ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം: വിനോദ് കെ. ജോസ്

ഹൈദരാബാദ് സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ വിഭാഗം 2013 മാര്‍ച്ചില്‍ നടത്തിയ ‘മാദ്ധ്യം’ മീഡിയ ഫെസ്റ്റിവലില്‍ അതിഥിയായി എത്തിയ വിനോദ് കെ ജോസ്. ഫ്രീ പ്രസ്സ് അനുഭവം, കാരവാന്‍ മാഗസിന്‍, നാരറ്റീവ് ജേണലിസം, ഇന്ത്യന്‍ മീഡിയയുടെ സ്വഭാവം, നരേന്ദ്ര മോഡിയുടെ ക്രിട്ടിക്കല്‍ പ്രൊഫൈല്‍, അഫ്സല്‍ ഗുരുവുമായുള്ള അഭിമുഖം, തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് മുഹമ്മദ്‌ അഫ്സല്‍ പി, ജാവേദ് എന്നിവരോട് സംസാരിക്കുന്നു.

സംഭാഷണം: വിനോദ് കെ. ജോസ്/ മുഹമ്മദ് അഫ്‌സല്‍ പി, ജാവേദ് 

കാരവന്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ഡോക്ടര്‍ വിനോദ് കെ. ജോസിനെ നരേറ്റീവ് ജേണലിസത്തിന്റെ ഇന്ത്യയിലെ പയനീർ എന്ന് വിളിക്കാവുന്നതാണ്. വയനാട്ടില്‍ ജനിച്ച വിനോദ്, 2001 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ക്രൈം റിപ്പോര്‍ട്ടറായാണ് ദേശീയ തലത്തിലുള്ള തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ‘പസിഫിക്ക ‘ റേഡിയോയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ ഏതാനും സുഹൃത്തുക്കളോടൊത്ത് ഡല്‍ഹിയില്‍ നിന്നു’ഫ്രീ പ്രസ്സ് എന്ന വളരെയധികം ചര്‍ച്ച ചെയ്യപ്പോട്ട മലയാളം ലോങ്ങ് ഫോം മാഗസിന്‍ പുറത്തിറക്കുകയും ചെയ്തു. 2008 ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ജേര്‍ണലിസത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ വിനോദ്, കാരവാന്‍ മാഗസിനെ ഇന്ത്യയിലെ ആദ്യ നരേറ്റീവ് ജേര്‍ണലിസം മാഗസിനായി പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഇന്ന് ഇന്ത്യയില്‍ നിന്നും ഇറങ്ങുന്ന ഒരു ഗ്ലോബല്‍ നിലവാരമുള്ള മാഗസിന്‍ എന്ന നിലവാരത്തിലേക്ക് 4 വര്‍ഷം കൊണ്ട് കാരവാന്‍ വളര്‍ന്നു.

ഫ്രീ. പ്രസ്സ് മാഗസിന്‍ അനുഭവങ്ങള്‍ പങ്കുവെക്കാമോ? മലയാളികളില്‍ പലരും ഇപ്പോഴും ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു മാഗസിന്‍ ആണിത്. ഫ്രീ പ്രസ്സ് എങ്ങനെയായിരുന്നു മറ്റു മാഗസിനുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നത്? ചുരുങ്ങിയ കാലംകൊണ്ട് തന്നെ വലിയ പ്രശസ്തി നേടാന്‍ ആ മാഗസിന് ഏങ്ങനെ കഴിഞ്ഞു? നല്ല രീതിയില്‍ മുന്നോട്ട് പോയി കൊണ്ടിരുക്കുമ്പോള്‍ മാഗസിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ എന്തുകൊണ്ട് തീരുമാനിച്ചു?

എല്ലാ നല്ല വായനക്കാരന്റെ ഉള്ളിലും ഒരു മാഗസിന്‍ ഉണ്ട്. അതായത്, ഒരവസരം കിട്ടിയാല്‍ എങ്ങനെ ഒരു ആശയത്തിന് രൂപം നല്‍കണം എന്ന് ഒരു നല്ല വായനക്കാരന് അറിയാം. പ്രത്യേകിച്ചും നിങ്ങള്‍ സാഹിത്യത്തിലോ പത്രപ്രവര്‍ത്തനത്തിലോ ഒക്കെ താല്പര്യമുള്ള ഒരു മലയാളി ആണെങ്കില്‍ നിശ്ചയമായും നിങ്ങളുടെ ഉള്ളില്‍ കുറച്ചു മാഗസിനുകള്‍, പുസ്തകങ്ങള്‍, സിനിമകള്‍ എന്നിവ ഉണ്ടാവും, ആശയത്തിന്റെ തലത്തില്‍ കലാരംഗത്തും പ്രസാധനരംഗത്തും ഈ ക്രിയേറ്റീവ്- സംരംഭ ഊര്‍ജ്ജം വളരെ വലുതാണ്. ഒരു പക്ഷെ അത് നമ്മള്‍ മലയാളികള്‍ ശ്വസിക്കുന്ന വായുവിന്റെ കുടിക്കുന്ന വെള്ളത്തിന്റെ, ചവിട്ടുന്ന മണ്ണിന്റെ എല്ലാം ഭാഗമാകാം. എന്റെ ഓറിയന്റേഷനും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആദ്യം കിട്ടിയ അവസരം ഞാന്‍ മുതലെടുത്തു. എന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ഡല്‍ഹിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷവും, അമേരിക്കയിലെ പബ്ലിക് റേഡിയോകള്‍ക്ക് വേണ്ടി പ്രൊഡ്യൂസര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷവും ആയ സമയത്താണ് ഞാന്‍ ഫ്രീപ്രസ്സ് തുടങ്ങുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തില്‍ വളര്‍ന്ന് ഡല്‍ഹിയില്‍ പോയി ജേര്‍ണലിസം ചെയ്യണം എന്നൊക്കെ ആഗ്രഹിക്കുന്ന കാലം മുതലേ നമുക്ക് ചില കോണ്‍സെപ്റ്റുകള്‍ ഒക്കെ ഉണ്ടല്ലോ. ഡല്‍ഹിയില്‍ ഇങ്ങനെയാണ് ജേര്‍ണലിസം. നാഷണല്‍ ലെവല്‍ ജേര്‍ണലിസം ഇങ്ങനെയായിരുക്കും എന്നൊക്കെ. ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സപ്രസ്സില്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയാണ് ഞാന്‍ എന്റെ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. ആ സമയത്ത് രണ്ടുമൂന്നു തിരിച്ചറിവുകള്‍ ഉണ്ടായി. ഒന്ന്, സ്വതന്ത്രമായി ചിന്തിക്കുന്നവരെ ഡല്‍ഹി ഔട്ടസൈഡര്‍ ആയി കാണുന്നു. രണ്ടാമത് ന്യൂസ് റൂമുകളിലൊക്കെ ഒരു പ്രത്യേകതരം ചിന്തയുണ്ട്. നമ്മള്‍ ചില കാര്യങ്ങള്‍ ഒക്കെ ഇന്ന രീതിയില്‍ ചെയ്യണം. ചിലകാര്യങ്ങള്‍ ഒന്നും ചോദ്യം ചെയ്യേണ്ട എന്നൊക്കെ. ക്വൊസ്റ്റ്യനിങ്ങ് സ്പരിറ്റ്, ക്യൂരിയോസിറ്റി ഇതൊക്കെയാണ് ജേര്‍ണലിസ്റ്റ് ആവാന്‍ വേണ്ട ബേസിക് ക്യാപ്പിറ്റലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പിന്നെ പലതരം മുന്‍വിധികള്‍ കടന്നുവരുന്നു. ആ സമയം കേന്ദ്രത്തില്‍ ബി. ജെ. പി. ഭരണമായിരുന്നു. കാര്‍ഗലില്‍ യുദ്ധവും ഗുജറാത്ത് കലാപവും ഒക്കെ കഴിഞ്ഞ സമയം- ഭ്രാന്തവും അന്ധവുമായ ദേശീയത സത്യങ്ങളെ അസത്യങ്ങളായും അസത്യങ്ങളെ സത്യങ്ങളായും അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പോട്ടയും ഓഫീഷ്യല്‍ സീക്രട്ട് നിയമവും വഴി പല പത്ര സുഹൃത്തുക്കളെയും ജയിലിലടച്ചു. ഞാന്‍ ഒരു സൗത്ത് ഇന്ത്യനാണ്. മലയാളിയാണ്, ക്രിസ്ത്യാനിയാണ്. ഡല്‍ഹിയില്‍ ഒരു ഗോഡ് ഫാദറും ഇല്ല. അപ്പോള്‍ പിന്നെ നമ്മുടെ ബോസ്സിന് നമ്മെ കൊണ്ട് പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല. ഇങ്ങനെയുള്ള realizations വരുന്ന സമയത്ത് ഞാന്‍ വിചാരിക്കുന്നത് ഇത് വളരെ undemocratic ആണല്ലോ എന്നാണ്. Meritocracy യിൽ വിശ്വസിക്കുന്ന രാജ്യമാണെന്ന് കരുതി മെറിറ്റ് ഉള്ള സ്റ്റോറീസ് ഒക്കെ കണ്ടുപിടിക്കുന്നു. പക്ഷെ, അവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെടുന്നില്ല. അവിടെ വളരാന്‍ സാധ്യത ഇല്ല എന്ന തിരിച്ചറിവ് വരുന്ന സമയത്താണ് ഞാന്‍ നാഷണല്‍ മീഡിയയില്‍ നിന്നു മാറി ഇന്റര്‍നാഷണല്‍ മീഡിയയില്‍ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നത്. അമേരിക്കയിലെ പബ്ലിക് റേഡിയോ നെറ്റ്‌വര്‍ക്ക് ആയ ഏഷ്യ പെസഫിക്കയില്‍ റിപ്പോര്‍ട്ടര്‍ ആയിട്ട്. ജോലിയുടെ ഭാഗമായി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കാശ്മീരുമടക്കം പല സ്ഥലങ്ങളിലും യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുകയും പുതിയ പല അനുഭവങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ആ സമയത്താണ് എന്തെങ്കിലും ഒക്കെ സ്വതന്ത്രമായി ചെയ്യണം. അത് മാതൃഭാഷയില്‍ തന്നെ ചെയ്താലോ എന്നൊക്കെ തോന്നിയത്. ജീവിതത്തില്‍ ആദ്യമായി എനിക്കിഷ്ടമുള്ളത് ചെയ്യാനുള്ള പണം എന്റെ കയ്യില്‍ ഉണ്ടായിരുന്ന സമയവുമായിരുന്നു അത്. ഡോളറിലെ ശമ്പളം കൊണ്ട് എനിക്ക് വലിയ പ്രയോജനമുണ്ടായിരുന്നില്ല.

