ദൃശ്യവും നവസാങ്കേതികലോകത്തിലെ ചില അജൈവികമായ അരക്ഷിതാവസ്ഥകളും

ചുരുക്കിപ്പറഞ്ഞാല്‍, സാങ്കേതിക നവീനതയിലും ആധുനികതയിലും ലൈംഗികഭീകരതകളിലും തകര്‍ക്കപ്പെടുന്ന കുടുംബമൂല്യങ്ങളുടെ പുനരധിവാസമാണ് ദൃശ്യം. തറവാട്ടുമഹിമയുടെയും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയുടെയും മൃദുലമായ നന്മകളെ പ്രകീര്‍ത്തിച്ചുകൊണ്ട് മലയാളസിനിമയിലിറങ്ങിയ കുടുംബചിത്രങ്ങള്‍ക്കതീതമായി ദൃശ്യം ഒരു വ്യത്യസ്തമായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. കുടുംബം എന്ന നന്മയ്ക്കു നിലനില്‍ക്കണമെങ്കില്‍ ചില രഹസ്യമാക്കി വയ്‌ക്കേണ്ടുന്ന തിന്മയുടെ സഹായവും വേണ്ടിവരും എന്ന അതിജീവന യുക്തിയുടെ വളരെ ലളിതവും സത്യസന്ധവുമായ ആവിഷ്‌ക്കാരമാണ് ദൃശ്യം.

ലയാളസിനിമാ വിമര്‍ശനപഠനങ്ങളില്‍ മുഴച്ചുനില്‍ക്കുന്ന ചില വാര്‍പ്പ് മാതൃകകളുണ്ട്. അധീശത്വപ്രത്യയശാസ്ത്ര പ്രതിനിധാനപ്രശ്‌നവുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു വെറും കല്ലിച്ച സാമൂഹ്യപാഠരീതിശാസ്ത്രങ്ങളെയും നരവംശമാതൃകകളെയും അവലംബിച്ചുള്ള വിമര്‍ശനങ്ങള്‍ സിനിമയെ സമീപിക്കുന്നത് സിനിമയ്ക്കുള്ളിലെ മറ്റെല്ലാ ആന്തരവൈരുധ്യങ്ങളെയും ഉപപാഠങ്ങളെയും ഇല്ലാതാക്കിയും തേച്ചുമിനുക്കിയുമാണ്. സിനിമ എന്ന സങ്കീര്‍ണ്ണമായ കലാരൂപത്തെ കേവലമുദ്രാവാക്യസമാനമായ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഒതുക്കി കൊണ്ടുള്ള രാഷ്ട്രീയ വായനക്കാര്‍ക്ക് ചില ഏകീകൃത വാര്‍പ്പുമാതൃകകളും പ്രസ്ഥാപനവത്ക്കരിക്കപ്പെട്ട ചില മുദ്രാവാക്യമാനദണ്ഡങ്ങളുമുണ്ട്. ഇത്തരം വായനകളില്‍ നഷ്ടപ്പെടുന്നത് വളരെ സങ്കീര്‍ണ്ണമായ സിനിമയുടെ ദാര്‍ശനികലോകവും അതില്‍ അന്തര്‍ലീനമായ സൂക്ഷ്മ രാഷ്ട്രീയവുമാണ്. വെറും പുരുഷകേന്ദ്രീകൃത മധ്യവര്‍ഗ്ഗ സദാചാര ലോകമാണ് ദൃശ്യം എന്ന സിനിമ ദൃശ്യവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന തരത്തിലുള്ള പരന്ന വായനകളുടെ പ്രധാനപ്രശ്‌നം സിനിമയ്ക്ക് പുറത്തുള്ള രാഷ്ട്രീയവിഭവങ്ങളെമാത്രം ആശ്രയിക്കുന്നു എന്നുള്ളതാണ്. അകം പുറം എന്ന വളരെ ഭദ്രവും കണിശവുമായ വേര്‍തിരിവുകള്‍ സാധ്യമാണ് എന്നല്ല; മറിച്ച് സിനിമയെ വെറും രാഷ്ട്രീയചട്ടുകമായി മാത്രം കണ്ടുകൊണ്ടുള്ള വിമര്‍ശനരീതി അവലംബിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ചില ഘടകങ്ങളുണ്ട്. അതിലൊന്ന് അധികാരബന്ധങ്ങളില്‍ സംഭവിക്കുന്ന ആന്തരികവൈരുധ്യങ്ങളും തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയാത്ത ജയപരാജയങ്ങളുമാണ്.

സംവിധായകന്റെ വൈഭവത്തെയോ സിനിമയുടെ പ്രമേയത്തേയോ മാത്രം പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തികച്ചും അരാഷ്ട്രീയം എന്നു വിളിക്കപ്പെടുന്ന സംഘര്‍ഷരഹിതവും വ്യക്തി പൂജയിലധിഷ്ഠിതവുമായ വായനകളും സാധ്യമാണ്. എന്നാല്‍ ക്യാമറാ കാഴ്ചകളുടെയും കാണിയുടെയും ദൃശ്യവിനിമയലോകം രൂപപ്പെടുന്നത് സ്വയംപര്യാപ്തമായ ചട്ടക്കൂടുകളിലല്ല. അവിടെയാണ് ക്യാമറാ കാഴ്ചകളുടെ ദൃശ്യലോകവും കാണിയുടെ കാഴ്ചയും തമ്മിലുള്ള ജൈവികസമ്പര്‍ക്കത്തിന്റെ വിടവുകളേയും വൈരുദ്ധ്യങ്ങളേയും അടച്ചുകൊണ്ട് അഭ്രപാളിയില്‍ സമഗ്രഭാവനകള്‍ പൂത്തുലയുന്നതും വിചിത്രകല്‍പനകള്‍ നെയ്യുന്നതും. ഇവിടെ മര്‍മ്മപ്രധാനമായ ഒരു കാര്യം പറയാനുള്ളത് ഒരു കാണിയുടെ കാഴ്ച അഭ്രപാളിയിലെ ദൃശ്യലോകവുമായി പൂര്‍ണ്ണമായി തുന്നിച്ചേര്‍ത്ത ഒരുതരം പണയം വയ്ക്കപ്പെട്ടിട്ടുള്ള അടിമബോധമല്ല എന്നുള്ളതാണ്. അധീശത്വപ്രത്യയശാസ്ത്രത്തിന്റെ കെട്ടുകാഴ്ചകള്‍ക്കു കാണിയെ പൂര്‍ണമായി വിലയ്ക്ക് വാങ്ങുവാനുള്ള കഴിവുണ്ട് എന്ന പ്രമാണവാദം കാണിയുടെ കര്‍തൃത്വത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്നുണ്ട്. കാണി വെറും കമ്പോളക്കാഴ്ചയുടെയോ മേലാള ചരിത്രത്തിന്റെയോ മാത്രം അടിമയല്ല. അവിടെയാണ് ചലനചിത്രങ്ങളും പ്രേക്ഷകരും തമ്മില്‍ ഒരു വിഭിന്നവര്‍ത്തമാനകാല സംഘര്‍ഷം രൂപപ്പെടുന്നത്.

