ആണത്തങ്ങളെക്കുറിച്ച്
ആണെന്നും പെണ്ണെന്നുമുള്ള വ്യത്യാസങ്ങള്‍, ‘ഉത്തമ’ സ്ഥാനത്തുനില്ക്കുന്ന ചില വര്‍ഗ്ഗങ്ങള്‍, ജാതികള്‍, മതങ്ങള്‍, ലൈംഗികതകള്‍ എന്നിവയുണ്ടാക്കുന്ന ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ പലതരം മേല്‍ക്കോയ്മകളുടേതാണ് ഈ ലോകം. എന്നാല്‍ ‘മെന്‍സ് സ്റ്റഡീസ്’ എന്ന പേരില്‍ ആദ്യമായി ആണത്തങ്ങളെ പഠിപ്പിച്ചുതുടങ്ങിയ വെള്ളക്കാരായ ആണുങ്ങള്‍ ആണ്‍കോയ്മയ്ക്കപ്പുറം മറ്റൊരു അധികാരസ്ഥാനത്തെയും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.1 ലിംഗബോധത്തിന്റെ ഘടനകള്‍മാത്രം കാണാന്‍ തയ്യാറായ ഈ പഠനങ്ങള്‍ വെളുത്ത ആണുങ്ങളുടെ ആണത്തത്തെ വിവരിച്ചുകൊണ്ട് എല്ലാ ആണുങ്ങള്‍ക്കും വേണ്ടിയെന്നോണം സംസാരിച്ചു-വെളുത്ത/സവര്‍ണ്ണ പെണ്‍വാദങ്ങള്‍ ചെയ്തിരുന്നത്/ ചെയ്യുന്നത് പോലെതന്നെ. താമസിയാതെ ഈ സംരംഭം അദൃശ്യമാക്കിയ ‘അപര’ സ്ഥാനങ്ങളില്‍നിന്നും പ്രതിഷേധങ്ങളുയര്‍ന്നു. ഇവരുടെ വാദങ്ങള്‍ പലതായിരുന്നു.
_____________________________________
ജെനി റൊവീന
_____________________________________
അനിയന് മീശ മുളച്ചുതുടങ്ങിയതും അവന്‍ വീട്ടിനുപുറത്തേക്കുള്ള യാത്രകളും തുടങ്ങി. ഞാന്‍ വീട്ടിനുള്ളിലെ പ്രാരാബ്ധങ്ങളില്‍ കുടുങ്ങി. താമസിയാതെ എന്റെ ചെറിയ അനിയന്‍ പഠനം, ഉദ്യോഗം, കുടുംബകാര്യം എന്നിങ്ങനെ വലിയ ആണാവുന്നതിന്റെ ഭാരം ചുമക്കാന്‍ തുടങ്ങി. എല്ലാവരില്‍നിന്നും അകന്ന് അവന്റെ നിശ്ശബ്ദതകള്‍ക്കു നീളമേറുന്നതും വാക്കുകള്‍ക്കു മൂര്‍ച്ഛ കൂടുന്നതും ഞാനറിഞ്ഞു; അവന് സന്തോഷം വളരെക്കുറവാണെന്നും.
ആണത്തമെന്നാല്‍ കൊമ്പന്‍മീശക്കാര്‍ക്കും ഫയല്‍വാന്മാര്‍ക്കും സിനിമയിലെ ‘പൗരുഷ’മുള്ള നായകന്മാര്‍ക്കും യഥേഷ്ടമുള്ള ഒരു ഭാവംമാത്രമല്ല. ആണായിപ്പിറക്കുന്ന ഓരോ കുട്ടിക്കും നിറയെ വാഗ്ദാനങ്ങള്‍ തുന്നിവച്ച് ഈ ലോകം സമ്മാനിക്കുന്ന ഒരു വേഷമാണ്, പ്രത്യയശാസ്ത്രമാണ് ആണത്തം. ഈ ആണ്‍വേഷത്തിന്റെ ആഗ്രഹങ്ങളും വിശ്വാസങ്ങളും ഇഷ്ടങ്ങളും ഭയങ്ങളും വ്യത്യസ്തതരത്തില്‍ സ്വന്തമാക്കുമ്പോഴാണ് ആണ്‍കുട്ടികള്‍ ആണുങ്ങളായിത്തീരുന്നത്. ഏതെങ്കിലും രീതിയില്‍ ഇതു വേണ്ടെന്നുവയ്ക്കുമ്പോഴാണ് അവര്‍ പരിഹാസ്യരാവുന്നത്. ഇത്തരം ആണുങ്ങള്‍തന്നെയാണ് ഈ ആണ്‍ ലോകത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.
എന്നാല്‍ ആണായിപ്പിറക്കുന്നവര്‍ക്ക് ‘സ്വാഭാവിക’മായി വന്നുചേരാവുന്ന ഒരു ഭാവംമാത്രമാണോ ആണത്തം? ശാരീരിക-ലൈംഗിക സ്വത്വങ്ങള്‍ക്കുമപ്പുറം ഈ പ്രത്യയശാസ്ത്രത്തിന് സ്വാധീനമില്ലേ? ഉണ്ടെന്നുതന്നെ തോന്നുന്നു. പല സന്ദര്‍ഭങ്ങളിലും സ്ഥാനങ്ങളിലും ആണുങ്ങളെപ്പോലെ തന്നെ പെണ്ണുങ്ങളും ആണ്‍കുപ്പായങ്ങളണിയുന്നു. മനസ്സുകളില്‍ മാത്രമല്ല പഠനങ്ങളിലും സംഘടനകളിലും ആണ്‍ലോകത്തിന്റെ തൂണിലും തുരുമ്പിലും എന്തിലും ഇതു പ്രതിഫലിക്കുന്നു.
