വിദ്വേഷ പ്രസംഗങ്ങൾ: പ്രയോഗവും ഉള്ളടക്കവും

February 21, 2022

ശാരീരികമായ അക്രമങ്ങൾക്കുപരി, വിദ്വേഷ പ്രസംഗങ്ങൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനപരവും പ്രതിനിധാനപരവുമായ ഹിംസകളെ കുറിച്ചു കൂടി ചർച്ചകളുണ്ടാകണം. ഒരു സമുദായത്തെ രാഷ്ട്രീയമായും, സാമൂഹികമായും സാമ്പത്തികമായും അരികുവത്കരിക്കാൻ ഇവ്വിധം വിദ്വേഷ പ്രസംഗങ്ങൾക്ക് കഴിയുന്നുണ്ട്. ഷാരൂഖ് ആലം എഴുതുന്നു.

2021 ഡിസംബറിൽ ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ട പരിപാടികളുടെ അനന്തരഫലമായി, പലയിടങ്ങളിൽ നിന്നുമായി ഇൻഡ്യൻ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങൾക്ക് ആഹ്വാനങ്ങൾ നൽകപ്പെടുകയുണ്ടായി. ഇതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പ്രായപൂർത്തിയാകാത്ത ഒരു നേതാവ് അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ഹരിദ്വാർ പരിപാടിയിൽ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയതിന് ഉത്തരാഖണ്ഡ് പോലീസ് വസീം റിസ്‌വി/ജിതേന്ദ്ര ത്യാഗിയെ അറസ്റ്റു ചെയ്തു. കൂട്ടുപ്രതിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ യതി നരസിംഹാനന്ദ് പ്രതിഷേധ സൂചകമായി നിരാഹാരമിരിക്കുകയും റിസ്‌വി-ത്യാഗിയെ കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിച്ചില്ലെങ്കിൽ, ഒരു ‘വിദ്വേഷ സമ്മേളനം’ തന്നെ വിളിച്ചു ചേർക്കുമെന്നും പ്രഖ്യാപിച്ചു. മുസ്‌ലിംകളെ ഭൗതികമായി ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തതിന് ഒരാളെ ജയിലിലേക്ക് അയക്കുന്ന നിയമങ്ങൾ അന്യായമാണെന്നും അത് തള്ളിക്കളയേണ്ടതാണെന്നും യതി വാദിക്കുന്നു. ഞാനിത് എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് യതിയെ കൂടി അറസ്റ്റു ചെയ്തതായ വാർത്തകൾ പുറത്തുവരുന്നു.

2021 ഡിസംബർ 25-27 തിയതികളിൽ റായ്പൂരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സാമുദായിക ശത്രുത വളർത്തുന്ന വിധത്തിൽ പ്രഭാഷണം നടത്തിയ സന്ത് കാളീചരണിനെ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സാധാരണ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റു ചെയ്യതത്. പതിവു പോലെ മുസ്‌ലിംകളും ഗാന്ധിയുമാണ് അദ്ദേഹത്തിന്റെ ‘ആത്മരോഷത്തിന്’ പാത്രമായത്.

യതി നരസിംഹാനന്ദ്

കാളീചരണിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചില ഹിന്ദു കക്ഷികൾ ഇൻഡ്യൻ പ്രസിഡണ്ടിന് ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയുണ്ടായി. ഈ മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കവും അത് തയ്യാറാക്കിയവർ പത്രങ്ങൾക്ക് നൽകിയ പ്രസ്താവനകളും ഒരു വാർത്ത റിപ്പോർട്ടിൽ ഇങ്ങനെ സംഗ്രഹിക്കുന്നു: “ഞങ്ങൾ ഗുഡ്ഗാവ് നിവാസികൾ സന്ത് കാളീചരണിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നു. ഈ കേസിൽ അന്വേഷണം ഏകപക്ഷീയമായാണ് നടക്കുന്നത്. ഉവൈസി ഹിന്ദുക്കൾക്കും പോലീസിനുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെങ്കിലും, അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാളീചരണിനെ അറസ്റ്റു ചെയ്ത നടപടി ഹിന്ദു സമുദായത്തോടുള്ള വെല്ലുവിളിയാണ്. നിയമപരമായി ശിക്ഷിക്കപ്പെടേണ്ടുന്ന ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ചില രാജ്യദ്രോഹികളുടെ സമ്മർദ്ദം മൂലം അദ്ദേഹത്തെ അറസ്റ്റു ചെയ്തിരിക്കുകയാണ്. ക്രമസമാധാനത്തിന് ഭീഷണിയാകുന്ന വിധം ഹിന്ദു സമുദായങ്ങളെ പ്രകോപിപ്പിക്കരുത്. തന്റെ പ്രസംഗങ്ങളിൽ ഉടനീളം ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഉവൈസിക്കെതിരെ അധികാരികൾ ഒരു നടപടിയും എടുത്തിട്ടില്ല”.

വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളർത്തുന്നതോ, ഭരണ കാര്യങ്ങൾ തടസ്സപ്പെടുത്തുന്നതോ, ക്രമസമാധാനത്തിന് ഭീഷണിയാകുന്നതോ, മനപ്പൂർവമായ വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും പ്രവർത്തികൾക്കുമെല്ലാം എതിരെ ഐപിസി ചട്ടങ്ങൾ പ്രകാരം ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ‘വിദ്വേഷ പ്രസംഗം’ (hate speech) എന്ന ചട്ടമാണ്. വിദ്വേഷ പ്രസംഗങ്ങൾ വ്യവസ്ഥാപിതമായ ഒരു പ്രവൃത്തിയായി കൂടി കണക്കാക്കപ്പെടേണ്ടതുണ്ട്. ഒരു ജനതക്ക് മുൻപു ലഭ്യമായിരുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഇടങ്ങളിൽ നിന്ന് ആ ജനതയെ/സമുദായത്തെ മുഴുവനായും തടയുന്നതിനുള്ള കൂട്ടായ ശ്രമം, അതിലൂടെ ആ ജനതക്കെതിരെ ഭൗതികമായ ഉന്മൂലനത്തിന് കോപ്പു കൂട്ടുന്നതുമായ മറ്റു ശ്രമങ്ങൾക്കുമപ്പുറം, ഒരു സാംസ്കാരിക ഉന്മൂലനത്തിനായുള്ള ബൗദ്ധികമായ ഗൂഢാലോചന കൂടി ഇവിടെ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. എന്നിരുന്നാലും, പ്രത്യക്ഷമായോ അല്ലാതെയോ രാഷ്ട്രീയവും സ്ഥാപനപരവുമായ ‘വ്യവഹാരമായി’ ഇത് പലപ്പോഴും ന്യായീകരിക്കപ്പെടുന്നുവെന്ന് മാത്രം.

അക്ബറുദീൻ ഒവൈസി

മുകളിൽ വിവരിച്ച ഹിന്ദുത്വ പ്രതിഷേധകരുടെ ആക്രോശങ്ങൾ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇതൊരു യുദ്ധമുറയാണ്. എങ്കിലും, കൂടുതൽ ഗുരുതരമായ സർക്കിളുകളിൽ നിന്നും സമാനമായ പ്രതികരണങ്ങളും അതിവൈകാരിക പ്രകടനങ്ങളും ഉണ്ടാകുന്ന സന്ദർഭത്തിലാണ് അവരുപയോഗിക്കുന്ന വാക്കുകളെ കുറിച്ച് കൂടുതൽ വ്യക്തത ആവശ്യമായി വരുന്നത്. അതിന്റെ പൂർവകാല പ്രയോക്താക്കളിൽ ചിലരിൽ നിന്നുള്ള ഇത്തരം പ്രസ്താവനങ്ങൾ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നു.

വിദ്വേഷ പ്രസംഗങ്ങൾ എന്താണ് സ്ഥാപിച്ചെടുക്കുന്നത്?

പരസ്പര പൂരകങ്ങളായ ആശയങ്ങളാണെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യം (free speech) എന്നതിന്റെ എതിർ ചേരിയിലാണ് വിദ്വേഷ പ്രസംഗങ്ങളെ (hate speech) സ്ഥാപിക്കാറുള്ളത്. വാസ്തവത്തിൽ, അഭിപ്രായ സ്വാതന്ത്ര്യം എന്നത് ‘സമത്വം’ (equality) എന്ന  ആശയത്തിൽ നിന്നാണ് ഉരുത്തിരിയുന്നത്, സമത്വമോ ജനാധിപത്യത്തിൽ നിന്നും. വിദ്വേഷം വളർത്തുന്നതിനുള്ള പ്രവണത ഏറ്റവും പഴക്കമേറിയതും അതിപുരാതനവുമായ അധികാരത്തിനു വേണ്ടിയുള്ള ഭീഷണി എന്ന ആശയത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ഈയർത്ഥത്തിൽ, ‘വിദ്വേഷ പ്രസംഗം’ എന്നത് ഒരു തെറ്റായ നാമകരണമാണ്. ഇതൊരു വ്യവസ്ഥാപരമായ രാഷ്ട്രീയ അധികാരത്തിനു നേരെയുള്ള ഭീഷണിപ്പെടുത്തലിന്റെ പ്രശ്നമാണ്. ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ‘എല്ലാ സമയത്തും’ ശാരീരികമായ അതിക്രമങ്ങളിലേക്ക് നയിക്കില്ലെങ്കിലും, നിരന്തരമായ മാറ്റി നിർത്തപ്പെടലിനും അപരവത്ക്കരണത്തിനും ഇതു കാരണമാകുന്നു.

