തെന്നിന്ത്യയുടെ അതിജീവനം: മത്യാസ് സാമുവേല്‍ സൗന്ദ്ര പാണ്ഡ്യന്റെ ജീവിതബോധനം
ദലിത് സാഹിത്യത്തിന്റെ വികാസഗതിയെ പാണ്ഡ്യന്റെ രചനകള്‍ തടയുകയല്ല മറിച്ച് ജാതിവിമര്‍ശത്തിന്റേയും ബ്രാഹ്മണിക വിമര്‍ശത്തിന്റേയും വഴികളും പ്രതലങ്ങളും കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരനെന്നപോലെ ഭവിഷ്യോന്മുഖമായി തുറക്കുകയാണു ചെയ്തതെന്നും കാണാവുന്നതാണ്. ജനനം കൊണ്ട് ദലിതനല്ലെങ്കിലും തെന്നിന്ത്യന്‍ ദലിത് വ്യവഹാരത്തെ തന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാക്കുന്നതില്‍ പങ്കുവഹിച്ച എഴുത്തുകാരനായും നൈതിക ബോധകനായും അദ്ദേഹത്തെ മനസ്സിലാക്കുന്നവരും കുറവല്ല. ഫൂലേയും അംബേദ്കറും വിഭാവനം ചെയ്തതു പോലെ, ഒരു പക്ഷേ ബുദ്ധന്‍ തന്നെ പ്രവചിച്ച പോലെ ബഹുജന ഹിതത്തിലേക്കുള്ള ബൗദ്ധിക നിക്ഷേപങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാഹചര്യത്തില്‍ ദില്ലിയില്‍ നമോ മന്ത്രണത്തേയും ഗാന്ധിമന്ത്രണത്തേയും പട്ടേല്‍പ്പടപ്പാട്ടുകളേയും ഉല്ലംഘിച്ച് നവബുദ്ധന്റെ പേരുറക്കെ പറഞ്ഞു പോന്ന ചുരുക്കം പ്രൊഫസര്‍മാരിലൊരാളായിരുന്നു പാണ്ഡ്യന്‍.
1930 കളില്‍ സംസാരിക്കുന്ന സിനിമ (ടോക്കീസ്) തമിഴ്‌നാട്ടിലെത്തിയപ്പോള്‍ കീഴാള വര്‍ഗങ്ങള്‍ സ്വാഗതം ചെയ്തു. കീഴാളരുടെ ആവേശം മേല്‍ജാതികളും വരേണ്യ വര്‍ഗവും അതിയായ ആവലാതിയോടെയാണ് കണ്ടത്.
“പാണ്ഡ്യന്‍”
______________________________
നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാരാണവര്‍…
“നാരായണഗുരു”
സിനിമയെന്ന ആധുനികതയുടെ കലാരൂപം തെന്നിന്ത്യയിലെത്തിയപ്പോളും അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തതും നെഞ്ചോടു ചേര്‍ത്തതും വിമോചന സ്വപ്നമായി താലോലിച്ചതും തൊട്ടുകൂടാത്തവരായിരുന്ന അവര്‍ണ ജനതയായിരുന്നു എന്ന് പാണ്ഡ്യന്‍ അസന്ദിഗ്ധമായി 1980 കളിലും 1990 കളിലും ഇക്കണോമിക് ആന്‍ഡ് പൊലിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ലേഖനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വരേണ്യരായ ജാതിഹിന്ദുക്കളും അവരുടെ ഭൂദേവതകളും ഇളകി വശായി. കര്‍ണാടക സംഗീതവും ഭരതനാട്യവും മറ്റും ഉയര്‍ത്തിക്കാട്ടിയും വഴിവിട്ട് ആഘോഷിച്ചുമാണ് സിനിമയും സിനിമാപ്പാട്ടുകളും തീര്‍ത്ത അട്ടിമറിയെ തടയാന്‍ അവരില്‍ പല ദേശീയവാദ മന്യരും മുന്നിട്ടിറങ്ങിയത്. ഇന്ന് തമിളകത്തിന്റെ തിരപ്പടത്തേയും താരനായകരേയും അറിയാത്ത തെന്നിന്ത്യക്കാര്‍ ചുരുക്കമായിരിക്കും. വരേണ്യ വ്യവഹാരങ്ങള്‍ പലരീതിയില്‍ ചലച്ചിത്രത്തിന്റെ
