റഹീം സ്‌റ്റെര്‍ലിങ്; ബ്രിട്ടീഷ് മാധ്യമ വരേണ്യ വംശീയതയുടെ ഇര

മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് റഹീം സ്റ്റെര്‍ലിങിനു കളിക്കളത്തില്‍ നേരിടേണ്ടി വന്ന വംശീയാധിക്ഷേപം ബ്രിട്ടീഷ് സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന വംശീയതയുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടനിലെ വെളുത്ത വരേണ്യ വര്‍ഗവും മാധ്യമങ്ങളും എങ്ങനെയാണു ബ്രിട്ടീഷ് ഫുട്ബാളില്‍ വംശീയത ആളി കത്തിക്കുന്നതെന്ന് അന്വേഷിക്കുന്ന ലേഖനം.

കഴിഞ്ഞ ശനിയാഴ്ച്ച ചെല്‍സിക്കെതിരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് റഹീം സ്‌റ്റെര്‍ലിങിനു നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് ബ്രിട്ടനിലെ രണ്ടു വലിയ പത്രമാധ്യമങ്ങളായ ദി സണ്ണും (The Sun) ഡെയ്‌ലി മെയിലും (Daily Mail) റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. തനിക്കു നേരെ ആക്രോശിക്കുന്ന ഒരുകൂട്ടം വെളുത്ത വര്‍ഗക്കാരായ മധ്യവയസ്‌കരുടെ ഇടയില്‍ ഭയചകിതനായി നില്‍ക്കുന്ന സ്‌റ്റെര്‍ലിങിന്റെ ചിത്രമാണു രണ്ടു പത്രങ്ങളും വാര്‍ത്തക്കൊപ്പം ചേര്‍ത്തിരുന്നത്.

കോളിന്‍ വിങ് എന്ന 60 വയസ്സുകാരന്‍, സ്‌റ്റെര്‍ലിങിനെ ‘fucking black c**t’ എന്നു വിളിച്ചതാണു സംഭവം. സ്റ്റെര്‍ലിങ് ഒഴികെ ബാക്കിയുള്ളവരുടെ മുഖങ്ങളെല്ലാം അവ്യക്തമാക്കിയാണു രണ്ടു പത്രങ്ങളും കൊടുത്തത്. ബ്രിട്ടീഷ് സമൂഹത്തില്‍ എങ്ങനെയാണു വംശീയത (അ)പ്രതിനിധീകരിക്കപ്പെടുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഇരകള്‍ എല്ലായ്‌പ്പോഴും ജനശ്രദ്ധയിലേക്കു തള്ളിവിടപ്പെടുകയും സൂക്ഷ്മപരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കപ്പെടുകയും ചെയ്യുമ്പോള്‍, വംശവെറിയുടെ വക്താക്കള്‍ എല്ലാവിധ സൂക്ഷമപരിശോധനകളില്‍ നിന്നും കാത്തുരക്ഷിക്കപ്പെടുന്നു. കൂടാതെ, വംശീയതയുടെ വക്താക്കള്‍ എന്ന തരത്തില്‍ തൊഴിലാളി വര്‍ഗത്തെ വളരെ ലാഘവത്തോടെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

ഇവ്വിധം തന്നെയാണു ബ്രെക്‌സിറ്റും വിശദീകരിക്കപ്പെടുന്നത്: അതായത് പരദേശീവിദ്വേഷവും കുടിയേറ്റ വിരുദ്ധതയും വെച്ചുപുലര്‍ത്തുന്ന ‘വെളുത്ത തൊഴിലാളി വര്‍ഗ’മാണു ബ്രെക്‌സിറ്റിനു വേണ്ടി വോട്ടു ചെയ്തതത്രെ. പ്രശ്‌നമെന്താണെന്നാല്‍, വംശീയത (ബ്രെക്‌സിറ്റ് പോലെ) എന്നത് ഒരു വെളുത്ത തൊഴിലാളി വര്‍ഗ ‘പാപം’ അല്ല. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ എല്ലാവിധ സ്ഥാപനങ്ങളെയും ഘടനകളെയും ബാധിച്ചിരിക്കുന്ന ഒരു മുഖ്യ സാമൂഹിക വിപത്താണു വംശീയത. വിദ്യാസമ്പന്നരായ മധ്യവര്‍ഗവും വരേണ്യവര്‍ഗവുമാണ് അതിന്റെ വക്താക്കള്‍.

