മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍
ഹരീഷിന്റെ കഥകള്‍ തുറന്നിടുന്ന ലോകം സ്വാതന്ത്ര്യത്തിന്റേതാണ്. പിടിച്ചുപറിക്കാരനും, സവര്‍ഗഭോഗിയും, കശാപ്പുകാരനും, ചക്കാത്തില്‍ വെള്ളമടിക്കുന്നവനും, കൊലപാതകിയും, മോഹഭംഗം പിടികൂടിയ നക്‌സലൈറ്റുകളും, റബ്ബര്‍വില കൂടുമ്പോള്‍ വിസ്‌കിയിലേക്ക് മാറുന്ന ഇടത്തരം മുതലാളിമാരും, കാശിനുവേണ്ടിയല്ലാതെ ശരീരം പങ്കുവെയ്ക്കുന്ന പ്രണയിനികളും, ബീഡിവലിച്ചും കൂടെപ്പണിയുന്നവരെ കമന്റടിക്കുന്ന കൂലിപ്പണിക്കാരും, തങ്കളുടെ സന്തോഷങ്ങളും ചെറു സങ്കടങ്ങളും പങ്കുവെച്ച ദാര്‍ശനികഭാരമില്ലാതെ ജീവിച്ചുപോകുന്ന ലോകം. അവിടെ മനുഷ്യരുടെ ഒപ്പം പശുക്കളും, പോത്തുകളും, താറാവുകളും, പട്ടികളും ഒക്കെ നടക്കുന്നു. രാത്രികാവലില്‍ ശങ്കുണ്ണിയാശാന്റെ പിന്നാലെ കുരച്ചു പായുമ്പോള്‍, ‘ഒറ്റയ്ക്കായിപ്പോയ ഏറ്റവും ബുദ്ധിമാനായ മൃഗത്തിന്റെ പേടിയാണ്’ പട്ടികളെ സന്തോഷിപ്പിക്കുന്നത്. ഹരീഷിന്റെ കഥകളിലെ ഏറ്റവും ദാര്‍ശനികഭംഗിയുള്ള വാക്യം ഇതാണെന്ന് തോന്നുന്നു. അതാവട്ടെ, ആടകളഴിഞ്ഞു പോയ സത്യമാണ് താനും.
വായന
_____
ആധുനികോത്തരത മലയാള കഥകളില്‍ പ്രത്യക്ഷപ്പെടുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളോടെ ആണെന്ന് പരക്കെ അംഗീകരിക്കപ്പെടുകയും അതിന്റെ സവിശേഷതകള്‍ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായതും നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഭാഗമാണ്. ഉത്തരാധുനിക സമൂഹത്തിന്റെ ലക്ഷണങ്ങളായി കണ്ടിരുന്ന പല പ്രത്യേകതകളും
പിന്നീടുവന്ന കഥാകൃത്തുക്കള്‍ വിപണിയും മാധ്യമങ്ങളും, പ്രത്യേകിച്ച് ടി.വി.യും മറ്റും സൃഷ്ടിക്കുന്ന ബഹുജനസ്വാധീനത്തെ പ്രമേയമാക്കി സാംസ്‌കാരിക മൂലധനത്തിന്റെ അധിനിവേശത്തിനെതിരെ പ്രതിരോധമുയര്‍ത്തി. സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, ഇ. പി. ശ്രീകുമാര്‍ തുടങ്ങി ടി.ബി. ലാലും ധന്യാരാജും വരെയുള്ളവര്‍ പിന്തുടര്‍ന്നത് ഈ വഴിയോ ഇതിന്റെ വകഭേദങ്ങളോ ആയിരുന്നു. മുതലാളിത്തവും മൂലധനവും അധിനിവേശവും ചേര്‍ന്ന സാംസ്‌കാരികപരിസരം മലയാളിയുടെ മേല്‍ ചെലുത്തുന്ന ഉപഭോഗപരത കഥകളെ വിടാതെ പിന്തുടര്‍ന്നു എന്നു സാരം. ഇതിനിടയില്‍ മലയാളകഥയില്‍ സംഭവിച്ച മാറ്റം, ലൈംഗികതയും ശരീരവും പ്രമേയമാക്കിയ കഥകള്‍ക്കും കഥാകൃത്തുക്കള്‍ക്കും ലഭിച്ച വിപുലമായ സ്വീകാര്യതയായിരുന്നു. പുതുലോകബോധവും ആണ്‍-പെണ്‍ വിനിമയങ്ങളിലെ
- മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍
രസവിദ്യയുടെ ചരിത്രം (2005) ത്തിനു പിന്നാലെ, ഒന്‍പത് വര്‍ഷത്തിനുശേഷം ‘ആദം’ എന്ന സമാഹാരവുമായി എസ്.ഹരിഷ് മലയാള കഥാസാഹിത്യത്തില്‍ നിലയുറപ്പിക്കുമ്പോള്‍ വായനയും ഭാവുകത്വവും ഏറെ മാറിയ സന്ദര്‍ഭത്തെയാണ് നേരിടേണ്ടി വരുന്നത്. മികച്ച വായനാ പിന്തുണയും നിരവധി പതിപ്പുകളുമായി അരഡസന്‍ നോവലുകളും, ജനപ്രിയ സിനിമകളിലും ചെറുകഥാസാഹിത്യത്തിലും ഒരുപോലെ വിജയിച്ച സ്വന്തം തലമുറയിലെ എഴുത്തുകാരും, തന്റെ പിന്നാലെ വന്ന ആഖ്യാനത്തില്‍ അത്ഭുതം സൃഷ്ടിച്ച ചുരുക്കം തില കഥാകൃത്തുക്കളും ഒക്കെയാണ് ഹരിഷിന്റെ മുന്‍പില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. എന്നാല്‍ ഉള്ളുറപ്പും സൂക്ഷ്മതയും, വാക്കുകളില്‍ അനായാസമായി കൊരുക്കുന്ന നര്‍മ്മബോധവും, അതിലുപരി ഏച്ചുകെട്ടലുകള്‍ക്കു പുറത്തുള്ള രാഷ്ട്രീയജാഗ്രതയും കൊണ്ടു മുറുക്കുമുള്ള
ഇന്ത്യന്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളയും എന്നത് തൊള്ളായിരത്തി എഴുപതുകളില്‍ വിപ്ലവത്തെ സംബന്ധിച്ച സങ്കല്‍പ്പമായിരുന്നു. മലയാള ചെറുകഥയുടെ നാഗരികമായ വര്‍ത്തമാനത്തെ വളയുന്ന കഥയുടെ ഗ്രാമങ്ങളായി ഹരീഷിന്റെ രചനകളെ കാണുന്നത് രസകരമായിരിക്കും. തീര്‍ച്ചയായും സാഹിത്യത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന, ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമാണത്. കാല്പനികമായ ഭംഗിയും നന്മയുടെ ധവളിമയും മാത്രം ചാര്‍ത്തിക്കിട്ടിയ സ്ഥലത്ത് നിന്നും മാറി വ്യത്യസ്തരായ മനുഷ്യര്‍ പാര്‍ക്കുന്ന ലോകമാണ് ഈ കഥകളിലെ ഗ്രാമങ്ങള്‍. പെരുമകളും പുരാവൃത്തങ്ങളും ഒഴിവാക്കി വര്‍ത്തമാനകാലത്തു ജീവിക്കുന്നവരാണ് ഇവര്‍. ഈയൊരു ദേശഭൂപടം സവിശേഷമായ രൂപകമായി മാറുകയും അവിടുത്തെ ജൈവികവിനിമയങ്ങള്‍ ബഹുസ്വരമാവുകയും ചെയ്യുന്നു. മനുഷ്യര്‍ മാത്രം സംസാരിക്കുന്ന ലോകം അപ്രത്യക്ഷമാവുകയും പ്രകൃതിയും ജന്തുജാലങ്ങളും ഒക്കെ ഭാഷകരായി മാറുന്ന കാഴ്ചകളിലേക്ക്, പുതിയൊരു ഭാവനാലോകം പണിയുകയാണ് ഈ കവിതകളെന്ന് ചുരുക്കിപ്പറയാം. ചലനാത്മകവും സജീവവുമായ കഥയിലെ ദേശവിസ്തൃതി കേരളത്തിലെ ആധുനികതയില്‍ കണ്ടുപരിചയമുള്ളതാണ്. എന്നാല്‍, ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകം, എന്താണോ ആധുനികത ഒളിപ്പിച്ചു വച്ചത് അതിനെ സുതാര്യവും ആര്‍ജവത്തോടെയും തുറന്നു കൊടുക്കാന്‍ ഹരീഷിന് കഴിയുന്നു എന്നുള്ളതാണ്.
