ഒരു വിയോഗത്തിന്റെ ഒമ്പതുവര്‍ഷം
1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയെ ന്യായീകരിച്ചുകൊണ്ട് അന്നത്തെ സംഘപരിവാര നേതാവ് നാനാജി ദേശ്മുഖ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രതിപക്ഷ് എന്ന പത്രത്തിലെഴുതിയ കത്ത് ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഓര്‍മിപ്പിച്ചു: “എല്ലാ ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റുകളുടെ ശത്രുക്കളാണ്”.’ദലിത്-മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയസഖ്യങ്ങള്‍ എല്ലാ കാലത്തും പരാജയപ്പെടുത്തുന്ന ബ്രാഹ്മണിസമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമമായ ശത്രുവെന്ന് പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ചരിത്രത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
“റോഹ്തക് ജയിലില്‍ വച്ചാണ് ഭീംസിങ് എന്നൊരാളെ തൂക്കിക്കൊല്ലുന്നത് നേരിട്ടുകണ്ടത്. തലേന്ന് ആരാച്ചാര്‍ വന്ന് തൂക്കുകയര്‍ തയ്യാറാക്കുന്നതു മുതലുള്ള ചിട്ടവട്ടങ്ങള്‍ സവിസ്തരം കണ്ടറിയുവാനും സാധിച്ചു. ഭീംസിങിനെ തൂക്കിക്കൊന്ന ദിവസം റോഹ്തക് ജയിലിലാകെ കനത്ത മ്ലാനതയായിരുന്നു. എന്നിട്ടും ഉന്നത രാഷ്ട്രീയക്കാരിലാരും തന്നെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ഉറച്ച അഭിപ്രായക്കാരായിരുന്നില്ല. ഈ കിരാതമായ ശിക്ഷയ്‌ക്കെതിരേ കാര്യമായി പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ അനുഭവങ്ങളായിരുന്നു. എന്‍ എം സിങ്‌വി അധ്യക്ഷനായി ഞാന്‍ കൂടി ഉള്‍പ്പെട്ട നാഷണല്‍ കമ്മിറ്റി ഫോര്‍ ദ അബോളിഷന്‍ ഓഫ് ഡെത്ത് പെനല്‍റ്റി സുപ്രിംകോടതിയില്‍ നല്‍കിയ കേസിലാണ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന സുപ്രധാന വിധിന്യായം വന്നത്” (തിഹാര്‍, അംബാല, റോഹ്തക്- മുകുന്ദന്‍ സി മേനോന്‍; പച്ചക്കുതിര ലക്കം 11, ജൂണ്‍ 25, 2005, പേജ് 35).
മുകുന്ദന്‍ സി മേനോന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒമ്പതു കൊല്ലം പിന്നിട്ടു. 2002 ലെ ഗുജറാത്ത് വംശഹത്യക്കുശേഷമാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത്. അതിനു മുമ്പ് ദൃശ്യപത്ര മാധ്യമങ്ങളില്‍ കൂടി മാത്രമാണ് അദ്ദേഹത്തെ അറിയുന്നത്. കേവലം മൂന്നുവര്‍ഷത്തെ പരിചയത്തിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, പിണക്കത്തിനു ദിവസത്തിന്റെ ആയുസ്സുപോലും ഇല്ലായിരുന്നു. ഇന്ത്യന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫിസില്‍ വച്ച് ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഒരു സെമിനാറിലാണ് ആദ്യമായി കാണുന്നത്. തിരുവനന്തപുരം എം.