ബ്ലോക്ക്ബസ്റ്റര്‍ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിച്ച പല ഇന്ത്യന്‍ ഭാഷകളിലായി ഇതിനോടകം പുനര്‍നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞ ഒരു ”ജനപ്രിയ” സിനിമയാണ് ദൃശ്യം. ഒറ്റനോട്ടത്തില്‍ ശരാശരി മലയാളി മാതാപിതാക്കള്‍ക്കു തങ്ങളുടെ പെണ്‍മക്കളെക്കുറിച്ചുണ്ടാവാറുള്ള വ്യാകുലതകളേയും ആശങ്കകളേയും വളരെ കലാപരമായി ഒപ്പിയെടുക്കുന്ന ഒരു മുഴുനീള കുടുംബചിത്രമെന്ന നിലയില്‍ ദൃശ്യം തികച്ചും സവിശേഷമായൊരു അനുഭവലോകം പ്രധാനം ചെയ്യുന്നുണ്ട്.

___________________________________
ദൃശ്യം രണ്ട് സമാനസദാചാര ലോകത്തിന്റെ ധര്‍മ്മസങ്കടലോകത്തെ അവതരിപ്പിക്കുന്നു. ഒരു ഭാഗത്ത് തങ്ങളുടെ വഴിപിഴച്ചുപോയ മകന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ലോകം. മറുഭാഗത്ത് തങ്ങളുടെ മകളുടെ ശരീരത്തെ മാത്രം അന്വേഷിച്ചു കാമാസക്തിയോടെ കടന്നുവന്ന വരുണ്‍ എന്ന ചെറുപ്പക്കാരനെ കൊല്ലേണ്ടി വന്ന സാധാരണക്കാരായ മാതാപിതാക്കളുടെ ധര്‍മ്മസങ്കടലോകം. ഈ രണ്ട് കുടുംബപശ്ചാത്തലമുള്ള മാതാപിതാക്കളും ചെയ്യുന്നത് ഒരേ കാര്യം തന്നെയാണ്. ഒരു ഭാഗത്ത് തന്റെ മകളെ രക്ഷിക്കാന്‍ തെറ്റായ തെളിവുകളുണ്ടാക്കി പോലീസിനെയും നിയമവ്യവസ്ഥയെയും കബളിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിക്കാനും ജോര്‍ജ്ജുകുട്ടി ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് തന്റെ മകനെ കണ്ടെത്താന്‍ പോലീസിലെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥയായ ഗീതാ പ്രഭാകര്‍ എന്ന അമ്മ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി നിയമവ്യവസ്ഥയുടെ പ്രൊട്ടോക്കോളുകള്‍ ലംഘിക്കാനും മൂന്നാംമുറ വരെ ആശ്രയിക്കാനും തയ്യാറാകുന്നു. 
___________________________________ 

ഒരു സാധാരണ മലയാളി അണുകുടുംബത്തില്‍ നടക്കുന്ന കൊലപാതകത്തെ എങ്ങനെ വെറും നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു ഗ്രാമീണനായ സാധാരണക്കാരന്‍ അയാളുടെ മിടുക്കും ക്ഷമാശേഷിയും ഉപയോഗിച്ച് തന്റെ കുടുംബത്തേയും അതിന്റെ ഭദ്രതയേയും സംരക്ഷിച്ചെടുക്കുന്നുവെന്ന ലളിതമായ കഥയാണ് ദൃശ്യം പറയുന്നത് എന്ന പൊതുധാരണ ഉത്പാദിപ്പിക്കും വിധമുള്ള ശില്പഭദ്രത ദൃശ്യത്തിനുണ്ട്. അതിജീവനക്ഷമതയുടെ ആധുനികവും വൈയക്തികവുമായ ജനകീയ നീതിബോധത്തെ അനാവരണം ചെയ്യുന്ന വൈകാരികമായ കുടുംബകഥയുടെ സവിശേഷമായൊരു ”ത്രില്ലര്‍” ആഖ്യാലശൈലിയും ദൃശ്യത്തിനുണ്ട്.