ആധുനികതയുടെ നഷ്ടപ്പെട്ടു എന്നു കരുതിയ സാമൂഹിക ഇടങ്ങളും, വ്യാജമായി ഒളിപ്പിച്ച അവബോധങ്ങളും,
നാട്ടിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം ഹരീഷിന്റെ കഥകളിലേക്കുള്ള വാതിലാണ്. സ്‌കൂളും, വായന ശാലയും, ചെറിയ ചായക്കടയും, ബാര്‍ബര്‍ഷോപ്പും, മതിലുകള്‍ കെട്ടിതിരിച്ച അപൂര്‍വ്വം വീടുകളും, കാലബോധമില്ലാതെ ഓരിയിടുന്ന പട്ടികളും, റബ്ബര്‍കായ്കകള്‍ വീണു ചിതറിയ ഇടവഴികളും വെള്ളംകേറി മൂടിയ പാടങ്ങളും എല്ലാം നിറഞ്ഞ, ആധുനീകരണത്തിനു പതിയെ വഴങ്ങുന്ന ദേശം ആണത്.
ഈ ദേശഭൂപടത്തെ ചലനാത്മകമാക്കുന്നത് വിചിത്രമായ ഭാവനകളും, അനുപമമായ നര്‍മ്മബോധവും, സ്വീകാര്യമായ ആസക്തികളും, അഴിഞ്ഞുപോകാത്ത സൗഹൃദങ്ങളും, പരാജയപ്പെടുന്ന പ്രണയങ്ങളും, നീട്ടിവയ്ക്കപ്പെടുന്ന ആഗ്രഹങ്ങളും, കളിമട്ടിലുള്ള പരിഷ്‌ക്കാരങ്ങളും ഒക്കെ ഭാഗമില്ലാതെ ചുമക്കുന്ന സാധാരണ മനുഷ്യരാണ്.
‘ഒറ്റ’ എന്ന കഥ കാണുക. ഏകാന്തതയും ഭ്രാന്തും ലഹരിപിടിപ്പിച്ച ആധുനികരില്‍ നിന്നും വ്യത്യസ്തമായി കൂലിപ്പണി കഴിഞ്ഞ് തിരുപ്പിടിച്ച കുറെ നോട്ടുകളുമായി. ഉറക്കത്തില്‍ നിന്ന് ഞെട്ടിപ്പിടഞ്ഞു ബസ്സില്‍ നിന്നിറങ്ങുന്നയാളാണ് ഇതിലെ കഥാപാത്രം. വീട്ടിലേക്കുള്ള വഴി തിരിച്ചറിയാന്‍ കഴിയാതെ റോഡില്‍ താന്‍ വരുന്ന ദിക്കുകളുമായി മല്ലിടുകയാണയാള്‍. പക്ഷേ, അയാളുടെ വിചാരങ്ങള്‍ സ്വാഭാവികവും മാനുഷികവും ആകുന്നിടത്താണ് ഈ രചന മലയാളകഥയില്‍ ഒറ്റ തിരിഞ്ഞുനില്‍ക്കുന്നത്. സാധാരണജീവിതങ്ങളെ അതായിത്തന്നെ അവതരിപ്പിക്കാന്‍ ഹരീഷ് കാണിക്കുന്ന മിടുക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. രാച്ചിയമ്മയിലും പൂവമ്പഴത്തിലും ഒക്കെ വിശദീകരിക്കാനാവാതെ, പറ്റിപിടിച്ച ചില അസ്വഭാവികതകള്‍ ഹരീഷിന്റെ കഥകള്‍ മറികടക്കുന്നു എന്നു പറയാം. രാത്രി കാവലിലെ ശങ്കുണ്ണിയാശാനും മാധവനും തമ്മിലുള്ള ശത്രുത മരണമെന്ന പ്രമേയവുമായി ചേര്‍ത്ത് അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക. ഒരു ഇടവഴി കൊണ്ട് പിരിക്കാവുന്ന രണ്ടുപേര്‍ തമ്മിലുള്ള അകലം, അതിന്റെ സമാനതകള്‍ ഇല്ലാത്ത വൈരാഗ്യം, ഗാഢത നമുക്കിടയിലെ ജീവിതബോധത്തിന്റെ ക്രിത്രിമത്വങ്ങളെയാണ് മുറിവേല്‍പ്പിക്കുന്നത്. വേര്‍പാടുകള്‍ മനുഷ്യരെ നിര്‍മ്മലരും നിരായുധരുമാക്കുമെന്ന കാഴ്ച്ചപ്പാടിനു