ശ്രീലങ്ക: ഭൂരിപക്ഷ വംശീയതയ്ക്കും ജനാധിപത്യത്തിനും നടുവില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ നാനാമതസ്ഥര്‍ താമസിക്കുന്ന ഇന്ത്യയില്‍ ഭരണഘടനാ നിര്‍മ്മാതാക്കളുടെ ഉള്‍ക്കാഴ്ചകള്‍ മൂലമാണ് സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുന്നത്. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ലോകത്തിലെ വിവിധ ഭരണഘടനകളെക്കുറിച്ച് പഠിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെ ശ്രീലങ്കന്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ ശ്രമിക്കാതിരിക്കുന്നത് വലിയ ഒരു പോരായ്മയായി ഇന്നും നിലനില്‍ക്കുന്നു. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പില്‍ മൈത്രിവാല സിരിസേനയുടെ അട്ടിമറി വിജയവും അയല്‍രാജ്യമെന്ന നിലക്ക് മാത്രമല്ല ഇന്‍ഡ്യയുടെ തന്നെ വടക്ക് ആര്യന്‍ തെക്ക് ദ്രാവിഡര്‍ തമ്മിലുള്ള ബലാബലങ്ങളുടെ മാറ്റുരക്കലായി വിലയിരുത്തപ്പെടേണ്ടതാണ്. ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ തലേദിവസം ഡോ. അംബേദ്കര്‍ ഭരണഘടനാ അസംബ്‌ളിയില്‍ ചെയ്ത പ്രസംഗത്തിന്റെ രണ്ടു കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.