ആണെന്നും പെണ്ണെന്നുമുള്ള വ്യത്യാസങ്ങള്‍, ‘ഉത്തമ’ സ്ഥാനത്തുനില്ക്കുന്ന ചില വര്‍ഗ്ഗങ്ങള്‍, ജാതികള്‍, മതങ്ങള്‍, ലൈംഗികതകള്‍ എന്നിവയുണ്ടാക്കുന്ന ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ പലതരം മേല്‍ക്കോയ്മകളുടേതാണ് ഈ ലോകം. എന്നാല്‍ ‘മെന്‍സ് സ്റ്റഡീസ്’ എന്ന പേരില്‍ ആദ്യമായി ആണത്തങ്ങളെ പഠിപ്പിച്ചുതുടങ്ങിയ വെള്ളക്കാരായ ആണുങ്ങള്‍ ആണ്‍കോയ്മയ്ക്കപ്പുറം മറ്റൊരു അധികാരസ്ഥാനത്തെയും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.1 ലിംഗബോധത്തിന്റെ ഘടനകള്‍മാത്രം കാണാന്‍ തയ്യാറായ ഈ പഠനങ്ങള്‍ വെളുത്ത ആണുങ്ങളുടെ ആണത്തത്തെ വിവരിച്ചുകൊണ്ട് എല്ലാ ആണുങ്ങള്‍ക്കും വേണ്ടിയെന്നോണം സംസാരിച്ചു-വെളുത്ത/സവര്‍ണ്ണ പെണ്‍വാദങ്ങള്‍ ചെയ്തിരുന്നത്/ ചെയ്യുന്നത് പോലെതന്നെ.
താമസിയാതെ ഈ സംരംഭം അദൃശ്യമാക്കിയ ‘അപര’ സ്ഥാനങ്ങളില്‍നിന്നും പ്രതിഷേധങ്ങളുയര്‍ന്നു. ഇവരുടെ വാദങ്ങള്‍ പലതായിരുന്നു.
- ആണത്തമെന്നത് ഒരേയൊരു സവിശേഷരീതിയില്‍ സകല ആണുങ്ങളും സ്വായത്തമാക്കുന്ന സംഗതിയല്ല.
- ജാതി, മതം, വര്‍ഗ്ഗം എന്നീ മേല്‍ക്കോയ്മകള്‍ ആണുങ്ങള്‍ക്കിടയിലുണ്ടാക്കുന്ന വൈജാത്യങ്ങള്‍ വ്യത്യസ്ത ആണത്തങ്ങളെ സൃഷ്ടിക്കുന്നുണ്ട്.2
- ഈ ഘടനകള്‍ ചില ആണത്തങ്ങള്‍ക്കു അധീശത്വപരമായ സ്ഥാനം നല്കി തങ്ങളുടെയും അധികാരങ്ങള്‍ നിലനിറുത്തുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഇനിയുള്ള പഠനങ്ങള്‍ ‘ആണത്തങ്ങള്‍’ എന്ന ബഹുവചനത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമെന്ന നിര്‍ബ്ബന്ധം ഇങ്ങനെ വന്നു. തുടര്‍ന്ന് കീഴാളവിഭാഗങ്ങളില്‍പ്പെട്ട ഒട്ടേറെ ആണത്തങ്ങളുടെ കഥകള്‍ പറയപ്പെടാന്‍ തുടങ്ങി. ഈ കഥകള്‍ രണ്ടു വ്യത്യസ്തതരത്തിലാണ് എഴുതപ്പെട്ടത്. ഒന്ന്, കീഴാള-മേലാള ആണ്‍ബന്ധങ്ങളിലൂടെ. രണ്ട്, കീഴാള പെണ്‍-ആണ്‍ ബന്ധങ്ങളിലൂടെ.
ഉദാഹരണത്തിന്, കറുത്ത ആണത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കറുത്ത ആണുങ്ങളെങ്ങനെയാണ് വെളുത്തവരുടെ ‘അപര’ങ്ങളായിത്തീരുന്നത് എന്നതിനെക്കുറിച്ച് പറഞ്ഞു: അതേപോലെ കറുത്ത ആണത്തം എങ്ങനെയാണ് കറുത്ത പെണ്ണുങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗ/ലിംഗ ഘടനകള്‍ നിലനിറുത്താന്‍ സഹായിക്കുന്നതെന്നതിനെക്കുറിച്ചും.3
ആണത്തങ്ങളെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ചുരുക്കം ചില അന്വേഷണങ്ങളിലും മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ കാണാം. ഉദാഹരണത്തിന് എസ്. സഞ്ജീവും സി.എസ്. വെങ്കിടേശ്വരനും കൂടിയെഴുതിയ ‘ശ്രീനിവാസന്‍’ എന്ന ലേഖനമെടുക്കാം.4 മേലാള ജാതി/വര്‍ഗ്ഗങ്ങളിലെ നായകന്മാരെപ്പോലെ ‘പുരുഷത്വം’ എന്ന ഉത്തമസ്ഥാനത്തേക്കുയരാന്‍ കഴിയാത്ത ശ്രീനിവാസന്‍ കഥാപാത്രങ്ങളുടെ ചിത്രമാണ് ഈ ലേഖനം മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ പ്രശ്‌നം വെറും ‘പുരുഷത്വ’ത്തിന്റെ കുറവല്ലെന്നും മോഹന്‍ലാലിന്റേതുപോലുള്ള കഥാപാത്രങ്ങളുടെ അധീശത്വപരമായ ആണത്തത്തിലേക്കെത്തിപ്പെടാനുള്ള ആകാംക്ഷയാണെന്നുമുള്ള ഒരു വായനയും ഇവിടെ സാദ്ധ്യമാണ്, ആവശ്യമാണ്. പക്ഷേ, അതുകൊണ്ടാവുന്നില്ല. കാരണം, തങ്ങളുടെ ”അധഃകൃത’ സ്ഥിതിയില്‍നിന്നുകൊണ്ടുതന്നെ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന കീഴാള ആണത്തത്തെ ഈ ലേഖനം അംഗീകരിക്കുന്നതേയില്ല. എന്നാല്‍ ഇതു വായിച്ചെടുക്കേണ്ടത് വളരെ പ്രധാനമാണ്. യഥാര്‍ത്ഥത്തില്‍ ശ്രീനിവാസനെപ്പോലെതന്നെ ‘ശരീരത്തെയും സൗന്ദര്യത്തെയും കഴിവുകളെയും കുറിച്ചുള്ള…. സന്ദേഹങ്ങള്‍”5 വച്ചുപുലര്‍ത്തുന്ന കീഴാള പെണ്‍വേഷങ്ങളുടെ അസാന്നിദ്ധ്യമാണ് ശ്രീനിവാസന്‍ കഥാപാത്രങ്ങളുടെ ആണത്തങ്ങളെ സൃഷ്ടിച്ചെടുക്കുന്നത്. ഈ അസാന്നിദ്ധ്യത്തിലേക്ക് കടന്നുവരുന്നത് തൊലിവെളുപ്പും സൗന്ദര്യവും ആത്മവിശ്വാസവും യഥേഷ്ടമുള്ള, ശ്രീനിവാസന് ‘അര്‍ഹതയില്ലാത്ത പെണ്‍കുട്ടികളാ’ണ് ഇവരെ ‘കീഴ്‌പ്പെടുത്താന്‍’ ശ്രമിക്കുന്ന ആവേശവും ആകാംക്ഷയുമാണ് ശ്രീനിവാസന്‍ കഥാപാത്രങ്ങളുടെ ആണത്തം.6 സ്വസമുദായത്തിലെ സ്ത്രീസ്വത്വങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ജാതീയമായ ഒരാണത്തമാണിത്. എന്നാല്‍ ആണത്തമെന്നത് ഏകവചനമായി ചുരുങ്ങുമ്പോള്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ അഥവാ ആണത്തങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോകുന്നു.
