നീതി തേടി ഹൈദരാബാദ്
ഹൈദരാബാദ് വീണ്ടും ‘ദേശീയ’രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അത് ഒരുപക്ഷേ, ജെഎന്‍യുവിന്റെ ദേശീയ രാഷ്ട്രീയം തള്ളിക്കളഞ്ഞ ഒരുപാട് പ്രമേയങ്ങളെ തിരിച്ചുകൊണ്ടുവരും. രോഹിതിന്റെ രാഷ്ട്രീയം ഒട്ടേറെ പ്രമേയങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നല്ലോ. ദലിത് രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോവുമ്പോഴും മുസ്‌ലിംകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെയും എതിര്‍ത്തിരുന്ന രോഹിത് വെമുല കീഴാളസമുദായങ്ങളുടെ സഖ്യത്തിന്റെ ഒരു രാഷ്ട്രീയമാണ് ഉന്നയിച്ചിരുന്നത്. രോഹിത് വെമുലയുടെ നീതിക്കുവേണ്ടിയുള്ള സമരം അത്തരം കീഴാള രാഷ്ട്രീയത്തെ പുതിയ ദിശയിലേക്കു വികസിപ്പിക്കുന്ന ഒന്നായിരിക്കും. ഹൈദരാബാദിലെ വിദ്യാര്‍ഥിസമൂഹം നീതിതേടി സമരം ചെയ്യുമ്പോള്‍ ഭാവിയിലെ വിദ്യാര്‍ഥിരാഷ്ട്രീയം തന്നെ പുനര്‍നിര്‍വചിക്കപ്പെടുകയാണെന്നു പറയാം.
ഹൈദരാബാദ് വീണ്ടും സജീവമായി. രോഹിത് വെമുലയെ ആത്മഹത്യയിലേക്കു തള്ളിവിട്ട യൂനിവേഴ്‌സിറ്റി അധികാരികള്‍ക്കെതിരേ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു ഹൈദരാബാദിലെ വിദ്യാര്‍ഥികളും സമരത്തെ പിന്തുണച്ചിരുന്ന പുറത്തുനിന്നുള്ളവരും. ഈ അവസരത്തിലാണ് രോഹിതിന്റെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ചതില്‍ പ്രധാനിയായ വിസി അപ്പാറാവു മടങ്ങിവരുന്നത്. വിസിയെ പുറത്താക്കാനും അയാള്‍ക്കെതിരേ അന്വേഷണം നടത്താനും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് വിദ്യാര്‍ഥിസമരത്തെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് അഹങ്കാരത്തോടെ വിസി തിരികെ ഓഫിസിലെത്തുന്നത്. ഇതിനെതിരേ പ്രതിഷേധവുമായി ഔദ്യോഗിക വസതിയിലെത്തിയ വിദ്യാര്‍ഥികളെ ഭീകരമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പാറാവുവിന് പിന്തുണയുമായി വളരെ പ്രത്യക്ഷമായി തന്നെ എബിവിപി അയാളുടെ വസതിയില്‍ ഉണ്ടായിരുന്നുവെന്നത് സംഘപരിവാരം വിസിയെ സംരക്ഷിക്കുന്നതിന്റെ തെളിവാണ്. ഞാനിതെഴുതുന്ന അവസരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 27 വിദ്യാര്‍ഥികളുടെയും രണ്ട് അധ്യാപകരുടെയും ജാമ്യം പരിഗണിക്കപ്പെട്ടിരുന്നില്ല. അറസ്റ്റ് ചെയ്യുന്ന സമയത്ത് നിയമപരമായി പാലിക്കേണ്ട ചുമതലകള്‍ ഒന്നും പാലിക്കാതെയാണ് പോലിസ് ഈ നടപടികള്‍ ചെയ്തത്.
