നവ ഇടതിന്റെ ചെലവില്‍ നവ ഹൈന്ദവത വില്‍ക്കപ്പെടുന്ന വിധം

കണ്ഡമാല്‍ കൂട്ടുകുരുതി ഗുജറാത്ത് പോലെയും മുസര്‍ഫര്‍നഗര്‍
പോലെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മിക്കപ്പെട്ടുകൊണ്ടേ യിരിക്കുമെന്നത് ഷാഫിസത്തിനെതിരെ ഒരു ജനാധിപത്യ സമൂഹം തീര്‍ക്കുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ്.

ണ്ഡമാല്‍ കൂട്ടുകുരുതി ഗുജറാത്ത് പോലെയും മുസര്‍ഫര്‍നഗര്‍
പോലെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മിക്കപ്പെട്ടുകൊണ്ടേ യിരിക്കുമെന്നത് ഫാസിസത്തിനെതിരെ ഒരു ജനാധിപത്യ സമൂഹം തീര്‍ക്കുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ്. ഈ കഴിഞ്ഞ ആഗസ്റ്റ് 25 നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികളിലൂടെ; 2008-ല്‍ ഒഢീഷയിലെ കണ്ഡമാലില്‍ കൂട്ടക്കുരുതിക്കിരയായ ദലിത് ക്രൈസ്തവര്‍ ഓര്‍മ്മിക്കപ്പെടുകയുണ്ടായി. അതിന്റെ ഭാഗമായി ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഈ വര്‍ഷം ‘വ്യത്യസ്തമായ’ പരിപാടി സംഘടിക്കപ്പെട്ടു.
ഒരു മുസ്ലീം വിദ്യാര്‍ത്ഥി സംഘടനയുടെ ബാനറില്‍ രണ്ടുപേരുടെ സംസാരമായിരുന്നു പരിപാടി. അന്റോ അക്കര എന്ന മലയാളി പത്രപ്രവര്‍ത്തകനാണ് ആദ്യം സംസാരിച്ചത്. കണ്ഡമാലില്‍ സംഭവിച്ചത് എന്താണ് എന്നതിന്റെ ഏറ്റവും ആധികാരിക വിവരണമായ Kandhamal – A blot on Indian Secularism എന്ന പുസ്തകത്തിന്റെ രചയിതാവാണ് അന്റോ അക്കര. കണ്ഡമാലിലെ യാഥാര്‍ത്ഥ്യവും തന്റെ അനുഭവങ്ങളും വിവരിച്ച അന്റോയുടെ പ്രഭാഷണം ഫാഷിസത്തിനെതിരെ ഉയര്‍ന്ന് വരുന്ന പുതുനിര രാഷ്ട്രീയ പ്രതിരോധത്തിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍, അതിനുശേഷം സംസാരിച്ചത് സെന്ററല്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് വിഭാഗത്തിലെ അസിസ്റ്റന്റ്‌പ്രൊഫസറായ ഡോ. അജയ് ഗുഡവര്‍ത്തിയായിരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന തന്റെ പ്രസംഗത്തില്‍ ഒരുതവണപോലും കണ്ഡമാല്‍ എന്നു പരാമര്‍ശിക്കാതെ ശ്രദ്ധിച്ച അദ്ദേഹം ഇന്ത്യയില്‍ മുസ്ലീംകളും ക്രൈസ്തവരും വര്‍ഗീയമായി ചിന്തിക്കുന്നതിനെ കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടേയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഹൈന്ദവ ഫാഷിസത്തിന് പുതുന്യായങ്ങളും ചമച്ചു. പരിപാടി സംഘടിപ്പിച്ച മുസ്ലീം വിദ്യാര്‍ത്ഥി സംഘടനപോലും മുസ്ലീം വര്‍ഗീയതയുടെ ഭാഗമാണെന്ന് പറയാതെ പറയുകയായിരുന്നു ഡോ. അജയ് ഗുഡവര്‍ത്തി.
തൊട്ടടുത്ത ആഴ്ച ഇറങ്ങിയ പ്രബോധനം വാരികയില്‍ (ലക്കം: 2865) ഇതേ ഡോ. അജയ് ഗുഡവര്‍ത്തിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ജെ.എന്‍.യു ഗവേഷകരായ അഭയ് കുമാര്‍ മിശ്ര, മിസ്അബ് ഇരിക്കൂര്‍ എന്നിവരാണ് അഭിമുഖം തയ്യാറാക്കിയത്. ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്ന വര്‍ഗീയ രാഷ്ട്രീയത്തെ കുറിച്ച് നിരീക്ഷണങ്ങളായിരുന്നു വിഷയം. അദ്ദേഹം ഉയര്‍ത്തുന്ന സാമൂഹിക ശാസ്ത്ര നിരീക്ഷണത്തിന്റെ അപകടങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതിനുമാണ് ഈ കുറിപ്പ്.