വിനോദ് കെ. ജോസ്

അങ്ങനെ ഫ്രീ പ്രസ്സിന് വേണ്ടി ഞാന്‍ ഇരുപതോളം യുവാക്കള്‍ അടങ്ങുന്ന ഒരു ടീം ഉണ്ടാക്കി. എന്റെ റേഡിയോ ജോലിയുടെ കാര്യത്തിന് എനിക്ക് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ഫ്രീ പ്രസ്സിന്റെ ആസ്ഥാനവും ഡല്‍ഹിയില്‍ ആക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ നിന്നും പ്രിന്റ് ചെയ്ത മാഗസിന്‍ കോപ്പികള്‍ കേരളത്തിലേക്കും മലയാളികള്‍ ജീവിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളിലേക്കും മറ്റു ഇന്ത്യന്‍ സിറ്റികളിലേക്കും അയക്കാറായിരുന്നു പതിവ്. ഫ്രീ പ്രസ്സിന് മൂന്നു ശക്തമായ components ഉണ്ടായിരുന്നു. പൊളിറ്റിക്കല്‍ ജേര്‍ണലിസം, ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ്, സാഹിത്യം എന്നിവ. ഒരു സ്റ്റോറിക്ക് കൂടുതല്‍ നീളം ആവശ്യം ഉണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ അര്‍ഹിക്കുന്ന ഇടം ഞങ്ങള്‍ കൊടുത്തിരുനന്നു. മാത്രമല്ല റിപ്പോര്‍ട്ടമാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സമയവും അനുവദിച്ചുകൊടുത്തിരുന്നു. ആഫ്രിക്കയില്‍ നിന്നോ ലാറ്റിനമേരിക്കയില്‍നിന്നോ യൂറോപ്പില്‍നിന്നൊക്കെയുള്ള, കേരളത്തില്‍ വേറെ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന ചില ലേഖനങ്ങളുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. അവ എത്ര unconventional ആയിരുന്നാലും. ഇതെല്ലാം കൊണ്ടുതന്നെ ഭാഷാ പത്രങ്ങളിലും, ഇംഗ്ലീഷ് പത്രങ്ങളില്‍പോലും ഫീച്ചര്‍ ചെയ്യപ്പെടാതിരുന്ന പല രാജ്യങ്ങളില്‍നിന്നും പ്രദേശങ്ങളില്‍ നിന്നും, വലിയ തോതിലുള്ള കവറേജ് ഞങ്ങളുടെ മാഗസിനില്‍ ഉണ്ടായി.

ലോങ്ങ് ഫോം സ്റ്റോറീസും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസവും കൂടിയാണല്ലോ ഫ്രീ പ്രസ്സ് ഒരു വന്‍ വിജയമാകുന്നതിനു പ്രധാന കാരണങ്ങള്‍ ആയത്. ഒരു വലിയ പബ്ലിഷിംഗ് ഗ്രൂപ്പിന്റെ പിന്തുണ ഇല്ലാതെ എങ്ങനെ ഈ മാഗസിന്‍ വിജയിക്കാന്‍ പറ്റി?

ഫ്രീ പ്രസ്സ് ആദ്യത്തെ ലക്കം മുതല്‍ തന്നെ ഒരു instant ഹിറ്റ് ആയിരുന്നു. മുഖ്യമായുംword- of-mouth പബ്ലിസിറ്റിയിലൂടെയാണ് ഫ്രീ പ്രസ്സ് പോപ്പുലര്‍ ആയത്. ഇന്റര്‍നെറ്റും, സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും എല്ലാം വ്യാപകമാകുന്നതിനു ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇതെന്നോര്‍ക്കണം. ഫേസ്ബുക്കോ, ട്വിറ്ററോ ഇല്ലാത്ത കാലം. അന്നൊരു എസ്. എം. എസ്സിന് പത്തോ പന്ത്രണ്ടോ രൂപ ചിലവാകുമായിരുന്നു. ഞങ്ങള്‍ക്കൊരു വെബ്‌സൈറ്റ് പോലും ഇല്ലായിരുന്നു. ഒരു ഓള്‍ഡ് ഫാഷന്‍ പ്രിന്റ് മാഗസിന്‍ ആയിരുന്നു ഫ്രീ പ്രസ്സ് എന്ന് പറയാം. ആദ്യത്തെ ലക്കത്തിന്റെ 8,000 കോപ്പികളാണ് ഞങ്ങള്‍ പ്രിന്റ് ചെയ്തത്. ആ മാസം ഇരുപതാം തീയതി ആയപ്പോഴേക്കും വിതരണക്കാര്‍ വിളിക്കാന്‍ തുടങ്ങി. കുറച്ചു കൂടേ കോപ്പികള്‍ വേണമെന്ന് പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ രണ്ടാമത്തെ ലക്കം പ്രിന്റ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതുകൊണ്ട് രണ്ടാം ലക്കം 10,000 കോപ്പികള്‍ പ്രിന്റ് ചെയ്യാം എന്നറിയിച്ചു.അങ്ങനെ സര്‍ക്കുലേഷന്‍ പതിയെ ഉയര്‍ന്നു തുടങ്ങി. നാല് മാസമായപ്പോഴേക്കും ഞങ്ങള്‍ 25,000 കോപ്പികള്‍ വില്‍ക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് വലിയ പരസ്യപ്പലകകളോ ന്യൂസ് പേപ്പര്‍ പര്യങ്ങളോ ടി. വി പരസ്യങ്ങളോ ഒന്നുമില്ലായിരുന്നു. ആകെയുണ്ടായിരുന്ന മാര്‍ക്കെറ്റിംഗ് താഴ്ന്ന ക്വാളിറ്റി പേപ്പറില്‍ നല്ല ഡിസൈനില്‍ തയ്യാറാക്കിയ നോട്ടീസുകളും പോസ്റ്റുകളും മാത്രമായിരുന്നു. അവ മലയാളികള്‍ താമസിക്കുന്ന എല്ലാ ഇടങ്ങളിലും എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു.

പ്രസാധനം തുടങ്ങി ഒമ്പതോ പത്തോ മാസമായപ്പോഴേക്കും ഇന്ത്യയുടെ ബ്ലാക്ക് ഇക്കോണമിയെ കുറിച്ചും അതില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളില്‍ ഒന്നായ റിയലന്‍സിന്റെ പങ്കിനെകുറിച്ചും ഞങ്ങള്‍ സ്‌പെഷ്യല്‍ ലക്കം പുറത്തിറക്കി. അതൊരു semi-investigative റിപ്പോര്‍ട്ട് ആയിരുന്നു. ഏതാനും ലേഖനങ്ങളും വിശകലനങ്ങളും ചേര്‍ത്ത ഒരു പാക്കേജ്. ഈ പാക്കേജിലെ ഒരു പ്രധാന ഭാഗം നരിമാന്‍ പോയിന്റിലെ ഒരൊറ്റ അഡ്രസ്സില്‍ നിന്ന് റിയലന്‍സ് ഓപ്പെറേറ്റ് ചെയ്യുന്ന 200ല്‍ അധികം ഷെല്‍ കമ്പനികളുടെ ഒരു ലിസ്റ്റായിരുന്നു. കൂടാതെ ദശകങ്ങളായി (ലിബറലൈസേഷന് മുന്‍പും ശേഷവുമായി റിയലന്‍സിനു കിട്ടി കൊണ്ടിരിക്കുന്ന രാഷ്ട്രീയപരമായ പിന്തുണയും നികുതി ഇളവിന്റെ വിശദാംശങ്ങളും കൂടാതെ റിയലന്‍സിനെക്കുറിച്ചുള്ള, ഇന്ത്യയില്‍ നിരോധിക്കപ്പെട്ട അല്ലെങ്കില്‍ ലഭ്യമല്ലാതിരുന്ന ചില പുസ്തകങ്ങളുടെ വിശകലനവും ഉണ്ടായിരുന്നു. റിയലന്‍സ് വിഷയത്തെ ഇന്ത്യന്‍ ബ്ലാക്ക് ഇക്കോണമി എന്ന വലിയ വിഷയത്തിന്റെ പശ്ചാത്തലത്തില്‍വെച്ച് നോക്കികൊണ്ടുള്ള ചില സാമ്പത്തിക ശാസ്ത്രജ്ഞരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഫ്രീ പ്രസ്സിന്റെ ആ ലക്കം ഒരു ബമ്പര്‍ ആയിത്തീര്‍ന്നു. ഞങ്ങള്‍ പ്രിന്റ് ചെയ്ത 35,000 കോപ്പികള്‍ ആദ്യ പത്തുദിവസത്തിനുള്ളില്‍ തന്നെ തീര്‍ന്നു. അതിനുശേഷം ഞങ്ങള്‍ 10,000 കോപ്പികള്‍ കൂടി പ്രിന്റ് ചെയ്തു, സെക്കന്റ് എഡിഷന്‍ എന്ന ലേബലോടെ. വിതരണക്കാരും വില്‍പ്പനക്കാരും ഒരു മാസത്തിനകംതന്നെ ഒരു മാഗസിന്‍ രണ്ടെഡിഷനുകള്‍ പുറത്തിറക്കുന്നത് ആവേശത്തോടെ സ്വീകരിച്ചു. സാധാരണയായി പുസ്തകങ്ങള്‍ക്ക് മാത്രമാണ് ഒന്നില്‍ കൂടുതല്‍ എഡിഷനുകള്‍ ഉണ്ടാവാറുള്ളത്.

ഞങ്ങള്‍ ശ്രദ്ധേയമായ വേറെയും ചില ലക്കങ്ങള്‍ പുറത്തിറക്കിയിരുന്നു. കേരളത്തിലെ ഒരു മുസ്ലീം ലീഗ് മന്ത്രിയെക്കുറിച്ചും, ഒരു സെക്‌സ് റാക്കറ്റില്‍ ആ മന്ത്രിക്കുള്ള പങ്കിനെ കുറിച്ചുമുള്ള ഫ്രീ പ്രസ്സ് കവറേജ് വന്‍ വിജയമായിരുന്നു. ആ ലക്കം പുറത്തുവന്നതിനുശേഷം ഏതാനും ഗുണ്ടകള്‍ ഞങ്ങളുടെ കോഴിക്കോട്ടെ റിപ്പോര്‍ട്ടര്‍ എ. കെ. വരുണിനെ പട്ടാപ്പകല്‍ ബൈക്കില്‍ നിന്ന് വലിച്ചിറക്കുകയും ഇരുമ്പ് ദണ്ടുകള്‍കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. വരുണിനെതിരെയുള്ള ആക്രമണം ആ സമയത്ത് നിയമസഭയിലൊക്കെ ചര്‍ച്ചയായതാണ്. കേരളത്തിലെ ഒരു വന്‍ വ്യവസായി എങ്ങനെ ഒരു പുഴ വിലക്ക് വാങ്ങി അല്ലെങ്കില്‍ റെവന്യൂ രേഖകള്‍ തിരുത്തി സ്വകാര്യ സ്വത്താക്കി മാറ്റി, എന്നതിനെക്കുറിച്ച് മറ്റൊരു സ്റ്റോറിയും മലബാറില്‍ നിന്ന് ചെയ്തിരുന്നു. പക്ഷെ എനിക്ക് ഒട്ടും പ്രാവീണ്യം ഇല്ലാതിരുന്ന ഒരു കാര്യം ഒരു മാഗസിന്‍ നടത്തുന്നതിന്റെ ബിസിനസ് വശമായിരുന്നു. സര്‍ക്കുലേഷന്‍ ഉയര്‍ന്നപ്പോള്‍ മറ്റെല്ലാ സ്റ്റാഫിനെയും പോലെ ഞാനും വളരെയധികം ആവേശത്തിലായിരുന്നു. അങ്ങനെ ഞങ്ങള്‍ കൂടുതല്‍കൂടുതല്‍ കോപ്പികള്‍ അടിക്കാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍ ആധുനിക കാലത്തെ പ്രസാധന രംഗത്ത് കാര്യങ്ങള്‍ ഇങ്ങനെ നടക്കില്ല. കോപ്പികളുടെ എണ്ണത്തിലെ വര്‍ധനക്കനുസരിച്ച് പരസ്യവും വര്‍ദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ കോപ്പികള്‍ അടിക്കരുതെന്നാണ് ബിസിനസ് തത്വം. എന്റെ ശ്രദ്ധ ഏതാണ്ട് മുഴുവനായും എഡിറ്റോറില്‍, വിതരണം എന്നീ മേഖലകളില്‍ കേന്ദ്രീകരിച്ചിരുന്നു. പരസ്യ വില്‍പ്പനക്ക് അര്‍ഹിക്കുന്നത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. സ്റ്റേറ്റ് ബാങ്കും പഞ്ചാബ് നേഷനല്‍ ബാങ്കും ഫ്രീ പ്രസ്സില്‍ പരസ്യം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കോര്‍പ്പറേറ്റ് പരസ്യങ്ങള്‍ ക്യാന്‍വാസ് ചെയ്യുന്നതില്‍ ഞങ്ങള്‍ അത്ര ശ്രദ്ധ പുലര്‍ത്തിയില്ല. ഫ്രീ പ്രസ്സിന്റെ സര്‍ക്കുലേഷന്‍ വെച്ച് നോക്കിയാല്‍ കോര്‍പ്പറേറ്റ് പരസ്യങ്ങള്‍ കിട്ടുക അത്ര ബുദ്ധിമുട്ടായിരുന്നില്ല.

മാഗസിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള എന്റെ ആസൂത്രണ പിഴവ് ആണ് ഇങ്ങനെ ഒരു വീഴ്ചയ്ക്ക് വഴി വെച്ചത്. ഞങ്ങളുടെ ചില റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ രംഗത്ത് സൃഷ്ടിച്ച കോളിളക്കങ്ങളുടെ പ്രതിഫലനങ്ങള്‍ ഞങ്ങളെയും ബാധിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ചില ലേഖനങ്ങള്‍ക്ക് ആധാരമായ ഗ്രൂപ്പുകള്‍ ഞങ്ങളെ വേട്ടയാടാന്‍ തുടങ്ങി. നേരിട്ട് ഞങ്ങളെ ആക്രമിക്കുന്നിതിന് പകരം ഞങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ വേറെ പല തന്ത്രങ്ങളും അവര്‍ പ്രയോഗിക്കാന്‍ തുടങ്ങി. ന്യൂസ് പ്രിന്റ് സംഘടിപ്പിക്കലും പ്രിന്റ് ചെയ്യലുമെല്ലാം ദുഷ്‌കരമാക്കി. ഞങ്ങള്‍ക്ക് ന്യൂസ് പ്രിന്റ് വില്‍ക്കുന്നവരേയും, വില്‍പ്പനക്കാരെയും ഞങ്ങള്‍ പ്രിന്റ് ചെയ്യുന്ന പ്രിന്റിംഗ്പ്രസ്സ് ഉടമയെയും അവര്‍ സ്വാധീനിച്ചു. ഞങ്ങളുടെ വിതരണക്കാരെയും സെയില്‍സ് റെപ്‌റെസെന്റീവ്‌സിനെയും അവര്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും, ഇന്റെലിജെന്‍സ് ഏജന്‍സികളില്‍നിന്നുമുള്ള ആളുകള്‍ ഞങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ, ബിസിനസ് താല്‍പര്യങ്ങളെ വിമര്‍ശനാത്മകമായി നോക്കുന്നതോടൊപ്പം തന്നെ പോലീസിന്റെ മര്‍ദന ക്യാംപുകളെ കുറിച്ചും, ചില ഗവണ്‍മെന്റ് രഹസ്യാന്വേഷണ ഏജന്‍സികളുടെ രഹസ്യ ഇടപാടികളെ കുറിച്ചും, ഞങ്ങള്‍ ധൈര്യപൂര്‍വ്വം എഴുതിയിരുന്നു. എന്റെമേല്‍ സമ്മര്‍ദം ശക്തമായി. ഡല്‍ഹിയില്‍ നിന്നും എന്റെ ഡെഡ് ബോഡി ഏറ്റുവാങ്ങേണ്ടി വന്നാല്‍ തങ്ങളെ കുറ്റം പറയരുതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള പോലീസ് ഓഫീസര്‍മാര്‍ വയനാട്ടിലുള്ള എന്റെ വീട്ടില്‍ വന്നു രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി. ഫ്രീ പ്രസ്സ് നടത്തിയ രണ്ടു വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള ബിസിനസ് വെല്ലുവിളികളും രാഷ്ട്രീയ വെല്ലുവിളികളും ഒരു പാട് നേരിടേണ്ടി വന്നിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയപ്പോള്‍ എന്റെ മുന്‍പില്‍ രണ്ടുവഴികളാണ് ഉണ്ടായിരുന്നത്. ഏതെങ്കിലും വലിയൊരു ബിസിനസ് സംരംഭകന്റെ സഹായം തേടുക. എന്നിട്ട് എന്റെ പങ്ക്എഡിറ്റോറിയല്‍ സെക്ഷനില്‍ മാത്രമായി ഒതുക്കുക എന്നതായിരുന്നു ആദ്യവഴി. പക്ഷെ അങ്ങനെ ഒരു വഴി തിരഞ്ഞെടുക്കുന്നത് അത്രയും കാലം ഞാന്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും സ്വാശ്രയത്വവും അടിയറ വെക്കുന്നതിനു തുല്യമാവും എന്നെനിക്ക് ഉറപ്പായിരുന്നു. ഏതെങ്കിലും ഒരു വലിയ പ്രസാധകന് ഫ്രീപ്രസ്സ് ഏറ്റെടുത്താല്‍ ഒരു ജനിതക അമ്മയുടെ സ്ഥാനത്ത് നിന്നും ഒരു വാടക അമ്മയുടെ സ്ഥാനത്തേക്ക് ഞാന്‍ മാറുമെന്ന് ഞാന്‍ ഭയപ്പെട്ടു. കുഞ്ഞിനു ജന്മം നല്‍കിയ, എല്ലാം നല്‍കി വളര്‍ത്തി ഒരമ്മ പെട്ടെന്ന് പുറത്താക്കപ്പെടുന്ന പോലെ, അല്ലെങ്കില്‍ കുഞ്ഞിന്റെ ആയയായി നില്‍ക്കാന്‍ വിധിക്കപ്പെടുന്നത് പോലെ, മാനസികമായി എനിക്കത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരു പക്ഷെ ഒരു 25 വയസുകാരന്റെ ആവശ്യമില്ലാത്ത ഇമോഷണല്‍ ചിന്തകള്‍ ആയിരുന്നിരിക്കാം. മറ്റൊരു വഴി ഫ്രീപ്രസ്സിന്റെ പ്രവര്‍ത്തനം നിര്‍ത്തുക എന്നതായിരുന്നു. അതാണ് കുറച്ചു കൂടെ മാന്യം എന്നെനിക്ക് തോന്നി. എന്റെ ഇമോഷണല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ പരിശുദ്ധിക്ക് മുന്‍പില്‍ എന്റെ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ കാര്യം മറക്കാന്‍ ഞാന്‍ തീരുമാനിച്ചു. മാത്രമല്ല, ഫ്രീ പ്രസ്സിനെ തങ്ങളുടെ സ്വന്തം സ്ഥാപനം എന്ന നിലക്ക് കണ്ട് ഒരു വിജയം ആക്കിയ ആയിരക്കണക്കിന് വായനക്കാര്‍ക്ക്, ഫ്രീപ്രസ്സ് എന്ന സ്ഥാപനം വില്‍ക്കുക വഴി ഞാനവരെ വഞ്ചിച്ചുവെന്ന തോന്നല്‍ ഉണ്ടാവരുതെന്നും ആഗ്രഹിച്ചു. ആ പ്രായത്തില്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റിയല്ലോ എന്നതില്‍ ഞാന്‍ ആശ്വാസം കണ്ടെത്തി. മാത്രമല്ല, ഫ്രീപ്രസ്സ് നല്‍കിയ സ്വാതന്ത്ര്യ ബോധവും, ധൈര്യവും, ക്രിയേറ്റീവ് സംതൃപ്തിയും മതിയായിരുന്നു എനിക്ക്. എന്റെ ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം ആയിരുന്നു ഫ്രീപ്രസ്സ് എന്ന് തന്നെ ഞാന്‍ പറയും. പബ്ലിഷിങ്ങില്‍ ഞാന്‍ പഠിച്ച പാഠങ്ങളും അനുഭവങ്ങളും പരിചയവും എന്റെ കൂടെതന്നെ നിന്നു, വാര്‍ത്തയേയും ജേര്‍ണലിസത്തെയും കുറിച്ചുള്ള വിശാലമായ ദാര്‍ശിനക ചോദ്യങ്ങള്‍ തൊട്ടു ന്യൂസ്പ്രിന്റിന്റെ ക്വാളിറ്റി വരെയുള്ള ചെറിയ കാര്യങ്ങള്‍ വരെ.

കരിയറിന്റെ തുടക്കത്തില്‍തന്നെ താങ്കള്‍ കവര്‍ ചെയ്ത സംഭവങ്ങളില്‍ ഒന്നായിരുന്നല്ലോ പാര്‍ലമെന്റ് ആക്രമണ കേസ്. താങ്കള്‍ കൊടുത്ത ഒരു റിപ്പോര്‍ട്ട് എഡിറ്റര്‍ പ്രസിദ്ധീകരിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന എസ്. എ. ആര്‍ ഗീലാനിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഡല്‍ഹി പോലീസ് താങ്കളെ ചോദ്യം ചെയ്യുകയും ഉണ്ടായി. താങ്കളുടെ ഒരു ജേര്‍ണലിസ്റ്റ് എന്ന നിലക്കുള്ള വളര്‍ച്ചയില്‍ പാര്‍ലമെന്റ് ആക്രമണ കേസ് എത്രത്തോളം നിര്‍ണ്ണായകമായിരുന്നു?

ആ സംഭവം എന്നെ politicize ചെയ്തു എന്ന് കൃത്യമായും പറയാം. ആക്രമണം നടക്കുന്ന സമയത്ത് ഞാന്‍ പാര്‍ലമെന്റിന് ഏതാനും വാര അകലെ തന്നെ ഉണ്ടായിരുന്നു. ആ സംഭവം ഞാന്‍ കണ്ടത് ഒരു ക്രൈം റിപ്പോര്‍ട്ടറുടെ കണ്ണ്‌കൊണ്ടും അതെ സമയം തന്നെ ഒരു സാധാരണ മലയാളിയുടെ, ഒരു വയനാട്ടുകാരന്റെ കണ്ണ് കൊണ്ടും കൂടിയായിരുന്നു. അത് കൊണ്ട് തന്നെ പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ മനസ്സില്‍ ശേഷിച്ചു. അതുകൊണ്ടാണ് ആ വിഷയം ഫോളോഅപ്പ് ചെയ്തതും പിന്നീട് അഫ്‌സല്‍ ഗുരുവിനെ ഇന്റര്‍വ്യൂ ചെയ്യുന്നതും എല്ലാം. ഫ്രീ പ്രസ്സ് തുടങ്ങുന്നതിന് ഈ സംഭവങ്ങളും ഒരു പ്രധാന കാരണമായിരുന്നു.

Caste, Class, National security എന്നീ മൂന്നു തലങ്ങളില്‍ മാദ്ധ്യമങ്ങളും താല്‍പര്യങ്ങളുടെ സംഘര്‍ഷങ്ങളും എങ്ങനെ ഉടലെടുക്കുന്നു എന്നുള്ളതായിരുന്നല്ലോ താങ്കളുടെ ഈയടുത്ത് പൂര്‍ത്തിയായ പി. എച്ച്. ഡിയുടെ പഠന വിഷയം. രാജ്യ താല്പര്യം അല്ലെങ്കില്‍ രാജ്യ സുരക്ഷ എന്ന വിഷയം വരുമ്പോള്‍ മാധ്യമങ്ങള്‍ രാഷ്ട്ര നിര്‍മ്മാണം (nation-building) ആണ് തങ്ങളുടെ ചുമതല എന്ന രീതിയില്‍ പെരുമാറുന്നത് പോലെ തോന്നാറുണ്ട്; പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍.

ദൃശ്യമാധ്യമങ്ങള്‍ക്ക് പൊതുവെ കാര്യങ്ങള്‍ അവയുടെ സങ്കീര്‍ണതയില്‍ മനസിലാക്കുന്നതില്‍ താല്പര്യം ഇല്ല. അത് ആ മീഡിയത്തിന്റെ പ്രശ്‌നം ആണ്.

