അറിവിന്റെ അടയാളപ്പെടുത്തലുകള്‍ മലയാളത്തിലെ ദലിത് കഥകളുടെ പരിസരങ്ങള്‍ -ഒരാമുഖം

രണ്ടുഘട്ടങ്ങളായാണ് മലയാളത്തിലെ ദലിത്കഥകള്‍ സമാഹരിക്കാനുളളശ്രമം ഞാന്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ ലഭിച്ചതും കണ്ടെത്താന്‍ കഴിഞ്ഞതുമായ ഇരുപത്തിമൂന്ന് കഥകളുടെ സമാഹാരമാണിത്. മുന്തൂര്‍ കൃഷ്ണന്‍, എം.കെ. ചാന്ദ് രാജ്, വി.കെ. നാരായണന്‍, കുന്നത്തൂര്‍ ഗോപാലകൃഷ്ണന്‍, രാധാമണി എം.ആര്‍, എലിക്കുളം ജയകുമാര്‍, കടാതിഷാജി തുടങ്ങി ഇരുപതിലധികം എഴുത്തുകാരുടെ കഥകള്‍കൂടി രണ്ടാം ഘട്ടത്തില്‍ ലഭിച്ചുവെങ്കിലും ആയവ ഇതോടൊപ്പം ചേര്‍ക്കാന്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞിട്ടില്ല. പ്രസ്തുതകഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും വിട്ടുപോയവ ചേര്‍ത്തുകൊണ്ടും ‘ദലിത് കഥ’കളുടെ ഒരു രണ്ടാം ഭാഗം തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാവും.

സ്വയം അടയാളപ്പെടുത്തലിന്റെ ചരിത്രവഴികളില്‍ അറിവിനും അനുഭവങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നിര്‍ണ്ണായക പങ്കാണുള്ളത്. തനിമകളിലൂന്നിയ സാമൂഹ്യ/ സാംസ്‌ക്കാരിക / സര്‍ഗ്ഗാത്മക ജ്ഞാനാന്വേഷണങ്ങള്‍ സ്വയം കണ്ടെത്തലിന്റെയും തിരിച്ചറിയലുകളുടേയും പ്രകടരൂപങ്ങള്‍ കൂടിയാണ്. സംഘര്‍ഷാത്മകമായ സാമൂഹ്യജീവിതത്തിന്റെ അശാന്തവും അനുസ്യൂതവുമായ തുടര്‍ച്ചകള്‍ക്കിടയിലും ദലിതര്‍ ജ്ഞാനപരവും സര്‍ഗ്ഗാത്മകവുമായി നടത്തിയ ഇടപെടലുകളെ വീണ്ടെടുക്കുന്നതിലും പുനര്‍വായിക്കുന്നതിലും അടയാളപ്പെടുത്തുന്നതിലും വര്‍ത്തമാനകാലം പുലര്‍ത്തുന്ന ജാഗ്രത അനന്യമാണ്. സാമൂഹ്യചരിത്രത്തില്‍ കണ്ടെടുക്കപ്പെടാതെപോയ സ്വത്വാധിഷ്ഠിത ഇടപെടലുകള്‍ നിരവധിയുണ്ടാകാമെങ്കിലും മറയ്ക്കപ്പെടുകയോ തിരസ്‌ക്കരിക്കപ്പെടുകയോ ചെയ്യപ്പെട്ട ചരിത്രത്തിന്റെ ഇരുള്‍വഴികളിലേക്ക് വെളിച്ചം പരത്തുന്ന വ്യതിരിക്തവും സ്വതന്ത്രവുമായ അറിവിന്റെ സൂചകങ്ങള്‍ നിരവധിയുണ്ടെന്ന് ചുരുക്കം.
നീതിക്കും സമത്വത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള ചെറുത്തുനില്പുകളുടെ ഭാഗമായി ദലിതരുടെ ഇടയില്‍നിന്ന് ആദ്യമായി പള്ളിക്കൂടത്തിലെത്തിയപഞ്ചമി എന്ന പെണ്‍കുട്ടി ദലിതരുടെ സാമൂഹ്യസമരചരിത്രത്തില്‍ സവിശേഷമായ ഒരു സൂചകമാണ്. ജാതിശാസനകള്‍ക്ക് കീഴ്‌പ്പെടാതെ എഴുത്തും വായനയും സ്വായത്തമാക്കി തന്റെ കവിതകളില്‍ അടിമസന്തതികളുടെ ചരിത്രവും വിടുതലും കോറിയിട്ട പൊയ്കയില്‍ അപ്പച്ചന്‍ മറ്റൊരു സൂചകമാണ്. അയ്യങ്കാളി വെങ്ങാനൂരില്‍ സ്ഥാപിച്ച (1904) സ്‌കൂള്‍, ബ്രട്ടീഷ്പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട (1935)പാമ്പാടി ജോണ്‍ ജോസഫ് തയ്യാറാക്കിയ മെമ്മോറാണ്ടം, വിഗതകുമാരന്‍ എന്ന ആദ്യമലയാളസിനിമയില്‍ (1928) അഭിനയിച്ച നായിക പി.കെ.റോസി, സാധുജനപരിപാലിനി, ചേരമര്‍ദൂതന്‍ ദൈ്വവാരിക, ചേരമര്‍ദൂതന്‍ പ്രസ്…കേരളത്തിലെ ദലിതരുടെ വിവിധങ്ങളായ സാമൂഹ്യ ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം ചെറുതും വലുതുമായ നിരവധി സൂചകങ്ങള്‍ നമ്മുക്ക് കണ്ടെത്താനാവും. വിഷയാധിഷ്ഠിതമായി സൂചകങ്ങളെ സാഹിത്യ മേഖലയിലേക്ക് ചുരുക്കിയാല്‍ പൊയ്കയില്‍ അപ്പച്ചന്റെ (1879-1939) പാട്ടുകളിലും പണ്ഡിറ്റ് കറുപ്പന്റെ (1885-1938) കൃതികളിലും, ടി.കെ.സി. വടുതലയുടെ ‘രണ്ടുതലമുറ’ എന്ന കഥയിലും (1950), ഡി. രാജന്റെ ‘മുക്കണി’, പോള്‍ ചിറക്കരോടിന്റെ ”പുലയത്തറ’, എസ്. ഇ .ജയിംസിന്റെ ”സംവത്സരങ്ങള്‍” തുടങ്ങിയ നോവലുകളിലും ടി.എച്ച്.പി ചെന്താരശ്ശേരി എഴുതിയ അയ്യങ്കാളിയുടെ ജീവചരിത്രത്തിലും(1979), സി.അയ്യപ്പന്റെ ”ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍” എന്ന കഥാസമാഹാരത്തിലും(1986), രാഘവന്‍ അത്തോളിയുടെ ”കണ്ടത്തി”(1995), എസ്. ജോസഫിന്റെ ”കറുത്തകല്ല്”(2000) തുടങ്ങിയ കവിതാസമാഹാരങ്ങളിലും കെ.കെ ബാബുരാജിന്റെ ”മറ്റൊരു ജീവിതം സാധ്യമാണ്” (2008) ടി.എം. യേശുദാസന്റെ ‘ബലിയാടുകളുടെ വംശാവലി’ (2010) തുടങ്ങിയ കൃതികളിലുമൊക്കെ ഇത്തരം സൂചകങ്ങളുടെ തുടര്‍ച്ചകള്‍ കാണാവുന്നതാണ്.
