കീഴാള സമുദായങ്ങളും സംഘപരിവാറിന്റെ സാധ്യതകളും

‘അഖിലേന്ത്യാടിസ്ഥാനത്തില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കുക’, ‘സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കുക’, ‘അയ്യങ്കാളി സ്മൃതി മണ്ഡപം പൈതൃകപദ്ധതിയില്‍ ഉള്‍പ്പെടുത്തുക’ എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാനായി മുന്നോട്ടുവച്ചത്. മതേതരമായ ഇത്തരം അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭണങ്ങള്‍ നയിക്കുന്നത് സംഘപരിവാര്‍ സംഘടനകളല്ല; മറിച്ച് ആദിവാസി ദളിത് നേതൃത്വങ്ങളാണെന്ന് തിരുവനന്തപുരത്തെ കുടില്‍ കെട്ടല്‍, മുത്തങ്ങ, ചെങ്ങറ എന്നീ സമരങ്ങള്‍ തെളിയിക്കുന്നുണ്ട്. ദളിത് നേതൃത്വത്തിലുള്ള സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സി. പി. ഐ. (എം). നോടും കോണ്‍ഗ്രസ്സിനോടും സഖ്യംചെയ്ത സമീപകാല ചരിത്രവും സംഘപരിവാറിനുമുണ്ട്. കേരളം ഏറെ ശ്രദ്ധിച്ച ചെങ്ങറ സമരത്തിനെതിരെ കൈവിരലിലെണ്ണാവുന്ന ബി. എം. എസ്. തൊഴിലാളികളുടെ പേരില്‍ ഉപരോധം സൃഷ്ടിക്കാന്‍ മുന്‍ചൊന്ന സംഘടനകളോടൊപ്പം ആര്‍. എസ്. എസ്സും വീറോടെ അണിനിരന്നിരുന്നു.

‘ജാതി വ്യവസ്ഥയ്ക്ക് തകര്‍ച്ച സംഭവിക്കണമെങ്കില്‍ വേദങ്ങളെയും ശാസ്ത്രങ്ങളെയും ഡയനാമിറ്റ് വെച്ച് തകര്‍ക്കണം. യുക്തിചിന്തയ്ക്ക് ഒരു സ്ഥാനവും കല്പിക്കാത്തവയാണ് വേദങ്ങളും ശാസ്ത്രങ്ങളും. അവ സന്മാര്‍ഗത്തിന് ഒരു പങ്കും നല്‍കുന്നില്ല. ശ്രുതികളുടെയും സ്മൃതികളുടെയും മതം നശിപ്പിക്കപ്പെടണം. മറ്റൊന്നും ഫലപ്രദമാവുകയില്ല.’
-ഡോ. ബി. ആര്‍ അംബേദ്കര്‍ – സമ്പൂര്‍ണകൃതികള്‍: വാല്യം 1

കേരളത്തില്‍ ബി. ജെ. പി. യെ പ്രബല രാഷ്ട്രീയ പ്രസ്ഥാനമാക്കാന്‍ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായുടെയും ആര്‍. എസ്. എസ്. മേധാവി മോഹന്‍ ഭാഗവതിന്റെയും കാര്‍മികത്വത്തില്‍ സംഘപരിവാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന മുഖ്യതന്ത്രം ഹിന്ദുസമൂഹത്തിന്റെ പ്രസ്ഥാനമാക്കുകയാണ്. പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വപാര്‍ട്ടിയാണെങ്കിലും സംസ്ഥാനത്തെ പ്രബല ജാതീയവിഭാഗങ്ങളായ പട്ടികജാതി, പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബി. ജെ. പിക്ക് കഴിഞ്ഞിട്ടില്ല. പുതിയ കേന്ദ്രഭരണത്തിന്റെ സാദ്ധ്യതകളും പിന്നാക്കക്കാരനായ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും വിറ്റഴിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ മുകളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന സമുദായങ്ങളെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ നിന്നും അടര്‍ത്തിയെടുക്കാനാവുമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പട്ടികജാതി – പട്ടികവര്‍ഗ (ദളിതര്‍)ക്കാരുടെ സാമുദായികവും രാഷ്ട്രീയവുമായ നിലപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് മുഖ്യമായും ഇവിടെ നടത്തുന്നത്.