റഷ്യയിലും ചൈനയിലെയും Totalitarian മോഡലും പണ്ടത്തെ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ള Libertarian  മോഡലും ഇന്നത്തെ അമേരിക്കയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും social responsibility മോഡലും അവിടങ്ങളിലെ മീഡിയയ്ക്ക് ദിശ നല്‍കി വരുമ്പോള്‍, ഇന്ത്യന്‍ മീഡിയ ഏതു മോഡല്‍ ആണ് പിന്തുടരുന്നത് എന്ന് സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. സ്വാതന്ത്ര്യാനന്തരം ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് രാഷ്ട്രനിര്‍മ്മാണം അഥവാ ‘nation building’ എന്ന വിഷയത്തില്‍ മാദ്ധ്യമത്തിന്റെ പങ്ക് എന്നത്. അതൊരു മോഡല്‍ എന്ന് വിളിക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യാനന്തര സമയത്ത് മീഡിയയും സാമൂഹ്യപ്രവര്‍ത്തനവും എല്ലാം രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കുകാരായിരുന്നു. ലിബറലൈസേഷനുശേഷം അത് ‘India inc.  building’ ആയി മാറി. ഇന്ത്യന്‍ കമ്പനികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക, ബാക്കി പല വാര്‍ത്തകളുടെ അവഗണിക്കുക എന്നൊക്ക. എനിക്ക് തോന്നുന്നില്ല ഇത് social responsibility മോഡല്‍ ആണെന്ന്. മറിച്ച്, ഇതൊരു libertarian മോഡലിലേക്ക് പോകുകയാണെന്ന് തോന്നുന്നുണ്ട്. നൂറോ നൂറ്റിരുപത്തി അഞ്ചോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പാശ്ചാത്യ മാധ്യമങ്ങളെ വലിയൊരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിച്ച ഒരു പ്രസ്സ് മോഡല്‍, സ്വകാര്യ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഒരു മോഡല്‍, ഇപ്പോള്‍ ഇതാ ഇന്ത്യയില്‍ പുനരവതരിച്ചിരിക്കുന്നു.
ഇന്ത്യന്‍ മീഡിയയെ കുറിച്ചൊരു philosophical understanding ന്റെ ആവശ്യം ഉണ്ട്. ഇന്ത്യന്‍ മീഡിയയുടെ മോഡല്‍ ഇതാണ്, ഇനിയുള്ള മോഡല്‍ എങ്ങനെ ആയിരിക്കണം, എന്നൊക്കെ. അങ്ങനെയുള്ള ഒരു സൈദ്ധാന്തികവും ദാര്‍ശനികവുമായ വിലയിരുത്തലിന്റെ പുറത്തേ നമുക്ക് മീഡിയ, ജൂഡിഷ്യറി, അക്കാദമിയ മുതലായ പല വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ പറ്റൂ. ഇങ്ങനെയുള്ള ഒരു തിരിച്ചറിവാണ് 1950- കളിലും 60 കളിലും social responsibility മോഡല്‍ വഴി അമേരിക്കയില്‍ ഉണ്ടായത്. അതുകൊണ്ട് ഫലം ഉണ്ടായോ എന്ന് ചോദിച്ചാല്‍ പൂര്‍ണമായ ഫലം ഉണ്ടായിട്ടില്ല, പല വിപരീത ഫലങ്ങളും ഉണ്ടായിട്ടുണ്ട് താനും. പക്ഷെ അന്നത് സംഭവിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കന്‍ മീഡിയയുടെ അവസ്ഥ വളരെ മോശമാകുമായിരുന്നേനെ. ഒരു പക്ഷെ അമേരിക്കന്‍ ജനാധിപത്യം തന്നെ വലിയ പ്രതിസന്ധിയിലായേനെ. 1971- 72 കളില്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഒരു കേസ് ഗവണ്‍മെന്റിന്റെയടുത്തുണ്ട്. പെന്റഗണ്‍ പേപ്പര്‍സ് എന്നറിയപ്പെടുന്ന ചില രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് പറഞ്ഞു അമേരിക്കന്‍ ഗവണ്‍മെന്റ് ആ പത്രത്തിനെതിരെ കേസ് കൊടുത്തു. എന്നാല്‍ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍, ഗവണ്‍മെന്റിനു മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ പറ്റില്ലെന്ന് കോടതി വിധിച്ചു. വളരെ പുരോഗമനപരമായ ഒരു വിധി. നേരെ തിരിച്ചുള്ളൊരു വിധിയാണുണ്ടായിരുന്നതെങ്കില്‍- അതായത്, രാജ്യ താല്പര്യത്തെ ഹനിക്കുന്ന രേഖകള്‍ പത്രം പുറത്തു വിടരുതെന്നതരത്തിലുള്ളൊന്ന് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ദിശ തന്നെ 70 കളോടെ മാറിയപ്പോയേനെ. നമ്മുടെ കോടതികളില്‍ നിന്നു മീഡിയക്ക് അനുകൂലമായി പുരോഗമനപരമായ ഒരു വിധി കിട്ടുമോയെന്ന് എനിക്ക് സംശയമാണ്. ബ്രിട്ടീഷ് ഭരണകൂടം കൊളോണിയല്‍ കാലത്ത് നിര്‍വ്വചിച്ച ഡിഫമേഷന്‍ നിയമങ്ങളും ഒഫീഷ്യല്‍ സീക്രട്ട് നിയമങ്ങളും നമ്മള്‍ അതെ പോലെ ഇപ്പോഴും തുടരുന്നു. അതൊരു ദാര്‍ശനികമായ മനസ്സിലാക്കലിന്റെ കഴിവ് കുറവ് കൊണ്ടാണ്. അമേരിക്കയില്‍social responsibility മോഡലിന്റെ സ്വാധീനം കാരണമാണ് ആ ജഡ്ജസിന് അങ്ങനെയൊരു വിധി പ്രസ്താവിക്കാന്‍ പറ്റുന്നത്. ഇന്ത്യയില്‍ ഇങ്ങനെ ഒരു പ്രസ്സ് മോഡലിന്റെ അനിവാര്യത അതിക്രമിച്ചിരിക്കുന്നു.

താങ്കള്‍ അഞ്ചു വര്‍ഷത്തോളമായി ഇന്ത്യയിലെ ആദ്യത്തെ നാരറ്റീവ് ജേര്‍ണലിസം മാഗസിനായ കാരവാനിനോടൊപ്പം ആണല്ലോ. കാരവാനിലെ അനുഭവവും ഫ്രീ പ്രസ്സ് അനുഭവവും തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യുന്നു?

കാരവാന്‍ ഫ്രീ പ്രസ്സില്‍ നിന്ന് വ്യത്യസ്തമായ ഒരു intellectual exercise ആണ്. എങ്കിലും എന്റെ വലിയൊരു പങ്ക് ആ മാഗസിനിലുണ്ട്. 2008 ല്‍ ഒരു പബ്ലിക് റേഡിയോയുടെ എഡിറ്ററായി ഞാന്‍ ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്താണ് ഡല്‍ഹി പ്രസ്സിന്റെ ഡയറക്ടര്‍ അനന്ത് നാഥ് എന്നെ സമീപിക്കുന്നത്. എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്പര്യമുണ്ടോ എന്നും കാരവാന്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കാമോ എന്നും ചോദിച്ചുകൊണ്ട്. 1939 മുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ടായിരുന്നു കാരവാന്‍ , എണ്‍പതുകളുടെ പകുതിയിലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. മാഗസിന്‍ relaunch ചെയ്യാന്‍ തീരുമാനിച്ചിട്ട് 2009 ന്റെ തുടക്കത്തില്‍ ഒരു ട്രയല്‍ റണ്ണിനുള്ള ഒരുക്കത്തിലായിരുന്നു കമ്പനി. ഈ പ്രൊജക്റ്റ് നയിക്കാന്‍ ഒരു പ്രൊഫഷനല്‍ ജേര്‍ണലിസ്റ്റിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു പ്രസാധകര്‍.
ഡല്‍ഹി പ്രസ്സ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പബ്ലീഷിംഗ് കമ്പനികളിലൊന്നാണ്. എഴുപതിലധികം വര്‍ഷമായി, ഒമ്പത് ഭാഷകളിലായി മുപ്പത്തിരണ്ട് മാഗസിനുകള്‍ പുറത്തിറക്കുന്നൊരു കമ്പനി. പക്ഷെ അവര്‍ക്ക് ഇംഗ്ലീഷ് ജേര്‍ണലിസത്തില്‍ ശക്തമായ സാന്നിധ്യമുള്ള ഒരു പ്രൊഡക്ട് ഇല്ലായിരുന്നു. അവിടെ ഞാന്‍ നല്ലൊരു സാധ്യത കണ്ടു.

അനന്ത് നാഥുമായുള്ള ആദ്യകൂടിക്കാഴ്ച തന്നെ നല്ലൊരു ബന്ധത്തിന്റെ നാന്ദിയായിരുന്നു. സാധാരണ ഡല്‍ഹിയിലെ വലിയ പബ്ലിഷിംഗ് ഹൗസ്‌കളില്‍ ഞാന്‍ കണ്ടുവന്നതരത്തിലുള്ള അഹങ്കാരമോ മറ്റോ നാഥിനുണ്ടായിരുന്നില്ല. നല്ല അടിത്തറയുള്ള, യുവത്വമുള്ള, അര്‍പ്പണബോധവും ത്വരയുമുള്ള ഒരാള്‍. മാത്രമല്ല, ഡല്‍ഹി പ്രസ്സ് പ്രസാധന രംഗത്തെ പഴയ ചില നല്ല കീഴ്‌വഴക്കങ്ങള്‍ ഇപ്പോഴും പിന്തുടര്‍ന്നിരുന്നു: മദ്യ- പുകയില കമ്പനികളുടെ പരസ്യങ്ങള്‍ സ്വീകരിക്കാതിരിക്കുക, ഏതെങ്കിലും പ്രത്യേക വിശ്വാസത്തെയോ പ്രത്യേക മത വിഭാഗത്തെയോ പ്രത്യേക ജാതിയേയോ ഒന്നും പിന്തുണക്കാതിരിക്കുക മുതലായവ. പക്ഷെ പ്രൊഫഷണലിസത്തിന്റെ കടുത്ത ആവശ്യം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു കമ്പനി; ആശയങ്ങളുടെ, റിപ്പോര്‍ട്ടിങ്ങിന്റെ , എഡിറ്റിങ്ങിന്റെ, ഡിസൈനിങ്ങിന്റെയെല്ലാം മേഖലകളില്‍ എന്നെ സംബന്ധിച്ച് ഏറ്റവും നല്ല സമയമായിരുന്നു അത്. മേല്‍പ്പറഞ്ഞ എല്ലാ ഏരിയകളിലും ധൈര്യപൂര്‍വമായ, അതേസമയം തന്നെ ശ്രദ്ധയോടെയുള്ള ചുവട് വെക്കേണ്ടിയിരുന്നു എനിക്ക്.