വിദ്വേഷ പ്രസംഗം എന്ന ചട്ടത്തിനകത്ത് ഒരു ജനതക്കു നേരെയുള്ള നിന്ദ്യമോ അശ്ലീലമോ ആയ സംസാരത്തെ, അല്ലെങ്കിൽ സർക്കാറിന് നേരെയുള്ള ക്രൂരമായ അപഹാസങ്ങളെ മാത്രമോ അല്ല പരാമർശിക്കപ്പെടുന്നത്. എന്നാൽ, വിദ്വേഷ പ്രസംഗങ്ങൾക്ക് ഒരു സമുദായത്തെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായി അരികുവത്കരിക്കാനുള്ള ശേഷിയുണ്ട്. വിദ്വേഷ പ്രസംഗം എന്നത് വ്യവസ്ഥാപിതമായ വിവേചനവുമായും, ഒരു സമൂഹത്തിൻ്റെ രാഷ്ട്രീയമായ പാർശ്വവൽക്കരണവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കണം. ഇത് വിവേചനത്തിൻ്റെ വിശാലമായ തലത്തിലേക്ക് നയിക്കുന്നുണ്ട്.

2014ലെ പ്രവാസി ഭലായ് സംഗതൻ vs യൂണിയൻ ഓഫ് ഇൻഡ്യ കേസിൽ, പരമോന്നത നീതി പീഠം അഭിപ്രായപ്പെട്ടത് ‘വിവേചനമെന്ന ആശയം വിദ്വേഷ പ്രസംഗത്തിന്റെ കാതലാണ്’ എന്നാണ്. വിദ്വേഷ പ്രസംഗത്തിന്റെ ആഘാതം അളക്കുന്നത് അതിന്റെ ദുരുപയോഗം കണക്കിലാക്കിയല്ല, മറിച്ച് അത് എത്രത്തോളം വിജയകരവും വ്യവസ്ഥാപിതമായി ഒരു ജനതയെ പാർശ്വവൽക്കരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. സുപ്രീംകോടതി തുടർന്നു പറയുന്നു:

“ഒരു സമുദായത്തിൽ അംഗമായി എന്നതു കൊണ്ടു മാത്രം ഒരാളെ വൈയക്തികമായി മാറ്റിനിർത്താൻ വിദ്വേഷ പ്രാസംഗികർ ശ്രമിക്കുന്നു. വെറുപ്പിൻ്റെ പദങ്ങൾ ഉപയോഗിച്ച് ആ സമൂഹം വെറുക്കപ്പെടേണ്ടവരാണെന്നും ഭൂരിപക്ഷത്തിൻ്റെ ദൃഷ്ടിയിൽ നിയമവിരുദ്ധരാണെന്നും സ്ഥാപിച്ചെടുക്കാൻ കിണഞ്ഞ് ശ്രമിക്കുന്നു. അവരുടെ സാമൂഹിക നിലയും സമൂഹത്തിനുള്ളിലെ  സ്വീകാര്യതയും കുറക്കുന്നു”.

സന്ത് കാളീചരൺ

വിദ്വേഷ പ്രസംഗങ്ങൾ എങ്ങനെയാണ് ജനാധിപത്യ പ്രക്രിയയുടെ വൈകല്യത്തിന് കാരണമാകുന്നതെന്ന് സ്റ്റാൻഫോർഡ് ലോ റിവ്യൂവിൽ ചാൾസ് ലോറൻസ് എഴുതുന്നുണ്ട്. രാഷ്ട്രീയ പ്രക്രിയയുടെ സാധാരണീകരണ പ്രവർത്തനങ്ങളിൽ നിന്ന് ഒരു സമൂഹത്തെ വ്യവസ്ഥാപിതമായി ഒഴിച്ചു നിർത്താനുള്ള ശ്രമങ്ങളാണ് വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും അപകടകരമായ വശം.

രാഷ്ട്രീയത്തിൽ നിന്നു മാറ്റിനിർത്താൻ ലക്ഷ്യമിടുന്ന സമൂഹത്തിനെതിരെ ഒരു ജനാധിപത്യ അപചയം ഉണ്ടാക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ എല്ലായ്പ്പോഴും സാമൂഹികവും രാഷ്ട്രീയവുമായ ഭൂരിപക്ഷ ശക്തികളാൽ സ്വാധീനിക്കപ്പെടുന്നു. രചനാത്മകമായ ന്യൂനപക്ഷങ്ങളിൽ നിന്നോ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നോ ചില അംഗങ്ങൾ അവരുടെ സംസാരത്തിൽ ചിലരെ വ്രണപ്പെടുത്തിയേക്കാം, പക്ഷേ അവർക്ക് ജനാധിപത്യത്തെ അപചയപ്പെടുത്താനാവില്ല.

എന്താണ് അംബാസിഡർമാർക്ക് കാണാൻ കഴിയാത്തത്?

പ്രാസംഗികരുടെ മതം, വംശം, പ്രത്യയശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി വിദ്വേഷ പ്രസംഗങ്ങളെ സെലക്ടീവായി അപലപിക്കരുതെന്ന് അംബാസഡർമാരുടെ കത്തിൽ പ്രസ്താവിക്കുന്നു. ഇതു തീർച്ചയായും ന്യായമായ ഉപദേശമാണ്. സമുദായങ്ങൾക്കിടയിൽ ശത്രുതയും അവിശ്വാസവും ഉണ്ടാക്കുകയും, അക്രമത്തിന് പ്രേരിപ്പിക്കുകയും, സാമൂഹിക അച്ചടക്കത്തെ താറുമാറാക്കുകയും ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾക്കൊക്കെയും ഐപിസി സെക്ഷനുകൾ ഒരുപോലെ ബാധകമാണ്.

