അരുന്ധതിറോയി: ജിപ്‌സിഗേളും അര്‍ബന്‍ലെജന്റും

അരുന്ധതിറോയി ഒരു കീഴാളപ്രതിനിധാനം പോയിട്ട് അവരോട് അടുപ്പമുള്ള ഒരു പ്രതിനിധാനം പോലുമല്ല. ഒരു സ്ത്രീവാദിയെന്ന നിലയിലോ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലോ അല്ല അവരുടെ ലോക പ്രശസ്തി നിലനില്‍ക്കുന്നത്. ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നൊക്കെയുള്ള മാധ്യമ കല്പനകള്‍ അവരെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടെങ്കിലും കീഴാളരുടെ ശബ്ദരൂപീകരണത്തിനു വേണ്ടിവരുന്ന സങ്കീര്‍ണ്ണതകളോ തടസ്സങ്ങളോ അവരെ അലട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല.

കേരളത്തില്‍ ആധുനികത ഒരു സാഹിത്യപ്രമേയമായ കാലത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കഥാപാത്രമാണ് അശ്വത്ഥാമാവ്. വ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെട്ടെങ്കിലും അടിയറവ് പറയാത്ത പ്രതി ജീവിതത്തിന്റെ ‘കാലാതിവര്‍ത്തിയായ’ പ്രതീകമായി അശ്വത്ഥാമാവ് അക്കാലത്ത് വാഴ്ത്തപ്പെട്ടു. മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഇതേപേരില്‍ ഒരു നോവല്‍  എഴുതുകയും കെ.ആര്‍.മോഹനന്‍ അത് സിനിമയാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിനും സാഹിത്യ-ചലച്ചിത്ര അക്കാദമി അവാര്‍ഡുകള്‍ കിട്ടിയെന്ന് പറയേണ്ടതില്ലല്ലോ.
സ്ഥലത്തില്‍നിന്നും സമുദായത്തില്‍നിന്നും വേര്‍പെടുത്തി സവര്‍ണ്ണപുരുഷന്മാരുടെ കാമനമേഖലയാക്കി സാമൂഹികതയെ മാറ്റുന്ന; ആധുനികതയുടെ അധീശത്വഭാവങ്ങളിലൂടെയാണ് ഇതേപോലുള്ള ലെജന്റുകള്‍ പുനരവതരിപ്പിക്കപ്പെടുന്നത്. അശ്വത്ഥാമാവ് നിരാകരിച്ചു എന്നവകാശപ്പെടുന്ന ക്ഷത്രിയാധികാരത്തിന് മേല്‍ പ്രതിഷ്ഠിക്കപ്പെടാവുന്നതാണോ അയാള്‍ പുനഃസ്ഥാപിക്കാനാഗ്രഹിച്ച ബ്രാഹ്മണാധികാരം എന്ന ചോദ്യമുയരുകയാണെങ്കില്‍ ആധുനികത കെട്ടിപ്പൊക്കിയ ‘സാര്‍വ്വലൗകിക’ പ്രമേയങ്ങളുടെ പൊള്ളത്തരം വെളിപ്പെടുന്നത് കാണാം. ഏതായാലും, ബ്രാഹ്മണരും ക്ഷത്രിയരുമായ വര്‍ണ്ണാശ്രമ ധര്‍മ്മികളുടെ അധികാരത്തെ കീഴാളപക്ഷത്തുനിന്നും സ്ത്രീപക്ഷത്തുനിന്നും വെല്ലുവിളിച്ചവരാരും അശ്വത്ഥാമാവിനെപോലുള്ളവരുടെ വ്യവസ്ഥാലംഘനങ്ങളെ മഹത്വവല്‍ക്കരിച്ചിട്ടില്ല. ഇതിനുകാരണം, ഹിംസാത്മകമായ വ്യവസ്ഥയോട് എതിരിടാന്‍ കൂടുതല്‍ ഹിംസാത്മകമായ മറുയുക്തികള്‍ തേടുന്നതിന്റെ നീതിയില്ലായ്മയെ പറ്റി അവര്‍ക്ക് ബോധ്യമുള്ളത് കൊണ്ടുതന്നെയാണ്.
ഈ കാര്യം ഇവിടെ എഴുതുന്നത്, അരുന്ധതിറോയി തിരുവനന്തുപുരത്ത് നടത്തിയ ഗാന്ധി വിമര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് കണ്ണിചേര്‍ത്താണ്.
ഇന്ത്യയിലെ വ്യവസ്ഥാവിരുദ്ധ ബുദ്ധിജീവികളില്‍ താരമൂല്യമുള്ളയാളും വര്‍ഷങ്ങളായി തുടരുന്ന പ്രതി/ബദല്‍ ചിന്തകളുടെ പേരില്‍ മാധ്യമവല്‍ക്കരിക്കപ്പെട്ട പ്രതീകവുമാണ് അരുന്ധതി റോയി. കേരള സര്‍വ്വകലാശാലയുടെ ‘അയ്യങ്കാളി ചെയര്‍’ ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഗാന്ധിനിന്ദയാണെന്ന മട്ടിലുള്ള എതിര്‍പ്പുകള്‍ രൂപപ്പെട്ടു. കോണ്‍ഗ്രസ്സ് – ബി.ജെ.പി നേതാക്കന്മാരെയും ഉന്നതപദവിയിലുള്ള പലരെയും വിമര്‍ശിക്കുകയെന്നത് അരുന്ധതി റോയി ഘടനാപരമായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഇടപാടാണ്. അതിനാല്‍ എതിര്‍പ്പുകള്‍ അവര്‍ പ്രതീക്ഷിക്കുന്നത് തന്നെയാണെന്നാണ് കരുതേണ്ടത്. എന്നാല്‍, അരുന്ധതിറോയി ഗാന്ധിവിമര്‍ശനം നടത്തിയതിന്റെ തിരിച്ചടിയായി പുതിയൊരു സാംസ്‌കാരിക അടിയന്തിരാവസ്ഥ കേരളത്തില്‍ നിലവില്‍വന്നു എന്ന രീതിയില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ പലതും അവരുടെ മാധ്യമപ്രതീതിയെ പെരുപ്പിക്കാന്‍ ഉദ്ദേശിക്കപ്പെട്ടതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അരുന്ധതിറോയിയുടെ ഗാന്ധിവിമര്‍ശനത്തെ പരമാവധി അതിഭാവുകത്വത്തോടെ വര്‍ണ്ണിച്ചുകൊണ്ടുള്ള തലക്കെട്ടുകളുടെ പിന്നാലെയാണ് അവര്‍ ‘ഇര’യാക്കപ്പെടുന്നു എന്ന മുറവിളിയും ഉയര്‍ന്നതെന്നത് യാദൃശ്ചികമല്ല.
ഇതേ സമയം, മാധ്യമപ്രതീതികള്‍ക്കപ്പുറം പ്രത്യക്ഷപ്പെട്ട ചില കാര്യങ്ങളാണ് അധികമാരും കാണാതെ പോകുന്നത്.
സാമൂഹികമായ ജ്ഞാനത്തെ ഉല്‍പാദിപ്പിക്കാന്‍ യോഗ്യതയുള്ളവര്‍ സവര്‍ണ്ണര്‍ മാത്രമാണെന്ന് കരുതുന്ന അടഞ്ഞ ചിന്താഗതിക്കാര്‍ ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തില്‍. അരുന്ധതിറോയി നടത്തിയ ഗാന്ധിവിമര്‍ശനത്തെ മാത്രം ശ്രദ്ധിക്കുകയും മറ്റുള്ളവര്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങളെ കണക്കിലെടുക്കാന്‍ കഴിയാത്ത വിധത്തില്‍ പൊതുബോധത്തിനടിപ്പെട്ടവരാണ് അവര്‍. ഇതേപോലെ ദലിത് സമുദായത്തിനകത്ത് ജാതി – ഉപജാതി സങ്കൂചിതത്വം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളും നിരവധിയാണ്. ദലിത്‌വാദം ഏറ്റവുമധികം പ്രതിരോധിക്കുന്നത് ഇവരെയാണ്.   ചുരുക്കം ചില മാധ്യമ കാല്പനികര്‍ ഒഴിച്ചാല്‍ അരുന്ധതി റോയിയുടെ ഗാന്ധിവിമര്‍ശനത്തിലെ സാമ്പ്രദായികതയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് ഈ രണ്ടു കൂട്ടര്‍ക്കുമാണ്. തല്‍ഫലമായി ”ഗാന്ധിരക്ഷകരായി” നടിക്കുകയും കോടതി-പോലീസ് നടപടികളുടെ ഉമ്മാക്കി കാണിക്കുകയും ചെയ്യുന്നവരുടെ അതേ ചരടില്‍ കോര്‍ക്കാവുന്ന ചിലര്‍ ദലിത് വാദികളായി രംഗപ്രവേശം നടത്തി.
ഈ പ്രത്യക്ഷത കുറച്ചു സൂക്ഷ്മ തലത്തില്‍ അന്വേഷിക്കേണ്ടതാണ്.
1980-കളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ട അംബേദ്കറൈറ്റ് വ്യവഹാരങ്ങളുടെ ഏറ്റവും വലിയ പരാധീനത അവ ‘ഗാന്ധിവിരുദ്ധത’ എന്ന ഒറ്റ അജണ്ടയില്‍ കേന്ദ്രീകരിച്ചുവെന്നതാണ്. ഇത്തരത്തിലുള്ള മുരടിച്ച അവസ്ഥകളോട് കലഹിച്ചും തിരുത്തലുകള്‍ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയുമാണ് പുതിയൊരു ധൈഷണിക-രാഷ്ട്രീയ  കര്‍ത്തൃത്വം ദലിത് സമുദായത്തിനുള്ളില്‍ വികസിച്ചു വന്നത്. ഇവര്‍ ദലിത് പ്രശ്‌നങ്ങളെ ആരുടെയെങ്കിലും കുറ്റമായും കുറവായും ഉന്നയിക്കുന്നതിനുപകരം; നിലനില്ക്കുന്ന അധികാരഘടനയിലും ചരിത്രപരമായി രൂപപ്പെട്ട സാമുദായിക-രാഷ്ട്രീയ ഭൂപടത്തിലും കണ്ടെത്താന്‍ ശ്രമിച്ചു. ഇതോടെ കേവലമായ ‘ഗാന്ധിവിരുദ്ധത’ ‘സവര്‍ണ്ണവിരുദ്ധത’ ‘മാര്‍ക്‌സ് വിരുദ്ധത’ മുതലായ സാമ്പ്രദായിക നിലപാടുകള്‍ ഉപേക്ഷിക്കപ്പെടുകയും, തല്‍സ്ഥാനത്ത് വിമര്‍ശനചിന്തയെ മുന്‍നിര്‍ത്തിയള്ള വിശകലനങ്ങള്‍ ഉപയോഗിക്കാനും ആരംഭിച്ചു. മാത്രമല്ല, കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി ദലിതരുടെ സാമൂഹികമായ ചലനാത്മകതയില്‍ ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ സമരങ്ങളും സംവാദങ്ങളും സഹവര്‍ത്തിത്വങ്ങളും പുതുക്കി നിര്‍ണ്ണയിക്കണമെന്ന ചര്‍ച്ചകളും സജീവമായി.
ഏജന്‍സിയിലുള്ള പുനര്‍നിര്‍മ്മിതി നടക്കുന്നത് ഒട്ടേറെ പൊളിച്ചെഴുത്തുകള്‍ക്കൊപ്പം വീണ്ടെടുപ്പുകളിലൂടെയുമാണ്. അതിനാല്‍, മുകളില്‍ പറഞ്ഞ വിധത്തില്‍ ദലിത് വ്യവഹാരത്തിലുണ്ടായ തിരുത്തലുകള്‍ നവവരേണ്യവാദമായും സാധാരണക്കാരോട് ബന്ധമില്ലാത്ത ബുദ്ധിജീവികളുടെ ഭാഷണ വൈകല്യമായും കുറ്റപ്പെടുത്താന്‍ എളുപ്പമായി മാറി. ഇങ്ങനെയുള്ള സങ്കീര്‍ണ്ണമായ ഘട്ടങ്ങളെ അഭിമൂഖീകരിക്കാനാവാതെ എണ്‍പതുകളില്‍ തന്നെ ഇപ്പോഴും തറഞ്ഞുനില്‍ക്കുന്നവരോട്  സംസാരിക്കുകയാണ് അരുന്ധതിറോയി ചെയ്തത്.