വളരെ ഭീകരമായ വിദ്യാര്‍ഥി വേട്ടയായിരുന്നു മാര്‍ച്ച് 22നു ഹൈദരാബാദില്‍ നടന്നതെന്ന് വിദ്യാര്‍ഥികള്‍ പങ്കുവച്ച വീഡിയോകള്‍ തെളിയിക്കുന്നു. ഇതിനോടകം വ്യക്തമാക്കപ്പെട്ടതുപോലെ പോലിസ് ലക്ഷ്യം വച്ചത് ദലിത്, മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയായിരുന്നു. പലരും സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന സാഹചര്യങ്ങളില്‍നിന്നു വന്നവര്‍. വിദ്യാര്‍ഥികളോട് പേര് ചോദിക്കുകയും മുസ്‌ലിം പേരുള്ളവരെ ‘പാകിസ്താനികള്‍’, ‘തീവ്രവാദികള്‍’ എന്നു വിളിച്ചുകൊണ്ട് നേരിടുകയുമാണ് പോലിസ് ചെയ്തത്. വിദ്യാര്‍ഥിനികളെ, പ്രത്യേകിച്ചും ദലിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേവലം വിദ്യാര്‍ഥി വേട്ടയ്ക്കപ്പുറം പോലിസിന്റെ വംശീയ, ജാതീയ ഇടപെടലിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭത്തോടുള്ള ഏറ്റവും ക്രൂരമായ പകപോക്കലായിരുന്നു ഇത്. ഭക്ഷണം, വെള്ളം, ഇന്റര്‍നെന്റ് കണക്ഷന്‍, എടിഎം എല്ലാം നിഷേധിച്ചുകൊണ്ട് വന്‍ രാഷ്ട്രങ്ങള്‍ ചെറുരാഷ്ട്രങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്ന ഉപരോധം തന്നെയാണ് ഭരണകൂടം നടപ്പാക്കിയത്.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ ഇത്രയും ജനാധിപത്യ വിരുദ്ധമായി നേരിടുന്നത് ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. മാധ്യമപ്രവര്‍ത്തകരെയും പുറത്തുനിന്ന് വിദ്യാര്‍ഥികളെ പിന്തുണയ്ക്കാന്‍ വന്നവരെയും അകത്തേക്കു കടത്തിവിടാതെ കാംപസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയുടെ രാഷ്ട്രീയത്തിന് പ്രവേശനം നിഷേധിക്കുക എന്നതാണ് അവര്‍ ലക്ഷ്യം വച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് വളരെ ശക്തമായി രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്നതുകൊണ്ടുതന്നെ വിദ്യാര്‍ഥി കള്‍ക്കെതിരായ പകപോക്കലിനെതിരേ ഒരു പൊതുബോധം വികസിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ഒറ്റപ്പെടുത്തല്‍ ശ്രമം. ഇന്റര്‍നെറ്റ് കട്ട് ചെയ്തതും അതിനായിരുന്നു. എന്നാല്‍, സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ അധികാരികള്‍ വിചാരിച്ചതിലും അപ്പുറമായിരുന്നു. പോലിസ് നടത്തിയ അതിക്രമത്തിന്റെ വീഡിയോയും വിദ്യാര്‍ഥികളുടെ ആഖ്യാനങ്ങളും വൈറലായി. ഇതോടുകൂടി പുറത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു.