എല്ലാത്തരം കോപാകുലമായ സംസാരത്തിനും അല്ലെങ്കിൽ വിദ്വേഷം ജനിപ്പിക്കുന്ന സംസാരങ്ങൾക്കും ഒരേ ഐപിസി വകുപ്പുകൾ ചുമത്തുന്നത് ചില വിദ്വേഷ പ്രസംഗങ്ങളെ പക്ഷപാതിത്വത്തോടെ സമീപിക്കുന്നതിനും  ചിലതിനെ മറച്ചുവെക്കുന്നതിനും കാരണമാകുന്നുവെന്ന് മനസ്സിലാക്കണം. മതവികാരത്തെ വ്രണപ്പെടുത്തിയേക്കാവുന്ന ഒരു തമാശയെ കുറിച്ച്  മുനവ്വർ ഫാറൂഖി ആലോചിച്ചു എന്നിരിക്കട്ടെ. എന്നിരുന്നാലും സെക്ഷൻ 295എ (ഒരു സമുദായത്തിന്റെ മതവികാരങ്ങളെ ദ്രോഹിക്കുന്ന) പ്രകാരം കേസെടുക്കുന്നതാണ് ഉചിതമെന്ന് പോലീസ് കരുതുന്നു. ഇതിനു വിപരീതമായി, ഹരിദ്വാറിലെ ചടങ്ങിൽ നടത്തിയ നിയമവിരുദ്ധവും വംശഹത്യാപരവുമായ പ്രസംഗങ്ങളെ ന്യായീകരിച്ച് യുപി   ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ: “മത നേതാക്കൾക്ക് അവർക്ക് ഇഷ്ടമുള്ളതു പറയാൻ അവകാശമുണ്ട്”

ഇത് ഏറെക്കുറെ അചിന്തനീയമായ കാര്യമാണ്. മറ്റൊരു മത വിഭാഗത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന ഒരു കൂട്ടം നേതാക്കളെ ന്യായീകരിക്കുകയും, ആരെങ്കിലും അത്തരമൊരു  പരാമർശത്തിന്റെ പേരിൽ  അവരെ കുറ്റപ്പെടുത്തുകയാണെങ്കിൽ 295എ പ്രകാരം അയാൾക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു. ഐപിസിയുടെ ഇതേ വകുപ്പിനു കീഴിൽ കുറ്റാരോപിതരാകുമ്പോൾ പോലും (അത്തരത്തിലുള്ള ഒരുകാര്യം സംഭവിക്കുകയാണെങ്കിൽ) അവരുടെ പ്രസംഗങ്ങളുടെ യഥാർത്ഥ പ്രതിഫലനങ്ങൾ വ്യത്യാസപ്പെടും.

മറ്റൊരു ഉദാഹരണം എടുക്കാം, പോലീസിനെ കളത്തിൽ നിന്ന് പുറത്താക്കിയാൽ, താൻ ഹിന്ദുക്കളെ അതിക്രമിച്ച് ഇല്ലാതാക്കുമെന്ന് അക്ബർ ഓവൈസി നടത്തിയ അരോചകവും അക്രമാസക്തമായ ഭീഷണി നിലനിൽക്കുന്നുണ്ട്.  ഇത് വംശഹത്യാ പ്രസംഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.  അദ്ദേഹത്തിന്റെ ഭീഷണി ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ മൂലധനവുമായി പൊരുത്തപ്പെടുന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. വിദ്വേഷ പ്രസംഗം രാഷ്ട്രീയ നയത്തോടും സ്ഥാപനപരമായ നിശബ്ദതയോടും യോജിക്കുന്നതായി തോന്നുമ്പോൾ അതൊരു പ്രത്യേകതരം ഭീഷണിയായി മാറുന്നു.

അമിഷ് ദേവ്ഗൺ വേഴ്സസ് യൂണിയൻ ഓഫ് ഇൻഡ്യ (2020) കേസിൽ സുപ്രീംകോടതി ‘വേരിയബിൾ കോൺടെക്സ്റ്റ് ‘ എന്ന തത്വം അംഗീകരിക്കുകയും അത് സാന്ദർഭികമായി മനസ്സിലാക്കാനുള്ള അവസരവും നൽകുകയും ചെയ്യുന്നു: “എല്ലാ പ്രസംഗങ്ങളും ഒരു പോലെയല്ല, അത് ഗ്രൂപ്പ് അഫിലിയേഷനുകൾ മാത്രമല്ല, ദുർബലരും വിവേചനപരമായ ഒരു ഗ്രൂപ്പിനെതിരായി ആധിപത്യ ഗ്രൂപ്പുകൾ നടത്തുന്ന വിദ്വേഷ പ്രകടനങ്ങൾ പ്രസംഗത്തിന്റെ പശ്ചാത്തലങ്ങളെയും വ്യക്തികളെയും ആശ്രയിച്ചിരിക്കുന്നു”. അതായത് പ്രസംഗം മൂലം ഉണ്ടാകുന്ന ദോഷം അത് ലക്ഷ്യമിടുന്ന വ്യക്തിയിലോ സമൂഹത്തിലോ ചെലുത്തുന്ന ഭൗതിക സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചിരിക്കുന്നുവെന്ന്.

