കോട്ടണ്‍ഹില്‍ ഉയര്‍ത്തുന്ന ചില സമസ്യകള്‍

ഒരു പൊതുസ്വഭാവം നിലനിര്‍ത്തുന്ന ഒരു മുസ്ലീം സമുദായം ഇല്ലായെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ മുസ്ലീം വിരുദ്ധമായ ഒരു വ്യവഹാരം ചെയ്യുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ഒരു ഒറ്റ സമുദായമായി മുസ്ലീങ്ങളെ കാണുക എന്നതാണ്. വൈരുദ്ധ്യങ്ങളെയും കലഹങ്ങളെയും എല്ലാം രാഷ്ട്രീയമായ വ്യത്യാസങ്ങളെയും മറയ്ക്കുകയാണ് അത് ചെയ്യുന്നത്. ഈ മുസ്ലീംവിരുദ്ധത ലീഗിനും നേരിടേണ്ടിവരുന്നുണ്ട്. കേരളഭരണത്തെ സംബന്ധിച്ച വ്യവഹാരങ്ങളില്‍ എപ്പോഴും ചേരാതെ കിടക്കുന്ന ഒരു ഘടകം പോലെയാണ് ലീഗിനെ പരിഗണിക്കുന്നത്. മതേതരമായ ഒരു പൊതുമണ്ഡലത്തില്‍ വര്‍ഗ്ഗീയത എന്ന നിലയിലാണ് ലീഗിനെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ലീഗുമായ ബന്ധപ്പെട്ടു ഇപ്പോഴും ഒരു വര്‍ഗ്ഗീയതാവിവാദം ഉയര്‍ന്നുവന്നു കൊണ്ടേയിരിക്കും.

കോട്ടണ്‍ ഹില്‍ സ്‌കൂള്‍ അധ്യാപികയായ കെ.ഊര്‍മിള ദേവിയ്‌ക്കെതിരായ നടപടിയെ തുടര്‍ന്നുവന്ന വ്യവഹാരങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തിലെ പ്രതിസന്ധികളെയും പ്രവണതകളെയും വെളിവാക്കുന്ന ഒന്നായിരുന്നു. ഒരുപക്ഷെ ഇതിലെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് തന്നെ വിദ്യാഭ്യാസമന്ത്രിയുടെ നടപടിയെ ന്യായീകരിക്കലാണ് എന്ന് വാദിക്കുന്നവരുണ്ടാകാം. വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങള്‍ വ്യത്യസ്ത സാമൂഹ്യ പദവികളിലും അധികാര ശ്രേണിയിലും നിലനില്ക്കുന്ന ജാതീയവും, മതപരവും, വംശീയവും, ലിംഗപരവുമായ വിവേചനങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ നേരിടുന്ന; ഇവയെല്ലാം കൂടിക്കുഴഞ്ഞ സാഹചര്യങ്ങളുള്ള കേരളം പോലുള്ള ഒരു പ്രദേശത്ത് പല പ്രശ്‌നങ്ങളിലും എളുപ്പത്തില്‍ ഒരു നലിപാടെടുക്കാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വിഷയം ഉയര്‍ത്തുന്ന ചില സമസ്യകള്‍ ചര്‍ച്ച ചെയ്യുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
വിവേചനം പല തലങ്ങളിലുമുള്ളവയാണ്. ചരിത്രപരമായതും പുതിയകാലത്തെ സാമൂഹ്യസാഹചര്യങ്ങളനുസരിച്ച് പുനഃക്രമീകരിക്കപ്പെട്ടതും ഒളിച്ചുവെക്കപ്പെടുന്ന രീതിയിലും പ്രത്യക്ഷമായതും ഒക്കെയടങ്ങുന്ന വ്യത്യസ്ത അനുഭവങ്ങളാണ് വിവേചനം സാധ്യമാക്കുന്നത്. ഘടനാപരമായും വ്യവഹാരങ്ങളുടെ തലത്തിലും നോട്ടത്തിലുമൊക്കെ അതുണ്ടാവാം. വിവേചനം നേരിടുന്നതുവരെ സംബന്ധിച്ച് മനപൂര്‍വ്വമാണോ അല്ലാതെയാണോ ഒരാളുടെ പെരുമാറ്റം വിവേചനമായി തോന്നിയത് എന്നത് മിക്കപ്പോഴും പ്രസക്തമല്ല. ആ പ്രത്യേക സാഹചര്യത്തില്‍ അനുഭവിക്കുന്നത് എന്ത് ബോധമാണ് ഉണ്ടാക്കുന്നത് എന്നതാണ് പ്രധാനം. വിവേചനം കാണിക്കുന്ന ആളും നേരിടുന്ന ആളും ഭാഗമായ ഒരു സാമൂഹ്യ അവസ്ഥയിലെ ആ പ്രത്യേക സന്ദര്‍ഭവുമാണ് പ്രധാനം. നേരത്തെ സൂചിപ്പിച്ചതുപോലെ വിവിധ സമുദായങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ വ്യത്യസ്തമാവാം. ജാതി, മതം, വര്‍ഗ്ഗം, വംശം എന്നിവയുമായി ബന്ധപ്പെട്ട അധികാരവും വിവേചനങ്ങളും വ്യത്യസ്തമാണ്. അധികാരവും സാമൂഹ്യപദവിയും വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ പുനര്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യാം.
