ഭാവിയുടെ സൂര്യന്‍

തൊട്ടുകൂടാത്തവനായി ജനിച്ച ആ മനുഷ്യന്‍ പ്രബുദ്ധനായ ഒരു വിമോചകനും ലോകാധ്യാപകനുമായാണ് വിടവാങ്ങിയത്. ആ യാത്രയില്‍ തന്‍െറ ജനതയെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ബഹുജനങ്ങളെയും ശൂദ്രരും അതിശൂദ്രരും ബ്രാഹ്മണരും ഇതര മതസ്ഥരുമെല്ലാമടങ്ങുന്ന ജനസഞ്ചയത്തെ തന്നെയും ഒരു പുതിയ ജനായത്ത സമൂഹത്തിലേക്കും മാനവിക സംസ്കാരത്തിലേക്കും പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് അംബേദ്കര്‍ അനശ്വരനായത്. താരതമ്യങ്ങളില്ലാത്ത ആ ജീവിതസമരവും വിമോചന പ്രയോഗവും ആശയസംഹിതയുമാവും വര്‍ത്തമാന ദുരവസ്ഥകളില്‍ ഇന്ത്യക്ക് മാര്‍ഗദര്‍ശനം തരുന്നത്. ഫാഷിസം രാജ്യത്തെ വിഴുങ്ങാനായുന്ന വംശഹത്യാത്മകമായ ഹിംസാസന്ദര്‍ഭത്തില്‍, രോഹിത് വെമുലയെ പോലുള്ള നിരവധി ദലിത് രക്തസാക്ഷികള്‍ ജീവിതം കൊടുത്തുയര്‍ത്തിപ്പിടിച്ച ദര്‍ശനവും സാമൂഹിക ജനായത്തപ്രയോഗവും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. അക്കാദമികളും മാധ്യമങ്ങളും അംബേദ്കറിസത്തെക്കുറിച്ചുള്ള പുതുചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കേണ്ടിയിരിക്കുന്നു.

അംബേദ്കറെന്ന തന്നാമ ചതുരക്ഷരി മന്ത്രമായ് ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം
(സഹോദരന്‍ അയ്യപ്പന്‍, ‘ജാതിഭാരതം’)

സൂര്യനെയും ചുമന്നുകൊണ്ടുവന്ന ഒരുസംഘം ചെറുപ്പക്കാരെക്കുറിച്ച് സി. അയ്യപ്പന്‍ ‘സ്മാരകം’ എന്ന കഥയില്‍ പറയുന്നു.  നാട്ടുകവലയില്‍ നിന്ന ഗാന്ധിപ്രതിമയില്‍ കാക്കകളുടെ ശല്യം അസഹ്യമായപ്പോള്‍ നാട്ടുകാര്‍ രണ്ടുചേരിയായി വാഗ്വാദം നടത്തുന്നു. കാക്കകളെ ഓടിക്കാന്‍ ഒരാളെ നിയമിക്കാനായി പ്രക്ഷോഭം നടത്തണമെന്നൊരു പക്ഷം. വേണ്ട, പ്രതിമ പൊടിച്ച് പുണ്യപുരാണ നദികളില്‍ ഒഴുക്കണമെന്ന് മറുപക്ഷം. പ്രതിമ മനസ്സില്‍ മതി കാരണം മനസ്സില്‍ കാക്ക കടന്നുവന്നു തോന്ന്യാസം കാട്ടില്ലല്ളോ എന്നതാണ് യുക്തി.  അപ്പോഴാണ് സൂര്യനെയും ചുമന്നുകൊണ്ട് കിഴക്കുനിന്ന് ചില ചെറുപ്പക്കാര്‍ വന്നത്.  അവരുടെ വര്‍ത്തമാനം കേട്ട് അവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരെന്ന് ചില നാട്ടുകാര്‍ പറയുന്നു.  ചെറുപ്പക്കാര്‍ രണ്ടുപക്ഷത്തെയും പറഞ്ഞൊതുക്കിയത് ഇപ്രകാരമായിരുന്നു. പ്രതിമ ഇതുപോലെ തന്നെ ഒരു നൂറ്റാണ്ടത്തേക്കുകൂടി നിര്‍ത്തണം.  പ്രതിമയില്‍ കാഷ്ഠിക്കുന്ന കാക്കകളെ ആട്ടിയോടിക്കാനും പാടില്ല. കാരണം, ഭൂതകാലത്തിനും അതിന്‍െറ പകവീട്ടാനവസരം കൊടുക്കണം. കാക്കകള്‍ പരേതരുടെ ആത്മാക്കളല്ളോ എന്നു പറഞ്ഞുകൊണ്ട് കഥയവസാനിക്കുന്നു.