അച്ഛനും അമ്മയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന ജൈവികമായ ഒരു കുടുംബവ്യവസ്ഥ. ആ നൈസര്‍ഗ്ഗികവും ജൈവികവും ഗ്രാമീണവുമായ ഗാര്‍ഹിക ആവാസവ്യവസ്ഥയില്‍ ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന ഒരഥിതി. ആ അഥിതിയെ യാദൃശ്ചികമായി കൊല്ലേണ്ടിവന്നപ്പോള്‍ ഉണ്ടാകുന്ന അപകടകരമായ പ്രതിസന്ധി. ആ പ്രതിസന്ധിയില്‍ വീണുപോകുന്ന തന്റെ കുടുംബത്തെ ക്ഷമയോടെ നേരിടാന്‍ പ്രാപ്തമാക്കുന്ന കുടുംബനാഥനായ ജോര്‍ജ്ജുകുട്ടി. ഒറ്റനോട്ടത്തില്‍ ദൃശ്യം ഇങ്ങനെയൊരു ലളിതമായ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. ഈ സിനിമ എന്തുകൊണ്ട് ജനകീയമായ ഒരു ”നല്ല” സിനിമയായി സ്വീകരിക്കപ്പെട്ടു?. ഈ സിനിമ നിര്‍മ്മിച്ചെടുക്കുന്ന ജനപക്ഷം എങ്ങനെയാണ് ജനകീയമായി മാറുന്നത്? വ്യക്തികേന്ദ്രീകൃത ജനകീയനീതിബോധം പ്രവര്‍ത്തിക്കുന്നത് ഏതൊക്കെ ഘടകങ്ങള്‍ ഒരുമിക്കുമ്പോഴാണ്? ഇത്തരം ചില ചോദ്യങ്ങള്‍ ചോദിക്കുവാനും ഉത്തരങ്ങള്‍ തിരയാനുമുള്ള ഒരു പരിശ്രമം ഇവിടെ തുടങ്ങി വയ്ക്കുകയാണ്.

കൂട്ടമാനഭംഗം ഡല്‍ഹിയില്‍ നടന്നപ്പോള്‍മാത്രം ഉണര്‍ത്തിവിട്ട പ്രധാന പ്രതികരണങ്ങളിലൊന്ന് ഹിംസാത്മക ലൈംഗികരംഗങ്ങളേയും രതിവൈകൃതങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന അശ്ലീലചിത്രങ്ങളുടെ നിരോധനമാണ്. ഇത്തരത്തിലുള്ള സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളോട് കൂട്ടി വായിക്കാന്‍ പറ്റുന്ന, ദ്രുതഗതിയിലുള്ള പ്രതികരണശേഷി പ്രകടിപ്പിക്കുന്ന ഒരു ‘സ്ത്രീപക്ഷ’ ‘ജനപക്ഷ’ ചിത്രത്തിന്റെ രൂപസാദൃശ്യതകള്‍ ദൃശ്യത്തിനുമുണ്ട്. സാങ്കേതിക നവീനതയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹങ്ങളില്‍ പെണ്‍ശരീരത്തെ ചുറ്റിപ്പറ്റിയുള്ള അരക്ഷിതബോധം കൂടുതല്‍ സങ്കീര്‍ണ്ണമായി തീരുമ്പോള്‍ ദൃശ്യം പുതിയ നീതിബോധവിചാരങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കുന്നുണ്ട്.

സ്മാര്‍ട്ട് ഫോണുകളുടെയും ഐ ഫോണുകളുടെയും കടന്നുവരവോടെ പൊതു ഇടങ്ങള്‍ കൂടുതല്‍ സ്വകാര്യവത്ക്കരിക്കപ്പെടുകയും ”പൊതു ഇടം” ”സ്വകാര്യ ഇടം” എന്ന തരംതിരിവുതന്നെ തന്നെ അസാധ്യമായിത്തീരുകയും ചെയ്തു. പുതുതലമുറ കൂടുതല്‍ കൂടുതല്‍ തങ്ങളുടേതായ സ്വകാര്യമായ വെര്‍റ്റ്വല്‍ ഇടങ്ങള്‍ ഉണ്ടാക്കുകയും അത്തരം ഇടങ്ങളില്‍ ആഴത്തില്‍ അഭിരമിക്കുകയും ചെയ്യുന്നുവെന്ന പരാതി പഴയതലമുറയിലെ രക്ഷിതാക്കള്‍ പലപ്പോഴായി പ്രകടിപ്പിക്കാറുണ്ട്. പഴയ തലമുറയുടെ കാഴ്ച്ചപ്പാടില്‍ ഈ ആധുനിക സാങ്കേതിക സ്വകാര്യത തന്നെയാണ് പിന്നീട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിണമിക്കുന്നത്. വളരെ ജൈവികം എന്നു കരുതപ്പെടുന്ന ദൈനംദിന ജീവിതം കൂടുതല്‍ കൂടുതല്‍ യന്ത്രവത്ക്കരിക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ വെര്‍ച്ച്വല്‍ലോകങ്ങളില്‍ തളച്ചിടപ്പെടുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത ദൃശ്യത്തില്‍ തന്നെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റ് പോണ്‍ (Internet porn) ആസക്തികളിലും വാട്‌സ് ആപ്പ് (Whaatsup) ക്ലിപ്പിങ്ങുകളിലും അകപ്പെട്ട് വഴിപിഴച്ച് പോകുന്ന പുതുതലമുറയെ ഈ സിനിമ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും സദാചാരഭദ്രതയുടെയും രക്ഷകര്‍തൃത്വം ഏറ്റെടുക്കുന്ന ജോര്‍ജ്ജുകുട്ടി എന്ന കുടുംബനാഥനെ നീതിയുടെയും ന്യായത്തിന്റേയും ഇടത്തിലേക്ക് പ്രതിഷ്ഠിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. അഹിംസയുടെ വേദപുസ്തകവുമായി ഇന്ത്യന്‍ ദേശീയപ്രസ്ഥാനങ്ങളെ സ്വാധീനിച്ച ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ മഹാത്മാഗാന്ധി പാശ്ചാത്യ നഗരവത്കൃതഭോഗാസക്തികളെയും അതിന്റെ ഹൃദയശൂന്യമായ യന്ത്രവത്കൃത മാതൃകകളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു. ഗാന്ധിയന്‍ സാമ്പത്തിക വീക്ഷണങ്ങളുടെയും സ്വയംഭരണചിന്തയുടെയും പ്രധാനസവിശേഷത അധികാരവികേന്ദ്രീകരണത്തിന്റെ പേരില്‍ നടപ്പിലാക്കപ്പെട്ട ഗ്രാമീണ ”ജൈവിക” മൂല്യങ്ങളുടെ പ്രചാരണം ആയിരുന്നു. തൊഴിലിന്റെ മാന്യതയേയും സ്വയം ഭരണത്തിന്റെ ആവശ്യകതയും മുക്തകണ്ഠം പ്രശംസിച്ച ഗാന്ധി ഹിന്ദുമത വീക്ഷണത്തിനു പ്രൊട്ടസ്റ്റന്റ് മൂല്യങ്ങളിലൂടെ നവീകരിച്ച ഒരു സോഷ്യലിസ്റ്റ് രാമരാജ്യഭാവനയുടെ ഭരണമാതൃക പ്രദാനം ചെയ്യുന്നുണ്ട്. ഈ ഭരണക്രമത്തില്‍ അധിഷ്ഠിതമായ കര്‍ത്തവ്യബോധത്തിന്റെയും ചുമതലാബോധത്തിന്റെയും ജനകീയ സോഷ്യലിസ്റ്റ് മാതൃക ദൃശ്യവും പങ്കുവയ്ക്കുന്നുണ്ട്.