ഒരു വിഷയത്തില്‍ തന്നെയുള്ള വ്യത്യസ്തമായ വിവേചനങ്ങളുടെയും അധികാരത്തിന്റെയും തലങ്ങളെ എങ്ങനെ സമീപിക്കും ? ദലിത് സ്ത്രീയായ കോട്ടണ്‍ഹില്‍ ഹെഡ്മിസ്ട്രസ് കെ. ഊര്‍മിളദേവി തനിക്കെതിരെ ഉണ്ടായ സ്ഥലമാറ്റ ഉത്തരവ് പട്ടികജാതിക്കാരിയായത് കൊണ്ടുള്ളതാണെന്ന് പറയുമ്പോള്‍ അത് തീര്‍ച്ചയായും ഒരു പ്രാധാന്യമുള്ള കാര്യമാണ്. വിദ്യാഭ്യാസമേഖലയിലും വകുപ്പിലും തന്നെ ഉള്ള സമര്‍ദ്ദങ്ങളെ അതിജീവിച്ചും ദൈനംദിന സംഘര്‍ത്തിലേര്‍പ്പെട്ടുമാണല്ലോ ദളിതര്‍ക്ക് വ്യവസ്ഥക്കുള്ളിലെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുക. വിദ്യാഭ്യാസവകുപ്പിലെ അധികാരവ്യവസ്ഥയില്‍ ഒരു മന്ത്രിയുടെ അധികാരത്തിനു എത്രയോ താഴെയാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക. എന്ത് ന്യായീകരണത്തിന്റെ പുറത്തായാലും ഈ അധികാരമുപയോഗിച്ച് സ്ഥലം മാറ്റിയത് ശരിയല്ല. അത് പട്ടികജാതികാരിയാണ് എന്നത് സാമൂഹിക പദവിയും അധികാരവും വീണ്ടും കുറവാണ് എന്ന് കാണിക്കുന്നു. ജനായത്തസംവിധാനത്തിലെ തന്നെ ഒരു അസമത്വത്തെ വെളിവാക്കുന്ന ഒരു അധികാരം കൂടിയാണത്. അതില്‍ ജാതി ഉള്ളടങ്ങിയിട്ടുണ്ട് എന്നുള്ളത് ശരിയാണ്. ഒരു ദലിത് ഉദ്യോഗസ്ഥയ്‌ക്കെതിരെയുണ്ടായ വിവേചനം എന്ന രീതിയില്‍ തന്നെ ഉയര്‍ത്തേണ്ട പ്രശ്‌നമാണ്.
എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മുസ്ലീം വിരുദ്ധമായ ഒരു തലത്തിലേക്ക് വികസിക്കുകയുമുണ്ടായി. ”വര്‍ഗ്ഗീയത” ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചു ചിലര്‍ ഇത് ‘ജാതീയത’ മാത്രമാണ് എന്ന് പറയുകയുണ്ടായി. മുസ്ലീം സമുദായം ദലിതര്‍ക്ക് മുകളിലായി വരുന്ന ഒരു ജാതി ശ്രേണി കേരളത്തില്‍ ഉണ്ടോ? അതോ ജാതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒരു മനോഭാവം പങ്കു വയ്ക്കുന്നുണ്ടോ? ആധുനിക ജാതി സങ്കീര്‍ണ്ണമായ ഒന്നായത്‌കൊണ്ട് പരമ്പരാഗതമായ ജാതിശ്രേണി തന്നെ അനുസരിച്ചായിരിക്കണമെന്നില്ല ജാതി വിവേചനം.