  • ഭിന്നിപ്പിക്കല്‍ തന്ത്രം
    ____________ 

സംഘപരിവാര്‍ ഉന്നംവയ്ക്കുന്നത് ദളിതരെയോ പിന്നാക്കക്കാരെയോ ആകമാനമായല്ല; മറിച്ച് പിന്നാക്കക്കാരിലെ ഭൂരിപക്ഷമായ ഈഴവരേയും ഇതേ സ്വഭാവമുള്ള ദളിതരിലെ പുലയരേയുമാണ്. ഈയടുത്ത നാളുകളിലായി എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാടും കെ. പി. എം. എസ്. (ടി. വി. ബാബുവിഭാഗം) ന്റെ ഹിന്ദു പാര്‍ലമെന്റ്, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളിലെ നേതൃത്വപരമായ പങ്കാളിത്തവുമാണ് ബി. ജെ. പി.ക്ക് പ്രതീക്ഷ നല്‍കുന്നത്.
കേരളാ ഗസറ്റ് വിജ്ഞാപന പ്രകാരം 65 പട്ടികജാതികളും 38 പട്ടികവര്‍ഗങ്ങളുമാണ് സംസ്ഥാനത്തുള്ളത്. 2011 – ലെ കാനേഷുമാരി കണക്കനുസരിച്ച് ഇവരുടെജനസംഖ്യ 35,24,412 ആണ്. ദളിതരില്‍ ജനസംഖ്യാപരമായ ഭൂരിപക്ഷം പുലയര്‍ക്കുള്ളപ്പോള്‍ തന്നെ, സാംബവര്‍, സിന്ധനര്‍, ചെറുമര്‍, കണക്കര്‍, വേട്ടുവര്‍ എന്നിങ്ങനെ ഹിന്ദുസമുദായത്തില്‍ ഉള്‍ക്കൊള്ളുന്ന നിരവധി സമുദായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, ദളിതരോട് രക്തബന്ധമുള്ളവരായ പതിനെട്ട് ലക്ഷത്തോളം ദളിത് ക്രൈസ്തവരുമുണ്ട്. എന്നാല്‍ പുലയര്‍ എന്ന ജാതി വിഭാഗത്തെ ഉള്‍ക്കൊള്ളുകയല്ല, മറിച്ച് ഒരു പുലയ സംഘടനയിലൂടെ സ്വാധീനമേഖല സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇത്തരമൊരവസ്ഥയില്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന കെ. പി. എം. എസ്സിന്റെ (ടി. വി. ബാബു വിഭാഗം) നിലവിലുള്ള സ്ഥിതിയെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.
1970 ല്‍ എം. എന്‍. ഗോവിന്ദന്‍ നായരുടെ അനുഗ്രഹാശ്ശിസുകളോടെ പി. കെ. ചാത്തന്‍ മാസ്റ്റര്‍, പി. കെ. രാഘവന്‍ എന്നിവരെ നേതൃത്വമാക്കി രൂപംകൊണ്ട കെ. പി. എം. എസ് ദീര്‍ഘകാലം സി. പി. ഐ. യുടെ പോഷകസംഘടനയായാണ് നിലനിന്നത്. എന്നാല്‍, 1990 കളില്‍ സംഘടനയ്ക്കുള്ളില്‍ സി. പി. ഐയുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രസംഘടനയായി മാറണമെന്ന വാദം ശക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്യമായ അലോസരങ്ങളില്ലാതെ കെ. പി. എം. എസ്., സി. പി. ഐയുമായുള്ള ബന്ധം അഴിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ടി. വി. ബാബുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വതന്ത്രസ്വഭാവം നിലനിറുത്തിയപ്പോള്‍, പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം പുലര്‍ത്താന്‍ തുടങ്ങി. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിന് വഴിതെളിച്ചതോടെ സംഘടന രണ്ടായി പിളരുകയും ചെയ്തു.

____________________________________
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമടക്കമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും കേരള കോണ്‍ഗ്രസ്സും മുസ്ലീം ലീഗും വ്യക്തമായ നിലപാടിലെത്തിച്ചേരാതിരിക്കുകയും ചെയ്തതോടെ വി. എച്ച്. പി.യും അതിന്റെ മാതൃസംഘടനയായ ബി. ജെ. പി. യുമാണ് ദളിതരുടെ രക്ഷകരെന്ന അവസ്ഥ സംജാതമായി. ഈ ഘട്ടത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ സംവരണ ലിസ്റ്റ് മാറ്റമില്ലാതെ നിലനിറുത്തിക്കൊണ്ട് ദളിത് ക്രൈസ്തവരേയും ദളിത് മുസ്ലീംങ്ങളേയും പ്രത്യേക ലിസ്റ്റില്‍പ്പെടുത്തി സംവരണം നല്‍കണമെന്ന ദളിത് – അംബേദ്കറൈറ്റ്പ്രസ്ഥാനങ്ങളുടെ വാദം വി. എച്ച്. പി.ക്കേറ്റ തിരിച്ചടിയായിരുന്നു. രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ ദളിത് ക്രൈസ്തവരെ പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പട്ടികജാതി സംവരണം നല്‍കണമെന്ന നിലപാട് അവിഭക്ത കെ. പി. എം. എസ്സിന്റെ രക്ഷാധികാരിയായിരുന്ന പി. കെ. രാഘവനും ഇന്ത്യന്‍ ദളിത് ഫെഡറേഷന്റെ നേതാക്കളായ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടുമടക്കമുള്ള ദളിത് നേതൃത്വങ്ങള്‍ പുലര്‍ത്തിയിരുന്നു.
____________________________________ 