___________________________________
വളരെ ജൈവികം എന്നു കരുതപ്പെടുന്ന ദൈനംദിന ജീവിതം കൂടുതല്‍ കൂടുതല്‍ യന്ത്രവത്ക്കരിക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ വെര്‍ച്ച്വല്‍ലോകങ്ങളില്‍ തളച്ചിടപ്പെടുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത ദൃശ്യത്തില്‍ തന്നെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റ് പോണ്‍ (Internet porn) ആസക്തികളിലും വാട്‌സ് ആപ്പ് (Whaatsup) ക്ലിപ്പിങ്ങുകളിലും അകപ്പെട്ട് വഴിപിഴച്ച് പോകുന്ന പുതുതലമുറയെ ഈ സിനിമ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും സദാചാരഭദ്രതയുടെയും രക്ഷകര്‍തൃത്വം ഏറ്റെടുക്കുന്ന ജോര്‍ജ്ജുകുട്ടി എന്ന കുടുംബനാഥനെ നീതിയുടെയും ന്യായത്തിന്റേയും ഇടത്തിലേക്ക് പ്രതിഷ്ഠിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. 
___________________________________

ലാഭത്തെ നന്മയിലധിഷ്ഠിതമായ ഒരു ദിവ്യമായ ലക്ഷ്യമായി കാണുകയും അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്ന ആധുനിക മൂലധനശക്തികളുടെ മൂല്യബോധത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ പ്രൊട്ടസ്റ്റന്റു മതമൂല്യങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ആധുനിക സ്വകാര്യ മൂലധന സഞ്ചാരത്തെ സഹായിക്കുന്നതില്‍ പ്രൊട്ടസ്റ്റന്റു മതമൂല്യങ്ങള്‍ നല്‍കിയ സംഭാവനയെപ്പറ്റി ”ദി പ്രൊട്ടസ്റ്റന്റ് എതിക്‌സ് ആന്റ് ദി സ്പിരിറ്റ് ദി ക്യാപ്പിറ്റിലിസം” (The Protestant Ethics and the Spirit of Capitalism)) എന്ന പുസ്തകത്തില്‍ മാക്‌സ് വെബര്‍ വിശദീകരിക്കുന്നുണ്ട്. ”എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം” എന്ന ഉല്‍പാദനശേഷിയുടെ കാര്‍ഷിക ഫ്യൂഡല്‍ പാരമ്പര്യം പേറുന്ന പഴംചൊല്ലിലാണ് ജോര്‍ജ്ജുകുട്ടി വിശ്വസിക്കുന്നതെങ്കില്‍ ”നാടോടുമ്പോള്‍ നടുവെ ഓടണം” എന്ന ഉപഭോഗകമ്പോള സംസ്‌കാരത്തിന്റെ തൃഷ്ണകള്‍ പേറുന്ന പഴംചൊല്ലിലാണ് ജോര്‍ജുകുട്ടിയുടെ ഭാര്യയായ റാണി വിശ്വസിക്കുന്നത്. ഈ രണ്ടു പഴംചൊല്ലുകളും നല്ല മനപ്പൊരുത്തത്തോടെ ഒത്തുചേരുന്ന ഗൃഹാന്തരീക്ഷമാണ് ദൃശ്യത്തിലുള്ളത്. അതേസമയം റാണി നാടോടുമ്പോള്‍ നടുവെ ഓടണം എന്നും, കൂടുതല്‍ കൂടുതല്‍ ആഡംബര സുഖസൗകര്യങ്ങള്‍ ഉണ്ടാക്കണം എന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു നിരന്തരം തന്റെ ഭര്‍ത്താവിനെ ഉപഭോഗസംസ്‌കാരത്തിന്റെ ധാരളിത്തത്തിലേക്ക് കടന്നുചെല്ലാന്‍ പ്രേരിപ്പിക്കുമ്പോള്‍ ജോര്‍ജുകുട്ടി, ലുബ്ധത പ്രകടിപ്പിക്കുന്നതിന്റെ പ്രധാനകാരണം ഒരു തീയേറ്റര്‍ സ്വന്തമായി വിലക്കുവാങ്ങുവാന്‍ വേണ്ടിയാണ്. അല്ലാതെ ഉപഭോഗസംസ്‌കാരത്തോടുള്ള നിര്‍മ്മിതിയോ നിസ്സംഗതയോ അല്ല. ജോര്‍ജുകുട്ടി പല സിനിമകളും അതിലെ അനുഭവജ്ഞാനങ്ങളഉം കണ്ടുപിടിച്ചാണ് ഏതു ദുര്‍ഗട പ്രതിസന്ധിക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന ഉത്പാദനക്ഷമതാശേഷിയുള്ള ഒരു വ്യവസായസംരംഭകനായി വളരുന്നത്. ഇവിടെ സിനിമയും ദൈനംദിന ജീവിതവും തമ്മിലുള്ള അന്തരം തന്നെ ഇല്ലാതായിതീരുകയാണ്. അതായത് ജോര്‍ജുകുട്ടിയുടെ ജീവിതം തന്നെ ഒരു വലിയ വെര്‍റ്റ്വര്‍ ലോകത്തിലൂടെ മദ്ധ്യസ്ഥത വഹിക്കപ്പെടുന്ന ഒന്നാണ്.