ചിക്കാഗോ ട്രൈബൂണ്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, മാതൃഭൂമി എന്നീ പത്രങ്ങള്‍ സംയുക്തമായി 1950 ല്‍ സംഘടിപ്പിച്ച ആദ്യ ലോക ചെറുകഥാമത്സരത്തില്‍ മലയാളത്തില്‍നിന്ന് സമ്മാനാര്‍ഹമായ ആറുചെറുകഥകളില്‍ നാലാമത്തേത് ടി.കെ.സി. വടുതലയുടെ ‘രണ്ടുതലമുറയായിരുന്നു. ബഷീറിന്റെയും പൊറ്റക്കാടിന്റെയും കാരൂരിന്റെയും തകഴിയുടേയും കേശവദേവിന്റേയുമൊക്കെ പ്രതാപകാലത്ത് സവിശേഷമായ സാമൂഹ്യാനുഭവമുള്ള മനുഷ്യരെക്കുറിച്ച് ശ്രദ്ധേയങ്ങളായ നിരവധി കഥകളെഴുതിയെങ്കിലും ‘പുലയക്കഥകളുടെ’എഴുത്തുകാരന്‍ എന്ന് അക്കാലത്ത് നിരൂപകര്‍ക്കിടയില്‍ പരിമിതപ്പെടാനായിരുന്നു. ടി.കെ.സി.യുടെ യോഗം. ടി കെ.സി യുടെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന മുഖ്യസമൂഹം പുലയര്‍ ആയിരുന്നതുകൊണ്ടാവാം അങ്ങനെയൊരു വിശേഷണം വന്നുചേര്‍ന്നത്. എന്നാല്‍ മറിച്ചല്ലാതായിട്ടും അക്കാലത്തെ ഇതര എഴുത്തുകാര്‍ക്കൊന്നും തങ്ങളുടെ ജാതിയുമായി ബന്ധപ്പെട്ട വിശേഷണം ലഭിക്കുകയുണ്ടായില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. സത്താപരമായ ഭിന്നത പുലര്‍ത്തുമ്പോഴും ടി.കെ.സിയുടെ കഥകള്‍ പില്ക്കാല ദലിത് കഥകളുമായി ജൈവികമായ ഒരു ബന്ധം പുലര്‍ത്തുന്നു എന്നതാണ് ശരി. നിലവിലിരുന്ന കഥാരീതികള്‍ സ്വാംശികരിച്ചും അവയോട് ഇടഞ്ഞും ദലിത് ജീവിതം അവതരിപ്പിച്ച് സാഹിത്യത്തിന്റെ മുഖ്യധാരയില്‍ അതിനെ ആദ്യമായി അടയാളപ്പെടുത്തിയ എഴുത്തുകാരന്‍ ടി.കെ.സി. വടുതലയാണ്.
ഈ സമാഹാരത്തിലെ ആദ്യ കഥയായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ടി.കെ.സിയുടെ പ്രസിദ്ധമായ ‘അച്ചണ്ട വെന്തീഞ്ഞ ഇന്നാ’ എന്ന കഥയാണ്. ഈ കഥയിലെ വിഷയം ഈ സമാഹാരത്തിലെ പല കഥകളിലും ചിത്രീകരിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ദലിതരുടെ സാമൂഹ്യചരിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ മതപരിവര്‍ത്തനമെന്ന പ്രതിഭാസവും അതിന്റെ വിവിധങ്ങളായ പരിണതഫലങ്ങളും വ്യക്തി കേന്ദ്രിതമായി ചര്‍ച്ചയ്‌ക്കെടുക്കുകയാണ് ഈ കഥയില്‍. ഈ കഥയിലെ പ്രധാന കഥാപാത്രമായ കണ്ടന്‍ കോരന്‍ എന്ന പുലയന്‍ തമ്പ്രാനെന്ന് മറ്റുള്ളവരാല്‍ വിളിക്കപ്പെടുവാന്‍ വേണ്ടിയാണ് ക്രിസ്തുമതം സ്വീകരിക്കുന്നതെങ്കിലും, തന്റെ കാലികാവസ്ഥയില്‍ എന്തോ തകരാറുണ്ടെന്ന് തിരിച്ചറിയുന്നയാളാണ്. കൂടുതല്‍ മെച്ചപ്പെട്ട സാമൂഹ്യപദവിയിലേക്ക് എത്തപ്പെടാനുള്ള വ്യക്തിയുടെ വ്യഗ്രതയെ ഒരു കുറവായല്ല അധികമായാണ് കാണേണ്ടത്. തന്ത്രങ്ങളും ഉപായങ്ങളും അറിയാത്ത, പരീക്ഷിക്കാത്ത, നിഷ്‌ക്കളങ്കരും നിര്‍മ്മലഹൃദയരുമാണ് ടി.കെ.സി വടുതലയുടെ കഥാപാത്രങ്ങള്‍ എന്ന സാമാന്യവായനയെ മറികടക്കുന്നുണ്ട് കണ്ടങ്കോരന്‍. ഉദ്ദേശിച്ചകാര്യം സാധിക്കാതെ വന്നപ്പോള്‍, മതം മാറിയാല്‍ മാറുന്നതല്ല ജാതി എന്നു തിരിച്ചറിഞ്ഞപ്പോള്‍, എന്നാപ്പിന്നെഅ ഇതങ്ങെടുത്തോ എന്നുപറഞ്ഞ് കഴുത്തിലെ വെന്തിങ്ങാ ഊരിക്കൊടുക്കുന്ന ദേവസ്സിയില്‍ പൊയ്കയില്‍ അപ്പച്ചന്റെ ജ്വാലകള്‍ ഉണ്ടെന്നു വേണം കരുതാന്‍ ( അല്ലാതെ അത് ഇച്ഛാഭംഗത്തിന്റെ ഭ്രാന്തമായ പ്രതികരണമല്ല). ഇത്തരം വായനകളിലേക്ക് ടി.കെ.സി യുടെ കഥകളെ ചേര്‍ത്തുവെക്കുമ്പോഴാണ് കേവലം പുലയക്കഥകള്‍ എന്ന ആരോപിത വിശേഷണങ്ങള്‍ കടന്ന് അവ സ്വയാര്‍ജ്ജിതമായ ദലിത്കഥകള്‍ എന്ന സ്വത്വപരികല്പനയിലേക്കുള്ള പ്രാഥമിക പടവുകളാകുന്നത്.
പ്രമേയപരമായി ടി.കെ.സിയുടെ കഥയോട് സാമ്യം പുലര്‍ത്തുന്ന കഥയാണ് പോള്‍ ചിറക്കരോടിന്റെ ‘ഗൃഹാതുരത്വം ‘.പക്ഷേ പുതിയതും വിഭിന്നവും കൂടുതല്‍ സങ്കീര്‍ണ്ണവുമായ ഒരു കാലത്താണ് ചിറക്കരോടിന്റെ കഥ നടക്കുന്നത്. ടി.കെ.സിയുടെ കഥാപാത്രം സാമൂഹ്യാന്തസ്സിനുവേണ്ടി ക്രിസ്തുമതം സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ചിറക്കരോടിന്റെ കഥാപാത്രം (സ്വത്വപ്രതിസന്ധി അനുഭവിച്ചുകൊണ്ടാണെങ്കിലും) ക്രിസ്തുമതം വെടിഞ്ഞ് ഹിന്ദുമതം സ്വീകരിച്ച് സംവരണാനുകൂല്യം നേടി ജോലി (ആഗ്രഹിച്ചതല്ലെങ്കിലും) കൈവരിച്ച് ആത്മാഭിമാനം തുളുമ്പുന്ന ഒരു മധ്യവര്‍ഗ്ഗജീവിതം കെട്ടിപ്പടുക്കുകയാണ് . ആത്മീയമായൊരു ശൂന്യത വന്നുകൂടുന്നുണ്ടെങ്കിലും, ഗൃഹാതുരത്വം പഴയകാലത്തേക്ക് വലിച്ചടുപ്പിക്കുന്നുണ്ടെങ്കിലും അയാള്‍ സാമൂഹ്യമാറ്റങ്ങളുടെ പുതുകാലം നേടിത്തന്ന മാന്യമായ ജീവിതത്തില്‍ അഭിമാനം കൊള്ളുന്നവനാണ്.ഭാര്യ ചുമരില്‍ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ വെക്കുമ്പോള്‍ അയാള്‍ അംബേദ്ക്കറുടെ ചിത്രമാണ് ചുവരില്‍ തൂക്കുന്നത്.

