പ്രതിരോധത്തിന്റെ സൂക്ഷ്മഭാവനകള്‍

പ്രാന്തങ്ങളിലെ കീഴാളരോടൊപ്പം നില്‍ക്കുന്ന കവിയുടെ വാക്കുകള്‍ ഊര്‍ജം നേടുന്നത് ചരിത്രത്തിന്റെ തകര്‍ക്കപ്പെട്ട അടരുകളില്‍ നിന്നാണ്. ബഹിഷ്‌കൃതരോടൊപ്പം പക്ഷം ചേരുന്ന വാക്കുകള്‍ ബലം നേടുന്നത് ചരിത്രത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നാണ്. ചരിത്രത്തെ സവിശേഷമായിവര്‍ത്തമാനവല്ക്കരിക്കുന്നതിലൂടെയാണ് ചന്ദ്രമോഹന്റെ കവിതകള്‍ പ്രതിരോധത്തിലൂടെ സൂക്ഷ്മ ഭാഷണമാകുന്നത്. ചരിത്രത്തെ ആയുധമാക്കിയാണ് ഇന്ത്യന്‍ വര്‍ത്തമാനത്തില്‍ രാഷ്ട്രീയ ഇടപെടലുകളും ആധിപത്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

വായന
_____

ഫാസിസവും ജാതി സവര്‍ണതയും ശൂലമുനകള്‍ രാകി സൂക്ഷ്മമായി സാംസ്‌കാരിക ശരീരത്തില്‍ തുളഞ്ഞു കയറുമ്പോള്‍ കവിത എഴുതുന്നതും വായിക്കുന്നതും എന്തിനുവേണ്ടിയാണെന്ന ചോദ്യം സങ്കീര്‍ണമായ രാഷ്ട്രീയ നിലപാടുകള്‍ ആവശ്യപ്പെടുന്നു. ജനാധിപത്യത്തെയും മതേതരത്വത്തേയും നിരോധനത്തിന്റെ ഭീകരതകളാല്‍ ഭയപ്പെടുത്തിയും അടിച്ചമര്‍ത്തിയും ഹിംസിക്കുന്ന കാലത്ത് കവിതയ്ക്ക് തെരുവിലേക്കിറങ്ങതെ മുറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുക അസാധ്യമാകുന്നു. ജീവിതമെന്ന അമൂര്‍ത്ത സങ്കല്‍പ്പത്തിന്റെ കാല്പനിക ഭംഗികളെ വര്‍ണിക്കുകയല്ല കവിതയുടെ ദൗത്യം. മറിച്ച് തെരുവിലൂടെ ഒഴുകുന്ന ചോരയുടെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയത്തെ വിവര്‍ത്തനം ചെയ്യുകയാണ്. എസ്. ചന്ദ്രമോഹന്റെ ‘വാര്‍സ്‌കെയ്പ് വേഴ്‌സ്’ എന്ന കവിതാഗ്രന്ഥം വായിക്കുമ്പോള്‍ വായനക്കാരുടെ ഉള്ളിലുണരുന്ന ചിന്ത ഈ രാഷ്ട്രീയമാണ്. അഥവാ സമകാലിക രാഷ്ട്രീയത്തിന്റെ ചൂടേറ്റുവാങ്ങിക്കൊണ്ടേ ഈ കവിതകളിലൂടെ കടന്നുപോകാനാവൂ. വര്‍ത്തമാനത്തിന്റെ ഹിംസകളുടെ ചൂട് ഓരോ വാക്കിലും കുത്തി നിറയ്ക്കുന്ന വരികളാണ് ഈ യുദ്ധഭാഷണം.