കഴിഞ്ഞ ശനിയാഴ്ച്ചത്തെ മത്സരത്തിനിടെ സ്റ്റെര്‍ലിങിന് നേരെ വംശീയമായി ആക്രോശിക്കുന്ന വെളുത്ത വര്‍ഗക്കാരുടെ വൈറലായ വീഡിയോ, ഇന്നു ബ്രിട്ടീഷ് സമൂഹത്തില്‍ നിലനില്‍ക്കുന്ന വംശീയതയുടെ വ്യക്തമായ ചിത്രം നമുക്കു നല്‍കുന്നുണ്ട്. സ്‌റ്റെര്‍ലിങിനു നേരെ വംശീയാസഭ്യം ചൊരിഞ്ഞ കോളിന്‍ വിംങിനെ പോലെയുള്ളവരാല്‍ നിറഞ്ഞതാണു നിലവിലുള്ളതും കഴിഞ്ഞുപോയതുമായ ബ്രിട്ടീഷ് സര്‍ക്കാറുകള്‍. വംശീയമായ നിയമനിര്‍മാണങ്ങളുടെ രൂപത്തില്‍ കാലങ്ങളായി അവര്‍ പൊതുസമൂഹത്തിനു മേല്‍ വംശീയാധിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. അഭയാര്‍ഥി വിരുദ്ധത, പോലീസും ജുഡീഷ്യറിയും വെച്ചു പുലര്‍ത്തുന്ന വംശീയത, കറുത്തവര്‍ഗക്കാരെ, പ്രത്യേകിച്ചു കറുത്ത വര്‍ഗക്കാരായ സ്ത്രീകളെ ഹാനികരമായി ബാധിക്കുന്ന സാമ്പത്തിക നയങ്ങള്‍ തുടങ്ങിയവ യു.എന്‍-ന്റെ സ്‌പെഷ്യല്‍ റപ്പോര്‍ട്ടര്‍ ടെന്‍ഡായി അച്ച്യൂമെയുടെ നിശിത വിമര്‍ശനത്തിന് പാത്രമായിരുന്നു. ബ്രെക്‌സിറ്റ് പോലെ തന്നെ, അത്തരം വംശീയ നയങ്ങള്‍ക്ക്, വംശീയത തൊഴിലാളി വര്‍ഗവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണെന്നു നടിക്കുന്ന വെളുത്ത സമ്പന്നവര്‍ഗത്തിന്റെ പൂര്‍ണപിന്തുണയുണ്ട്.