ദളിത് സമുദായത്തില്‍ ഇരു കെ. പി.എം. എസുകളെ കൂടാതെ നിരവധി സംഘടനകള്‍ നിലനില്‍ക്കുന്നുണ്ട്. ഒപ്പം കോണ്‍ഗ്രസ്സിന് ദളിത് കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗിന് ദളിത് ലീഗ്, സി. പി. ഐ (എം) ന് പട്ടികജാതി ക്ഷേമസമിതി ബി. ജെ. പി.ക്ക് പട്ടികജാതി മോര്‍ച്ച എന്നിവയുണ്ട്. ഈ സംഘടനയ്ക്ക് ദളിതര്‍ക്കിടയില്‍ നേരിയ സ്വാധീനം പോലും ചെലുത്താന്‍ കഴിയാതെ വന്നപ്പോഴാണ് സംഘപരിവാര്‍ സംഘടനകള്‍ കളത്തിലിറങ്ങിയത്. ഇതിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനത്ത് മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മദനെ അവരോധിച്ചുകൊണ്ട് സവര്‍ണര്‍ക്കൊപ്പം പുലയനും ഉന്നതസ്ഥാനം നല്‍കിയെങ്കിലും കെ. വി. മദനന്റെ ജില്ലയായ എറണാകുളത്തുപോലും വി. എച്ച്. പി.ക്കനുകൂലമായ മണ്ണൊരുങ്ങിയില്ല. അപ്പോഴാണ് ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് വീണുകിട്ടിയത്. പ്രസ്തുത റിപ്പോര്‍ട്ട് ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീംങ്ങള്‍ക്കും സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശത്തിനെതിരെ വി. എച്ച്. പി. രംഗത്തുവന്നതോടെ ദളിതര്‍ക്കിടയില്‍ ഹിന്ദുത്വാഭിമുഖ്യം രൂപം കൊള്ളുകയായിരുന്നു,
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമടക്കമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും കേരള കോണ്‍ഗ്രസ്സും മുസ്ലീം ലീഗും വ്യക്തമായ നിലപാടിലെത്തിച്ചേരാതിരിക്കുകയും ചെയ്തതോടെ വി. എച്ച്. പി.യും അതിന്റെ മാതൃസംഘടനയായ ബി. ജെ. പി. യുമാണ് ദളിതരുടെ രക്ഷകരെന്ന അവസ്ഥ സംജാതമായി. ഈ ഘട്ടത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ സംവരണ ലിസ്റ്റ് മാറ്റമില്ലാതെ നിലനിറുത്തിക്കൊണ്ട് ദളിത് ക്രൈസ്തവരേയും ദളിത് മുസ്ലീംങ്ങളേയും പ്രത്യേക ലിസ്റ്റില്‍പ്പെടുത്തി സംവരണം നല്‍കണമെന്ന ദളിത് – അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ വാദം വി. എച്ച്. പി.ക്കേറ്റ തിരിച്ചടിയായിരുന്നു. രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ ദളിത് ക്രൈസ്തവരെ പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പട്ടികജാതി സംവരണം നല്‍കണമെന്ന നിലപാട് അവിഭക്ത കെ. പി. എം. എസ്സിന്റെ രക്ഷാധികാരിയായിരുന്ന പി. കെ. രാഘവനും ഇന്ത്യന്‍ ദളിത് ഫെഡറേഷന്റെ നേതാക്കളായ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടുമടക്കമുള്ള ദളിത് നേതൃത്വങ്ങള്‍ പുലര്‍ത്തിയിരുന്നു. ഇതിനാധാരമാക്കിയത് ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിയഞ്ച് ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നവരായി കണക്കാക്കിയിരിക്കുന്നത് സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി മതവിശ്വാസികളെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ചൊന്ന മതത്തിലുള്‍പ്പെടുന്ന പട്ടികജാതിക്കാര്‍ക്ക് 1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ സംവരണത്തിനര്‍ഹതയുള്ളത്. ഇപ്രകാരമുള്ള ദളിത് ക്രൈസ്തവസംരക്ഷണം, പുലയരടക്കമുള്ള ദളിതരെ പ്രതികൂലമായി ബാധിക്കുകയില്ലെന്നറിയാമായിരുന്നതിനാല്‍, കെ. പി. എം. എസ്. (ടി.വി. ബാബു വിഭാഗം) മാത്രമാണ് വി. എച്ച്. പി. യെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നത്. കെ. പി. എം. എസ്. (പുന്നല ശ്രീകുമാര്‍ വിഭാഗം) മറിച്ചുള്ള അഭിപ്രായപ്രകടനത്തിന് മുതിരാതിരുന്നപ്പോള്‍ ദളിത് ക്രിസ്ത്യന്‍ വിരോധത്തെ സംഘടന വളര്‍ത്താനുള്ള ഉപാധിയാക്കുകയായിരുന്നു ടി. വി. ബാബുവിനെ നയിക്കുന്ന കെ. പി. എം. എസ്. ഇപ്രകാരം രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടായതോടെയാണ് കെ. പി. എം. എസ്. നേതാക്കള്‍, സംഘപരിവാര്‍ സംഘടനകളുടെ നേതൃസ്ഥാനത്തെത്തുന്നതും കുമ്മനം രാജശേഖരന്റെ വലംകൈയായി തുറവൂര്‍ സുരേഷ് ക്ഷേത്രങ്ങളിലെ മതപ്രഭാഷകനുമാകുന്നത്. ചുരുക്കത്തില്‍, കെ. പി. എം. എസ്സിന്റെ സംഘപരിവാര്‍ ബാന്ധവം ആശയപരമെന്നതിലുപരി സംഘടനാപരമായ സാങ്കേതികതയിലുള്ളതാണെന്ന് വ്യക്തമാണ്.
ദളിതരറിയുന്ന സംഘപരിവാര്‍ സംഘടനകള്‍ ബ്രാഹ്മണിസത്തിന്റെ വക്താക്കളായ മേല്‍ജാതി നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളാണ്. സവര്‍ണരിലെ ഭട്ടുകള്‍, നമ്പൂതിരിമാര്‍, അവര്‍ണരിലെ വിശ്വകര്‍മ്മജര്‍, കുടുംബികള്‍ എന്നിങ്ങനെയുള്ള അന്തരാള ജാതികളുടെ പ്രാതിനിധ്യത്തിലാണ് സംഘടന അതിന്റെ അടിത്തറ ഉറപ്പിച്ചിരിക്കുന്നത്. സമുദായങ്ങളെ നിലയില്‍ സംഘടിത മുന്നോക്ക സമുദായമായ നായന്മാരും പിന്നോക്കസമുദായമായ ഈഴവരും വ്യക്തികളെന്ന നിലയിലല്ലാതെ നാളിതുവരെ ബി. ജെ. പി.യെ പന്തുണച്ചിട്ടില്ല. വരുംകാലങ്ങളില്‍ സമുദായങ്ങളെന്ന നിലയില്‍ ഈ വിഭാഗങ്ങള്‍ പിന്തുണച്ചാല്‍തന്നെ, ദളിതര്‍ക്ക് ബി. ജെ. പിയുമായുള്ള സഖ്യം സാദ്ധ്യമല്ലാത്ത വിധത്തിലുള്ള സാമുദായിക – രാഷ്ട്രീയ താല്‍പര്യങ്ങളാണുള്ളത്. ഇതിലേറ്റവും പ്രധാനം, ജാതികളുടെ സമാഹാരമെന്ന നിലയില്‍ ഹിന്ദുസമൂഹം ഒരു മിഥ്യയാണെന്നുള്ളതാണ്. ഓരോ ജാതീയവിഭാഗവും സ്വന്തം നിലനില്‍പ്പിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിനാല്‍ ഏകീകരണം അസാദ്ധ്യമാകുന്നു. തന്മൂലം ജാതികളുടെ ഒരു ഫെഡറേഷന്റെ രൂപീകരണം പോലും നടക്കുകയില്ല. ഒരു ജാതി, ഇതര ജാതികളില്‍ നിന്നും വേറിട്ടുനിന്നുകൊണ്ട് സജാതീയഭോജനവും സജാതീയ വിവാഹവുമാണ് നടത്തുന്നത്. ഇതിനര്‍ത്ഥം, ഹിന്ദുക്കളെ ഒരു സമൂഹമായി പരിവര്‍ത്തനപ്പെടുത്തുന്നതിനെ ജാതിവ്യവസ്ഥ തടഞ്ഞുനിറുത്തുന്നുവെന്നാണ്. ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാതെ ദളിതരെ മതാത്മകധാരയിലുള്‍പ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

