കൂട്ടികെട്ടിയ മുന്‍കാലുകള്‍

കടലാസ്സ് കൂനകള്‍ കടിച്ച് വലിച്ച്

കാമം ഒരു നോട്ടത്തിലെറിഞ്ഞ്

കുനിഞ്ഞ് തളര്‍ന്ന്‍ ഉള്‍പ്പീഢയിലുഴറി

തീമണലില്‍ വെന്ത് നടക്കുന്നവന്‍

കടല്‍ വറ്റി ഉപ്പുണങ്ങിയ ഉറകെട്ട കണ്ണുകള്‍

പൂതലിച്ച ഉള്‍ക്കാഴ്ചകള്‍ വീര്‍ത്ത

മുതുകത്തുകെട്ടും  ചുമന്ന്‍

ചത്തുണങ്ങിയ കുഞ്ചിരോമങ്ങളുടെ

വിറയില്‍ കുതിപ്പൊളിപ്പിച്ച്

കത്തിക്കരിഞ്ഞ വാല്‍ ആട്ടിക്കിതപ്പാറ്റി

കൂട്ടിക്കെട്ടിയ മുന്‍കാലുകള്‍ നീട്ടിച്ചാടി

നിലയില്ലാക്കയത്തിന് നേരേ പോകുന്നവന്‍.

മുരള്‍ച്ച മൂളലായ് വീര്‍പ്പിലടക്കി

പടുപാട്ടില്‍ പഴി പിറുപിറുത്ത്

കരച്ചില്‍ ഒരു പെരുമഴയുടെ ഇരമ്പലിലൊതുക്കി

തണുപ്പ് വാരിപ്പുതച്ച് വിയര്‍ക്കുന്നവന്‍.

ചെളിയുടുപ്പ് ധരിച്ച് ചൊറിമാന്തിപ്പൊട്ടിയ

ഹൃദയത്തെ ഉപ്പുതേച്ചുണക്കി

ഉഴവ്‌നിലത്ത് മുഖംകുത്തിവീണ മരക്കഷണങ്ങളില്‍

നെഞ്ചിന്റെ ഭാരമിറക്കി

നിദ്രയില്ലാ ഇരുട്ടിലുറങ്ങുന്നവന്‍

കഴുത,

കൂട്ടിക്കെട്ടിയ മുന്‍കാലുകള്‍ നീട്ടിച്ചാടി

കാലഗതിയറിയാതെ അഗ്നിക്കു നേരേ നടന്നുപോകുന്നവന്‍.

__________________________________________ 

Top