ഏറ്റവും ജനപ്രിയമായ സിനിമയിലൂടെയും സിനിമാതാരങ്ങളിലൂടെയും തമിളകത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ വര്‍ത്തമാന ചരിത്രത്തെ വിശകലനാത്മകമായും വിമര്‍ശാത്മകമായും വിരചിച്ച വലിയ എഴുത്തുകാരനും അധ്യാപകനുമായിരുന്നു പാണ്ഡ്യന്‍. ജനപ്രിയ സംസ്‌കാരത്തെ, സ്വത്വത്തേയും പ്രദേശത്തേയും രാഷ്ട്രീയത്തേയും കുറിച്ചുള്ള ചര്‍ച്ചാവേദിയാക്കി മാറ്റി ഈ സാമൂഹ്യശാസ്ത്ര വിശാരദന്‍. ജനപ്രിയ ചലച്ചിത്ര പഠനങ്ങളിലൂടെ ആ പഠനശാഖയേയും സാമൂഹ്യ ശാസ്ത്രങ്ങളുടെ രീതിശാസ്ത്രമാതൃകകളേയും അദ്ദേഹം മാറ്റിയെഴുതി. പരമ്പരാഗത ലാവണ്യവാദപരമായ ചലച്ചിത്രപഠനങ്ങളെ അദ്ദേഹം തെന്നിന്ത്യനും ദമിളവുമായ ഒരു സവിശേഷ സംസ്‌കാര പഠനത്തിലേക്കു വഴിനടത്തി. അവിടെയും നില്‍ക്കാതെ കീഴാള പഠനങ്ങളിലേക്കും ദലിത് പഠനങ്ങളിലേക്കും അദ്ദേഹം സ്വയം നടന്നു. തലമുറകളെ പഠിക്കുകയും പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു പാണ്ഡ്യന്‍. അദ്ദേഹത്തിന്റെ വേര്‍പാട് അവിചാരിതമായിരിക്കുന്നു. നികത്താനാവാത്ത സാമൂഹ്യോന്മുഖമായ ജ്ഞാനാന്വേഷണത്തിന്റേയും അക്കാദമികമായ രാഷ്ട്രീയ
തമിളകം മൂകമായിരിക്കുന്നു. നവ ദേശീയവാദവും സംസ്‌കാര ദേശീയവാദവും പിന്‍പറ്റുന്ന വര്‍ണധര്‍മത്തിന്റെ വൈദിക ചാതുര്‍വര്‍ണ്യ പ്രത്യയശാസ്ത്രത്തിനെതിരായ തെന്നിന്ത്യയുടെ ചെറുത്തുനില്‍പ്പിനു വീണ്ടും വീഴ്ച്ച. എട്ടാം നൂറ്റാണ്ടോടെ പാണ്ഡ്യ, ചേര, ചോള മൂപ്പന്‍മാര്‍ വര്‍ണ-ജാതി വ്യവസ്ഥയിലേക്കു വീണതു പോലെ തന്നെ സൗന്ദ്ര പാണ്ഡ്യനും പോയി. നമ്മുടെ ഉരിയാട്ടം മുട്ടിയിരിക്കുന്നു. നമ്മുടെ നാവറുക്കപ്പെട്ട അവസ്ഥ. കേരളോല്‍പ്പത്തിയിലും മറ്റും ഭൂദേവകള്‍ മേനിപറയുന്ന നാവറുത്തു നാടുകടത്തപ്പെട്ട ധീരരായ ധമ്മബോധകരെ നാമോര്‍ക്കും. ജനതയുടെ പ്രതിരോധത്തിനും അതിജീവനത്തിനുമേറ്റ ഭാരിച്ച ആഘാതമായിരിക്കുന്നു പാണ്ഡ്യന്റെ വേര്‍പാട്. ഭാരതീയ അധീശ ദേശീയത അതിന്റെ വിശ്വരൂപവും വിരാടരൂപവും കൈക്കൊണ്ടിരിക്കുന്ന വര്‍ത്തമാനത്തില്‍ മത്യാസ് സാമുവേല്‍ സൗന്ദ്ര പാണ്ഡ്യന്‍ എന്ന പ്രൊഫസര്‍ എം. എസ്. എസ്. പാണ്ഡ്യന്‍ (57) പൊടുന്നനെ നമ്മെ വിട്ടു പോയത് തികച്ചും ഞെട്ടിക്കുന്നതാണ്. ഹിംസാത്മകവും ഹൈന്ദവവും ദമനാത്മകവുമായ ഭാരതീയ ബ്രാഹ്മണിക ദേശീയവാദത്തെ വിമര്‍ശാത്മകമായി വിശകലനം ചെയ്യുകയും തെന്നിന്ത്യയുടേയും തമിളകത്തിന്റേയും ദ്രാവിഡ രാഷ്ട്രീയത്തെ കുറിച്ചുള്ള പുതിയ വിമര്‍ശ വിജ്ഞാനം അക്കാദമികമായി