കെ.കെ. കൊച്ചിന്റെ പുസ്തകം വായിക്കുമ്പോൾ

സാബു ഷണ്മുഖം

കെ.കെ.കൊച്ചിന്റെ ‘കേരളചരിത്രവും സാമൂഹികരൂപീകരണവും’എന്ന പുസ്തകം പൊതു ചരിത്രത്തെ, അഥവാ അംഗീകൃത ചരിത്രത്തെ പുനര്‍വായിക്കുന്നതിനുള്ള പ്രസക്തമായ  ശ്രമമാണ്. ദലിത് കാഴ്ചപ്പാടില്‍ ചരിത്രത്തിലെ ദലിതത്വത്തെയും ദലിതത്വത്തിന്റെ ചരിത്രത്തെയും വിശകലവിധേയമാക്കുന്നതിനാല്‍ വര്‍ത്തമാനകാല സാമൂഹിക പരിസരങ്ങളില്‍ ഈ പുസ്തകം സവിശേഷമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പൊതു ചരിത്രത്തെ പുനര്‍വായിക്കുന്ന ഏത് ചരിത്രരചനയിലും സംഭവിക്കാനിടയുള്ള ഒരു കുഴപ്പം ഈ പുസ്തകത്തിന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.

കെ. കെ. കൊച്ചിന്റെ ‘കേരളചരിത്രവും സാമൂഹിക രൂപീകരണവും’എന്ന പുസ്തകം പൊതു ചരിത്രത്തെ, അഥവാ അംഗീകൃത ചരിത്രത്തെ പുനര്‍വായിക്കുന്നതിനുള്ള പ്രസക്തമായ ശ്രമമാണ്. ദലിത് കാഴ്ചപ്പാടില്‍ ചരിത്രത്തിലെ ദലിതത്വത്തെയും ദലിതത്വത്തിന്റെ ചരിത്രത്തെയും വിശകലവിധേയമാക്കുന്നതിനാല്‍ വര്‍ത്തമാനകാല സാമൂഹിക പരിസരങ്ങളില്‍ ഈ പുസ്തകം സവിശേഷമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പൊതു ചരിത്രത്തെ പുനര്‍വായിക്കുന്ന ഏത് ചരിത്രരചനയിലും സംഭവിക്കാനിടയുള്ള ഒരു കുഴപ്പം ഈ പുസ്തകത്തിന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. എഴുതപ്പെട്ട ചരിത്രത്തെ മാറ്റിയെഴുതുമ്പോള്‍ തന്നെ ചരിത്രരചനാ സമ്പ്രദായത്തിന്റെ പൊതുരീതിയിലേക്കും പൊതുഘടനയിലേക്കും പലപ്പോഴും ഈ പുസ്തകം വഴുതി വീഴുന്നുണ്ടോ എന്ന ചോദ്യം വായനയില്‍ അവശേഷിക്കുന്നു. പുസ്തകത്തിന്റെ ഊന്നലുകളോട് അടിസ്ഥാനപരമായി യോജിക്കുമ്പോള്‍ തന്നെ ഇത്തരമൊരു ചരിത്രരചനയില്‍ ഇനിയും രൂപപ്പെടേണ്ട ദലിത് രചനാ സമ്പ്രദായത്തിന്റെ അഭാവങ്ങളെ കാണാതെ വയ്യ. ദലിത് രചനാ സമ്പ്രദായമെന്നത് രൂപപ്പെടേണ്ടത് നിരവധി പ്രാദേശിക ചരിത്രങ്ങളുടെ തുടര്‍ച്ചയിലൂടെയും വിചിന്തനങ്ങളിലൂടെയുമാണെന്ന് Dalit Cultural Movement & Dialectics of Dalit Politics in Maharashtra എന്ന കൃതിയില്‍ ഗോപാല്‍ ഗുരു പറയുന്നുണ്ട്. ചടയ മംഗലത്തെ ഉള്ളാട കോളനിയില്‍ പി.