അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

സംവാദം
ഡോ. അംബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍ വിഛേദിച്ച പ്രധാനപ്പെട്ട emergence ആയിരുന്നു ബി..എസ്.പി.യുടേത്. അതിന്റെ നേതാവായിരുന്ന കാന്‍ഷിറാം, അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ആ പുസ്തകം വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ്. ആ ഉറക്കമില്ലായ്മയില്‍നിന്നാണ് ബി.എസ്.പി. എന്നുപറയുന്ന വലിയ ബഹുജനപ്രസ്ഥാനം രൂപംകൊള്ളുന്നത്. ആ പുസ്തകത്തിന്റെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ഇതിനപ്പുറം എന്തുവേണം? ഇങ്ങനെ ഒരു ജനതയുടെ രാഷ്ട്രീയഭാവിയെമാറ്റിമറിച്ച; വ്യക്തികളെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചാണ് അരുന്ധതി എഴുതുന്നത്. അത് വലിയൊരു ഉത്തരവാദിത്വമാണ്. അതു നിറവേറ്റുന്നതില്‍ അവര്‍ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുു എന്നാണെനിക്ക് പറയാനുള്ളത്.

_________________________________
സണ്ണി എം.കപിക്കാട്/ഡോ. ഒ.കെ. സന്തോഷ്
_________________________________
അനിഹിലേഷന്‍ ഓഫ് കാസ്റ്റിന് (ജാതി നിര്‍മൂലനം) അരുന്ധതി റോയ് എഴുതിയ ദീര്‍ഘമായ ആമുഖം, സജീവമായ ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുന്നു. സൈബര്‍ മാധ്യമങ്ങളിലും അച്ചടി പ്രസിദ്ധീകരണങ്ങളിലുമാണ് മുഖ്യമായും സംവാദങ്ങള്‍ നടക്കുന്നത്. നവയാനയുടെ പുസ്തകത്തിലേക്ക് ശ്രദ്ധകൊണ്ടുവരുന്നതിനുള്ള വിവാദങ്ങള്‍ക്കുപരി ഈ സംവാദങ്ങളെ കാണേണ്ടതുണ്ടോ? അംബേദ്കറിന്റെ ഏറ്റവും പ്രമുഖമായൊരു കൃതിക്ക് ആമുഖം എഴുതാനുള്ള അരുന്ധതി റോയിയുടെ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും, ഒരു വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നു.

ദലിത് പ്രതിനിധാനമുള്ളവര്‍ക്ക് മാത്രമേ അംബേദ്കറിനെക്കുറിച്ച് പറയാന്‍ അവകാശമുള്ളൂ എന്ന വാദം അടിസ്ഥാനപരമായി തെറ്റാണ്. അംബേദ്കറിനെക്കുറിച്ച് ആര്‍ക്കും പറയാന്‍ അവകാശമുണ്ടെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഇങ്ങനെ പറയുമ്പോള്‍ ആര് എന്തെഴുതുന്നു? എന്തു പറയുന്നു എന്ന് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് അംഗീകരിക്കണം. സിക്കുകളെക്കുറിച്ചും ബുദ്ധമതക്കാരെക്കുറിച്ചും അംബേദ്കര്‍ പറഞ്ഞിട്ടുള്ളതുകൊണ്ടല്ല ആമുഖമെഴുതാന്‍ അരുന്ധതിറോയിക്ക് അവകാശം കൈവരുന്നത്. അല്ലെങ്കിലും അവകാശമുണ്ട്. അംബേദ്കര്‍ ഇന്ത്യയിലെ ദേശീയരാഷ്ട്രീയത്തിലും പിന്‍ക്കാലത്തും നിര്‍ണായകമായി ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തെക്കുറിച്ച് അരുന്ധതി അഭിപ്രായം പറയുമ്പോള്‍ അവര്‍ എത്രമാത്രം ദലിതാണ്, ദലിതനുഭാവമുണ്ട് എന്ന ചോദ്യങ്ങളൊന്നും പ്രസക്തമായ കാര്യങ്ങളെയല്ല. പക്ഷേ പ്രശ്‌നം, അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന് പറയുന്നത് 1936 ല്‍ ജാഠ്പഥ് തോഡക് മണ്ഡലിനു വേണ്ടി തയ്യാറാക്കി നടക്കാതെപോയ പ്രഭാഷണമാണ്. സ്വന്തം നിലയ്ക്ക് അദ്ദേഹം പിന്നീടത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇപ്പോള്‍ എണ്‍പതുവര്‍ഷത്തോട് അടുക്കുന്ന ഒരു ഘട്ടത്തില്‍, ഒരു ആമുഖപഠനത്തോടെയാണ് ഈ പുസ്തകം പുറത്തുവരുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ അനിഹിലേഷന്‍ ഓഫ് കാസ്റ്റിനുള്ളതാണോ. അതോ ഡോ.അംബേദ്കറിനുള്ള ആമുഖമാണോ എന്ന ചോദ്യമാണ് വളരെ പ്രധാനം.
അരുന്ധതി ആമുഖമെഴുതുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. പെട്ടെന്ന് ഈ അവകാശം അവരിലേക്ക് എത്തിയത് എങ്ങനെയെന്നതാണ് അതിലൊന്ന്. നവയാന പബ്ലിഷേഴ്‌സിന്റെ ഉടമയായിട്ടുള്ള ആനന്ദ് അരുന്ധതി കൈവരിച്ചിട്ടുള്ള താരപദവിയെ (stardom) തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് വ്യക്തമാണ്. അതല്ലാതെ മറ്റൊരു അവകാശവും അവര്‍ക്കുണ്ടെന്ന് വിചാരിക്കാന്‍ കഴിയില്ല. താരപദവിയുള്ള ആളായതുകൊണ്ട് ഞാനിതു പറയേണ്ടേ? എന്ന ചോദ്യത്തിലും ഞാന്‍ അരുന്ധതിക്കൊപ്പമാണ്. അവര്‍ക്കിതു പറയാം. എഴുത്തുകാരിയെന്ന നിലയില്‍ അവരെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞ ചില കാര്യങ്ങളുണ്ട്. അരുന്ധതി നിഷേധിച്ചാലും ഇല്ലെങ്കിലും ലോകം മനസിലാക്കിയതിലൊരു കാര്യം, വളരെ ആധികാരികവും സുതാര്യവുമായി അധികാരത്തോട് യാതൊരുവിധത്തിലുള്ള വിധേയത്വമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പറയുന്ന ധൈഷണികമായി വളരെ ഉയര്‍ന്ന എഴുത്തുകാരിയെന്ന ഇമേജാണത്. ഞാന്‍ അത് ആഗ്രഹിക്കുന്നില്ല ജനങ്ങള്‍ അങ്ങനെ പറയുന്നതാണെന്ന് അരുന്ധതി വിശദീകരിച്ചിട്ട് കാര്യമില്ല. നിലനില്‍ക്കുന്ന ഈ ഇമേജാണ് താരപദവിക്ക് അടിസ്ഥാനമായിട്ടുള്ളത്. അതിലൂന്നിനിന്ന് അംബേദ്കറെക്കുറിച്ചെഴുതുമ്പോള്‍ വായനക്കാര്‍ അതിനെ ആപ്തവാക്യമായി എടുക്കാന്‍ സാധ്യതയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