__________________________________
കേരളത്തില്‍ തന്നെ ജാതി ശ്രേണിയില്‍ താഴെ വരുന്ന ശ്രൂദ്രര്‍ ആയി മനസ്സിലാക്കപ്പെടുന്ന നായര്‍ ആണ് ആധുനികകേരളത്തിലെ പ്രമുഖമായ അധീശജാതി. മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ തന്നെയുള്ള ജാതിപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതിനാല്‍ ദലിതരോട് ജാതീയമായി മേല്‍ക്കോയ്മ പുലര്‍ത്തുന്ന ഒരൊറ്റ സമുദായമായി മുസ്ലീം സമുദായം നിലനില്‍ക്കുന്നതായി തോന്നുന്നില്ല. എന്നാല്‍ രാഷ്ട്രീയ സഖ്യത്തിന് വേണ്ടി ധാരാളം ശ്രമങ്ങള്‍ നടന്നിട്ടുണ്ടല്ലോ. ജാതീയമായ ഒരു വേര്‍തിരിവ് ഉണ്ടായിരുന്നെങ്കില്‍ അവ എങ്ങനെ സാധ്യമായി എന്ന് ആലോചിക്കാവുന്നതാണ്. മുസ്ലീങ്ങളും മുസ്ലീങ്ങളല്ലാത്ത ദളിതരും തമ്മില്‍ ”ജാതീയമായ” ഒരു അധികാരബന്ധം പ്രാദേശികമായ ചില രൂപങ്ങളില്ലാതെ നിലനില്‍ക്കുന്നുവെന്നു തോന്നുന്നില്ല.
__________________________________

കേരളത്തില്‍ തന്നെ ജാതി ശ്രേണിയില്‍ താഴെ വരുന്ന ശ്രൂദ്രര്‍ ആയി മനസ്സിലാക്കപ്പെടുന്ന നായര്‍ ആണ് ആധുനികകേരളത്തിലെ പ്രമുഖമായ അധീശജാതി. മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ തന്നെയുള്ള ജാതിപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതിനാല്‍ ദലിതരോട് ജാതീയമായി മേല്‍ക്കോയ്മ പുലര്‍ത്തുന്ന ഒരൊറ്റ സമുദായമായി മുസ്ലീം സമുദായം നിലനില്‍ക്കുന്നതായി തോന്നുന്നില്ല. എന്നാല്‍ രാഷ്ട്രീയ സഖ്യത്തിന് വേണ്ടി ധാരാളം ശ്രമങ്ങള്‍ നടന്നിട്ടുണ്ടല്ലോ. ജാതീയമായ ഒരു വേര്‍തിരിവ് ഉണ്ടായിരുന്നെങ്കില്‍ അവ എങ്ങനെ സാധ്യമായി എന്ന് ആലോചിക്കാവുന്നതാണ്. മുസ്ലീങ്ങളും മുസ്ലീങ്ങളല്ലാത്ത ദളിതരും തമ്മില്‍ ”ജാതീയമായ” ഒരു അധികാരബന്ധം പ്രാദേശികമായ ചില രൂപങ്ങളില്ലാതെ നിലനില്‍ക്കുന്നുവെന്നു തോന്നുന്നില്ല.