വിരുദ്ധമാണ് ഇതിലെ കഥാപാത്രങ്ങളുടെ പ്രവര്‍ത്തികള്‍. ജീവിതദര്‍ശനങ്ങളുടെ ആത്യന്തികതയെ പരിഹസിക്കുകയാണ് ഈ കഥ. ചരമക്കോളത്തില്‍ നിന്നും വെട്ടിയെടുത്ത ഫോട്ടോകളുമായി ചീട്ടുകളിക്കുന്ന വിചിത്രതയാണ് നിര്യാതരായി എന്ന കഥയിലെ പ്രമേയം. അതിഗൗരവവും, വാചാലതയുമുള്ള, എന്നാല്‍ ഏകാകിയുമായ പീറ്റര്‍ സാറും കഥാകാരനായ ആഖ്യാതാവും തമ്മിലുള്ള ചര്‍ച്ചകളില്‍ തെളിഞ്ഞുനില്‍ക്കുന്ന കള്ള് കുടിക്കാനുള്ള ഉപായം എത്ര സുന്ദരമായാണ് ഈ രചന വരഞ്ഞിടുന്നത്. നാട്ടിന്‍ പുറങ്ങളിലെ സമയം കൊല്ലികളായ കാരണവന്മാരുടെ കഥയെന്നതിലുപരി, തലമുറള്‍ തമ്മിലുള്ള വിടവുകള്‍ അപ്രത്യക്ഷമാക്കുന്ന മാന്ത്രികത ഈ കഥയിലെ സംവാദങ്ങള്‍ കാണാം.
രാഷ്ട്രീയവും ദാര്‍ശനികവുമായ ഭാരങ്ങളുടെ കെട്ടഴിക്കുന്ന ഉത്തരാധുനികതയുടെ സവിശേഷതകള്‍ ഈ മട്ടിലാണ് ഹരീഷിന്റെ കഥകള്‍ അടയാളപ്പെടുത്തുന്നത്. ഇതില്‍ പുതിയകാലത്തിന്റെ സംഘര്‍ഷങ്ങള്‍ നേരിടാന്‍ ഭയപ്പെടുന്ന ഒരാളായി എഴുത്തുകാരന്‍ മാറുന്നില്ലേ എന്ന സന്ദേഹം സ്വാഭാവികമായി ഉണ്ടാവാം. മനുഷ്യര്‍ക്കുമേല്‍ ഒട്ടിച്ചുവെച്ച ജീവിതസമസ്യകളുടെ നിര്‍ധാരണമല്ല എഴുത്തെന്ന വിശ്വാസം ഇക്കാലത്തും തെറ്റായി കരുതപ്പെടുന്നത് സംശയത്തിന്റെ ആഴം ഒന്നുകൂടി കൂട്ടുന്നു. എന്നാല്‍ തന്റെ കഥകളിലൂടെ ദാര്‍ശനികതയാല്‍ മറയ്ക്കപ്പെട്ട ജീവിതാനുഭവങ്ങളെയും സമൂഹങ്ങളെയുമല്ലേ ഹരീഷ് തിരിച്ചുപിടിക്കുന്നത് എന്ന മറു ചോദ്യമാണ് പ്രസക്തം. ഓരോ കഥകളിലും വരയ്ക്കപ്പെടുന്ന മനുഷ്യര്‍ ആരാണ്? നാഗരികജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ എന്തുകൊണ്ട് ഈ കഥകളില്‍ നിന്നും അകലം പാലിക്കുന്നു? ജാതിയും സാമുദായിക വിനിമയങ്ങളും തുറന്നെഴുതാന്‍ ആഖ്യാനം സ്വീകരിക്കുന്ന തന്ത്രം എന്താണ്? ലൈംഗികതയുടെയും ലഹരിയുടെയും പകലുകളും രാത്രികളും പിന്നിട്ട്, വിയത്‌നാമിലെയും ബയാഭ്രയിലെയും രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കണമേയെന്നു പ്രാര്‍ത്ഥിക്കുന്നതില്‍ രമേശ് പണിക്കര്‍ (ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു) പുലര്‍ത്തുന്ന ആധുനികതയുടെ രാഷ്ട്രീയം, അതിന്റെ കാപട്യം, ഹരീഷിന്റെ കഥകളെ തേടുന്നേയില്ലെന്നു പറയാം. പിന്നെ എന്തു രാഷ്ട്രീയമാണ് ഈ കഥകള്‍ മുന്നോട്ടുവയ്ക്കുന്നത് എന്നതാണ് പ്രസക്തം.