‘ഭീകരവാദത്തെ’ ഇന്ന് മുഖ്യവിഷയമായി പല ലോകരാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ ഘട്ടത്തില്‍ ശ്രീലങ്കയിലെ Liberation of Tamil Tigers E­zham (L.T.T.E.) എന്ന സംഘടനയെ ഇല്ലായ്മ ചെയ്യാന്‍ നേതൃത്വം നല്കിയ പ്രസിഡന്റ് മഹീന്ദ്ര രാജ്പാക്‌സെയുടെ പരാജയവും, മൈത്രിപാല സിരി സേനയുടെ വിജയവും നിരീക്ഷകരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഗ്രനേഡുകളും വെടിയൊച്ചകളും സുപരിചിതമായ ജനങ്ങള്‍ എന്തുകൊണ്ടാണ് ഭീകരരെന്ന് മുദ്ര കുത്തപ്പെട്ട പ്രസ്ഥാനങ്ങളെ അമര്‍ച്ച ചെയ്ത ഭരണകൂടത്തേയും ഭൂരിപക്ഷ വംശീയതയെയും തോല്‍പ്പിച്ചത്?
ക്രിസ്തുവിന് മുമ്പ് 6-ാം ശതകത്തില്‍ ഗുജറാത്തിലെ സിംഹപുരം എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന സിംഹബാഹു എന്ന രാജാവിന്റെ മകനായ വിജയന്‍ എന്ന രാജകുമാരന്‍ അനുയായികളുമായി ശ്രീലങ്കയിലെത്തി കുവേനി എന്ന യുവതിയെ വിവാഹം കഴിച്ചു. (1) പില്‍ക്കാലത്ത് ഈ വിജയനാണ് സിംഹള രാജവംശ സ്ഥാപകനായി അറിയപ്പെടുന്നത്. ബുദ്ധമതത്തിന്റെ ഹീനയാന സഭയിലെ തേരാവാദ വിഭാഗമാണ് ശ്രീലങ്ക പിന്‍തുടരുന്നത്. ബി.സി രണ്ടാം നൂററാണ്ടില്‍ അനുരാധപുരം തലസ്ഥാനമാക്കി തമിഴ് രാജാവ് എല്ലാറെ തോല്‍പ്പിച്ച ദുന്തഗാമിനിയുടെ രംഗപ്രവേശനമാണ് ശ്രീലങ്ക ചരിത്രത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായത്.
ശ്രീലങ്കയിലെ ഭൂരിഭാഗം ജനങ്ങളും സിംഹള വിഭാഗത്തില്‍പ്പെട്ടവരാണ്. അവരുടെ ‘ഹീറോ’യാണ് ദുന്തഗാമിനി. മൂന്നാമത്തെ പാടലീപുത്ര സമ്മേളനത്തിന് ശേഷം അശോക ചക്രവര്‍ത്തി മകന്‍ മഹിന്ദയും പുത്രി സംഘമിത്രയേയും ബുദ്ധമത പ്രചാരണത്തിനായി ശ്രീലങ്കയിലേക്കയച്ചു. (എല്‍.ടി.ടി. യുടെ നേതാവ് പ്രഭാകരന്‍ ഒരിക്കല്‍ പറയുകയുണ്ടായി, സിംഹളര്‍ ബുദ്ധമതമനുസരിച്ച് ജീവിക്കുകയാണെങ്കില്‍ എനിക്ക് ആയുധം എടുക്കേണ്ടി വരികയില്ല എന്ന്). സിംഹളര്‍ ആര്യവംശത്തിന്റെ പിന്‍ഗാമികളാണെന്നും തമിഴര്‍ ദ്രാവിഡരാണെന്നും വിശ്വസിക്കുന്നു.
1948 ഫെബ്രുവരി 4 ന് സ്വതന്ത്ര്യമായതിന് ശേഷം പാസാക്കിയ സിറ്റിസണ്‍ഷിപ്പ് ആക്ട് തമിഴരുടെ വോട്ടവകാശത്തെ നിഷേധിക്കുകയുണ്ടായി. 1950കളില്‍ സര്‍ക്കാര്‍ ജോലികളില്‍ ജനസംഖ്യാനുപാതികത്തേക്കാള്‍ കൂടുതല്‍ പേര്‍ തമിഴ് വംശജരായിരുന്നു. വടക്ക് കിഴക്കന്‍ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സ്‌കൂളില്‍ തമിഴര്‍ക്ക് പഠിക്കുവാനുളള അനുകൂലാവസരങ്ങള്‍ നിരവധിയുണ്ടായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസത്തെ മോശമായി കണക്കാക്കപ്പെട്ടതുകൊണ്ട് വിദ്യാഭ്യാസത്തില്‍ സിംഹളര്‍ പിന്നോട്ട് പോയി. അതുകൊണ്ട് പ്രധാനമന്ത്രിയായിയുന്ന സോളമന്‍ ബന്ദാരനായക 1956ല്‍ സിംഹളര്‍ക്ക് മാത്രമുളള നിയമം കൊണ്ടു വന്നു. സിംഹളഭാഷ അറിയാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതായിരുന്നു ഈ നിയമം.
1958 ജൂലൈ 24ന് ശ്രീലങ്കയില്‍ തമിഴ് വിരുദ്ധകലാപം വ്യാപിക്കുകയുണ്ടായി. ആക്രമങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായിമാറി. തമിഴ് വംശജരുടെ ‘ഫെഡറല്‍ പാര്‍ട്ടി’ വിവേചനത്തിനും ആക്രമണത്തിനുമെതിരായ സമരമാര്‍ഗങ്ങള്‍ ആരംഭിച്ചു. അവസാനം പ്രധാനമന്ത്രി ബന്ദാരനായകയും ഫെഡറല്‍ പാര്‍ട്ടി നേതാവ് എസ്.ജെ. വി ശെല്‍വനായകവും തമ്മില്‍ ഒപ്പിട്ട കരാറില്‍ തീവ്രബുദ്ധിസ്‌ററുകള്‍ക്ക് പ്രതിഷേധമുണ്ടായി. 1959 സെപ്‌ററംബര്‍ 26ന് ഒരു ബുദ്ധഭിക്ഷു ബന്ദാരനായകിനെ വധിച്ചു. ഭര്‍ത്താവിന്റെ വിയോഗത്തെത്തുടര്‍ന്ന് അധികാരത്തിലെത്തിയ സിരിമാവോ ബന്ദാരനായക സിംഹളഭാഷ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. 1972 ല്‍ ബന്ദാരനായക കൊണ്ടുവന്ന ഭരണഘടന തമിഴരെ കൂടുതല്‍ അന്യവത്ക്കരിക്കുകയാണ് ചെയ്തത്. ഇത് 1948 ലെ ഭരണഘടനയിലെ 29-ാം വകുപ്പ് (ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുളളത്) നീക്കം ചെയ്യുകയാണുണ്ടായത്. തമിഴരുടെ വിദ്യാഭ്യാസം തടയുന്നതിനായി ഉന്നത പഠനത്തില്‍ ഓരോ ജില്ലയിലും നിശ്ചിതമാര്‍ക്ക് നേടിയവര്‍ക്കായി പരിമിതപ്പെടുത്തി.
1977ല്‍ അധികാരത്തില്‍ വന്ന പ്രസിഡന്റ് ജെ.ആര്‍ ജയവര്‍ദ്ധനന്‍ തുടക്കം കുറിച്ച പാശ്ചാത്യവത്ക്കരണ നയങ്ങള്‍ സിംഹളരെ അന്യവത്ക്കരിക്കുകയും തമിഴര്‍ക്കെതിരായുള്ള സിംഹള വിരോധത്തിന് ആക്കം കൂട്ടുകയും ചെയ്തു.