തീര്‍ച്ചയായും ആണത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് സമൂഹത്തിലെ വിവിധതരം അധികാരഘടനകളും ആണ്‍കോയ്മയുടെതന്നെ ഉള്‍പ്രേരണകളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ഇടപാടുകള്‍ വ്യക്തമാക്കുന്ന ഒരു കാഴ്ചപ്പാടാണ്. ആണ്‍കോയ്മാലോകത്തെ വാര്‍ത്തെടുക്കാന്‍ ആണത്തങ്ങളുടെ പ്രത്യയശാസ്ത്രം ഉപയോഗപ്പെടുത്തുന്ന ചില പ്രധാനപ്പെട്ട രീതികളും ഭാവങ്ങളും ഈയൊരു കാഴ്ചപ്പാടിലൂടെ അന്വേഷിക്കുകയാണിവിടെ.
ഏതു ജാതി/മത വിഭാഗത്തിലെ ആണുങ്ങളായാലും ഇവര്‍ക്കെല്ലാം ആണായി സ്വയം തിരിച്ചറിയാന്‍ ഏറ്റവുമാവശ്യം ഏതെങ്കിലും തരത്തിലുള്ള അധികാരംതന്നെയാണ്. ഞങ്ങളുടെ നാട്ടിലൊരു ചൊല്ലുണ്ട്: ”ആണായാല്‍ എകരം (ഉയരം) വേണം അല്ലെങ്കില്‍ വിവരം വേണം.” അതായത് ആണെന്ന മേധാവിത്വസ്ഥാനത്തു നില്ക്കണമെങ്കില്‍, ആണത്തം വേണമെങ്കില്‍, ഏതെങ്കിലും തരത്തില്‍ ആരുടെയെങ്കിലും മേലേ ഉയര്‍ന്നുനില്ക്കണം. മേലാളവര്‍ഗ്ഗങ്ങളിലെ ആണുങ്ങളുടെ അധികാരഭാവം/ആണത്തം പലപ്പോഴും വളരെ പ്രത്യക്ഷമാണ്; അവരുടെ നടത്തത്തില്‍, കാല്‍വയ്പ്പില്‍, കൈവീശലില്‍, തലയെടുപ്പില്‍, സംസാരത്തിന്റെ ആധികാരികഭാവത്തില്‍. എന്നാല്‍ വര്‍ഗ്ഗം, ജാതി എന്നി ഘടനകള്‍ അധികാരമില്ലാതെയാക്കുന്ന കീഴാള ആണത്തങ്ങള്‍ക്ക് ഈ ആണ്‍ഭാവമുണ്ടാവില്ലെന്നും അവര്‍ ആണുങ്ങളല്ലെന്നും കരുതപ്പെടുന്നു. (ശ്രീനിവാസന്‍ കഥാപാത്രങ്ങളും വായിക്കപ്പെട്ടത് അങ്ങനെയാണല്ലോ.) പക്ഷേ, കീഴാള ആണത്തങ്ങളും അധികാരം തന്നെയാണ് തേടുന്നത്. ദലിത് പെണ്‍വാദം നമുക്കു കാണിച്ചുതരുന്നത് ദലിത് പെണ്ണുങ്ങളും ആണുങ്ങളും തമ്മിലുള്ള അധികാരവ്യത്യാസങ്ങളാണല്ലോ. സത്യത്തില്‍ മേലേത്തട്ടിലുള്ള പെണ്ണുങ്ങള്‍ക്കുപോലും ഈ അധികാരഭാവം പ്രധാനമാണ്, അധികാരം ഇങ്ങനെ പലരുടെയും സ്വത്വത്തിനും സന്തോഷത്തിനും അര്‍ത്ഥത്തിനും അത്യാവശ്യമാകുമ്പോഴാണ് മേല്‍ക്കോയ്മയുടെ ലോകമുണ്ടായിവരുന്നത്. ആണ്‍പക്ഷത്ത് നില്ക്കുന്നവരെല്ലാം തന്നെ ഈ ആവശ്യത്തി നടിമകളാണ്. ഇത് ഹിംസയുടെ ഒരു പ്രപഞ്ചത്തെത്തന്നെയാണ് സാധൂകരിക്കുന്നത്. മത്സരിക്കുക, വിജയിക്കുക, നേടുക, എതിരിടുക, വെട്ടിപ്പിടിക്കുക, കയ്യടക്കുക-അധികാരത്തിന്റെ/ഹിംസയുടെ സാദ്ധ്യതകള്‍ നിറഞ്ഞ ഈ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ‘പുരുഷലക്ഷണ’മായിത്തീരുന്നു.