 • ഇപ്പോള്‍ നടക്കുന്ന സംവാദങ്ങള്‍ക്ക് പിന്നില്‍ അരുന്ധതിക്കുള്ള താരപദവി മാത്രമാണെന്ന വാദം ഒരര്‍ത്ഥത്തില്‍ ന്യൂനീകരണമല്ലേ? മറിച്ച് അംബേദ്കറിന്റെ രചനകളിലൂടെ വികസിച്ച ദലിത് വ്യവഹാരങ്ങളുടെ സാന്നിധ്യവും പ്രസക്തിയും കൂടിയല്ലേ ഇതിനെ പ്രശ്‌നവല്‍ക്കരിക്കുന്നത്.

താരപദവി നിലനില്‍ക്കുന്നതുകൊണ്ട് അവരെഴുതുന്ന കാര്യങ്ങള്‍ വായനക്കാരെ ആഴത്തില്‍ സ്വാധീനിക്കും. അതുകൊണ്ടാണ് സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ താരപദവിയൊഴിച്ച് ഇങ്ങനെയൊരു ആമുഖം തയ്യാറാക്കാന്‍ അരുന്ധതിക്കുള്ള യോഗ്യതയെക്കുറിച്ച് ആനന്ദ് മറുപടി പറയേണ്ടി വരും. അരുന്ധതിയെ വായിച്ചിട്ടുള്ളതും അവരുടെ സെന്‍സിബിലിറ്റിയെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലും അംബേദ്കറെക്കുറിച്ച് പറയാനുള്ള മറ്റൊരവകാശവും അവര്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വേറൊരുകാര്യം, ഈ പുസ്തകത്തിന്റെ
പ്രകാശനചടങ്ങുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ്. ദലിതെഴുത്തുകാരും ആക്ടിവിസ്റ്റുകളും അലങ്കോലപ്പെടുത്താനിടയുള്ളതുകൊണ്ട് ഹൈദ്രാബാദിലെ പരിപാടി റദ്ദുചെയ്യുന്നതായി അരുന്ധതി അറിയിച്ചു. ഈ അഭ്യൂഹങ്ങളുടെ സ്രോതസ് അവരൊട്ടുവ്യക്തമാക്കിയതുമില്ല. മാധ്യമങ്ങളെ ഇക്കാര്യങ്ങള്‍ അറിയിചച്ത് എസ്. ആനന്ദാണ് ഇത്തരം വിവാദങ്ങളില്‍നിന്ന് നാം മനസ്സിലേക്കേണ്ടകാര്യം, അംബേദ്ക്കറിസത്തിനെതിരെയുള്ള ധൈഷണിക എതിര്‍പ്പുകളെ കായികമായി നേരിടേണ്ടതിലേയ്ക്ക് ദലിത് ബുദ്ധിജീവികള്‍ അധഃപതിച്ചുവെന്ന് അവര്‍ വിചാരിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ അവരുയര്‍ത്തുന്ന ആശയപരമായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമായ ദലിത് ധൈഷണികമണ്ഡലം ഇന്ത്യയില്‍ സജീവമാണെന്നാണ്. പക്ഷേ അത് തിരിച്ചറിയാന്‍ അരുന്ധതിയ്ക്ക് കഴിയാത്തതുകൊണ്ടാണ് ആക്രമണകഥകളില്‍ കടിച്ചുതൂങ്ങേണ്ടിവരുന്നത്.

ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങള്‍, അവരിതില്‍ പാലിക്കേണ്ട മിനിമം ഉത്തരവാദിത്തം പുലര്‍ത്താത്തതുകൊണ്ടു ഉയര്‍ന്നുവന്നതാണ്. 1936 ല്‍ ഇറങ്ങിയ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെട്ട അംബേദ്കറിന്റെ പുസ്തകങ്ങളിലൊന്നാണ്. അന്ന് എട്ടുരൂപ വിലയ്ക്ക് അദ്ദേഹമിറക്കിയ ഈ പുസ്തകം വിവിധ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചര്‍ച്ചയ്ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. വലിയതോതിലുള്ള സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും ദലിത് മൂവ്‌മെന്റുകള്‍ക്കും ഈ പുസ്തകം പ്രേരണയായിട്ടുണ്ട്. ഇങ്ങനെ ഈ പുസ്തകത്തിനു തന്നെ സ്വയമൊരു ചരിത്രമുണ്ടെന്ന കാര്യം അരുന്ധതി മനസിലാക്കിയിട്ടുണ്ടോ എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇത് കാണാതിരുന്നാല്‍ വിമര്‍ശനമുയരുമ്പോള്‍ അതിനെ നിഷേധിക്കാനാവില്ല. ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അരുന്ധതിയെപ്പോലെ ആധികാരികതയുള്ള ഒരാള്‍ക്ക് പറയാന്‍ കഴിയുമോ? അംബേദ്കറിന്റെ മറ്റുള്ള കൃതികളെ അപേക്ഷിച്ച് വ്യത്യസ്തമായ ചരിത്രമുള്ള കാര്യം അരുന്ധതിയുടെ ആമുഖത്തില്‍ ഒരിടത്തുപോലും പരാമര്‍ശിക്കുന്നില്ല എന്നത് അവരീക്കാര്യത്തില്‍ വളരെ താഴ്ന്ന നിലവാരം പുലര്‍ത്തുന്നു എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നു. മാത്രവുമല്ല, ഈ കൃതിയുടെ ചരിത്രപരമായ പ്രാധാന്യമെന്നു പറയുന്നത്, നവയാനപോലെ വലിയ പബ്ലിഷേഴ്‌സൊന്നും ഇല്ലാത്ത ഘട്ടത്തില്‍ സ്വയം പ്രചോദിതരായ മനുഷ്യര്‍ അതിനെ സ്വന്തം ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് അച്ചടിച്ച് വിതരണം ചെയ്തു എന്നുള്ളത് കൂടിയാണ്.

 • ബി.എസ്.പി. നേതാവായിരുന്ന കാന്‍ഷിറാം, തന്നെ സ്വാധീനിച്ച ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായി ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ?

ഞാന്‍ അതിലേക്ക് പിന്നീട് വരാമെന്ന് വിചാരിക്കുന്നു. നാളിതുവരെ ജാതിക്കെതിരായി ഇന്ത്യയില്‍ ദലിതരുടെ പക്ഷത്തുനിന്ന് നടന്നിട്ടുള്ള മുന്നേറ്റങ്ങളെ അറിയാതെ പോകുന്നു എന്നതാണ് അരുന്ധതിയുടെ ആമുഖത്തിന്റെ മറ്റൊരു ന്യൂനത. യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും അറിവ് ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം അവര്‍ സൂചിപ്പിക്കുമായിരുന്നു. അവരത് ചെയ്തിട്ടില്ല. ഇതു തന്നെയാണ് അംബേദ്കര്‍ പറയുന്ന മര്‍മ്മ പ്രധാനമായ കാര്യവും. എന്തുകൊണ്ടാണ് ഇന്ത്യയിലെ സവര്‍ണര്‍, അല്ലെങ്കില്‍ ബ്രാഹ്മണിസമെന്ന സംവിധാനം ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാതെ അതിനെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായിരിക്കുന്നതെന്ന ചോദ്യം ഈ പുസ്തകത്തില്‍ തന്നെ അംബേദ്കര്‍ ഉന്നയിക്കുന്നുണ്ട്.

 • രാജു കെ. വാസുവിന്റെ ചാവുതുള്ളല്‍ എന്ന നോവലിന്റെ (2011) ആമുഖത്തില്‍ കെ.പി. രാമനുണ്ണി എഴുതുന്ന ഒരു കാര്യം സാന്ദര്‍ഭികമായി ഉന്നയിക്കാമെന്നു തോന്നുന്നു. അംബേദ്കര്‍ തിരുവനന്തപുരത്ത് ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നയിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹമെഴുതുന്നത്. ചരിത്രബോധ്യമില്ലാതെ എഴുതുന്ന ഇത്തരക്കാരെയാണ് ആമുഖമെഴുതാന്‍ ദലിതര്‍ സമീപിക്കുന്നതെന്ന വൈരുദ്ധ്യവും പരിശോധിക്കപ്പെടേണ്ടതല്ലേ?