2009ഓടു കൂടി, ഞാന്‍ മാഗസിന്റെ ഭാഗമാവുന്ന സമയം തന്നെ സാമ്പത്തിക മാന്ദ്യം പബ്ലിഷിംഗ് ഇന്‍ഡസ്ട്രിയെയും ബാധിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു ലോങ്ങ് ഫോം നാരറ്റീവ് മാഗസിന് ബിസിനസ് സാധ്യതകളുണ്ടെന്ന് എന്നോടൊപ്പമുള്ള ആളുകള്‍ക്ക് വ്യക്തമാക്കി കൊടുക്കുകയും അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യേണ്ടിയിരുന്നു.
കാരവാന് ഒരു വിഷന്‍ ഡോക്യുമെന്ററി എഴുതികൊണ്ടാണ് ഞാന്‍ തുടങ്ങുന്നത്. അടുത്ത 2,5,10 വര്‍ഷങ്ങളില്‍ കാരവാന്‍ എന്ന മാഗസിന്‍ ഏതൊക്കെ ലക്ഷ്യം താണ്ടണം, ഈ മാഗസിന് ഡല്‍ഹി പ്രസ്സിനും ഇന്ത്യന്‍ ജേര്‍ണലിസത്തിനും എന്തൊക്കെ സംഭാവന ചെയ്യാന്‍ പറ്റും എന്നൊക്കെ വിശദീകരിക്കുന്നൊരു ഡോക്യുമെന്റ്. ഒരു സ്വപ്നം വില്‍ക്കുന്ന പോലെയായിരുന്നു അത്. കാരവാന്റെ ബിസിനസ് വശങ്ങളെക്കുറിച്ചും എഡിറ്റോറിയല്‍ വശങ്ങളെകുറിച്ചും വളരെ സമഗ്രമായി നോക്കുന്ന ആ ഡോക്യുമെന്റ് അനന്ത് നാഥിന്റെ സമ്മതത്തോടെ എനിക്കുള്ള ഭരണഘടനയായി. ഞാന്‍ ജോയിന്‍ ചെയ്യുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പേ കാരവാന്‍ വേണ്ടി ജോലി ചെയ്തു തുടങ്ങിയിരുന്ന ചില സ്റ്റാഫ് ഉണ്ടായിരുന്നു. അവരില്‍ മിക്കവരും മാഗസിനെ കുറിച്ചുള്ള എന്റെ വിഷന്‍ ഇഷ്ടപ്പെടാത്തതിനാല്‍ രാജി വെച്ച് പോയി. അതിനുശേഷമാണ് വളരെയധികം talented ആയ ഒരു ചെറിയ ടീം ഞാന്‍ ഉണ്ടാക്കുന്നത്. മാഗസിനെ ദൈ്വവാരികയില്‍ നിന്നും ഒരു മാസികയായി മാറ്റേണ്ടിയിരുന്നു. മറ്റെല്ലാ മാഗസിനുകളും ചെയ്യുന്നപോലെതന്നെ ഈ മാഗസിന് വേണ്ടി റിസ്‌ക് എടുക്കാന്‍ തയ്യാറാവുന്ന പ്രൊഫഷണല്‍സിനെ മാഗസിന്റെ മാസ്റ്റ്‌ഹെഡില്‍ അക്ക്‌നോളജ് ചെയ്യണമായിരുന്നു. പക്ഷെ ഡല്‍ഹി പ്രസ്സിന്റെ ഏഴ് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ഒരിക്കല്‍ പോലും മാസ്റർഹെഡ് ഉണ്ടായിരുന്നില്ല. ഒരു പാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാസ്റർഹെഡ് എന്ന ആശയത്തോട് പബ്ലിഷര്‍ ഫാമിലി യോജിച്ചത്. അതുപോലെ തന്നെ ഒരു പ്രൊഫെഷണല്‍ എന്ന നിലക്ക് ഒരുപാട് ക്ഷമയും നിശ്ചയധാര്‍ഢ്യവും ആവശ്യമുള്ള ഒരുപാട് ഏരിയകള്‍ ഉണ്ടായിരുന്നു. പക്ഷെ ഫ്രീപ്രസ്സില്‍ നിന്ന് വ്യത്യസ്തമായി കാരവാനില്‍ എനിക്ക് മാഗസിന്റെ ബിസിനസ് വശത്തെക്കുറിച്ചോ പരസ്യ വില്‍പ്പനയെക്കുറിച്ചോ ഒന്നും ശ്രദ്ധിക്കേണ്ടിയിരുന്നില്ല. ഇതെല്ലാം നോക്കി നടത്താനുള്ള സംവിധാനം ഡല്‍ഹി പ്രസ്സിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു പ്രൊഫഷനല്‍ ജേര്‍ണലിസ്റ്റ് -എഡിറ്റര്‍ എന്ന നിലക്ക് എനിക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. എനിക്കെന്റെ എല്ലാ ഊര്‍ജവും എഡിറ്റോറിയല്‍ സെക്ഷനില്‍ കേന്ദ്രീകരിക്കാന്‍ പറ്റി.

വേറിട്ട ഒരു എഡിറ്റോറിയല്‍ ശൈലി ഇത്രയും വലിയതും, competitiveഉം ആയ മാര്‍ക്കറ്റില്‍, റിസ്‌ക്ക് എടുത്തുകൊണ്ടുവരാനും, successful  ആക്കാനും എങ്ങനെ സാധിച്ചു?

2009- ന്റെ ആദ്യത്തില്‍ വിഷന്‍ ഡോക്യുമെന്റ് എഴുതുന്ന സമയത്ത് ഞാന്‍ നോക്കുമ്പോള്‍, ഇന്ത്യയില്‍ ജേര്‍ണലിസ്റ്റുകള്‍ പോലും നാരറ്റീവ് ജേര്‍ണലിസം ചര്‍ച്ച ചെയ്തിരുന്നില്ല. നമ്മള്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം, ഡെവലപ്പ്‌മെന്റ് ജേര്‍ണലിസം, പൊളിറ്റിക്കല്‍ ജേര്‍ണലിസം തുടങ്ങിയ ക്ലാസ്സിഫിക്കേഷന്‍സ് ആണ് ചര്‍ച്ച ചെയ്തതുകൊണ്ടിരുന്നത്. ആളുകള്‍ക്ക് കുറച്ചുകൂടെ പ്രാപ്യമായ ഒരു ഭാഷാശൈലിയില്‍ ഇത്തരം വിഷയങ്ങളില്‍ പെട്ട സ്റ്റോറികള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം എന്നതിനെക്കുറിച്ച് യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ടിങ്ങിലും എഴുത്തിന്റെ ശൈലിയിലും ഗ്ലോബല്‍ നിലവാരമുള്ള എഡിറ്റോറിയല്‍ ന്യൂസ്സ്റ്റാന്‍ഡില്‍ ലഭ്യമായപ്പോള്‍ വായനക്കാര്‍ അതിനോട് നല്ല രീതിയില്‍ പ്രതികരിച്ചു. ഞങ്ങളുടെ ഭാഗത്ത് നിന്നു മാര്‍ക്കെറ്റിങ്ങിനു വേണ്ടി കാര്യമായി പണമൊന്നും മുടക്കിയിരുന്നില്ല. എഡിറ്റോറിയല്‍ തന്നെയായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റിംഗ്. ഞങ്ങള്‍ നല്ലക്വാളിറ്റ് കണ്ടന്റ് നിര്‍മ്മിച്ചു. അത് മാഗസിനെസ്വയം മാര്‍ക്കറ്റ് ചെയ്തു.
കാരവാന് വായനക്കാരുടെ ഇടയില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളെ സഹായിച്ചതിന് ആദ്യം ക്രെഡിറ്റ് കൊടുക്കേണ്ടത് അനന്ത് നാഥിനാണ്. പിന്നെ ഈ മാഗസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഡസനോ അതിലധികമോ വരുന്ന സഹപ്രവര്‍ത്തകര്‍ക്ക്. പക്ഷെ അതിലെല്ലാം ഉപരി കാരവാന്‍ എന്ന ഇന്നത്തെ ബ്രാന്‍ഡിനെ സൃഷ്ടിക്കുകയും പിന്തുണക്കുകയും ചെയ്ത വായനക്കാര്‍ക്കുമാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്.

വ്യത്യസ്ഥമായ ഒരു മാഗസിന് എന്ന നില്ക്ക് കാരവാനെ അവതരിപ്പിക്കുമ്പോള്‍, എങ്ങനെയുള്ള ജേര്‍ണലിസ്റ്റുകളെയാണ് നിങ്ങള്‍ റിക്രൂട്ട് ചെയ്തത്? ഈ മാഗസിനില്‍ ജോലി ചെയ്യാന്‍ യോജിച്ച ആളുകളെ കിട്ടാന്‍ എളുപ്പമായിരുന്നോ?

ഇന്ത്യയിലെ ആദ്യത്തേതും ഏകവുമായ നാരറ്റീവ് ജേര്‍ണലിസം മാഗസിന്‍ എന്ന നിലക്ക് കാരവാനെ അവതരിപ്പിക്കുമ്പോള്‍ സമാനമായ കണ്ടന്റ് ഉണ്ടാക്കുന്നതില്‍ പരിചയമുള്ള ഒരു എഡിറ്റോറിയല്‍ ടീമിനെ വേണം എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇന്ത്യന്‍ ന്യൂസ് റൂമുകളുടെ ഒരു സെന്‍സിബിലിറ്റിയെന്ന് പറയുന്നത് കേവലം 5w കളും 1H ഉം (Five Ws and one H. Who, What, When, Where, Why, How) കൈകാര്യം ചെയ്യാന്‍ പാകത്തിലുള്ളത് മാത്രമായിരുന്നു. ആര്, എന്ത്, എപ്പോള്‍, എവിടെ എന്ത് കൊണ്ട്, എങ്ങനെ ഒരു കാര്യം സംഭവിച്ചു എന്നുമാത്രം, ഒരു ന്യൂസ് അനൗണ്‍സറുടെ വാക്കുകളില്‍ അവതരിപ്പിക്കുന്നൊരു രീതി. കാരവാനില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍- എഴുത്തുകാരന്‍ ഒരു സാധാരണ ബീറ്റ് റിപ്പോര്‍ട്ടറെക്കാള്‍ കൂടുതലായി പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇന്റര്‍വ്യൂകള്‍ കേവലം ദൃശ്യമാധ്യമ കാലത്തെപ്പോലെ അല്ല. സമഗ്രമായ ഒരു എഡിറ്റിംഗ് പോളിസി ഉള്ളതുകൊണ്ട് തന്നെ എഡിറ്റര്‍മാര്‍ നല്ല വായനാനുഭവ സമ്പത്ത് ഉള്ളവരായിരിക്കണം എന്ന അവസ്ഥയാണ്. പലപ്പോഴും റിപ്പോര്‍ട്ടറോട് സംശയങ്ങള്‍ നിവാരണം ചെയ്യണമെങ്കില്‍ എഡിറ്റര്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ വായിച്ചു റിപ്പോര്‍ട്ടറുടെ സ്റ്റോറിയുടെ വിഷയം നന്നായി മനസിലാക്കിയിരിക്കണം എങ്കില്‍ മാത്രമേ റിപ്പോര്‍ട്ടര്‍ക്കും എഡിറ്ററുടെ ചോദ്യങ്ങളോട് ബഹുമാനം ഉണ്ടാവൂ. ബൗദ്ധിക സത്യസന്ധത ഇല്ലായ്മയോ നാട്യങ്ങളോ ഇവിടെ വിലപ്പോവില്ല. ക്വാളിറ്റി ഉള്ള കണ്ടന്റ് ആണ് ഇവിടെ രാജാവ്. അതോടൊപ്പം തന്നെ വാക്യങ്ങള്‍ കുറച്ചു കൂടെ ഷാര്‍പ്പ് ആക്കണം.