ഡോ. അജയ് ഗുഡവര്‍ത്തിയുടെ പ്രധാന ആരോപണം കാവിവല്‍ക്കരിക്കപ്പെടുന്ന ദലിതുകളും ഒ.ബി.സികളും മുസ്ലീംകള്‍ ക്കെതരെ ഉയര്‍ന്ന് വരുന്ന കലാപങ്ങളില്‍ മുഖ്യപങ്ക് വഹിക്കുന്നു എന്നതാണ്. അതിന് വസ്തുനിഷ്ഠമായ ഒരു തെളിവും അദ്ദേഹം കൊണ്ടുവരുന്നില്ല. മറിച്ച് വളരെ അമൂര്‍ത്തമായ ഒരു ആരോപണം കലാപങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ ഹൈന്ദവ ഫാഷിസത്തെയും അതിനെ നിയന്ത്രിക്കുന്ന ബ്രാഹ്മണ ജാതീയ തത്ത്വശാസ്ത്രത്തെയും അദ്യശ്യമാക്കുകയാണ് ഡോ. അജയ് ഗുഡവര്‍ത്തി. ഇടത്, ഇടതാനന്തര നവബുദ്ധിജീവികളെ കുറിച്ച് ആദ്യമേ ഉയര്‍ന്നുവന്ന ഒരു ആരോപണമാണിത്. ഇന്ത്യയിലെ ജാതിയെക്കുറിച്ച് ഉപരിതല സ്പര്‍ശിയായ വായനയിലൂടെ ജാതീയതയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ അദൃശ്യമാക്കപ്പെടുന്നത് ഈ വ്യാഖ്യാനത്തിലുടനീളം കാണുവാന്‍ സാധിക്കും.

_________________________________
ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യാപകമായി പ്രചരിച്ച മിത്തായിരുന്നു ഗുജറാത്തിലെ ദലിത് പിന്നോക്ക ജനവിഭാഗമാണ് മുസ്ലീംകളെ കൂട്ടക്കൊല ചെയ്തത് എന്നത്. പ്രമുഖ ഗുജറാത്തി കവിയും ആക്റ്റിവിസ്റ്റുമായ രാജേഷ് സോളങ്കി ‘റൗണ്ട് ടേബിള്‍ ഇന്ത്യ’യില്‍ല് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഈ ആരോപണങ്ങളെ വസ്തുനിഷ്ഠമായ തെളിവുകളുടെ പിന്‍ബലത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. അഹമ്മദാബാദ്‌നഗരത്തില്‍ മുസ്ലീംകളും ദലിതുകളും തിങ്ങിത്താമസിക്കുന്ന ഒരിടത്തും കലാപം ബാധിച്ചിട്ടില്ല എന്നും മറിച്ച് ജാതീയഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ അഹമ്മദാബാദിലാണ് മുസ്ലീംകള്‍ക്ക് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം തെളിവുകളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കുന്നുണ്ട്. 