_____________________________________
കഥകളെഴുതിയെങ്കിലും ‘പുലയക്കഥകളുടെ’എഴുത്തുകാരന്‍ എന്ന് അക്കാലത്ത് നിരൂപകര്‍ക്കിടയില്‍ പരിമിതപ്പെടാനായിരുന്നു. ടി.കെ.സി.യുടെ യോഗം. ടി കെ.സി യുടെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന മുഖ്യസമൂഹം പുലയര്‍ ആയിരുന്നതുകൊണ്ടാവാം അങ്ങനെയൊരു വിശേഷണം വന്നുചേര്‍ന്നത്. എന്നാല്‍ മറിച്ചല്ലാതായിട്ടും അക്കാലത്തെ ഇതര എഴുത്തുകാര്‍ക്കൊന്നും തങ്ങളുടെ ജാതിയുമായി ബന്ധപ്പെട്ട വിശേഷണം ലഭിക്കുകയുണ്ടായില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. സത്താപരമായ ഭിന്നത പുലര്‍ത്തുമ്പോഴും ടി.കെ.സിയുടെ കഥകള്‍ പില്ക്കാല ദലിത് കഥകളുമായി ജൈവികമായ ഒരു ബന്ധം പുലര്‍ത്തുന്നു എന്നതാണ് ശരി. നിലവിലിരുന്ന കഥാരീതികള്‍ സ്വാംശികരിച്ചും അവയോട്ഇടഞ്ഞും ദലിത് ജീവിതം അവതരിപ്പിച്ച് സാഹിത്യത്തിന്റെ മുഖ്യധാരയില്‍ അതിനെ ആദ്യമായി അടയാളപ്പെടുത്തിയ എഴുത്തുകാരന്‍ ടി.കെ.സി. വടുതലയാണ്.
_____________________________________ 

 

ഇങ്ങനെയൊരാള്‍ ജനിച്ചിരുന്നില്ലെങ്കില്‍ നമ്മളൊന്നും ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തപ്പെടുകയില്ലായിരുന്നുവെന്ന് അയാള്‍ ഭാര്യയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യു ന്നുണ്ട്. ജീവിതകാലംമുഴുവന്‍ ദൈവവചനം വഴിനീളെ പറഞ്ഞുനടന്ന് പട്ടിണിയും ദാരിദ്ര്യവും മാത്രം സ്വന്തമാക്കിയ ദാനിയേലുപദേശിയുടെ മകനാണയാള്‍. കോളേജധ്യാപകന്റെ ജോലിക്ക് അര്‍ഹനാണെങ്കിലും സവര്‍ണ്ണ ക്രിസ്ത്യാനി മാനേജ്‌മെന്റ് അയാള്‍ക്ക് ജോലിനല്കാന്‍ തയ്യാറാകുന്നില്ല. പെലേനായ ദാനിയേലുപദേശിയുടെ മകനോട് ബിഷപ്പ് പറയുന്നത് കാത്തിരിക്കൂ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ എന്നുമാത്രമാണ്. ദലിത് ക്രിസ്ത്യാനി ഒരു വിചിത്രജീവിയാണെന്നാണ്

ജീവിതാനുഭവം അയാളെ പഠിപ്പിച്ചത്. അയാള്‍ ക്രിസ്ത്യാനിയുമല്ല സംവരണാര്‍ഹനുമല്ല. സാമൂഹ്യമായി ഒരുഭയജീവി. സങ്കീര്‍ണ്ണവും ദരിദ്രവുമായ ഈ അവസ്ഥയില്‍നിന്നുള്ള രക്ഷപെടലാണ് ബേബി എന്ന പേരില്‍നിന്ന് രാമചന്ദ്രനായി മാറിക്കൊണ്ട് അയാള്‍ സാധ്യമാക്കുന്നത്. സാമൂഹ്യജീവിതം മെച്ചപ്പെട്ടെങ്കിലും ജീവിച്ച ജീവിതത്തിലെ മുറിവുകള്‍ തിരിച്ചറിയുന്നവനാണ് ബേബി എന്ന രാമചന്ദ്രന്‍. അതയാളെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നുണ്ട്. പക്ഷേ അയാള്‍ സ്വീകരിച്ച ജീവിതം തുടരുകതന്നെയാണ്. സ്വത്വപരമായി കണ്ടങ്കോരന്‍ ദേവസ്സിയില്‍നിന്ന് രാമചന്ദ്രനിലേക്ക് അകലങ്ങളാണ് കൂടുതലെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ അയാളില്‍നിന്ന് ചില തുടര്‍ച്ചകള്‍ പുതിയകാലത്തിലേക്ക് നീളുന്നതായി കാണാം.
മതവും ജാതിയും ചേര്‍ന്ന് കൂടിക്കുഴഞ്ഞ് സങ്കീര്‍ണ്ണമായ സ്വത്വ പ്രശ്‌നങ്ങളുടെ ഉത്തരാധുനിക പരിസരമാണ് പുതിയ തലമുറയിലെ കഥാകാരനായ പ്രിന്‍സ് അയ്മനം അഭിമുഖീകരിക്കുന്നത്. പ്രിന്‍സിന്റെ ‘കാര്‍ത്തിക് ഇമ്മാനുവേലിന്റെ ആത്മീയചിന്തകളെന്ന’ കഥ ടി.കെ.സിയുടേയും ചിറക്കരോടിന്റെയും കഥകളോട് പ്രമേയപരമായ ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ സത്താപരവും രാഷ്ട്രീയവുമായ ഭിന്നതകള്‍ സൂക്ഷിക്കുന്നുണ്ട്. ‘അമ്പലക്കാരാണോ പള്ളിക്കാരാണോ ‘എന്ന് തിരിച്ചറിയാന്‍ പാടുപെടുന്ന ‘സങ്കരയിനമെന്ന് ‘കളിയാക്കല്‍ നേരിടുന്ന കാര്‍ത്തിക് എന്ന കുട്ടിയിലൂടെ പ്രിന്‍സ് പുതിയ കാലത്തിന്റെ സൂക്ഷ്മമായ ജാതി – മത വേര്‍തിരിവുകളുടെ സങ്കീര്‍ണ്ണതകളാണ് പ്രശ്‌നവല്‍ക്കരിക്കുന്നത്. ജാതി- മത സങ്കീര്‍ണ്ണതകളോട് മൂന്നു തലമുറകള്‍ ഏതുവിധേന പ്രതികരിക്കുന്നുവെന്ന് ഈ കഥ അടയാളപ്പെടുത്തുന്നു. ഒരുപരിധിവരെയെങ്കിലും പ്രണയത്തിന് മേല്‍സങ്കീര്‍ണ്ണതകളില്‍ സക്രിയമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും ഈ കഥയില്‍ സൂചനയുണ്ട്. പ്രണയത്തിന്റെ ഫലങ്ങളായ പുതുതലമുറയിലേക്ക് ആ സങ്കീര്‍ണ്ണതകള്‍ സൂക്ഷ്മമായി തുടര്‍ന്നേക്കുമെങ്കിലും പരമ്പരാഗത ജാതി-മത ഘടനകളെ അത് സാരമായിത്തന്നെ ദുര്‍ബലപ്പെടുത്തുവെന്ന സമകാല യാഥാര്‍ത്ഥ്യത്തെയും ഈ കഥ അടയാളപ്പെടുത്തുന്നു.