  • ഗാന്ധിവിമര്‍ശനത്തിന്റെ പശ്ചാത്തലം

അരുന്ധതിറോയിയുടെ ഗാന്ധിവിമര്‍ശനം നടന്ന അതേ വേദിയില്‍ കേരളത്തിലെ പ്രധാനപ്പെട്ട ദലിത് ബുദ്ധിജീവികളിലൊരാളായ സണ്ണി.എം.കപിക്കാട്, അയ്യങ്കാളിയെയും ഗാന്ധിയെയും താരതമ്യപ്പെടുത്തുന്നതിലെ അസ്വഭാവികതയെ പറ്റി സൂചിപ്പിച്ചിരുന്നു. ഇതിലൂടെ അയ്യങ്കാളി അപ്രസക്തമാവുകയും അരുന്ധതിറോയിയും ഗാന്ധിയുമെന്ന രണ്ട് വിവാദ കേന്ദ്രങ്ങള്‍ നിലനില്ക്കുകയാവും ഫലമെന്നും അദ്ദേഹം പറയുകയും ചെയ്തു. ഇതുതന്നെയാണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം.
ഇതേ സമയം, അരുന്ധതി റോയിയുടെ  ഗാന്ധിവിമര്‍ശനം യാദൃശ്ചികമായി നടന്നതല്ലെന്നതാണ് നാമറിയേണ്ടത്.
ഡല്‍ഹിയിലെ ‘നവയാന പബ്ലിക്കേഷന്‍സ്’ അംബേദ്കറിന്റെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’1 എന്ന പുസ്തകം പുനഃപ്രസിദ്ധീകരിച്ചു. പബ്ലിഷറായ ആനന്ദ് തയ്യാറാക്കിയ അനോട്ടേഷനുകളും അരുന്ധതിറോയി എഴുതിയ ആമുഖവുമാണ് പുസ്തകത്തിന്റെ പുതുമയായി പ്രചരിക്കപ്പെട്ടത്. പുസ്തകമിറങ്ങുന്നതിന് മുമ്പേ ഇന്ത്യയിലെ രണ്ട് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അരുന്ധതിറോയിയുടെ ആമുഖം ആഘോഷപൂര്‍വ്വം പ്രസിദ്ധീകരിക്കുകയുണ്ടായി.
ഈ ആമുഖത്തെ മുന്‍നിര്‍ത്തി ഹൈദരാബാദിലെ ‘ദലിത് ക്യാമറ’ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പും അവരുടെ ഒപ്പമുള്ള ദലിതരും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികളും അരുന്ധതിറോയിയോട് പന്ത്രണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. ചോദ്യങ്ങള്‍ മിക്കതും അംബേദ്കറെയും ഗാന്ധിയെയും സമാന്തരതകളായി കാണുന്ന യാഥാസ്ഥിതിക നിലപാട് അരുന്ധിതറോയിയും തുടരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായിരുന്നു. ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന വളരെ പ്രത്യേകതകളുള്ള ഒരു ഗ്രന്ഥത്തിന് ആമുഖമെഴുതാന്‍ ഗവേഷകയെന്ന നിലയിലോ മറ്റേതെങ്കിലും തരത്തിലോ അരുന്ധതിറോയിക്കുള്ള പ്രതിനിധാനപരതയിലും അവര്‍ സംശയമുന്നയിച്ചു.