_________________________________ 

ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യാപകമായി പ്രചരിച്ച മിത്തായിരുന്നു ഗുജറാത്തിലെ ദലിത് പിന്നോക്ക ജനവിഭാഗമാണ് മുസ്ലീംകളെ കൂട്ടക്കൊല ചെയ്തത് എന്നത്. പ്രമുഖ ഗുജറാത്തി കവിയും ആക്റ്റിവിസ്റ്റുമായ രാജേഷ് സോളങ്കി ‘റൗണ്ട് ടേബിള്‍ ഇന്ത്യ’യില്‍ല് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഈ ആരോപണങ്ങളെ വസ്തുനിഷ്ഠമായ തെളിവുകളുടെ പിന്‍ബലത്തില്‍ വിശകലനം ചെയ്യുന്നുണ്ട് (Round Table India, http://google/YJCd9X). അഹമ്മദാബാദ്‌നഗരത്തില്‍ മുസ്ലീംകളും ദലിതുകളും തിങ്ങിത്താമസിക്കുന്ന ഒരിടത്തും കലാപം ബാധിച്ചിട്ടില്ല എന്നും മറിച്ച് ജാതീയഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ അഹമ്മദാബാദിലാണ് മുസ്ലീംകള്‍ക്ക് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം തെളിവുകളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ കലാപങ്ങള്‍ക്ക് പിന്നില്‍ ദലിതുകളും മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളുമായിരുന്നു എന്ന് സ്ഥാപിക്കേണ്ടത് ഹിന്ദുത്വ ശക്തികളുടെ തന്നെ ആവശ്യമായിരുന്നു. അതിനു വേണ്ടി കലാപത്തിന്റെ പേരില്‍ നഗരത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നുള്ള നിരപരാധികളായ ദലിത് പിന്നോക്ക വിഭാഗക്കാര്‍ക്കെതിരെ കേസെടുക്കുകയും അവരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് രാജേഷ് സോളങ്കി സ്ഥാപിക്കുന്നുണ്ട്. മൊത്തം അറസ്റ്റ് ചെയ്യപ്പെട്ട 1577 ഹിന്ദുക്കളില്‍ കേവലം 33 പേര്‍ മാത്രമായിരുന്നു ഉയര്‍ന്ന ജാതിഹിന്ദുക്കള്‍. ബാക്കി 1544 പേരും ദലിത്, ഒ.ബി.സി വിഭാഗങ്ങളില്‍ പെട്ടവരായിരുന്നു. അവരില്‍ ഭൂരിഭാഗവും നിരപരാധികളും. എന്നാല്‍, ഇതിലൂടെ പോലീസും ദലിതുകളും മുസ്ലീംകള്‍ക്ക് എതിരാണെന്ന് വ്യാപക പ്രചാരണത്തിലൂടെ സംഘപരിവാര്‍ ശക്തികള്‍ ലക്ഷ്യം വെച്ചത്, വളര്‍ന്ന് വരുന്ന വിശാല പിന്നോക്ക ഐക്യം എന്ന രാഷ്ട്രീയഅജണ്ടയെ ഇല്ലാതാക്കുക എന്നതായിരുന്നു എന്ന് രാജേഷ് സോളങ്കി വിശദീകരിക്കുന്നുണ്ട്. ദലിതരും ഇതര പിന്നോക്ക വിഭാഗങ്ങളും മുസ്ലീംകള്‍ക്കെതിരെ തിരിയുന്നു എന്ന പ്രചാരണത്തിലൂടെ ഇതേ യുക്തിക്കകത്ത് തന്നെയാണ് ഡോ. അജയ് ഗുഡവര്‍ത്തി അകപ്പെട്ടത്.
ജാതീയത എന്നത് ബ്രാഹ്മണിസമാണ് എന്ന് മനസ്സിലാക്കു ന്നതിലെ പരാജയമാണ് ഡോ. അജയ് ഗുഡവര്‍ത്തിയുടെ മറ്റൊരു പരിമിതി. ദലിതര്‍ എന്നത് ഒരു ജാതി സമൂഹമല്ല. മറിച്ച് ജാതീയതക്കെതിരായി ഉയര്‍ന്ന് വന്ന, ജാതീയതയുടെ ഇരകളുടെ ഒരു രാഷ്ട്രീയ സമരസമൂഹമാണ് ദലിതര്‍. അതിനെ മനസ്സിലാക്കുന്നതില്‍ ഒരാളുടെ സാമൂഹിക സ്ഥാനം നിര്‍ണായകമാണ്. ദലിത് സമൂഹങ്ങള്‍ക്ക്് പുറത്ത് നില്‍ക്കുന്നവര്‍ ജാതിയെ അഭിസംബോധന ചെയ്യുമ്പോള്‍ ദലിതരില്‍ ജാതീയത ആരോപിക്കുകയും ജാതീയതയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളെയും പ്രയോജകരെയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു എന്നത് ഇന്ത്യന്‍ സാമൂഹിക ശാസ്ത്ര വിശകലനങ്ങളെ കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള വിമര്‍ശനമാണ്. ജാതി ശ്രേണിയിലെ വ്യത്യസ്ത തലത്തിലുള്ള ചൂഷണങ്ങല്‍ ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, അതിനകത്തുതന്നെ ജാതീയതക്കെതിരായി നിലനില്‍ക്കുന്ന വലിയ തോതിലുള്ള പ്രതിരോധസമരപ്രവര്‍ത്തനങ്ങളെക്കുറിച്ച് പൂര്‍ണമായും നിശബ്ദമായി, ചൂഷണത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് മുകളില്‍ സൂചിപ്പിച്ച ബോധത്തിന്റെ ഫലമായാണ്. ഡോ. അജയ് ഗുഡവര്‍ത്തി Entrenched Caste Psyche (സ്ഥായിയായ ജാതി ബോധം) എന്ന് വിളിച്ച് ഏകാത്മകമായി മനസ്സിലാക്കുന്ന ജാതിബോധം എല്ലാ വിഭാഗങ്ങളിലും ഒരുപോലെയല്ല രൂപപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ അദ്ദേഹം വിസ്മരിക്കുന്നു. ഉയര്‍ന്നജാതിക്കാര്‍ക്ക് മറ്റ് കീഴ്ജാതിക്കാരോ ടെല്ലാമുണ്ടാകുന്ന ജാതീയസമീപനവും കീഴ്ജാതികള്‍ക്കിടയില്‍ രൂപപ്പെടുന്ന ജാതീയസമീപനങ്ങളും വ്യത്യസ്തമാണ്. അവയെ രേഖീയമായി അഭിസംബോധന ചെയ്യല്‍ അസാധ്യവുമാണ്. അതിനാല്‍ തന്നെ ബഹുത്വത്തെ എല്ലാ അര്‍ത്ഥത്തിലും നിഷേധിക്കുന്ന, വൈവിധ്യങ്ങള്‍ക്ക് ഒരു നിലക്കും നിലനില്‍പ്പ് സാധ്യമല്ലാത്ത സംഘപരിവാര്‍ വളരെ എളുപ്പത്തില്‍ ദലിത് കീഴ്ജാതി വിഭാഗങ്ങളെ തങ്ങളുടെ അണികളാക്കുകയും അവരെ മുസ്ലീംകള്‍ക്കെതിരെ തിരിക്കുകയും ചെയ്യുന്നു എന്ന ലളിത യുക്തികള്‍ വിശ്വസനീയമല്ല.

________________________________
 മുസ്ലീം മുഖ്യധാരയില്‍ തന്നെ ഇടങ്ങള്‍ ലഭ്യമല്ലാതായവരുടെ ചോദ്യങ്ങളടക്കം ഉയര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍, ആഗോള ഇസ്ലാമോഫോബിയയുടെയും ഭീകരവിരുദ്ധ യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ മുസ്ലീംകള്‍ തന്നെ ഇന്ത്യയില്‍ ക്രിയാത്മകമായ ഒരു പ്രതിരോധ രാഷ്ട്രീയം രൂപപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഈ ചരിത്രപരതയെ മുഴുവന്‍ നിഷേധിച്ച് അവര്‍ ഇന്നലെ ഉയര്‍ന്നുവന്ന പുതി കീഴാളവര്‍ഗമാണെന്ന നിരീക്ഷണം ചരിത്രത്തിലുടനീളമുള്ള മുസ്ലീം പോരാട്ടങ്ങളെയും അവരുടെ അനുഭവങ്ങളെയും നിഷേധിക്കുന്ന ഒന്നാണ്. 
________________________________ 

പടിഞ്ഞാറന്‍ യൂ.പി.യില്‍ ഉണ്ടായ കലാപങ്ങളില്‍ ഇത് പ്രതിഫലിക്കുന്നു എന്ന് പറയുന്ന ഡോ. അജയ് ഗുഡവര്‍ത്തി അതിന് ഉപോല്‍ബലകമായ യാതൊരു തെളിവും മുന്നോട്ട് വെക്കുന്നില്ല. മറിച്ച് മുസഫര്‍നഗര്‍, അസംഗഢ്, സഹാരന്‍പൂര്‍ തുടങ്ങിയ കലാപങ്ങളില്‍ ജാട്ട് ജാതികള്‍ മുതലുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെ നേരിട്ടുള്ള സാന്നിധ്യവും നേതൃത്വവും പത്രറിപ്പോര്‍ട്ടുകളില്‍നിന്നും പോലീസ് എഫ്.ഐ.ആറു കളില്‍നിന്ന് പോലും മനസിലാക്കാന്‍ സാധിക്കും.