ടി.കെ.സി വടുതലയുടെ കാലത്ത്തന്നെ സാഹിത്യരചനയില്‍ ഏര്‍പ്പെട്ടിരുന്ന എഴുത്തുകാരനാണ് ഡി.രാജന്‍. 1964 ല്‍ ജനയുഗം വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡി. രാജന്റെ ‘ഒരു രാക്ഷസന്റെ പതന’മാണ് ഈ സമാഹാരത്തിലെ മറ്റൊരു പ്രധാന കഥ*. സാമാന്യ വായനക്ക് അന്യമായ ഒരു ലോകവും ഭാഷയും ശൈലിയുമാണ് ഇക്കഥയിലൂടെ മലയാളി പരിചയപ്പെട്ടത്. മന്ത്രവാദവും ആഭിചാരവും കൊണ്ട് ഒരു പ്രദേശത്തെ മുഴുവന്‍ പറയരെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കി അടക്കി വാഴുന്ന നഞ്ചനെന്ന പറയമൂപ്പന്റെ ഹിംസകളുടെയും ദുരന്തത്തിന്റെയും കഥയാണ് ‘ഒരു രാക്ഷസന്റെ പതനം’. നാലു ഭാര്യമാരിലായി മുപ്പത്തിയൊന്ന് മക്കളുളള നഞ്ചന്‍ മൂപ്പനെ ദേഹമാസകലം ചെമ്പന്‍രോമങ്ങളോടെ ‘ചെക്കുരുള്‍ പോലുളള കുറ്റിയാനാ’യാണ് രാജന്‍ ചിത്രീകരിച്ചിരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട് ഒരു ഭാര്യയെ തൊഴിച്ചും, ഒരുകുട്ടിയെ കാലില്‍പിടിച്ച് ചുഴറ്റിയെറിഞ്ഞും കൊന്ന നഞ്ചന്‍ കാര്‍ന്നോരുടെ ‘മൂക്കുപിഴിഞ്ഞാല്‍ മുപ്പറകളള്’ കിട്ടുമെന്നാണ് നാട്ടുവര്‍ത്തമാനം. ചെയ്തുകൂട്ടിയ കൊടിയ പാതകങ്ങളുടെയും ആഭിചാരങ്ങളുടെയും പാപച്ചുഴിയില്‍ അകപ്പെട്ട് അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങി നഞ്ചന്‍ മൂപ്പന്‍ അഗ്നിപര്‍വ്വതം പോലെ എരിഞ്ഞടങ്ങുന്നതോടെയാണ് കഥ പൂര്‍ണ്ണമാകുന്നത്. ഭാഷാപരവും അനുഭവപരവുമായ അപരിചിതത്വം കൊണ്ട് ഈ കഥ മുഖ്യധാരാവായനയെ അലോസരപ്പെടുത്തുകയും അതിന്റെ പരിമിതികളെ വെളിപ്പെടുത്തുകയും ചെയ്തുവെങ്കിലും വേണ്ടത്ര തുടര്‍ച്ചകളില്ലാതെ (‘മുക്കണി’ എന്ന നോവല്‍ മറക്കുന്നില്ല) ആ സവിശേഷധാര കാലാന്തരത്തില്‍ വിസ്മൃതമാവുകയായിരുന്നു.
മലയാളത്തിലെ മികച്ച കഥാകൃത്തുക്കളില്‍ ഒരാളാണ്. സി അയ്യപ്പന്‍. മുപ്പതില്‍താഴെമാത്രം കഥകള്‍ എഴുതിയിട്ടുള്ള സി.അയ്യപ്പന്റെ ‘പ്രേതഭാഷണവും’,’ഭൂതബലി’യുമൊക്കെ മലയാള കഥാസാഹിത്യത്തിലെ മൗലികവും ശ്രദ്ധേയവുമായ രചനകളായാണ് വിലയിരുത്തപ്പെടുന്നത്. ജാതി- ലിംഗാധികാരബന്ധങ്ങളില്‍ യാഥാസ്ഥിതികമായ മനോഭാവങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ട് എഴുത്തിലും വായനയിലും നിര്‍ബാധം ഇടപെട്ടുകൊണ്ടിരുന്ന മലയാളിയുടെ സാമൂഹ്യബോധത്തില്‍ വീണ വെള്ളിടികളായിരുന്നു അയ്യപ്പന്റെ കഥകള്‍. അനുഭവസ്ഥാനത്തുനിന്നും നിര്‍ണ്ണായക സ്ഥാനങ്ങളിലേക്ക് സ്വതന്ത്രമായ ചിന്താപദ്ധതികളിലൂടെയും ഭാവനകളിലൂടെയും വികസിച്ച സാമൂഹ്യ പ്രതിനിധാനങ്ങളാണ് അയ്യപ്പന്റെ കഥകളിലൂടെ, സാമൂഹ്യനിര്‍മ്മിതമായ മലയാളഭാവുകത്വത്തെ തൊണ്ണൂറുകളില്‍ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. അയ്യപ്പന്‍ കഥകളുടെ സാമാന്യലക്ഷണങ്ങള്‍ പലതും ഇടകലര്‍ന്നുവരുന്ന ഒരു കഥയാണ് ‘വളയന്‍ചിറങ്ങര ‘ഒരു കരയുടെ തികച്ചും പ്രാദേശികമായ ചരിത്രത്തെ കഥയുടെ ഘടനയില്‍ വേറിട്ടരീതിയില്‍ ലയിപ്പിക്കുന്ന രചനാശൈലി വളയന്‍ ചിറങ്ങരയെ സവിശേഷമാക്കുന്നു(കഥയില്‍ ചേര്‍ത്തിട്ടുള്ള അടിക്കുറിപ്പുകള്‍ ശ്രദ്ധിക്കുക).കഥയിലെ പ്രധാന കഥാപാത്രമായ അയ്യപ്പന്‍കുട്ടി ‘നില്ക്കക്കള്ളി ‘ ഇല്ലാത്തവനാണ്. നില്ക്കക്കള്ളി ഇല്ലാതെ പോകുന്നതിന്റെ സാമൂഹ്യകാരണങ്ങള്‍ സഹകഥാപാത്രങ്ങളോടുള്ള അയ്യപ്പന്‍കുട്ടിയുടെ ഇടപഴകലുകളിലൂടെ ഓരോന്നായി കഥാകൃത്ത് വെളിപ്പെടുത്തുന്നതിന്റെ അനന്യത ശ്രദ്ധേയമാണ്. ഈ അനന്യതയാണ് സി.അയ്യപ്പനെ മലയാളകഥാലോകത്തിലെ ശ്രദ്ധേയസാന്നിധ്യങ്ങളില്‍ ഒരാളാക്കി മാറ്റിയത്. മലയാളത്തിന്റെ മേല്‍വിലാസത്തില്‍ ലോകകഥകളില്‍ ഇടം നേടാന്‍ മികവുള്ള ഒന്നിലധികം കഥകള്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം കേരളത്തിലെ ദലിതരുടെ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കും സാഹിത്യത്തിനും പകരുന്ന ആത്മാഭിമാനവും ആത്മവിശ്വാസവും ചെറുതല്ല.
പ്രകൃതിയും മനുഷ്യരും തമ്മിലുളള അഭേദ്യമായ ബന്ധത്തിന്റെ വിവിധതലങ്ങളെ ഋതുഭേദങ്ങളുടെ വെളിച്ചത്തില്‍ കേഴലിന്റെയും പ്രാര്‍ത്ഥനയുടെയും സമ്മിശ്രരൂപത്തില്‍ അവതരിപ്പിക്കുകയാണ് ‘പുതമഴയില്‍’ എന്ന കഥയിലൂടെ എസ്. ഇ. ജയിംസ്. വൈവിധ്യമാര്‍ന്ന സ്ത്രീഭാവങ്ങളെ പ്രകൃതിയെന്ന ഏകകത്തിലേക്ക് ആവാഹിച്ചുകൊണ്ട് അശരണരായ മനുഷ്യര്‍ നടത്തുന്ന ഈ പ്രാര്‍ത്ഥനകള്‍ക്കും പരിദേവനങ്ങള്‍ക്കും കലങ്ങിമറിഞ്ഞൊഴുകുന്ന ഒരു മഴക്കാലനദിയുടെ ഉടല്‍രൂപമാണുളളത്. ഈ അശരണര്‍ സാമൂഹികകാരണങ്ങളാല്‍ കുടിയൊഴിക്കപ്പെട്ടവരും ഇകഴ്ത്തപ്പെട്ടവരും പുറന്തളളപ്പെട്ടവരുമാണ്. മണ്ണിനും കൂരയ്ക്കും വേണ്ടിയവര്‍ പ്രകൃതിയോടിടയുന്നു. വിശക്കുന്ന വയറായും വരണ്ട തൊണ്ടയായും അവര്‍ പ്രകൃതിയുടെ ഊര്‍വരതകള്‍ തേടുന്നു. പ്രണയത്തിനും കാമത്തിനും, കരുണയ്ക്കും സ്‌നേഹത്തിനും, വാത്സല്യത്തിനും സംരക്ഷണയ്ക്കും വേണ്ടിയവര്‍ അവളാം പ്രകൃതിയോടലിഞ്ഞു ചേരുന്നു. അവളുടെ വിയര്‍പ്പിന്‍ മഴയില്‍ പാപങ്ങള്‍ കഴുകുന്നു, ഉഷ്ണ പ്രവാഹങ്ങളില്‍ ക്രോധങ്ങളെ എരിക്കുന്നു. ഗോത്രപരതയും ദ്രാവിഡത്തനിമയുമൂറുന്ന ഭാഷയുടെയും ബിംബങ്ങളുടെയും കുത്തൊഴുക്കിനാല്‍ വായനക്കാരുടെയുളളില്‍ അനന്യമായ ചുഴികളും തിരയിളക്കങ്ങളുമുണ്ടാക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നുണ്ട്.
