ഇറങ്ങിപോക്കിന്റെ സ്ത്രീപക്ഷ പാഠങ്ങൾ

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ പക്ഷത്തെക്കുറിച്ചും വിധി പറയാനും, വികലതകൾ ചൂണ്ടി ക്കാട്ടാനും ആ പക്ഷത്തിനുള്ളിൽ തന്നെ ഒരാള് നിലയുറപ്പിക്കേണ്ടതായുണ്ട്. സ്ത്രീവിരുദ്ധതയുടെ അടിസ്ഥാന ലക്ഷണങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കുന്ന ഒരാൾ സ്ത്രീപക്ഷത്തെക്കുറിച്ച് ആധികാരികമായ വിധി പ്രസ്താവിക്കുവാൻ യോഗ്യനല്ല എന്ന് ഞാൻ വിചാരിക്കുന്നു. ഹൌ ഓൾഡ്‌ ആർ യു. എന്ന സിനിമയെക്കുറിച്ച് “അനില ഇന്ദിര ബാലകൃഷ്ണന്‍” സ്ത്രീപക്ഷത്തുനിന്നു വിശകലനം ചെയുന്നു.

സിനിമയുടെ സൗന്ദര്യശാസ്ത്ര പ്രകാരം ഒരു നല്ല സിനിമയേ അല്ല ഹൌ ഓൾഡ്‌ ആർ യു. അതൊരു കാലാതിവർത്തിയായ സിനിമ അല്ലേ അല്ല. മഞ്ജുവിനായി മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒരുക്കിവച്ചിരുന്നുമില്ല. തിരക്കഥയിൽ ഡയലോഗുകൾ വേണ്ടതിലും അധികമാണ്. രാഷ്ട്രീയമായി നോക്കിയാൽ ‘രാഷ്ട്രീയ ശരികേടുകളുടെ’ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. യുക്തിയാകട്ടെ പരിതാപകരമാം വിധം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി തീർത്തും ഉപരിപ്ളവമായ സന്ദർഭങ്ങൾ കോർത്തിണക്കിയ ഒരു രണ്ടാം തരം കച്ചവട സിനിമമാത്രമാണത്. നീണ്ട പതിനാലു വർഷത്തിനു ശേഷം തിരിച്ചു വന്ന മഞ്ജു വാര്യർ ആ പഴയ മഞ്ജുവാണെന്ന് ഓർമിപ്പിക്കുന്ന വിധത്തിലുള്ള പ്രതിഭ വളരെ ചുരുക്കമായി ഒരു മിന്നൽ പോലെ വന്നു പോകുന്നു. ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ മഞ്ജുവിനു എന്തോ തരം അങ്കലാപ്പ് ഉണ്ടോ എന്നും തോന്നി. അവർ മുൻപ് അവതരിപ്പിച്ച കഥാപാത്രങ്ങളാൽ തന്നെ ‘നിരുപമ രാജീവ്” നിഷ്പ്രഭയാക്കപ്പെടും.

എങ്കിലും ഈ ചിത്രത്തെ ഞാൻ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ കാരണം തിരയിൽ കാണുന്ന രണ്ടോ, രണ്ടരയോ മണിക്കൂറിലെ കാഴ്ച മാത്രമല്ല സിനിമ എന്നു ഞാൻ വിശ്വസിക്കുന്നതിനാലാണ്. കച്ചവട സിനിമകളുടെ മൂലധന സാമ്രാജ്യം ഒരു സ്ത്രീയെ നിരാകരിക്കാൻ വിധം ശക്തമാണെന്നും , അവരുടെ പ്രത്യക്ഷമായ ഒരു ചുവടു വെയ്പ് , പരോക്ഷമായ കിലോമീറ്റർ താണ്ടലുകൾക്ക് ശേഷമുണ്ടാകുന്നതാണെന്നും മനസ്സിലാക്കുന്നതിനാലാണ്.

