ഈജിപ്ത്: മുബാറക് ചിരിക്കുന്നു
- വി.എ കബീര്‍
ഈജിപ്തില്‍ 2011 ‘ജനുവരി 25 വിപ്ലവം ‘ നടന്നപ്പോള്‍ ഈ ലേഖകന്‍ ഇങ്ങനെ കുറിച്ചിരുന്നു: ”ബഹുസ്വരതയെ നിരാകരിക്കുന്ന നിഷ്ഠുരമായ ഏകധ്രുവ അധികാര കേന്ദ്രം, ഭരണത്തിന്റെ മധുരത്തില്‍ പങ്കുപറ്റുന്ന സൈന്യവും പോലീസും, ഉഭയ വിഭാഗങ്ങളെയും സുഖിപ്പിച്ചു കൊണ്ട് രാജ്യത്തെ കൊള്ളയടിക്കുന്ന ബിസിനസ് ടൈക്കൂണുകള്‍-ദുഷിച്ച ഈ ത്രികക്ഷി സഖ്യത്തിന്നെതിരെയുള്ള ജനരോഷമാണ് ഈജിപ്ഷ്യന്‍ തെരുവുകളില്‍ പതഞ്ഞൊഴുകിയത്. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തിന്റെ അഭാവവും തൊഴില്‍ വിപണിയുടെ അപര്യാപ്തതയും ഈജിപ്ഷ്യന്‍ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളില്‍ പെടുന്നു. ഈ ചുവരെഴുത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാത്ത ഏത് രാഷ്ട്രീയ ശക്തിക്കും ഭാവിയിലേക്കുള്ള ചുവടുവെപ്പുകള്‍ പിഴക്കും. വിപ്ലവം നയിച്ച യുവാക്കള്‍ തന്നെ ഭാവി ഭരണകൂടത്തിന്റെയും നിതാന്ത നിരീക്ഷകരായി നിലകൊള്ളേണ്ടിവരുമെന്നര്‍ഥം. അല്ലാത്ത പക്ഷം തെരുവിന്റെ വിപ്ലവം എന്ന ചരിത്ര സംഭവം ‘വിപ്ലവത്തിന്റെ തെരുവ്’ എന്ന കേവല കൈ ചൂണ്ടിയിലേക്ക് ചുരുങ്ങിപ്പോകും” (ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍, പേജ് 83,84).
മുര്‍സിവിരുദ്ധ പ്രക്ഷോഭത്തിന്റെ ന്യായാന്യായതകള്‍ എന്തായാലും പ്രതിപക്ഷം മറ്റു സാധ്യതകള്‍ ഉപയോഗപ്പെടുത്താതിരുന്നത് രാജ്യതാല്‍പര്യത്തെയാണ് പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. പട്ടാള അട്ടിമറി നടക്കുന്നതിന്റെ പത്ത് ദിവസം മുമ്പ് സര്‍വ സ്വീകാര്യമായ ചില അനുരഞ്ജന നീക്കങ്ങള്‍ നടന്നതായി പത്രപ്രവര്‍ത്തകനായ ഫഹ്മീ ഹുവൈദി എഴുതുകയുണ്ടായി. വികസന കാര്യ വിദഗ്ധനായ നബീല്‍ മാര്‍ക്കോസായിരുന്നു അതിന് മുന്‍കൈയെടുത്തിരുന്നത്. പിരിച്ചുവിട്ട പാര്‍ലമെന്റിലേക്ക് ഉടനെ തെരഞ്ഞെടുപ്പ് നടത്തുക, അതിനു ശേഷം മുര്‍സി സ്ഥാനത്ത് തുടരണമോ എന്ന് ജനഹിത പരിശോധന നടത്തുക എന്നീ രണ്ട് പ്രധാന ബിന്ദുക്കളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു അത്. അധികാര കേന്ദ്രങ്ങളിലെത്തിക്കാനായി ഈ നിര്‍ദേശങ്ങള്‍ മാര്‍ക്കോസ് തനിക്ക് കൈമാറിയതായി ഫഹ്മീ എഴുതുന്നു. സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റായ ഡോ. സമീര്‍ അലീശുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഫഹ്മിയുമായി മാര്‍ക്കോസ് ബന്ധപ്പെടുന്നത്. പ്രസിഡന്റുമായി അടുപ്പമുള്ള വികസന കാര്യമന്ത്രി ഡോ. മുഹമ്മദ് അലീ ബശീറിന് ഫഹ്മീ ഈ നിര്‍ദേശങ്ങള്‍ കൈമാറി. ജൂണ്‍ 30-ന് ഡോ. ബശീര്‍ നിര്‍ദേശങ്ങള്‍ മുര്‍സിക്ക് കൈമാറുകയും ജുലൈ ഒന്നിന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മറ്റു നിര്‍ദേശങ്ങള്‍ക്കൊപ്പം ഇവയും പരിഗണിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കുകയും ചെയ്തു. അതിനിടെ ഫഹ്മീ വ്യത്യസ്ത രാഷ്ട്രീയ നേതാക്കളുമായി നിര്‍ദേശങ്ങള്‍ പങ്കുവെക്കുകയും അല്‍വസത്വ് പാര്‍ട്ടി നേതാവ് അബുല്‍ അലാ മാദിയും മറ്റും നിര്‍ദേശങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. അതിനിടെ പ്രക്ഷോഭം അത്യുച്ചാവസ്ഥയിലെത്തിയ സ്ഥിതിക്ക് പ്രതിപക്ഷം മുര്‍സി പറയുന്നത് കേള്‍ക്കാന്‍ സന്നദ്ധമായിക്കൊള്ളണമെന്നില്ലെന്ന് ആശങ്കയുണ്ടെന്നും അതിനാല്‍ അനുരഞ്ജനത്തിന് മുന്‍ കൈയെടുത്തവര്‍ തന്നെ പ്രതിപക്ഷവുമായി സംസാരിക്കുന്നതാണ് ഉചിതമെന്നും ഫഹ്മിയെ പാര്‍പ്പിട കാര്യമന്ത്രി ഡോ. താരിഖ് റഫീഖ് അറിയിച്ചു. നബീല്‍ മാര്‍ക്കോസും ഫഹ്മീ ഹുവൈദിയും ചേര്‍ന്ന് മറ്റു ചില പേരുകള്‍ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചക്കായി ഒരു സമിതി ഉണ്ടാക്കുന്നതിനിടയിലാണ് പട്ടാള അട്ടിമറി നടക്കുന്നത്. മുര്‍സി തീരുമാനമെടുക്കാന്‍ വൈകി എന്ന് പരിതപിക്കുന്ന ഫഹ്മീ ഹുവൈദി സൈന്യം മുര്‍സിയുടെ യോഗത്തെ മറികടന്ന് ധൃതിപിടിച്ച് ഇടപെട്ടതാണോ എന്നും സംശയിക്കുന്നു.