രാമനുണ്ണിയെ രാജു കെ.വാസു കാണുന്നത് മലയാളത്തില്‍ താരമൂല്യമുള്ള ഒരു എഴുത്തുകാരനായാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ അവതാരിക തന്റെ പുസ്തകത്തെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. പക്ഷേ, രാമനുണ്ണി സ്വയം പുലര്‍ത്തുന്ന അംബേദ്കറെക്കുറിച്ചുള്ള അജ്ഞത യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കുന്ന അവസ്ഥയോടുള്ള, ജാതിയെക്കുറിച്ചുള്ള അജ്ഞതയുടെ ഭാഗമാണ്. അതുകൊണ്ട് അരുന്ധതിറോയ് പുലര്‍ത്തുന്ന അജ്ഞത അതെങ്ങനെയായാലും അവര്‍ ജാതിയെക്കുറിച്ച് അറിയാതെ പോകുന്നതുകൊണ്ടു തന്നെയാണ്.
അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെഴുതിയതു മാത്രമാണോ ഈ ആമുഖമെന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയെങ്കില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യേണ്ടത്, ആ പുസ്തകത്തില്‍ അംബേദ്കര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയെന്ന സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തനക്ഷമമാകുന്നതെന്നും അതിന്റെ സാമൂഹ്യാനുഭവങ്ങള്‍ വിശദീകരിക്കുന്നതും പരിശോധിക്കേണ്ടിയിരുന്നു. ഒടുവില്‍, ജാതിയെ എങ്ങനെ നിര്‍മൂലനം ചെയ്യാമെന്ന ആലോചനയിലെത്തുമ്പോള്‍, ഇതിനെയില്ലാതാക്കാന്‍ വളരെയധികം പ്രയാസമുണ്ടെന്ന നിഗമനത്തില്‍ എത്തുകയാണ് അംബേദ്കര്‍ ചെയ്യുന്നത്. ഇന്ത്യയിലെ ബൗദ്ധികാധിപത്യം ബ്രാഹ്മണര്‍ക്കായിരിക്കുന്ന കാലത്തോളം ഈ പ്രയാസങ്ങള്‍ അവസാനിക്കില്ല എന്നും അദ്ദേഹം പറയുന്നു. ജാതിയില്ലാതാക്കാന്‍ കഴിയാത്തതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി വിശദീകരിക്കുന്നതും ഇതിനെയാണ്. ഇത്തരം കാര്യങ്ങളുള്ള പുസ്തകത്തിനാണ് അരുന്ധതി ആമുഖമെഴുതുന്നതെങ്കില്‍ അതില്‍ നിന്ന് ജാതിയെക്കുറിച്ചുള്ള പുതിയ വ്യാഖ്യാനങ്ങളും സമകാലീനമായ നിരീക്ഷണങ്ങളുമാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഈ ആമുഖം ഒരിക്കലുമത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, മറ്റു ചില കാര്യങ്ങള്‍ ചെയ്യുന്നതുമാണ് പ്രധാനപ്പെട്ട കാര്യം.

 • മനോരമ-പെന്‍ഗ്വിന്‍ ബുക്ക് ഗെയ്ല്‍ ഓംവെദിന്റെ അംബേദ്ക്കറെക്കുറിച്ചുള്ള പുസ്തകം മലയാളത്തിലാക്കിയപ്പോള്‍ അതിന്റെ ആമുഖം എഴുതാന്‍ കെ.കെ. കൊച്ചിനെപ്പോലെ മലയാളത്തിലെ മുന്‍നിര ബുദ്ധിജീവിയെയാണ് നിയോഗിച്ചത്. ഈയൊരു സാധ്യത തന്നെയല്ലേ നവയാനയ്ക്ക് വേണ്ടി അരുന്ധതിറോയിയെ കണ്ടെത്തുന്നതിലൂടെ എസ്.ആനന്ദും ചെയ്തത്.

എസ് ആനന്ദിന്റെ തീരുമാനം തന്നെയാണ് ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചതും ആമുഖത്തിനായി അരുന്ധതിയെ കണ്ടെത്തിയതും Annotations ആനന്ദു തന്നെ തയ്യാറാക്കിയതുമെല്ലാം. നമ്മള്‍ ചര്‍ച്ച ചെയ്യുന്ന കാര്യം, ആനന്ദ് ചെയ്തതിലൂടെ എന്താണ് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നതെന്നാണ്. അംബേദ്കറിന്റെയും അദ്ദേഹത്തിന്റെ എഴുത്തുകളുടെയും മേല്‍ നാളിതുവരെയായി വലിയൊരു Scholarship ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ കാണാതിരിക്കുന്നത് ഈ പുസ്തകം പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ്. ആനന്ദ് കണ്ടില്ലെങ്കിലും അരുന്ധതി അത് കാണേണ്ടതായിരുന്നു. കാരണം, ആനന്ദിന് മറ്റു പല കച്ചവട താല്‍പര്യങ്ങളും ഉണ്ടായേക്കാം. അരുന്ധതിയെക്കൊണ്ട് എഴുതിപ്പിച്ചാല്‍ അന്തര്‍ദേശീയമായി പുസ്തകം വിറ്റുപോയേക്കാം. അങ്ങനെ പലതും. കേവലമൊരു ആന്റി കാസ്റ്റ് പബ്ലിഷര്‍ എന്ന് വിളിക്കാനാണ് അദ്ദേഹം സ്വയം ആഗ്രഹിക്കുന്നതെങ്കിലും പബ്ലിക്കേഷന്‍ എപ്പോഴും കച്ചവടവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്.