കാരവാന്റെ ഭാഗ്യം എന്ന് പറയട്ടെ, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീം ആണ് ഞങ്ങളുടേത്. ഇന്ത്യന്‍ എംപ്ലോയ്‌മെന്റ് വിസ കൊടുത്ത് അമേരിക്കയില്‍ നിന്ന് ജേര്‍ണലിസ്റ്റുകളുടെ റിവേര്‍സ് മൈഗ്രേഷന്‍ തുടങ്ങിയത് കാരവാനിലാണ്. കൂടാതെ കാരവാന്‍ ഔദ്യോഗികമായി relaunch  ചെയ്യുന്നതിന് മുന്‍പേ പന്ത്രണ്ട് പ്രശസ്ത എഴുത്തുകാരെ contributing എഡിറ്റര്‍മാര്‍ എന്ന നിലക്ക് നിയമിക്കാന്‍ ഞാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ദക്ഷിണേഷ്യയില്‍ നിന്നുള്ള പ്രമുഖ നോണ്‍ ഫിക്ഷന്‍ എഴുത്തുകാര്‍ ആയിരുന്നു അവര്‍. ഫാത്തിമ ഭൂട്ടോ, സിദ്ധാര്‍ത്ഥ ദേബ്, ക്രിസ്റ്റഫ ജെഫെര്‍ലോ, ബഷറത്ത് പീര്‍, അമിതാഭ് കുമാര്‍, സലില്‍ ത്രിപതി, ദേബോറ ബേക്കര്‍, മിറാന്‍ഡ കെന്നഡി, മീര കംദാര്‍, സദാനന്ദ് ദ്യൂം മുതലായവര്‍. കാരവാനുമായുള്ള അവരുടെ ബന്ധം കാരവാന്‍ ജേര്‍ണലിസത്തിന്റെയും സാഹിത്യത്തിന്റെയും ഇടക്കുള്ള ഒരു മദ്ധ്യ പാത ആണെന്നും കാരവാനെ ഇന്ത്യാടുഡേ പോലെയോ ഔട്ട് ലുക്ക് പോലെയോ കാണരുത് എന്നും വിശദീകരിക്കാന്‍ സഹായികമായി. കൂടാത രാമചന്ദ്ര ഗുഹ, പങ്കജ് മിശ്ര, വില്ല്യം ഡാല്‍റിംപ്‌ള് മുതലായവരുടെ ലേഖനങ്ങളും കാരവാന്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. എഡിറ്റിങ്ങിന്റെ നിലവാരം കൊണ്ടും ലേഖനങ്ങളുടെ നീളം കൊണ്ടും എല്ലാ എഴുത്തുകാര്‍ക്കും കാരവാന്‍ അവരുടെ ഇഷ്ടമാഗസിന്‍ ആയി. ഇത് കൂടാതെ നല്ല ലേഖകരുടെ ഒരു ടീം കാരവാനും സ്വന്തമായുണ്ട്. റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചു എന്റെ കാഴ്ചപ്പാട് എന്താണെന്നു വെച്ചാല്‍ ഒരു റിപ്പോര്‍ട്ടര്‍ ഒരേ സമയം തന്നെ മൂന്ന് റോളുകള്‍ നിര്‍വഹിക്കേണ്ടിയിരിക്കുന്നു.

ഒരു ജേര്‍ണലിസ്റ്റിന്റെ ഒരു എഴുത്തുകാരന്റെ, പിന്നെ ഒരു സ്‌ക്കോളറുടെയും. ഓരോരുത്തരുടെയും ശൈലിയും അഭിരുചിയും അനുസരിച്ച് ഓരോരുത്തരിലും ഈ മൂന്നു റോളുകള്‍ വ്യത്യസ്ത അളവുകളില്‍ ആണ് കാണപ്പെടുക, എങ്കിലും നല്ല ഒരു ലോങ്‌ഫോം റിപ്പോര്‍ട്ടിനു മുകളില്‍ പറഞ്ഞ മൂന്നു റോളുകളും ഒരാളില്‍ ഉണ്ടായിരിക്കുക എന്നത് ഒഴിച്ച് കൂടാനാവാത്തതാണ്. കൂട്ട് വ്യത്യസ്തമായിരിക്കാം.

നാരറ്റീവ് ജേര്‍ണലിസം ഫിക്ഷനും നോണ്‍ ഫിക്ഷനും തമ്മിലുള്ള അതിരുകള്‍ അവ്യക്തമാക്കുന്നത് പോലെ തോന്നാറുണ്ടല്ലോ. ഉദാഹരണത്തിന്, ഒരു നോവലിന്റെ ശൈലിയിലുള്ള അമന്‍ സേതിയുടെ എ ഫ്രീ മാന്‍ അല്ലെങ്കില്‍ ബഷരത് പീറിന്റെ കര്‍ഫ്യൂഡ് നൈറ്റ്….

അത് ശരിയാണ്. അമേരിക്കയിലൊക്കെ 1960കളോടെ അങ്ങനെയൊരു മാറ്റം പത്രപ്രവര്‍ത്തനത്തില്‍ സംഭവിച്ചിട്ടുണ്ട്. ടോം വോള്‍ഫിനെ ഇങ്ങനെയുള്ള മാറ്റത്തിന്റെ തുടക്കക്കാരനായി കാണാം. വോള്‍ഫ് ന്യൂയോര്‍ക്ക് ടൈംസില്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒരാളാണ്. അന്നൊക്കെ ഫീച്ചര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആളുകളെ ന്യൂസ് ഡിവിഷനുമായി തട്ടിച്ചു നോക്കുമ്പോള്‍ കഴിവ് കുറഞ്ഞവര്‍ എന്ന നിലക്കാണ് കണ്ടിരുന്നത്. ആ സമയത്ത് ടോം വോള്‍ഫ് നാരറ്റീവ് ജേര്‍ണലിസത്തിലേക്ക് തിരിയുകയും രസകരമായ രീതിയില്‍ ഫീച്ചറുകള്‍ എഴുതി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. കാലക്രമേണ അതൊരു genre ആയി എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടു. അതിനുശേഷം പത്രത്തില്‍ നിന്നു ജോലി രാജി വെച്ചു പുസ്തക രചനയിലേക്ക് തിരിയുകയും, ആ പുസ്തകങ്ങള്‍ ഫിക്ഷനെക്കാള്‍ വില്‍ക്കപ്പെടുകയും ചെയ്തുവന്നു. തുടര്‍ന്ന് പല ജേര്‍ണലിസ്റ്റുകളും ആ രീതിയിലേക്ക് മാറിവന്നു. ഫിക്ഷന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള നോണ്‍ ഫിക്ഷന് എഴുത്ത്.

ന്യൂസ് റൂമുകളെ സ്വാധീനിച്ചിട്ടുല്ലെന്ന് പറയാന്‍ പറ്റില്ല. ന്യൂയോര്‍ക്കര്‍ മാഗസിന്‍ ഒക്കെ ഈ സ്വാധീനത്തില്‍ പെട്ടിരുന്നു. അതെ, പക്ഷെ ന്യൂ യോര്‍ക്കര്‍ ഒരു മാഗസിന്‍ ആണല്ലോ. പത്രങ്ങളുടെ കാര്യത്തെപ്പറ്റി പറയുമ്പോള്‍ .

അതെ, മാഗസിനുകളില്‍ ഉണ്ടായത്ര മാറ്റം ന്യൂസ് പേപ്പറുകളില്‍ ഉണ്ടായിട്ടില്ലെന്നത് വസ്തുത തന്നെയാണ്. എന്നാല്‍ ന്യൂ യോര്‍ക്ക് ടൈംസ് പോലെയുള്ള പത്രങ്ങളുടെ റിപ്പോര്‍ട്ടിങ്ങിന്റെ ഭാഷ 1980- കളോടെ ഇത്തരത്തില്‍ മാറാന്‍ തുടങ്ങി.

പക്ഷേ ആ ജേര്‍ണലിസ്റ്റുകളൊക്കെ പിന്നെ എഴുത്തുകാര്‍ ആയി മാറുകയല്ലേ ചെയതത്? ന്യൂസ് റൂമുകളെ ഈ മാറ്റം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ഒരു പരിധി വരെ എന്നെപ്പോലെയുള്ളവരെയൊക്കെ കൊളംബിയായില്‍ പോയി പഠിക്കാന്‍ പ്രേരിപ്പിച്ചത് ഈ ശൈലിയോടുള്ള ആകര്‍ഷണമാണ്. എന്തുകൊണ്ട് നമുക്ക് ന്യൂ യോര്‍ക്ക് ടൈംസിന്റെയും ന്യൂയോര്‍ക്കിന്റെയും ശൈലയില്‍ എഴുതാന്‍ പറ്റുന്നില്ല? അവരുടെ കണ്ടന്റിനെ കുറിച്ചോ നിലപാടുകളെ കുറിച്ചോ അല്ല ഞാന്‍ സംസാരിക്കുന്നത്. മറിച്ച് എഴുതുന്ന ശൈലിയെക്കുറിച്ചും റിപ്പോര്‍ട്ടിങ്ങിന്റെ ഡെപ്ത്തിനെ കുറിച്ചുമാണ്.

കാരവാന്റെ ഒരു മോഡല്‍ ദ ഹിന്ദു അടക്കമുള്ള മുഖ്യാധാര പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗ് ശൈലിയെ സ്വാധീനിക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അത് ശരിയല്ലേ?

തീര്‍ച്ചയായും അങ്ങനെ ഒരു മാറ്റം ഉണ്ടെന്ന് ഞാന്‍ അഭിമാനത്തോടെ തന്നെ പറയും. കാരവന്‍ ഈ തരത്തിലുള്ള ഒരു ചുവടു വെക്കുമ്പോള്‍ പരിഹസിച്ചിരുന്നവര്‍ പലരും ഇപ്പോള്‍ ആ രീതിയില്‍ ചിന്തിക്കുന്നുണ്ട്. ‘ഇക്കോണമിക് ടൈംസും’ ‘മിന്റും’ കാരവാന്റെ സ്വതസിദ്ധമായ ശൈലിയില്‍ നീണ്ട പ്രൊഫൈലുകള്‍ ചെയ്യാന്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.

വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ താങ്കള്‍ കാരവാനുവേണ്ടി ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് നരേന്ദ്ര മോഡിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും സമയോചിതമായ പ്രൊഫൈലുകള്‍. ഒരു റിപ്പോര്‍ട്ടര്‍ കൂടെ ആകുന്നത് എഡിറ്റര്‍ എന്ന നിലക്ക് എത്രത്തോളം സഹായകമാകുന്നുണ്ട്?

എനിക്ക് തോന്നുന്നത് നിങ്ങളുടെ ഉള്ളില്‍ ഒരു റിപ്പോര്‍ട്ടറുടെ ഡി. എന്‍. എ ഉണ്ടെങ്കില്‍ എഡിറ്റോറിയല്‍ റോള് കുറച്ചു കൂടെ ഭംഗിയായി കൈകാര്യം ചെയ്യാന്‍ പറ്റും എന്നാണ്. ഒരു റിപ്പോര്‍ട്ടറുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ പറ്റും എന്നതിനാല്‍ അവരുടെ ബഹുമാനം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചില ആശയങ്ങളുടെ പ്രാധാന്യവും അവ നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉണ്ടാവുന്ന ഇംപാക്ടും മനസിലാക്കാന്‍ ഫീല്‍ഡിലുള്ള അനുഭവം സഹായിക്കും. കൂടാതെ പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കാര്യങ്ങള്‍ തിരിച്ചറിയാനും സാധിക്കും.
റിപ്പോര്‍ട്ടിംഗ് ഞാന്‍ വളരെയധികം ആസ്വദിക്കുന്ന കാര്യമാണ്. എന്റെ മോഡി; മന്‍മോഹന്‍സിംഗ് റിപ്പോര്‍ട്ടുകള്‍ ഞാന്‍ റിപ്പോര്‍ട്ടിംഗ് മറന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ കൂടിയായിരുന്നു. ആളുകള്‍ വായിച്ചു. അവര്‍ക്കിഷ്ടപ്പെട്ടു എന്നതില്‍ വളരെയധികം സന്തോഷിക്കുന്നു. 80-ഉം 100ഉം ആളുകളെ ഇന്റര്‍വ്യൂ ചെയ്ത്. 3-4 മാസം ഇന്‍വെസ്റ്റിഗേറ്റ് ചെയ്ത് 15,000 വാക്കുകളോളം നീളത്തില്‍ ഗഹനമായി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞറിയിക്കാനാവാത്തത്ര ഒരു സംതൃപ്തിയാണ് എനിക്ക് തരുന്നത്. ഞാന്‍ ഇടക്ക് സ്റ്റാഫ് എഴുത്തുകാരോട് റോളുകള്‍ പരസ്പരം വെച്ച് മാറിയാലോ എന്ന് തമാശയായി പറയാറുണ്ട്. രണ്ടോ മൂന്നോ മാസം യാതൊരു വിധ തടസവും ഇല്ലാതെ ഒരു സ്റ്റോറിയുടെ പുറകെ പോവാന്‍ പറ്റുക എന്നത് ഏതൊരു റിപ്പോര്‍ട്ടറുടെയും സ്വപ്നമായിരിക്കും. പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യാന്‍ തുടങ്ങിയ സമയത്ത് അത്തരം ഒരു സാഹചര്യം ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒപ്പം തന്നെ എഡിറ്റോറിയല്‍ നേതൃത്വ റോളും ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ, എന്റെ റിപ്പോര്‍ട്ടര്‍ ശിേെശിര േആണ് എന്റെ ഉള്ളിലെ എഡിറ്റര്‍ക്ക് ഊര്‍ജം നല്‍കുന്നത്.