തികച്ചും വിഭിന്നമായ ഒരു പരിസരത്തെയാണ് പി.എ ഉത്തമന്റെ കഥകള്‍ അടയാളപ്പെടുത്തുന്നത്. വായനയുടെ മുഖ്യധാരയില്‍നിന്ന് വ്യതിചലിക്കാത്ത ഒരു വായനക്കാരന് തികച്ചും അപരിചിതമായ ഒരിടത്താണ് ഉത്തമന്റെ കഥയും കഥാപാത്രങ്ങളും ജീവിക്കുന്നത്. സാമൂഹ്യവും രാഷ്ട്രീയവുമായി വേര്‍പെട്ട് നില്ക്കുന്നതിനോടൊപ്പം ഭൂമിശാസ്ത്രപരമായിക്കൂടിയത് മറ്റൊരു ലോകത്തെ അനാവൃതമാക്കുന്നു. ഒപ്പം സാമൂഹ്യ സവിശേഷതകളാല്‍ വിച്ഛേദിക്കപ്പെട്ട ഒരു ഇതര ലോകത്തിന്റെ ഭാഷയേയും ഭാവുകത്വത്തെയും അത് മുമ്പോട്ടുവെക്കുന്നു. ഇക്കാര്യങ്ങളെ വലിയൊരളവുവരെ പങ്കുവെക്കുന്നുണ്ട് ഉത്തമന്റെ’മുയലുകളുടെ ലോകം’എന്ന കഥ. മുയലുകളുടെ കണ്ണുകളില്‍ നിറഞ്ഞുകവിയുന്ന അപേക്ഷാനിര്‍ഭരമായ ഭാവം വേട്ടക്കാരനായ പിതാവിന്റെ ഉള്ളിലെവിടെയോ ആണ്ടുകിടന്നിരുന്ന കരുണയെ കണ്ടെത്തുമ്പോള്‍, അതേ മുയലുകളുടെ പ്രണയകേളീരംഗങ്ങള്‍ സ്വതവെ മൃദുല ഹൃദയനായിരുന്ന കുട്ടിയുടെ മനസ്സിലെവിടെയോ പുതഞ്ഞുകിടന്നിരുന്ന വേട്ടക്കാരനെ പുറത്തെടുക്കുന്നു ഇരുതല മൂര്‍ച്ചയുള്ള രചനാവൈഭവത്തിലൂടെ ഉത്തമന്‍. പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും സമരസപ്പെട്ടുമൊക്കെ കാലം കഴിക്കുന്ന കഥാപാത്രങ്ങളൊക്കെ മലയാളത്തില്‍ സുലഭമാണെങ്കിലും ഉത്തമന്റെ കഥാപാത്രങ്ങള്‍ തികച്ചും വിഭിന്നവും സങ്കീര്‍ണ്ണവുമായ രീതിയിലാണ് പ്രകൃതിയെ അഭിമുഖീകരിക്കുന്നത്.
ജാതിവഴക്കങ്ങളുടെ വിവിധ ഇടപെടലുകളാല്‍ ഇതര സാമൂഹ്യ വിഭാഗങ്ങളുടേതില്‍നിന്ന് വിഭിന്നവും സങ്കീര്‍ണ്ണവുമായ പ്രശ്‌നങ്ങളാണ് ദലിതര്‍ അഭിമുഖീകരിക്കുന്നത്. ഇത്തരമൊരു മൗലികപ്രശ്‌നത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയാണ് ‘എന്നാപ്പിന്നെ ജാതിവേണ്ട’ എന്ന കഥയിലൂടെ ജോണ്‍ കെ. എരുമേലി. ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ഒരു ജാതി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താനുളള ദലിതന്റെ പെടാപ്പാടാണ് ഈ കഥയുടെ ഇതിവൃത്തം. ഭരണഘടനാപരവും ജനാധിപത്യപരവുമായി പിന്‍ബലമുളള നിയമങ്ങളെക്കാള്‍ ജാതീകൃതമൂല്യങ്ങളും ആചാരങ്ങളും എഴുന്നുനില്‍ക്കുന്ന ‘ഫ്യൂഡല്‍ മാര്യാദ’കള്‍ ഉളളില്‍ പേറുന്ന സവര്‍ണ്ണപ്രതിനിധാനങ്ങളുടെ ദലിത് വിരുദ്ധ മനോഘടനയും മുന്‍വിധികളും പ്രശ്‌നവല്‍ക്കരിക്കുന്ന കഥ കൂടിയാണിത്.
മൗലികമായ അസാധാരണത്വങ്ങള്‍ അസന്നിഹിതമാണെങ്കിലും സവിശേഷവും തീവ്രവുമായ വൈകാരികതലങ്ങളുടെ വിന്യാസത്താല്‍ മുഖരിതമാണ് ബേബി തോമസിന്റെ അനന്തം അജ്ഞാതം’ എന്ന കഥ. നിര്‍വ്വചനങ്ങള്‍ക്ക് വഴങ്ങാത്ത, അല്ലെങ്കില്‍ അത്രമേല്‍ വ്യക്തമായി വെളിപ്പെടാത്ത കാരണങ്ങളാല്‍ ദീര്‍ഘകാലമായി നഗരത്തിലെ പരിമിത സാഹചര്യങ്ങളുടെ വഴുക്കലുകള്‍ക്കുള്ളില്‍ ഒരു പൂപ്പയേപ്പോലെ ഒതുങ്ങിക്കൂടേണ്ടിവരുന്നയാളാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. പരമ്പരാഗതവും സാമൂഹ്യനിര്‍മ്മിതവുമായ ഉത്തരവാദിത്വങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയാതെ പോകുന്നതോടൊപ്പം തന്റെ വ്യക്തിപരമായ അന്വേഷണങ്ങളിലും അയാള്‍ക്ക് പൂര്‍ണ്ണമായി മുഴുകാന്‍ കഴിയുന്നില്ല. എവിടെയുമല്ലാത്ത ഈ അവസ്ഥ അയാളെ അതിസങ്കീര്‍ണ്ണമായ സ്വത്വപ്രശ്‌നങ്ങളില്‍ നിരന്തരം തളച്ചിടുകയാണ്. ”പെറ്റവയറിന് അറിയാത്ത വഴികളില്ലല്ലൊ” എന്ന് ഈ കഥാപാത്രത്തിന്റെ അമ്മയെക്കൊണ്ട് പറയിപ്പിക്കുന്ന കഥാകൃത്ത് ആയാസരഹിതവും സരളവുമായ ഭാഷാരീതികൊണ്ട് വായനക്കാരുടെ കണ്ണുകളെ ആര്‍ദ്രമാക്കുന്നുണ്ട്.