__________________________________
AOC ആമുഖം കൂടുതലായി വായിക്കപ്പെട്ടതോടെ ദലിത് ഗവേഷകരും രാഷ്ട്രീയ-സംഘടനപ്രവര്‍ത്തകരും മാത്രമല്ല, സവര്‍ണ്ണരും അവര്‍ണ്ണരും മുസ്ലീംങ്ങളും ക്രിസ്ത്യാനികളുമായ പുതുതലമുറയില്‍പെട്ട നിരവധി സാമൂഹിക ചിന്തകരും ആക്ടിവിസ്റ്റുകളും കടുത്ത വിയോജിപ്പ് രേഖപ്പെടുത്താന്‍ തുടങ്ങി. ഇതോടെ, അരുന്ധതിറോയി ഒരു സവര്‍ണ്ണയായതിനാല്‍ അംബേദ്കറെ തൊടാന്‍ ദലിതര്‍ അനുവദിക്കുന്നില്ലെന്ന വ്യാജപ്രചാരണവുമായി ‘ഹിന്ദുപത്രം’ രംഗത്തുവന്നു. ദലിത് വിമര്‍ശനങ്ങളെ ജാതിമനോഭാവമായി തരംതാഴ്ത്തുകയെന്ന ലിബറല്‍ ഇടതുപക്ഷ യുക്തിയായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ വസ്തുതയെന്താണ്?
__________________________________

AOC ആമുഖം കൂടുതലായി വായിക്കപ്പെട്ടതോടെ ദലിത് ഗവേഷകരും രാഷ്ട്രീയ-സംഘടനപ്രവര്‍ത്തകരും മാത്രമല്ല, സവര്‍ണ്ണരും അവര്‍ണ്ണരും മുസ്ലീംങ്ങളും ക്രിസ്ത്യാനികളുമായ പുതുതലമുറയില്‍പെട്ട നിരവധി സാമൂഹിക ചിന്തകരും ആക്ടിവിസ്റ്റുകളും കടുത്ത വിയോജിപ്പ് രേഖപ്പെടുത്താന്‍ തുടങ്ങി. ഇതോടെ, അരുന്ധതിറോയി ഒരു സവര്‍ണ്ണയായതിനാല്‍ അംബേദ്കറെ തൊടാന്‍ ദലിതര്‍ അനുവദിക്കുന്നില്ലെന്ന വ്യാജപ്രചാരണവുമായി ‘ഹിന്ദുപത്രം’ രംഗത്തുവന്നു. ദലിത് വിമര്‍ശനങ്ങളെ ജാതിമനോഭാവമായി തരംതാഴ്ത്തുകയെന്ന ലിബറല്‍ ഇടതുപക്ഷ യുക്തിയായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ വസ്തുതയെന്താണ്? ഇന്ത്യയിലെ ദലിത് വൈജ്ഞാനിക രംഗത്ത് ഇടപെടുന്ന എത്രയോ സവര്‍ണ്ണ സ്ത്രീകളുണ്ട്. ഉമാചക്രവര്‍ത്തി, സൂസിതാരു, നിവേദിത മേനോന്‍, ഗെയ്ല്‍ ഓം വേദ്ത്ത് മുതലായവരോട് ഇല്ലാത്ത ജാതിവിദ്വേഷം അരുന്ധതിറോയിയോട് ഉണ്ടായെന്നു പറയുന്നത് ദുരാരോപണം മാത്രമാണ്.
അരുന്ധതിറോയിയോടുള്ള വിമര്‍ശനമുയര്‍ന്നത് ജാതികേന്ദ്രങ്ങളില്‍ നിന്നുമായിരുന്നില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും, എന്തുകൊണ്ടാണ് ബോധപൂര്‍വ്വമായി നടത്തുന്ന എതിര്‍പ്രചാരണങ്ങള്‍ക്ക് വലിയ പൊതുസമ്മതി കിട്ടുന്നത്?
സവര്‍ണ്ണരിലെ താരപദവിയുള്ളവരെ കീഴാളര്‍ വിമര്‍ശിക്കുമ്പോള്‍ അവര്‍ ഇരകളാക്കപ്പെടുന്നതായിട്ടാണ് മാധ്യമങ്ങള്‍ വര്‍ണ്ണിക്കുന്നത്. വിമര്‍ശനങ്ങളാവട്ടെ അപരിഷ്‌കൃതുടെ കടന്നാക്രമണമായും ചിത്രീകരിക്കപ്പെടുന്നു. അഴിമതിയെ സാമാന്യവല്‍ക്കരിക്കുന്നതില്‍ ആഷിഷ് നന്ദിക്ക് പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോഴും ‘വിശ്വരൂപം’ എന്ന സിനിമയുടെ പേരില്‍ കമലാഹാസന് നേരിടേണ്ടിവന്ന വിമര്‍ശനങ്ങളിലും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതിനുപകരം ആ വ്യക്തികളുടെ താരപദവിയെ സംരക്ഷിക്കാനാണ് മാധ്യമങ്ങളും സവര്‍ണ്ണപൊതുബോധവും ശ്രമിച്ചതെന്നത് വസ്തുതയാണ്. ഗാന്ധിയും ഇം.എം.എസും പോലുള്ളവര്‍ കീഴാളരോട് നടത്തിയിട്ടുള്ള ‘ധൈഷണികമായ വയലന്‍സ്’ വളരെ മുന്‍പേ തന്നെ തിരിച്ചറിഞ്ഞതാണെങ്കിലും അതൊരിക്കലും പൊതുചര്‍ച്ചയാകാതിരിക്കുന്നതിനുള്ള കാരണവും മറ്റൊന്നുമല്ല. ഇതേ സുരക്ഷിതത്വം അരുന്ധതിറോയിക്കും കിട്ടുന്നതിനാലാണ് അവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ചിലരുടെ ജാതി മനോഭാവം മാത്രമായി ഇനം തിരിക്കപ്പെടുന്നത്.
അരുന്ധതിറോയിയെ പോലുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഉള്‍ക്കൊള്ളുന്ന പൊതുസമ്മതിയുടെ രാഷ്ട്രീയത്തെ കീഴാളര്‍ തുറന്നുകാട്ടുമ്പോള്‍, വസ്തുതകള്‍ പരിശോധിക്കാതെ ദുരാരോപണങ്ങളുമായി രംഗത്ത് വരുന്നത് ആനന്ദ് ടെല്‍ഡുംഡേ പോലുള്ള ലിബറല്‍ മാര്‍ക്‌സിസ്റ്റ് എഴുത്തുകാരാണെന്നത് യാദൃശ്ചികതയല്ല.
തങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന വര്‍ഗ്ഗവിപ്ലവത്തെ തുരങ്കം വെച്ച സാമ്രാജ്യത്വഏജന്റാണ് അംബേദ്കര്‍ എന്നാണ് പണ്ടത്തെ കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിച്ചത്. അതേയുക്തിയില്‍ അരുന്ധതിറോയി നടത്താന്‍ പോകുന്ന കോര്‍പ്പറേറ്റ് വിരുദ്ധ വിമോചന ദൗത്യത്തെ തടസ്സപ്പെടുത്തുന്ന നവവരേണ്യരാണ് ദലിത്ബുദ്ധിജീവികളും പുതുതലമുറയിലെ സാമൂഹികചിന്തകരും ആക്ടിവിസ്റ്റുകളും എന്ന് അദ്ദേഹം വിലയിരുത്തി. ഏറ്റവും രസകരമായ കാര്യം, ദലിത് ക്യാമറയിലെ വിദ്യാര്‍ത്ഥികള്‍ ചോദിച്ചത് അരുന്ധതി റോയിക്ക് ധാര്‍മ്മികമായും വൈജ്ഞാനികമായും സമീപിക്കാവുന്ന ഒരു പുസ്തകമാണോ AOC എന്നാണ്. ആനന്ദ് ടെല്‍ഡുംഡേ അതിനു മറുപടി പറയുന്നത്; അരുന്ധതിറോയിയുടെ പ്രശസ്തിയെ പ്രസാധകന്‍ ഭംഗിയായി ബിസിനസ്സ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ്. കോര്‍പ്പറേറ്റ് വിരുദ്ധര്‍ ബിസിനസ്സ് നടത്തുന്നതിനെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് , അരുന്ധതിറോയിയുടെ പഠനത്തെ AOC യുടെ ആമുഖമാക്കുന്നതിനു പകരം സ്വതന്ത്രമായ ഒരു പുസ്തകമാക്കി ബിസിനസ്സ് ചെയ്യുകയാണ് നീതിയും ധര്‍മ്മവും എന്നു പറയാന്‍ മാത്രമേ വിമര്‍ശര്‍ ആഗ്രഹിക്കുന്നുള്ളു.
ചുരുക്കിപ്പറഞ്ഞാല്‍, അരുന്ധതിറോയിയുടെ ഇടപെടലുകള്‍ക്ക് മേല്‍ അഖിലേന്ത്യതലത്തില്‍ ദലിത് പക്ഷത്തുനിന്നും പുതുതലമുറയിലെ വൈജ്ഞാനിക സമൂഹത്തില്‍ നിന്നും ഉണ്ടായ പൊളിച്ചെഴുത്തുകള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നത് മറച്ചുപിടിക്കാനാണ് ഗാന്ധിയെപറ്റിയുളള പരാമര്‍ശങ്ങള്‍ അവര്‍ക്ക് തിരുവനന്തപുരത്ത് വെച്ചു പുനരാവര്‍ത്തിക്കേണ്ടിവന്നത്.