വിദ്വേഷ പ്രസംഗങ്ങൾ വ്യവസ്ഥാപിതവും സഞ്ചിതവുമാണ്.

അംബാസഡർമാരുടെ കത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ പല സന്ദർഭങ്ങളെയും സാധാരണവത്കരിക്കുന്നതായി കാണുന്നു. ഭരണകക്ഷിയിലെ നേതാക്കളുടെ സാന്നിധ്യത്തിൽ വംശഹത്യക്കുള്ള ആഹ്വാനങ്ങൾ വൻതോതിൽ ഉയർന്നു കേൾക്കുമ്പോഴും അതിനെയൊക്കെയും ഒരു ഉപമുഖ്യമന്ത്രി നിയമപരമായ അഭിപ്രായമായി അവതരിപ്പിക്കുമ്പോഴും, പ്രത്യക്ഷത്തിൽ പിന്നീട് അക്രമങ്ങൾക്കുള്ള ആഹ്വാനമായി ഇത് മാറുകയാണ്. എന്നാൽ അവയൊക്കെയും പൊതുവായ സാമുദായിക മൈത്രിയുടെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളായി കാണുന്നു.

മറ്റൊരർഥത്തിൽ, യഥാർത്ഥത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ ദുരിതം അനുഭവിക്കുന്ന ആളുകൾ വ്യവസ്ഥാപിതമായ ഒരു പ്രയോഗമായാണ് ഇതിനെ മനസ്സിലാക്കുന്നത്. അത് പതുക്കെയെങ്കിലും സ്ഥിരതയോടെ കെട്ടിപ്പടുക്കപ്പെടുകയും ഒരു സമൂഹത്തെ പൊതുവായി മനസ്സിലാക്കാൻ തുടങ്ങുന്ന രീതിയിൽ ഒരു സഞ്ചിതമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു എന്നതാണ്.

സമകാലിക ഇൻഡ്യയിൽ, എല്ലാ മുസ്‌ലിംകൾക്കും ഒരേ തരം അക്രമങ്ങളുടെ അനുഭവമല്ല ഉള്ളത്. മുസ്‌ലിംകൾ എല്ലാ ദിവസവും വ്യക്തിപരമായി ശാരീരികമായ അതിക്രമം നേരിടുന്നു എന്നല്ല. എന്നാൽ, അവർ കൂടുതൽ അനുഭവിക്കുന്നത് കണ്ണിറുക്കലുകളും പരിഹാസവും മാറ്റിനിർത്തപ്പെടലുകളുമാണ്. സമകാലിക രാഷ്ട്രീയ അതിക്രമങ്ങളും ഹിന്ദുക്കൾക്കെതിരായ കയ്യേറ്റങ്ങളും ചർച്ച ചെയ്യുമ്പോൾ വളരെ മാന്യമായ സംഭാഷണങ്ങൾ പോലും വളരെ പെട്ടെന്ന് മുഗൾ ആക്രമണങ്ങളിലേക്ക് മനപൂർവ്വം കൊണ്ടെത്തിക്കുന്നതിന് പിന്നിലെ അജണ്ടകൾ തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നികൃഷ്ടമായ സാമൂഹിക-സാമ്പത്തിക സൂചകങ്ങൾക്കിടയിലും, സമുദായത്തിന്റെ യാഥാസ്ഥിതികതയിലും അപരവൽക്കരണത്തിലും കോൺഗ്രസിന്റെ പ്രീതിപ്പെടുത്തൽ നയങ്ങളിൽ അതിയായ രോഷമമുണ്ടെന്നതു മറക്കരുത്.

പ്രവാസി ഭലായ് സംഘാടൻ വിഷയത്തിൽ സുപ്രീംകോടതി വിദ്വേഷ പ്രസംഗങ്ങൾ വ്യവസ്ഥാപിതവും സഞ്ചിത ഫലമുള്ളവയായും നിരീക്ഷിച്ചിട്ടുണ്ട്. അപരവൽക്കരിക്കുന്ന വ്യവഹാരം കൂടുതൽ കുഴഞ്ഞുമറിഞ്ഞതും ഹിംസാത്മകവുമായ അഭിപ്രായ പ്രകടനങ്ങളും ഉദ്യോഗസ്ഥ സമ്മർദങ്ങളും ഉണ്ടാകുമ്പോൾ എല്ലാ സംസാരവും ഇൻഡ്യൻ ക്രിമിനൽ നിയമങ്ങൾ പ്രകാരം കുറ്റകരമല്ലെന്ന് വാദിക്കാം. ഇവയൊക്കെയും മുഖവിലക്കെടുക്കാതിരിക്കാം, എന്നിരുന്നാലും, അവർ ഒരു സങ്കുചിത ജനാധിപത്യത്തെ രൂപപ്പെടുത്തുകയും തുല്യ പൗരത്വത്തിനുള്ള ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുകയും ചെയ്യുന്നു.