മുര്‍സിക്കെതിരെ തങ്ങള്‍ 22 മില്യന്‍ ഒപ്പു ശേഖരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുവശത്ത് മുര്‍സി അനുകൂലികള്‍ തങ്ങള്‍ 26 മില്യന്‍ ഒപ്പു ശേഖരിച്ചിട്ടുണ്ടെന്നും വാദിക്കുകയുണ്ടായി. ബാലറ്റിന് പകരം ഒപ്പുശേഖരണത്തിലൂടെ തീരുമാനമെടുക്കുന്ന സമ്പ്രദായം വ്യവസ്ഥാപിത ജനാധിപത്യത്തില്‍ എവിടെയും പറഞ്ഞു കേള്‍ക്കാത്തതാണ്. ഇതിനേക്കാള്‍ വിചിത്രമാണ് സൈന്യം സ്വീകരിച്ച സര്‍വേ രീതി. ഹെലികോപ്റ്ററിലൂടെ സര്‍വെ നടത്തിയിട്ടാണത്രെ മുര്‍സിവിരുദ്ധ ജനശക്തി സൈന്യത്തിന് ബോധ്യപ്പെട്ടത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് സൈന്യം എല്ലാ ഈജിപ്തുകാര്‍ക്കും തുല്യാവസരം നല്‍കി കാലാവധിക്ക് മുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയില്ല എന്ന ചോദ്യം അവശേഷിക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ അതൊരു ജനാധിപത്യ പ്രക്രിയയാണെന്ന് അവകാശപ്പെടാമായിരുന്നു. സൈനിക നടപടിക്കെതിരെ ഇപ്പോള്‍ ഈജിപ്ഷ്യന്‍ തെരുവുകള്‍ സാക്ഷ്യം വഹിക്കുന്ന പ്രക്ഷോഭം ചുരുങ്ങിയപക്ഷം മുര്‍സി അനുകൂലികളും തുല്യ ശക്തികളാണെന്ന് തെളിയിക്കുന്നതാണ്. ബാലറ്റ് പെട്ടികള്‍ക്ക് പകരം തെരുവ് പ്രകടനങ്ങള്‍ തെരഞ്ഞെടുപ്പിനടിസ്ഥാനമാക്കുകയും സൈനിക ഹെലികോപ്റ്ററുകള്‍ വോട്ടെണ്ണുകയും ചെയ്യുന്നതല്ല യഥാര്‍ഥ ജനാധിപത്യം. അത് ആള്‍ക്കൂട്ട ജനാധിപത്യമാണ്.
_____________________________________
വാസ്തവത്തില്‍ സെക്യുലര്‍ – ഇടത് ലിബറല്‍ പ്രതിപക്ഷം മുബാറക് പക്ഷവുമായി നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിരുന്നു പട്ടാള ഇടപെടല്‍. ഇസ്‌ലാമിസ്റ്റ് വിരോധം എന്ന ഏക അജണ്ട മാത്രമാണ് അവരെ യോജിപ്പിച്ചത്. ജൂണ്‍ 30 പ്രക്ഷോഭത്തിന്റെ ഏതാനും ദിവസം മുമ്പ് പ്രക്ഷോഭ നേതാക്കളിലൊരാളായ മുന്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി അധ്യക്ഷന്‍ ബറാദഇ നടത്തിയ പ്രസ്താവന ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ്. ക്രിമിനല്‍ കുറ്റം ചെയ്തവരൊഴികെ ‘മുന്‍ ഭരണകൂടം എന്ന് വിളിക്കപ്പെടുന്നവരു’മായി ദേശീയ അനുരഞ്ജന പ്രക്രിയ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബറാദഇ പരസ്യമായി പ്രഖ്യാപിച്ചത്.
_____________________________________
വാസ്തവത്തില്‍ സെക്യുലര്‍ – ഇടത് ലിബറല്‍ പ്രതിപക്ഷം മുബാറക് പക്ഷവുമായി നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിരുന്നു പട്ടാള ഇടപെടല്‍. ഇസ്‌ലാമിസ്റ്റ് വിരോധം എന്ന ഏക അജണ്ട മാത്രമാണ് അവരെ യോജിപ്പിച്ചത്. ജൂണ്‍ 30 പ്രക്ഷോഭത്തിന്റെ ഏതാനും ദിവസം മുമ്പ് പ്രക്ഷോഭ നേതാക്കളിലൊരാളായ മുന്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി അധ്യക്ഷന്‍ ബറാദഇ നടത്തിയ പ്രസ്താവന ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ്. ക്രിമിനല്‍ കുറ്റം ചെയ്തവരൊഴികെ ‘മുന്‍ ഭരണകൂടം എന്ന് വിളിക്കപ്പെടുന്നവരു’മായി ദേശീയ അനുരഞ്ജന പ്രക്രിയ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബറാദഇ പരസ്യമായി പ്രഖ്യാപിച്ചത്. അധികാര മോഹഭംഗം വന്ന പ്രതിപക്ഷം കഴിഞ്ഞ ജനുവരിയിലാരംഭിച്ചതാണ് പ്രക്ഷോഭം. അന്നൊക്കെ പതിനായിരങ്ങളിലേറെ തെരുവിലിറക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ജൂണ്‍ 30 പ്രക്ഷോഭത്തിലെ സംഖ്യാബാഹുല്യത്തിന് പിന്നില്‍ ആരെന്ന് വ്യക്തം. മുബാറക് ഭരണത്തിലെ വിദേശകാര്യമന്ത്രി അംറ് മൂസക്കൊപ്പം കൈകോര്‍ത്താണ് ബറാദഇ പ്രക്ഷോഭം നയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത കോണ്‍സ്റ്റിറ്റിയൂഷന്‍ (ദസ്തൂര്‍) പാര്‍ട്ടിയുടെ നേതാവാണ് ബറാദഇ.