ഇന്ത്യന്‍ ഇംഗ്ലീഷില്‍ എഴുതുന്ന പുതുകവിതകളില്‍ ശ്രദ്ധിക്കപ്പെടുന്ന ചന്ദ്രമോഹന്റെ അമ്പതിലേറെ കവിതകളുടെ സമാഹാരമാണ് വാര്‍സ്‌കെയ്പ് വേഴ്‌സ്. സമകാലിക ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അടരുകള്‍ ഈ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍, ജീവിതത്തിന്റെ വര്‍ണാഭമായ നിറങ്ങളില്‍ അഭിരമിക്കുകയല്ല കവി, മറിച്ച് വെളിച്ചവും നിറങ്ങളും ഇല്ലാത്ത കരിപുരണ്ട ഇടങ്ങളെയും മുറിവുകളെയും വ്യാഖ്യാനിക്കുകയാണ്. ആഗോളീകരണവും സൈബര്‍ ലോകവുമൊക്കെ നിറഞ്ഞ അവയുടെ സൂക്ഷ്മതകളിലൂടെ സഞ്ചരിക്കുകയാണ് കവി. ആഗോളീകരണം ഇന്ത്യന്‍ ദേശസ്‌നേഹത്തിന്റെ പാട്ടുകളെ തുളഞ്ഞുകയറുന്ന കാലത്തിന്റെ ബാക്കിപത്രമെന്നത് സദാചാരപോലീസും കൃഷിക്കാരുടെ കടക്കെണിയും സ്ത്രീകളുടെ പീഢനങ്ങളുമൊക്കെയാണെന്ന് മയമില്ലാത്ത ഭാഷയില്‍ കുറിക്കുന്നു. ഹിംസയുടെ കടന്നാക്രമണമാണ് ഇന്ത്യന്‍ സാമൂഹികതയുടെ വര്‍ത്തമാനം. ബ്രാഹ്മണ്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും പലരൂപത്തിലുള്ള ഹിംസകളുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന ജനകീയ/കീഴാള രാഷ്ട്രീയത്തെയാണ് കവി ആരായുന്നത്. അതിനാല്‍ ഈ കവിതകള്‍ ചലനാത്മകമായ പ്രതിരോധത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.
സാമൂഹ്യശരീരത്തിന്റെ കാല്പനിക വലയങ്ങളിലല്ല ചന്ദ്രമോഹന്റെ കണ്ണുകള്‍ സഞ്ചരിക്കുന്നത്. ആരും കാണാത്ത ആഴങ്ങളിലും ഇരുട്ടിലുമാണ്. ങീൃമഹ ജീഹശരല എന്ന കവിത നോക്കുക – കാമുകീ കാമുകന്മാര്‍ കൂടിയിരിക്കുമ്പോഴെല്ലാം ഹിംസയുടെ ഭാഷയുമായി എത്തുന്ന സദാചാര പോലീസിനെ ചന്ദ്രമോഹന്‍ വായിക്കുന്നത് കേവലം വര്‍ത്തമാനകാല പ്രശ്‌നമായല്ലെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. പുരാണചരിത്രങ്ങളില്‍ ആഘോഷിക്കപ്പെട്ട ചില സന്ദര്‍ഭങ്ങളെ വര്‍ത്തമാനകാലത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന് വായനയെ വല്ലാതെ പ്രശ്‌നവല്‍ക്കരിക്കുന്നു കവി. പ്രണയാഭ്യര്‍ത്ഥനയുമായി എത്തിയ ശൂര്‍പ്പണഖ എന്ന കീഴാള സ്ത്രീയുടെ മൂക്കും മുലയും ഛേദിച്ച ആദര്‍ശവല്‍ക്കരിക്കപ്പെട്ട/ദൈവികമായ ആഖ്യാനത്തെ സദാചാര പോലീസിലേക്കു ചേര്‍ത്തുവായിക്കുമ്പോള്‍ മിത്തുകളുടെയും വാക്കുകളുടെയും അര്‍ഥങ്ങളാകെ സ്തംഭിക്കുന്നു.

When lover couple
hid in hood of tree
they chanced upon
love letters
some of them half burned
some of them centuries old
along with a picture of
shoorpanaka sans her nose, ears and breasts!