തന്നെ ഉല്‍പ്പാദിപ്പിക്കുകയും വിമര്‍ശബോധമുള്ള വിദ്യാര്‍ഥികളിലും വായനക്കാരിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും ഭാവിക്കുവേണ്ടി പോരാടുന്ന എല്ലാവരിലും യഥാകാലം വിതരണം ചെയ്യുകയും ചെയ്ത അതുല്യനായ വിമര്‍ശ ചിന്തകനേയും എഴുത്തുകാരനേയും അധ്യാപകനേയുമാണ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ഈ നിര്‍ണായകമായ പ്രതിസന്ധി ഘട്ടത്തില്‍ ആ വിടവു നികത്താവുന്ന ഒരൊറ്റ രചനാകര്‍തൃത്വവും ശബ്ദവും നമുക്കിന്നില്ല എന്നതാണ് കൂടുതല്‍ ദയനീയമായ യാഥാര്‍ഥ്യം.
നാഞ്ചില്‍ എന്നാല്‍ കലപ്പ. ഇന്നത്തെ തെക്കന്‍ കേരളത്തോടു ചേര്‍ന്നു കിടക്കുന്ന, പ്രാചീന ചമണബോധകര്‍ കലപ്പയുടേയും നെല്‍കൃഷിയുടേയും നാടായി വികസിപ്പിച്ച, പഴയ നാഞ്ചില്‍ നാട്ടിലെ ബൗദ്ധ,ജൈനപ്പഴമയുള്ള നാഗര്‍കോവിലില്‍ പിറന്ന ഡോ. പാണ്ഡ്യന്‍ 1987 ലാണ് മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറല്‍ ബിരുദം നേടുന്നത്. ആദ്യബിരുദം നേടിയത് നാഗര്‍കോവിലില്‍ തന്നേയും ബിരുദാനന്തര ബിരുദം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായിരുന്നു. സാമ്പത്തികശാസ്ത്രത്തിലായിരുന്നു ആദ്യബിരുദങ്ങള്‍. 1989 മുതല്‍ 2009 വരെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിവലപ്‌മെന്റല്‍ സ്റ്റഡീസില്‍ അധ്യാപകനായിരുന്നു. 2009 മുതല്‍ ദില്ലിയില്‍ ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ചരിത്രവിഭാഗം പ്രൊഫസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇക്കണോമിക്‌സില്‍ നിന്നും ഹിസ്റ്ററിയിലേക്കായിരുന്നു
__________________________________
ഹിംസാത്മകവും ഹൈന്ദവവും ദമനാത്മകവുമായ ഭാരതീയ ബ്രാഹ്മണിക ദേശീയവാദത്തെ വിമര്‍ശാത്മകമായി വിശകലനം ചെയ്യുകയും തെന്നിന്ത്യയുടേയും തമിളകത്തിന്റേയും ദ്രാവിഡ രാഷ്ട്രീയത്തെ കുറിച്ചുള്ള പുതിയ വിമര്‍ശ വിജ്ഞാനം അക്കാദമികമായി തന്നെ ഉല്‍പ്പാദിപ്പിക്കുകയും വിമര്‍ശബോധമുള്ള വിദ്യാര്‍ഥികളിലും വായനക്കാരിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും ഭാവിക്കുവേണ്ടി പോരാടുന്ന എല്ലാവരിലും യഥാകാലം വിതരണം ചെയ്യുകയും ചെയ്ത അതുല്യനായ വിമര്‍ശ ചിന്തകനേയും എഴുത്തുകാരനേയും അധ്യാപകനേയുമാണ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ഈ നിര്‍ണായകമായ പ്രതിസന്ധി ഘട്ടത്തില്‍ ആ വിടവു നികത്താവുന്ന ഒരൊറ്റ രചനാകര്‍തൃത്വവും ശബ്ദവും നമുക്കിന്നില്ല എന്നതാണ് കൂടുതല്‍ ദയനീയമായ യാഥാര്‍ഥ്യം.