ജി. കോളജില്‍ എസ്.എഫ്.ഐയെ തകര്‍ത്ത് എ.ബി.വി.പിയെ നിര്‍മ്മിച്ചെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഒരു ഗാന്ധിയന്‍ ആര്‍.എസ്.എസ്. പ്രഫസറുടെ മുഖംമൂടി ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചുകീറിയത് ഇപ്പോഴും ഓര്‍ക്കുന്നു. പാര്‍ലമെന്റ് ആക്രമണം കെട്ടിച്ചമച്ചതാണെന്നും റൈസ്റ്റാഗ് സംഭവത്തിന്റെ ഇന്ത്യന്‍ പതിപ്പാണെന്നുമായിരുന്നു മേനോന്‍ അന്നവിടെ പ്രസംഗിച്ചത്. പൊട്ടിത്തെറിച്ച ഗാന്ധിയന്‍ കാവി ഒടുവില്‍ സമ്മേളനത്തിലെ സഭ്യേതരമല്ലാത്ത പെരുമാറ്റത്തിന്റെ പേരില്‍ മാപ്പുപറയേണ്ടിവന്നു. മുകുന്ദന്‍ സി മേനോന്റെ പല നിലപാടുകളോടും വിയോജിക്കുന്നവര്‍ പോലും ഇന്നും ഓരോ പ്രശ്‌നം ഉണ്ടാവുമ്പോള്‍ വെറുതെ പറയാറുണ്ട്, അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ ഇതിനെ സമീപിക്കുന്ന വിധം മറ്റൊന്നായിരിക്കുമെന്നും അതാണു വേണ്ടതെന്നും. പക്ഷേ, ജീവിച്ചിരുന്ന കാലത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ ഒരു പേമാരി തന്നെ മേനോനു മേല്‍ പെയ്തിറങ്ങി. അന്താരാഷ്ട്ര ചാരന്‍ മുതല്‍ പല പട്ടങ്ങളും അദ്ദേഹത്തിനു ചാര്‍ത്തിനല്‍കിയവരില്‍ വേട്ടക്കാര്‍ മാത്രമല്ല, ഇരകളുടെ പക്ഷത്തുള്ളവരുമുണ്ടായിരുന്നു എന്നതാണ് ഏറ്റവും ഖേദകരം. ചാനല്‍ 4ന്റെയും അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാംപയിന്‍ ഫോര്‍ സ്റ്റോപ്പ് ഫണ്ടിങ് ഹെയ്റ്റി(സി.എസ്.എഫ്.എച്ച്)ന്റെയും റിപോര്‍ട്ട് അടിസ്ഥാനമാക്കി മേനോന്‍ എഴുതിയ യാങ്കി ഹിന്ദുത്വം പണം വരുന്ന വഴി എന്ന പുസ്തകത്തില്‍, സംഘപരിവാരം ഇന്ത്യയിലെ കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും പണം ചെലവാക്കുന്നതിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവിടുന്നു. 2003ല്‍ പുറത്തിറങ്ങിയ ആ പുസ്തകത്തിന് പത്തുവയസ്സ് കഴിഞ്ഞപ്പോഴേക്കും ഭഗവദ്ഗീത ദേശീയഗ്രന്ഥമാക്കുന്ന തരത്തില്‍ രാജ്യം ഫാഷിസ്റ്റുവല്‍ക്കരിക്കപ്പെട്ടുവെന്ന് ഓര്‍ക്കുക. 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയെ ന്യായീകരിച്ചുകൊണ്ട് അന്നത്തെ സംഘപരിവാര നേതാവ് നാനാജി ദേശ്മുഖ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രതിപക്ഷ് എന്ന പത്രത്തിലെഴുതിയ കത്ത് ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഓര്‍മിപ്പിച്ചു: “എല്ലാ ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റുകളുടെ ശത്രുക്കളാണ്”.’ദലിത്-മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയസഖ്യങ്ങള്‍ എല്ലാ കാലത്തും പരാജയപ്പെടുത്തുന്ന ബ്രാഹ്മണിസമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമമായ ശത്രുവെന്ന് പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ചരിത്രത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