ദൈവമെ, പാടത്തുനിറയെ ആളുകളാണല്ലൊ. ഒത്തിരിപ്പേരുണ്ടല്ലൊ. ഒരു പെരുന്നാളിനുള്ള ആളുണ്ട്. അയ്യോ കൂടുതലും പെണ്ണുങ്ങളാണല്ലൊ. ഒന്നോ രണ്ടോ ആണുങ്ങള്‍ വരമ്പുവാരുന്നുണ്ട്. ദൈവമെ ചില പെണ്ണുങ്ങള്‍ക്ക് മാസം തെകഞ്ഞിരിക്കുന്നു. കുനിഞ്ഞുനിക്കുമ്പം വയറ് ചെളിയില്‍ മുട്ടുന്നുണ്ട്. പെറാറായ ഈ പെണ്ണുങ്ങള്‍ പാടത്തെന്നാ ചെയ്യുന്നത്. കൊറെ കൊച്ചുങ്ങളും ഉണ്ടല്ലൊ! ” രേഖാരാജിന്റെ ‘ഞാറ് ‘എന്ന കഥയിലെ ഒരു ഭാഗമാണിത്. തനത് വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പരമ്പരാഗതമായി പിന്‍തുടര്‍ന്നുവരുന്ന ഒരു സാമൂഹ്യവിഭാഗത്തിന്റെ അതിജീവനശ്രമങ്ങളുടെ സൗമ്യവും തീഷ്ണവുമായ ആഖ്യാനം എന്നതിനുമപ്പുറം സ്വതന്ത്രമായ ഒരു സാമൂഹ്യമുന്നേറ്റത്തിലേക്ക് തുറക്കുന്ന നിരവധി വാതിലുകളാണ് ഈ കഥ തുറന്നിടുന്നത്. അസാധാരണമായ ഭാവനകളാലും വര്‍ണ്ണനകളാലും കെട്ടുപിണഞ്ഞു വികസിക്കുന്ന ഒരുകഥാഗാത്രത്തെയാണ് മുള്ളില്‍ കോര്‍ത്ത കണ്ണ് ‘എന്ന കഥ വെളിപ്പെടുത്തുന്നത്. ഒരു വെളിപ്പെടുത്തലിനപ്പുറം പലയിടത്തും വേറിട്ട ആത്മാവിഷ്‌ക്കാരങ്ങളുടെ ആഘോഷമായിക്കൂടി ഈ കഥയെ മാറ്റാന്‍ കഥാകാരിയായ റീനാ സാമിന് കഴിയുന്നുണ്ട്. വ്യതിരിക്ത സാമൂഹ്യാനുഭവങ്ങളുടേയും പുതിയ രാഷ്ട്രീയ പരിസരങ്ങളുടേയും വെളിച്ചത്തില്‍ മാനസികവ്യാപാരങ്ങളിലും സര്‍ഗ്ഗാത്മക സഞ്ചാരങ്ങളിലും പുതിയതലമുറയുടെ എഴുത്തുകളില്‍ വന്ന ഘടനാപരമായ മാറ്റങ്ങള്‍ക്ക് മികച്ച ഒരുദാഹരണമാകുന്നുണ്ട് ഈ കഥ. പറച്ചിലുകളിലൂടെയും കേള്‍വികളിലൂടെയും തലമുറകളിലേയ്ക്ക് കൈമാറിക്കിട്ടുന്ന അനിര്‍വ്വചനീയ അനുഭവങ്ങളുടേയും സവിശേഷ ചരിത്രാവബോധത്തിന്റെയും ഇരമ്പം കേള്‍പ്പിക്കുന്ന കഥയാണ് ധന്യ. എം.ഡിയുടെ ‘ഞങ്ങളുടെ ആണുങ്ങളും പെണ്ണുങ്ങളും’ ശംഖിനെ കാതോട് ചേര്‍ത്ത് കടലിന്റെ ഇരമ്പമറിയുന്നതുപോലെ ഈ കഥയെ ചേര്‍ത്തുപിടിച്ച് പഴയകാലത്തിന്റെ മുറിവുകളും അനുഭവ സവിശേഷതകളും പിടിച്ചെടുക്കാവുന്നതാണ്.
നേര്‍വായനക്ക് പിടിതരാത്ത, ലളിത യുക്തിക്ക് വഴങ്ങാത്ത രീതികള്‍ എഴുത്തില്‍ സ്വീകരിച്ച കഥാകൃത്താണ് പി.കെ. പ്രകാശ്. അറിഞ്ഞിടത്തോളം പ്രകാശിനെപ്പോലെ പ്രകാശ് മാത്രം. ‘പ്രതിസന്ധി’ യെന്ന അദ്ദേഹത്തിന്റെ കഥവായിച്ച് പ്രതിസന്ധിയില്‍ അകപ്പെടാതിരിക്കണമെങ്കില്‍ അത് നമ്മള്‍ വായിക്കാതിരിക്കണം. പക്ഷെ നിരതെറ്റിയ സര്‍ഗാത്മകാനുഭവം തിരയുന്ന വായനക്കാരന് ആ ‘പ്രതിസന്ധി’യുടെ താളുകള്‍ വായിക്കാതെ മറിച്ചുവിടാന്‍ കഴിയുകയില്ല. സാമൂഹ്യാനുഭവങ്ങളുടെ കനത്ത ഉരുള്‍പ്പൊട്ടലുകളില്‍പ്പെട്ട് ജീവിതം മാത്രമല്ല ഉടലും ഉളളും കൂടി ചിതറിപ്പോയ ഉന്മാദികളാണ് പ്രകാശിന്റെ കഥാപാത്രങ്ങളില്‍ പലരും. അനുഭവിച്ച ജീവലോകത്തിന്റെയും ഏറ്റവാങ്ങിയ മനോലോകത്തിന്റെയും പാര്‍ശ്വഫലങ്ങള്‍ കൂടിയാണ് പ്രകാശിന്റെ കഥകള്‍. അവയില്‍ ‘ക്യുബിസ’ മെന്ന ചിത്രകലാസങ്കേതത്തിന്റെ അടരുകള്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം. ആയുസ്സ് മുഴുവന്‍ കത്തിയെരിഞ്ഞ് ജീവിതത്തിനുവേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടത്തുകയും, കൈക്കുമ്പിളില്‍ അതൊരിറ്റ് കിട്ടുമ്പോള്‍ ആര്‍ത്തിയോടെ കുടിക്കാന്‍ ചുണ്ടുകളില്ലാതെ വരുന്നതിലപ്പുറം എന്തു പ്രതിസന്ധിയാണ് ഒരാള്‍ക്ക് നേരിടേണ്ടിവരിക. പ്രതിസന്ധികള്‍ തിങ്ങിവിങ്ങിയ പൊട്ടിത്തെറിക്കാത്ത ബോംബുകളാണ് ഓരോ ജീവിതവുമെന്ന് ഈ കഥ ഓര്‍മ്മപ്പെടുത്തുന്നു.