ഹെമിങ്‌വേയുടെ വിശ്വപ്രസിദ്ധമായ ‘കിഴവനും കടലും’ എന്ന നോവലില്‍ ടിന്നിലടച്ചുവരുന്ന മത്തിയും തിന്ന്, കടലിനെയും നോക്കി, സ്വപ്നവും കണ്ടിരിക്കുന്ന ഒരു കിഴവന്‍ തന്റെ ആണത്തം തെളിയിക്കാനായി കടലിന്റെ വെല്ലുവിളികളിലേക്ക് കുതിക്കുന്നു. അയാള്‍ പരാജയപ്പെടുന്നുവെങ്കിലും ആണത്തത്തിന്റെ പ്രത്യയശാസ്ത്രം ജയിക്കുന്നു. ഇതുപോലെ ഓരോ സിനിമയിലും നായകന്മാര്‍ പത്തും പതിനഞ്ചുംപേരെ ഒറ്റയ്ക്കു കീഴ്‌പ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങുന്നു. വളര്‍ന്നുവരുന്ന ആണ്‍മനസ്സുകളും ‘ശക്തിമാന്മാ’രാകാന്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ നേട്ടങ്ങളിലേക്കും മത്സരങ്ങളിലേക്കും തിരിയുന്നു. മുന്നോട്ടേക്ക് ആഞ്ഞുകുതിക്കുന്ന ഒരു കുതിരയുടേതുപോലുള്ള ബലവും വേഗതയും ലഹരിയും ആണത്തങ്ങളുടെ കാതലാണെന്ന് അവനറിയുന്നു. ഈ കുതിപ്പ് അവന് ജീവനെക്കാളും പ്രധാനമാകുന്നു. ഏറ്റവും പ്രധാനപ്പെട്ട ഭാവമാകുന്നു.
ഇങ്ങനെയുള്ളവര്‍ക്ക് ജീവിതംതന്നെ ഒരു പ്രകടനമായി മാറുന്നു. സുഹൃദ്‌സംഭാഷണംതൊട്ട് പൊതുവേദിവരെ ആണത്തങ്ങള്‍ പ്രകടിപ്പിക്കാനുള്ള അരങ്ങുകളായിത്തീരുകയും ഇത്തരം പ്രകടനങ്ങള്‍ക്ക് സാദ്ധ്യത കൂട്ടുന്ന ഉദ്യോഗം, രാഷ്ട്രീയം എന്നിങ്ങനെയുള്ള പൊതുഇടങ്ങളിലേക്ക് ആണുങ്ങള്‍ തിങ്ങിക്കൂടുകയും ചെയ്യുന്നു. ആണുങ്ങളുടെ ലൈംഗികതൃഷ്ണയും ഈ പ്രകടനത്തിന്റെ ഭാഗമാകുന്നു. ‘എത്രയധികം പെണ്ണുങ്ങളുണ്ടോ അത്രയധികം ആണത്തം’ എന്നത് പൊതുവേ അംഗീകരിക്കപ്പെടുന്നു.
താഴേത്തട്ടിലുള്ള ആണ്‍സ്ഥാനങ്ങള്‍ക്കും ഇത്തരം വ്യഗ്രതകള്‍തന്നെയാണ് ആണ്‍ എന്ന പേരില്‍ സ്വന്തമാവുന്നത്. ഇവര്‍ക്കും അധികാരം അത്യാവശ്യംതന്നെ. ആര്‍.എസ്.എസ്. പോലെയുള്ള സംഘടനകളില്‍ കൂട്ടംകൂട്ടമായി അണിചേരുന്ന ദലിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളിലെ ആണുങ്ങള്‍ കീഴാള ആണത്തങ്ങളുടെയും അധികാരത്തിലേക്ക്/ആക്രമണത്തിലേക്ക് ഉള്ള ആകര്‍ഷണത്തിന്റെയും നല്ല ഉദാഹരണമാണ്. കീഴാളരുടെ വഴിതെറ്റിയ സ്വത്വാന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെ സാധാരണ കാണാറുള്ളത്. എന്നാല്‍ അധികാരം കുറഞ്ഞ ആണുങ്ങള്‍ക്ക് അതു തിരിച്ചുപിടിക്കാനും തങ്ങളുടെ ആണത്തങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള -മുസ്ലീം സമുദായം പ്രതിനിധാനം ചെയ്യുന്ന ‘അപരത്വ’ത്തിനെതിരെ-അരങ്ങൊരുക്കുമ്പോഴാണ് ആര്‍.എസ്. എസ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ വിജയിക്കുന്നത്.
ഇങ്ങനെ അധികാരത്തിന്റെ പ്രകടനങ്ങളിലൂടെ ഉശിരേറുന്നവര്‍ക്ക് അതില്ലാതാകുമെന്ന ഭീതിയും പരമപ്രധാനം തന്നെ. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ സ്വത്വങ്ങള്‍/ആണത്തങ്ങള്‍തന്നെ നഷ്ടപ്പെടുമെന്ന അതിശക്തമായ, അതിക്രൂരമായ ഭയമാണ് പലപ്പോഴും ആണത്തങ്ങള്‍ക്കു പ്രചോദനം. ഈ ഭയത്തിന്റെ അദൃശ്യമായ ചാട്ടവാറടിയുംകൊണ്ടാണ് ആണ്‍പക്ഷങ്ങളിങ്ങനെ ഭ്രാന്തെടുത്തോടുന്നത്; എവിടെയുമൊന്നു നില്ക്കാന്‍ കഴിയാതെ, ആരെയുമൊന്നു സ്‌നേഹിക്കാന്‍ സമാധാനമില്ലാതെ, സ്ത്രീപക്ഷങ്ങളെ ചവുട്ടിമെതിച്ച്, എല്ലാറ്റിനോടും മത്സരിച്ച് എല്ലാം സ്വന്തമാക്കാന്‍ ശ്രമിച്ച്, കാടുവെട്ടിത്തെളിച്ച്, യുദ്ധങ്ങള്‍ സൃഷ്ടിച്ച് ആകാശത്ത് ഓട്ടയുണ്ടാക്കിവച്ച്…
ഈ വിജയഗാഥയുടെ (?) ഇങ്ങേത്തലയ്ക്കല്‍ പെണ്ണത്തമെന്നത് വിജയം, നേട്ടം എന്നിങ്ങനെയുള്ള ആണ്‍ഭാവങ്ങളില്‍നിന്നും പലപ്പോഴും തീര്‍ത്തും അന്യംനില്ക്കുന്നതാവുന്നു. കല്യാണത്തിനും പ്രേമത്തിനുംവേണ്ടി -മഞ്ജുവാര്യര്‍ പ്രസിദ്ധമായി ചെയ്തതുപോലെ -ജോലിയുടെ ലോകത്തിനോടു വിടപറയുന്ന മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ട പെണ്ണുങ്ങളെക്കുറിച്ചു പഠനങ്ങള്‍നടത്തിയവര്‍ പറയുന്നത് ഇവരില്‍ പലരും വിജയത്തിനെ ഭയക്കുന്നുവെന്നും അതു തങ്ങളുടെ പെണ്ണത്തത്തെത്തന്നെ കവര്‍ന്നെടുക്കുമെന്നും വിചാരിക്കുന്നുവെന്നാണ്!