  • ജിപ്‌സിഗേളും അര്‍ബന്‍ ലെജന്റും

AOC വിവാദം മുറുകിയോടെ, അരുന്ധതിറോയിയെന്ന അന്തര്‍ദേശീയ പ്രശസ്തയായ വ്യക്തി അംബേദ്കറെ പരാമര്‍ശിക്കുന്നതിനെ ഒരു സാധ്യതയായി കാണാനാവില്ലേ എന്ന സന്ദേഹം ഒരുപാട് പേര്‍ ഉന്നയിക്കുകയുണ്ടായി.
ഇവിടെ ഓര്‍ക്കേണ്ടത്, കീഴാളര്‍ മാത്രമല്ല സ്ത്രീകളും ന്യൂനപക്ഷങ്ങളും നടത്തുന്ന സമരങ്ങളുടെയും സംവാദങ്ങളുടെയും അനിവാര്യഭാഗമാണ് പ്രതിനിധാനരാഷ്ട്രീയമെന്ന വസ്തുതയാണ്. നിലനില്‍ക്കുന്ന അധികാര രാഷ്ട്രീയത്തെ വിമര്‍ശിച്ചും വികേന്ദ്രീകരിച്ചും അതില്‍ പങ്കാളിത്തമുറപ്പിച്ചും തങ്ങളുടെ ഇടം വര്‍ദ്ധിപ്പിക്കുകയെന്ന ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഈ ജനവിഭാഗങ്ങള്‍ ചരിത്രത്തില്‍ പ്രതിപ്രവര്‍ത്തിക്കുന്നത്. ഗാന്ധിയുടെ ഹരിജനോദ്ധാരണത്തെയും മാര്‍ക്‌സിസ്റ്റുകളുടെ പോഷക പ്രവര്‍ത്തനങ്ങളെയും ദലിതര്‍ നിരസിക്കുന്നതും,  സോഷ്യലിസ്റ്റ് ഫെമിനിസം പോലുള്ള വ്യാജനിര്‍മ്മിതികളെ സ്ത്രീവാദികള്‍ അംഗീകരിക്കാത്തതും അവ രൂപപ്പെടുത്തിയവര്‍ക്ക് പ്രശസ്തി കുറവായതിനാലല്ല. മറിച്ച്, കര്‍ത്തൃത്വവും പ്രതിനിധാനവും കീഴാള രാഷ്ട്രീയത്തിന്റെ മുഖ്യവശമായതിനാലാണ്.
അരുന്ധതിറോയി ഒരു കീഴാളപ്രതിനിധാനം പോയിട്ട് അവരോട് അടുപ്പമുള്ള ഒരു പ്രതിനിധാനം പോലുമല്ല. ഒരു സ്ത്രീവാദിയെന്ന നിലയിലോ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലോ അല്ല അവരുടെ ലോക പ്രശസ്തി നിലനില്‍ക്കുന്നത്. ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നൊക്കെയുള്ള മാധ്യമ കല്പനകള്‍ അവരെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടെങ്കിലും കീഴാളരുടെ ശബ്ദരൂപീകരണത്തിനു വേണ്ടിവരുന്ന സങ്കീര്‍ണ്ണതകളോ തടസ്സങ്ങളോ അവരെ അലട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല.

____________________________________
യൂറോപ്പിലെ വെള്ളക്കാരായ ആണുങ്ങളിലും ഇന്ത്യയിലെ മേല്‍ജാതിക്കാരായ ആണുങ്ങളിലും വേരോട്ടമുള്ള പ്രതി/ബദല്‍ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഭരണകൂടത്തെയും സിവില്‍ സ്ഥാപനങ്ങളെയും സംസ്‌കാരരൂപീകരണത്തെയും കാണുന്നതെന്ന് അവരുടെ പുസ്തകങ്ങളും സംഭാഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മേല്‍പ്പറഞ്ഞ പ്രതി/ബദല്‍ സങ്കല്പനങ്ങള്‍ അധീശത്വപരമായ പാശ്ചാത്യ വൈരുദ്ധ്യവാദത്തിന്റെ ഉപോല്‍പ്പന്നം മാത്രമാണെന്നതാണ് വസ്തുത. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനോ ബഹുത്വങ്ങളെ തിരിച്ചറിയാനോ അതിന് സാധ്യമല്ല. ലോകമെമ്പാടുമുള്ള അരികുവല്‍കൃത ജനതകളും കീഴാളസ്ത്രീകളും പ്രതിനിധാന രാഷ്ട്രീയമുയര്‍ത്തുന്നത് വൈരുദ്ധ്യവാദത്തെ അട്ടിമറിച്ചുകൊണ്ടാണ്. ഇത്തരം അട്ടിമറികളെയും വൈവിധ്യങ്ങളുടെ പ്രത്യക്ഷപ്പെടലുകളെയും ‘ഹൊറാറായി’ ഉള്‍ക്കൊള്ളുന്നതാണ്  അരുന്ധതിറോയിയുടെ ആക്ടിവിസത്തിന്റെ മറുവശം.
____________________________________