ഇവിടെ ചെറുപ്പക്കാരാല്‍ വീണ്ടെടുക്കപ്പെടുന്ന സൂര്യന്‍ തീര്‍ച്ചയായും ഇന്ത്യയിലെ അടിത്തട്ടിലുള്ള ജനങ്ങളുടെ വിമോചന സ്വപ്നവും വെളിച്ചവും പ്രതീക്ഷയുമായ അംബേദ്കറാണ്.  മറാത്തി കവിതയിലും മറ്റും ഉദിച്ചുയരുന്ന സൂര്യന്‍ ബാബാസാഹേബിനെ കുറിക്കുന്ന ഒരു വിമോചക സൂചകമാണ്. കിഴക്കിന്‍െറ വെളിച്ചമായുള്ള തഥാഗതനെ കാലികമായി വ്യാഖ്യാനിച്ച ഇന്ത്യയുടെ നവബുദ്ധനായ അംബേദ്കറുടെ ഉദയത്തെയാണിവിടെ കഥനം സൂചിപ്പിക്കുന്നത്. പഠിക്കുക, സംഘടിക്കുക, പോരാടുക എന്ന മുദ്രാവാക്യമാണ് അംബേദ്കര്‍ ഇന്ത്യയിലെ അധസ്ഥിത യുവചേതനക്ക് നല്‍കിയത്. അംബേദ്കറെ ഭൂതകാലത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ഇന്ത്യയിലെ ദലിത് ബഹുജന കോടികളെ സംബന്ധിച്ചിടത്തോളം പ്രസക്തമാക്കുന്നതും ഈ അതിജീവന രാഷ്ട്രീയമാണ്.  രാമരാജ്യമായും ഹിന്ദുരാഷ്ട്രമായും ഹിന്ദുസ്വരാജായുമെല്ലാം വിഭാവനം ചെയ്യപ്പെട്ട ഒരിന്ത്യയില്‍ ജാതിഹിന്ദുത്വത്തിന്‍െറ അപരങ്ങളും അടിമകളുമായിരുന്ന ഒരു വമ്പിച്ച ജനതതിയുടെ അതിജീവന സമരവുമായി അഭേദ്യമായി ബന്ധപ്പെട്ട നാമവും വിമോചന കര്‍തൃത്വവുമാണ് അംബേദ്കര്‍.

  • നൈതികതയുടെ ശില്‍പി

ഇത്തരം സാമൂഹിക-ചരിത്ര സാഹചര്യങ്ങളില്‍നിന്നാണ് അംബേദ്കറെ പോലൊരു വിമോചന കര്‍തൃത്വം ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലുള്ള തൊട്ടുകൂടാത്തവരായ ദലിതരില്‍നിന്ന് ഉയര്‍ന്നുവന്നത്.  വെള്ളം കുടിക്കാനും വഴിനടക്കാന്‍പോലും വിഷമിച്ച ആ തൊട്ടുകൂടാത്തവനാണ് ഇന്ത്യന്‍ പ്രബുദ്ധതയുടെയും ആധുനികതയുടെയും നൈതികമായ ഭരണഘടനയുടെയും വാസ്തുശില്‍പിയായി മാറിയത്.  ഐതിഹാസികവും സമാനതകളില്ലാത്തതുമായ ജീവിതസമരവും രചനാലോകവുമാണ് ഭീമാറാവു റാംജി അംബേദ്കര്‍ അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍െറ നവയാനത്തിന്‍െറ അനുരണനങ്ങള്‍ ആരംഭിക്കുന്നതേയുള്ളൂ. ഇന്ത്യയിലെ വിമര്‍ശബോധവും സര്‍ഗാത്മകതയുമുള്ള യുവജനതയുടെ ഭാവിയെ വരുംകാലങ്ങളിലും പ്രചോദിപ്പിക്കുന്ന ചരിത്രപരമായ ഇടപെടലുകളും പരിവര്‍ത്തനങ്ങളും വിമോചനയാനങ്ങളുമാണ് ബാബാസാഹേബ് സാധ്യമാക്കിയത്. ഗാന്ധിയെ പരമ്പരാഗതമായി പരിശുദ്ധ പിതൃരൂപമായി കാണുമ്പോള്‍ ഭീമിനെ തങ്ങളുടെ സ്വന്തം വഴിയും സ്വപ്നവുമായ കുട്ടിയായും വിമോചകനായ സന്താനമായും ബഹുജനങ്ങള്‍ കാണുന്നു.