കേരളത്തിന്റെ സാമൂഹ്യ/വിഭവാധികാരത്തിന്റെയും കാര്യത്തില്‍ കേരളത്തില്‍ സവര്‍ണ്ണ ഹിന്ദു/സുറിയാനി ക്രൈസ്തവരെ പോലെ ഒരു അധീശ സമുദായമല്ല മുസ്ലീങ്ങള്‍. മുന്നണി രാഷ്ട്രീയത്തില്‍ തന്നെ എന്നും ”വര്‍ഗ്ഗീയത” എന്ന ഒരു മുദ്ര ഒരു ഒഴിയാബാധ പോലെ കൊണ്ട് നടക്കേണ്ടി വരുന്ന ഒന്നാണ് മുസ്ലീം ലീഗ്. അതിന്റെ നേതൃത്വപരമായ പങ്കുവഹിക്കുന്നത് വരേണ്യമായ ഒരു വിഭാഗമാണെങ്കിലും ലീഗിന്റെ രാഷ്ട്രീയ സാധ്യതയെ വരേണ്യമായി മാത്രം ചുരുക്കാന്‍ കഴിയില്ല എന്നാണ് തോന്നുന്നത്. കേരള രാഷ്ട്രീയത്തോടുള്ള മുസ്ലീം സമുദായങ്ങളുടെ വിവിധതലങ്ങളിലുള്ള ഇടപാട് കൂടിയാണ് ലീഗ്. മുഖ്യധാരയില്‍ മറ്റു മുസ്ലീം സംഘടനകളെക്കാള്‍ താരതമ്യേന അത് നേടിയിട്ടുള്ള ഒരു സാധുത ഭരണപരമായ മണ്ഡലത്തില്‍ മുസ്ലീം സമുദായങ്ങള്‍ക്ക് ഒരു വിലപേശല്‍ ശക്തി കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. ആ ഒരു സാന്നിധ്യം കൂടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ കേരളം പൂര്‍ണ്ണമായും ഒരു സവര്‍ണ്ണഹിന്ദു മേധാവിത്വ സംസ്ഥാനമാകുമായിരുന്നു. 1992 നു ശേഷമുള്ള കാലഘട്ടത്തില്‍, മണ്ഡല്‍-മസ്ജിദാനന്തര കാലത്ത് മുസ്ലീം രാഷ്ട്രീയ മണ്ഡലത്തിലുണ്ടായ റാഡിക്കലായ മാറ്റങ്ങള്‍ മുസ്ലീം ലീഗ് പോലുള്ള ഒരു അധികാര പാര്‍ട്ടി മുസ്ലീം സമുദായങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അപര്യാപ്തമാണെന്ന് ഒരു വ്യവഹാരം സൃഷ്ടിക്കുന്നുണ്ട്. പിഡിപി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഐ.ഒ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയ വ്യത്യസ്തമായ പുതിയ രാഷ്ട്രീയത്തെ ‘തീവ്രവാദം’ ‘സ്വത്വവാദം’ എന്നുമൊക്കെ തള്ളിക്കളയാനാണ് പൊതുമതേതര മണ്ഡലം ശ്രമിച്ചത്. ഈ വ്യവഹാരത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് താരതമ്യേന അപകടകാരികളല്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. മുസ്ലീംലീഗ് ആണ് മുസ്ലീങ്ങളുടെ ഇടയില്‍ നിന്നുള്ള വര്‍ഗ്ഗീയകലാപങ്ങളെ തടഞ്ഞുനിര്‍ത്തിയതെന്നുള്ള അവകാശ വാദങ്ങളും ഈ പുതിയ സാഹചര്യങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ പുതിയ പ്രസ്ഥാനങ്ങള്‍ക്കെതിരെയെല്ലാം വളരെ ശത്രുതാപരമായ നിലപാടാണ് ലീഗ് എടുത്തിട്ടുള്ളതും. മുസ്ലീം രാഷ്ട്രീയത്തെ പുറമെ നിന്നും നോക്കി കാണുന്ന ഒരു പരിമിതിയില്‍ നിന്നാണ് ഇത്രയും പറഞ്ഞത്.
ഒരു പൊതുസ്വഭാവം നിലനിര്‍ത്തുന്ന ഒരു മുസ്ലീം സമുദായം ഇല്ലായെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ മുസ്ലീം വിരുദ്ധമായ ഒരു വ്യവഹാരം ചെയ്യുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ഒരു ഒറ്റ സമുദായമായി മുസ്ലീങ്ങളെ കാണുക എന്നതാണ്. വൈരുദ്ധ്യങ്ങളെയും കലഹങ്ങളെയും എല്ലാം രാഷ്ട്രീയമായ വ്യത്യാസങ്ങളെയും മറയ്ക്കുകയാണ് അത് ചെയ്യുന്നത്.
ഈ മുസ്ലീംവിരുദ്ധത ലീഗിനും നേരിടേണ്ടിവരുന്നുണ്ട്. കേരളഭരണത്തെ സംബന്ധിച്ച വ്യവഹാരങ്ങളില്‍ എപ്പോഴും ചേരാതെ കിടക്കുന്ന ഒരു ഘടകം പോലെയാണ് ലീഗിനെ പരിഗണിക്കുന്നത്. മതേതരമായ ഒരു പൊതുമണ്ഡലത്തില്‍ വര്‍ഗ്ഗീയത എന്ന നിലയിലാണ് ലീഗിനെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ലീഗുമായ ബന്ധപ്പെട്ടു ഇപ്പോഴും ഒരു വര്‍ഗ്ഗീയതാവിവാദം ഉയര്‍ന്നുവന്നു കൊണ്ടേയിരിക്കും.