__________________________________
എല്ലാം തന്നെ ഇന്ത്യയുടെ അടിത്തട്ടിനേയും സമകാലിക യാഥാര്‍ഥ്യത്തേയും ജാതിയേയും കുറിച്ചുള്ള വിമര്‍ശ പഠനങ്ങളാണ്. ജനപ്രിയ സംസ്‌കാരത്തേയും സിനിമയേയും സാഹിത്യത്തേയും സാമൂഹ്യ പ്രസ്ഥാനങ്ങളേയുമെല്ലാം അദ്ദേഹം ഈ അടിത്തട്ടില്‍ നിന്നുള്ള നോക്കുപാടിലൂടെ വിശകലനം ചെയ്തു. വിമര്‍ശാത്മകവും സൈദ്ധാന്തികവുമാണ് ഓരോ രചനയും. അദ്ദേഹത്തിന്റെ സിദ്ധാന്തവല്‍ക്കരണത്തിന്റെ
ദ പൊലിറ്റിക്കല്‍ ഇക്കോണമി ഓഫ് അഗ്രേറിയന്‍ ചെയിഞ്ച്; നാഞ്ചില്‍നാട് 1880-1939 (സെയിജ് 1990), ദ ഇമേജ് ട്രാപ് (സെയിജ് 1992), ബ്രാഹ്മണ്‍ ആന്‍ഡ് നോണ്‍ ബ്രാഹ്മണ്‍ (പെര്‍മനന്റ് ബ്ലാക്ക് 2007) തുടങ്ങിയ രചനകളിലൂടെ തമിളകത്തെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയേയും തിരപ്പടത്തേയും ദ്രാവിഡ രാഷ്ട്രീയത്തേയും കുറിച്ചുള്ള അക്കാദമികമായ വിമര്‍ശ വിജ്ഞാനീയം അദ്ദേഹം ലളിതമായ അക്കാദമിക ശൈലിയില്‍ നിര്‍ണായകമായി ജനങ്ങളിലെത്തിച്ചു. സാമൂഹ്യോന്മുഖവും ചരിത്രപരവും സംസ്‌കാര രാഷ്ട്രീയത്തെ വിമര്‍ശ വിചാരം ചെയ്യുന്നതുമായ എം. ജി. ആറിനെ മുന്‍നിര്‍ത്തിയുള്ള ഇമേജ് ട്രാപ് ഇന്ന് വിദേശ സര്‍വകലാശാലകളില്‍ പോലും പാഠപുസ്തകമാണ്. പഴയ ലാവണ്യകേന്ദ്രിത ഗണമായിരുന്ന ചലച്ചിത്രപഠനത്തെ സംസ്‌കാര ചരിത്ര വിമര്‍ശ പഠനമായി തെന്നിന്ത്യയില്‍ മാറ്റിമറിച്ചത് പാണ്ഡ്യന്റെ ഈ പുസ്തകമാണ്. വിമര്‍ശ ആധുനികതയുടേയും ഘടനാവാദാനന്തര ചിന്തയുടേയും ഇന്ത്യയുടെ ബഹുജനോന്മുഖ ജനായത്ത ചിന്തയായ ചമണവും ബഹുസ്വരവുമായ അനിത്യവാദത്തിന്റേയും അനേകാന്തവാദത്തിന്റേയും വിമര്‍ശ നൈതിക വീക്ഷണകോണുകള്‍ അദ്ദേഹത്തിന്റെ വിമര്‍ശത്തിലും വംശാവലീ ചരിത്രണത്തിലും ദൃശ്യമാണ്. ബ്രാഹ്മണിസത്തിന്റെ തികഞ്ഞ വിമര്‍ശത്തില്‍ നിന്നാണ് അദ്ദേഹം