ഇന്ന് സി. അയ്യപ്പന്‍െറ കഥയിലേതുപോലെ ദശകങ്ങളായി കവലയില്‍ കാക്കകള്‍ വൃത്തികേടാക്കുന്ന ഗാന്ധിപ്രതിമകള്‍ക്കു പകരം അംബേദ്കറുടെ ചിത്രങ്ങളും ശില്‍പങ്ങളും ഇന്ത്യയുടെ മുക്കിലും മൂലയിലും ഉയര്‍ന്നുവരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുസ്ഥാപനങ്ങളിലുമെല്ലാം അംബേദ്കറുടെ ചിത്രം പതിയെ ഗാന്ധിപ്രതിമയെ ആദേശം ചെയ്യുകയോ അതിനോടൊപ്പം രംഗത്തുവരുകയോ ചെയ്തിരിക്കുന്നു.  പാശ്ചാത്യ ആധുനികതയുടെ വേഷവിധാനങ്ങളോടെ പ്രത്യക്ഷപ്പെടുന്ന അംബേദ്കര്‍ ഇന്ത്യന്‍ ആധുനികതയെയും പ്രതിനിധാനം ചെയ്യുന്നു. ‘അംബേദ്കറുടെ അര്‍ഥം’ എന്നപേരില്‍ എലീനര്‍ സെല്യോട് ഒരു ഉപന്യാസംതന്നെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ കൈയിലുള്ള ഗ്രന്ഥം സാമൂഹിക ഉടമ്പടിയുടെ നൈതികരേഖയായ ഇന്ത്യന്‍ ഭരണഘടനയാണെന്ന് സെല്യോടും പിന്നീട് ഗെയില്‍ ഓംവെദും വ്യാഖ്യാനിക്കുന്നു. അംബേദ്കറിസത്തെ ഇന്നത്തെ രീതിയില്‍ അക്കാദമികമായും ജ്ഞാനസിദ്ധാന്തപരമായും വീണ്ടെടുത്തത് വിദേശത്തുനിന്നുവന്ന് ഇന്ത്യന്‍ ജനതയെ അറിഞ്ഞ് ഇന്ത്യക്കാരായി മാറിയ ഈ ധീരവനിതകളുടെ ശ്രമഫലമായാണ്. ഇന്ത്യയിലെ സാമൂഹികനീതിയുടെ പാഠം എന്ന നിലയിലാണ് ആ പുസ്തകം ഭരണഘടനയായി മാറുന്നത്.  എന്നാല്‍, അംബേദ്കറും ബുദ്ധമതവും എന്ന ഗ്രന്ഥത്തില്‍ ഭിക്കു സംഘരക്ഷിത അടയാളപ്പെടുത്തുന്നത് ബൗദ്ധ ബൈബ്ളായി അംബേദ്കര്‍ ജീവിതാന്ത്യത്തില്‍ പൂര്‍ത്തീകരിച്ച ബുദ്ധനും ബുദ്ധധര്‍മവുമാണാ പുസ്തകം എന്നാണ്.  റഷ്യയില്‍ ലെനിന്‍െറയും ചൈനയില്‍ മാവോയുടെയും പ്രതിമകള്‍ വീഴുന്നതും നീക്കംചെയ്യപ്പെടുന്നതും നാം ചരിത്രത്തില്‍ കണ്ടു. ഇന്ത്യയിലുടനീളം ഉയരുന്ന അംബേദ്കര്‍ പ്രതിമകള്‍ അധ$സ്ഥിതരുടെ ആദരവും അതിജീവന സ്വപ്നവും ഭാവിയുടെ പ്രതീക്ഷയുമായി അംബേദ്കറെ വീണ്ടും മണ്ണിലും മനസ്സിലും കുടിയിരുത്തുകയാണ്. ഭരണഘടനയേന്തുന്ന ഈ രാജ്യതന്ത്രജ്ഞന്‍ ഒരു ദേശീയനേതാവും ഇന്ത്യന്‍ ഭരണവ്യവസ്ഥയത്തെന്നെ ചിട്ടപ്പെടുത്തിയ രാഷ്ട്രമീമാംസകനുമാണ്. അദ്ദേഹത്തിന്‍െറ ചൂണ്ടുവിരല്‍ സാമൂഹികനീതിയിലേക്കും ഭാവിയുടെ ജനായത്തത്തിലേക്കും വിരല്‍ ചൂണ്ടുന്നതാണെന്നതില്‍ രണ്ടുപക്ഷമില്ല.  അധീശ ദേശീയവാദത്തിന്‍െറ വിമര്‍ശവും സാമൂഹിക ജനായത്തത്തിന്‍െറ സൂചനയും അദ്ദേഹത്തിന്‍െറ നിലയിലും നോക്കിലും ഉള്ളടങ്ങുന്നതായും വ്യാഖ്യാനിക്കാവുന്നതാണ്.