  • ഹിന്ദുമഹാമണ്ഡലം മുതല്‍ ഹിന്ദു ഐക്യവേദി വരെ
    _______________________________ 

1950 കളില്‍ മന്നത്ത് പത്മനാഭന്റെയും ആര്‍. ശങ്കറിന്റേയും മുന്‍കൈയില്‍ രൂപീകരിച്ച ‘ഹിന്ദു മഹാമണ്ഡലം’ മുതല്‍ വെള്ളാപ്പള്ളി നടേശന്‍ മുന്നേട്ടുവച്ച ‘നായാടി മുതല്‍ നമ്പൂതിരിവരെ’യുള്ള ഹിന്ദു ഐക്യത്തില്‍ നിന്നും ദളിതര്‍ വേറിട്ട് നില്‍ക്കാന്‍ കാരണം, നേതൃത്വപരമായ അധീശത്വത്തെക്കുറിച്ചുള്ള സന്ദേഹം മാത്രമല്ല, ഹൈന്ദവാശയങ്ങള്‍ സ്വീകാര്യമല്ലാതിരുന്നതിനാലാണ്. ഹിന്ദുമതത്തിനോ ക്രിസ്തു മതത്തിനോ ദളിതര്‍ക്ക് നീതി നല്‍കാനാവില്ലെന്ന് ഒരു നൂറ്റാണ്ടിന് മുന്‍പു തന്നെ തിരിച്ചറിഞ്ഞ പൊയ്കയില്‍ അപ്പച്ചന്‍ പാടി:
ഹിന്ദുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു
ഹിന്ദുമതക്കാരും ചേര്‍ത്തില്ല നമ്മെ
ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു.
ക്രിസ്തുമതക്കാരും ചേര്‍ത്തില്ല നമ്മെ.
ഈ ചരിത്രാനുഭവം ഉള്‍ക്കൊണ്ടിരുന്നതിനാലാണ് സുപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ കുഞ്ഞപ്പിയേയും അമയാടിതേവനേയും പോലുള്ള ദളിത് നേതാക്കള്‍ പങ്കെടുത്തപ്പോള്‍ അയ്യങ്കാളി പിന്തുണ നല്‍കാതിരുന്നത്. ഹിന്ദുമതത്തിലെന്നപോലെ ക്രിസ്തുമതത്തിലും നിലനിന്ന അയിത്തത്തിനും വിവേചനത്തിനുമെതിരായ പ്രക്ഷോഭണത്തിലൂടെയാണ് പൊയ്കയില്‍ അപ്പച്ചന്‍ പ്രത്യക്ഷ രക്ഷാദൈവസഭയെന്ന സ്വതന്ത്രവിശ്വാസപ്രസ്ഥാനം രൂപീകരിക്കുന്നത്.

  • എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍?
    ____________________

ദളിതരെ കമ്മ്യൂണിസറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രത്യേകിച്ചും സി. പി. ഐ. (എം) ല്‍ നിന്നും അടര്‍ത്തിയെടുക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. എന്തുകൊണ്ടാണ് ദളിതര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയായത്? മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ഹിന്ദുമഹാമണ്ഡലം രൂപീകരിച്ച കാലത്തുതന്നെയാണ് ദളിതര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തിയത്. ഇതിനുള്ള നിരവധി കാരണങ്ങളില്‍ പ്രധാനമായത്, അയിത്തവും തൊട്ടുകൂടായ്മയും സാമൂഹ്യപീഡനങ്ങളും നിലനിന്നപ്പോള്‍, ദളിതരുമായുള്ള ശാരീരികമായ അകലം കുറയ്ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞതാണ്. തോപ്പില്‍ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ അടക്കം നിരവധി ജീവചരിത്രങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിലപാട് ആശയപരമെന്നതിലുപരി വൈകാരികമായ ഒരാഭിമുഖ്യം രൂപം കൊള്ളാനിടയായിത്തീര്‍ന്നു. കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരിലൊരാളായ ഡോ. എം. കുഞ്ഞാമന്‍, ഇ. എം. എസ്. തന്റെ വീട്ടില്‍ വന്നതിനെ ഗൃഹാതുരമായ വികാരവായ്‌പ്പോടെയാണ് ഓര്‍മ്മിച്ചിട്ടുള്ളത്. ഇന്ന്, ഇപ്രകാരമൊരു പാരസ്പര്യത്തിന് പ്രസക്തിയില്ല. കാരണം, സാമൂഹ്യസമ്പര്‍ക്കത്തിന്റെ മേഖല വിശാലമാണ്. അന്തരിച്ച നോവലിസ്റ്റ് ഒ. വി. വിജയന്‍, ആര്‍. എസ്. എസ്സിന്റെ സവര്‍ണാഭിമുഖ്യത്തെക്കുറിച്ച് നടത്തിയ നിരീക്ഷണത്തിനെതിരെ സംഘത്തിനുള്ളില്‍ സവര്‍ണ-ദളിത് ഭേദമില്ലാത്ത ഇടപെടലുകളുണ്ടെന്ന് അവര്‍ വാദിച്ചപ്പോള്‍ വിജയന്‍ പറഞ്ഞ മറുപടി, തൊട്ടടുത്തുള്ള ചായക്കടയില്‍ ഇത്തരം കാഴ്ച കാണാമെന്നായിരുന്നു.
മറ്റൊരു കാര്യം, കീഴാളരുടെ സാമൂഹ്യവും സാമ്പത്തികവുമായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു പരിധിവരെ വാദിക്കാനും പ്രക്ഷോഭണം നടത്താനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞതാണ്. 1957 ലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കുടിക്കിടപ്പവകാശം, തുടര്‍ന്നുണ്ടായ ഗവണ്‍മെന്റുകളുടെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 1967-70 കാലഘട്ടത്തില്‍ സി. പി. ഐ. (എം) നേതൃത്വത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തിയ മിച്ചഭൂമി സമരം, ജോലിസമയം കുറയ്ക്കാനും കൂലികൂടുതലിനും വേണ്ടിയുള്ള സമരങ്ങളും എടുത്തുപറയേണ്ടവയാണ്.
പത്തൊന്‍താം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലും അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ നവോത്ഥാന നായകര്‍ നടത്തിയ സമരങ്ങള്‍ സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസാവകാശം എന്നിവയോടൊപ്പം മെച്ചപ്പെട്ട തൊഴിലുകള്‍ക്കും ഭൂവുടമസ്ഥതയ്ക്കും വേണ്ടിയുള്ളതായിരുന്നു. ഇത്തരം സമരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ആശയസംഹിത ഹിന്ദുമതം, വേദേതിഹാസങ്ങള്‍, ശ്രുതികള്‍, സ്മൃതികള്‍ എന്നിവയിലൂടെ നിലനിര്‍ത്തിയിരുന്ന മൂല്യങ്ങളുടെയും അതിനെ വാക്കുകൊണ്ടും വാളുകൊണ്ടും സംരക്ഷിക്കാന്‍ കടപ്പെട്ട സവര്‍ണാധീശത്വത്തിന്റെ ചോദ്യം ചെയ്യലുമായിരുന്നു. ഹിന്ദുത്വത്തെ സംസ്‌കാരമായി പുനര്‍നിര്‍വചിച്ച് ദളിതര്‍ക്കുകൂടി ബാധകമാകുമ്പോള്‍, ദളിതര്‍ പാടെ നിഷേധിച്ച മൂല്യാവസ്ഥ സ്വീകാര്യമാകുമെന്നോ സംഘപരിവാര്‍ കരുതുന്നത്?