ഏറ്റവും ഒടുവില്‍ ഉണ്ടായതാണ് പച്ചബോര്‍ഡ് വിവാദം. പച്ചബോര്‍ഡ് വിവാദം മറ്റൊരു തലത്തെ കൂടി തുറന്നുകാട്ടുന്നു. വിദ്യാഭ്യാസ വകുപ്പ് ഒരു മുസ്ലീം കൈകാര്യം ചെയ്യുന്നതിന്റെ ഒരു മലയാളി ആശങ്ക. കേരളത്തിലെ വിദ്യഭ്യാസത്തെ സംബന്ധിച്ച ഒരു പൊതുവ്യവഹാരം സവര്‍ണ്ണ ഹിന്ദു ആണ്. സരസ്വതിദേവിയും നിലവിളക്കും സംസ്‌കൃതവും ഹൈന്ദവപ്രാര്‍ത്ഥനയും വിദ്യാരംഭവുമൊക്കെ ചേര്‍ന്ന ഒരു പൊതുഹിന്ദു വ്യവഹരത്തെയാണ് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുളളത്. കേരളത്തിലെ പ്രധാന സര്‍വകലാശാലകളുടെ ലോഗോകള്‍ തന്നെ സംസ്‌കൃത ശ്ലോകങ്ങളാണ്. പഠനവിഷയങ്ങളും സ്‌കൂളുകളിലെ പൊതു അന്തരീക്ഷവും മുസ്ലീം സമുദായത്തെ ഒരു പ്രത്യേകതയായി എടുത്തു കാട്ടാറുണ്ട്. ഈ അധീശ മണ്ഡലം മുസ്ലീങ്ങള്‍ കൈകാര്യം ചെയ്യുന്നതിനോടുള്ള ആശങ്ക ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ ഉയര്‍ന്നു വരാറുണ്ട്. കോട്ടണ്‍ ഹില്‍ വിഷയത്തില്‍ ഒരു മുസ്ലീംലീഗ് മന്ത്രിയുടെ അധികാര ഗര്‍വ്വ് നിറഞ്ഞ നടപടിയെ പെട്ടെന്ന് വര്‍ഗ്ഗീയത ആയി വ്യാഖ്യാനിക്കപ്പെട്ടത് ഈ സാഹചര്യങ്ങളിലാണ്.

________________________________
ജാതിപരമായ ഗൂഡാലോചന നടന്നത് മന്ത്രിയുടെ ചെയ്തികള്‍ക്ക് പുറത്താണെങ്കില്‍ ”മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രി” എന്നത് പ്രസക്തമാണോ? ഇവിടെ പ്രസക്തമായ ഒരു കാര്യം മുസ്ലീം വിഭാഗത്തില്‍പെട്ട മന്ത്രി എന്നതിനേക്കാളും മുസ്ലീംലീഗ് മന്ത്രി എന്നതും ഒരു ലീഗ് മന്ത്രി വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നു എന്നത് കൂടിയാണെന്നതല്ലേ? ഇടതുപക്ഷമുസ്ലീംമന്ത്രിമാര്‍ക്കെതിരെ ഇതേപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നത് ഒരുപക്ഷെ ഒരു മതേതര സാധൂകരണം അവര്‍ക്ക് ലഭിച്ചിരുന്നു എന്നത് കൊണ്ടാണ്. മുസ്ലീംലീഗിനെ സംബന്ധിച്ചു അത് ഒരു പ്രശ്‌നം നിറഞ്ഞ ഒന്നായി നില്ക്കുന്നു എന്നതുമല്ലേ പ്രശ്‌നം? ഏകപക്ഷീയമായി ഒരു പ്രശ്‌നത്തിലേക്ക് മാത്രം ചുരുക്കാതെ ഈ പ്രശ്‌നത്തില്‍ അടങ്ങിയിട്ടുള്ള സങ്കീര്‍ണ്ണതയെ എങ്ങനെ അഭിസംബോധനചെയ്യും എന്നതാണ് സമകാല ജാതിയെ നേരിടുമ്പോഴുള്ള പ്രധാന വെല്ലുവിളി.