മറ്റൊരു പ്രധാന കാര്യം സംവരണം എന്ന വാക്ക് ഇന്ത്യന്‍ ക്ഷേമരാഷ്ട്രം നിര്‍മ്മിച്ചെടുക്കുന്നത് എങ്ങനെയാണെന്നതാണ്. അതായത്, ഇന്ത്യയിലെ ദളിതരും ആദിവാസികളും മുസ്ലീംങ്ങളഉം മറ്റുന്യൂനപക്ഷ പിന്നോക്ക ജാതിയില്‍ ജീവിക്കുന്നവരും സംവരണത്തിലൂടെ ഉയര്‍ത്തപ്പെടേണ്ടുന്ന അവശ വിഭാഗങ്ങളായി കാണപ്പെടണം എന്ന ഭ്രമാത്മക പരികല്പന സംവരണം (Reservation) എന്ന വാക്കില്‍ അടങ്ങിയിട്ടുണ്ട്. ഇവിടെ കാലാന്തരങ്ങളായി സംവരണം അനുഭവിച്ചു വളര്‍ന്ന സവര്‍ണ്ണ സമുദായങ്ങളും ഭൂപ്രഭുക്കന്മാരും സംവരണാതിഷ്ടിത ഭരണകൂടസംരക്ഷണ വലയത്തിനു പുറത്തുനിന്നുകൊണ്ട് സ്വപ്രയത്‌നവും കഴിവും ഇച്ഛാശക്തിയും ഉപയോഗിച്ച് വളര്‍ന്നുവരുന്ന ഒരു സ്വതന്ത്ര്യ ജനറല്‍ കാറ്റഗറി ആണ് എന്ന സവര്‍ണ്ണബോധമാണ് ”സംവരണം” എന്ന വാക്ക് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഫ്യൂഡല്‍ സമ്പത്ത് വ്യവസ്ഥയുടെ ഭാഗമായി വിഭവങ്ങളുടെ ഭോഗങ്ങളിലും സ്വത്തുശേഖരങ്ങളിലും കാലാകാലങ്ങളായി സവര്‍ണ്ണസമുദായങ്ങള്‍ അനുഭവിച്ചു പോന്നിരുന്ന സംവരണങ്ങള്‍ക്കെതിരെയുള്ള ഒരു ”പ്രതി സംവരണം” ആയി നിലവിലുള്ള കീഴാള സംവരണ നയത്തെ പുനര്‍നാമകരണം ചെയ്യുക എന്നത് ഗാന്ധിയന്‍ സാമൂഹ്യദര്‍ശനങ്ങളില്‍ നങ്കൂരമിട്ട ഇന്ത്യന്‍ സവര്‍ണ്ണരക്ഷാധികാരി രാഷ്ട്രബോധത്തിന് ചിന്തിക്കാന്‍ പോലും പറ്റാത്ത അപ്രാപ്യമായ ഒരു സമത്വബോധമാണ്. അതുകൊണ്ട് കീഴാളരെ കീഴാളരായിതന്നെ ഒതുക്കി നിര്‍ത്തുക എന്ന ഫ്യൂഡല്‍ ബോധമാണ് ”സംരക്ഷണ വിവേചനം” (Protective Discrimination) എന്ന വോട്ടുബാങ്ക് ഭരണകൂട ഭാഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ജോര്‍ജ്ജുകുട്ടി സംവരണങ്ങള്‍ക്കതീതമായ സ്വയം ഭരണത്തിലധിഷ്ഠിതമായ തന്റേതായ ഒരു ”പൊതുഇടം” സ്വന്തമാക്കുന്നുണ്ട്. ഒരനാഥനായി ജനിച്ചിട്ടുകൂടി സ്വപ്രയത്‌നത്താല്‍ വളര്‍ന്നുവന്ന ഒരു ”സ്വാതന്ത്ര്യവ്യക്തിത്വമാണ്” ജോര്‍ജ്ജുകുട്ടി. സാധാരണക്കാരനോട് തോളോട് തോള്‍ ചേരുന്ന നീതിബോധം പ്രകടിപ്പിക്കുന്ന മണ്ണിന്റെ മണമുള്ള ഒരു ഗാന്ധിയന്‍ വ്യവസായസംരംഭകനെയും ജോര്‍ജ്ജുകുട്ടിയില്‍ കാണാം. പക്ഷേ, ചായക്കടയില്‍ എത്തുമ്പോള്‍ മാത്രം പാവങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു ജനനായകനാവുകയും അതേസമയം കേബിള്‍ ടിവി ഓപ്പറേട്ടര്‍ എന്ന നിലയിലും ലോക്കല്‍ ചാനല്‍ ഉടമ എന്ന നിലയിലും അധാര്‍മ്മികമായ നിലയില്‍ പണം ഉണ്ടാക്കാന്‍ ഒട്ടും മടിക്കാത്ത ഒരു കൗശലക്കാരനായ വ്യവസായി ആയി മാറുകയും ചെയ്യുന്ന ജോര്‍ജ്ജുകുട്ടി മൂലധന സഞ്ചാരത്തിന്റെ പുതിയ വാതായനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ദൃശ്യത്തില്‍ തന്നെ ദൃശ്യത്തെ അപനിര്‍മ്മിക്കുന്ന രംഗങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ജോര്‍ജ്ജുകുട്ടി തന്നെ. ‘എ’ സെര്‍ട്ടിഫിക്കറ്റ് ലഭിച്ച പടങ്ങള്‍ ചില നാട്ടുകാരുടെ ആവശ്യാത്ഥം തന്റെ കേബിള്‍ ടിവി ചാനലിലൂടെ കാണിക്കുന്നുണ്ട്. അതുപോലെ തന്നെ ചില ചൂടര്‍ ലൈംഗികരംഗങ്ങള്‍ കണ്ടു തന്റെ അരികിലേക്ക് ഓടിവരുന്ന ജോര്‍ജ്ജുകുട്ടി ഒരിക്കലും കരുതുന്നില്ല ഇതേ രീതിയില്‍ തന്റെ മക്കളുടെ ചൂടന്‍ രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരു വഴിപിഴച്ചുപോയ ചെറുപ്പക്കാരന്‍ തന്റെ മകളെ തേടി വരുമെന്ന്. പലപ്പോഴും ടിവിയില്‍ ചൂടന്‍ രംഗങ്ങള്‍ കണ്ട് വീട്ടില്‍ ഓടി വരുന്ന ജോര്‍ജ്ജുകുട്ടി തന്റെ ഭാര്യയെ നിര്‍ബന്ധിത ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിന് തീരെ താല്പര്യമില്ലെങ്കില്‍ കൂടിയും ഒരു ഭാര്യ എന്ന നിലയില്‍ റാണി പലപ്പോഴും വഴങ്ങി കൊടുക്കേണ്ടി വരുന്നുണ്ട്. പക്ഷേ റാണി വഴങ്ങിക്കൊടുക്കുമ്പോഴും പുതിയ മാരുതിക്കാര്‍ വാങ്ങിക്കൊടുക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും നിബന്ധനകളും മുന്നോട്ടുവെച്ച് ജോര്‍ജ്ജുകുട്ടിയെ തന്റെ കമ്പോള മോഹങ്ങളുടെ വലയത്തിനുള്ളില്‍ വീഴ്ത്താറുണ്ട്.