കൃഷ്ണപിള്ള നടത്തിയ സന്ദര്‍ശനത്തെയും അവിടെ നടത്തിയ പ്രസംഗത്തെയും കുറിച്ചും അതില്‍ പങ്കെടുത്ത ഉള്ളാട സാമൂഹിക നേതാക്കളായ മുത്തുവിനെയും കുമാരനെയും കുറിച്ചും ചടയമംഗലത്തിന്റെ പ്രാദേശിക ചരിത്രമെഴുതിയ നിലത്തേല്‍ കുട്ടനാശാന്‍ തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്നു. നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള പള്ളിച്ചലില്‍ പൊടിയന്‍ നാണുവൈദ്യന്‍ ശ്രീനാരായണ പ്രസ്ഥാനത്തിന് നല്കിയ പ്രാദേശികവും കീഴാളവുമായ വ്യാഖ്യാനങ്ങളേയും പ്രവര്‍ത്തനരീതികളെയും കുറിച്ച് ‘പള്ളിച്ചലിലെ ശ്രീനാരായണന്‍ ‘ എന്ന പുസ്തകത്തില്‍ മണ്ണൂര്‍ തങ്കപ്പന്‍ സൂചിപ്പിക്കുന്നു. കുട്ടനാട്ടിലെ തോട്ടുവാത്തലയില് 1930–കളില്‍ കുഞ്ഞപ്പന്‍ പതിയാന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രാദേശികമായ കര്‍ഷക സമരം ദലിത്-കീഴാള സമരത്തിന്റെ ഉത്തമ മാതൃകയാണെന്ന് കുട്ടനാടിന്റെ സമര ചരിത്രം എന്ന ചെറിയ പുസ്തകത്തില്‍ കൃഷ്ണദാസ് രാമങ്കരി രേഖപ്പെടുത്തുന്നു. (ഇവിടെ സൂചിതമായിരിക്കുന്ന പുസ്തകങ്ങള്‍ അതാത് പ്രദേശങ്ങളിലെയോ സമീപ പ്രദേശങ്ങളിലെയോ ചെറിയ പ്രസ്സുകളില്‍ അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടവയാണ്. ഇത്തരം പുസ്തകങ്ങളിലെ ചെറുസൂചനകളെ വസ്തുനിഷ്ഠവും വിശദവും സൂക്ഷ്മവുമായ അന്വേഷങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും നടക്കേണ്ട ഒരു പ്രക്രിയ.) കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലെ ദളിത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടില്‍ വേദനായകം ശാസ്ത്രിയും പിന്നീട് ബിഷപ്പ് ജെറിനാള്‍ഡ് ഹേബറും നടത്തിയത് പോലുള്ള എത്രയോ ഇടപെടലുകള്‍ ഇന്ത്യയില്‍ ഒട്ടാകെ സംഭവിക്കുകയുണ്ടായി. ഇമ്മാതിരിയുള്ള എണ്ണമറ്റ പ്രാദേശിക സമരങ്ങളോ സമര നേതാക്കളോ നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലോ പൊതുചരിത്രത്തിലോ ഇടം നേടാതെ പോയതെന്തുകൊണ്ട് എന്നത് ഇനിയും ചരിത്ര രചനയില്‍ അവശേഷിക്കുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ്. 1946-ല്‍ കാബിനെറ്റ് മിഷന്‍ നിയോജകമണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ട് അംബദ്കർ പറയുന്നു, പട്ടികജാതിക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്നുള്ളതുമാത്രമല്ല , അവയുടെ ചരിത്രം തന്നെ സവിശേഷമായി രേഖപ്പെടുത്തേണ്ടതുണ്ട് . ചരിത്രത്തില്‍ തകര്‍ക്കപ്പെട്ടവര്‍ എന്ന അര്‍ഥത്തില്‍ ദലിതര്‍ അവരുടേതായ വിശദീകരണയുക്തിയുടെയും ചരിത്രരചനാ സമ്പ്രദായത്തിന്റെയും അടരുകള്‍ അന്വേഷികേണ്ടതുണ്ടെന്ന് ചന്ദ്രബാന്‍ പ്രസാദിനെപ്പോലുള്ള ചിന്തകര്‍ ഊന്നിപ്പറഞ്ഞതുകൂടി ശ്രദ്ധിക്കാവുന്നതാണെന്നു തോന്നുന്നു. ജാതിനശീകരണത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന ശ്രമങ്ങള്‍ – ജ്യോതിബാഫൂലെ മഹാരാഷ്ട്രയില്‍ ആരംഭിച്ച ജാതിവിരുദ്ധ –സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും തമിഴ്നാട്ടിലെ ദ്രാവിഡ ഇ.