തങ്ങള്‍ക്ക് രാഷ്ട്രീയ മോഹങ്ങളില്ലെന്ന് പട്ടാള മേധാവികള്‍ വ്യക്തമാക്കിയത് യഥാര്‍ഥത്തില്‍ സൈനിക ഇടപെടലിന് പട്ടാള അട്ടിമറി എന്ന് മുദ്ര പതിയാതിരിക്കാനുള്ള തന്ത്രമായിരുന്നു. കാരണം, പട്ടാള അട്ടിമറിയാണെന്ന് സ്ഥിരീകൃതമായാല്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്റെയും സാമ്പത്തിക സഹായം നഷ്ടപ്പെടുക എന്നതായിരിക്കും ഫലമെന്ന് പട്ടാള മേധാവികള്‍ക്കറിയാം. അത് ഈജിപ്തിനെതിരെ സാമ്പത്തിക ഉപരോധം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും. ഈജിപ്ഷ്യന്‍ സമ്പത്തിന്റെ 40 ശതമാനം നിയന്ത്രിക്കുന്ന (വ്യാപാര-വ്യവസായശാലകളടക്കം നിരവധി വരുമാന മാര്‍ഗങ്ങള്‍ ഇപ്പോഴും സൈന്യത്തിന്റെ കൈപിടിയിലാണ്) സേനയുടെ മുഖ്യ സാമ്പത്തിക സാങ്കേതിക സഹായ ദാതാവ് അമേരിക്കയാണ്. 1.3 ബില്യന്‍ ഡോളറിന്റെ യു.എസ് സഹായം കാത്തിരിക്കുകയാണ് സൈന്യം. ഈജിപ്തില്‍ നടന്നത് പട്ടാള അട്ടിമറിയാണെന്ന് കാണാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൂട്ടാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പടിഞ്ഞാറിന്റെ ഈ നിലപാട് തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്റെ വിമര്‍ശത്തിന് പാത്രമാവുകയുണ്ടായി. പടിഞ്ഞാറിന്റെ സാമ്പത്തിക സഹായം സൈന്യത്തിന് ഇനിയും തുടരുമെന്ന് ഇതില്‍ നിന്ന് ഊഹിക്കാവുന്നതാണ്.