  • തമിഴ് സ്വത്വം

ശ്രീലങ്ക സ്വതന്ത്രമായതിന് ശേഷം തമിഴര്‍ നിരവധി പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായികൊണ്ടിരുന്നു. 1954 നവംബര്‍ 26ന് ജാഫ്‌നയക്കടുത്തുളള വെല്‍വെട്ടിതുറയിലാണ് പ്രഭാകരന്‍ ജനിച്ചത്. പാണ്ഡുര ജംഗ്ഷനില്‍ വച്ച് ക്ഷേത്രത്തിലെ തമിഴ് പുരോഹിതനെ മുടിക്കെട്ടില്‍ പിടിച്ച് വലിച്ച് ജംഗ്ഷനില്‍ കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം കുട്ടിക്കാലത്ത് തന്നെ തമിഴ് ജനതയുടെ നിലനില്‍പിനെ കുറിക്കുന്ന നിരവധി ചോദ്യങ്ങള്‍ പ്രഭാകരനില്‍ ഉയര്‍ത്തിവിട്ടു. തമിഴര്‍ നേരിടുന്ന വിവേചനത്തിന്റെ കാരണങ്ങള്‍ ചരിത്രത്തില്‍ നിന്നും അന്വേഷിച്ചെടുക്കുകയും ചെയ്തു.

_______________________________________
അംബേദ്കര്‍ ഭരണഘടനാ അസംബ്‌ളിയില്‍ ചെയ്ത പ്രസംഗത്തിന്റെ രണ്ടു കാര്യങ്ങള്‍.
1. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയും നാം വിഭാവനം ചെയ്യുന്ന സാമൂഹികവും സാമ്പത്തികവുമായ സംവിധാനങ്ങളും വിജയിക്കണമെങ്കില്‍ നാം രക്തരൂക്ഷിത വിപ്ലവം ഉപേക്ഷിക്കണം. നിസ്സഹകരണ മാനോഭാവവും ഉപേക്ഷിക്കണം. ഈ ദൃശ്യമാര്‍ഗ്ഗങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ കുഴപ്പങ്ങളെ ക്ഷണിച്ചു വരുത്തുന്നതുമായിരിക്കും.
2. ഏതെങ്കിലും മതവിഭാഗങ്ങള്‍ രാഷ്ട്രത്തിന് അതീതമെന്ന് സ്വയം വിശ്വസിക്കുന്നുവെങ്കില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയും നാശത്തിലേക്ക് വീണ്ടും വഴുതി വീഴുകയുമായിരിക്കും ഫലം. ഇതൊരിക്കലും സംഭവിക്കാതിരിക്കാന്‍ നാം ദൃഢനിശ്ചയത്തോടെ കാവല്‍ നില്‍ക്കേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയെ നമ്മുടെ അവസാന തുള്ളി രക്തം കൊടുത്തും സംരക്ഷിക്കുവാന്‍ നാം സ്വയം ഉറപ്പു വരുത്തേണ്ടതാണ്. 
________________________________________ 