അധികാരത്തിന്റെ ഭാഗത്തു നില്ക്കുന്നവര്‍ക്ക് വികാരങ്ങളുടെ തരളഭാവങ്ങള്‍ ഒരിക്കലും ചേരുന്നതല്ല. ആണത്തത്തിന്റെ പ്രഥമഭാവം തന്നെ ഗൗരവവും അതു മറയ്ക്കുന്ന വികാരങ്ങളുമാണല്ലോ. ഇംഗ്ലീഷില്‍ പറയുന്നതുപോലെ: ”Boy’s don’t cry.”
ആണ്‍സ്വത്വങ്ങള്‍ക്കു വികാരങ്ങള്‍ നിഷിദ്ധമാകുന്നത് മേല്‍ക്കോയ്മയുടെ നിലനില്പിനുവേണ്ടിത്തന്നെയാണ്. മേല്‍ത്തട്ടിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന് എത്രമാത്രം വികാരങ്ങള്‍ പ്രകടിപ്പിക്കാനാവും? അയാളുടെ സ്ഥാനം നിലനിറുത്തിപ്പോരാന്‍ അയാള്‍ എടുത്തണിയേണ്ടത് ചിരിക്കാത്ത മുഖവും കര്‍ശന സ്വഭാവവുമല്ലേ? ലേശം ഒന്നയഞ്ഞാല്‍ത്തന്നെ വീണ്ടും പിടിമുറുക്കുന്നത് ഗൗരവഭാവത്തിലൂടെത്തന്നെയല്ലേ? അവസാനമില്ലാത്ത ഈ ഗൗരവഭാവത്തിന്റെ മുഖംമൂടിയാണ് ആണ്‍വേഷങ്ങളണിയുന്നത്. ഈ മുഖംമൂടികളധികം ചിരിക്കില്ല. കരയില്ല. കിന്നാരം പറയില്ല. (ഇങ്ങനെയൊക്കെ ചെയ്താലോ, ചെയ്യുന്നവന്‍ ആണല്ല.)
ഈ ആണ്‍ഭാവത്തിന്റെ വ്യത്യസ്തരൂപങ്ങള്‍ നമുക്കു ചുറ്റും കാണാം-‘തനി മുരടന്‍’ തുടങ്ങി ‘ആളു ലേശം റിസേര്‍വ്ഡാണ്’ വരെ. സ്വന്തം വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ അനുവാദമില്ലാത്തവര്‍ക്ക് വികാരങ്ങള്‍കൊണ്ട് എന്തുകാര്യം? സത്യത്തില്‍ ഇങ്ങനെയുള്ളവര്‍ക്ക് എപ്പോഴും സ്വന്തം വികാരങ്ങള്‍ അന്യമാവുകയും മറ്റുള്ളവരുടേത് എളുപ്പത്തില്‍ അവ്യക്തമാവുകയും ചെയ്യുന്നു.
എന്നാല്‍ പരിഭവം, നാണം, തൊട്ടാവാടി സ്വഭാവം തുടങ്ങിയവ പെണ്‍വേഷങ്ങളെ രേഖപ്പെടുത്തുന്നു. ഒരേസമയം ഇത് അവര്‍ക്ക് അലങ്കാരമായിരിക്കുകയും ദുര്‍ബ്ബലരും സഹായമാവശ്യമുള്ളവരും ആക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അതുപോലെതന്നെ കീഴാള ആണുങ്ങളും പലപ്പോഴും വികാരം തുളുമ്പുന്നവരായി കണക്കാക്കപ്പെടുന്നു. തീക്ഷ്ണമായ അക്രമാസക്തി ഇവരുടെ ആണ്‍ലക്ഷണമായി അടിച്ചേല്പിക്കപ്പെടുമ്പോള്‍ത്തന്നെ ഇവര്‍ പല പെണ്ണത്തവികാരങ്ങളുടെയും പ്രതീകങ്ങളുമാക്കപ്പെടുന്നു. നമ്മുടെ സിനിമയില്‍ ജഗദീഷ് അവതരിപ്പിക്കുന്ന കീഴാള കഥാപാത്രങ്ങള്‍ ഉത്തമോദാഹരണം. മിക്കപ്പോഴും തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നത് ഈ കഥാപാത്രങ്ങളുടെ നിയന്ത്രണം വിട്ടുപോകുന്ന വികാരങ്ങളാണ്; ചിരിയായാലും കരച്ചിലായാലും ജഗദീഷ് കഥാപാത്രങ്ങളുടെ ‘പെണ്ണത്ത’ത്തിന് മുന്നിലാണ് പല സിനിമകളിലെയും നായകന്മാര്‍ ഗൗരവത്തില്‍ മസില്‍പിടിച്ചു നില്ക്കുന്നത്.
ആണ്‍ഭാവങ്ങളിങ്ങനെയാകുമ്പോള്‍ വികാരങ്ങള്‍ക്കും സംസ്‌കാരങ്ങളില്‍ വളരെ താഴ്ന്ന സ്ഥാനം മാത്രം കല്പിക്കപ്പെടുന്നു. അവ വിശ്വസിക്കാന്‍ പറ്റാത്ത, ശരിക്കങ്ങോട്ട് അളക്കാന്‍ പറ്റാത്ത, പഠനങ്ങളിലും അതുപോലെയുള്ള മറ്റു മഹത്‌സംരംഭങ്ങളിലും കടന്നുവന്നു പ്രശ്‌നമുണ്ടാക്കാന്‍ പാടില്ലാത്ത സംഗതികളാകുന്നു. ഇങ്ങനെ വികാരങ്ങളെ നിരോധിക്കുന്ന പ്രത്യയശാസ്ത്രംതന്നെ യുക്തി, ലോജിക് എന്നൊക്കെയുള്ള ആണ്‍രീതികള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നു. ഇതിന്റെ പേരില്‍ പല അന്യായങ്ങളും നിലനിന്നുപോരുന്നുവെന്നു മാത്രമല്ല, വികാരങ്ങളെ (മനസ്സിന്റെ നിറങ്ങളെ) നിഷേധിച്ചുകൊണ്ടുള്ള സത്യങ്ങള്‍, ഫോര്‍മുലകള്‍, കണ്ടുപിടുത്തങ്ങള്‍, പുസ്തകങ്ങള്‍, ശാസ്ത്രങ്ങള്‍ എന്നിവയിലൂടെ സംസ്‌കാരങ്ങളെ ആണത്തങ്ങള്‍ സ്വന്തം രൂപത്തില്‍ വാര്‍ത്തെടുക്കുന്നു.