നാരായണഗുരുവിന്‍േറതിന് സമാനമായ ഒരാത്മവിമര്‍ശവും ദേശീയവാദവിമര്‍ശവും അംബേദ്കറുടെ വേഷഭൂഷാദികളിലും ഭാവഹാവാദികളിലും വായിച്ചെടുക്കാവുന്നതാണ്.  തന്‍െറ കാലത്ത് ജീവിക്കുകയും കാലത്തത്തെന്നെ മാറ്റിമറിക്കുകയും ചെയ്ത ഒരു സാമൂഹിക ചിന്തകനെയും സംസ്കാര-രാഷ്ട്രീയ പ്രവര്‍ത്തകനെയും നമുക്കാ രൂപത്തില്‍ വായിക്കാം. തൊട്ടുകൂടാത്തവനായി ജനിച്ച് തിരസ്കാരങ്ങളിലൂടെയും കടുത്ത അവഹേളനം സഹിച്ചും ഇന്ത്യയില്‍ പ്രാഥമിക വിദ്യാഭ്യാസം ആര്‍ജിച്ച് മികച്ച വിദ്യാര്‍ഥിക്കുള്ള സ്കോളര്‍ഷിപ്പോടെ 1910കളില്‍ തന്നെ അമേരിക്കയിലും യൂറോപ്പിലും പോയി ഉന്നതവിദ്യാഭ്യാസ ബിരുദങ്ങളും ഗവേഷണ ബിരുദങ്ങളും കരസ്ഥമാക്കിയ അസാധാരണ പ്രതിഭയാണദ്ദേഹം.  ഇന്ത്യയുടെ ജലസേചനം, ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട നയസമീപനങ്ങള്‍ രൂപവത്കരിച്ചത് അംബേദ്കറാണ്.  ഇന്ത്യയുടെ പദ്ധതിയാവിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക സമീക്ഷകളും നടത്തിയത് അദ്ദേഹംതന്നെ.  മിലിന്ദും സിദ്ധാര്‍ഥയുമടക്കം നിരവധി കോളജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബഹിഷ്കൃതര്‍ക്കായി സ്ഥാപിച്ചതും നടത്തിയതും മറ്റാരുമല്ല. പശ്ചിമേന്ത്യയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനവും അധ$സ്ഥിതരുടെ സംഘടനകളും രൂപവത്കരിച്ച് വികസിപ്പിച്ചതും അംബേദ്കറാണ്.  ഭരണഘടനാ സമിതിയുടെ അധ്യക്ഷന്‍, ഇന്ത്യയിലെ ആദ്യ നിയമമന്ത്രി എന്നിങ്ങനെയെല്ലാം അംബേദ്കര്‍ ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്‍െറ നിര്‍മിതിയില്‍ അനന്യമായ സംഭാവനകള്‍ ചെയ്തിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്താനായി അദ്ദേഹം കൊണ്ടുവന്നതാണ് ഹിന്ദുകോഡ് ബില്‍.  ലിംഗസമത്വത്തിനായുള്ള ഉറച്ച നിലപാടിനുവേണ്ടി രാഷ്ട്രീയാധികാരം ത്യജിക്കാനും അംബേദ്കറുടെ നീതിബോധം അദ്ദേഹത്തെ സജ്ജനാക്കിയിരുന്നു.