- നായകന്മാരുടെ കഥ കഴി(യ്ക്കു)യുന്നു
നായക/നായിക സങ്കല്‍പ്പം വര്‍ത്തമാനകാല സിനിമകള്‍ ഒരു പരിധിവരെ കൈയൊഴിഞ്ഞെങ്കിലും സാഹിത്യം ഏകഭാഷകരെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നതെന്നു പറയാവുന്നതാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഭാവനാസമ്പന്നമായ മനുഷ്യന്‍ (പുരുഷന്‍) മാത്രമേ കഴിയൂയെന്ന വീക്ഷണത്തിനു കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ കഥകളില്‍ ഹരീഷ് സൂക്ഷ്മമായി ഉടയ്ക്കുന്നത് ദൃഢമായതും വ്യവസ്ഥാപിതവുമായ ഈ കാഴ്ച്ചപ്പാടിനെയാണെന്ന് ഉറപ്പിക്കാന്‍ കഴിയും. വിജയികളുടെ കാലത്തെയും മഹാന്മാരുടെ ലോകത്തെയും പിന്തള്ളി ബഹുലതകളെ സാന്നിദ്ധ്യമാക്കാന്‍ ശ്രമിക്കുന്നവയാണ് കഥകളുടെ ഭാവനാപരിസരം. ആദം എന്ന കഥയാണ് ഇതിന് മികച്ച മാതൃക. കരുത്തന്മാരായ പുരുഷന്മാരുടെ നാടെന്നു നെഞ്ചുതിരുമ്മി എന്‍.കെ. കുറുപ്പ് പറയുന്നുണ്ടെങ്കിലും ആ വാക്കുകളില്‍ തന്നെ ബലക്ഷയം പ്രകടമാണ്. നൂര്‍ എന്ന പട്ടിക്കുട്ടിയ്ക്കുണ്ടായ നാല് ആണ്‍പട്ടികളുടെ കഥയാണ് ആദം. എന്നാല്‍ ചിതറുകയും പരാജയപ്പെടുകയും മുന്‍നിശ്ചയങ്ങളെ തട്ടിമാറ്റുകയും ചെയ്യുന്ന അനിവാര്യതകളാണ് ഈ നാല് ആണ്‍പട്ടികളെയും കാത്തിരിക്കുന്നത്. കാന്‍ഡി, ജോര്‍ദാന്‍, വിക്ടര്‍, ആര്‍തന്‍ എന്ന ആദം എന്നിങ്ങനെ പരിഷ്‌ക്കാരവും പൗരുഷവും ചേര്‍ത്ത് വിളിപ്പേരിട്ട ഇവരുടെ ജീവിതപരിണാമങ്ങളാണ് ഇതിന്റെ പ്രമേയഘടനയെ നിര്‍ണ്ണയിക്കുന്നതെങ്കിലും ആണത്വത്തിന്റെ സംപൂര്‍ണ്ണ തകര്‍ച്ചയാണ് ആഖ്യാനത്തിന്റെ അടിത്തറ. മികച്ച പോലീസ് നായെന്നു പേരെടുത്ത വിക്ടറിന്റെ കശുമാവില്‍ തൂങ്ങിയാടുന്ന ജഡം ഈ പരാജയത്തിന്റെ ദൃഢസൂചകാണ്. ആണധികാരത്തിന്റെ പൊളിക്കുന്ന നിരവധി സൂക്ഷ്മലോകങ്ങള്‍ ഒക്കെ ഹരീഷിന്റെ കഥകളുടെ സവിശേഷതയായി മാറുന്നു.