യൂറോപ്പിലെ വെള്ളക്കാരായ ആണുങ്ങളിലും ഇന്ത്യയിലെ മേല്‍ജാതിക്കാരായ ആണുങ്ങളിലും വേരോട്ടമുള്ള പ്രതി/ബദല്‍ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഭരണകൂടത്തെയും സിവില്‍ സ്ഥാപനങ്ങളെയും സംസ്‌കാരരൂപീകരണത്തെയും കാണുന്നതെന്ന് അവരുടെ പുസ്തകങ്ങളും സംഭാഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മേല്‍പ്പറഞ്ഞ പ്രതി/ബദല്‍ സങ്കല്പനങ്ങള്‍ അധീശത്വപരമായ പാശ്ചാത്യ വൈരുദ്ധ്യവാദത്തിന്റെ ഉപോല്‍പ്പന്നം മാത്രമാണെന്നതാണ് വസ്തുത. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനോ ബഹുത്വങ്ങളെ തിരിച്ചറിയാനോ അതിന് സാധ്യമല്ല. ലോകമെമ്പാടുമുള്ള അരികുവല്‍കൃത ജനതകളും കീഴാളസ്ത്രീകളും പ്രതിനിധാന രാഷ്ട്രീയമുയര്‍ത്തുന്നത് വൈരുദ്ധ്യവാദത്തെ അട്ടിമറിച്ചുകൊണ്ടാണ്. ഇത്തരം അട്ടിമറികളെയും വൈവിധ്യങ്ങളുടെ പ്രത്യക്ഷപ്പെടലുകളെയും ‘ഹൊറാറായി’ ഉള്‍ക്കൊള്ളുന്നതാണ്  അരുന്ധതിറോയിയുടെ ആക്ടിവിസത്തിന്റെ മറുവശം.
ഇപ്രകാരം, കീഴാള രാഷ്ട്രീയത്തിന്റെ എതിര്‍അറ്റത്തെ പ്രതിനിധാനം ചെയ്യുന്ന അരുന്ധതിറോയിയുടെ സാര്‍വ്വദേശീയ പ്രശസ്തി ഉപകരിക്കപ്പെടുക പാര്‍ശ്വവത്കൃതരുടെ ശബ്ദത്തെ ഉയര്‍ത്താനല്ല, ഉള്ളതിനെ ഇല്ലായ്മ ചെയ്യാനാണ്.
അംബേദ്കര്‍ അടക്കമുള്ള ഇന്ത്യയിലെ ആന്റി കാസ്റ്റ് ബുദ്ധിജീവികള്‍ പൊതുവ്യക്തിത്വങ്ങളായി മാറുകയും അവരുടെ ആശയങ്ങള്‍ വളരെ പതുക്കെയാണെങ്കിലും ബഹുജനവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതിനു പിന്നില്‍ സാമൂഹിക വിപ്ലവത്തിന്റെ അലയടികളുണ്ട്. ഏറ്റവും അടിത്തട്ടിലെ ജനതയുടെ ഇച്ഛ പ്രവര്‍ത്തിച്ചതിന്റെ അടയാളങ്ങളുണ്ട്. ഇതേ സമയം, അരുന്ധതിറോയിയുടെ ദൃശ്യത രൂപപ്പെട്ടതും അവരുടെ പുസ്തകങ്ങള്‍ ആഘോഷമാവുന്നതും മറ്റൊരു തരത്തിലാണ്.
കോര്‍പ്പറേറ്റുകളുടെ ശത്രുപക്ഷത്താണ് അരുന്ധതിറോയി നില്‍ക്കുന്നതെങ്കിലും അവരുടെ മുഴുവന്‍ പ്രശസ്തിയും പ്രമാണികതയും നിര്‍ണ്ണയിക്കുന്നത് കോര്‍പ്പറേറ്റ് മാധ്യമങ്ങളാണെന്ന വിരോധാഭാസം ആശ്ചര്യകരമാണ്. ആദ്യകാലം മുതലേയുള്ള ആരാധകരുടെ കുറിപ്പുകള്‍ മുതല്‍ ഇപ്പോഴത്തെ ‘വിക്കീപീഡിയ’ പരാമര്‍ശങ്ങളില്‍ വരെ അരുന്ധതിറോയി പ്രതിനിധാനപ്പെടുന്നത്; കല്‍ക്കട്ട തെരുവില്‍ പാട്ടപെറുക്കി ഉപജീവനം കഴിക്കുകയും ടെന്റ് കെട്ടി താമസിക്കുകയും ചെയ്ത ഒരു ‘ജിപ്‌സിഗേള്‍’ ഇമേജിലൂടെയാണ്. ജാതിവ്യവസ്ഥ നല്‍കുന്ന പ്രതീകാത്മക മൂലധനങ്ങളെയും മുതലാളിത്തം നല്‍കുന്ന ഭൗതിക മേന്മകളെയും ഒരേപോലെ സംവഹിക്കുകയും, എന്നാല്‍ അതില്‍നിന്നും സ്വയം വിമോചിക്കപ്പെട്ടതാണെന്ന തോന്നലുളവാക്കാനും കഴിയുന്നതാണ് മേല്‍പ്പറഞ്ഞ ഇമേജ്.
ഒന്നുകൂടെ  സൂക്ഷിച്ചു നോക്കിയാല്‍, ഉപരിവര്‍ഗ്ഗ നാഗരിക കാമനകളിലും കീഴാളസ്ത്രീയുടെ സ്വത്വനിരാസങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഒരു അര്‍ബന്‍ ലെജന്റായിട്ടാണ് അരുന്ധതിറോയി പ്രതീകവല്‍ക്കരിക്കപ്പെട്ടിരിക്കുന്നതെന്നു കാണാം. ഇതിനു കൂടുതല്‍ അടുപ്പമുള്ളത് ഗാന്ധിയുടെ പ്രതീകവല്‍ക്കരണത്തോടാണ്. ‘അര്‍ദ്ധനഗ്നനായ ഫക്കീര്‍’ എന്ന സ്ഥാനം കിട്ടുന്നതിനു മുമ്പേ തന്നെ ഇന്ത്യയിലെ വിദ്യാസമ്പന്നരായ സവര്‍ണ്ണരും കുത്തകമുതലാളിത്ത മാധ്യമങ്ങളും ഗാന്ധിയെ ഒരു ഐതീഹ്യകഥാപാത്രമാക്കി മാറ്റിയെന്നു ഷാഹിദ് അമീന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.2 ഒരു പക്ഷേ, അരുന്ധതിറോയിയുടെ ആമുഖത്തിലെ ഏറ്റവും നന്നായി വിനിമയം ചെയ്യുന്ന ഭാഗം ഗാന്ധിയുടെ ‘മഹാത്മ’ പദവിയെ പറ്റിയുള്ള പ്രതിപാദ്യമാണെന്നു തോന്നുന്നു. എന്നാല്‍ ഇതേ ഇമേജ് നിര്‍മ്മിതിയുടെ വംശ/വര്‍ഗ്ഗപരതയാണ് അരുന്ധതിറോയിയെയും സമ്മര്‍ദ്ദപ്പെടുത്തുന്നതെന്നതാണ് ദൗര്‍ഭാഗ്യകരം.