________________________________

ഈ വിഷയവുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ നടന്ന ചില ചര്‍ച്ചകള്‍ സൂചിപ്പിക്കാം. ദലിതരെയും മുസ്ലീങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതിയില്‍ ഒരു ധ്രുവീകരണം നടത്താനാണ് പലരും ശ്രമിച്ചത്. മുസ്ലീം/ദലിത് ദ്വന്ദ്വം ഉണ്ടാക്കുന്നതിനെ ചോദ്യം ചെയതുകൊണ്ട് ഞാന്‍ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടപ്പോള്‍ അതിനു പ്രതികരണമായി നിസ്സഹയാന്‍ സജി ഒരു സ്റ്റാറ്റസ് ഇടുകയുണ്ടായി. അതില്‍ അദ്ദേഹം എഴുതി ‘ചില സുഹൃത്തുക്കള്‍ മന്ത്രിയുടെ നീചമായ നടപടിയെ എതിര്‍ക്കുന്നതിനേക്കാളുപരി, എതിര്‍ക്കുന്ന രീതി മുസ്ലീംവിരുദ്ധമായിപ്പോകരുത് എന്ന അതിജാഗ്രതയാണ് മുന്നോട്ടുവെച്ചത്.’ നേരത്തെ സൂചിപ്പിച്ചപോലെ രാഷ്ട്രീയമായ ഒരു ജാഗ്രത ആവശ്യമില്ലേ? വര്‍ഗ്ഗത്തിലേക്ക് എല്ലാത്തിനേയും ചുരുക്കിയിരുനന്ന ഒരു അധീശ ഇടതു രാഷ്ട്രീയമണ്ഡലത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള സാധ്യതകളാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് നല്കിയത്. ദലിതുകള്‍, ദലിത് ക്രിസ്ത്യാനികള്‍, ദളിത്മുസ്ലീങ്ങള്‍, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍ ഇങ്ങനെ ഒട്ടേറെ സാമൂഹ്യഗണങ്ങള്‍ക്കു രാഷ്ട്രീയമായ സ്വരം നല്കിയ ഒന്നാണ് അഭിജ്ഞാനതയുടെ രാഷ്ട്രീയം. എന്നാല്‍ ഈ കീഴാളശക്തികളെ പരസ്പരം പ്രതിഷ്ഠിക്കുന്ന ഒരു അപകടത്തിലേക്ക് ചിലപ്പോള്‍ പോകുന്നതായും കാണുന്നു. ഐഡന്റിറ്റി പൊളിറ്റിക്‌സ് നിരന്തരം ഉയര്‍ന്നുവരുന്ന പുതിയ ചോദ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. വര്‍ഗ്ഗത്തിലേക്ക് ന്യൂനീകരിച്ചിരുന്ന ഇടതുഅധീശ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് ചുരുങ്ങാതിരിക്കണമെങ്കില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നിലനില്‍ക്കുന്ന ഒരേ സാമൂഹ്യ ബന്ധത്തിനുള്ളിലെ അധികാരത്തിന്റെയും സാമൂഹ്യ പദവിയുടെയും വ്യത്യസ്ത തലങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്.
സണ്ണി എം. കപിക്കാടിന്റെ വിലയിരുത്തലിലും ഒരു പോരായ്മ ആയി തോന്നിയത് ഇതിലെ ”മുസ്ലീം വിരുദ്ധത”യുടെ പ്രശ്‌നത്തെ ഈ വിവാദത്തിനു പുറത്തുള്ള ഒന്നായി കാണുന്നു എന്നതാണ്. ”ഇത്തരമൊരു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ന്യുനപക്ഷവിരുദ്ധത സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നുണ്ട്. ഇതില്‍ ഹിന്ദുപീഡനം കാണുന്നവരും, മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രിയായതുകൊണ്ട് ഈ പ്രശ്‌നത്തിലന്തര്‍ഭവിച്ചിരിക്കുന്ന ജാതിയെക്കുറിച്ച് പറയുന്നത് ദോഷമാണെന്ന് വിചാരിക്കുന്നവരും, ദലിതര്‍ക്കെതിരെ നടക്കുന്ന ജാതിവിവേചനത്തിന്റെ സമകാലീനരൂപങ്ങളെ അഭിസംബോധനചെയ്യാന്‍ മടിക്കുന്നവരാണ്.” ഈ സന്ദര്‍ഭത്തിന്റെ ഉള്ളില്‍തന്നെയാണ് ജാതിയും മതപരവുമായ വിവേചനങ്ങള്‍ കൂടിക്കുഴയുന്നതു എന്നാണ് എനിക്ക് തോന്നുന്നത്.