തമിഴ് വര്‍ത്തമാന ചരിത്രത്തിന്റെ വംശാവലികളാണ് ബ്രാഹ്മണരും അബ്രാഹ്മണരും എന്ന പുതിയ പുസ്തകത്തില്‍ അദ്ദേഹം നടത്തുന്നത്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സംസ്‌കാര രാഷ്ട്രീയ വിവക്ഷകളെ വിമര്‍ശ വിചാരം ചെയ്യുകയാണീ പുസ്തകം. മലയാളത്തിലടക്കം ഇതിനു വിവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പെരിയോറിനേയും നാണുഗുരുവിനേയും കുറിച്ചുള്ള നിരവധി പരോക്ഷ പഠനങ്ങള്‍ അദ്ദേഹം കഴിഞ്ഞ ഏതാനും ദശകങ്ങളായി നടത്തിയിട്ടുണ്ട്. നാണുഗുരുവിന്റെ മതേതരവും സാമൂഹ്യനീതിയിലടിയുറച്ചതുമായ മനുഷ്യദര്‍ശനവും ധാര്‍മികചിന്തയും പാണ്ഡ്യന്റെ രചനകളെ ആഴത്തില്‍ നിര്‍ണയിച്ചിരിക്കുന്നതായി സൂക്ഷ്മനിരീക്ഷകര്‍ക്കു കാണാവുന്നതാണ്. ഇന്ത്യയിലെ സംസ്‌കാരാധീശത്വമായ ബ്രാഹ്മണിക ആണ്‍കോയ്മയുടെ ജാതി, ലിംഗ ഉച്ചനീചത്വങ്ങളുടെ കഥന പ്രതിനിധാനങ്ങളെ കുറിച്ചുള്ള ഡോക്ടറല്‍ ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചപ്പോളാണ്, 2002 ല്‍ ജാതിയേയും
_______________________________
ഇന്നത്തെ സാഹചര്യത്തില്‍ ദില്ലിയില്‍ നമോ മന്ത്രണത്തേയും ഗാന്ധിമന്ത്രണത്തേയും പട്ടേല്‍പ്പടപ്പാട്ടുകളേയും ഉല്ലംഘിച്ച് നവബുദ്ധന്റെ പേരുറക്കെ പറഞ്ഞു പോന്ന ചുരുക്കം പ്രൊഫസര്‍മാരിലൊരാളായിരുന്നു പാണ്ഡ്യന്‍. അംബേദ്കറെ കുറിച്ചുള്ള വിമര്‍ശ പഠനങ്ങള്‍ അദ്ദേഹം ബൗദ്ധികമായ ജാഗ്രതയോടെ സാവധാനം തുടങ്ങിവന്ന സന്ദര്‍ഭത്തിലാണ് നമ്മെ ചകിതരാക്കുന്ന വേര്‍പാടുണ്ടായത്. ജാതിയേയും അധീശ ദേശീയതയേയും കുറിച്ചുള്ള വിമര്‍ശബോധം പുതുതലമുറ വിദ്യാര്‍ഥികളിലേക്കു പകരുന്ന കോഴ്‌സുകളായിരുന്നു അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരുന്നത്. പരിവാരത്തിന്റെ സ്ഥാപനങ്ങള്‍ക്ക് ഗൂഢമായി അക്കാദമിക അഫിലിയേഷനുകള്‍കൊടുക്കുകയും പരിവാര പാദജര്‍ സര്‍വകലാശാലകളില്‍ കയറി വര്‍ണാശ്രമധര്‍മത്തെ കുറിച്ച് ആശ്രമ ധര്‍മമെന്ന ലേബലില്‍ ദമിതഹിംസാത്മകമായ ഗീതാപ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന വര്‍ത്തമാന സന്ദര്‍ഭത്തിലാണ് മത്യാസിന്റെ ഈ ഒഴുക്കിനെതിരേയുള്ള ധീരമായ പ്രയാണം.