വംശീയതയുടെ പ്രചാരണത്തില്‍, ബ്രിട്ടനിലെ സമ്പന്നവര്‍ഗത്തിനു ബ്രിട്ടീഷ് മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. സ്റ്റെര്‍ലിങിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്, വംശീയതയും വിദ്വേഷവും നിറഞ്ഞ വാര്‍ത്തയാണു ഡെയ്‌ലി മെയിലും സണ്ണും നല്‍കിയത്. ഡെയ്‌ലി മെയിലിന്റെ വിവേചനപൂര്‍ണമായ റിപ്പോര്‍ട്ടിംഗിനെ സ്‌റ്റെര്‍ലിങ് വ്യക്തിപരമായി തന്നെ വിമര്‍ശിക്കുകയുമുണ്ടായി. താന്‍ നേരിട്ട അധിക്ഷേപങ്ങളെ ‘ആളി കത്തിക്കുന്ന’ റിപ്പോര്‍ട്ടാണ് അവര്‍ നല്‍കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2016-ല്‍, തന്റെ മാതാവിനു വേണ്ടി വാങ്ങിയ പുതിയ വീടിന്റെ പേരില്‍ മേല്‍പറഞ്ഞ രണ്ടു പത്രങ്ങളും സ്റ്റെര്‍ലിങിനെ ആക്രമിച്ചിരുന്നു. ‘Obscene Raheem’ (വഷളനായ റഹീം) എന്നായിരുന്നു ദി സണ്ണിന്റെ തലക്കെട്ട്. അദ്ദേഹത്തെ പരിസഹിക്കുന്ന തരത്തിലുള്ളതായിരുന്നു ഡെയ്‌ലി മെയ്‌ലിന്റെ തലക്കെട്ട്. അതേ ദിവസം തന്നെ, മയക്കു മരുന്നു ഡീലറെന്നു പറയപ്പെടുന്ന ഒരു സെമി-പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത സ്‌റ്റെര്‍ലിങിന്റെ ഫോട്ടോയാണു ദി സണ്‍ നല്‍കിയത്. വംശം, വര്‍ഗം, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട വെളുത്ത പുരുഷന്റെ വിഷലിപ്തവും വൈരുദ്ധ്യാത്മകവുമായ ആശങ്കകളുടെ ഇരയാണു സ്റ്റെര്‍ലിങ്.

സമ്പന്നനായ കറുത്തവര്‍ഗക്കാരനെ അസ്വാഭാവികതയോടെയും സംശയത്തോടെയും മാത്രം നോക്കുന്നവരുടെ കണ്ണില്‍ സ്റ്റെര്‍ലിങ് അതിസമ്പന്നനാണ്. ഒരു കറുത്തവര്‍ഗക്കാരനായ യുവാവിനു സമ്പത്തു കൈകാര്യം ചെയ്യാന്‍ മാത്രമുള്ള വിവരമുണ്ടാകില്ല എന്നാണ് അവരുടെ വെപ്പ്.

സമ്പന്നനായ കറുത്തവര്‍ഗക്കാരനെ അസ്വാഭാവികതയോടെയും സംശയത്തോടെയും മാത്രം നോക്കുന്നവരുടെ കണ്ണില്‍ സ്റ്റെര്‍ലിങ് അതിസമ്പന്നനാണ്. ഒരു കറുത്തവര്‍ഗക്കാരനായ യുവാവിനു സമ്പത്തു കൈകാര്യം ചെയ്യാന്‍ മാത്രമുള്ള വിവരമുണ്ടാകില്ല എന്നാണ് അവരുടെ വെപ്പ്.

തന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്ന റഹീം സ്‌റ്റെര്‍ലിങിന്റെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പിഴവുകള്‍ കണ്ടെത്തുന്നതിലാണു മാധ്യമങ്ങളുടെ ശ്രദ്ധ. കൗമാരകാലത്തു തന്നെ റഹീമിന് ഒരുപാടു സ്ത്രീകളില്‍ എണ്ണമറ്റ കുട്ടികളുണ്ടെന്ന തരത്തിലുള്ള ‘റിപ്പോര്‍ട്ടുകള്‍’ മുന്‍പു പുറത്തുവന്നിരുന്നു.