ഹൈദരാബാദിലെ മൂന്നു സര്‍വകലാശാലകളുടെ രാഷ്ട്രീയാന്തരീക്ഷം പരിഗണിക്കുകയാണെങ്കില്‍ ഒരുപക്ഷേ, കുറച്ചു വര്‍ഷങ്ങളായി ജാതി, മുസ്‌ലിം രാഷ്ട്രീയം എന്നിവ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരിടമായിരിക്കും. എഎസ്എ, ദലിത് ആദിവാസി മൈനോറിറ്റി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ വിദ്യാര്‍ഥി ബഹുജന്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ദലിത്, ആദിവാസി, ബഹുജന്‍, മുസ്‌ലിം രാഷ്ട്രീയാവകാശങ്ങള്‍ സജീവമായി നില്‍ക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ സാഹചര്യം ഉയര്‍ന്നുവരുകയും ചെയ്തിട്ടുണ്ട്. ഇഫ്‌ലു, എച്ച്‌സിയു, ഉസ്മാനിയ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച അസുര ഫെസ്റ്റ്, ബീഫ് ഫെസ്റ്റിവല്‍ അടക്കം ഹിന്ദുത്വ/ജാതീയ വ്യവഹാരങ്ങള്‍ക്കെതിരായ പരിപാടികള്‍ ജാതിവിരുദ്ധമായ ഒരു അന്തരീക്ഷം തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. യാക്കൂബ് മേമന്‍, അഫ്‌സല്‍ ഗുരു എന്നിവരുടെ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ക്കെതിരേ പ്രതിഷേധങ്ങളും ഇവിടെ നടന്നു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ ഇത്രയും ജനാധിപത്യവിരുദ്ധമായി നേരിടുന്നത് ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. മാധ്യമപ്രവര്‍ത്തകരെയും പുറത്തുനിന്ന് വിദ്യാര്‍ഥികളെ പിന്തുണയ്ക്കാന്‍ വന്നവരെയും അകത്തേക്കു കടത്തിവിടാതെ കാംപസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയുടെ രാഷ്ട്രീയത്തിന് പ്രവേശനം നിഷേധിക്കുക എന്നതാണ് അവര്‍ ലക്ഷ്യം വച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് വളരെ ശക്തമായി രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്നതുകൊണ്ടുതന്നെ വിദ്യാര്‍ഥി കള്‍ക്കെതിരായ പകപോക്കലിനെതിരേ ഒരു പൊതുബോധം വികസിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ഒറ്റപ്പെടുത്തല്‍ ശ്രമം. ഇന്റര്‍നെറ്റ് കട്ട് ചെയ്തതും അതിനായിരുന്നു. എന്നാല്‍, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ അധികാരികള്‍ വിചാരിച്ചതിലും അപ്പുറമായിരുന്നു. പോലിസ് നടത്തിയ അതിക്രമത്തിന്റെ വീഡിയോയും വിദ്യാര്‍ഥികളുടെ ആഖ്യാനങ്ങളും വൈറലായി.
ഇവിടങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന സൈദ്ധാന്തിക അന്വേഷണങ്ങളും ഹൈദരാബാദിനെ ‘അപകടകരമായ’ ഒരു സ്ഥലമായി മാറ്റിയിരുന്നു. ഇഫ്‌ലുവില്‍ നിന്നാണ് ‘ദലിത് കാമറ’ പോലുള്ള പ്രതിരോധ മാധ്യമസംസ്‌കാരം ഉയര്‍ന്നുവരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ അനുഭവപ്പെട്ട ഒരു കാര്യം പൊതുഇടങ്ങളില്‍ ‘ജാതി’ ചര്‍ച്ചചെയ്യപ്പെടുന്നു എന്നുള്ളതാണ്. കാന്റീന്‍ പോലുള്ള ഇടത്ത് വളരെ തുറന്ന രീതിയില്‍ ജാതിയെക്കുറിച്ചും മറ്റും സംസാരിക്കപ്പെടുന്നു. കേരളത്തിലെ പ്രമുഖ പുരോഗമന
സര്‍വകലാശാലകളില്‍ ഒരുപക്ഷേ, കാണാന്‍ കഴിയാത്ത ഒന്ന്. ഹൈദരാബാദില്‍ ഇത്തരം ചര്‍ച്ചകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ദലിത്, ബഹുജന്‍, മുസ്‌ലിം വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഈ രാഷ്ട്രീയ കൂട്ടായ്മകള്‍ ഈ സര്‍വകലാശാലകളില്‍ പുതിയ രാഷ്ട്രീയാന്തരീക്ഷം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ സര്‍വകലാശാലകളില്‍ ഉണ്ടായിട്ടുള്ള ദലിത് ആത്മഹത്യകള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങളില്‍നിന്നു ഭിന്നമായി രോഹിത് വെമുലയുടെ വിഷയം കൂടുതല്‍ ശക്തിയാര്‍ജിച്ചത്.