കാമരാജ് എന്ന ദക്ഷിണേന്ത്യക്കാരനായ പിന്നാക്കക്കാരന്‍ പ്രധാനമന്ത്രിയാവാതെപോയതും ഉത്തരേന്ത്യയില്‍ അനുയോജ്യനായ ബ്രാഹ്മണനെ കണ്ടെത്താത്തതിനാല്‍ മകളുടെ വീട്ടില്‍ എഴുത്തും വിശ്രമവുമായി ഒതുങ്ങിക്കൂടിക്കഴിയാന്‍ വന്ന ദക്ഷിണേന്ത്യന്‍ ബ്രാഹ്മണനായ നരസിംഹറാവുവിനെ ഒടുവില്‍ പ്രധാനമന്ത്രിയാക്കിയതും ഉദാഹരണം. ഇന്നു കേരളത്തില്‍ കൊണ്ടാടപ്പെടുന്ന പലരെയും മേനോന്‍ പച്ചയ്ക്കു വലിച്ചുകീറിയിട്ടുണ്ട്. 1988ല്‍ അദ്ദേഹം മര്‍ദ്ദകവീരനായ ഋഷിരാജ്‌സിങ് (വി എസിന്റെ പില്‍ക്കാലത്തെ മൂന്നു പൂച്ചകളിലൊരാള്‍) എന്ന പോലിസ് ഉദ്യോഗസ്ഥനെ “പോലിസും മനുഷ്യാവകാശവും”’എന്ന ലേഖനത്തിലൂടെ തുറന്നുകാണിക്കുന്നു. ഇന്ന് വീണ്ടും ഉയര്‍ന്നുപൊങ്ങിയ
കേരളത്തില്‍ പോലിസും കോടതിയും ഇടപെട്ട് അടച്ചുപൂട്ടിയ മര്‍ക്കസുല്‍ ബിഷാര എന്ന മഞ്ചേരിയിലെ സ്ഥാപനത്തിന്റെ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടുവന്നപ്പോള്‍ മലപ്പുറത്തെ യുക്തിവാദികള്‍ക്ക് മൊസാദിന്റെ സഹായം ലഭിക്കുന്നുവെന്നു മേനോന്‍ പറഞ്ഞത് കേരളം പുച്ഛിച്ചുതള്ളി. 2014ല്‍ ഗസയില്‍ പിഞ്ചുകുഞ്ഞുങ്ങളെ സയണിസ്റ്റ് ഭീകരര്‍ കശാപ്പു ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് യുക്തിവാദികള്‍ ഇസ്രായേലിനു വേണ്ടി സെമിനാര്‍ നടത്തിയപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് മേനോന്‍ പറഞ്ഞ വാക്കുകള്‍ പലരും ഓര്‍ത്തു. മേനോന്‍ ജീവിച്ചിരുന്ന കാലത്ത് ഇന്നത്തെപ്പോലെ “ചാനല്‍പ്പെരുക്കം” ഇല്ലായിരുന്നു. ചില ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുമ്പോള്‍ തലങ്ങും വിലങ്ങും ആക്രമണമേല്‍ക്കുമ്പോഴും തളരാത്ത ഏകാംഗപോരാളിയെപ്പോലെ വാദമുഖങ്ങള്‍ നിരത്തി അദ്ദേഹം മുന്നേറി. ആദിവാസി ദലിത് ഭൂമി വിഷയം സവര്‍ണകേരളത്തില്‍ ഒരു പ്രശ്‌നമായി അലയടിക്കുന്നതിനു മുമ്പുതന്നെ വയനാട്ടില്‍ ഒരു പ്രമുഖ പത്രമുടമസ്ഥന്റെ അനധികൃത ഭൂമിയെക്കുറിച്ച് അദ്ദേഹമെഴുതി. അതോടുകൂടി പ്രസ്തുത ഗ്രൂപ്പിന്റെ വാരികയില്‍ മേനോന്റെ ലേഖനങ്ങളും അവസാനിച്ചു. മറ്റൊരു പ്രമുഖ വാരികയുടെ പത്രാധിപര്‍സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വച്ച നിബന്ധന, മുസ്‌ലിംകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം നിര്‍ത്തണമെന്ന്. പക്ഷേ, ഒട്ടും ആലോചിക്കാതെ തന്നെ അദ്ദേഹം അതു തിരസ്‌കരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദികളായ സംഘപരിവാര ഫാഷിസ്റ്റുകളുടെ രീതികളെക്കുറിച്ച് ശരിക്കും പഠിച്ചത് അടിയന്തരാവസ്ഥയില്‍ അവരോടൊപ്പം തടവറയില്‍ ആയിരുന്നപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ്. ഭീകരരോട് ഏറ്റുമുട്ടുന്നതിന് ഇരകളുടെ വിശാലമായ ഐക്യത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
വ്യക്തിജീവിതത്തില്‍ പണസമ്പാദനത്തിനുള്ള ധാരാളം വഴികള്‍ അദ്ദേഹത്തിനു മുന്നില്‍ തുറന്നുകിടന്നപ്പോഴും ആ വാതിലുകള്‍ക്കു നേരെ ധീരതയോടെ മുഖംതിരിച്ചുനടന്ന മനുഷ്യനായിരുന്നു മേനോന്‍. ഭരണകൂട ഭീകരതയുടെ ഇരകള്‍ക്കുവേണ്ടി ജീവിക്കുകയും അവസാനം വരെ പോരാടുകയും ചെയ്തു. മുസ്‌ലിമിനും ദലിതര്‍ക്കും വേണ്ടി സംസാരിച്ചുവെന്ന ഒരൊറ്റ അപരാധം കാരണം “ബ്രാഹ്മണകേരളം” (ബ്രാഹ്മണിസം ഒരു കാസ്റ്റല്ല, കള്‍ട്ടാണ്) അദ്ദേഹത്തെ തിരസ്‌കരിച്ചു. എന്നാല്‍, മുകുന്ദന്‍ സി മേനോന്‍ എന്ന വ്യക്തിക്ക് അതൊരു കുറവായി ഭവിക്കുന്നില്ല. ‘മേനോന്‍’ എന്ന സവര്‍ണവാല്‍ വച്ചുകൊണ്ടുതന്നെ അതേ സവര്‍ണസമൂഹത്തിന്റെ പ്രഖ്യാപിതശത്രുക്കളായ പാര്‍ശ്വവല്‍കൃത ജനതയോടൊപ്പം നിന്ന മനുഷ്യനെ ഭരണകൂട ഭീകരതയുടെ ഇരകളും പോരാളികളുമല്ലാതെ പിന്നെ മറ്റാരാണ് നെഞ്ചിലേറ്റി ഓര്‍മിക്കേണ്ടത്? 90കളുടെ മധ്യത്തിലാണ് ഇന്ന് ഏഴു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.എച്ച്.ആര്‍.ഒയുടെ ആദ്യരൂപമായ സി.എച്ച്.ആര്‍.ഒ. മേനോന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെടുന്നത്. അകത്തുനിന്നും പുറത്തുനിന്നും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടന്നു. ഇന്നും അതിന് ഒട്ടും കുറവില്ല. അദ്ദേഹത്തെ പരിചയപ്പെടുമ്പോള്‍ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അദ്ദേഹം രൂപംകൊടുത്ത പ്രസ്ഥാനത്തിന്റെ ഒരു ഭാഗമായിത്തീരുമെന്ന്. ചെറിയ കാലയളവിലാണെങ്കിലും മേനോനോടൊപ്പം ചെലവഴിച്ച പ്രവര്‍ത്തനങ്ങളും ഓര്‍മകളും അമൂല്യമാണ്. അദ്ദേഹത്തിനു തുല്യംവയ്ക്കാന്‍ ആരുമില്ലാത്തതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങളില്‍ എന്‍.സി.എച്ച്.ആര്‍.ഒ. ഇനിയും ഒരുപാട് മുന്നോട്ടുപോവാനുണ്ട്. സത്യസന്ധതയുള്ള പത്രപ്രവര്‍ത്തകന്‍, ആത്മാര്‍ഥതയും സുവ്യക്തമായ രാഷ്ട്രീയ നിലപാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മുകുന്ദന്‍ സി മേനോനെക്കുറിച്ച് ഇനിയും കേരളത്തിനു പഠിക്കാന്‍ ഏറെയുണ്ട്.