____________________________________
ഈജിപ്ഷ്യന്‍ ജനത രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെടുകയും രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെന്നതാണ് പുതിയ സംഭവവികാസങ്ങള്‍ അനാവരണം ചെയ്യുന്ന ദുഃഖ സത്യം. മുബാറക്കിനെ പുറത്താക്കുന്നതില്‍ ഈജിപ്ഷ്യന്‍ ജനത ഒറ്റക്കെട്ടായിരുന്നു. അന്നത്തെ സൈനിക ഇടപെടല്‍ 30 വര്‍ഷത്തെ ഒരു ഏകാധിപതിക്കെതിരെയുള്ള ജനവികാരത്തെ മാനിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ മുര്‍സി ഏകാധിപതിയായിരുന്നില്ല. മുമ്പത്തെയും ഇപ്പോഴത്തെയും സൈനിക ഇടപെടലുകളെ വ്യത്യാസപ്പെടുത്തുന്ന ഘടകം അതാണ്. എന്നാല്‍ മുര്‍സി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്നെ ജനതയുടെ വിഭജനം സംഭവിച്ചുകഴിഞ്ഞിരുന്നുവെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു.____________________________________
മുര്‍സി അധികാരമേറ്റെടുത്ത് ഒരു വര്‍ഷത്തിനിടയില്‍ ഒറ്റ ദിവസം പോലും അദ്ദേഹത്തെ സൈ്വരമായി ഭരിക്കാന്‍ പ്രതിപക്ഷം അനുവദിക്കുകയുണ്ടായില്ല. പ്രസിഡന്റിനെതിരെ 5821 അക്രമാസക്ത പ്രകടനങ്ങളും 50 പ്രചാരണങ്ങളും 7709 പ്രതിഷേധങ്ങളും 24 തവണ മില്യന്‍ മാര്‍ച്ച് പ്രകടനങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും നടന്നതായി പ്രസിഡന്‍ഷ്യല്‍ വെബ് സൈറ്റ് പറയുന്നു. പ്രസിഡന്റിന്റെ മന്ത്രിസഭയിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും എഫ്.ജെ.പിക്ക് പുറത്ത് നിന്നുള്ളവരായിരുന്നു. പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും സൈന്യത്തില്‍നിന്നുള്ളവരാണ്. പ്രതിരോധമന്ത്രി ജന. സീസിയാണ് അട്ടിമറി നടത്തിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഇടതുപക്ഷ സ്ഥാനാര്‍ഥി ഹംദീന്‍ സബാഹിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് മുര്‍സി സഹകരണം തേടുകയുണ്ടായെങ്കിലും അദ്ദേഹം അത് തള്ളിക്കളയുകയാണുണ്ടായത്. ഒടുവില്‍ ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോലും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയ മാര്‍ഷല്‍ ത്വന്‍ത്വാവിയെയും ഇതര സൈനിക മേധാവികളെയും നിര്‍ബന്ധ റിട്ടയര്‍മെന്റ് നല്‍കി അവരുടെ നടപടികള്‍ മറികടക്കുന്നതിലും ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം ഫലസ്ത്വീനനുകൂലമായി രമ്യമായി പരിഹരിക്കുന്നതിലും തെഹ്‌റാനിലെ ചേരിചേരാ ഉച്ചകോടിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലും നയതന്ത്ര വിജയം വരിക്കാന്‍ കഴിഞ്ഞ പ്രസിഡന്റിന് കലാപകലുഷിതമായ അന്തരീക്ഷത്തില്‍ ആഭ്യന്തര രംഗത്ത് മികവ് പ്രകടിപ്പിക്കാന്‍ കഴിയാതെ പോയത് സ്വാഭാവികമായിരുന്നു. സബ്‌സിഡികള്‍ വെട്ടിച്ചുരുക്കുന്നതടക്കമുള്ള നിബന്ധനകള്‍ക്ക് വിധേയമായി ഐ.എം.എഫിന്റെ ലോണ്‍ വാങ്ങാന്‍ മടിച്ചതാണ് മുര്‍സിക്കെതിരെ ബറാദഇയുടെ കുറ്റപ്പെടുത്തല്‍. ഐ.എം.എഫിന്റെ നിബന്ധനകള്‍ സ്വീകരിച്ചാല്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്ന തിരിച്ചറിവായിരുന്നു മുര്‍സിയുടെ താല്‍പര്യക്കുറവിന് കാരണം. അദ്ദേഹം മറ്റു സ്രോതസ്സുകള്‍ തേടി പോവുകയായിരുന്നു. ഒരു ഗള്‍ഫ് രാജ്യവും തിരിഞ്ഞുനോക്കിയില്ലെങ്കിലും ഖത്തറില്‍നിന്ന് ഉദാരമായ സഹായം നേടിയെടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയുണ്ടായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുബാറക് സ്ഥാനാര്‍ഥി ശഫീഖ് വിദേശത്ത് നിന്ന് വിരിച്ച വലയില്‍ പ്രതിപക്ഷം വീണു എന്നതാണ് യാഥാര്‍ഥ്യം. മുന്‍ ഭരണകക്ഷി അംഗങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമം റദ്ദ് ചെയ്ത് ശഫീഖിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത ന്യായാധിപനാണ് ഇപ്പോഴത്തെ ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍. മുര്‍സിയെ പിരിച്ചുവിട്ട മുബാറക് യുഗത്തിലെ അറ്റോര്‍ണി ജനറല്‍ അബ്ദുല്‍ മജീദ് മഹ്മൂദിനെ പുതിയ പ്രസിഡന്റ് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. അപ്പീല്‍ വിചാരണയില്‍ ഇനി മുബാറക് കൂളായി ജയില്‍മോചിതനായാലും അത്ഭുതപ്പെടേണ്ടതില്ല.