വര്‍ത്തമാനത്തെ സവിശേഷമായി ചരിത്രവല്‍ക്കരിച്ചുകൊണ്ട് ആ ചരിത്രത്തിലൂടെ ദമിതവും ദളിതവുമാക്കപ്പെട്ട ശബ്ദങ്ങള്‍ക്കെല്ലാം ഉയിരു നല്‍കി ഹിംസാത്മകമായ വര്‍ത്തമാനത്തെ പ്രതിരോധിക്കുകയാണ് കവി. വര്‍ത്തമാനകാലത്ത് അമര്‍ത്തപ്പെട്ടിരിക്കുന്ന ദളിത ആഖ്യാനങ്ങളെ സൂചകങ്ങളാക്കി മുന്നോട്ടുവെച്ചുകൊണ്ടാണ് തന്റെ ഭാഷയെ അദ്ദേഹം രൂപപ്പെടുത്തിയത്.
ജാതിപരമായും ലിംഗപരമായും വര്‍ഗപരമായും തകര്‍ക്കപ്പെട്ട ജനതയുടെ വിലാപവും രോഷവും കോപവുമാണ് ഈ കവി കേള്‍ക്കുന്നത്. അവരുടെ നിശബ്ദത ശക്തമായൊരു ഭൂകമ്പത്തിന്റെ ആരംഭമായി ഉരുവം കൊള്ളുന്നത് ഈ കവിതയില്‍ ധ്വനിക്കുന്നു. ഇന്ത്യന്‍ സാമൂഹ്യ ശരീരത്തിന്റെ ഓരോ കോശവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ജാതികൊണ്ടാണെന്നും ജാതിയുടെ തകര്‍ക്കപ്പെട്ട കീഴാളതയുടെ ഇടങ്ങളാണ് തന്റെ പക്ഷമെന്നും കവി സാക്ഷ്യപ്പെടുത്തുന്നു. കീഴാളതയുടെ ശരീരത്തില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന ചോര ഓരോ കവിതയിലും നമുക്കു കാണാം. സവര്‍ണത എങ്ങനെ കീഴാളശരീരത്തെ ഞെരിച്ചമര്‍ത്തുന്നുവെന്നും കീഴാളതയുടെ തകര്‍ക്കപ്പെടലില്‍ സമൂഹം എന്തുകൊണ്ട് നിശബ്ദമാകുന്നുവെന്നും ആഴത്തില്‍ കവി ചൂണ്ടിക്കാണിക്കുന്നു. ബലാത്ക്കാരം ചെയ്യപ്പെട്ട ആദിവാസി പെണ്‍കുട്ടിയുടെ മരണം (Rape and Murder of a Tribal Girl) എന്ന കവിത ഇതാണ് പറയുന്നത്.

No newspaper carried a headline or photo feature
No youth were roused to protests
No city’s life came to stand still
No furore in the parliament
……………..

No billion women rising
A tribal girl was raped and murdered!

ഡല്‍ഹിയിലെ പെണ്‍കുട്ടിക്കു വേണ്ടി ആയിരക്കണക്കിനാളുകള്‍ രംഗത്തിറങ്ങിയെങ്കില്‍ ലക്ഷക്കണക്കിന് മെഴുകുതിരികള്‍ ജ്വലിച്ചുവെങ്കില്‍ ആദിവാസി യുവതിക്കുവേണ്ടി ഒരു ശബ്ദം പോലുമില്ല. ഒരു മെഴുകുതിരിപോലുമില്ല. അടുത്തകാലത്ത് ഉത്തര്‍ മധ്യപ്രദേശില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ അവസ്ഥയിതായിരുന്നു. ജാതീയമായ സമൂഹത്തില്‍ കീഴാളര്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ നിശബ്ദമാകുന്ന നാവുകളും നാളങ്ങളും ഇന്ത്യയുടെ ജാതി സ്വഭാവത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. ഗോത്രബാലന്റെ ആശങ്കകള്‍ ചോദ്യങ്ങളായി സ്വത്വപ്രശ്‌നങ്ങളായി ഉന്നയിക്കുന്നിടത്തും (Reflections of Goat Grazing Boy) ഈ പ്രശ്‌നം തന്നെയാണ് കവി ആരായുന്നത്. എന്തുകൊണ്ടാണ് കീഴാളര്‍ക്കുവേണ്ടി സംസാരിക്കുവാന്‍ ആരുമില്ലാതെ പോകുന്നത്? ഇതിനുത്തരമാണ് ഇതിലെ പല കവിതകളും ചൂണ്ടിക്കാണിക്കുന്നത്. ജാതിരഹിത സമൂഹവും മതേതര രാഷ്ട്രവും (Castless Society and Secular State) എന്ന കവിത ജാതി വിമുക്തിയുടെ പൊള്ളത്തരങ്ങളിലൂടെ രാഷ്ട്ര ജീവിതത്തിന്റെ കാപട്യങ്ങളെ തുറന്നെഴുതുന്നു. Reflections of Goat Grazing Boy)

Do talk about haves and have nots
Do not talk about caste
Do talk about workers and owners
Do not talk about caste….