”എന്റെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അവസാന തുളളി രക്തവും ചീന്തുമെന്നുളള” നേതാജിയുടെ വാക്കുകള്‍ പ്രഭാകരന് ആവേശമുണ്ടായി. തമിഴര്‍ക്ക് ഒരു രാഷ്ട്രം എന്ന ആവശ്യം മുന്‍ നിര്‍ത്തി 1976 – ല്‍ രൂപീകൃതമായ പ്രസ്ഥാനമാണ് എല്‍.ടി.ടി. നഖങ്ങള്‍ നീട്ടി ആക്രമിക്കാനൊരുങ്ങുന്ന അലറുന്ന കടുവയുടെ തലയും രണ്ട് തോക്കുകളുമാണ് എല്‍.ടി.ടി. യുടെ ചിഹ്‌നം. തെക്കേ ഇന്‍ഡ്യയില്‍ സാമ്രാജ്യം തീര്‍ത്ത ചോളരാജാക്കന്‍മാരുടെ എംബ്ലത്തില്‍ നിന്നാണ് കടുവയുടെ മുദ്ര കണ്ടെത്തിയത്. 1984ല്‍ തമിഴര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളേയും കോര്‍ത്തിണക്കി ഈഴം നാഷണല്‍ ലിബറേഷന്‍ എന്ന സംഘടന ഉണ്ടാക്കിയെങ്കിലും ആഭ്യന്തര കലഹങ്ങള്‍ മൂലം വേര്‍പിരിയുകയാണ് ചെയ്തത്. തമിഴരുടെ പുരോഗതിക്ക് തടസമാകുന്നത് നിരവധി സംഘടനകളാണെന്നു എല്‍.ടി.ടി. കരുതുകയും അതിനാല്‍ മറ്റു സംഘടനയുടെ നേതാക്കളെ ആക്രമിക്കുകയും നാമാവശേഷമാക്കുകയും ചെയ്തു.
പെരതേനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുന്നതു മൂലം തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പോകുവാന്‍ ഭയമായി. ഇതിനെതിരെ 1984 ജനുവരി 5 ന് നാല്‌പെണ്‍കുട്ടികള്‍ മരണം വരെ യൂണിവേഴ്‌സിററിക്ക് മുമ്പില്‍ നിരാഹാര സമരം തുടങ്ങി. അവരവിടെ കിടന്ന് ചത്താലും പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിരാഹാരം കിടന്ന വിദ്യാര്‍ത്ഥിനികളെ പിടികൂടി എല്‍.ടി.ടി താവളത്ത് കൊണ്ടുവന്നു. നിരാഹാരം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ആക്രമണത്തിന് തിരിച്ചടിക്കുകയാണ് വേണ്ടതെന്നും ബോധ്യപ്പെടുത്തി. നിരാഹാരത്തിന് നേതൃത്വം നല്‍കിയ മതിവദിനിയെ ചെന്നൈക്കടുത്തുളള തിരുപ്പോല്‍ മുരുകന്‍ കോവിലില്‍ വച്ച് പ്രഭാകരന്‍ പിന്നീട് വിവാഹം കഴിക്കുകയാണ് ഉണ്ടായത്.
ബഹുജനങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുളള പോരാട്ടം ജനങ്ങളുടെ പിറകിലൊളിക്കുന്നതാണെന്നും നേതാക്കള്‍ അപകടകരമായ ആക്രമങ്ങളുടെ ചുമതലയേറെറടുക്കുമ്പോള്‍ ജനങ്ങള്‍ പിന്തുണയുമായി പിന്നലെയെത്തുമെന്നുമാ യിരുന്നു പ്രഭാകരന്റെ നിലപാട്.