ചപ്പാത്തിലെ കൊലപാതകം തമ്പിയെന്ന നാട്ടു റൗഡിയുടെ ആഘോഷാത്മകമായ യൗവ്വനവും അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മിത്തുകളെയും വരയുമ്പോള്‍തന്നെ, നായകപദവിയുടെ തകര്‍ച്ചയെ വ്യക്തമാക്കുന്ന കഥയാണ്. മാന്ത്രികവാലിലെ ബിനീഷാകട്ടെ സഹപാഠിയായിരുന്ന നീതുവിന്റെ മുന്‍പില്‍ തന്റെ പൗരുഷം വെളിവാക്കാന്‍ ശ്രമിക്കുമ്പോഴും അവളുടെ തമാശനിറഞ്ഞ പ്രതികരണങ്ങളില്‍ ചുരുങ്ങിപോകുകയാണ്. സര്‍വസന്നാഹങ്ങളോടെ ഉദ്ധൃതമായ ആണ്‍കോയ്മകള്‍ ശിഥിലമാവുകയും ലക്ഷ്യം തെറ്റുകയും അല്‍പ്പം കടന്നു പരിഹാസ്യമാവുകയും ചെയ്യുകയാണ് മാവോയിസ്റ്റിലെ ആന്റണിയുടെ കീഴടങ്ങല്‍. കെട്ടുപ്പൊട്ടിച്ചോടുന്ന രണ്ടു പോത്തുകളെ നാട്ടുകാര്‍ പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ആഖ്യാനമാണ് മാവോയിസ്റ്റ്. എന്നാല്‍ വിപ്ലവത്തെ പരാജയപ്പെടുത്തിയ, പഴയ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ ഹാസ്യാത്മക സൂചനയായി പോത്തുകള്‍ മാറുന്നതോടെ കഥയുടെ രാഷ്ട്രീയം വ്യക്തമാകുന്നു. ലൈബ്രറി ചുവരുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്ന മധ്യവയസ്‌ക്കര്‍ കഥകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവരെ ആദര്‍ശവല്‍ക്കരിക്കാന്‍ മെനക്കെടാതെ കാല്‍പ്പനികവും വിചിത്രവുമായ പരാജയങ്ങളിലെ പങ്കാളികളാക്കുകയാണ് കഥാകാരന്‍ ചെയ്യുന്നത്. എം. സുകുമാരന്‍, യു. പി ജയരാജ്, പി. കെ. നാണു തുടങ്ങിയവരുടെ കഥകളിലെ പോളിറ്റ്ക്കല്‍ അലിഗറികളെ വാഴ്ത്തിയ മലയാളി ഭാവുകത്വം ഈ മാറ്റത്തിലെ രാഷ്ട്രീയത്തിലെ വായിച്ചെടുക്കുന്നത് എങ്ങനെയെന്നറിയുക കൗതുകകരമായിരിക്കും. വരേണ്യവും കാല്‍പ്പനികവുമായ ഒരു ചരിത്രഘട്ടത്തെ പുതിയകാലം അടയാളപ്പെടുത്തുന്നതിന്റെ യുക്തി യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നു ഹരീഷിന്റെ കഥകള്‍ പറയുന്നു.