വെളുത്ത ബ്രിട്ടീഷ് സംസ്‌കാരം ഉള്‍വഹിക്കുന്ന കറുത്ത പുരുഷനെ കുറിച്ച വംശീയ വാര്‍പ്പുമാതൃകകളോടു സ്‌റ്റെര്‍ലിങ് എതിരിട്ടു നില്‍ക്കുന്നതു കൊണ്ടായിരിക്കാം അദ്ദേഹത്തിനു നേരെ ഇത്രമാത്രം വിദ്വേഷം വമിക്കാന്‍ കാരണം. ശനിയാഴ്ച്ചത്തെ മത്സരത്തിനിടെ കാണികളില്‍ ഒരുകൂട്ടര്‍ അദ്ദേഹത്തിനു മേല്‍ വംശീയാധിക്ഷേപങ്ങള്‍ ചൊരിയുമ്പോള്‍, മറ്റൊരു കൂട്ടര്‍ ‘റഹീം സ്‌റ്റെര്‍ലിങ് ഒരു പെണ്ണിനെ പോലെയാണ് ഓടുന്നത്’ എന്ന് ഉറക്കെ പാടുന്നുണ്ടായിരുന്നു. തീര്‍ച്ചയായും, എതിരാളികളെ സമര്‍ഥമായും മനോഹരമായും ഒഴുക്കോടെയും വെട്ടിയൊഴിഞ്ഞ് പന്തുമായി കുതിച്ചുപായുന്ന തരത്തില്‍ ഒരു പ്രത്യേക ശൈലിയിലാണു സ്റ്റെര്‍ലിങ് ഓടുന്നത്. ജമൈക്കയിലെ യുവകായിക പ്രതിഭയായിരുന്നു സ്റ്റെര്‍ലിങിന്റെ അമ്മ. തന്റെ അമ്മയുടെ ഓട്ടത്തിന്റെ ശൈലിയാണു തനിക്കു കിട്ടിയതെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. സ്റ്റെര്‍ലിങിന് എതിരെയുള്ള വളരെകാലമായി നിലനില്‍ക്കുന്ന വംശീയാധിക്ഷേപ കാമ്പയിനിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണച്ച ഭൂരിഭാഗം വരുന്ന മാധ്യമ പ്രവര്‍ത്തകരും പത്രാധിപന്‍മാരും മാധ്യമ ഉടമകളും ബ്രിട്ടീഷ് മധ്യവര്‍ഗ-വരേണ്യവര്‍ഗത്തില്‍പ്പെട്ടവരാണെന്നത് ഒട്ടും അത്ഭുതമുളവാക്കുന്നില്ല.

ശനിയാഴ്ച്ചത്തെ സംഭവത്തോട്, ‘ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന തരത്തിലുള്ള തീര്‍ത്തും കപടമായ നിഷ്‌കളങ്കതയും അത്ഭുതം കൂറലുമാണ് ലിബറല്‍ വരേണ്യ ഇടങ്ങളില്‍ നിന്നും ഉണ്ടായത്. സ്‌റ്റെര്‍ലിങിനെതിരായ കോളിന്‍ വിങ്‌സിന്റെ വംശീയാധിക്ഷേപം മാധ്യമങ്ങള്‍ക്കുള്ള ‘ഉണര്‍ത്തലാണ്’ എന്നായിരുന്നു പ്രമുഖ ഫുട്‌ബോള്‍ എഴുത്തുകാരനായ ഹെന്റ്രി വിന്റര്‍ എഴുതിയത്. സ്റ്റെര്‍ലിങിനെതിരായ വംശീയ റിപ്പോര്‍ട്ടിങ് വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നാണ് ഈ ‘ഉണര്‍ത്തല്‍’ വക്താക്കളോട് പറയാനുള്ളത്. അതിന്റെ വിനാശകരമായ അനന്തരഫലങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ബ്രിട്ടീഷ് സമൂഹത്തിലെ ഘടനാപരവും പ്രത്യക്ഷവുമായ വംശീയതയെ സംബന്ധിച്ചു ബ്രിട്ടീഷ് ജനസാമാന്യത്തിലെ ചിലര്‍ നിരന്തരമായ മറവിയിലാണെന്നതാണു വസ്തുത.