മഞ്ജു വാര്യർ ഒരു മികച്ച നടിയേ ആയിരുന്നില്ല എന്ന അഭിപ്രായമുള്ളവർ ക്ഷമിക്കുക . എനിക്കേതായാലും ആ അഭിപ്രായമല്ല,ആ സംവാദത്തിന്റെ ഇടവും ഇതല്ല!

തന്റെ തൊഴിൽ അത്യാവശ്യം ഭംഗിയായി ചെയ്തു കൊണ്ടിരുന്ന ഒരു നടി നീണ്ട ഇടവേളയ്ക്ക് ശേഷം ആ തൊഴിൽ തുടരാൻ ആഗ്രഹിക്കുന്നു. അതിനവർക്ക് മറ്റേതൊരു വ്യക്തിക്കുമുള്ളതു പോലെയുള്ള അവകാശം ഉണ്ട് താനും.തുടർന്ന് അവരെ നായികയാക്കിക്കൊണ്ടുള്ള നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനം ഉണ്ടാകുന്നു. എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ അവയൊക്കെ മുടങ്ങിപ്പോകുന്നു . ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് മാത്രം ആരംഭിക്കുന്നു. അത് പൂർത്തിയാക്കപ്പെടുന്നു.

എന്നാൽ ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, നടിയുടെ ഭർത്താവ് ആയിരുന്ന കച്ചവടസിനിമാ നായകൻ ഒരു പ്രമുഖ വാരികയ്ക്ക് അഭിമുഖം നല്കുന്നു. തന്റെ ഭാര്യയെ വച്ച സിനിമ എടുക്കരുതെന്ന് പല പ്രമുഖ സംവിധായകരോടും ആവശ്യപ്പെട്ടതായും, പലരും അത് ഉറപ്പു നല്കിയെന്നും യാതൊരു വിധ ഉളുപ്പുമില്ലാതെ പ്രസ്താവിക്കുന്നു. ഈ വാക്കിനെയല്ലേ ചേട്ടാ ലോബീയിംഗ്, ലോബീയിംഗ് എന്ന് പറയുന്നതെന്ന സംശയമേ വാരികയ്ക്കില്ല. ഭാര്യയ്ക്ക് നേരെ ലോബീയിംഗ് നടത്താൻ ഭർത്താവിന് പരമ്പരാഗതമായി അവകാശം ഉള്ള നാടായതിനാൽ ഇത്രയൊക്കെ നാട്ടാരോട് പറയാമോ എന്ന ഒരു സംശയമേ നടനുണ്ടാകുന്നില്ല. ഇതൊക്കെ ഒന്ന് കൂട്ടി വായിച്ചാൽ മനസ്സിലാക്കാവുന്നതെയുള്ളൂ മഞ്ജുവിന് വാഗ്ദാനം ചെയ്യപ്പെട്ട സിനിമകൾ പോയ വഴി. അത് കൊണ്ട് തന്നെ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സിനിമയെടുത്തുവെന്നത് തന്നെ അറിഞ്ഞോ, അറിയാതെയോ ചെയ്യപ്പെട്ട രാഷ്ട്രീയ ശരി തന്നെയാണ്.

പ്രസ്തുത നടന്റെ അഭിമുഖത്തിൽ സനാതനമായ കുടുംബ സങ്കല്പ്പത്തെക്കുറിച്ച് വീണ്ടും വിവരിക്കുന്നു. ജീവിക്കാനുള്ള വരുമാനം ഉണ്ടെങ്കിൽ ദമ്പതികളിൽ ഒരാൾ ജോലി ചെയ്യാതിരിക്കുകയാണ് നല്ലത്. മാത്രമല്ല കുട്ടിയുടെ മുടി ചീകുക എന്ന ഉത്തരവാദിത്തം പോലും നിറവേറ്റാതെ കുടുംബത്തിൽ നിന്നുമിറങ്ങി പ്പോയ ഭാര്യയെയാണ് അയാൾ ചോദ്യം ചെയ്യുന്നത്. അത്തരത്തിൽ പ്രസ്താവിക്കുന്നതിൽ നിന്നും നടനെ തടയുന്ന ഒന്നുമില്ല എന്നതും, ഇത്തരം വൃത്തികേടുകൾ പ്രസിദ്ധീകരിക്കുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ലയെന്നതും ആ ആശയത്തിന് പൊതു സമൂഹത്തിലുള്ള അംഗീകാരത്തെയാണ് കാണിക്കുന്നത് .