സമീപകാല കേരളത്തിന്റെ സാമൂഹ്യമനസ്സിനെ നിരന്തരം അലോരസപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയത്തെ ശ്രദ്ധേയമായി അവതരിപ്പിക്കുന്നു ”വേവുകയാണ് എല്ലാം” എന്ന കഥയിലൂടെ എം.ബി. മനോജ്. പത്രവാര്‍ത്തകളിലൂടെയും യഥാര്‍ത്ഥജീവിതത്തിലെ വ്യക്തികളുടെയും പരാമര്‍ശങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന കഥാവിഷയം എഴുത്തിനോടൊപ്പം വായനയ്ക്കും പുതുസാധ്യതകള്‍ തുറന്നു തരുന്നുണ്ട്. തന്റെ കവിതകളില്‍ വിട്ടുവീഴ്ചയില്ലാതെ പുലര്‍ത്തുന്ന അതേ രാഷ്ട്രീയസൂക്ഷ്മതയും സാമൂഹ്യനിരീക്ഷണവ്യതിരിക്തതയും മനോജ് കഥകളിലും പുലര്‍ത്തുന്നുണ്ട്. മറ്റൊരു കവിയായ സണ്ണി കവിക്കാടിന്റെ ‘ഒരു നായികയും മറ്റൊരു സ്ത്രീയും’ എന്ന കഥ ജീവിതവുമായി വേര്‍തിരിച്ചെടുക്കാനാവാത്തവിധം ഇടകലര്‍ന്നു പോകുന്ന കഥാസന്ദര്‍ഭങ്ങളെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത്. ഒരേ പേരുകാരായ രണ്ടുസ്ത്രീകള്‍ കഥാകൃത്തിന്റെ ജീവിതത്തിലും എഴുത്തിലും അവരില്‍ ചാര്‍ത്തപ്പെട്ട സ്വഭാവങ്ങളില്‍ നിന്ന് വിമുക്തരായി ഇടപെടുന്നു ഈ കഥയില്‍. പലഘട്ടങ്ങളിലും കഥാകൃത്തിന്റെ സ്വത്വം തന്നെ കാലഘട്ടങ്ങള്‍ക്ക് അനുസൃതമല്ലാതെ ചിതറിപ്പോകുന്നതും ഈ കഥയുടെ പ്രത്യേകതയാണ്.
നീഗ്രോ’എന്ന അപരനാമധേയത്തില്‍ എഴുതുന്ന പി.ജി. ഗോപിയുടെ”ചിരുതക്കുന്ന്’ എന്ന കഥ ഗോത്രപരമായ സാഹചര്യങ്ങളില്‍നിന്ന് വിദ്യാഭ്യാസം സിദ്ധിച്ച് ഉന്നതങ്ങളിലെത്തുന്ന രവി എന്ന ചെറുപ്പക്കാരന്റെ ജീവിത സങ്കീര്‍ണ്ണതകളാണ് പറയുന്നത്. വിദ്യാഭ്യാസം, ജോലി, വെളുത്തപെണ്ണ്, ഇംഗ്ലീഷ് പറയുന്ന കുട്ടികള്‍ തുടങ്ങിയവ നാഗരിക ജീവിതസൗകര്യങ്ങള്‍ ആര്‍ജ്ജിച്ച് മധ്യവര്‍ഗ്ഗ ജീവിതരീതികളിലേക്കും കാഴ്ചപ്പാടുകളിലേക്കും എത്തപ്പെടുന്ന ദലിതരുടെ ഉള്ളില്‍ കനല്‍മൂടിക്കിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയെ ഊതിത്തെളിക്കുകയാണ് തനതായ കഥപറച്ചിലിലൂടെ ഈ കഥാകൃത്ത്. സി.വി. സജീവിന്റെ ‘കൊച്ചാളി മുതുക്കിയുടെ മകന്‍”എന്ന കഥയും ഇത്തരം ഇരട്ട ലോകങ്ങളില്‍ സ്വയം വിഘടിച്ചുപോകേണ്ടിവരുന്ന പ്രതിനിധാനങ്ങളെപ്പറ്റിയുള്ളതാണ്. ലോകപൗരനായിത്തീരുമ്പോഴും ജാതീയവും വംശീയവുമായ അനുഭവങ്ങള്‍ എപ്പോള്‍വേണമെങ്കിലും കടന്നുവരാവുന്നവിധം ചാലകങ്ങളാണ് ദലിതരുടെ ഉടലും മനസ്സുമെന്ന് ഈ കഥ ഓര്‍മ്മപ്പെടുത്തുന്നു. അങ്ങനെയായിരിക്കുമ്പോഴും സാമൂഹ്യബോധത്തിലധിഷ്ഠിതമായ രാഷ്ട്രീയതിരിച്ചറിവുള്ള ഒരുതലമുറയുടെ ഭാഗമാകാന്‍ അവര്‍ ആത്മീയവും ഭൗതികവുമായപരിസരങ്ങളോട്പ്രായോഗികമായുംസൈദ്ധാന്തികമായും കൊമ്പുകോര്‍ക്കുന്നുണ്ട്. സമത്വവും സന്തോഷവും നിലനിന്നിരുന്ന ഒരു ഭൂതകാലത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അത് തിരിച്ചുപിടിക്കാനായി ഓര്‍മ്മകള്‍ എന്ന ആയുധത്തെ രൂപകമായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന കഥയാണ് എം.കെ.മധുകുമാറിന്റെ”പാലക്കുന്നന്റെ യാത്ര’. ഓര്‍മ്മകളിലൂടെ ചരിത്രത്തെ തിരിച്ചുപിടിക്കാനും അതിനെ വര്‍ത്തമാനത്തില്‍ സ്ഥാപിച്ചെടുക്കാനും ഭാവികാലത്തേക്ക് സൂക്ഷിക്കാനുമുള്ള ആഹ്വാനം ഈ കഥയില്‍ അന്തര്‍ലീനമായിട്ടുണ്ട്. പ്രത്യേകമായൊരു ഭാഷാരീതി പിന്തുടരാതെ മാനകഭാഷയില്‍ ദലിതരുടെ സാമൂഹ്യ ജീവിതത്തിലെ ഗൗരവമായ ഒരു വിഷയത്തെ നേര്‍ത്ത ആക്ഷേപഹാസ്യത്തിന്റെ അടരുകള്‍ ചേര്‍ത്ത് അവതരിപ്പിക്കുകയാണ് ‘സിംഹാസനം’ എന്ന കഥയിലൂടെ മാത്യൂ ഡേവിഡ് കാണക്കാരി. സവര്‍ണ്ണ നിര്‍മ്മിതിയായ ജാതിവഴക്കങ്ങള്‍ വിവിധ ദലിത് വിഭാഗക്കാര്‍ക്കിടയിലും ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന വിരോധാഭാസത്തെ ഈ കഥ പ്രശ്‌നവല്‍ക്കരിക്കുന്നു. ഒപ്പം ആദ്ധ്വാനത്തിലും മദ്യപാനത്തിലും ജീവിതം കുഴഞ്ഞുപോകുമ്പോഴും സാമൂഹ്യ പുരോഗതിക്ക് വിഘാതമാകുന്ന കാഴ്ച്ചപ്പാടുകളില്‍ അഭിരമിക്കുന്ന ദലിത് ജീവിതത്തെയും.
മതാരോഹണാനന്തരം ഉടലെടുത്ത സവിശേഷമായ ഇടത്തെയും അവസ്ഥയെയും ബിബ്ലിക്കല്‍ ഗന്ധമുളള ഭാഷയും ഭാവുകത്വവുംകൊണ്ട് സമീപിക്കുന്ന കഥയാണ് മോഹന്‍ ചെഞ്ചേരിയുടെ ‘ചൂണ്ടക്കാരന്റെ സുവിശേഷം.’ തനിമകളും സങ്കീര്‍ണ്ണതകളും ഇടകലര്‍ന്ന് വെളിപ്പെടുന്ന ചൂണ്ടക്കാരന്റെ ആവാസവ്യവസ്ഥയിലേക്ക് വിടുതല്‍ മാര്‍ഗ്ഗമായെത്തുന്ന ‘വിശ്വാസക്കാറ്റി’നെ ഇക്കഥ സൂക്ഷ്മമായി അഭിമുഖീകരിക്കുന്നു. അതിജീവനത്തിനായുളള അയാളുടെ ഒറ്റയാന്‍ കുതറലുകളെയും, കാത്തിരിപ്പുകളെയും, ഞെരുങ്ങിപ്പോയ ജീവിതത്തെയും, പ്രണയത്തെയും ‘സുവിശേഷ’ ഭാഷകൊണ്ട് ചിത്രീകരിക്കുന്ന അന്യാപദേശമാണ് ചൂണ്ടക്കാരന്റെ സുവിശേഷം.