  • ജ്ഞാനപരതയോ സൂപ്പര്‍ ഈഗോയോ

1980കളോടെ ഇന്ത്യയിലെ കീഴാളപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയാ ധികാരത്തില്‍ പങ്കാളിത്തം നേടുന്നതിനുള്ള ശ്രമമാരംഭിച്ചു. ഈ ഘട്ടത്തില്‍ ദേശീയബോധത്തിലുണ്ടായ പെടാപെടപ്പുകളെപറ്റി എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അക്കാലത്തെ ബദല്‍രാഷ്ട്രീയവും തീവ്രഇടതുപക്ഷധാരകളും ഇത്തരം ശ്രമങ്ങളോട് കാണിച്ച പൊതുനിലപാടാണ് ഇവിടെ പരിഗണിക്കുന്നത്.
നിലനില്ക്കുന്ന വ്യവസ്ഥ പുത്തന്‍കൊളോണിയല്‍ അധിനിവേശം മൂലം അടിമുടി ജീര്‍ണ്ണിക്കപ്പെട്ടു കഴിഞ്ഞു. ഈ വ്യവസ്ഥയില്‍ കീഴാളര്‍ അധികാരപങ്കാളിത്തത്തിനു വേണ്ടി ശ്രമിക്കുകയെന്നതിനര്‍ത്ഥം സര്‍വ്വവ്യാപിയായ ദുഷിപ്പിന്റെ ഭാഗമാവുകയെന്നത് മാത്രമാണ്. അതിനാല്‍, അധികാരത്തോട് വിരക്തി പുലര്‍ത്തുന്ന ഒരു ജൈവസാന്നിധ്യമായി മാറിക്കൊണ്ട് മുതലാളിത്ത ജീര്‍ണ്ണതകളെ പ്രതിരോധിക്കുകയെന്ന ബദല്‍നിര്‍ദേശമാണ് അവര്‍ വെച്ചത്.
എണ്‍പതുകളിലെ ബദല്‍സാഹിത്യം വായിച്ചാല്‍ ഇന്ത്യയിലെ അബ്രാഹ്മണജ്ഞാനധാരകളെയോ ജാതിവിരുദ്ധസമരങ്ങളെയോ കാണാന്‍ കഴിയില്ല. ദേശീയപ്രസ്ഥാനത്തിന്റെ പൂര്‍വ്വകാലമഹത്വവും ഗാന്ധിയും മാവോയുമെന്ന ആശയസ്രോതസ്സുകളും മാത്രമാണ് കണ്ടെത്താനാവുക. പുത്തന്‍കോളനീകരണത്തോട് ഇന്ത്യയിലെ വിശാല ബഹുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതിരോധമല്ല, മറിച്ചു മുതലാളിത്തപരിവര്‍ത്തനങ്ങള്‍ ചില ലിബറല്‍വിഭാഗങ്ങള്‍ക്കിടയില്‍ ഏല്പിച്ച അങ്കലാപ്പുകളാണ് ബദല്‍പ്രമേയ ങ്ങളായി പ്രത്യക്ഷപ്പെട്ടതെന്ന് ചുരുക്കം. സ്വാഭാവികമായും, അക്കാലത്തെ ബൂര്‍ഷ്വാജനാധിപത്യത്തിന്റെ സാധ്യതകളിലും അസാധ്യകളിലും ഊന്നിയ കീഴാളപ്രസ്ഥാനങ്ങള്‍ ബദല്‍രാഷ്ട്രീയത്തോട് വലിയ ആഭിമുഖ്യം കാണിക്കുകയുണ്ടായില്ല.
ഇത്തരം ബദല്‍പ്രമേയങ്ങളെ ലിബറല്‍ അങ്കലാപ്പുകളില്‍ നിന്നും മാറ്റി, ഫ്യൂഡല്‍അബോധമായും സവര്‍ണ്ണസൂപ്പര്‍ഈഗോയുമാക്കി പുനര്‍പ്രക്ഷേപണം ചെയ്യുകയെന്നതാണ് അരുന്ധതിറോയിയുടെ സമീപകാല ആക്ടിവിസങ്ങള്‍. വളരെയധികം ഏകാധിപത്യപരമായ ഇതേ ആക്ടിവിസത്തിന്റെ ഭാഗമായാണ് എ.ഒ.സിയുടെ ആമുഖവും തിരിച്ചറിയപ്പെടുന്നത്.
മുന്‍കാല ബദല്‍രാഷ്ട്രീയത്തിന്റെ ആള്‍ക്കാര്‍ പുത്തന്‍ കോളനീകരണം എന്ന ദേശീയവിപത്തിനെ മുന്‍നിര്‍ത്തി കീഴാളരുടെ അധികാരപങ്കാളിത്തത്തെ നിഷേധിക്കുകയാണുണ്ടായത്. അതേ തുടര്‍ച്ചയില്‍ ‘കോര്‍പ്പറേറ്റുകള്‍’ എന്ന പൊതുശത്രുവിന്റെ പേരില്‍ ആധുനികാനന്തര ദിശയിലെ വൈവിധ്യകളെയും കീഴാള – ന്യൂനപക്ഷ ഏജന്‍സിയെയും നിരാകരിക്കുകയാണ് അരുന്ധതിറോയി ചെയ്യുന്നത്.
ഗാന്ധിയെ (വ്യാജ) വിശുദ്ധനായും അംബേദ്കറെ വൈദ്യനുമായി ചിത്രീകരിക്കുന്ന രീതിശാസ്ത്രം തന്നെ സാമൂഹികതയെ വൈദ്യ പരിചരണമായി കാണുന്ന ഫ്യൂഡല്‍ അബോധത്തെ തെളിച്ചു കാട്ടുന്നു. ഏതായാലും, അംബേദ്കര്‍ ഇന്നും പ്രസക്തനാകുന്നത് വിശുദ്ധനെന്നു കരുതപ്പെട്ടയാള്‍ വ്യാജനായതുമൂലം അത്ഭുതങ്ങള്‍ കാണിക്കാന്‍ പറ്റാതായ സ്ഥിതിക്ക്, കൊള്ളാവുന്ന ഒരു വൈദ്യന്‍ പകരക്കാരനാകുന്നു എന്ന നിലയിലല്ല.
അംബേദ്ക്കറിന്റെ ‘ജാതിനിര്‍മ്മൂലനം’ എന്ന പ്രബന്ധം ആധു നികാനന്തര ഇന്ത്യയിലെ മുഴുവന്‍ കീഴാളമൂവ്‌മെന്റുകളെയും പൊതുവ്യക്തികളെയും ദശലക്ഷക്കണക്കിന് സാധാരണക്കാരെയും സ്വാധീനിച്ചിട്ടുള്ളതാണ്. ഏറ്റവും അടിത്തട്ടില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പ്രചാരണത്തെ ഭക്തിപ്രസ്ഥാനകാലത്തെ ചില കൃതികളുമായി മാത്രമേ താരതമ്യം ചെയ്യാനാവൂ. വേദോപനിഷത്തുകളില്‍ നിന്നും തുടങ്ങുന്ന ഇന്ത്യയുടെ അധീശത്വജ്ഞാനമണ്ഡലത്തെ നമ്മള്‍ ആദ്യമായി മറികടക്കുന്നത് ഈ ചെറുപുസ്തകത്തിലൂടെയാണ്. ഒരുപക്ഷേ, കാന്റിനെയും ഹെഗലിനെയും അഭിമുഖീകരിക്കാനുള്ള ജ്ഞാനനിക്ഷേപം രൂപപ്പെട്ടതും ഇതേ കൃതിയിലാണ്. ഇത്രമാത്രം സങ്കീര്‍ണ്ണമായ ഉള്ളടക്കമുള്ള ആ പുസ്തകത്തെ അരുന്ധതിറോയ് എങ്ങനെയാണ് സമീപിച്ചത്? ആ പുസ്തകത്തിന്റെ ജ്ഞാനമൂല്യത്തെ വെളിപ്പെടുത്തുവാന്‍ പോയിട്ട് അതിന്റെ മുന്‍കാലചരിത്രമോ പില്‍ക്കാലചരിത്രമോ മനസ്സിലാക്കിയുള്ള ഒരുവാക്ക് പോലും അവര്‍ക്ക് എഴുതാന്‍ കഴിയാത്തതെന്തുകൊണ്ടാണ്?
വിദേശികളും സ്വദേശികളുമായ ആള്‍ക്കാര്‍ ജാതിവ്യവസ്ഥയെ പറ്റി എഴുതിയ ആയിരക്കണക്കിന് ഗ്രന്ഥങ്ങളില്‍ നിന്നും ‘ജാതിനിര്‍മ്മൂലനം’ വേറിട്ടതാകുന്നത് അതിന്റെ ദാര്‍ശനികമായ പെരുമ മൂലമാണ്. മറ്റുപലരും ജാതിവ്യവസ്ഥയെ തൊഴില്‍വിഭജനം, നരവംശശാസ്ത്രപഠനങ്ങള്‍, ആവാസപഠനങ്ങള്‍ എന്നിവയിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ കൃതി ഹിന്ദുസമുദായരൂപീകരണത്തെ മതകലഹങ്ങളുടെയും  മതരൂപീകരണങ്ങളുടെയും വംശാവലിയില്‍ ഉള്‍ക്കൊണ്ടു എന്നതാണ് അതിന്റെ  ദാര്‍ശനികബലത്തിനു കാരണമായിട്ടുള്ളത്. അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോഴാണ് പാശ്ചാത്യലിബറല്‍ ചിതയില്‍ നിന്നും മോചിക്കപ്പെട്ടതെന്ന തെറ്റിദ്ധാരണ അരുന്ധതിറോയിയും ആവര്‍ത്തി ക്കുന്നുണ്ട്. ജാതിനിര്‍മ്മൂലനം എന്ന കൃതിതന്നെയാണ് പാശ്ചാത്യ ലിബറല്‍/ മാര്‍ക്‌സിസ്റ്റ്ചിന്തകളില്‍ നിന്നും പുറത്തുകടന്നുകൊണ്ട് ‘മാര്‍ജിനലൈസ്’ എന്ന അവസ്ഥയെ അന്വേഷിക്കുന്ന ആദ്യത്തെ സുപ്രധാന രേഖ.
നൂറില്‍ താഴെ പേജുകളുള്ള ഈ പ്രബന്ധത്തിന് 165 ഓളം പുറങ്ങളുള്ള ആമുഖമാണ് അരുന്ധതിറോയി എഴുതിയിട്ടുള്ളത്. ഏറ്റവും വിചിത്രമായ കാര്യം, ആമുഖം മൊത്തം പരതിയാല്‍ മൂലഗ്രന്ഥത്തെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ അരഖണ്ഡിക തികയില്ല. ആവാക്കുകള്‍പോലും കൃതിയുടെ സൈദ്ധാന്തികതയെ സൂചിപ്പിക്കാന്‍ വിസമ്മതിക്കുന്നതുമാണ്.
കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി ഇന്ത്യയിലെ കീഴാള പക്ഷത്തുള്ള ആക്ടിവിസ്റ്റുകള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുപരിചിതമായ വസ്തുതകളെ പുതിയ എന്തെങ്കിലും കണ്ടെത്തലുകളിലേക്ക് നയിക്കാതെ, ഒരു ടൂറിസ്റ്റ്‌ഗൈഡ് പോലെ വിശദീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഗാന്ധിയെയും അബേദ്കറെയും അനാവശ്യമായ താരതമ്യപ്പെടുത്തലിന് വിധേയമാക്കിയത് കൊണ്ടുമാത്രമല്ല ഈ ആമുഖത്തോടുള്ള എതിര്‍പ്പുകള്‍ പ്രകടമായത്.