എന്തിനെക്കുറിച്ചും സംസാരിക്കാം പക്ഷേ ജാതിയെക്കുറിച്ചു പാടില്ലെന്ന വിലക്ക് ആന്തരികമായി എല്ലാ സംസാരങ്ങളിലും കാണാം. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ഒട്ടുമിക്ക വ്യവഹാരങ്ങളിലും ഗാന്ധി, മാര്‍ക്‌സിസ്റ്റ് ചിന്തകളെല്ലാം ജാതി പ്രവര്‍ത്തച്ചിരുന്നു. അംബേദ്കറിയന്‍ പാരമ്പര്യമാണ് ഇതിനെയൊക്കെ വലിച്ചുകീറി ജാതിയെക്കുറിച്ച് സവര്‍ണതയെക്കുറിച്ച് കീഴാളതയെക്കുറിച്ച് ആഴത്തില്‍ സംസാരിച്ചത്. അത്തരം സംസാരങ്ങളെ ഇന്ത്യന്‍ എന്ന വ്യവഹാരങ്ങളുടെ ഭാഗമാക്കാതെ പ്രാന്തവല്‍ക്കരിക്കുകയാണ് ഇപ്പോഴും ചിന്തകള്‍. ഇന്ത്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യ, സാംസ്‌കാരിക കലാപാരമ്പര്യങ്ങളുടെ മഹാഖ്യാനങ്ങളെല്ലാം ജാതിയുടെ പുറന്തോടിനുള്ളില്‍ ഒതുങ്ങിയിരിക്കുമ്പോഴും കീഴാളതയെക്കുറിച്ചു സംസാരിക്കാത്തതെന്തുകൊണ്ടാണെന്നുള്ള ചോദ്യത്തെ ഇനിയും ആഴത്തില്‍ നേരിടേണ്ടതുണ്ട്. Untethered fear of caste, Dalit Literature  പോലുള്ള കവിതകള്‍ അതാണ് ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുമ്പോഴുള്ള മൗനത്തെയാണ് ഈ വാക്കുകള്‍ വിചാരണ ചെയ്യുന്നത്.
പ്രാന്തങ്ങളിലെ കീഴാളരോടൊപ്പം നില്‍ക്കുന്ന കവിയുടെ വാക്കുകള്‍ ഊര്‍ജം നേടുന്നത് ചരിത്രത്തിന്റെ തകര്‍ക്കപ്പെട്ട അടരുകളില്‍ നിന്നാണ്. ബഹിഷ്‌കൃതരോടൊപ്പം പക്ഷം ചേരുന്ന വാക്കുകള്‍ ബലം നേടുന്നത് ചരിത്രത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നാണ്. ചരിത്രത്തെ സവിശേഷമായി വര്‍ത്തമാനവല്ക്കരിക്കുന്നതിലൂടെയാണ് ചന്ദ്രമോഹന്റെ കവിതകള്‍ പ്രതിരോധത്തിലൂടെ സൂക്ഷ്മ ഭാഷണമാകുന്നത്. ചരിത്രത്തെ ആയുധമാക്കിയാണ് ഇന്ത്യന്‍ വര്‍ത്തമാനത്തില്‍ രാഷ്ട്രീയ ഇടപെടലുകളും ആധിപത്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. കേവലമായി എഴുതപ്പെട്ട ചരിത്രമല്ല പുരാണങ്ങളും വേദങ്ങളുമൊക്കെ അടങ്ങുന്ന സാമ്പ്രദായിക ചരിത്രത്തില്‍ നിന്നു പുറത്തുനില്‍ക്കുന്ന വിപുലമായ ആഖ്യാനങ്ങളെയെല്ലാം പുനര്‍വായിച്ചുകൊണ്ട് വര്‍ത്തമാനത്തിലേക്കു കൊണ്ടുവരുന്നതിലൂടെയാണ് കവിത ചോദ്യങ്ങളായി മാറുന്നത്. അടിയില്‍ നിന്നുള്ള അമ്പുകളായി മാറുന്നത്. ചരിത്രം എന്ന പേരില്‍ നാലു കവിതകള്‍ എഴുതിയിട്ടുണ്ട്. ചരിത്രത്തിന്റെ പ്രത്യക്ഷ സൂചനകളുള്ള നിരവധി കവിതകളുണ്ട്. History repeats, Neo-Shambukas, Daughters of PK Rosy, History 1,2,3,4 M S Jayaprakash, Budhist Histoty of India തുടങ്ങിയവ. ചരിത്രം എന്ന കവിതയില്‍ ഇങ്ങനെ-