ഇവിടെ അധികാരമില്ലാത്തവരും പെണ്‍പക്ഷങ്ങളും യുക്തിയുടെയും ബുദ്ധിയുടെയും ഉത്തമസ്ഥാനത്തേക്ക് ഉയരാന്‍ കഴിയാത്തവരാകുന്നു. (ഓര്‍ക്കുക: പെണ്‍ബുദ്ധി പിന്‍ബുദ്ധി) അവര്‍ ചരിത്രവും ശാസ്ത്രവും ചിന്തയുമില്ലാത്തവരായി മാറുന്നു. ദൈനംദിന ആണ്‍-പെണ്‍ വ്യവഹാരങ്ങളിലും പെണ്ണിന്റെ അനിയന്ത്രിതമായ വികാരങ്ങളെ ആണുങ്ങള്‍ കല്ലായിനിന്ന് നോക്കിക്കാണുന്നു.
ഇതേ ആണത്തങ്ങള്‍ക്ക് ചില വികാരങ്ങള്‍ അനുവദനീയമാണെന്നതാണ് രസകരമായ മറ്റൊരു കാര്യം. അതിലേറ്റവും പ്രധാനമായത് മേല്‍ക്കോയ്മകള്‍ നിലനിറുത്താന്‍ ഉപകാരപ്പെടുന്ന രണ്ടെണ്ണമാണ്-ദേഷ്യവും കാമവും. ദേഷ്യത്തിനെക്കുറിച്ച ആദ്യം പറയാം.
ദുര്‍ബ്ബലസ്ഥാനത്തുനിന്നു വരുന്ന പെണ്‍ദേഷ്യം ഭംഗിയുള്ള പരിഭവ ഭാവമാണ്; സിനിമാപ്പാട്ടുകളൊക്കെ പാടുന്നതുപോലെ. എന്നാല്‍ ആണ്‍ദേഷ്യമോ, അതു ഭയാനകമാണ്. ലൈംഗികപീഡനത്തിനും ഭാര്യാപീഡനത്തിനും പുറകില്‍ തളംകെട്ടിനിറുത്തിയ വികാരങ്ങളുടെ അണകള്‍ പെട്ടെന്നു പൊട്ടിപ്പോവുന്ന ഈ ദേഷ്യത്തിന്റെ കഥയുണ്ട്. ഇതുതന്നെയാണ് മദ്യപാനത്തിലും കളിക്കളങ്ങളിലെ അമിതാവേശത്തിലും കാണുന്നതെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.7 ഇത്തരം പ്രവൃത്തികള്‍ക്ക് ‘ആണിന്റേത്’ എന്ന ലേബലും ലഭിക്കുന്നു. അവ ‘പുരുഷലക്ഷണ’ങ്ങളായി മാറുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വികാരങ്ങളെയൊക്കെ ശ്വാസംമുട്ടിച്ചിട്ട് ആണുങ്ങള്‍ ജയപരാജയങ്ങളുടെ കളിക്കളത്തില്‍ അക്രമവാസനയോടെ മുന്നേറുമ്പോള്‍ ദേഷ്യം അവരുടെ സ്വത്വങ്ങളെ സാധൂകരിക്കാനുതകുന്ന ഒരേയൊരു ഭാവമായിത്തീരുന്നു. മാത്രമല്ല, ആണ്‍കോയ്മയുടെ അതിര്‍വരമ്പുകള്‍ കാക്കേണ്ടുന്ന കര്‍ത്തവ്യവും ദേഷ്യം നിറവേറ്റുന്നു. എത്രയെത്ര മലയാളസിനിമകളാണ് കോപാകുലനായ ആണ് പെണ്ണിനെ തല്ലിയൊതുക്കുന്നതില്‍ പര്യവസാനിക്കുന്നത്!
ദേഷ്യംപോലെതന്നെ ആണിന് സ്വന്തമായ മറ്റൊരു വികാരമാണ് കാമം. പാടവം തെളിയിക്കാനുള്ള അവസരവും പെണ്‍ശരീരങ്ങളെ വസ്തുവത്ക്കരിക്കാനുള്ള മാര്‍ഗ്ഗവും ആണുങ്ങള്‍ക്ക് യഥേഷ്ടം തോന്നുന്ന കാമമെന്ന വികാരം നല്കുന്നു. ഇതിന്റെ മറ്റേയറ്റത്ത് പെണ്‍പക്ഷങ്ങള്‍ വെറും ശരീരങ്ങളാകുന്നു. പെണ്ണുങ്ങളുടെ ശരീരത്തെ, സൗന്ദര്യത്തെക്കുറിച്ചു പറയുന്നത് ‘പുരുഷലക്ഷണ’മാകുന്നു. മിലന്‍ കുന്ദേരമുതല്‍ നാട്ടിലെ ബുദ്ധിജീവികളും അല്ലാത്തവരുമായ ആണുങ്ങള്‍വരെ പെണ്ണിനെ വര്‍ണ്ണിക്കുന്ന നൈപുണ്യത്തില്‍ ലേശമൊന്ന് അഹങ്കരിക്കുന്നു. എന്നാല്‍ ആണത്തത്തിന്റെ പ്രത്യയശാസ്ത്രം തന്നെ ആണ്‍ലൈംഗികതയെ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഭിന്ന ലൈംഗികതയ്ക്കപ്പുറം ഒരു കാമം ആണിനു തീര്‍ത്തും നിഷിദ്ധമാവുന്നു. സ്വവര്‍ഗ്ഗരതിഭീതിയുടെ ഉത്കണ്ഠകളില്‍ ‘ഗേ’യെന്നത് ലെസ്ബിയനിസത്തെക്കാള്‍ എത്രയോ അറപ്പുളവാക്കുന്നതാകുന്നു. അതുകൊണ്ടുതന്നെയാണ് കീഴാള ആണത്തങ്ങള്‍ക്ക് സ്വവര്‍ഗ്ഗലൈംഗികത കല്പിച്ചുനല്‍കാന്‍ അധീശപ്രതിനിധാനങ്ങള്‍ തിടുക്കംകൂട്ടുന്നതും.