ആണ്‍ പെണ്‍ ബന്ധങ്ങളില്‍ ഉണ്ടാകാനിടയുള്ള ചതിയുടെയും ചൂഷണത്തിന്റെയും അപകടസാധ്യതകളാണ് ചുംബനസമരത്തിനെതിരെ ഉപയോഗിക്കപ്പെടുന്ന പ്രധാന ആയുധം. ഒരര്‍ത്ഥത്തില്‍ ഈ അപകടസാധ്യതയെ പെരുപ്പിച്ചു കാണിക്കുകയും മുതിര്‍ന്നവരുടെ രക്ഷകര്‍തൃത്വത്തിന്റെ ആവശ്യകതയെ വളരെ ലളിതമായി സാധൂകരിക്കുകയും സാമാന്യവത്ക്കരിക്കുകയും ചെയ്യുകയാണ് ദൃശ്യം എന്ന സിനിമ ചെയ്യുന്നതെന്ന സദാചരാര പോലീസിനെതിരായുള്ള ലിബറല്‍ വായനയും ദൃശ്യത്തില്‍ സാധ്യമാണ്. എന്നാല്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കും പിന്നീടു തിരിച്ച് അടുക്കളയിലേക്കും ഒതുക്കപ്പെടുന്ന ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിയല്ല ദൃശ്യത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. മറിച്ചു ക്ഷണിക്കപ്പെടാതെ ബ്ലാക്ക്‌മെയിലുമായി കടന്നുവന്ന, അനുകമ്പയുടെ ഒരു കണിക പോലും കാണിക്കുവാന്‍ തയ്യാറാകാത്തവരാണ് എന്ന ചെറുപ്പക്കാരന്റെ ലൈംഗിക ആക്രമണത്തിനെതിരെ തങ്ങളുടേതായ രീതിയില്‍ പ്രതിരോധിക്കാനും ചെറുത്തു തോല്പ്പിക്കാനും ശ്രമിക്കുന്ന ഒരു അമ്മയെയും മകളെയും ആണ് ദൃശ്യത്തില്‍ കാണുന്നത്.

____________________________________
തൊലിയുടെ നിറം നോക്കി പാശ്ചാത്യ വംശീയതയെക്കുറിച്ചുള്ള പഠനങ്ങളെ അവലംബിച്ചുകൊണ്ടുള്ള യാന്ത്രികമായി നടത്തുന്ന രാഷ്ട്രീയ വായന കറുത്ത തൊലി നിറമുള്ള കോണ്‍സ്റ്റബിള്‍ സഹദേവനെ അപരസ്വത്വമായി പ്രതിഷ്ഠിക്കുന്നുണ്ട്. ജാതീയതയേയും വംശീയതയേയും ഒരേ കല്ലില്‍ ആവാഹിച്ചെടുക്കുന്ന ഈ പുനഃപ്രതിഷ്ഠാ കര്‍മ്മം കൊളോണിയല്‍ നരവംശ ശാസ്ത്രകര്‍മ്മപദ്ധതിയുടെ ഭാഗവാക്കാവുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ കോണ്‍സ്റ്റബിള്‍ സഹദേവനാണ് ഇവിടെ സത്യത്തിനുവേണ്ടി വാദിക്കുന്നതും പോരാടുന്നതും. പക്ഷേ, അഴിമതിക്കാരനും ദുഷ്ടനുമായി കുപ്രസിദ്ധി നേടിയ സഹദേവന്റെ സാക്ഷിമൊഴികള്‍ ഒടുവില്‍ നിഷ്പ്രഭമായി തീരുകയാണ് ചെയ്യുന്നത്. സത്യത്തിന്റെ അപേക്ഷികതയേക്കാളുപരി ആരുടെ സത്യമാണ് വിജയിക്കുന്നതെന്നും ആരുടെ സത്യമാണ് തഴയപ്പെടുന്നതെന്നുമുള്ള തദ്ദേശീയ ഉള്‍ക്കാഴ്ചയാണ് ദൃശ്യത്തില്‍ ദൃശ്യവത്ക്കരിക്കപ്പെടുന്നത്. 
____________________________________ 