  • അമൂല്യമായ രാഷ്ട്രമീമാംസ

നൂറ്റാണ്ടുകളായി വര്‍ണ-ജാതി പ്രത്യയശാസ്ത്രവും പൗരോഹിത്യ ആണ്‍കോയ്മയും കോളനിവത്കരിച്ച ഒരു പരമ്പരാഗത സമൂഹത്തെ വിദ്യാഭ്യാസപരമായും നിയമപരമായും ഒരാധുനിക ജനായത്ത സമൂഹവും രാഷ്ട്രവുമാക്കി എന്നതാണ് അദ്ദേഹത്തിന്‍െറ അമൂല്യമായ രാഷ്ട്രമീമാംസ. അധീശ ജാതി, മത സ്വത്വങ്ങളെയോ പ്രദേശത്തെയോ ഭാഷയെയോ കേന്ദ്രീകരിക്കുന്ന ദേശീയവാദമായിരുന്നില്ല അംബേദ്കറുടെ ജനായത്തപരവും ഉദാരവുമായ ദേശീയബോധം.  അതു മതേതരവും ജനായത്തപരവും സമത്വപൂര്‍ണവുമായ ഒരാധുനിക സമൂഹത്തെയും ക്ഷേമരാഷ്ട്രത്തെയും നിര്‍മിച്ചെടുക്കാനുള്ള തത്ത്വവും പ്രയോഗവുമായിരുന്നു.