_______________________________
സിനിമയുടെ സൗന്ദര്യശാസ്ത്ര പ്രകാരം ഒരു നല്ല സിനിമയേ അല്ല ഹൌ ഓൾഡ്‌ ആർ യു. അതൊരു കാലാതിവർത്തിയായ സിനിമ അല്ലേ അല്ല. മഞ്ജുവിനായി മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒരുക്കിവച്ചിരുന്നുമില്ല. തിരക്കഥയിൽ ഡയലോഗുകൾ വേണ്ടതിലും അധികമാണ്. രാഷ്ട്രീയമായി നോക്കിയാൽ ‘രാഷ്ട്രീയ ശരികേടുകളുടെ’ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. യുക്തിയാകട്ടെ പരിതാപകരമാം വിധം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. സമൂഹത്തിന്റെ പൊതുബോധത്തെതൃപ്തിപ്പെടുത്താൻ വേണ്ടി തീർത്തും ഉപരിപ്ളവമായ സന്ദർഭങ്ങൾ കോർത്തിണക്കിയ ഒരു രണ്ടാം തരം കച്ചവട സിനിമമാത്രമാണത്. 
_______________________________ 

ഇതിന്റെ തുടർച്ചയറിയാൻ മഞ്ജു വാര്യരുടെ ഫേസ് ബുക്ക്‌ പേജ് മാത്രം സന്ദർശിച്ചാൽ മതി. ” മഞ്ജൂ, തിരിച്ചു പോകൂ, മീനാക്ഷിയുടെയും ദിലീപിന്റെയും അടുത്തേക്ക് പോകൂ ” കരച്ചിലുകളാണ് ഓരോ പോസ്റ്റിന്റെ താഴെയും. ഇത്തരം പൊതുബോധം പുലർത്തുന്നവർ കൂടിച്ചേർന്നവരാണ് കച്ചവട സിനിമയുടെ പ്രേക്ഷകർ. അഥവാ ഭൂരിഭാഗം പ്രേക്ഷകരും. അതിനാൽ തന്നെ കച്ചവട സിനിമയിലേക്ക് മടങ്ങി വരുന്ന മഞ്ജു വാര്യർക്ക് അവരുമായി സംവദിക്കേണ്ടതായുണ്ട്. ഉറപ്പായും അതൊരു ദയനീയതയാണ്. ഒരു തൊഴിൽ ചെയ്യാൻ പോകുന്ന സ്ത്രീ എന്ന നിലയിൽ തീർത്തും ദു:ഖകരമായ അവസ്ഥയാണ്. പക്ഷെ ആ അവസ്ഥയ്ക്ക് ഉത്തരവാദി തീർച്ചയായും മഞ്ജു വാര്യരല്ല.

ഒരു നടന്റെ അഥവാ നടിയുടെ തൊഴിലെടുക്കാനുള്ള ‘ടൂൾ’ എന്ന നിലയിൽ അവരുടെ ശരീരത്തെ കാണാമെങ്കിൽ മറ്റേതൊരു നടനേക്കാളും, നടിയേക്കാളും ഭംഗിയായി മഞ്ജു വാര്യർ അവരുടെ ശരീരത്തെ സൂക്ഷിച്ചിരിക്കുന്നു. എന്നാൽ ഒരു മുപ്പത്തിയഞ്ചു കാരിയ്ക്ക് ചെയ്യാൻ പറ്റിയ കഥാപാത്രങ്ങൾ രൂപപ്പെടുത്താൻ കഴിവില്ലാതെ വലയുന്നത് മലയാള സിനിമയാണ്. തിരിച്ചു വന്ന മഞ്ജുവിന്റെ കവിളിനു തുടുപ്പ് പോര, പ്രായം കൂടിയത് നന്നായറിയാം എന്നൊക്കെയുള്ള അഭിപ്രായം ഉയരുന്നതിൽ അസാധാരണമായി ഒന്നുമില്ല. കാരണം സ്ത്രീകളെ ശരീരത്തിന്റെ മെറിട്ടിൽ തന്നെയാണ് സിനിമയ്ക്ക് അകത്തും, പുറത്തും കാലാകാലങ്ങളായി അളന്നു കൊണ്ടിരിക്കുന്നത്.