 • ആനന്ദുമായി വ്യക്തിപരമായ അടുപ്പമുള്ളയാളാണല്ലോ താങ്കള്‍. ഇങ്ങനെയുള്ള താല്‍പര്യങ്ങള്‍ അദ്ദേഹത്തിനുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

വിപണനതന്ത്രം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് ഞാന്‍ വിചാരിക്കുന്നില്ല. നല്ലൊരു മാര്‍ക്കറ്റിംഗ് വിദഗ്ധനെ സംബന്ധിച്ചിടത്തോളം അയാള്‍ നിലനില്‍ക്കുന്ന വിപണിയെ മാത്രം ആശ്രയിക്കില്ല. മറിച്ച,് പുതുതായൊന്ന് ഉണ്ടാക്കിയെടുക്കും. ആ നിലയ്ക്ക് കുറ്റമല്ലെങ്കില്‍പോലും, ആനന്ദ് നല്ലൊരു മാര്‍ക്കറ്റിംഗ് വിദഗ്ധനാണ്. പക്ഷേ, ആ മാര്‍ക്കറ്റിംഗ് വൈദഗ്ധ്യം അംബേദ്കറിലൂടെ സംഭവിക്കുമ്പോള്‍ എന്താണ് അംബേദ്കറിന്റെ ആശയങ്ങള്‍ക്കും അതുണ്ടാക്കിയ സാമൂഹ്യപ്രക്ഷോഭങ്ങള്‍ക്കും സംഭവിക്കുന്നതെന്ന് വിശകലനം ചെയ്യാനുള്ള താല്‍പര്യമാണ് എനിക്കുള്ളത്. അല്ലാതെ ആനന്ദ് ഈ പുസ്തകം ഇറക്കരുതായിരുന്നു എന്നൊന്നുമല്ല.

 • 1992 ലാണ് അംബേദ്കര്‍ സെന്റിനറി ഇന്ത്യയില്‍ ആഘോഷിക്കുന്നത്. ഇക്കാലത്ത് വസന്ത് മൂണിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ അംബേദ്കര്‍ കൃതികള്‍ വിപുലമായി പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളത്തിലും പ്രോജക്ടിന്റെ ഭാഗമായി വ്യാപകമായി അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍ അച്ചടിക്കപ്പെടുന്നു. വിപുലമായി വായിക്കപ്പെടുന്നു. ഇതിലൂടെയുണ്ടായ ദലിതരുടെ അവബോധപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിനെ തിരസ്‌കരിക്കുന്നതാണോ അരുന്ധതിയുടെ പഠനം? 

നമുക്കിതിനെ അങ്ങനെ കാണാന്‍ പറ്റില്ല. മഹാരാഷ്ട്ര ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് അംബേദ്കറിന്റെ മുഴുവന്‍ കൃതികളും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിലൂടെ സംഭവിച്ചതും അരുന്ധതിറോയിയുടെ ആമുഖത്തോടെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് പുറത്തുവന്നതിനെയും താരതമ്യപ്പെടുത്താനേ കഴിയില്ല. തികച്ചും ഭിന്നമായ മറ്റൊരു ധര്‍മ്മമാണ് പുതിയ പുസ്തകം നിറവേറ്റുന്നത്.

 • ഇപ്പോഴും താങ്കള്‍ ആവര്‍ത്തിക്കുന്നത് ‘അരുന്ധതിയുടെ പുസ്തക’മെന്നാണ്. താരപദവിക്ക് വിധേയപ്പെടുന്നതിന്റെ യുക്തി ആ പ്രയോഗത്തിലില്ലേ? 