ജനാധിപത്യത്തെ നിരാകരിക്കുന്ന ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ക്ക് ശക്തിപകരുന്നതായി എന്നതാണ് പട്ടാള ഇടപെടലിന്റെ മറ്റൊരു നിഷേധാത്മക ഫലം. പട്ടാള അട്ടിമറിയെ തെരുവില്‍ നേരിടാനുള്ള ബ്രദര്‍ ഹുഡിന്റെയും സഖ്യകക്ഷികളുടെയും നീക്കം എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം. സംഘര്‍ഷം നീണ്ടുനിന്നാല്‍ സൈന്യം അള്‍ജീരിയവത്കരണം നടത്തുമെന്ന ആശങ്ക അസ്ഥാനത്തല്ല. കരുതലോടെ നീങ്ങിയില്ലെങ്കില്‍ കൂടുതല്‍ ആപത്കരമായ സ്ഥിതിവിശേഷമാണ് സംജാതമാവുക.
ഈജിപ്തിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകനും ബ്രദര്‍ഹുഡ് വിമര്‍ശകനുമായ സലീം അസൂസു പട്ടാള അട്ടിമറി നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് എഴുതിയ ലേഖനത്തില്‍ ജനുവരി വിപ്ലവത്തിന്റെ അട്ടിമറിയിലാണ് പ്രതിപക്ഷ പ്രക്ഷോഭം പര്യവസാനിക്കുക എന്ന് പ്രവചിച്ചതാണ്. ജനുവരി 25 വിപ്ലവത്തിന്റെ ഏറ്റവും വലിയ സവിശേഷത ‘സമാധാനപരം, സമാധാനപരം’ എന്ന മുദ്രാവാക്യമാണെങ്കില്‍ ജൂണ്‍ 30 പ്രക്ഷോഭത്തിന്റെ സവിശേഷത അക്രമാസക്തമെന്നതാണെന്ന് ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് മുര്‍സി അനന്തര ഘട്ടത്തെക്കുറിച്ച് വ്യക്തമായ യാതൊരു ധാരണയുമില്ലെന്നതാണ് അസൂസു കാണുന്ന മറ്റൊരു ദൗര്‍ബല്യം. ‘പുതിയ വിപ്ലവ’ത്തില്‍ പങ്കാളിത്തം പ്രഖ്യാപിച്ച മുബാറക് പക്ഷത്തിന്റെ ഏക ലക്ഷ്യം പഴയ വ്യവസ്ഥയുടെ പുനഃസ്ഥാപനമല്ലാതെ മറ്റൊന്നുമല്ലെന്നും പ്രക്ഷോഭം പട്ടാള അട്ടിമറിയില്‍ കലാശിച്ചാല്‍ അന്തിമമായി രാജ്യം ചെന്നെത്തുക പഴയ വ്യവസ്ഥയിലേക്കായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് പ്രതിപക്ഷത്തിന് കൈകഴുകാന്‍ സാധിക്കുകയില്ലെന്നും ബറാദഇക്കും ഹംദീന്‍ സബാഹിക്കും അസൂസു മുന്നറിയിപ്പ് നല്‍കുന്നു. ഈ മുന്നറിയിപ്പിന്റെ രണ്ടാം ഖണ്ഡം എന്നാണ് മുബാറകിന്റെ ചുണ്ടില്‍ പുഞ്ചിരിയായി വിരിയുക എന്നേ ഇനി കാത്തിരിക്കേണ്ടതുള്ളൂ.