പട്ടികജാതി/പട്ടികവർഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയൽ ലക്ഷ്യംവെച്ചു കൊണ്ടുള്ള നിയമത്തിൽ ഈ ആശയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പട്ടികജാതി അല്ലെങ്കിൽ ഗോത്രവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഒരു അംഗത്തിന് നേരെയുള്ള സംസാരം (അധിക്ഷേപം, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ) ഒരു അതിക്രമമായി കണക്കാക്കുന്നു. കാരണം അത് പാർശ്വവൽക്കരണത്തിന്റെ ചരിത്രത്തിലേക്ക് അവരെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നു. ഇങ്ങനെ അപമാനിക്കാൻ ശ്രമിക്കുന്നത് ഒരു ക്രൂരതയല്ല, മറിച്ച് തങ്ങൾ അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടവരാണെന്നുള്ള ചരിത്രപരമായ ബോധം സാധാരണവത്ക്കരിക്കപ്പെടാൻ കാരണമാകുന്നു.

വിദ്വേഷ പ്രസംഗങ്ങൾ പ്രത്യക്ഷമായ അക്രമങ്ങൾക്കു പുറമേ ഘടനാപരമായ അക്രമത്തിന് കാരണമാകുന്നു

വിദ്വേഷ പ്രസംഗങ്ങളുടെ അനന്തരഫലമായ അക്രമങ്ങൾ നേരിട്ടുള്ളതും (ആൾക്കൂട്ടക്കൊലകളുടെ രൂപത്തിലോ ശരീരത്തിന് നേരെയുള്ള അക്രമങ്ങളായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ രൂപത്തിലോ) ഘടനാപരവും ആയിരിക്കും. മുസ്‌ലിം കച്ചവടക്കാർ പാർപ്പിട കോളനികളിലേക്ക് കടക്കുന്നത് നിഷേധിക്കൽ, മുസ്‌ലിം കുടിയാന്മാരെ വാടക താമസ സ്ഥലങ്ങളിൽ നിന്ന് പുറത്താക്കുക, മതങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തുക, ഇവയൊക്കെയാണ് ഘടനാപരമായ അതിക്രമങ്ങൾ. മുസ്‌ലിം സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഒരു പ്രസംഗം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന് നേരെ ഇത്രമേൽ വ്യാപകമായ രീതിയിൽ അതിക്രമങ്ങൾ ഉണ്ടാകുന്നത് പുതിയ അനുഭവമാണ്. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷവും ദലിതർക്ക് നേരെ ഇത്തരം ഘടനാപരമായ അതിക്രമങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്.

ഒരു ജനതയുടെ നിരന്തരമായ കുറ്റവാളിവത്കരണത്തിന്റെ തുടർച്ചയായ ആഘാതങ്ങൾ അവർ നടത്തുന്ന എല്ലാ പ്രതിരോധ സമരത്തെയും കൂടുതൽ സംശയാസ്പദമാക്കുന്നു എന്ന കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്.

സങ്കുചിത ജനാധിപത്യത്തിൽ കീഴ്തട്ടിൽ  നിൽക്കുന്ന ഒരു ജനതയുടെ ഏത് പ്രതിഷേധ പ്രവർത്തനവും പൊതു ഇടങ്ങളിൽ കൂടുതൽ സവിശേഷമായി കാണുന്ന പല പദ്ധതികളുടെയും തടസ്സമായി ഇതു നിരീക്ഷിക്കപ്പെടുന്നു. ഇൻഡ്യൻ ശിക്ഷാ നിയമത്തിൽ 153ബി ഒരു അപവാദം ആണെങ്കിലും വിദ്വേഷ പ്രസംഗം മൂലമുണ്ടാകുന്ന അനന്തരഫലങ്ങൾ ഘടനാപരമായ അക്രമത്തിന്റെ വശങ്ങളിൽ ഉൾപ്പെടുന്നു. പരമ്പരാഗത ഇൻഡ്യൻ ക്രിമിനൽ നിയമത്തിന്റെ വീക്ഷണ കോണിൽ നിന്ന് മനസ്സിലാക്കുമ്പോൾ വിദ്വേഷ പ്രസംഗം (സെക്ഷൻ 153എ, സെക്ഷൻ 295, സെക്ഷൻ, 298, സെക്ഷൻ 505) തുല്യ പൗരന്മാർ/ഗ്രൂപ്പുകൾ തമ്മിലുള്ള പ്രകോപനമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

മറുവശത്ത്, വിദ്വേഷ പ്രസംഗം എന്ന വിഷയത്തിൽ ഉയർന്നു വരുന്ന നിയമശാസ്ത്രപരമായ ചർച്ചകൾ അതിനെ കൂടുതൽ വിശാലമായി വീക്ഷിക്കുന്നു. പൊതു ക്രമക്കേടിന്റെയോ അല്ലെങ്കിൽ രണ്ട് തുല്യ ശക്തികൾ തമ്മിലുള്ള പൊരുത്തക്കേടിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ല, പകരം ശക്തികുറഞ്ഞ ഗ്രൂപ്പിനെ ഒരു നിശ്ചിത സന്ദർഭത്തിൽ അവകാശപ്പെട്ട സാമൂഹിക രാഷ്ട്രീയ പ്രകാരങ്ങളിൽ നിന്ന് പുറന്തള്ളുക എന്ന അർത്ഥത്തിൽ കൂടി വീക്ഷിക്കുന്നു എന്നു കൂടി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