ഇല്ലേയില്ല. ഈ പുസ്തകത്തിലൂടെ കടന്നുപോയയാളാണ് ഞാന്‍. ഡല്‍ഹിയില്‍ നിന്ന് നേരിട്ടെത്തിച്ച് വായിച്ചയാളാണ്. അതുകൊണ്ട് എനിക്ക് നന്നായിട്ട് മനസ്സിലായ ഒരു കാര്യം, ഈ പുസ്തകം അനിഹിലേഷന്‍ ഓഫ് കാസ്റ്റല്ല. അരുന്ധതിയുടെ ആമുഖം തന്നെയാണ് ആ പുസ്തകത്തിന്റെ ഫോക്കസ് ഏരിയ എന്നാണ്. അതിന്റെ വില്‍പ്പനയിലുമെല്ലാം പ്രതിഫലിക്കുന്നതും ഇതുതന്നെ. അരുന്ധതിയോട് ആരാധനയുള്ളതുകൊണ്ടൊന്നുമല്ല അരുന്ധതിയുടെ പുസ്തകമെന്ന് പറയുന്നത്. മാത്രവുമല്ല എഴുത്തുകാരിയെന്ന നിലയ്ക്ക് ഞാന്‍ അവരെ ബഹുമാനിക്കുന്നുമുണ്ട്; വിമര്‍ശനമുള്ളപ്പോള്‍തന്നെ. വ്യക്തിപരമായി വളരെയധികം അടുപ്പമില്ലെങ്കിലും അവരോട് അടുപ്പമുള്ള ആളാണ് ഞാന്‍. കേവലമായൊരു വിരോധമോ കേവലമായൊരു ആരാധനയോ പുലര്‍ത്തുന്നയാളല്ല ഞാന്‍.
1916-ല്‍ പുറത്തിറക്കിയ ‘ജാതികള്‍ ഇന്ത്യയില്‍’ എന്ന അംബേദ്ക്കറുടെ ആദ്യത്തെ പ്രബന്ധം മുതല്‍ ഭരണഘടനാനിര്‍മ്മാണസഭയിലെ പ്രസംഗങ്ങള്‍വരെയുള്ള കാര്യങ്ങളിലൂടെ ആമുഖപഠനം കടന്നുപോകുന്നുണ്ട്. ഇങ്ങനെയാകുമ്പോഴും ഗാന്ധി അംബേദ്കര്‍ വിവാദത്തിന്റെ Nexus ആണ്. അതിന്റെ കേന്ദ്രത്തിലാണ്, അതിലെ വാദങ്ങള്‍ മുഴുവന്‍ കറങ്ങുന്നത്. അരുന്ധതി അതില്‍പ്പറയുന്ന ഒരു കാര്യം, ഗാന്ധിയെപ്പോലെ മഹാനായ ഒരു മനുഷ്യനോട് അംബേദ്ക്കറിന് എന്തുകൊണ്ടാണ് ഏറ്റുമുട്ടേണ്ടിവന്നത് എന്നു വിശദീകരിക്കാന്‍ എനിക്ക് ഗാന്ധിയെക്കുറിച്ച് കൂടുതല്‍ പറയേണ്ടിവന്നു എന്നാണ്. അരുന്ധതി റോയ് പറയുന്നതുപോലെ അത്ര നിഷ്‌കളങ്കമായ സംഗതിയാണെന്ന് കരുതാനാവില്ലിത്.

 • ഗാന്ധിയെപ്പോലുള്ളൊരാള്‍ സംസാരിച്ചാല്‍ ഇന്ത്യയില്‍ ഒരു പട്ടിയും കുരയ്ക്കില്ലെന്ന വിചാരം തെറ്റാണെന്ന് അംബേദ്കര്‍ എഴുതിയിട്ടുണ്ട്.

ശരിയാണ് അംബേദകര്‍ എഴുതിയിട്ടുണ്ട്. ജാതിനിര്‍മൂലനം പുറത്തുവന്നതിനുശേഷം ഒട്ടേറെ വിമര്‍ശനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതില്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മാത്രമേ ഞാന്‍ മറുപടി പറയുന്നുള്ളൂ എന്നായിരുന്നു അംബേദ്കറിന്റെ നിലപാട്. കാരണം, ഗാന്ധി ഒരു കാര്യം പറഞ്ഞാല്‍ അത് സര്‍വ്വസമ്മതമായ സത്യമായി മാറും. അത്തരം ആധികാരികതയ്ക്ക് മുന്നില്‍ ഒരു പട്ടിയും കുരയ്ക്കില്ല. അതുകൊണ്ട് ഞാന്‍ സംസാരിച്ചു തുടങ്ങുന്നു എന്നാണ് അംബേദ്കര്‍ എഴുതിയത്.
നമ്മുടെ ഈ ചര്‍ച്ചയില്‍ ആദ്യംപറയുന്ന കാര്യം എന്തുകൊണ്ട് അരുന്ധതിയെഴുതിയ പുസ്തകത്തെ വിമര്‍ശിക്കുന്നുവെന്നാണ്. താരപദവിവെച്ചിട്ട് ഇവരെഴുതിയ കാര്യങ്ങള്‍ Authentic ആണെന്ന് വിചാരിക്കുന്ന വായനക്കാരുണ്ട്. അതിലൊരു പിശകുള്ളതുകൊണ്ടാണ് നാമിത് ചര്‍ച്ചചെയ്യുന്നത്.
അംബേദ്കറൈറ്റ് എന്ന നിലയില്‍ എനിക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ മര്‍മ്മപ്രധാനമെന്നുതോന്നുന്ന കാര്യം, കേവലമായ ഗാന്ധി- അംബേദ്കര്‍ വിവാദത്തിനപ്പുറം, അംബേദ്ക്കറെ ഏറ്റെടുക്കാന്‍ എന്നാണോ ഇന്ത്യയിലെ ദലിതര്‍ക്ക് കഴിഞ്ഞത് അന്നുമുതലാണ് അവര്‍ ഗുണപരമായി ചലിച്ചുതുടങ്ങിയത് എന്നാണ്. ഇത് ഇന്ത്യയിലെ ചരിത്രമാണ്. അംബേദ്ക്കറുടെ വെളിച്ചങ്ങള്‍ ഇന്ത്യയ്ക്ക് വളരെ പ്രധാനമാണെന്ന് വിചാരിക്കുന്നതുകൊണ്ടാണ് അംബേദ്കറൈറ്റ് എന്ന് സ്വയം വിളിക്കാന്‍ ഞാന്‍ തയ്യാറാകുന്നത്തന്നെ.