വി.ആര്‍ സമരപ്രസ്ഥാനങ്ങളെയും കേരളത്തിലെ അയ്യങ്കാളി-ശ്രീനാരായണ-സഹോദരന്‍ -അയ്യാ വൈകുണ്ട സ്വാമി പ്രസ്ഥാനങ്ങളുടെ ജാതിവിരുദ്ധ മുന്നേറ്റങ്ങളെയും കുറിച്ച് ചരിത്രപരമായ അറിവുകള്‍ ലഭ്യമാണ്. അതേസമയം ,എണ്ണമറ്റ പ്രാദേശിക ഇടങ്ങളില്‍ പൊതുചരിത്രം രേഖപ്പെടുത്താതെ പോയ ഒട്ടനവധി ചെറുചെറു സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും അനേകം പ്രാദേശിക നേതാക്കളുടെയും പുസ്തകങ്ങളുടെയും വിമതചരിത്രം കൂടി പുനരാനയിച്ചു കൊണ്ട് മാത്രമേ ചരിത്ര രചനയുടെ വ്യവസ്ഥാപിത രീതിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കഴിയുകയുള്ളൂ.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതതികളുടെ ചരിത്രം ഭിന്നപ്രാദേശികതകളുടെ തമസ്കരണത്തിന്റെ ചരിത്രം കൂടിയാണെന്ന് സബാള്‍ട്ടന്‍ സ്റ്റഡീസിന് മികച്ച സംഭാവനകള്‍ നല്കിയ Robert Eric Frykenberg പ്രത്യേകമായി അടയാളപ്പെടുത്തുന്നത് ഇതിനോട് ചേര്‍ത്തുവെക്കാന്‍ കഴിയും.പ്രാദേശികമായ സമാന്തര ചരിത്രതുടര്‍ച്ചയുമായുള്ള വസ്തുനിഷ്ഠസംവാദങ്ങള്‍ ചരിത്ര രചനയില്‍ സാധ്യമാണോ എന്ന അന്വേഷണം പലതലങ്ങളില്‍ നടക്കേണ്ട മറ്റന്വേഷണങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് നടത്താന്‍ കഴിയുമ്പോഴായിരിക്കും പൊതുചരിത്ര രചനാ രീതിശാസ്ത്രത്തെ മറികക്കടക്കാന്‍ കഴിയുക. രചയിതാവിന്റെ ദലിതത്വത്തിന്റെ പ്രാധാന്യം വിസ്മരിക്കാതെ തന്നെ ചരിത്ര രചനയിലെ ദലിത സ്വത്വത്തെ, ദലിത രൂപഘടനയെ എങ്ങനെ വികസിപ്പിക്കാന്‍ കുഴിയും എന്ന ആലോചന കൂടി കെ.കെ.കൊച്ചിന്റെ പുസ്തകത്തോടൊപ്പം നടക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. ഇപ്പറഞ്ഞതൊന്നും പുസ്തകത്തിന്റെ മൂല്യത്തെ ഇല്ലാതാക്കുന്നില്ല. നമ്മുടെ ചരിത്ര പുസ്തക രചനയുടെ നാള്‍വഴികളില്‍ ദലിത് സംവാദത്തെ മുന്നോട്ടുവെക്കാനുള്ള സാര്‍ഥകമായ ശ്രമെന്ന നിലയില്‍ ശ്രദ്ധാപൂര്‍വ്വം സമീപിക്കേണ്ട പുസ്തകമാണിത്. കെ.കെ.കൊച്ചിന്റെ ഈ പുസ്തകത്തിന്റെ തുടര്‍വികാസങ്ങളെ എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള എളിയ ആലോചനയില്‍ തെളിഞ്ഞു വന്ന ചില ചെറിയ നിരീക്ഷണങ്ങള്‍ വായനക്കാരോടു പങ്കുവെച്ചു എന്നു മാത്രം. ചരിത്രപണ്ഡിതനല്ലാത്ത ഒരാളുടെ നിരീക്ഷണങ്ങള്‍ എന്നനിലയില്‍ ഇതിനെ നോക്കി കാണണമെന്ന് അഭ്യര്‍ത്ഥിചു കൊണ്ട് പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

Top