ദൃശ്യം രണ്ട് സമാനസദാചാര ലോകത്തിന്റെ ധര്‍മ്മസങ്കടലോകത്തെ അവതരിപ്പിക്കുന്നു. ഒരു ഭാഗത്ത് തങ്ങളുടെ വഴിപിഴച്ചുപോയ മകന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ലോകം. മറുഭാഗത്ത് തങ്ങളുടെ മകളുടെ ശരീരത്തെ മാത്രം അന്വേഷിച്ചു കാമാസക്തിയോടെ കടന്നുവന്ന വരുണ്‍ എന്ന ചെറുപ്പക്കാരനെ കൊല്ലേണ്ടി വന്ന സാധാരണക്കാരായ മാതാപിതാക്കളുടെ ധര്‍മ്മസങ്കടലോകം. ഈ രണ്ട് കുടുംബപശ്ചാത്തലമുള്ള മാതാപിതാക്കളും ചെയ്യുന്നത് ഒരേ കാര്യം തന്നെയാണ്. ഒരു ഭാഗത്ത് തന്റെ മകളെ രക്ഷിക്കാന്‍ തെറ്റായ തെളിവുകളുണ്ടാക്കി പോലീസിനെയും നിയമവ്യവസ്ഥയെയും കബളിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിക്കാനും ജോര്‍ജ്ജുകുട്ടി ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് തന്റെ മകനെ കണ്ടെത്താന്‍ പോലീസിലെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥയായ ഗീതാ പ്രഭാകര്‍ എന്ന അമ്മ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി നിയമവ്യവസ്ഥയുടെ പ്രൊട്ടോക്കോളുകള്‍ ലംഘിക്കാനും മൂന്നാംമുറ വരെ ആശ്രയിക്കാനും തയ്യാറാകുന്നു.