അധികാരത്തിലേക്കും വിജയപരാജയങ്ങളിലേക്കും ആരോടും ആഴത്തിലടുപ്പമില്ലാത്ത ഏകാന്തതയിലേക്കുമാണ് ആണുങ്ങള്‍ എപ്പോഴും നീങ്ങുന്നത്. ആധിപത്യത്തിന്റെ പലതരം ചുമതലകളും ഭാരങ്ങളും മാത്രമായി പല ആണ്‍ജീവിതങ്ങളും ചുരുങ്ങുന്നു. അനാരോഗ്യകരമായ വികാരങ്ങളും ശീലങ്ങളും സ്‌നേഹം കലരാത്ത കാമവും അവരെ അലോസരപ്പെടുത്തുന്നു. തലവന്മാരെന്ന നുണയും വിശ്വസിച്ച് അവര്‍ ആണ്‍കോയ്മയ്ക്കു അടിമപ്പണിചെയ്യുന്ന കാവല്‍ഭടന്മാരാകുന്നു. സന്തോഷമറിയാതെ ജീവിച്ചു മരിക്കുന്നു.
ഈ അവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് അസ്തിത്വദുഃഖം തലയ്ക്കുപിടിച്ച് എന്തോ കാരണത്താല്‍ എന്തില്‍നിന്നോ എങ്ങോട്ടേക്കോ ഓടിക്കൊണ്ടിരിക്കുന്ന ചില എം. മുകുന്ദന്‍, ഒ.വി. വിജയന്‍ കഥാപാത്രങ്ങള്‍.
ഖസാക്കിലെ രവിയെയെടുക്കാം. വീടും ആശ്രമവും ഗ്രാമവുമൊന്നും അയാള്‍ക്കു അഭയമാവുന്നില്ല. അയാള്‍ക്കാരോടും ‘കമ്മിന്റ്‌മെന്റ്’ ഇല്ല. എല്ലാറ്റില്‍നിന്നും അകന്നുനില്ക്കുന്നതാണ് അയാളുടെ വ്യക്തിത്വത്തിന്റെ മുദ്ര. അതേസമയം എത്ര കഷ്ടപ്പെട്ടും അടുപ്പത്തിന്റെ കഥ മെനയുകയെന്നതാണ് പത്മയുടെ ദൗത്യം. അവള്‍ക്കു വലുത് രവിയുമായുള്ള അടുപ്പം/ബന്ധംതന്നെ. രവിക്കാകട്ടെ എല്ലാറ്റിലും വലുത് അടുപ്പമില്ലായ്മയും. അതുകൊണ്ടുതന്നെ ഈ രണ്ടു ധ്രുവങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ ഇങ്ങനെയൊരു സംഭാഷണമുണ്ടാവുന്നു:
”രവീ!”
”പത്മേ!”
”എന്റെ കൂടെ വരൂ.”
ശരീരങ്ങളില്‍ തണുത്ത കാറ്റു തട്ടി. വിയര്‍പ്പില്‍ കാറ്റു തട്ടി തണുത്തു.
”രവീ!”
”പത്മേ!”
”രവിയുടെ അച്ഛന്‍ ഇനിയെത്രകാലം ജീവിക്കും? രവി അവരുടെ കൂടെച്ചെന്നു താമസിക്കൂ. അവസാനത്തെ ദിവസങ്ങളില്‍ ശാന്തി കൈവരട്ടെ.”
”പറഞ്ഞുതീര്‍ന്നോ?”
”ഇല്ല. എന്നിട്ട് എന്റെകൂടെ വരൂ. എനിക്ക് പ്രിന്‍സ്റ്റണില്‍ ജോലിയുണ്ട്. രവിക്കു പഠിപ്പു തുടരാം, ഗവേഷണം തുടരാം.”
”എന്തു ഗവേഷണം?”
”എന്നെ കളിയാക്കുകയാണോ രവീ?”
~ഒരുപാടുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.
”രവീ!”
”എന്താ?”
”എന്നെ വേണ്ടേ?”
രവി അവളെ പൊക്കിയെടുത്തു. മലര്‍ന്നുകിടന്ന് ഉറച്ച കൈകളില്‍ അവളെ ഉയര്‍ത്തി. ചുവപ്പു പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു.
”രവീ-”
”ഓ-”
”രവീ, ഖസാക്കു വിടാമെന്ന് എന്നോടു പറയൂ.”
പൊടുന്നനെ ലാഘവത്തോടെ രവി പറഞ്ഞു: ”വിടാം.”
”സത്യം?”
”സത്യം.”
”എന്നിട്ട് എന്റെകൂടെ വരും. വരില്ലേ?”
”അറിഞ്ഞുകൂടാ.”
അവള്‍ കരയാന്‍ തുടങ്ങി. ധാരമുറിയാതെ കണ്ണുനീരൊഴുകി. ഒരു മരുഭൂമിയെപ്പോലെ രവി അതേറ്റുവാങ്ങി.
”രവീ.” അവള്‍ ചോദിച്ചു, ”രവി ആരില്‍നിന്നാണ് ഒഴിഞ്ഞോടാന്‍ ശ്രമിക്കുന്നത്?”
ആ പൊരുളിലേക്കു നോക്കിക്കൊണ്ട് രവി നിന്നു. നോക്കിനോക്കി കണ്ണു കടഞ്ഞു. കണ്‍തടം ചുവന്നു. മുഖം അഴിഞ്ഞ് ലയനം പ്രാപിച്ചു.
