭവങ്ങളില്‍ അടിസ്ഥാനമാക്കിയ വിമര്‍ശനപദ്ധതികളെ വിപുലീകരിച്ചുകൊണ്ട് നിലനില്‍ക്കുന്ന രീതിശാസ്ത്രങ്ങളെയും പാഠ്യപദ്ധതികളെയും മാറ്റിസ്ഥാപിക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ഇൻഡ്യയിലുടനീളമുള്ള ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തില്‍ സ്വന്തം ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ വേരൂന്നിയ അധ്യാപന രീതിശാസ്ത്രങ്ങള്‍ (pedagogies) തീര്‍ച്ചയായും വ്യത്യസ്ത പാഠ്യവിഷയങ്ങളിലെ ആധിപത്യ സമീപനങ്ങളെ വെല്ലുവിളിക്കുന്നു. എന്നിരുന്നാലും, ആ പൈതൃകം മുന്നോട്ടു കൊണ്ടുപോകുന്ന ഇന്നത്തെ തലമുറ പൊതുവിദ്യാഭ്യാസങ്ങളുടെ സ്വകാര്യവല്‍കൃത, പുറന്തള്ളല്‍ (exclusionary) സമീപനങ്ങളോടുള്ള തങ്ങളുടെ വിമര്‍ശനങ്ങളെ ശക്തിപ്പെടുത്തണം. സ്ഥിരപ്രതിഷ്ഠ നേടിയ പ്രമാണങ്ങളെയും സാഹിത്യരൂപങ്ങളെയും മാറ്റിമറിക്കാന്‍ പോന്ന ജ്ഞാനശാസ്ത്രപരമായ മുന്നേറ്റങ്ങളെ സാധ്യമാക്കാന്‍ അതിനാല്‍ അധ്യാപനത്തിന് ചരിത്രപരമായിത്തന്നെ ആഹ്വാനമുണ്ട്. പാഠ്യവിഷയത്തിന്റെ സ്വഭാവത്തെക്കുറിച്ചു തന്നെ വിമര്‍ശനങ്ങളുണ്ട്. അതുപോലെ സാമൂഹികമായി നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക വിശേഷാധികാരങ്ങള്‍ വിജ്ഞാനത്തിനു മുകളില്‍ സ്ഥാനമുറിപ്പിക്കുന്നു. ജ്ഞാനോല്‍പ്പാദനത്തിന്റെ കാതലായ ഭാഗത്തുനിന്ന് അകറ്റിനിര്‍ത്തപ്പെട്ട സമൂഹങ്ങള്‍ പ്രിവിലേജ്ഡ് ഗ്രൂപ്പുകളുടെ ഏകതാനമായ വിദ്യാഭ്യാസ നയത്തിന്റെ നിലവിലുള്ള യുക്തിയെ പുനര്‍വായിക്കേണ്ടതുണ്ട്. ജാതിമുക്തമായ സമൂഹങ്ങളിലും ഇൻഡ്യൻ ഉന്നത വിദ്യാഭ്യാസക്രമത്തിലെ ഉള്‍ക്കൊളളലുകളും (inclusions) പുറന്തള്ളലുകളും നിലനില്‍ക്കുന്നുണ്ട്. ഉള്‍ക്കൊള്ളല്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെ പ്രതിഫലിപ്പിക്കുന്നതിനായി പ്രബല ഗ്രൂപ്പുകളുടെ ന്യൂനവാദപരവും (reductionist) സമഗ്രാധിപത്യപരവും മതകീയവും ഒപ്പം രീതിശാസ്ത്രബന്ധിതവുമായ ലോകത്തില്‍ നിന്നും അധഃസ്ഥിതരുടെ ധാര്‍മ്മിക വിദ്യാഭ്യാസത്തെ (moral education) മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

കടപ്പാട്: കോൺഫ്ലുവൻസ് [http://confluence.ias.ac.in/deferred-question-of-educational-justice-unveiling-the-brahminic-insouciance-towards-dalits-education/]