താങ്കളുടെ റിപ്പോര്‍ട്ടുകളില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച ഒന്ന് മോഡിയെ കുറിച്ചുള്ള Emperor Uncrowned എന്ന പ്രൊഫൈല്‍ ആയിരുന്നല്ലോ. ഇത്രയും കാലം മോഡിയെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നായിരുന്നല്ലോ അത്. അതിനെ കുറിച്ച് അല്‍പം?

മോഡിയെ കുറിച്ച് പല തരത്തില്‍ ഒരുപാട് ലേഖനങ്ങളും എഴുത്തും വന്നിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള എഴുത്തുകളില്‍ പലപ്പോഴും സംഭവിക്കാറുള്ളത് എഴുത്തുകാര്‍ ഒരു ലെഫ്റ്റ് റൂട്ട് ആണ് എടുക്കാറുള്ളത്. അതായത് കലാപത്തിന്റെ ഇരകളെയും ഗുജറാത്തിലെ ആക്ടിവിസ്റ്റുകളെയും കൊണ്ട് മോഡിയുടെ വര്‍ഗീയതയും മറ്റും വിഷയമാക്കുന്ന ഒരു തരം എഴുത്ത്. എന്നാല്‍ ഞാന്‍ ഒരു വലതു റൂട്ട് എടുക്കാം എന്ന് വെച്ചു. മോഡിയുടെ വലത്, ബജ്‌റങ്ങള്‍, വി. എച്ച് പി പോലുള്ള ആളുകളിലൂടെ ഉള്ള ഒരു റൂട്ട് ഒപ്പം മോഡിയുടെ വിശ്വസ്തരായ ഒഫീഷ്യല്‍സ്, ആര്‍ക്കിട്ടെക്ക്റ്റ്‌സ്, വ്യവസായികള്‍ തുടങ്ങി വികസനത്തിന്റെ സത്യാവസ്ഥ നേരിട്ടറിയാവുന്ന ആളുകളിലൂടെയുള്ള മറ്റൊരു യാത്ര. അതുകൊണ്ട് തന്നെ മെറ്റീരിയല്‍സ് വളരെ വ്യത്യസ്തമായിരുന്നു. കാരവാന്‍ ഒരു എലീറ്റ് മാഗസിന്‍ ആയി ആണ് കരുതപ്പെടുന്നത്. അതിന്റെ വായനക്കരെല്ലാം ഒരു പരിധി വരെ എലീറ്റ് ആണ്. അവരുടെ ഇടയില്‍ കമ്മ്യൂണലിസം കാര്യമായി ഓടില്ല. ഡെവലപ്പ്‌മെന്റ് മാന്‍ എന്നുള്ള വാദം ശരിയാണോ എന്നറിയണം. കമ്മ്യൂണലിസം ഇമെജിനെക്കാള്‍ കൂടുതല്‍ ഗ്രാഹ്യത്തില്‍ മനസിലാക്കേണ്ട വിഷയമാണ് അത്. കമ്മ്യൂണല്‍ ലീഡറില്‍ നിന്നും വ്യത്യസ്തമായി ഡെവലപ്‌മെന്റ് ഹീറോ ആയാണ് മോഡി അറിയപ്പെടുന്നത്. അങ്ങനെ ഉള്ള ഒരു ചിത്രം അവതരിപ്പിക്കാന്‍ മോഡിക്ക് കഴിഞ്ഞിരിക്കുന്നു.
എന്നാല്‍ കണക്കുകള്‍ പറയുന്നത് മോഡിയുടെ മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരുടെ കാലത്ത് നടന്ന അത്രയും വികസനംപോലും മോഡിയുടെ കാലത്ത് നടന്നിട്ടില്ല എന്നാണ്.

വിദേശ നിക്ഷേപത്തിന്റെ കാര്യം എടുത്തുനോക്കിയാല്‍ ആറാം സ്ഥാനം മാത്രമാണ് ഗുജറാത്തിനുള്ളത്. ശരിക്കും, ഗുജറാത്തിനു മുന്നിലുള്ള മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര (ആര്‍. ബി. ഐ. ഡാറ്റ പ്രകാരം) സംസ്ഥാനങ്ങള്‍ ശക്തമായ ക്യാമ്പയ്‌ന് നടത്താത്തത് കൊണ്ട് നമ്മള്‍ ഇതൊന്നും അറിയുന്നില്ലെന്ന് മാത്രം. മോഡിയെ വിമര്‍ശിക്കുന്നത് ഗുജറാത്തിനെ വിമര്‍ശിക്കലാണ് എന്ന് വരുത്തി തീര്‍ക്കലാണ് മോഡിയുടെ രീതി. എന്നാല്‍ ഗുജറാത്തിനു നൂറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന വളരെ ശക്തമായ ഒരു വാണിജ്യ പാരമ്പര്യം ഉണ്ടെന്നും ഗുജറാത്തിന്റെ ഇപ്പോഴത്തെ വികസനത്തിന്റെ ഉത്തരവാദി മോഡി അല്ല എന്നുമുള്ള വസ്തുത ആ റിപ്പോര്‍ട്ട് വെളിച്ചത്ത് കൊണ്ടുവരുന്നു. പക്ഷെ, ടെലിവിഷനിലും പത്രങ്ങളിലും വിജയകരമായി നടക്കുന്ന പബ്ലിക് റിലേഷന്‍സ് ക്യാമ്പയ്‌നില്‍ പങ്കെടുക്കുന്ന എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും വരെ മോഡിയെക്കുറിച്ച് വ്യത്യസ്ത ഇമേജാണ് ധരിച്ചു വെച്ചിരിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷമായി കോണ്‍ഗ്രസ്സിന്റെ അഴിമതി നിറഞ്ഞ ഭരണത്തോടുള്ള ജനങ്ങളുടെ അതിയായ വെറുപ്പാണ് മോഡിയോടു അടുപ്പം കാണിക്കാനുള്ള വേറൊരു കാരണം.

വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ ആദ്യമായി തിഹാര്‍ ജയിലില്‍ ഇന്റര്‍വ്യൂ ചെയ്തത് താങ്കള്‍ ആണല്ലോ. എന്തായിരുന്ന അഫ്‌സലിനെ ഇന്റര്‍വ്യൂ ചെയ്യാനുള്ള പ്രചോദനം? എങ്ങനെയായിരുന്നു ആ ഇന്റര്‍വ്യൂ?

ജയിലിനകത്ത് വെച്ചു അഫ്‌സല്‍ നല്‍കിയ ആദ്യത്തെയും ഏറ്റവും ദൈര്‍ഘ്യം കൂടിയതുമായ ഇന്റര്‍വ്യൂ ആയിരുന്നു അത്. ഓരോ മണിക്കൂര്‍ നീണ്ട രണ്ടു സെഷനുകളിലായി. 2006 ല്‍ ആയിരുന്നു അത്. സുപ്രീംകോടതി അഫ്‌സലിന്റെ വധശിക്ഷ ശരിവെച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു പ്രിസണേഴ്‌സ് സൊസൈറ്റിക്ക് വേണ്ടി ആ സമയത്ത് ഞാന്‍ കുറച്ചു വോളന്ററി വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വഴി ജയിലില്‍ കഴിയുന്ന അഫ്‌സലിനെകൊണ്ട് ഒരു ഇന്റര്‍വ്യൂവിനു സമ്മതിക്കാന്‍ കഴിഞ്ഞു.

ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്നതല്ലായിരുന്നു എന്റെ ഉദ്ദേശം. അതിനോടകം തന്നെ പല ചോദ്യം ചെയ്യലുകള്‍ക്കു വിധേയനായ ആളാണ്. കേസിന്റെ സൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതിനു പകരം ലോകത്തെ കേള്‍പ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. കുടുംബത്തെ കുറിച്ചും മറ്റും വളരെ ലളിതമായ ചോദ്യങ്ങളായിരുന്നു ചോദിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുമായാണ് അഭിമുഖം നടത്താന്‍ പോകുന്നത് എന്നുള്ളത് കൊണ്ട് തന്നെ അഭിമുഖത്തിന്റെ മുന്‍പുള്ള ഒന്ന് രണ്ടുദിവസങ്ങളില്‍ എനിക്ക് ശരിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. എങ്ങനെ ഞാന്‍ സംസാരിച്ചു തുടങ്ങും? എങ്ങനെ ഉള്ള ഒരാളായിരിക്കും അഫ്‌സല്‍ എന്നൊക്കെ ആലോചിച്ച് വളരെ നിര്‍ലോഭം ആ ഇന്റര്‍വ്യൂ നടന്നു.

നോട്ട്ബുക്കുകള്‍ ഒളിച്ചു കടത്തിയാണ് താങ്കള്‍ ആ ഇന്റര്‍വ്യൂ ചെയ്തത് എന്ന് കേട്ടിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ ആ ഇന്റര്‍വ്യൂ പ്രിസണ്‍ നോട്ട്ബുക്ക്‌സ് ആണെന്ന് പറയാം.

ചെറിയ മൂന്നു നാലു നോട്ട്ബുക്കുകള്‍ ഒളിച്ചു കടത്തുകയാണ് ചെയ്തത്. ഒരു ഗ്ലാസ് വിന്‍ഡോക്ക് ഇപ്പുറം നിന്നു ചോദ്യങ്ങള്‍ ചോദിക്കുന്നു. അപ്പുറത്ത് നിന്നും മൈക്കില്‍ ഉത്തരം, ചെവി സ്പീക്കറില്‍ വെച്ച് കേള്‍ക്കുന്നു. കേട്ടെഴുത്ത് രീതിയില്‍ എഴുതി എടുക്കുന്നു. അങ്ങനെ സംസാരത്തിനിടക്ക് ആരെങ്കിലും വരുമോ, നോട്ട്ബുക്കുകള്‍ എടുത്തുകൊണ്ട് പോകുമോ എന്നൊക്കെയുള്ള പേടിയായിരുന്നു. തെഹെല്‍ക്കയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. രസകരമായ കാര്യം സ്പാനീഷ്, ഫ്രഞ്ച് പോലുള്ള ഭാഷകളിലെ പല പ്രമുഖ പത്രങ്ങളിലും ഈ അഭിമുഖം വന്നു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലും വന്നു. എന്നാല്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കാന്‍ ആരും താല്പര്യം കാണിച്ചില്ല. തെഹെല്‍ക്ക അല്ലാതെ മറ്റു ഇംഗ്ലീഷ് മാഗസിനുകള്‍ക്കും താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷാദ്യം അഫ്‌സലിന്റെ വധശിക്ഷ നടപ്പാക്കിയശേഷം ടൈംസ് ഓഫ് ഇന്ത്യ അടക്കം പല ഇംഗ്ലീഷ് മാഗസിനുകളും അത് പുന:പ്രസിദ്ധീകരിച്ചു.

താങ്കളുടെ ഇന്റര്‍വ്യൂവിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും കടന്നുപോകുമ്പോള്‍ വിനോദ്. കെ. ജോസ് എന്ന എഴുത്തുകാരന്‍ എവിടെയൊക്കെയോ പക്ഷം ചേരുന്നത് പോലെ തോന്നാറുണ്ട്. പ്രത്യേകിച്ച് അഫ്‌സല്‍ ഗുരുവിന്റെ ഇന്റര്‍വ്യൂവും മോഡിയുടെ പ്രൊഫൈലുമെല്ലാം വായിക്കുമ്പോള്‍ .