what is history?
Its a declamation delivered on a podium
on a pedastal that rusts away
My poems are steel arrows that
pierce the podium from below

കവിത തുളഞ്ഞുകയറുന്ന അമ്പുകളുടെ ചരിത്രമാവുകയും ചരിത്രം കവിതയാവുകയും ചെയ്യുന്നു. തന്റെ കവിത ചോര ചിന്തുന്ന ശൂലങ്ങളാല്‍ കൈയ്യേറ്റം ചെയ്യപ്പെട്ട ചരിത്രമാണെന്നു പറയുന്ന സന്ദര്‍ഭമാണ് ഈ കവിതകളെ രാഷ്ട്രീയമാക്കുന്നത്. പ്രസംഗവേദികളിലെ അലങ്കരിക്കപ്പെട്ട വാക്കുകളല്ല ചരിത്രമെന്നു പറയുന്ന കവിയുടെ ചരിത്ര കാവ്യബോധം അതിന്റെ ആഴങ്ങളെ പ്രകാശിപ്പിക്കുന്നു. കേരള ചരിത്രത്തിലെ കീഴാള ഇടപെടലിന് ആഴമുള്ള ഭാഷ നല്‍കിയ എം. എസ്. ജയപ്രകാശിനെക്കുറിച്ചുള്ള കവിതയില്‍

I gave your name to
An incomplete statue
Like that of maimed Budha
Culturally Excavated from
Shreeds and remnants of lynched
Pages of history
Glued together with the blood dripping
From saffron tridents…

തകര്‍ക്കപ്പെട്ട ബുദ്ധബിംബത്തെ ജയപ്രകാശില്‍ കാണുന്ന കാഴ്ച ശൂലങ്ങളാല്‍ തകര്‍ക്കപ്പെട്ട ചരിത്രത്തിന്റെ ശരീരത്തെ വര്‍ത്തമാനത്തിലേക്കു കൊണ്ടുവരികയാണ്. അതിലൂടെയാണ് സൗഖ്യമാകാത്ത മുറിവുകളുള്ള തന്റെ പൂര്‍വ്വികരുടെ, കണ്ണും മൂക്കും ഛേദിച്ച ശൂര്‍പ്പണഖയുടെ മുഖം പോലെയുള്ള മുഖം കവി കാണുന്നത്. കീഴാളരുടെ ആ മുഖത്തെയാണ് കവിതയെന്നും ചരിത്രമെന്നും കവി വിളിക്കുന്നത്. സവര്‍ണ ആള്‍ക്കൂട്ട ഫാസിസം ഹിംസിച്ച ഈ ചരിത്രത്തെ ഉച്ചത്തില്‍ വായിക്കുക എന്നതാണ് കവിയുടെ രാഷ്ട്രീയം. ഉടഞ്ഞ ബുദ്ധശിരസിനൊപ്പം നില്‍ക്കുവാനാകുമോ എന്നതിനുത്തരമാണ് വായനക്കാരില്‍ നിന്ന് ഈ കവിതകള്‍ പ്രതീക്ഷിക്കുന്നത്.
________________________________
Warscape Verses
(Poems)
Chandramohan S
Authors Press
New Delhi (2014)
Price Rs. 195

Top