 • മറ്റൊരുകാര്യം, walk with comrades(സഖാക്കള്‍ക്കൊപ്പം) എന്ന ദീര്‍ഘലേഖനം ദണ്ഡകാരണ്യം സന്ദര്‍ശിച്ചശേഷം അരുന്ധതിറോയ് എഴുതിയിരുന്നു. അതോടുകൂടി സ്വതന്ത്ര എഴുത്തുകാരിയെന്ന അവരുടെ ഇമേജിന് ഇടിവുതട്ടിയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇന്ത്യയിലെ-ആദിവാസി-ദലിത്- മൂവ്‌മെന്റുകള്‍ക്കിടയിലും സ്വതന്ത്രാന്വേഷകര്‍ക്കിടയിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. അരുന്ധതിറോയ് മാവോയിസ്റ്റാണെന്ന ധാരണ പരക്കെയുണ്ടായി. ഇതിനെ മറികടക്കാനുള്ള തന്ത്രമെന്ന നിലയില്‍ക്കൂടിയാണോ അംബേദ്ക്കര്‍ക്ക് ഒരു ആമുഖം എഴുതുവാന്‍ അവര്‍ തയ്യാറായത്. 

അങ്ങനെയെന്തെങ്കിലും നീക്കം അവര്‍ക്കുണ്ടായിരുന്നോ എന്നെനിക്കറിയില്ല. ഈ ആമുഖത്തിലും മാവോയിസ്റ്റുകള്‍ നടത്തുന്ന ‘മഹത്തായ’ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്ന് മനസ്സിലാക്കണം. അതായത്, ആദിവാസി പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ അംബേദ്ക്കര്‍ക്ക് കഴിഞ്ഞില്ലെന്നും ഇപ്പോള്‍ മധ്യേന്ത്യയില്‍ നടക്കുന്നത് വളരെ പ്രധാനപ്പെട്ട നീക്കമാണെന്നും ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. നമ്മള്‍ അറിയേണ്ട ഒരു കാര്യം അംബേദക്കറുടെ Constituency (മണ്ഡലം) എന്ന് പറയുന്നത് ദലിതരായിരുന്നു. അയിത്തജാതിക്കാരായിരുന്നു. ആദിവാസി മേഖലയില്‍ കാര്യമായി ഇടപെടുകയോ മൂവ്‌മെന്റിന് നേതൃത്വം കൊടുക്കുകയോ ചെയ്തയാളായിരുന്നില്ല അദ്ദേഹം. ആദിവാസി മേഖലയെക്കുറിച്ച് ഒട്ടധികം അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അരുന്ധതി തന്നെ ഒരു അഭിപ്രായം സൂചിപ്പിക്കുന്നുണ്ട്. ആദിവാസികളുടെ പുരോഗതിക്കുവേണ്ടി മറ്റുസമുദായങ്ങള്‍ നില്‍ക്കാത്തതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണത്. എന്നാല്‍ അംബേദ്ക്കര്‍ പറയുന്നതും നമ്മള്‍ ശ്രദ്ധിക്കണം. ഇന്ത്യയിലെ ദലിതര്‍ ചിതറിക്കിടക്കുന്നവരായതുകൊണ്ട് അവരുടെ മുന്നേറ്റങ്ങള്‍ക്ക് പ്രതിബന്ധങ്ങളുണ്ടെന്നും എന്നാല്‍ ആദിവാസികള്‍ പ്രദേശപരമായി കേന്ദ്രീകരിക്കപ്പെട്ടതുകൊണ്ട് ഭാവിയില്‍ അവരുടെ മുന്നേറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമുള്ള നിരീക്ഷണം അംബേദ്ക്കര്‍ നടത്തുന്നുണ്ട്. നാം അറിയേണ്ട കാര്യം, മാവോയിസ്റ്റുകളുടെ സാന്നിധ്യം മദ്ധ്യേന്ത്യയിലുള്ളപ്പോള്‍ തന്നെ, അവിടുത്തെ പ്രബലരായ രാഷ്ട്രീയനേതാക്കന്മാര്‍, മുഖ്യമന്ത്രിമാരൊക്കെ ആദിവാസികളാണെന്നതാണ്.
ഇന്ത്യന്‍ഭരണഘടന നിലവില്‍വന്നതോടുകൂടി ആദിവാസികളുടെജീവിതം തകര്‍ന്നു എന്ന വാദം റൊമാന്റിക് ഭാവനയാണ്. ആദിവാസി സ്വയംഭരണം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഭരണഘടനയിലുണ്ട്. എന്നാല്‍ അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ഭരണകൂടം കാണിക്കാത്തതുകൊണ്ട് ഭരണഘടനയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? മറ്റൊരുകാര്യം, 1930 കളില്‍ 1,2,3 വട്ടമേശ സമ്മേളനങ്ങളില്‍ ഇന്ത്യയിലെ ആദിവാസി പ്രതിനിധികളെ ആരെയും ബ്രിട്ടീഷുകാര്‍ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ ദലിതരുടെ മൂന്ന് പ്രതിനിധികളാണ് ഈ സമ്മേളനങ്ങളില്‍ പങ്കെടുത്തത്. അവിടെ ഗാന്ധിയോട് യഥാര്‍ത്ഥത്തില്‍ നേരിട്ടത് അംബേദ്കര്‍ ആയിരുന്നുവല്ലോ. അരുന്ധതി ഗാന്ധിക്ക് വേണ്ടി ന്യായവാദം ചമയ്ക്കുമ്പോള്‍ അംബേദ്ക്കറുടെ യുക്തിയാണ് ഗാന്ധി ഇക്കാര്യത്തില്‍ പിന്തുടര്‍ന്നതെന്ന് പറയുമ്പോള്‍ നീതീകരിക്കാനാവാത്ത കൗശലമാണ് അവര്‍ പ്രയോഗിക്കുന്നത്.

