കുളക്കടവില്‍ കുളിക്കുമ്പോള്‍

വിജില ചിറപ്പാടിന്റെ കവിതകള്‍.
കുളക്കടവില്‍ കുളിക്കുമ്പോള്‍,- ആറരയ്ക്കുള്ള വണ്ടീല്‍

വിജില ചിറപ്പാടിന്റെ കവിതകള്‍ 

കുളക്കടവില്‍ കുളിക്കുമ്പോള്‍
_______________
കളി പറയരുത്
കാടിന്‍ മറവിലൊരു ചെവി
ഒളിഞ്ഞിരിപ്പുണ്ടാവും.
ഉടല്‍ തുറക്കരുത്
നിന്റെ ജലാശയത്തിലേക്ക്
അവന്റെ ചൂണ്ടക്കണ്ണുകള്‍
താഴ്ന്നുവരും.
ആര്‍ത്തവരക്തത്താല്‍
കുളം ചുവപ്പിക്കുക.
അവന്‍ കണ്ണുപൂട്ടുന്നത്
നിനക്ക് കാണാതെ കാണാം.

കുളക്കടവിന്
ആണിനൊരു നേരം
പെണ്ണിനൊരു നേരം എന്നില്ല
അവന്‍ വരുമ്പോള്‍
തീണ്ടാരിത്തുണികള്‍ കൊണ്ടൊരു
കണിവയ്ക്കുക.

_______________________________

“ആറരയ്ക്കുള്ള വണ്ടീല്‍”

റരയ്ക്കുള്ളൊരു വണ്ടീല്‍
ആരൊക്കെയുണ്ടെന്റെ കൊച്ചേ
ആറരയ്ക്കുള്ളൊരു വണ്ടീല്‍
അമ്മതും ആമീനേമുണ്ടേ,
കെട്ടിടം പണിയുവാനായി
കുട്ടപ്പന്‍ ചേട്ടനുമുണ്ടേ
പച്ചക്കറിക്കുട്ടയേന്തി
പാച്ചല്ലൂരുള്ളൊരു ചേച്ചി,
മീനിന്‍ ചെരുവവുമായി
മറിയാമ്മച്ചേടത്തിയുണ്ടേ,
ഒ പി ചീട്ടെടുക്കാനായ്
ഓമനക്കുഞ്ഞമ്മയുണ്ടേ,
വേയ്സ്റ്റ് വലിക്കുവാന്‍ പോകും
വാസന്തിചേച്ചിയുമുണ്ടേ.

ആറരയ്ക്കുള്ളൊരു വണ്ടീല്‍
കാക്കയെപ്പോലെ കറുത്തോര്‍,
പൊകലച്ചുരുളുപോലുള്ള
കൈലിയും ഷര്‍ട്ടുമണിഞ്ഞോര്‍
ഇന്നത്തെ അന്നത്തിനായി
തുട്ടിനിറങ്ങിത്തിരിച്ചോര്‍.

Top