ഇതുവരെയുള്ള അനുഭവങ്ങളില്‍നിന്നു വ്യത്യസ്തമായി ദലിത്, ബഹുജന്‍, മുസ്‌ലിം സംഘടനകളോട് ശത്രുതാപരമായി നിന്നിരുന്ന എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതു സംഘടനകള്‍ക്ക് ഈ സമരവുമായി സഹകരിക്കേണ്ട സാഹചര്യമുണ്ടായി. സംഘപരിവാര ഭരണകാലത്ത് താല്‍ക്കാലികമായ സഖ്യങ്ങള്‍ ഉണ്ടാവാനുള്ള സാഹചര്യം ഉയര്‍ന്നുവരുന്നതിന്റെ ലക്ഷണമാണിത്. കേരളത്തില്‍ ചിത്രലേഖയ്‌ക്കെതിരായ സിപിഎം ജാതീയതയുടെ സാഹചര്യങ്ങള്‍ നില്‍ക്കുമ്പോഴും അതേപോലെ ഹൈദരാബാദ് വിഷയത്തില്‍ ഇടതു വിദ്യാര്‍ഥിസംഘടനകള്‍ കേരളത്തില്‍ സജീവമല്ല എന്നത് മനസ്സിലാക്കുമ്പോഴും ഹൈദരാബാദില്‍ ഈ സഖ്യം ഗുണകരം തന്നെയാണ്.ജെഎന്‍യുവിനു കിട്ടിയ മാധ്യമശ്രദ്ധ ഹൈദരാബാദിന് കിട്ടാത്തതിനു കാരണം രാഷ്ട്രീയ അന്തരീക്ഷത്തിന്റെയും സാമുദായിക പങ്കാളിത്തത്തിന്റെയും കാരണംകൊണ്ടു തന്നെയാണ്. നേരത്തേ ഞാന്‍ സൂചിപ്പിച്ചപോലെ ജാതി, മതം, വംശം, പ്രദേശം എന്നിവയുമായി ബന്ധപ്പെട്ട വിവേചനവും അധികാരവും ഒക്കെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ഇടമെന്ന നിലയില്‍ ജെഎന്‍യുവില്‍നിന്നു വ്യത്യസ്തമാണ്.
ജെഎന്‍യുവിന്റെ ഇടതു വ്യവഹാരത്തില്‍ രോഹിത് വെമുലയുടെ നീതിയുടെ പ്രശ്‌നം മാത്രമല്ല ശ്രദ്ധ നഷ്ടപ്പെട്ടത്. മറിച്ച് കശ്മീരും അഫ്‌സല്‍ ഗുരുവും അതേപോലെ അവിടെ ശക്തമായി തിരിച്ചുവന്ന ദേശീയവ്യവഹാരത്തില്‍ എസ് ഗീലാനിയുടെ അറസ്റ്റും മറയ്ക്കപ്പെട്ടു. ഹൈദരാബാദ് വീണ്ടും ‘ദേശീയ’ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അത് ഒരുപക്ഷേ, ജെഎന്‍യുവിന്റെ ദേശീയ രാഷ്ട്രീയം തള്ളിക്കളഞ്ഞ ഒരുപാട് പ്രമേയങ്ങളെ തിരിച്ചുകൊണ്ടുവരും. രോഹിതിന്റെ രാഷ്ട്രീയം ഒട്ടേറെ പ്രമേയങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നല്ലോ. ദലിത് രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോവുമ്പോഴും മുസ്‌ലിംകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെയും എതിര്‍ത്തിരുന്ന രോഹിത് വെമുല കീഴാള സമുദായങ്ങളുടെ സഖ്യത്തിന്റെ ഒരു രാഷ്ട്രീയമാണ് ഉന്നയിച്ചിരുന്നത്. രോഹിത് വെമുലയുടെ നീതിക്കുവേണ്ടിയുള്ള സമരം അത്തരം കീഴാള രാഷ്ട്രീയത്തെ പുതിയ ദിശയിലേക്കു വികസിപ്പിക്കുന്ന ഒന്നായിരിക്കും. ഹൈദരാബാദിലെ വിദ്യാര്‍ഥി സമൂഹം നീതിതേടി സമരം ചെയ്യുമ്പോള്‍ ഭാവിയിലെ വിദ്യാര്‍ഥി രാഷ്ട്രീയം തന്നെ പുനര്‍നിര്‍വചിക്കപ്പെടുകയാണെന്നു പറയാം.