അടുത്തകാലത്ത് ഹസാരെയുടെയും കെജ്രിവാളിന്‍െറയും പ്രസ്ഥാനങ്ങള്‍ സ്വയം വെളിപ്പെടുത്തിയതുപോലെ നവദേശീയവാദവും നവഗാന്ധിസവും തമ്മില്‍ അധികം ദൂരമില്ല എന്നതാണ് സത്യം.  നവദേശീയവാദികളെല്ലാം നവഗാന്ധിയന്മാരാണെന്നു മാത്രമല്ല, ഇന്ത്യയുടെ ഹിന്ദുസംസ്കാര ദേശീയതയെ ഉപജീവിച്ചും പ്രചരിപ്പിച്ചുമാണ് ഈ പഴകിയ പ്രച്ഛന്ന ദേശീയവാദം പുതിയകുപ്പിയില്‍ രംഗത്തുവരുന്നതും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതും.  ഈ ഹിന്ദുദേശീയവാദ പരിപ്രേക്ഷ്യത്തില്‍നിന്നുള്ള പൂര്‍ണമായ വിടുതിയാണ് അംബേദ്കറുടെ മതേതരമായ രാജ്യാന്തര ആധുനികതയും ഭരണഘടനാപരമായ ജനായത്ത സങ്കല്‍പവും.  ജനായത്ത സങ്കല്‍പം കേവലം പാശ്ചാത്യം മാത്രമല്ളെന്നും ഇന്ത്യയിലും ജനായത്തത്തിന്‍െറ പൂര്‍വരൂപങ്ങളുണ്ടെന്നും അതു സാമൂഹിക ഉച്ചനീചത്വത്തെ വെല്ലുവിളിച്ച നൈതികമായ ബുദ്ധസംഘങ്ങളിലാണ് കാണുന്നതെന്നും തന്‍െറ ജനായത്തസങ്കല്‍പം തദ്ദേശീയമായ പ്രബുദ്ധതയുടെ സംസ്കാരമായ ബുദ്ധധര്‍മത്തില്‍നിന്നാണ് ആഴത്തില്‍ വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അന്തരിച്ച ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരി മായ ഏഞ്ചലോ തന്നെക്കുറിച്ചുതന്നെ പാടിയപോലെ അടിമയുടെ അനശ്വരമായ പ്രതീക്ഷയും സ്വപ്നവുമാണ് അദ്ദേഹം.  ലോകത്തെ മാറ്റിപ്പണിയാന്‍ മാര്‍ക്സിനെപ്പോലെ ഒരു സാമ്പത്തിക സിദ്ധാന്തം മാത്രമല്ല അംബേദ്കര്‍ ആവിഷ്കരിച്ചത്.  സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ഘടനകളിലുള്ള പൊളിച്ചെഴുത്തും നവനിര്‍മിതിയും അദ്ദേഹത്തിന്‍െറ ദര്‍ശനത്തിലും ജീവിതപ്രയോഗത്തിലും കാണാം. മനുവിന്‍െറ മനുഷ്യവിരുദ്ധമായ ബ്രാഹ്മണിക നിയമാവലിയെ അദ്ദേഹം ആധുനികവും നൈതികവും മാനവികതക്ക് നിരക്കുന്നതുമായ നിയമാവലികൊണ്ട് മാറ്റിത്തീര്‍ത്തു.  മാര്‍ക്സ് വേണ്ടത്ര ശ്രദ്ധകൊടുക്കാതിരുന്ന സാമ്പത്തികേതരമായ ഘടകങ്ങളെ, പ്രത്യേകിച്ചും മതത്തിന്‍െറയും സമുദായത്തിന്‍െറയും നിര്‍ണായകത്വത്തെ അംബേദ്കര്‍ ഇന്ത്യന്‍ സന്ദര്‍ഭങ്ങള്‍ക്ക് ചേര്‍ന്നരീതിയില്‍ വിശകലനം ചെയ്യുകയും വിമോചനത്തിന്‍െറ സമഗ്രവഴി ചൂണ്ടിക്കാട്ടുകയും ചെയ്തു.    തൊട്ടുകൂടാത്തവനായി ജനിച്ച ആ മനുഷ്യന്‍ പ്രബുദ്ധനായ ഒരു വിമോചകനും ലോകാധ്യാപകനുമായാണ് വിടവാങ്ങിയത്.  ആ യാത്രയില്‍ തന്‍െറ ജനതയെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ബഹുജനങ്ങളെയും ശൂദ്രരും അതിശൂദ്രരും ബ്രാഹ്മണരും ഇതര മതസ്ഥരുമെല്ലാമടങ്ങുന്ന ജനസഞ്ചയത്തെ തന്നെയും ഒരു പുതിയ ജനായത്ത സമൂഹത്തിലേക്കും മാനവിക സംസ്കാരത്തിലേക്കും പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് അംബേദ്കര്‍ അനശ്വരനായത്.  താരതമ്യങ്ങളില്ലാത്ത ആ ജീവിതസമരവും വിമോചന പ്രയോഗവും ആശയസംഹിതയുമാവും വര്‍ത്തമാന ദുരവസ്ഥകളില്‍ ഇന്ത്യക്ക് മാര്‍ഗദര്‍ശനം തരുന്നത്. ഫാഷിസം രാജ്യത്തെ വിഴുങ്ങാനായുന്ന വംശഹത്യാത്മകമായ ഹിംസാസന്ദര്‍ഭത്തില്‍, രോഹിത് വെമുലയെ പോലുള്ള നിരവധി ദലിത് രക്തസാക്ഷികള്‍ ജീവിതം കൊടുത്തുയര്‍ത്തിപ്പിടിച്ച ദര്‍ശനവും സാമൂഹിക ജനായത്തപ്രയോഗവും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്.  അക്കാദമികളും മാധ്യമങ്ങളും അംബേദ്കറിസത്തെക്കുറിച്ചുള്ള  പുതുചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കേണ്ടിയിരിക്കുന്നു.
_________________
(കാലടി സംസ്കൃത സര്‍വകലാശാല ഇംഗ്ളീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)

Top