  • ഇന്ത്യ- ശ്രീലങ്ക ബന്ധങ്ങള്‍

തുടക്കത്തില്‍ ശ്രീലങ്കയിലെ തമിഴ് സംഘടനകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇന്ത്യ ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം ഈ സംഘടനകള്‍ക്ക് ഉണ്ടായിരുന്നു. തമിഴ് നേതാവ് വൈക്കോയുടെ കൂടെ താമസിച്ച 24 ദിവസമാണ് തന്റെ ജീവിതത്തിലെ ഏററവും നല്ല സമയമെന്ന് പ്രഭാകരന്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ശിരുമലെ, പൊളളാച്ചി, മേട്ടൂര്‍ എന്നിവിടങ്ങളില്‍ എല്‍.ടി.ടി. പരിശീലന ക്യാമ്പുകള്‍ തുടങ്ങി. ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ഓഫീസര്‍മാരെയാണ് ഷൂട്ടിങ്ങ് പരിശീലനത്തിനായി നിയോഗിച്ചത്. എല്‍.ടി.ടി. ഈ ക്യാമ്പുകളില്‍ പങ്കെടുത്തില്ലെങ്കില്‍ മററ് സംഘടനകള്‍ പങ്കെടുക്കുകയും എല്‍.ടി.ടി.യ്ക്ക് ക്ഷീണം സംഭവിക്കുകയും ചെയ്യുമെന്ന് പ്രഭാകരന്‍ വെളിപ്പെടുത്തുകയുണ്ടായി. എല്‍.ടി.ടി. യുടെ പ്രവര്‍ത്തനം രാജ്യത്ത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതുകൊണ്ട് പ്രസിഡന്റ് ജയവര്‍ദ്ധനനെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു.
1984ല്‍ പഞ്ചാബിലെ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ തീവ്രവാദികളെ മോചിപ്പിക്കുന്നതിനായി ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍’ നടപ്പിലാക്കിയതിന്റെ ഫലമായി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു. അതുകൊണ്ട് ഭീകരവാദത്തിനെതിരായ ശക്തമായ നടപടികള്‍ വേണമെന്ന് രാജീവ് ഗാന്ധി നിലപാടെടുത്തു. 1987 ജൂലൈ 29ന് ഇന്ത്യ ശ്രീലങ്ക കരാര്‍ പ്രകാരം ഇന്ത്യന്‍സേന എല്‍.ടി.ടി.യെ അടിച്ചമര്‍ത്തുവാനായി ശ്രീലങ്കയിലെത്തി. ഈ കരാറിന്‍പ്രകാരം ഭരണഘടന 13-ാമത് ഭേദഗതിയിലൂടെ പ്രവശ്യകള്‍ക്ക് അധികാരം നല്‍കുന്ന കൗണ്‍സിലുകള്‍ രൂപീകരിച്ചു.

1989 ല്‍ ശ്രീലങ്കന്‍ പ്രസിഡന്റായി രണസിംഗ് പ്രേമദാസെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൈനീക സാന്നിദ്ധ്യത്തെ ആദ്യം മുതല്‍ എതിര്‍ത്ത ആളാണ് പ്രേമദാസെ. അദ്ദേഹം എല്‍.ടി.ടി.യുമായി രഹസ്യ ധാരണയുണ്ടാക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. അതോടുകൂടി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീ. വി.പി. സിംഗ് ഇന്ത്യന്‍ സേനയെ തിരിച്ചുവിളിച്ചു. എങ്കിലും ഇന്‍ഡ്യന്‍ സേനയെ ശ്രീലങ്കയില്‍ എല്‍.ടി.ടി.യെ ഇല്ലായ്മ ചെയ്യുവാന്‍ ഉപയോഗിച്ചതിന്റെ പ്രതികാരമായി രാജീവ് ഗാന്ധിയെ വധിക്കുകയാണ് അവര്‍ ചെയ്തത്. തമിഴ് പ്രശ്‌നത്തില്‍ നിന്ന് ഇന്ത്യ മാറി നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

____________________________________________
‘നാനാത്വത്തിലെ ഏകത്വമല്ല’ ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വ’മാണ് ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റേയും നിലനില്‍പ്പിന് ആധാരമാകേണ്ടതെന്ന് ഇന്ന് വിലയിരുത്തപ്പെടുന്നു. ഇന്‍ഡ്യ വിഭജിച്ചപ്പോള്‍ മുസ്‌ളീങ്ങള്‍ക്ക് പാക്കിസ്താനെന്നും ബാക്കിയുള്ളവര്‍ക്ക് ഹിന്ദുസ്ഥാനെന്നും വീതം വച്ചപ്പോള്‍, ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കര്‍ ഈ രാജ്യം ഒരു ഹിന്ദുസ്ഥാന്‍ മാത്രമായി ഫാസിസത്തിലേക്ക് വഴുതി വീഴാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തിരുന്നു. ഈ കരുതലുകളെ ശ്രീലങ്കയ്ക്ക് പാഠമാകേണ്ടതുണ്ട് എന്ന ബേധ്യമാണ് ഈ തെരഞ്ഞെടുപ്പ് മുമ്പില്‍ വരച്ചുതരുന്നത്.
____________________________________________ 