ഷർജീൽ ഇമാം

അംബാസഡർമാരുടെ കത്ത് മാറ്റിനിർത്തപ്പെടലിന്റെ പ്രശ്നത്തെ പരോക്ഷമായി പരാമർശിക്കുന്നുണ്ടെങ്കിലും, വിദ്വേഷ പ്രസംഗങ്ങളെ പ്രശ്നവത്ക്കരിക്കുന്നവർ, ഭരണകൂടം ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലൂടെ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ മറക്കുന്നുവെന്ന മറുവാദം ഇത് ഉന്നയിക്കുന്നു. ക്ഷേമ പദ്ധതികളിലൂടെ ഉൾപ്പെടുത്താനുള്ള ശ്രമമുണ്ടെങ്കിൽ, ഈ സ്കീമുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ നിരന്തരമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഈ സ്കീമുകളിൽ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഞാൻ കരുതുന്നു. ന്യൂനപക്ഷ പദ്ധതികൾ, അല്ലെങ്കിൽ പാർശ്വവൽക്കരണത്തിന്റെ വ്യവഹാരം ഏതാണ്ട് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ നമുക്ക് ഒരു ഓഡിറ്റ് സംവിധാനം അത്യാവശ്യമാണ്.

വിദ്വേഷ പ്രസംഗങ്ങളും പോലീസ് പക്ഷപാതവും.

ചുരുക്കത്തിൽ, വിവേചന രാഷ്ട്രീയത്തിന്റെ ഭാഗമെന്ന നിലയിൽ നാം വിദ്വേഷ പ്രസംഗങ്ങളെ സമീപിക്കാൻ തുടങ്ങുകയും ഭരണഘടനയുടെ ലംഘനമായി അതിനോട് പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. യഥാർത്ഥത്തിൽ, വിദ്വേഷ പ്രസംഗങ്ങൾ പാർശ്വവത്കരണത്തിനുള്ള ഒരു ഉപകരണമാണെന്നിരിക്കെ ഉത്തരവാദിത്വമുള്ള ആളുകളിൽ നിന്നുള്ള തന്ത്രപരമായ നിശബ്ദതകളിലും ഒളിഞ്ഞിരിക്കുന്ന അനേകം അജണ്ടകൾ ഉണ്ടാകും. അത് അവരുടെ ഭരണഘടനാപരമായ സംരക്ഷണച്ചുമതലയിൽ നിന്നുള്ള ഒഴിഞ്ഞുമാറലുമാണ് .

വിദ്വേഷ പ്രസംഗങ്ങളോട് പ്രതികരിക്കുമ്പോൾ വ്യത്യസ്തമായ സന്ദർഭങ്ങൾക്ക്, അതായത് ആരാണ് സ്പീക്കർ, അതിന്റെ ആഘാതം എത്ര? എന്നൊക്കെ വിശാലമായി അന്വേഷിക്കുന്നതിന് പകരം പോലീസ് പരമ്പരാഗതവും പരിമിതവുമായ ഐപിസി സെക്ഷനുകളിലേക്ക് ചുരുങ്ങുന്നു. അത്യന്തം അക്രമോത്സുകമായ സർക്കാർ വിരുദ്ധ പ്രസംഗം/പ്രതിഷേധം പോലും ഗവൺമെൻറിന്  നിയമവിരുദ്ധമായ ഒരു ജനാധിപത്യ പ്രതിസന്ധിയും ഉണ്ടാക്കില്ല (അതൊരു സായുധ വിപ്ലവമോ പട്ടാള അട്ടിമറിയോ അല്ലാത്തപക്ഷം) മാത്രവുമല്ല, അത് പങ്കാളിത്ത ജനാധിപത്യത്തെ വിപുലീകരിക്കുകയും ഗവൺമെന്റിന്റെ ഉത്തരവാദിത്വം വർധിപ്പിക്കുകയും ചെയ്യുന്നു.

അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ഐപിസിയുടെ പൊതുക്രമക്കേടുമായി ബന്ധപ്പെട്ട ചില വിഭാഗങ്ങൾ ഉണ്ടായേക്കാം. എന്നാൽ അവ ഇപ്പോഴും പാർശ്വവൽക്കരണം സംവിധാനമായ വിദ്വേഷ പ്രസംഗങ്ങളെ ഉൾക്കൊള്ളുന്നില്ല. വിദ്വേഷജനകമായ വ്യവഹാരങ്ങളുടെ അനന്തരഫലമായി ഉന്നം വെക്കപ്പെടുന്ന സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പാർശ്വവൽക്കരണം രേഖപ്പെടുത്തുന്ന പഠനങ്ങളേറെയുണ്ട്. എന്നാൽ അത്തരം ഡാറ്റകൾ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടു വരുന്നതുവരെ വ്രണപ്പെടുത്തിയ, അസൗകര്യം നേരിട്ട, അപ്രകാരം പ്രേരിപ്പിച്ച  വ്യക്തികളുടെ അടിസ്ഥാനത്തിൽ അക്രമങ്ങളെ വിലയിരുത്താൻ നിയമപാലകർ താൽപര്യപ്പെടുന്നു എന്നതാണ് പ്രശ്നം.