അതിനാൽ തന്നെ വിവിധ തരം പിന്നാമ്പുറ കളികളെ അതിജീവിച്ച് , ഒരു മുപ്പത്തിയഞ്ചുകാരിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാൻ ഒരു സംവിധായകൻ കാണിക്കുന്ന ആർജ്ജവത്തിൽ എത്ര വിപണന സാധ്യതകൾ പതിയിരുന്നാലും, അതിനെ ഞാൻ സ്ത്രീപക്ഷ സിനിമ എന്ന് വിളിക്കും. അതിന്റെ കാരണം ഇതിനേക്കാൾ സ്ത്രീ പക്ഷത്തു നിൽക്കുന്ന കച്ചവട ചിത്രങ്ങൾ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നതേയില്ല എന്നതാണ്.

കച്ചവട സിനിമ എല്ലാക്കാലത്തും നിലനിന്നത് പൊതു ബോധത്തിൽ ഊന്നിത്തന്നെയാണ്. രാഷ്ട്രീയ ശരികൾ ഒരുകാലത്തും അതിനെ സ്വാധീനിച്ചിരുന്നില്ല. കുടുംബ സങ്കല്പ്പവും, സ്ത്രീ സങ്കല്പ്പവും എല്ലാം തന്നെ അതീവ വികലമായിരുന്നു. ദേശീയതയും, അതിശയോക്തിയും, നന്മയും ഒട്ടും കുറവുമായിരുന്നില്ല. എന്നാൽ അതൊന്നും അത്തരം സിനിമയുടെ ജനകീയ സ്വീകാര്യതയെ ഒരു കാലത്തും സ്വാധീനിച്ചിട്ടില്ല. ഇനി സിനിമ പ്രതിനിധീകരിക്കുന്ന പാട്രിയാർക്കൽ മൂല്യങ്ങളെക്കുറിച്ച്! അങ്ങനെ നോക്കിയാൽ ഏത് കച്ചവട സിനിമയാണ് ചേട്ടാ അങ്ങനെയല്ലാത്തത്?

ഇത്തരം സ്ഥിരം ചേരുവകൾക്കിടയിലും ‘ഹൌ ഓൾഡ്‌ ആർ യു’ പറഞ്ഞു വച്ച കുടുംബത്തിനുള്ളിലെ അപമാനിക്കപ്പെടലുകളും, ഇൻസെൻസിറ്റി വിറ്റിയും പ്രേക്ഷകരുമായി സംവദിക്കുകയും, താദാമ്യം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതേ വിഷയങ്ങൾ ഇതിനേക്കാൾ ഗംഭീരമായി കൈകാര്യം ചെയ്യാവുന്നതാണെന്നും, ചെയ്യേണ്ടവയാണെന്നും തന്നെ പറയേണ്ടി വരും. ഇതിനേക്കാൾ ശക്തമായ കഥാപാത്രത്തിലൂടെയുള്ള മടങ്ങി വരവ് മഞ്ജു അർഹിക്കുന്നുണ്ടെന്നും! പക്ഷെ പറയപ്പെടുന്ന നൂറായിരം ഭംഗിവാക്കുകളേക്കാൾ മികച്ചതാണ്, വികലമെങ്കിൽക്കൂടി ഒരു പ്രവൃത്തി.
____________________________________ 

Top