  • പ്രസിഡന്റ് തെരഞ്ഞെടുപ്പ്

2015 ജനുവരി 8 ന് നടന്ന ശ്രീലങ്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പില്‍ ‘ശ്രീലങ്കന്‍ ഫ്രീഡം’ പാര്‍ട്ടിയിലെ മഹീന്ദരാജപക്‌സെയ്ക്ക് 47.58% വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ രാജ്പക്‌സെയുടെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി S.L.F.P യുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മൈത്രിപാലസിരിസേനയ്ക്ക് 51.28% വോട്ടും ലഭിച്ചു ജയിച്ചു. കാലാവധി അവസാനിക്കുവാന്‍ 2 വര്‍ഷം കൂടി നില്‍ക്കെ രാജ്പക്‌സെ രാജി വച്ച് തെരഞ്ഞെടുപ്പില്‍ രംഗപ്രവേശം നല്‍കിയത് അമിതവിശ്വാസമായിരുന്നു. അധികാരത്തിന്റെ തണലില്‍ ജീവിക്കുമ്പോള്‍ ജനമനസ്സറിയുന്നതില്‍ ഉള്ള പരാജയമാണ് ചരിത്രത്തില്‍ ഇങ്ങനെ സംഭവിക്കുന്നത്. മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയെയും ഡ.ച.ജ ലീഡര്‍ റെനില്‍ വിക്രംസിംഗയെയും പരിഗണിച്ചിരുന്നുവെങ്കിലും അവസാനം മൈത്രപാലസിരിസേനയെ പൊതു സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുക എന്ന മുദ്രാവാക്യവും തമിഴ് പ്രാതിനിധ്യമുള്ള തമിഴ് നാഷണല്‍ അലൈന്‍സിന്റെയും, ശ്രീലങ്കന്‍ മുസ്ലീം കോണ്‍ഗ്രസിന്റെയും പിന്‍തുണ വിജയത്തിനു കാരണമായി. പെട്രോളിയം വില കുറയ്ക്കുകയും ആരോഗ്യ രംഗത്ത് G.D.P യുടെ 1.8% ല്‍ നിന്ന് 3.8% വും വിദ്യാഭ്യാസ രംഗത്ത് 1.7% ത്തില്‍ നിന്നും 6% വും ചെലവഴിക്കുമെന്നുള്ള പ്രഖ്യാപനവും ജനപ്രീതിയാര്‍ജ്ജിച്ചു. L.T.T.E യെ തുടച്ചുമാറ്റിയെങ്കിലും അവരുടെ കേന്ദ്രമായ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ രാജ്പാക്‌സെയുടെ വോട്ട് ഗണ്യമായി കുറഞ്ഞു. പട്ടിക കാണുക.

സിംഹളര്‍ കൂടുതല്‍ അധിവസിക്കുന്ന കൊളംബോ പ്രവിശ്യയില്‍ രാജ്പക്‌സെയ്ക്ക് 43.4%വും സിരി സേനയ്ക്ക് 55.56% വോട്ടു നേടിയത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു. രാജ്പക്‌സെയുടെ ഹമ്പന്‍ ടോട്ടാമണ്ഡലത്തില്‍ സിരിസേനയ്ക്ക് 35.93% രാജ്പക്‌സെയ്ക്ക് 63.62%വും വോട്ടും ലഭിച്ചത് തിളക്കമാര്‍ന്നതായിരുന്നു.