ഉറപ്പായിട്ടും ഞാന്‍ പൊസിഷന്‍ എടുക്കാറുണ്ട്. അത് ഒളിച്ചു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് പക്ഷെ രാഷട്രീയ ലഘുലേഖ എഴുത്ത് പോലെ അല്ല മറിച്ച് ഒരു ജേര്‍ണലിസ്റ്റ് അല്ലെങ്കില്‍ ഒരു എഴുത്തുകാരന്‍ എന്ന നില്ക്ക് എടുക്കുന്ന ഒന്നാണ്. ആക്ടിവിസ്റ്റ് എന്ന നിലക്ക് എടുക്കുന്ന ഒന്നല്ല. ഉദാഹരണത്തിന് മോഡിയെ കുറിച്ചുള്ള റിപ്പോര്‍ട്ട്. അതില്‍ മോഡിയുടെ വ്യാജവാദങ്ങളെ യാതാര്‍ത്ഥ്യവുമായി തട്ടിച്ച് തുറന്നു കാണിക്കുന്നുണ്ട്. എന്നാല്‍ അതൊടൊപ്പം തന്നെ മോഡിയുടെ വ്യക്തിപരമായ ഭാഗവും അനുഭാവത്തോടെ അവതരിപ്പിക്കുന്നുണ്ട്. സാധാരണ വരേണ്യ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമേ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്താറുള്ളൂ. പ്രത്യേകിച്ചും ബി. ജെ.പിയില്‍, ഇടത്തരം പട്ടണങ്ങളില്‍ നിന്നുള്ളവര്‍ ഒന്നും എത്താറില്ല. അതുകൊണ്ട് തന്നെ മോഡിക്ക് തന്റെ തീവ്ര നിലപാടുകളില്ലാതെ പാര്‍ട്ടിയില്‍ പിടിച്ചു നില്ക്കാന്‍ കഴിയില്ല. റിപ്പോര്‍ട്ടിങ്ങിന് ഒബ്ജക്ടീവാകാനാകില്ല, അതിനു ഫെയര്‍ ആകാനേ പറ്റൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

”1992 ല്‍ ഇന്ത്യന്‍ ന്യൂല് റൂമുകളില്‍ ദളിത് വിഭാഗത്തില്‍നിന്നും ആരുമുണ്ടായിരുന്നില്ല. ഇന്നും ആരും മില്ല,” എന്ന് റോബിന് ജെഫ്രി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയിരുന്നു. ഇന്ത്യന്‍ മീഡിയയിലെ ദളിതരുടെയും മുസ്ലീംകളുടെയും സ്ത്രീകളുടെയും അഭാവത്തെ എങ്ങനെ നോക്കി കാണുന്നു?

ജെഫ്രി പറയുന്നത് പൂര്‍ണമായും ശരിയാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ 49 ശതമാനവും ബ്രാഹ്മിണ്‍ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ് എന്നാണ് 2006-ല്‍ ഇടഉട നടത്തിയ പഠനം കാണിക്കുന്നത്. ഉന്നത ജാതിക്കാരുടെ മൊത്തം കണക്ക് എടുത്താല്‍ അത് 79 ശതമാനം വരും. ഒബി. സി. കേവലം മൂന്നു ശതമാനവും ദളിതരുടെ പ്രാതിനിധ്യം പൂജ്യവുമാണ്. സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ കുറെയൊക്കെ കൂടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് വിഷ്വല്‍ മീഡിയയില്‍ സ്ത്രീ പുരുഷാനുപാതം ഏതാണ്ട് തുല്യമാണെന്ന് പറയാം. പക്ഷെ ഒരു പരിധിക്കപ്പുറം അവര്‍ക്ക് വളരാനുള്ള അവസരം ഉണ്ടോ എന്നുള്ളതാണ് പ്രശ്‌നം.

കാരവാന്‍ ഈ അടുത്തിടെ ദളിത്/ ആദിവാസി വിഭാഗത്തില്‍ നിന്നു മാത്രമുള്ളവര്‍ക്കായി ഒരു staff writer പോസ്റ്റ് കൊണ്ട് വന്നു. പലരും പ്രശംസിക്കുകയും അതെ സമയം തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ഈ ചെയ്ത ഈ കാര്യത്തെ കുറിച്ച്…

ന്യൂസ് റൂമുകളില്‍ വൈവിധ്യംകൊണ്ട് വരിക എന്നുള്ള ഒരു പോളിസിയുടെ ഭാഗമായാണ് കാരവാന്‍ ദളിത്/ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമായി ഇങ്ങനെ ഒരു പോസ്റ്റ് സൃഷ്ടിച്ചത്. ഇങ്ങനെ ചെയ്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കിട്ടിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും സംവരണം കൊണ്ട് വരുന്നു. മീഡിയയില്‍ ജാതീയത കൊണ്ട് വരുന്നു എന്നെല്ലാം പറഞ്ഞു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പലരും വിമര്‍ശിച്ചിട്ടുണ്ട്. ഈയിടെ ഒരു പാനല്‍ ചര്‍ച്ചക്കിടെ കാരവാന്‍ സ്‌പെഷ്യല്‍ പോസ്റ്റ് സൃഷ്ടിച്ചത് ചര്‍ച്ചാ വിഷയമാകുകയുണ്ടായി. ആ സമയത്ത് ഒരു പാനലിസ്റ്റ് പറഞ്ഞത് കാരവാന്‍ ഇങ്ങനെ ഒരു പോസ്റ്റ് കൊണ്ടുവരുന്നു എന്ന് കേട്ടപ്പോള്‍ അത് കേവലം ഒരു ഗിമ്മിക്ക് ആണെന്നാണ് താന്‍ കരുതിയത് എന്നായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം ഇതൊരു ഗിമ്മിക്കോ ടോക്കണിസമോ അല്ല. ഒരു എഡിറ്റര്‍ എന്ന നിലക്ക് ദളിത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ ന്യൂസ്‌റൂമില്‍ ഉണ്ടാവേണ്ടതുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. മുഖ്യാധാര മാധ്യമങ്ങളില്‍ ജാതി കാരണമുള്ള അക്രമങ്ങളെ കുറിച്ചൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലീസ് കൊടുക്കുന്ന വ്യാഖ്യാനം കൊടുക്കാനാണ് ജേര്‍ണലിസ്റ്റുകള്‍ മുതിരാറുള്ളത്. അങ്ങനെയുള്ള ഒരു അവസ്ഥയില്‍ ദളിതര്‍ ന്യൂസ് റൂമുകളില്‍ ഉണ്ടാവുന്നത് ഇത്തരം വാര്‍ത്തകളെ കുറച്ച് കൂടെ സൂക്ഷ്മമായി നോക്കി കാണാന്‍ സഹായിക്കും. ഇതിനര്‍ത്ഥം ദളിതര്‍ ദളിതരെ ബാധിക്കുന്ന വിഷയങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്നല്ല. അവര്‍ എല്ലാ വിഷയങ്ങളെ കുറിച്ചും എഴുതണം.

ദളിതരെ അപേക്ഷിച്ച് മീഡിയയില്‍ മുസ്ലീംകളുടെ സാന്നിദ്ധ്യം കൂടുതല്‍ ആണെന്ന് പറഞ്ഞല്ലോ. എന്നാല്‍ മുസ്ലീം പത്രപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും സംശയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വരുന്നില്ലേ? ഉദാഹരണത്തിന് കെ. കെ. ഷാഹിനയുടെ അല്ലെങ്കില്‍ ആറുമാസത്തോളം അന്യായമായി ജയിലില്‍ കഴിയേണ്ടി വന്ന ഡെക്കാന്‍ ഹെറാള്‍ഡിന്റെ റഹ്മാന്‍സിദ്ദിക്കിന്റെ കാര്യം?

പേരും മതവും മീഡിയ ഫീല്‍ഡില്‍ ഒരു പ്രശ്‌നം തന്നെയാണ്. പിന്നെ മീഡിയയുടെ വരേണ്യ സ്വഭാവവും. മുസ്ലീംസമുദായത്തില്‍ നിന്നു ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമൊക്കെയുള്ള ചിലരൊക്കെ വരേണ്യ വിഭാഗത്തില്‍ പെട്ടവരാണ്. പക്ഷെ കൂടുതല്‍ പേരും സാധാരണ ബാക്ക്ഗ്രൗണ്ടില്‍ നിന്നു വരുന്നവരാണ്. ഒരു ചെറിയ പട്ടണത്തില്‍ നിന്നോ ഗ്രാമത്തില്‍ നിന്നോ ഒക്കെ വരുന്ന ഒരു മുസ്ലിമിന് തന്റെ മുസ്ലീം ഐഡന്റിറ്റിയും മീഡിയയുടെ വരേണ്യ സ്വഭാവവും ഒരുപോലെ വെല്ലുവിളികളാണ്. ഞാന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്യുന്ന സമയത്ത് എന്റെ ഓഫീസില്‍ ആകെയുള്ള ക്രിസ്ത്യന്‍ ഞാനായിരുന്നു. എന്നേക്കാള്‍ യോഗ്യത ഉള്ള പല മുസ്ലീം സുഹൃത്തുകളും അവിടെ ജോലിക്ക് അപേക്ഷിക്കാന്‍ മടിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ബി. ജെ. പി. അധികാരത്തില്‍ ഇരിക്കുന്ന സമയത്ത് ഒരു മുസ്ലീമിനെ ജോലിക്കെടുക്കുമ്പോള്‍ ചെറിയ ഒരു ടെന്‍ഷന്‍ (ന്യൂസ്‌റൂമില്‍) അനുഭവപ്പെടാറുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ തീരുമാനം എടുക്കാനുള്ള ചുമതല പലപ്പോഴും ഹിന്ദു എഡിറ്റര്‍മാരുടെ തലയില്‍ വെക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇതിന്റെ വേറൊരു വശം എന്തെന്ന് വെച്ചാല്‍ , ഉദാഹരണത്തിന്, പാര്‍ലമെന്റ് ആക്രമണ സമയത്ത് എക്‌സ്പ്രസ്സിലെ ചീഫ് ക്രൈം റിപ്പോര്‍ട്ടര്‍ ഒരു മുസ്ലീം ആയിരുന്നു. എന്നാല്‍ അയാള്‍ പോലീസ് വേര്‍ഷന്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. അതൊരുപക്ഷെ അയാള്‍ ഒരു വരേണ്യ പശ്ചാത്തലത്തില്‍ നിന്നു വരുന്ന ആളായത് കൊണ്ടോ അയാള്‍ക്ക് മറ്റു മുസ്ലീംകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാത്തതുകൊണ്ട്, അല്ലെങ്കില്‍ ആരെയെങ്കിലും പ്രീണിപ്പിക്കേണ്ടതുള്ളതുകൊണ്ടോ ആയിരുന്നിരിക്കാം.

ഈ അഭിമുഖം തയ്യാറാക്കാന്‍ പല രീതിയില്‍ സഹായിച്ച ന്യൂഐമാന്‍ , ജവ്ഹര്‍ സി.റ്റി. എന്നിവരോട് പ്രത്യേകം കടപ്പാട് രേഖപ്പെടുത്തുന്നു.

മുഹമ്മദ് അഫ്‌സല്‍ പി ഹൈദരാബാദ് ഇ. എഫ്. എല്‍ യൂണിവേഴ്‌സിറ്റി (EFLU) യില്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ പി. എച്ച്. ഡി. സ്‌കോളര്‍ ആണ്. ജാവേദ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യോളജിയില്‍ പി. എച്ച്. ഡി സ്‌ക്കോളറും ബാംഗ്ലൂര്‍ ജ്യോതി നിവാസ് കോളേജില്‍ അധ്യാപകനും ആണ്.

കടപ്പാട്: മാതൃഭൂമി വീക്കിലി

Top