ആകസ്മികാനുഭവങ്ങളുടെ തുടര്‍ച്ചയില്‍ ‘വിശ്വാസങ്ങള്‍ അവിശ്വാസങ്ങളും അവിശ്വാസങ്ങള്‍ വിശ്വാസങ്ങളു’മായി കൂടുവിട്ട് കൂടുമാറുന്ന വിചിത്രാനുഭവങ്ങളെ അഭിമുഖീകരിക്കുന്ന ശമുവേല്‍ എന്ന ദലിത് വിദ്യാര്‍ത്ഥിയെ മുന്‍നിര്‍ത്തി വികസിക്കുന്ന രാജു കെ. വാസുവിന്റെ ‘മിയാകുള്‍പ’ എന്ന കഥ ദലിതാനുഭവത്തിന്റെ അനന്യമായൊരു മേഖലയാണ് അനാവരണം ചെയ്യുന്നത്. ”പെലേനും പറേനും ഒക്കെ നിക്കണൊടത്ത് നിന്നാമതി. ചക്കാത്തില്‍ കിട്ടുന്നതും തിന്നോണ്ട് മര്യാദക്ക് ഇരുന്നു കൊളളണം. അല്ലെങ്കില്‍ നിന്നേം തല്ലും നിന്റെ തന്തേം തല്ലും” സ്വാഭിമാനവും അഭിപ്രായവും ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടുമാത്രം ശമുവേലിന് സഹപാഠികളില്‍നിന്ന് കേള്‍ക്കേണ്ടിവരുന്ന വാക്കുകള്‍ ഈ സവിശേഷാനുഭവത്തിന് അടിവരയിടുന്നു. അപമാനം വമിക്കുന്ന ‘തീട്ടം പൊതിഞ്ഞ’ വാക്കുകള്‍ ദലിതനായ സഹപാഠിയുടെ മുഖമടച്ച് എറിയാനും, അവന്റെ തകര്‍ച്ചയില്‍ ‘സ്ഖലന സുഖത്തിന്റെ ഗൂഢ സന്തോഷം’ ആസ്വദിക്കാനും അവര്‍ക്ക് യാതൊരു മടിയുമില്ല. കോളജ് കാമ്പസുകള്‍ ഹോസ്റ്റലുകള്‍ തുടങ്ങിയ പൊതുഇടങ്ങള്‍ ഏതു നിമിഷവും പൊട്ടിയൊലിപ്പിക്കാവുന്നവിധം ജാതിമൂല്യങ്ങള്‍ ഉളളില്‍ വഹിക്കുന്ന പ്രഛന്നസങ്കേതങ്ങളാണെന്ന് ഈ കഥ ഓര്‍മ്മപ്പെടുത്തുന്നു.
പ്രണയത്തിന്റെയും ആനന്ദത്തിന്റെയും ഉത്തുംഗതകളില്‍നിന്ന് ഒരൊറ്റ നിമിഷാര്‍ദ്ധം കൊണ്ടാണ് ചില അറിവുകള്‍ മനുഷ്യരെ പാപത്തിന്റെ തിളയ്ക്കുന്ന മുള്‍ക്കടലിലേക്ക് വലിച്ചെറിയുന്നത്. എ. ശാന്തകുമാറിന്റെ ‘സര്‍പ്പകാമുകന്‍’ എന്ന കഥ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഇത്തരമൊരു വിഷയത്തെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത്. ”ചോര ചോരയോട് ചേര്‍ന്ന് അശുദ്ധമായല്ലോ. അനുഭവിച്ച ആനന്ദങ്ങളൊക്കെ വിഷമായിരുന്നോ”. തുലനപ്പെടുത്താനാവാത്ത ഈ വിധമുളള ഗണേശന്റെ മനാവ്യാപാരങ്ങളിലേക്കും പാലായന വഴികളിലേക്കും കടക്കാനാവാതെ വായനക്കാര്‍ പതറിപ്പോകുമ്പോള്‍, അറിയാതെയാണെങ്കിലും അമ്മയോടൊത്ത് ആനന്ദം പങ്കിടേണ്ടിവന്ന ഗണേശനെ കഥാകൃത്ത് പാപപങ്കിലമായ ഇടവഴിയില്‍ മരിച്ചതുപോലെ കിടത്തുന്നു; അവന്റെ ദേഹത്തെ ചോരച്ചാലുകളിലൂടെ ഈശ്വരനുറുമ്പുകളെ ഇണചേര്‍ത്ത് നടത്തുന്നു. ഏറ്റവും പ്രാന്തവല്‍കൃതമായ ഇടങ്ങളില്‍, തകരക്കൂടുകളുടെ കോളനിയില്‍ കേവലമൊരു പേരിനപ്പുറം വേരുകളേതുമില്ലാതെ ഋതുക്കളെയെന്നപോലെ ജീവിതത്തെ അതേപടി ഏറ്റുവാങ്ങുന്ന ഗണേശന്റെയും സരോജത്തിന്റെയും, അവര്‍ക്കിടയില്‍ അവരുടെ ചേരലിനും വേര്‍പെടലിനും കാരണമാകുന്ന ഓരപ്പെട്ട മനുഷ്യരുടെയും ജീവിതമെഴുതുന്ന ‘സര്‍പ്പകാമുകന്‍’ കഥയുടെ അസാധാരണവും നിയതഭാവുകത്വത്തിന് അപരിചിതമായ ഇടങ്ങളാണ് പരിചയപ്പെടുത്തുന്നത്.
രണ്ടുഘട്ടങ്ങളായാണ് മലയാളത്തിലെ ദലിത്കഥകള്‍ സമാഹരിക്കാനുളളശ്രമം ഞാന്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ ലഭിച്ചതും കണ്ടെത്താന്‍ കഴിഞ്ഞതുമായ ഇരുപത്തിമൂന്ന് കഥകളുടെ സമാഹാരമാണിത്. മുന്തൂര്‍ കൃഷ്ണന്‍, എം.കെ. ചാന്ദ് രാജ്, വി.കെ. നാരായണന്‍, കുന്നത്തൂര്‍ ഗോപാലകൃഷ്ണന്‍, രാധാമണി എം.ആര്‍, എലിക്കുളം ജയകുമാര്‍, കടാതിഷാജി തുടങ്ങി ഇരുപതിലധികം എഴുത്തുകാരുടെ കഥകള്‍കൂടി രണ്ടാം ഘട്ടത്തില്‍ ലഭിച്ചുവെങ്കിലും ആയവ ഇതോടൊപ്പം ചേര്‍ക്കാന്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞിട്ടില്ല. പ്രസ്തുതകഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും വിട്ടുപോയവ ചേര്‍ത്തുകൊണ്ടും ‘ദലിത് കഥ’കളുടെ ഒരു രണ്ടാം ഭാഗം തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാവും. കഥാകാരികളുടെ മതിയായ പ്രാതിനിധ്യമില്ലായ്മ ഈ സമാഹാരത്തിന്റെ പ്രകടമായ ഒരു പോരായ്മയാണ്. കഥയുടെ മേഖലയില്‍ മാത്രമല്ല കവിതയുടെയും നോവലിന്റെയും മേഖലകളിലും ഇതര കലാ-സാംസ്‌ക്കാരിക രംഗത്തുമൊക്കെ ദലിത് സ്ത്രീകളുടെ സാന്നിധ്യം തീരെക്കുറവോ, ഇല്ലാതെയോ ആയിപ്പോകുന്നതിന്റെ സാമൂഹ്യവും ലിംഗപരവുമായ കാരണങ്ങളിലേക്ക് പുരുഷകേന്ദ്രിത പൊതുസമൂഹത്തോടൊപ്പം ദലിത്‌സമൂഹത്തിന്റെയും സ്വയം വിമര്‍ശനാത്മകമായ അന്വേഷണങ്ങള്‍ ജനാധിപത്യപരമായി വികസിക്കേണ്ടതുണ്ട്. വേറിട്ട അനുഭവങ്ങളില്‍നിന്നും തിരിച്ചറിവുകളില്‍നിന്നും ഉരുവംകൊണ്ട ഈ കഥകളെ വേറിട്ട വായനയ്ക്കായ് മലയാളത്തിന് സാദരം സമര്‍പ്പിച്ചുകൊളളുന്നു.

Top