_________________________________
ദലിതരെ ആധുനികഇന്ത്യയിലെ ഇരകളും ഹീനജോലികള്‍ ചെയ്യുന്നവരും മാത്രമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഖൈരലഞ്ചിന്‍ സുരേഖ ബോട്മാന്‍ഗേയുടെയും കുടുംബത്തിന്റെയും നേരെയുണ്ടായ സവര്‍ണ്ണആക്രമണം മുതല്‍ ശുചിത്വവേലകള്‍ ചെയ്യുന്നവരുടെ സാമുദായികപശ്ചാത്തലം വരെയും സുദീര്‍ഘമായി വിശദീകരിച്ചുകൊണ്ട് ‘ഇര’സ്ഥാനത്തെ ഉറപ്പിച്ചെടുക്കുന്നു. അതിനായി നിരവധി പഠന റിപ്പോര്‍ട്ടുകളും ദേശീയ – അന്തര്‍ദേശീയ രേഖകളും പരിശോധിക്കുന്നുണ്ട്. തീര്‍ച്ചയായും, ആധുനികഇന്ത്യയിലെ ദലിതര്‍ക്കും കീഴാളസ്ത്രീകള്‍ക്കും നേരെ വ്യാപകമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എങ്കില്‍പോലും അതീവസങ്കീര്‍ണ്ണമായ അധ്വാനമേഖലയിലും സാംസ്‌കാരികമായ വൈവിധ്യങ്ങളിലും നിലനില്ക്കുന്ന ഒരു ജനത ഇരകളാണെന്ന് സ്ഥാപിക്കുന്നത് പാരസ്പര്യത്തിന്റെ ലക്ഷണമല്ല. പഴയ കൊളോണിയല്‍ സഞ്ചാരികള്‍ തദ്ദേശീയരെ കര്‍ത്തൃത്വരഹിതരായി ചിത്രീകരിക്കാന്‍വേണ്ടി ഉപയോഗിച്ച തരത്തിലുള്ള പ്രതിപാദ്യങ്ങളാണ് ഇവിടെ ഓര്‍മ്മവരിക.
_________________________________