പ്രചാരണവാക്യങ്ങളോ അവബോധത്തെ പിളര്‍ത്തുന്ന പ്രമേയങ്ങളോ മാത്രം രാഷട്രീയം എന്ന കള്ളിയില്‍ പെടുത്തുന്ന (സിതാര എസിന്റെ അഗ്നി എന്ന കഥ ഓര്‍ക്കുക) മലയാളി വായനയില്‍ ഹരീഷിന്റെ കഥകളുടെ മുറുക്കവും ദൈര്‍ഘ്യവും ചരിത്രത്തോട് നിര്‍മ്മലമായി പുലര്‍ത്തുന്ന വിമര്‍ശവും ഏതു രീതിയിലാവും സ്വീകരിക്കപ്പെടുക? ജനപ്രിയ ചേരുവകള്‍ക്ക് വിപണിയുള്ള കാലം തിരിച്ചറിഞ്ഞ് എഴുതുവാന്‍ തുനിയാത്ത എഴുത്തുകാരന്‍ കൂടിയാവുമ്പോള്‍ സ്വീകാര്യതയുടെ വിസ്തൃതി ഒന്നുകൂടി കുറയും. എന്നാല്‍ മനുഷ്യരെക്കുറിച്ച് എഴുതുവാന്‍ കഴിയുന്ന, മൃഗങ്ങളുടെയും പക്ഷികളുടെയും ലോകം തിരിച്ചറിയുന്ന ആഖ്യാന വ്യതിരിക്ത ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും. മറ്റൊരു സവിശേഷത, ഹരീഷിന്റെ കഥാപാത്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ സ്വത്വപരമായ അടയാളങ്ങള്‍ പേറുന്നവരാണ് എന്നതാണ്.
- ആധുനികതയുടെ പദാവലികള്‍
മനുഷ്യര്‍ക്ക് മേല്‍ ചൂഴ്ന്ന്‌നില്‍ക്കുന്ന സംഘര്‍ഷങ്ങളും വര്‍ത്തമാനകാലത്തിന്റെ ദുരന്തബോധങ്ങളും ആണ് ഹരീഷിന്റെ കഥകള്‍ പങ്കുവെയ്ക്കുന്നതെന്ന മട്ടിലുള്ള നിരീക്ഷണങ്ങള്‍ ആധുനികതയുടെ പദാവലികളുടെ ചുറ്റുവട്ടത്തില്‍ നിന്ന് നമ്മുടെ ഭാവുകത്വം വിട്ടുമാറിയിട്ടില്ല എന്നതിന്റെ തെളിവാണ്. വാസ്തവത്തില്‍ സ്വത്വപരമായ വ്യതിരിക്തതയോ, ആധുനികപൂര്‍വ്വമെന്നു പൊതുവെ കരുതപ്പെടുന്ന സാമുദായികതയോ ഒളിച്ചുവയ്ക്കപ്പെട്ട കഥാപാരമ്പര്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഈ കഥകള്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് പ്രധാനം. പ്രത്യക്ഷത്തിലോ പരോക്ഷമായോ സാമുദായികനിലയും വര്‍ഗപദവിയും പേറാത്ത ഒറ്റ കഥാപാത്രങ്ങളും ഹരീഷിന്റെ കഥകളില്‍ ഇല്ലെന്നു കാണാം. ഇക്കാര്യത്തില്‍ മലയാളത്തിലെ ആദ്യകഥയായ വാസനാവികൃതിയാണ് എഴുത്തുകാരന്റെ മാതൃകയെന്നു തോന്നുന്നു. ഇക്കണ്ടക്കുറുപ്പിന്റെ ജാതിനിലയിലെ സന്നിഗ്ദതകള്‍ ഓരോ കഥാപാത്രങ്ങളെയും അദൃശ്യമായി പിന്തുടരുന്നുവെന്നു പറയാം. കേരളീയ ഗ്രാമീണഘടനയിലെ വിശേഷിച്ചും, മധ്യതിരുവിതാംകൂറിലെ ജാതി-സമുദായ വിനിമയങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥകളും ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെയാണ് ഹരീഷ് കഥകളില്‍ അവതരിപ്പിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ അസാന്നിദ്ധ്യവും