തൊലിയുടെ നിറം നോക്കി പാശ്ചാത്യ വംശീയതയെക്കുറിച്ചുള്ള പഠനങ്ങളെ അവലംബിച്ചുകൊണ്ടുള്ള യാന്ത്രികമായി നടത്തുന്ന രാഷ്ട്രീയ വായന കറുത്ത തൊലി നിറമുള്ള കോണ്‍സ്റ്റബിള്‍ സഹദേവനെ അപരസ്വത്വമായി പ്രതിഷ്ഠിക്കുന്നുണ്ട്. ജാതീയതയേയും വംശീയതയേയും ഒരേ കല്ലില്‍ ആവാഹിച്ചെടുക്കുന്ന ഈ പുനഃപ്രതിഷ്ഠാ കര്‍മ്മം കൊളോണിയല്‍ നരവംശ ശാസ്ത്രകര്‍മ്മപദ്ധതിയുടെ ഭാഗവാക്കാവുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ കോണ്‍സ്റ്റബിള്‍ സഹദേവനാണ് ഇവിടെ സത്യത്തിനുവേണ്ടി വാദിക്കുന്നതും പോരാടുന്നതും. പക്ഷേ, അഴിമതിക്കാരനും ദുഷ്ടനുമായി കുപ്രസിദ്ധി നേടിയ സഹദേവന്റെ സാക്ഷിമൊഴികള്‍ ഒടുവില്‍ നിഷ്പ്രഭമായി തീരുകയാണ് ചെയ്യുന്നത്. സത്യത്തിന്റെ അപേക്ഷികതയേക്കാളുപരി ആരുടെ സത്യമാണ് വിജയിക്കുന്നതെന്നും ആരുടെ സത്യമാണ് തഴയപ്പെടുന്നതെന്നുമുള്ള തദ്ദേശീയ ഉള്‍ക്കാഴ്ചയാണ് ദൃശ്യത്തില്‍ ദൃശ്യവത്ക്കരിക്കപ്പെടുന്നത്. ഒടുവില്‍ വരുണിന്റെ മാതാപിതാക്കള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ ഉറവിടമായി കരുതിപ്പോകുന്ന അമേരിക്കയിലേക്ക് പോകുകയാണ് ചെയ്യുന്നത്. നിയമപരമായ കുരുക്കുകളില്‍ നിന്നൊക്കെ കരകയറിയ ജോര്‍ജ്ജുകുട്ടിയും പുത്ര വിയോഗത്താല്‍ വിന്യസിക്കുന്ന വരുണിന്റെ മാതാപിതാക്കളും തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ജോര്‍ജ്ജുകുട്ടി ആലങ്കാരിക ഭാഷയില്‍ വരുണിനെ കൊന്ന വിവരം ഏറ്റുപറയുന്നുണ്ട്. ഈ അവസാനരംഗത്തില്‍ പുത്രവിയോഗത്താല്‍ മനംനൊന്തു കരയുന്ന ഒരമ്മയുടെയും തന്റെ മകളെയും കുടുംബത്തേയും രക്ഷിക്കാന്‍ ശ്രമിച്ച സാധാരണക്കാരനായ ഒരച്ഛന്റെയും നിസ്സഹായത നിറഞ്ഞ ചിത്രവുമാണ് കാണുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, സാങ്കേതിക നവീനതയിലും ആധുനികതയിലും ലൈംഗികഭീകരതകളിലും തകര്‍ക്കപ്പെടുന്ന കുടുംബമൂല്യങ്ങളുടെ പുനരധിവാസമാണ് ദൃശ്യം. തറവാട്ടുമഹിമയുടെയും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയുടെയും മൃദുലമായ നന്മകളെ പ്രകീര്‍ത്തിച്ചുകൊണ്ട് മലയാളസിനിമയിലിറങ്ങിയ കുടുംബചിത്രങ്ങള്‍ക്കതീതമായി ദൃശ്യം ഒരു വ്യത്യസ്തമായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. കുടുംബം എന്ന നന്മയ്ക്കു നിലനില്‍ക്കണമെങ്കില്‍ ചില രഹസ്യമാക്കി വയ്‌ക്കേണ്ടുന്ന തിന്മയുടെ സഹായവും വേണ്ടിവരും എന്ന അതിജീവന യുക്തിയുടെ വളരെ ലളിതവും സത്യസന്ധവുമായ ആവിഷ്‌ക്കാരമാണ് ദൃശ്യം. അതിഭാവുകത്വത്തിന്റെ അതിപ്രസരങ്ങളില്‍ വീണുപോകാതെ ഒരു സാധാരണക്കാരന്‍ മനസ്സുവച്ചാല്‍ നിയമവ്യവസ്ഥയെ എളുപ്പം മറികടക്കാം എന്ന കാല്പനികഭാവനയെ ദൃശ്യവത്ക്കരിക്കുന്നുണ്ടെങ്കിലും; ദൃശ്യം കുറ്റത്തെ മറച്ചുപിടിക്കാന്‍ സഹായിക്കുന്നുവെന്ന ആരോപണം അസ്ഥാനത്താണ്. കാരണം ദൃശ്യം എന്ന സിനിമ ജനമൈത്രി പോലീസ് എന്ന പുതിയ ആശയത്തെ അവതരിപ്പിക്കുകയും ജനവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന പോലീസിന്റെ നിയമവാഴ്ച തന്നെ എങ്ങനെ ചില കുറ്റങ്ങളെ സ്ഥാപനവത്ക്കരിക്കുകയും ചില കുറ്റങ്ങളെ ശിക്ഷാര്‍ഹമായ അപരാധങ്ങളായി കാണുന്നുവെന്ന ആന്തരിക വൈരുദ്ധ്യത്തെ പുറത്തുകൊണ്ടുവരുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഇവിടെ ജോര്‍ജ്ജുകുട്ടിയുടെ കുടുംബം ചെയ്ത കുറ്റകൃത്യത്തെ ഫലപ്രദമായി മറച്ചുപിടിക്കാന്‍ സാധിക്കുന്നത് ജനമൈത്രി പോലീസ് സ്റ്റേഷന്‍ കെട്ടിടം നിലനില്‍ക്കുന്നതുകൊണ്ടാണ്. ആ പോലീസ് സ്റ്റേഷന്റെ തറക്കല്ലിനുള്ളിലാണ് ജോര്‍ജ്ജുകുട്ടി വരുണ്‍ എന്ന ചെറുപ്പക്കാരന്റെ മൃതദേഹം അടക്കം ചെയ്യുന്നത്. പോലീസ് സ്റ്റേഷനെതന്നെ ഒരു വലിയ കുറ്റത്തെ മറച്ചു പിടിക്കുന്ന അധികാരസ്ഥാപനമായി ഉപയോഗിക്കുന്നതിലൂടെ ഉപയോഗിക്കുന്നതിലൂടെ സിനിമ ഒരുതരം ദാര്‍ശനികമായ നര്‍മ്മബോധം ഉത്പാദിപ്പിക്കുന്നുണ്ട്. ദൃശ്യത്തില്‍ കുറ്റകൃത്യത്തെ മറച്ചുപിടിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിയമവ്യവസ്ഥയില്‍ തന്നെയുണ്ട്. നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് തന്നെ അതിന്റെ നിലനില്‍പ്പിനാവശ്യമായ ഹിംസാത്മകതയെ മറച്ചുപിടിച്ചുകൊണ്ടാണ്. നിയമത്തിലേക്കും നീതിയിലേക്കുമുള്ള വഴി നിയമപാലകരുടേയും ദൃശ്യമാധ്യമങ്ങളുടെയും രാഷ്ട്രീയ ദല്ലാളുകളുടെയും മദ്ധ്യസ്ഥരുടെയും താല്പര്യങ്ങളിലൂടെ നിര്‍ണ്ണയിക്കപ്പെടുകയാണ് ചെയ്യുന്നത്. നിയമത്തിന്റെ കുരുക്കുകളില്‍ നിന്നും കരകയറാന്‍ നിയമപാലകസ്ഥാപനത്തിന്റെ അടിത്തറതന്നെ ആവിശ്യമായി വരുന്നു. ഒരുപക്ഷേ, വിശാലാര്‍തഥത്തില്‍ ദൃശ്യം കാണിച്ചു തരുന്നദാര്‍ശിക ഉള്‍ക്കാഴ്ച്ചയും അതുതന്നെയാണ്. മനുഷ്യന്‍ അവന്റെ മൃഗീയമായ ജൈവികതയില്‍ നിന്നും അജൈവികമായ ”പരിഷ്‌കൃത” മാനവികതയുടെയും നവസാങ്കേതികവിദ്യയുടെയും അങ്ങേയറ്റം വെര്‍ച്ച്വലൈസു ചെയ്യപ്പെടുന്ന കൃത്രിമ ലോകങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍ അനിവാര്യമായ ചില കൃത്രിമത്വങ്ങളും കബളിപ്പിക്കലുകളും കുറ്റകൃത്യങ്ങളഉം നടത്തേണ്ടതായി വരുന്നു. പരിഷ്‌കൃതം എന്ന് വിളിക്കപ്പെടുന്ന മനുഷ്യവംശത്തിന്റെയും അതിന്റെ ജൈവികതയുടെയും നിലനില്‍പ്പിന്റെ ആധാരവും രസതന്ത്രവും ഇത്തരം കൃത്രിമത്വങ്ങളിലൂടെ ഒളിപ്പിച്ചുവയ്ക്കുന്ന അവിശുദ്ധ രഹസ്യങ്ങളാണ്. കേരളഭരണവര്‍ഗത്തിന്റെ പൂര്‍ണസംരക്ഷണത്തോട് കൂടി ദേശീയഗെയിംസിനുതൊട്ടു മുന്നോടിയായി അരങ്ങേറിയ ലാലിസം പോലെയുള്ള സ്റ്റേറ്റുസ്‌പോന്‍സര്‍ഡു പരിപാടികളിലൂടെ കുഴിതാണ്ടി പുറത്തു വരുന്നതും ഇത്തരം വെര്‍റ്റ്വല്‍ കൃത്രിമത്വങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കപ്പെട്ട അവിശുദ്ധ രഹസ്യങ്ങളാണ്.
__________________________

  • Sudeesh K is currently pursuing his PhD in the Dept. of Cultural Studies, EFLU, Hyderabad.  
Top