_______________________________
ഇക്കണോമിക് ആന്‍ഡ് പൊലിറ്റിക്കല്‍ വീക്കിലിയിലാണ് പാണ്ഡ്യന്റെ രചനകള്‍ കൂടുതലും വന്നിട്ടുള്ളത്. സാമ്പത്തിക വിശാരദനില്‍ നിന്നും സംസ്‌കാര ചരിത്രരചയിതാവിലേക്കുള്ള പരിണാമമാണ് പാണ്ഡ്യന്‍. ഒരു സാമൂഹ്യ ശാസ്ത്രകാരന്‍, വര്‍ത്തമാന ചരിത്രകാരന്‍ എന്നീ നിലകളില്‍ തന്റെ സാംസ്‌കാരിക പ്രദേശത്തേയും ജനതയേയും കുറിച്ചുള്ള ആഴത്തിലുള്ള രാഷ്ട്രീയ സൈദ്ധാന്തിക വിമര്‍ശ വിജ്ഞാനം തന്നെയാണ് പ്രൊഫസര്‍ പാണ്ഡ്യന്‍ നിര്‍മിച്ചു വരമൊഴിയിലൂടെ വിതരണം ചെയ്തത്. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ടിലും തുടര്‍ന്ന് ദേശീയവാദികളുടെ വിളനിലമായ ദില്ലിയില്‍ തന്നെയുള്ള ജെ. എന്‍. യു.വിലും ധീരവും രാഷ്ട്രീയ ജാഗ്രവുമായ തന്റെ ശബ്ദവും തൂലികയും പ്രബുദ്ധതയും അദ്ദേഹം ബഹുജനഹിതത്തിലേക്കായി വിനിയോഗിച്ചു. ഇന്ത്യന്‍ ജനായത്തം തന്നെ വമ്പിച്ച പ്രതിസന്ധികള്‍ നേരിടുന്ന, ഇന്ത്യയിലെ ബഹുജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ നിര്‍ണായക പ്രതിസന്ധി ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പൊടുന്നനേയുള്ള മരണം സംഭവിച്ചിരിക്കുന്നത്. പാണ്ഡ്യന്‍ ഒഴിഞ്ഞുപോയ ഇടം ശൂന്യമായി തന്നെ കിടക്കുന്നു. മത്യാസ് പാണ്ഡ്യനെ പോലെ ഒരേയൊരു പാണ്ഡ്യന്‍ മാത്രമേയുള്ളു. മൂവേന്തരിലെ പാണ്ഡ്യ മൂപ്പന്മാരേ പോലും തെന്നിന്ത്യ വിസ്മരിക്കാം പക്ഷേ എം. എസ്. എസ്. പാണ്ഡ്യനെ നമുക്കു മറക്കാവതല്ല. എഴുത്തും വായനയും ജീവിതവും പോരാട്ടവും തുടരുന്ന കാലത്തോളം തെന്നിന്ത്യ പാണ്ഡ്യനെ ഓര്‍ക്കും. ഭാവിയില്‍ സാധ്യമായേക്കാമായിരുന്ന അദ്ദേഹത്തിന്റെ കൂടുതല്‍ പക്വവും കരുത്താര്‍ന്നതുമായ രചനകള്‍ നമുക്കെന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ ബഹുജനങ്ങളുടേയും ദലിതരുടേയും തീരാനഷ്ടമാണത്. ഫാഷിസം ചുമലേറി കഴുത്തിനു കുത്തി പിടിച്ചപ്പോള്‍ മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങളും യാഥാസ്ഥിതിക ബൗദ്ധിക വൃന്ദങ്ങളും ഇന്ത്യയിലേയും കേരളത്തിലേയും സംസ്‌കാരദേശീയവാദത്തിന്റേയും അതിന്റെ പ്രാദേശിക രൂപമായ ഭാഷാമൗലികവാദത്തിന്റേയും വിമര്‍ശകരെ വായിക്കാന്‍ തുടങ്ങുന്നത്. ഘര്‍ വാപസി വന്നു ചങ്കത്തു കയറിച്ചവിട്ടി മെതിച്ചപ്പോള്‍ മാത്രമാണ് ന്യൂനപക്ഷവൃന്ദങ്ങള്‍ പോലും ഭരണഘടനയുടെ മതേതരാദര്‍ശങ്ങളേ കുറിച്ചും നാണുവാശാനും ഫൂലേയും അംബേദ്കറും വിഭാവനം ചെയ്ത മതസ്വാതന്ത്ര്യത്തേക്കുറിച്ചും മാനസാന്തരത്തിന്റെ