ഭൂരിപക്ഷവിരുദ്ധ പ്രസംഗങ്ങൾ കൂടുതൽ ആളുകളെ പ്രകോപിപ്പിക്കുന്നതാണെന്നും, അതിനാൽ വലിയ അക്രമത്തിന് വഴിവെക്കുമെന്നും, അതിനാൽ കൂടുതൽ വിയോജിപ്പുള്ളവരും കൂടുതൽ മുസ്‌ലിംകളും (ദലിതരും ആദിവാസികളും) പ്രകോപനത്തിന്റെ പേരിൽ ജയിൽ കഴിയുന്നുവെന്നും പോലീസ് ‘ആത്മാർത്ഥതയോടെ’ വാദിച്ചേക്കാം .

നിയമപാലകരും കീഴ്കോടതികളും പ്രാസംഗികന്മാരുടെ “നല്ല വിശ്വാസത്തിന്റെ” ആത്മനിഷ്ഠമായ വിലയിരുത്തലുകളെ ആശ്രയിക്കുന്നത് തുടരുന്നു. പ്രാസംഗികരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒതുങ്ങി സമാനമായ പ്രസംഗങ്ങളോട്/പദപ്രയോഗങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്നതായി തോന്നുന്നു. “ചക്കാ ജാം” എന്ന വാക്ക് ഉപയോഗിച്ചതിന് ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹത്തിനും യു.എ.പി.എ പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമുള്ള കുറ്റം ചുമത്തി. നഗരത്തിലുടനീളം ബിജെപി ‘ചക്കാ ജാം’ പ്രഖ്യാപിച്ച് ബോർഡിങ്ങുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെതിനേക്കാൾ ഇമാമിന്റെ ആ പ്രയോഗം ഉണ്ടാക്കുന്ന ‘അപകട സാധ്യതകളെ’ കുറിച്ചാണ് പോലീസിന് കൂടുതൽ ആകുലത എന്ന് തോന്നുന്നു!

വിരോധാഭാസമെന്നു പറയട്ടെ, സത്യസന്ധമായി ഇരിക്കുമ്പോൾ പോലും, അപകട സാധ്യതയെക്കുറിച്ചുള്ള അത്തരമൊരു വിലയിരുത്തൽ ഇതിനകം തന്നെ ഒരു ജനാധിപത്യ പ്രതിസന്ധിയെ സൂചിപ്പിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളിൽ നിന്നുള്ള പ്രഭാഷകർക്കും വിയോജിപ്പുള്ളവർക്കും അവരുടെ പ്രസംഗങ്ങളിലെ ക്രമക്കേടിന്റെ സാധ്യതകളെ വിലയിരുത്തുമ്പോൾ സംശയത്തിന്റെ അതേ ആനുകൂല്യം ലഭിക്കുമെന്ന് തോന്നുന്നില്ല. സംശയത്തിന്റെ അത്തരം പ്രയോജനങ്ങൾ സ്പീക്കറുടെ സ്ഥാപനപരമായ വിലയിരുത്തലുകളെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, യുകെയിലേയും യുഎസിലേയും പൊലീസ് സേനയിലെ ‘ഘടനാപരമായ പക്ഷപാതിത്വത്തെ’ കുറിച്ചുള്ള പഠനങ്ങളിൽ ഇത് സ്ഥാപിക്കപ്പെടുന്നു. പോലീസ് സേന വംശീയത കൂടി ഉൾച്ചേർത്തത് ചില സമുദായങ്ങൾക്കെതിരെ കൊണ്ടുപിടിച്ചുള്ള പക്ഷപാതിത്വങ്ങൾ പ്രയോഗിക്കുന്നു. സേനയിലെ വൈവിധ്യത്തിന്റെ അഭാവവും, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള അപരിചിത്വവും, എന്താണ് അവരുടെ അജണ്ട എന്ന് അറിയാത്തത്തിന്റെ ഭയവുമായും ഇത് ബന്ധപ്പെട്ടിരിക്കാം. മറുവശത്ത്, മുഖ്യധാരയുമായി അല്ലെങ്കിൽ ഭൂരിപക്ഷ വാദവുമായി താദാത്മ്യം പ്രാപിക്കുന്നത്, അവരുടെ വഴികളിൽ ഒരു നിശ്ചിതമായ ആയാസവും, എളുപ്പം വിവേചനാധികാരങ്ങളൾ ഏറ്റെടുക്കുന്നതിനും അനുവദിക്കുന്നു.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

കടപ്പാട്: ദ് വയർ

  • https://thewire.in/law/hate-speech-what-it-is-and-why-it-matters
Top