പുതിയ ബി.ജെ.പി ഭരണകാലത്തെ വര്‍ഗീയ സംഘര്‍ഷങ്ങളെ ‘തീക്ഷ്ണത കുറഞ്ഞ വര്‍ഗീയത’ എന്ന് ഡോ. അജയ് ഗുഡവര്‍ത്തി അടയാളപ്പെടുത്തുന്നുണ്ട്. ഗുജറാത്ത്, മുസര്‍ഫര്‍നഗര്‍ പോലെ ‘തീക്ഷ്ണത കുറഞ്ഞ വര്‍ഗീയ’ കലാപങ്ങള്‍ ഉണ്ടാവാത്തത് മോദിയുടെ നവലിബറല്‍ അജണ്ടകളുടെ അകത്ത്‌വെച്ചാണ് അദ്ദേഹം വായിക്കുന്നത്. മാര്‍ക്കറ്റ്‌യുക്തികള്‍ക്ക് അകത്തെത്തിച്ച് ഏത് സാമൂഹിക പ്രതിഭാസത്തെയും വക്രീകരിച്ച് വായിക്കുന്ന പാരമ്പര്യ ഇടത് വായനയുടെ പരിമിതി തന്നെയാണ് അതും. മറിച്ച് സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ പ്രാദേശികമായി വ്യാപകമാംവിധം രൂപപ്പെട്ട്‌വരുന്ന മുന്‍കരുതലുകളും ജാഗ്രതയും പ്രതിരോധ ശ്രമങ്ങളുമാണ് പുതിയ വര്‍ഗീയ ശ്രമങ്ങളുടെ തീവ്രത കുറച്ച് കളയുന്നത്. ഈ യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കുന്നതിലൂടെ സംഘപരിവാര്‍ ഫാഷിസത്തെ ചെറുക്കുന്നതിലൂടെ വ്യത്യസ്ത ദലിത് മുസ്ലീം സംഘടനകളുടെ പരിശ്രമങ്ങളെയും പിന്നോക്ക ഐക്യം എന്ന രാഷ്ട്രീയ സാധ്യതയെയുമാണ് അദ്യശ്യമാക്കുന്നത്.
അജയ് ഗുഡവര്‍ത്തിയുടെ മറ്റൊരു നിരീക്ഷണം; മുല്‌സിംകളാണ് ഇന്ത്യയിലെ ‘പുതിയ കീഴാളര്‍’ (New Subaltern) എന്നതാണ്. നവഇടതിന് പുതുതായി ഉണ്ടായ ഒരു ബോധ്യത്തെ അതിന്റെ ചരിത്രപരതയെ മുഴുന്‍ നിഷേധിച്ച് അവതരിപ്പിക്കുകയാണ് ഡോ. അജയ് ഗുഡവര്‍ത്തി. ഇന്ത്യയിലെ മുസ്ലീം ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ദേശീയ ബോധ്യങ്ങള്‍ക്കകത്ത് തുല്യപരിഗണന ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ വാദം ഉയരുന്നത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ മുസ്ലീംകളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മറ്റൊരു തലത്തില്‍ വളരുകയുണ്ടായി. മുസ്ലീം മുഖ്യധാരയില്‍ തന്നെ ഇടങ്ങള്‍ ലഭ്യമല്ലാതായവരുടെ ചോദ്യങ്ങളടക്കം ഉയര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍, ആഗോള ഇസ്ലാമോഫോബിയയുടെയും ഭീകരവിരുദ്ധ യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ മുസ്ലീംകള്‍ തന്നെ ഇന്ത്യയില്‍ ക്രിയാത്മകമായ ഒരു പ്രതിരോധ രാഷ്ട്രീയം രൂപപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഈ ചരിത്രപരതയെ മുഴുവന്‍ നിഷേധിച്ച് അവര്‍ ഇന്നലെ ഉയര്‍ന്നുവന്ന പുതി കീഴാളവര്‍ഗമാണെന്ന നിരീക്ഷണം ചരിത്രത്തിലുടനീളമുള്ള മുസ്ലീം പോരാട്ടങ്ങളെയും അവരുടെ അനുഭവങ്ങളെയും നിഷേധിക്കുന്ന ഒന്നാണ്. ചുരുക്കത്തില്‍, ദലിതുകളും കീഴ്ജാതിക്കാരും മുസ്ലീം വിരുദ്ധരാണ് എന്ന മിത്ത് ഏറ്റെടുത്ത്, വര്‍ഗീയതക്കെതിരായി ഉയര്‍ന്ന് വരുന്ന ശബ്ദങ്ങളെ മുഴുവന്‍ അദ്യശ്യമാക്കി, മുസ്ലീം അനുഭവങ്ങളുടെ ചരിത്രത്തെ നിശ്ശബ്ദമാക്കി നവഹൈന്ദവതയ്ക്ക് ന്യായീകരണം പണിയുകയാണ് ഡോ. അജയ് ഗുഡവര്‍ത്തി. നവഇടതിന്റെ ചെലവില്‍ ഇവിടെ വില്‍ക്കപ്പെടുന്നത് നവ ഹൈന്ദവതയാണ്.

Top