മാനുഷികമായ ആര്‍ജവവും സജീവമായ ചേതനയും ആഴമേറിയ ഓര്‍മയുമുള്ള നൈതിക ബുദ്ധിജീവിയായിരുന്നു പാണ്ഡ്യന്‍. രാഷ്ട്രീയ സമ്പദ് വ്യവസ്ഥയും സംസ്‌കാര ചരിത്രവും വര്‍ത്തമാന ജനപ്രിയ സംസ്‌കാരവും അദ്ദേഹത്തിനു സ്വന്തം നെഞ്ചിടിപ്പു പോലെ അടുത്തറിയാമായിരുന്നു. ഏതാനും തവണ മാത്രമേ ഈ ലേഖകന്‍ അദ്ദേഹത്തെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളു. സഹജവും ജൈവീകവുമായ സാഹോദര്യമാണ് പാണ്ഡ്യനെ പാണ്ഡ്യനാക്കുന്നത്. ഓരോ തവണ കാണുമ്പോളും അദ്ദേഹം ചെറിയ വ്യക്തികളേയും ഗവേഷകരേയും പോലും ഓര്‍ക്കുകയും വ്യക്തവും സൂക്ഷ്മവുമായ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും നടത്തുകയും ചെയ്യും. തികച്ചും മാനവികമായ ജൈവസാഹോദര്യം നിറഞ്ഞതും സൗഹാര്‍ദ്ദപരവും സമത്വത്തിലൂന്നിയതുമായിരുന്നു പ്രൊഫസര്‍ പാണ്ഡ്യന്റെ ഇടപെടലുകള്‍. ദില്ലിയിലാണെങ്കിലും അദ്ദേഹം തന്റെ ഇഷ്ടപ്പെട്ട തെന്നിന്തന്ത്യന്‍ വേഷമായ ലുങ്കിയും ഇഷ്ടഭക്ഷണമായ മീന്‍കറിയും മറക്കാറില്ല. ജെ. എന്‍. യു. വിലാണെങ്കിലും സാമൂഹ്യനീതിയുടെ സമരമുഖങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഏറ്റവും ഒടുവില്‍ സുധീരമായി മോദിവിമര്‍ശം നടത്തുകയും നവമാധ്യമങ്ങളിലൂടെ പോലും ഫാഷിസത്തിന്റെ നിരന്തര വിമര്‍ശവിശകലനം ബഹുജനങ്ങളില്‍ സമകാലത്ത് വിതരണം ചെയ്യുകയുമായിരുന്നു അദ്ദേഹം. യുവാക്കളായിരുന്നു അദ്ദേഹത്തെ വായിച്ചതും അറിഞ്ഞതും. വായിക്കുകയും എഴുതുകയും ഭാഷണത്തേയും പോരാട്ടത്തേയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന പുത്തന്‍ തലമുറകളിലൂടെയാവും ഇനിയദ്ദേഹം ജീവിക്കുന്നത്. ആ പ്രബുദ്ധ ധീരന്റെ ഞടുക്കുന്ന വേര്‍പാടെങ്കിലും നമ്മിലെ ഉറങ്ങുന്നവരേയും കണ്ണടച്ചിരുട്ടാക്കുന്നവരേയും കാലത്തിന്റെ വലിയ വെല്ലുവിളികളിലേക്കുണര്‍ത്തിയിരുന്നെങ്കില്‍. തെന്നിന്ത്യയുടെ പ്രതീക്ഷയും വെളിച്ചവുമായ പാണ്ഡ്യന്റെ രചനകള്‍ നമ്മെ വഴിനടത്തട്ടെ. നൈതികവും നിര്‍ഭയവുമായ ആ വിമര്‍ശവഴി പുതിയ രചനാകര്‍തൃത്വങ്ങളെ പ്രചോദിപ്പിക്കട്ടെ. പാണ്ഡ്യന്‍ നമ്മെ വിട്ടു പോകില്ല, നാം പാണ്ഡ്യനെ വീണ്ടെടുക്കേണ്ടതുണ്ട്. എം. എസ്. എസിന്റെ ഓരോ വരികളും വിമര്‍ശബോധമുള്ള വായനക്കാരേയും രാഷ്ട്രീയബോധമുള്ള ചെറുപ്പക്കാരേയും ഉണര്‍ത്തുന്നതാണ്, ഊര്‍ജസ്വലരാക്കുന്നതാണ്. മാനവിക സാമൂഹ്യശാസ്ത്രങ്ങളേയും ചരിത്രത്തെ പ്രത്യേകിച്ചും സവിശേഷമായ പ്രാദേശിക തത്വദീക്ഷയോടെ വിഷയാന്തരവും ഗഹനവും ബഹുസ്വരവും ജനായത്തപരവുമാക്കിക്കൊണ്ടാണ് പാണ്ഡ്യന്‍ നാടുനീങ്ങുന്നത്. സൗന്ദ്രപാണ്ഡ്യന്‍ വാഴ്ക…
____________
ഡോ. അജയ് ശേഖര്‍
അസി. പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല കാലടി -683 574