 • അപ്പോള്‍, പ്രച്ഛന്നമാവോയിസത്തെ ദലിത് രാഷ്ട്രീയത്തിലേക്ക് കടത്തിക്കൊണ്ടുവരികയാണോ ഈ ആമുഖത്തിലൂടെ അരുന്ധതി റോയ് ചെയ്യുന്നത്.

ഇതെല്ലാം സംയോജിപ്പിക്കുന്ന ഒരു രീതിശാസ്ത്രം അതിലുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതായത്, ഭരണഘടനാപ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യുക. അപ്പോള്‍തന്നെ ആദിവാസി പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുക. മാവോയിസ്റ്റ് മൂവ്‌മെന്റുകളെക്കുറിച്ച് പരാമര്‍ശിക്കുക. അങ്ങനെ യുക്തിബന്ധങ്ങളിലൂടെ മാവോയിസത്തിന്റെ ശരികളിലേക്ക് നമ്മെ എത്തിക്കാനുള്ള ശ്രമങ്ങളതില്‍ കാണാം. അതില്‍ യാതൊരു തര്‍ക്കവുമില്ല. മാവോയിസത്തിന്റെ ശരികളെ സംബന്ധിച്ച സന്ദേശം (message) അതിലുണ്ടെന്ന് ഉറപ്പിച്ചു പറയാനാവും.

 • മധ്യേന്ത്യയിലെ ഹിന്ദുബെല്‍റ്റില്‍, കഴിഞ്ഞ രണ്ടരദശകങ്ങളായി ഉണ്ടായ പ്രധാനപ്പെട്ട മാറ്റം കീഴാളരും ദലിതരും അധികാരത്തില്‍വന്നു എന്നുള്ളതാണ്. മുലായംസിംഗ്, ലാലുപ്രസാദ് യാദവ്, മായാവതി, നിതീഷ്‌കുമാര്‍ അങ്ങനെ തുടങ്ങിയവര്‍. ഇത്തരം മുന്നേറ്റങ്ങളെ അദൃശ്യമാക്കുകകൂടിയല്ലേ ആത്യന്തികമായി മാവോയിസ്റ്റ് ശരികളിലെത്തുമ്പോള്‍.

അരുന്ധതി പുസ്തകത്തില്‍ പറയുന്നതുപോലെ, ആദിവാസികളുടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മാവോയിസ്റ്റുകള്‍ മധ്യേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മാവോയിസ്റ്റുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നത് മാവോയിസത്തിന്റെ ഒരു പരീക്ഷണശാല എന്ന നിലയ്ക്കുതന്നെയാണ്. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍തന്നെയാണ്. അവരുടെ മുമ്പിലുള്ള അടിയന്തിര സാഹചര്യം മാത്രമാണ് ആദിവാസിപ്രശ്‌നം. അതല്ലാതെ ഇന്ത്യയിലെ ആദിവാസിപ്രശ്‌നം പരിഹരിക്കാനുള്ള മൂവ്‌മെന്റേയല്ല മാവോയിസമെന്ന കാര്യം ബോധപൂര്‍വ്വം മറന്നുകൊണ്ടുള്ള ചില സ്റ്റേറ്റുമെന്റുകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. മറ്റൊന്ന്, അഴിമതിയുടെ കാര്യം പറയുമ്പോള്‍ മായാവതിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും പറയുന്നു. പക്ഷേ അരുന്ധതി എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല, ഡോ. അംബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍ വിഛേദിച്ച പ്രധാനപ്പെട്ട emergence ആയിരുന്നു ബി..എസ്.പി.യുടേത്. അതിന്റെ നേതാവായിരുന്ന കാന്‍ഷിറാം, അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ആ പുസ്തകം വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ്. ആ ഉറക്കമില്ലായ്മയില്‍നിന്നാണ് ബി.എസ്.പി. എന്നുപറയുന്ന വലിയ ബഹുജനപ്രസ്ഥാനം രൂപംകൊള്ളുന്നത്. ആ പുസ്തകത്തിന്റെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ഇതിനപ്പുറം എന്തുവേണം?
ഇങ്ങനെ ഒരു ജനതയുടെ രാഷ്ട്രീയഭാവിയെമാറ്റിമറിച്ച; വ്യക്തികളെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചാണ് അരുന്ധതി എഴുതുന്നത്. അത് വലിയൊരു ഉത്തരവാദിത്വമാണ്. അതു നിറവേറ്റുന്നതില്‍ അവര്‍ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുു എന്നാണെനിക്ക് പറയാനുള്ളത്.

Top