ദലിതരെ ആധുനികഇന്ത്യയിലെ ഇരകളും ഹീനജോലികള്‍ ചെയ്യുന്നവരും മാത്രമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഖൈരലഞ്ചിന്‍ സുരേഖ ബോട്മാന്‍ഗേയുടെയും കുടുംബത്തിന്റെയും നേരെയുണ്ടായ സവര്‍ണ്ണആക്രമണം മുതല്‍ ശുചിത്വവേലകള്‍ ചെയ്യുന്നവരുടെ സാമുദായികപശ്ചാത്തലം വരെയും സുദീര്‍ഘമായി വിശദീകരിച്ചുകൊണ്ട് ‘ഇര’സ്ഥാനത്തെ ഉറപ്പിച്ചെടുക്കുന്നു. അതിനായി നിരവധി പഠന റിപ്പോര്‍ട്ടുകളും ദേശീയ – അന്തര്‍ദേശീയ രേഖകളും പരിശോധിക്കുന്നുണ്ട്. തീര്‍ച്ചയായും, ആധുനികഇന്ത്യയിലെ ദലിതര്‍ക്കും കീഴാളസ്ത്രീകള്‍ക്കും നേരെ വ്യാപകമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എങ്കില്‍പോലും അതീവസങ്കീര്‍ണ്ണമായ അധ്വാനമേഖലയിലും സാംസ്‌കാരികമായ വൈവിധ്യങ്ങളിലും നിലനില്ക്കുന്ന ഒരു ജനത ഇരകളാണെന്ന് സ്ഥാപിക്കുന്നത് പാരസ്പര്യത്തിന്റെ ലക്ഷണമല്ല. പഴയ കൊളോണിയല്‍ സഞ്ചാരികള്‍ തദ്ദേശീയരെ കര്‍ത്തൃത്വരഹിതരായി ചിത്രീകരിക്കാന്‍വേണ്ടി ഉപയോഗിച്ച തരത്തിലുള്ള പ്രതിപാദ്യങ്ങളാണ് ഇവിടെ ഓര്‍മ്മവരിക.
അമേരിക്കന്‍ സമുദായത്തിലെ കറുത്തവരെ കാണേണ്ടത് വെളുത്തവരുടെ പ്രതിപാദനങ്ങളിലൂടെയല്ലെന്ന സുപ്രധാനമായ തിരിച്ചറിവാണ് ടോണിമോറിസണ്‍ ഉന്നയിച്ചിട്ടുള്ള്. ആധുനിക അമേരിക്കയുടെ അഭിമാനചിഹ്നങ്ങളായ പൗരസമത്വപ്രസ്ഥാനം, സിവില്‍സ്ഥാപനങ്ങള്‍, സാംസ്‌കാരിക ചിഹ്നവ്യവസ്ഥകള്‍ എന്നിവ യെല്ലാം രൂപപ്പെടുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നതിനു പിന്നില്‍ കറുത്തവരുടെ സമരങ്ങളും സഹനങ്ങളുമുണ്ടെന്ന വസ്തുതയെ ‘ഒഴിച്ചുമാറ്റി’യാണ് വെള്ളക്കാരായ വംശീയവാദികള്‍ ഈ ജനതയെ കര്‍ത്തൃത്വരഹിതരായി ചിത്രീകരിക്കുന്നതെന്നും അവര്‍ വെളിപ്പെടു ത്തുന്നു. സമാനമായ വിധത്തിലുള്ള ‘ഒഴിച്ചുമാറ്റല്‍’ അരുന്ധതിറോയിയും നടത്തുന്നുണ്ട് എന്നു പറയേണ്ടിവരുന്നത് ഖേദകരമാണ്.
ദേശീയപ്രസ്ഥാനത്തിനകത്തെ പൊളിറ്റിക്കല്‍കോണ്‍ഫറന്‍സിന്റെ പക്ഷക്കാര്‍ സോഷ്യല്‍കോണ്‍ഫറന്‍സിന്റെ പക്ഷക്കാരോട് പുലര്‍ത്തിയ ശത്രുതയെ പറ്റി ‘ജാതിനിര്‍മ്മൂലന’ത്തില്‍ അംബേദ്കര്‍ എഴുതിയിട്ടുണ്ട്. ഇതേപ്രകാരത്തില്‍, ഇന്ത്യന്‍ ഭരണഘടനയോടും സിവില്‍സ്ഥാപന ങ്ങളോടും അടങ്ങാത്ത വിദ്വേഷമുള്ള സവര്‍ണ്ണ ഈഗോയിസ്റ്റുകളാണ് പലപ്പോഴും കാല്പനിക വിപ്ലവകാരികളായും കോര്‍പ്പറേറ്റ് വിരുദ്ധരായും പ്രത്യക്ഷപ്പെടാറുള്ളത്. അത്തരക്കാരോട് ഒപ്പംചേര്‍ന്ന്, ഗാന്ധിവധത്തെ ന്യായീകരിക്കാനായി ഗോഡ്‌സേ പറഞ്ഞതിന് സമാനമായ തൊടുന്യായങ്ങളാണ് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായി അരുന്ധതിറോയി ഉന്നയിക്കുന്നത്. ആദിവാസികളെ ”ഇന്റമേന്റ്അദര്‍” ആക്കിമാറ്റിയുള്ള ഈ സവര്‍ണ്ണഈഗോയാണ് മാവോയിസം പോലുള്ള പുത്തന്‍ ബ്രാഹ്മണ്യപ്രസ്ഥാനങ്ങളോട് താദമ്യം പ്രാപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം.3 ഏകലവ്യന്മാരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമല്ല, അശ്വത്ഥാമാവിന്റെ ഹിംസാത്മകമായ പ്രതിബോധമാണ് അരുന്ധതിറോയിയും മറ്റും പുനരുല്‍പ്പാദി പ്പിക്കുന്നതെന്നു പറയാതെ വയ്യ.
അവസാനമായി, 1980കള്‍ക്ക്‌ശേഷം ഇന്ത്യയിലുണ്ടായ കീഴാളപ്രസ്ഥാനങ്ങള്‍, സ്ത്രീവാദങ്ങള്‍, ന്യൂനപക്ഷരാഷ്ട്രീയം, മനുഷ്യാവകാശ – പൗരാവകാശ മുന്നണികള്‍, സിവില്‍ സമുദായം, പരിസ്ഥിതി രാഷ്ട്രീയം, ന്യൂനപക്ഷലൈംഗീകത എന്നിവയെല്ലാം ബദല്‍/ തീവ്രവാദ രാഷ്ട്രീയത്തിന്റെ ഏകഭാവനകളെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നുവന്ന ബഹുജനവിഷയികളാണ്. അവയെ മുഴുവന്‍ ചിന്താ ശൂന്യമായി സാമാന്യ വല്‍ക്കരിച്ചുകൊണ്ട് മാവോയിസ്റ്റ് പിതൃഭവനത്തില്‍ എത്തിച്ചിരിക്കുകയാണ് ‘ബ്രോക്കന്‍ റിപ്പബ്ലിക്’ പോലുള്ള കൃതികളിലൂടെ. നവബ്രാഹ്മണ്യത്തിന്റെ അധിനിവേശത്തിനുവേണ്ടിയുള്ള ഇത്തരം ക്ഷണകുറിപ്പുകളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും അക്കാദമിക്‌സമൂഹവും മടിച്ചുനില്‍ക്കുന്നിടത്താണ് ‘ദലിത് ക്യാമറ’യിലെ വിദ്യാര്‍ത്ഥികള്‍ വലിയൊരു പുനരാലോചനക്ക് തുടക്കം കുറിച്ചത്.

  • സൂചനകള്‍

1.  Ammihilation of caste – B.R Ambedkar
(Navaya Edition – NewDelhi – 2014)
2. ഗാന്ധിയും മഹാത്മയും: ഗോരഖ് പൂര്‍ ജില്ല, 1921-22 ഷാഹിദ് അമീന്‍
കീഴാള പഠനങ്ങള്‍ (എഡി: സൂസി താരൂ, എസ് സഞ്ജീവ്, ഡി
3. Playing in the Dark whitness and Literery Imagination: Tony Morrison – (Vintage Books – 1992)
4. ആദിവാസിവിഷയത്തിലുള്ള അരുന്ധതിറോയിയുടെ അംബേദ്കര്‍ വിമര്‍ശനം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് സണ്ണി.എം. കപിക്കാട് വിശദീകരിച്ചിട്ടുണ്ട്. (അരുന്ധതിറോയിയും പ്രഛ്ന്ന മാവോയിസവും – ഡോ. ഒ.കെ സന്തോഷുമായി നടത്തിയ സംഭാഷണം ”ഉത്തരകാലം” വെബ് പോര്‍ട്ടല്‍ 17-4-2014)

Top