മൊഴിമാറ്റം: റമീസുദ്ധീൻ വി.എം

 • Beteile, Andre (2006). ‘The School as an Institution’, In Kumar Rajni, Anil Sethi and Shalini Sikka (ed.). School, Society, Nation: Popular Essays in Education, Hyderabad: Orient Longman, pp. 166-178.
 • Baviskar, Amita (2021). “Ashoka and After: The Universities We Believe In”, The Wire, https://thewire.in/education/why-singling-out-ashoka-does-promoting-universities-in-india-no-good
 • Deshpande, Satish (2016). “The Public University after Rohit-Kanhaiya”, Economic and Political Weekly, 51(11), pp. 32-34.
 • Farooq, Omer (2016). “Rohit Vemula: The Student who died for Dalit Rights” https://www.bbc.com/news/world-asia-india-35349790 Accessed on 8th December, 2021.
 • Gill, Seerat Kaur and Gurparkash Singh (2020). “Ideologies and Their Impact on Higher Education”, Economic and Political Weekly, 55(15), pp.19-21.
 • Guru, Gopal (2002). “How Egalitarian are the Social Sciences in India”, Economic and Political Weekly, 37(50), pp. 5003-5009.
 • Indian Express (2021). “Despite Removal of Prof: MGU Dalit Research Student to Continue Protest”, 07th November 2021
 • Jogdand, P.G. (2007). “Reservation Policy and the empowerment of Dalits”, In Michel, S.M. (ed.). Dalits in Modern India: Vision and Values, New Delhi: Sage Publications.
 • Khokar, Vani. (2021). “How I survived a ‘Woke’ Indian College as Dalit Trans Student” https://www.arre.co.in/pov/how-i-survived-a-woke-indian-college-as-a-dalit-trans-student/
 • Mishra, Sidharth (2021). “Political Liability: From Liberal to A Comprador Campus”, New Indian Express, 22nd March, 2021.
 • Neelakandan, Sanil Malikappurath and Smita M. Patil (2012). “Complexities of Inclusion and Exclusion: Dalit Students and Higher Education in India”, Journal of Social Inclusion, pp. 86-100. http://doi.org/10.36251/josi.44Accessed on 12th December, 2021.
 • Ovichegan, Samson K. (2015). Faces of Discrimination in Higher Education in India: Quota Policy, Social Justice and the Dalits, London and New York: Routledge.
 • Pathania, Gaurav (2020). “Cultural Politics of Historically Marginalized Students in Indian Universities”, Critical Times: Interventions in Global Critical Theory, 3(3), pp. 534-550.
 • Senthil Solidarity Committee (2008) “Caste, Higher Education and Senthil’s Suicide”, Economic and Political Weekly, 43(33), pp. 10-12.
 • Shaikh, Almas (2021). “Dismantling Casteism: Role of Law in Protecting Students” https://www.theleaflet.in/dismantling-casteism-role-of-law-in-protecting-students/ Accessed on 12th December, 2021.
 • Shantha, Sukanya (2020). “Payal Tadvi Suicide Case: Supreme Court Allows Accused Doctors to Pursue Education, The Wire, 8th October 2020. Accessed on 8th December 2021.
 • Singh, Yuvraj (2021). “Why Indian Teachers Must Become Anti-Caste Practitioners First, The Wire, 28th April. https://thewire.in/caste/why-indian-teachers-must-become-anti-caste-practitioners-first Accessed on 08th December 2021.
 • Zulaikha, Raniya (2021). “Dalit Scholar in Kerala burnt his PhD Thesis, Accuses Universities Left Govt. of Excluding from Jobs” https://maktoobmedia.com/2021/03/12/dalit-scholar-in-kerala-burnt-his-phd-thesis-accuses-universities-left-govt-of-excluding-from-jobs/ Accessed on 8th December, 2021.
Top