നേരത്തെ പറഞ്ഞ മിക്കവാറും എല്ലാ കാര്യങ്ങളും ഈ സംഭാഷണത്തിലുണ്ട്. ബന്ധങ്ങളുടെയും വികാരങ്ങളുടെയും ഭാഗത്തുനില്ക്കുന്ന, ഒരുപാടു സംസാരിക്കുന്ന പത്മ, വികാരങ്ങളില്ലാത്ത, ഒന്നും തുറന്നു പറയാത്ത രവി. പത്മ മനസ്സിന്റെ കാര്യങ്ങള്‍ പറയാന്‍ വെമ്പുമ്പോള്‍ ”ഉറച്ച” കൈകളില്‍ രവി അവളെ പൊക്കിയെടുക്കുന്നു. അവളുടെ ശരീരത്തിലേക്ക് തന്റെ ശ്രദ്ധതിരിച്ച് അവളെ വസ്തുവത്ക്കരിക്കുന്നു. അവളുണര്‍ത്തുന്ന വികാരങ്ങളില്‍നിന്ന് ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. രവിയുടെ അകല്‍ച്ച പത്മയെ വല്ലാതെ വിഷമിപ്പിക്കുന്നു. അവള്‍ കരഞ്ഞുപോകുന്നു. സ്വന്തം വികാരങ്ങളില്‍നിന്ന് അകന്നു നില്ക്കുന്ന രവിക്ക് പത്മയുടെ വിഷമവും അന്യമാവുന്നു. നിസ്സംഗതയോടെ അയാളവളെ കരയാനനുവദിക്കുന്നു. ആണത്തത്തിന്റെ പൊരുളറിയാതെ, സ്‌നേഹത്തിന്റെ നനവില്ലാതെ, ഒരു മരുഭൂമിയെപ്പോലെ രവി നിശ്ചലം നില്ക്കുന്നു. ആണത്തങ്ങളുടെ കഥകള്‍ നിറയെ ഈ അകല്‍ച്ചയും വരള്‍ച്ചയും വേദനയും തന്നെയാണ്. ഇതിനോടു പൊരുതുന്നതാണ് പല പെണ്‍കഥകളുടെയും ചുരുക്കം.
ഈ കഥകള്‍ മാറില്ലേ? ആണത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളുണ്ടാവുന്നതുതന്നെ മാറ്റത്തിന്റെ സാദ്ധ്യത കാരണമല്ലേ? ഉറച്ച ചട്ടക്കൂടുകളുമായിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ ലോകത്തുതന്നെയാണല്ലോ ചെറുത്തുനില്പ്പുകള്‍ തുളകളുണ്ടാക്കുന്നത്. എന്നാല്‍ കാലത്തിന്റെ പ്രവണതകള്‍ക്കൊത്ത് മാറുന്നതും മാറാതിരിക്കുന്നതും പ്രത്യയശാസ്ത്രങ്ങളുടെ മറ്റൊരു സവിശേഷതയാണ്. ആണത്തങ്ങളിലും ഇതു കാണാം.
പണ്ടത്തെ നാട്ടുജന്മി ഇപ്പോള്‍ ടീഷര്‍ട്ടുമിട്ട്, കുറിയും തൊട്ട്, കമ്പ്യൂട്ടറുമായി മനസ്സുകളെ ഭരിക്കുന്നു.
കുട്ടികളെ ലാളിക്കുന്ന, ഭാര്യയെ സ്‌നേഹിക്കുന്ന Raymond’s Complete Man വിലയേറിയ സൂട്ടിനുള്ളില്‍ ഗൗരവത്തോടെ നിവര്‍ന്നുനിന്ന് പുതിയ ആണത്തത്തിന്റെ പുതിയ അധികാരഭാവത്തെ കുറിക്കുന്നു.
______________________________________
- 1. മൈക്കല്‍ എസ്. കിമല്‍ ചെയ്ഞ്ചിങ് മെന്‍: ന്യൂ ഡിറക്ഷന്‍സ് ഇന്‍ റിസേര്‍ച്ച് ഓണ്‍ മെന്‍ ആന്‍ഡ് മാസ്‌കുലിനിറ്റി (കാലിഫോര്‍ണിയ 1987)
- 2. ആന്‍ഡ്രിയ കോണ്‍വോള്‍. നാന്‍സി ലിന്‍ഡിജോണ്‍, ഡിസ്‌ലൊക്കേറ്റിങ് മാസ്‌കുലിനിറ്റി (ലണ്ടന്‍:1994)
- 3. ആര്‍. മേജേഴ്‌സ്, ജെ.എം. ബില്‍സണ്‍, കൂള്‍ പോസ്: ദ ഡിലമാസ് ഒഫ് ബ്ലാക് മാന്‍ഹുഡ് ഇന്‍ അമേരിക്ക (ന്യൂയോര്‍ക്ക്: 1992); മിഷേല്‍ വാലസ്, ബ്ലാക്ക് മാച്ചൊ ആന്‍ഡ് ദ മിത്ത് ഓഫ് ദ സൂപ്പര്‍വുമണ്‍ (ലണ്ടന്‍: 1979)
- 4. ദൃശ്യതാളം 1. ജനുവരി -ജൂണ്‍ 2001, പുറം 65-73
- 5. ദൃശ്യതാളം പു. 72
- 6. വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ തന്റെ ഭാര്യയാകാന്‍ പോകുന്ന സുന്ദരിയെപ്പറ്റി തളത്തില്‍ ദിനേശന്‍ മനഃശാസ്ത്രജ്ഞനെഴുതുന്നത് ഇങ്ങനെയാണ്. അവളെ ‘കീഴ്‌പ്പെടുത്താ’നുള്ള ഉപദേശമാണ് അയാള്‍ തേടുന്നത്.
- 7. ജോണ്‍ ലിഞ്ച്, ക്രിസ്റ്റോഫര്‍ കില്‍മാര്‍ട്ടിന്‍, ദ പെയ്ന്‍ ബിഹൈന്‍ഡ് ദ മാസ്‌ക്: ഓവര്‍കമിങ് മാസ്‌കുലിന്‍ ഡിപ്രഷന്‍ (ന്യൂയോര്‍ക്ക് 1999)
__________________________________
:- 2004 ൽ, “പച്ചക്കുതിര”യിൽ പ്രസിദ്ധീകരിച്ച ലേഖനം