  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ പ്രസക്തി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ നാനാമതസ്ഥര്‍ താമസിക്കുന്ന ഇന്ത്യയില്‍ ഭരണഘടനാ നിര്‍മ്മാതാക്കളുടെ ഉള്‍ക്കാഴ്ചകള്‍ മൂലമാണ് സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുന്നത്. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ലോകത്തിലെ വിവിധ ഭരണഘടനകളെക്കുറിച്ച് പഠിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെ ശ്രീലങ്കന്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ ശ്രമിക്കാതിരിക്കുന്നത് വലിയ ഒരു പോരായ്മയായി ഇന്നും നിലനില്‍ക്കുന്നു. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പില്‍ മൈത്രിവാല സിരിസേനയുടെ അട്ടിമറി വിജയവും അയല്‍രാജ്യമെന്ന നിലക്ക് മാത്രമല്ല ഇന്‍ഡ്യയുടെ തന്നെ വടക്ക് ആര്യന്‍ തെക്ക് ദ്രാവിഡര്‍ തമ്മിലുള്ള ബലാബലങ്ങളുടെ മാറ്റുരക്കലായി വിലയിരുത്തപ്പെടേണ്ടതാണ്. ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ തലേദിവസം ഡോ. അംബേദ്കര്‍ ഭരണഘടനാ അസംബ്‌ളിയില്‍ ചെയ്ത പ്രസംഗത്തിന്റെ രണ്ടു കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. (2)
1. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയും നാം വിഭാവനം ചെയ്യുന്ന സാമൂഹികവും സാമ്പത്തികവുമായ സംവിധാനങ്ങളും വിജയിക്കണമെങ്കില്‍ നാം രക്തരൂക്ഷിത വിപ്ലവം ഉപേക്ഷിക്കണം. നിസ്സഹകരണ മാനോഭാവവും ഉപേക്ഷിക്കണം. ഈ ദൃശ്യമാര്‍ഗ്ഗങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ കുഴപ്പങ്ങളെ ക്ഷണിച്ചു വരുത്തുന്നതുമായിരിക്കും.
2. ഏതെങ്കിലും മതവിഭാഗങ്ങള്‍ രാഷ്ട്രത്തിന് അതീതമെന്ന് സ്വയം വിശ്വസിക്കുന്നുവെങ്കില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയും നാശത്തിലേക്ക് വീണ്ടും വഴുതി വീഴുകയുമായിരിക്കും ഫലം. ഇതൊരിക്കലും സംഭവിക്കാതിരിക്കാന്‍ നാം ദൃഢനിശ്ചയത്തോടെ കാവല്‍ നില്‍ക്കേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയെ നമ്മുടെ അവസാന തുള്ളി രക്തം കൊടുത്തും സംരക്ഷിക്കുവാന്‍ നാം സ്വയം ഉറപ്പു വരുത്തേണ്ടതാണ്.
(കടപ്പാട് : ഭരണഘടന നിര്‍മ്മാണ സഭ X-XII Page 978)
‘നാനാത്വത്തിലെ ഏകത്വമല്ല’ ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വ’മാണ് ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റേയും നിലനില്‍പ്പിന് ആധാരമാകേണ്ടതെന്ന് ഇന്ന് വിലയിരുത്തപ്പെടുന്നു. ഇന്‍ഡ്യ വിഭജിച്ചപ്പോള്‍ മുസ്‌ളീങ്ങള്‍ക്ക് പാക്കിസ്താനെന്നും ബാക്കിയുള്ളവര്‍ക്ക് ഹിന്ദുസ്ഥാനെന്നും വീതം വച്ചപ്പോള്‍, ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കര്‍ ഈ രാജ്യം ഒരു ഹിന്ദുസ്ഥാന്‍ മാത്രമായി ഫാസിസത്തിലേക്ക് വഴുതി വീഴാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തിരുന്നു. ഈ കരുതലുകളെ ശ്രീലങ്കയ്ക്ക് പാഠമാകേണ്ടതുണ്ട് എന്ന ബേധ്യമാണ് ഈ തെരഞ്ഞെടുപ്പ് മുമ്പില്‍ വരച്ചുതരുന്നത്.

(ആലുവ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗം അദ്ധ്യാപകനാണ് ലേഖകന്‍)

  • ലങ്കാ ദര്‍ശനം, ട.ജ നമ്പൂതിരി, ഗ്രീന്‍ബുക്ക്‌സ് 2013 ജമഴല 64
  • ഭരണഘടനയിലെ ഭാരതീയത, സി. കെ. ശിവശങ്കരപണിക്കര്‍, കറന്റ് ബുക്‌സ് 2001 പേജ് 21
Top