________________________________
മുസ്ലീം വിരോധം അടിച്ചേല്‍പ്പിക്കുന്നതിനായി അബ്ദുള്‍ നാസര്‍ മഅ്ദനി ദേശദ്രോഹിയാണെന്നും ഇരുമുന്നണികളും അദ്ദേഹത്തിനുവേണ്ടി നിലകൊള്ളുകയാണെന്നും ആരോപിക്കുകയുണ്ടായി. ഇത്തരം ആരോപണങ്ങള്‍ സവര്‍ണജാതികളില്‍ സ്വാധീനം ചെലുത്തുമ്പോള്‍ ദളിതരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാരണം, ദളിതരിലെ അഭിപ്രായരൂപീകരണം നടത്തുന്നത് മതേതര വീക്ഷണമുള്ള ഉല്‍ബുദ്ധ വീഭാഗങ്ങളാണ്. അവരാകട്ടെ, ജാതി സന്തുചിതത്വത്തോടൊപ്പം മതതീവ്രവാദത്തില്‍നിന്നും അകലം പാലിക്കുന്നവരാണ്. ഇന്ത്യയിലൊരു പ്രദേശത്തും ദളിതരുടെ സാമുദായികരാഷ്ട്രീയാടിത്തറ അനുകൂലമാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് നല്‍കുന്നപാഠം. 2009 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ-ഭൂമിഹാര്‍ സമുദായങ്ങളുടെ പിന്തുണയോടെ മത്സരിച്ച ബി. എസ്. പി.യ്ക്ക് നേടാന്‍ കഴിഞ്ഞത് 27.5 ശതമാനം വോട്ടുകളാണ്. 2014 ലെ തിരഞ്ഞെടുപ്പിലാകട്ടെ ദളിതരുടെ മാത്രം പിന്തുണയോടെ മത്സരിച്ച സംഘടനയ്ക്ക് നേടാന്‍ 19.7 ശതമാനം വോട്ടാണ്. ഇത് തെളിയിക്കുനനത് ബി. എസ്. പി.യുടെ അടിത്തറയിളക്കാന്‍ സംഘപരിവാറും അമിത്ഷായ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ്. കേരളത്തിലും മറിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
________________________________ 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും നിലനില്‍ക്കുന്ന അധികാരഘടനയെയും കുറ്റവിചാരണ നടത്തി ദളിതരുടെ സാമ്പത്തിക-സാമൂഹ്യ-സാമുദായികാവകാശങ്ങളുടെ പുനര്‍നിര്‍ണയം നടത്തിയത്, ബി. ജെ. പിയടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളല്ല; മറിച്ച് കേരളത്തിലെ ദളിത് ബുദ്ധിജീവികളുള്‍പ്പെടുന്ന ഉദ്ബുദ്ധവിഭാഗങ്ങളാണ്. ഇതിനാധാരമായതാകട്ടെ, നവോത്ഥാനാനുഭവങ്ങളും ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ പാഠവല്‍ക്കരണങ്ങളുമാണ്. ഫലമോ, 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂപരിഷ്‌ക്കരണം ചോദ്യം ചെയ്യപ്പെട്ടു. ദളിതരുടെ ആവാസസ്ഥാനങ്ങളായ ഹരിജന്‍ ലക്ഷം വീടുകള്‍ പ്രശ്‌നവല്‍ക്കരണത്തിന് വിധേയമായി. പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അവതരിപ്പിച്ച വിദ്യാഭ്യാസബില്ലിലെ കീഴാള വിരുദ്ധ വ്യവസ്ഥകള്‍ തിരിച്ചറിയപ്പെട്ടു. ഇത്തരം കാര്യങ്ങളെ അംഗീകരിക്കാനും പ്രക്ഷോഭം നടത്താനും സംഘപരിവാറിന് കഴിയുമോ?
സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംവരണപ്രശ്‌നം പരിശോധിക്കുക. ക്രൈസ്തവ – മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, നായരീഴവ സമുദായങ്ങളുടെ സ്ഥാപനങ്ങളും സംവരണം നിഷേധിക്കുന്നുണ്ട്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടാല്‍, നായരീഴവ സമുദായങ്ങള്‍ സംഘപരിവാറിന്റെ എതിര്‍ചേരിയിലായിരിക്കും നിലയുറപ്പിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ സ്വാധീനമേഖലയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നാല് കോളേജുകളില്‍ 182 അദ്ധ്യാപകരാണുള്ളത്. ഇവരില്‍ നായര്‍ 135, ഈഴവ 33, നമ്പൂതിരി 8, വിശ്വകര്‍മ്മ 2, വിളക്കിത്തല നായര്‍ 1, ഗണക 1, അരയ 1, വെള്ളാള 1 എന്നിങ്ങനെയാണ് അദ്ധ്യാപകരുള്ളത്. ഇവരില്‍ ദളിതര്‍ ആരുമില്ലെന്നുള്ള കാര്യം എന്തുകൊണ്ടാണ് സംഘപരിവാര്‍ പരിഗണിക്കാത്തത്? ഇത് വ്യക്തമാക്കുന്നത്, ദളിത് സംവരണം നായരീഴവ സ്ഥാപനങ്ങളിലും സര്‍വമാനഹിന്ദുക്കളുടേതെന്നും കണക്കാക്കപ്പെടുന്ന ദേവസ്വംബോര്‍ഡിലും അതിന് കീഴിലുള്ള സ്ഥാപനങ്ങളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടാല്‍ ദളിതേതര ഹൈന്ദവജാതികള്‍ സംഘപരിവാറിനോട് വിടപറയുമെന്നാണ്.
ദളിത് സമുദായത്തിന്റെ പുനര്‍ നിര്‍ണയിക്കപ്പെട്ട സാമുദായിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിവിധ സംഘടനകളില്‍ നിലയുറപ്പിക്കുമ്പോഴും ദളിതര്‍ സംഘടനാതീതമായി ഏകാഭിപ്രായമുള്ളവരാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സംഘപരിവാറിന്റെ പാളയത്തിലെത്തിച്ചേര്‍ന്ന കെ. പി. എം. എസ് (ടി. വി. ബാബുവിഭാഗം) കൊച്ചിക്കായല്‍ സമ്മേളന ശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടകനായി നരേന്ദ്രമോദിയെ ക്ഷണിക്കാന്‍ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നേരിട്ട് കണ്ടപ്പോള്‍, അദ്ദേഹം രൂപീകരിക്കുന്ന കേന്ദ്രഗവണ്‍മെന്റ് ‘അഖിലേന്ത്യാടിസ്ഥാനത്തില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കുക’, ‘സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കുക’, ‘അയ്യങ്കാളി സ്മൃതി മണ്ഡപം പൈതൃകപദ്ധതിയില്‍ ഉള്‍പ്പെടുത്തുക’ എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാനായി മുന്നോട്ടുവച്ചത്. മതേതരമായ ഇത്തരം അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭണങ്ങള്‍ നയിക്കുന്നത് സംഘപരിവാര്‍ സംഘടനകളല്ല; മറിച്ച് ആദിവാസി ദളിത് നേതൃത്വങ്ങളാണെന്ന് തിരുവനന്തപുരത്തെ കുടില്‍ കെട്ടല്‍, മുത്തങ്ങ, ചെങ്ങറ എന്നീ സമരങ്ങള്‍ തെളിയിക്കുന്നുണ്ട്. ദളിത് നേതൃത്വത്തിലുള്ള സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സി. പി. ഐ. (എം). നോടും കോണ്‍ഗ്രസ്സിനോടും സഖ്യംചെയ്ത സമീപകാല ചരിത്രവും സംഘപരിവാറിനുമുണ്ട്. കേരളം ഏറെ ശ്രദ്ധിച്ച ചെങ്ങറ സമരത്തിനെതിരെ കൈവിരലിലെണ്ണാവുന്ന ബി. എം. എസ്. തൊഴിലാളികളുടെ പേരില്‍ ഉപരോധം സൃഷ്ടിക്കാന്‍ മുന്‍ചൊന്ന സംഘടനകളോടൊപ്പം ആര്‍. എസ്. എസ്സും വീറോടെ അണിനിരന്നിരുന്നു. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വര്‍ക്കലയിലെ കൊലപാതകത്തെത്തുടര്‍ന്ന്, ദളിത് കോളനികളില്‍ നടന്നുകൊണ്ടിരുന്ന പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തിയവരെ കല്ലെറിഞ്ഞ് ചിതറിക്കുകയും ഗര്‍ഭിണികളടക്കമുള്ളവരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത് സംഘപരിവാറാണ്. ഇത് വ്യക്തമാക്കുന്നത്, ദളിതര്‍ ഒരാശ്രിതവിഭാഗമായിട്ടല്ലാതെ സ്വാതന്ത്രസമുദായമായി അംഗീകരിക്കപ്പെടില്ലെന്നാണ്.