ഒരു വര്‍ഷം മുന്‍പ്, 29 വയസ്സുകാരനായ കാറല്‍ അന്‍ഡേഴ്‌സണ്‍ എന്ന വ്യക്തി സ്റ്റെര്‍ലിങിനെ തെരുവില്‍ വെച്ച് വംശീയമായി അധിക്ഷേപിക്കുകയും തൊഴിക്കുകയും കേട്ടാലറക്കുന്ന വംശീയാസഭ്യം വിളിക്കുകയും (black scouse c**t) ചെയ്തതിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടിരുന്നു. താന്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്നതു വിശദീകരിക്കാന്‍ തന്റെ കക്ഷിക്കു സാധിക്കുന്നില്ല എന്നാണ് അന്‍ഡേഴ്‌സന്റെ വക്കീല്‍ കോടതിയില്‍ വെച്ചു പറഞ്ഞത്. എന്തുകൊണ്ടാണ് ഈ സംഭവം ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഒരു ഉണര്‍ത്തലായി മാറാതിരുന്നത്? കാരണം ബ്രിട്ടീഷ് മാധ്യമങ്ങളുടെ പ്രവര്‍ത്തന ശൈലിയുടെ ഒരു ഭാഗമാണത്. ബ്രിട്ടീഷ് സമൂഹത്തിലെ ഘടനാപരവും പ്രത്യക്ഷവുമായ വംശീയതയെ സംബന്ധിച്ചു ബ്രിട്ടീഷ് ജനസാമാന്യത്തിലെ ചിലര്‍ നിരന്തരമായ മറവിയിലാണെന്നതാണു വസ്തുത.

കാറള്‍ അന്‍ഡേഴ്‌സണെ പോലെ തന്നെ, എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വാചികവും കായികവുമായ അക്രമത്തിനു പ്രതിഭാശാലിയായ ഈ കറുത്ത വര്‍ഗക്കാരന്‍ ഇരയാവുന്നു എന്നു വിശദീകരിക്കാന്‍ വലിയൊരു വിഭാഗം ബ്രിട്ടീഷ് വെളുത്ത വര്‍ഗക്കാര്‍ക്കും സാധിക്കുകയില്ല. ബ്രിട്ടനിലെ ഘടനാപരമായ വംശീയതക്ക് അടിത്തറ പാകിയ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ട്രാന്‍സ്അറ്റ്‌ലാന്റിക് അടിമത്തത്തിന്റെയും നീണ്ട ചരിത്രത്തെ കുറിച്ചു യാതൊന്നും നമ്മെ പഠിപ്പിക്കാത്ത ഒരു ജനകീയ സംസ്‌കാരവും ദേശീയ പാഠ്യപദ്ധതിയും തന്നെയാണ് ഇതിനു കാരണം.

ശനിയാഴ്ച്ചത്തെ സംഭവത്തെ കുറിച്ച് റഹീം സ്റ്റെര്‍ലിങ് തന്റെ വ്യക്തിപരമായ അഭിപ്രായം എഴുത്തിലൂടെ പ്രകടിപ്പിക്കുകയായി: ‘എനിക്ക് ചിരിക്കുക മാത്രമേ നിര്‍വാഹമുള്ളു, കാരണം അതില്‍ കൂടുതലൊന്നും ഞാന്‍ അവരില്‍നിന്നു പ്രതീക്ഷിക്കുന്നില്ല.’ തനിക്കു സംഭവിച്ച കാര്യത്തില്‍ തെല്ലും അത്ഭുതമില്ലെന്നു പറയുന്ന സ്റ്റെര്‍ലിങിന്റെ വാക്കുകള്‍ ബ്രിട്ടനിലെ വെളുത്ത വര്‍ഗക്കാര്‍ കേള്‍ക്കേണ്ടതു തന്നെയാണ്. നമ്മുടെ സാമൂഹിക രാഷ്ട്രീയ ക്രമത്തില്‍ വംശീയത പടര്‍ന്നുപിടിച്ചിരിക്കുന്നു എന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്, നമ്മുടെ സമൂഹത്തില്‍ നിന്നും വംശീയതയുടെ വേരുകളും പടര്‍പ്പുകളും അറുത്തുകളയാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ നാം ചെയ്യേണ്ടതുണ്ട്.

(എഴുത്തുകാരനും ഗവേഷകനുമാണു ലേഖകന്‍. കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി.)

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: അല്‍ജസീറ. https://goo.gl/hzdL7o

 

Top