ഹിന്ദുസമൂഹത്തിലെ അന്തരാളവിഭാഗങ്ങളുടെ നിരവധി സൂചനകളാല്‍ സമ്പന്നവുമാണ് ഈ കഥകളിലെ ഗ്രാമങ്ങള്‍. കാവ്യമേള എന്ന ഒറ്റക്കഥ മാത്രമേ ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ കടന്നുപോകുന്നുള്ളു. ഇക്കാര്യം ശ്രദ്ധേയമായി തോന്നാന്‍ കാരണം, വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഗ്രാമം ആന്തരികമായി ഇപ്പറഞ്ഞ വൈരുദ്ധ്യങ്ങള്‍ വഹിക്കുന്നതാണെന്ന തിരിച്ചറിവ് ഉത്തരാധുനികതയുടെ സംവാദപരിസരത്തിലെ സാധ്യമാകു എന്നുള്ളതാണ്. ആധുനികതയുടെ ആശയലോകം ഇതില്‍ നിന്ന് എത്രയോ ഭിന്നമായിരുന്നു എന്നും ഓര്‍ക്കുക. അതുകൊണ്ട് തന്നെ ദുരന്തബോധത്തെക്കാള്‍ ഇക്കഥകള്‍ക്കിണങ്ങുക നര്‍മ്മബോധമാണ്. മറ്റൊരു വാക്കില്‍ സൂചിപ്പിച്ചാല്‍ ഭാവുകത്വപരമായി ആധുനികതയെ അതിവര്‍ത്തിക്കുമ്പോഴും, കഥകളുടെ ആഖ്യാനപരിസരം നാട്ടിന്‍പുറം എന്ന സ്ഥലരാശിയാണ്. അവിടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരും (മാവോയിസ്റ്റ്) മുടി ആകാശത്തേക്ക് കൂര്‍പ്പിച്ചു വെക്കുകയും പാന്റ് തീരെ താഴ്ത്തിയിടുകയും ചെയ്യുന്ന പുതിയ വിഭാഗത്തില്‍ പെടുന്ന പയ്യന്മാരും (രാത്രികാവല്‍) അപൂര്‍വ്വമാണ്.
യഥാര്‍ത്ഥത്തില്‍ ഹരീഷിന്റെ കഥകള്‍ തുറന്നിടുന്ന ലോകം സ്വാതന്ത്ര്യത്തിന്റേതാണ്. പിടിച്ചുപറിക്കാരനും, സവര്‍ഗഭോഗിയും, കശാപ്പുകാരനും, ചക്കാത്തില്‍ വെള്ളമടിക്കുന്നവനും, കൊലപാതകിയും, മോഹഭംഗം പിടികൂടിയ നക്‌സലൈറ്റുകളും, റബ്ബര്‍വില കൂടുമ്പോള്‍ വിസ്‌കിയിലേക്ക് മാറുന്ന ഇടത്തരം മുതലാളിമാരും, കാശിനുവേണ്ടിയല്ലാതെ ശരീരം പങ്കുവെയ്ക്കുന്ന പ്രണയിനികളും, ബീഡിവലിച്ചും കൂടെപ്പണിയുന്നവരെ കമന്റടിക്കുന്ന കൂലിപ്പണിക്കാരും, തങ്കളുടെ സന്തോഷങ്ങളും ചെറു സങ്കടങ്ങളും പങ്കുവെച്ച ദാര്‍ശനികഭാരമില്ലാതെ ജീവിച്ചുപോകുന്ന ലോകം. അവിടെ മനുഷ്യരുടെ ഒപ്പം പശുക്കളും, പോത്തുകളും, താറാവുകളും, പട്ടികളും ഒക്കെ നടക്കുന്നു. രാത്രികാവലില്‍ ശങ്കുണ്ണിയാശാന്റെ പിന്നാലെ കുരച്ചു പായുമ്പോള്‍, ‘ഒറ്റയ്ക്കായിപ്പോയ ഏറ്റവും ബുദ്ധിമാനായ മൃഗത്തിന്റെ പേടിയാണ്’ പട്ടികളെ സന്തോഷിപ്പിക്കുന്നത്. ഹരീഷിന്റെ കഥകളിലെ ഏറ്റവും ദാര്‍ശനികഭംഗിയുള്ള വാക്യം ഇതാണെന്ന് തോന്നുന്നു. അതാവട്ടെ, ആടകളഴിഞ്ഞു പോയ സത്യമാണ് താനും.
_____________________________
സൂചന :
ആദം (ചെറുകഥകള്‍) എസ്. ഹരീഷ്, ഡി.സി. ബുക്‌സ്, കോട്ടയം – 2014