”ജാതി വെറിയന്മാരായ ചിലര്‍ നടത്തിയ ഗൂഢനീക്കങ്ങളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുമാണ് കോട്ടണ്‍ഹില്‍ സംഭവത്തിനടിസ്ഥാനമായത്. ഇത് മനസ്സിലാക്കാനുള്ള വിവേകവും നീതിബോധവും കാണിച്ചില്ലയെന്നതാണ് വിദ്യാഭ്യാസമന്ത്രി ചെയ്ത കുറ്റകൃത്യം.” എന്നുപറയുന്ന സണ്ണി കപിക്കാട് തന്നെ മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രിയായതുകൊണ്ട് ഈ പ്രശ്‌നത്തിലന്തര്‍ഭവിച്ചിരിക്കുന്ന ജാതിയെക്കുറിച്ച് പറയുന്നത് ദോഷമാണെന്ന് വിചാരിക്കുന്നവരും…” എന്ന് പറയുന്നത് മനസിലാകുന്നില്ല. ജാതിപരമായ ഗൂഡാലോചന നടന്നത് മന്ത്രിയുടെ ചെയ്തികള്‍ക്ക് പുറത്താണെങ്കില്‍ ”മുസ്ലീം വിഭാഗത്തില്‍പ്പെട്ട മന്ത്രി” എന്നത് പ്രസക്തമാണോ? ഇവിടെ പ്രസക്തമായ ഒരു കാര്യം മുസ്ലീം വിഭാഗത്തില്‍പെട്ട മന്ത്രി എന്നതിനേക്കാളും മുസ്ലീംലീഗ് മന്ത്രി എന്നതും ഒരു ലീഗ് മന്ത്രി വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നു എന്നത് കൂടിയാണെന്നതല്ലേ? ഇടതുപക്ഷമുസ്ലീംമന്ത്രിമാര്‍ക്കെതിരെ ഇതേപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നത് ഒരുപക്ഷെ ഒരു മതേതര സാധൂകരണം അവര്‍ക്ക് ലഭിച്ചിരുന്നു എന്നത് കൊണ്ടാണ്. മുസ്ലീംലീഗിനെ സംബന്ധിച്ചു അത് ഒരു പ്രശ്‌നം നിറഞ്ഞ ഒന്നായി നില്ക്കുന്നു എന്നതുമല്ലേ പ്രശ്‌നം? ഏകപക്ഷീയമായി ഒരു പ്രശ്‌നത്തിലേക്ക് മാത്രം ചുരുക്കാതെ ഈ പ്രശ്‌നത്തില്‍ അടങ്ങിയിട്ടുള്ള സങ്കീര്‍ണ്ണതയെ എങ്ങനെ അഭിസംബോധനചെയ്യും എന്നതാണ് സമകാല ജാതിയെ നേരിടുമ്പോഴുള്ള പ്രധാന വെല്ലുവിളി.
ഈ അവസരത്തില്‍ ആലോചിക്കേണ്ട മറ്റൊന്ന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരോട് പൊതുജനം പ്രകടിപ്പിക്കേണ്ട ഭക്തിയും ആദരവിനെയും സംബന്ധിച്ച നിലനില്‍ക്കുന്ന ഒരു പൊതുസംസ്‌കാരത്തെ കുറിച്ചാണ്. ഈ സംസ്‌കാരത്തെ ഒരു കോട്ടവും തട്ടാതെ നിലനിര്‍ത്തി പോന്നിട്ടാണ് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഒരു മന്ത്രിയുടെ അധികാരബോധത്തെ കുറിച്ച് വാചാലരാകുന്നത്. ജനായത്ത സമ്പ്രദായത്തിലെ അസമത്വം നിറഞ്ഞ അധികാരവുമായി ബന്ധപ്പെട്ട ഈ പൊതു സംസ്‌കാരത്തെ കൂടി ചോദ്യം ചെയ്യുന്ന ഒന്നായി ഈ ചര്‍ച്ചകള്‍ വികസിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

Top