  • സമകാലീന സാമുദായിക പ്രശ്‌നങ്ങള്‍
    ________________________

കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സാമുദിക അസന്തുലിതാവസ്ഥയില്‍ നിന്നും വിളവെടുപ്പ് നടത്താനാകുമെന്നാണ് സംഘപരിവാര്‍ കണക്ക് കൂട്ടുന്നത്. തീര്‍ച്ചയായും, വിമര്‍ശിക്കപ്പെടേണ്ട സാമുദായിക അസന്തുലിതാവസ്ഥ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഭരണസ്വാധീനത്തിലൂടെ മുസ്ലീംലീഗും കേരളാകോണ്‍ഗ്രസും കൈവരിക്കുന്ന നേട്ടങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വികാരം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.
മുഖ്യമായും എന്‍. എസ്. എസ്. ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന ഭൂരിപക്ഷ സമുദായത്തോടുള്ള അവഗണനയും ഇതേ ഭാഷയില്‍ സംസാരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറിനോടെന്നതിനേക്കാള്‍ പിന്നാക്കക്കാരനായ നരേന്ദ്രമോദിക്ക് നല്‍കുന്ന അംഗീകാരവും ബി. ജെ.പി. ക്ക് സഹായകമായതുകൊണ്ടാണ് ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ പന്ത്രണ്ട് ശതമാനം വോട്ട് നേടാന്‍ അവര്‍ക്ക് കഴിഞ്ഞത്. ദളിതരില്‍ സ്വാധീനമുറപ്പിക്കാന്‍ സംഘപരിവാര്‍ ആശ്രയിക്കുന്നത് മുകളില്‍ ചൂണ്ടിക്കാണിച്ച ‘ഹൈന്ദവ ഏകീകരണ’ത്തെയല്ല; മറിച്ച് സി. പി. ഐ. (എം) ന്റെ നിഷേധാത്മകമായ നിലപാടുകളെയാണ്.
വര്‍ഷങ്ങളായി ദളിതരുടെ സാമുദായികാവകാശങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമല്ല സി. പി. ഐ. (എം) പുലര്‍ത്തുന്നത്. മാത്രമല്ല, ദളിതരുടെ ന്യായമായ അവകാശങ്ങളെ ഭരണകൂടസ്വാധീനമുപയോഗിച്ചും ചെങ്ങറയിലെന്നപോലെ സംഘടനാശക്തി ഉപയോഗിച്ചുമാണ് പാര്‍ട്ടി നേരിടുന്നത്. ഈയടുത്ത നാളില്‍ ക്രൈസ്തവ മതമേധാവികളുമായി ചേര്‍ന്ന് നടത്തിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരവും ദളിതരുടെ പാര്‍ട്ടി വിശ്വാസത്തെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഇതിനെല്ലാമുപരി പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നീ സംഘടനകളുടെ രൂപീകരണം സി. പി. ഐ. (എം) നെ ഒരു സവര്‍ണരാഷ്ട്രീയ പ്രസ്ഥാനമായി കണക്കാക്കാന്‍ കാരണമായിട്ടുണ്ട്. ഇത്തരം തിരിച്ചറിവുകളിലൂടെ ദളിതര്‍ക്ക് അവരുടെ സാമുദായികാവകാശങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനും ജാതീയവും മതപരവുമായ ഭിന്നതകള്‍ക്കതീതമായി ഒരു സമുദായമായി മാറണമെന്ന വീക്ഷണം മുന്നോട്ട് വയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ചെറുതും വലുതുമായ ദളിത് സംഘടനകള്‍ ഏതെങ്കിലും സാമുദായിക വിഭാഗത്തിനെന്നതിനുപരി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്. ഈ സമരങ്ങള്‍ തീര്‍ച്ചയായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരിക്കും ദുര്‍ബലപ്പെടുത്തുന്നത്. തല്‍ഫലമായി രൂപംകൊള്ളുന്ന ബന്ധവിച്ഛേദനത്തെ സാമൂഹ്യവല്‍ക്കരിക്കാന്‍ കഴിയുന്ന സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനമാണ് ദളിതര്‍ക്ക് ആവശ്യം. ഇക്കാര്യത്തില്‍ ഡോ. ബി. ആര്‍. അംബേദ്ക്കര്‍ മുതല്‍ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും വരെയുള്ളവരുടെ അനുഭവപാഠങ്ങള്‍ ദളിതര്‍ക്കുണ്ട്.
കേരളത്തിലെ ദളിതരുടെ ചരിത്രാനുഭവങ്ങളെയും സംഘടനാപ്രക്ഷോഭങ്ങളിലവരുടെ സ്വാതന്ത്ര നേതൃത്വത്തെയും ഉള്‍ക്കൊള്ളാതെയുള്ള ആശയമണ്ഡലമാണ് സംഘപരിവാറിന്റേത്. അതുകൊണ്ടാണ് ജാതിവ്യവസ്ഥയേയും രാജ്യത്തിന്റെ വൈവിധ്യങ്ങളേയും കണക്കിലെടുക്കാതെ എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണെന്ന് മോഹന്‍ഭാഗവത് അവകാശപ്പെട്ടത്. ഈ അവകാശവാദത്തെ നിഷേധിച്ചുകൊണ്ട് ദളിതര്‍ ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത് നവബുദ്ധിസത്തിലേക്കും നിരവധി സാമൂഹിക വൈവിധ്യങ്ങളിലേക്കുമാണെന്നു സോഷ്യല്‍ മീഡിയ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമിത്ഷായാകട്ടെ, മുസ്ലീം വിരോധം അടിച്ചേല്‍പ്പിക്കുന്നതിനായി അബ്ദുള്‍ നാസര്‍ മഅ്ദനി ദേശദ്രോഹിയാണെന്നും ഇരുമുന്നണികളും അദ്ദേഹത്തിനുവേണ്ടി നിലകൊള്ളുകയാണെന്നും ആരോപിക്കുകയുണ്ടായി. ഇത്തരം ആരോപണങ്ങള്‍ സവര്‍ണജാതികളില്‍ സ്വാധീനം ചെലുത്തുമ്പോള്‍ ദളിതരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാരണം, ദളിതരിലെ അഭിപ്രായരൂപീകരണം നടത്തുന്നത് മതേതര വീക്ഷണമുള്ള ഉല്‍ബുദ്ധ വീഭാഗങ്ങളാണ്. അവരാകട്ടെ, ജാതി സന്തുചിതത്വത്തോടൊപ്പം മതതീവ്രവാദത്തില്‍നിന്നും അകലം പാലിക്കുന്നവരാണ്.
ഇന്ത്യയിലൊരു പ്രദേശത്തും ദളിതരുടെ സാമുദായികരാഷ്ട്രീയാടിത്തറ അനുകൂലമാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് നല്‍കുന്നപാഠം. 2009 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ-ഭൂമിഹാര്‍ സമുദായങ്ങളുടെ പിന്തുണയോടെ മത്സരിച്ച ബി. എസ്. പി.യ്ക്ക് നേടാന്‍ കഴിഞ്ഞത് 27.5 ശതമാനം വോട്ടുകളാണ്. 2014 ലെ തിരഞ്ഞെടുപ്പിലാകട്ടെ ദളിതരുടെ മാത്രം പിന്തുണയോടെ മത്സരിച്ച സംഘടനയ്ക്ക് നേടാന്‍ 19.7 ശതമാനം വോട്ടാണ്. ഇത് തെളിയിക്കുനനത് ബി. എസ്. പി.യുടെ അടിത്തറയിളക്കാന്‍ സംഘപരിവാറും അമിത്ഷായ്ക്കും കഴിഞ്ഞിട്ടില്ലെന്നാണ്. കേരളത്തിലും മറിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല.

Top