അരസൈക്കിള്‍

എം.ആര്‍ . രേണുകുമാര്‍

ങ്ങനെയെങ്കിലും സൈക്കിളുകേറ്റം പഠിക്കണം. കുറച്ചു ദിവസമായി അതുമാത്രമായിരുന്നു പാച്ചുവിന്റെ ചിന്ത. ഊണിലും ഉറക്കത്തിലുമൊന്നും ആ ചിന്ത പാച്ചുവിനെ വിട്ടുപോയില്ല. കൂട്ടുകാരായ മനുവിനും ഗോപുവിനും തോമസ്‌കുട്ടിക്കും മുനീറിനുമൊക്കെ സൈക്കിളുചവിട്ടാനറിയാം. എന്തിനധികം പറയുന്നു എല്ലാവരേയും സൈക്കിളുചവിട്ട് പഠിപ്പിക്കുന്ന ആനന്ദ് ചേട്ടായിയുടെ അനിയത്തിക്കൊച്ച് നീലിമക്കുവരെ അറിയാം സൈക്കിളുകേറ്റം എല്ലാവരും കഴിഞ്ഞ വല്യവധിക്കാണ് സൈക്കിളുചവിട്ടാന്‍ പഠിച്ചത്. ഈയവധിക്ക് എനിക്കും പഠിക്കണം. പാച്ചു മനസ്സിലുറച്ചു. ഏതായാലും കൂട്ടുകാരില്‍ ചിലര്‍ക്ക് ഇപ്പോഴും സൈക്കിളുചവിട്ട് അറിയാത്തത് ഭാഗ്യം. അല്ലെങ്കില്‍ ആകെ നാണക്കേടായിപ്പോയേനെ. എങ്ങനെയെങ്കിലും മഹേഷിനെയും ഉണ്ണിക്കുട്ടനേയും ഒപ്പം കൂട്ടി ആനന്ദ് ചേട്ടായിയെക്കൊണ്ട് സൈക്കിള് വാടകയ്ക്ക് എടുപ്പിക്കണം. എന്തുവന്നാലും ഈയവധിക്ക് ഞാന്‍ സൈക്കിളുകേറ്റം പഠിക്കുകതന്നെ ചെയ്യും. പാച്ചുതന്റെ തീരുമാനം മനസ്സില്‍ ഒന്നുകൂടെ ഉറപ്പിച്ചു. ആനന്ദ് ചേട്ടായിക്ക് കുറച്ചു പൈസ സംഘടിപ്പിച്ചു കൊടുക്കേണ്ടിവരും. മഹേഷിനേയും ഉണ്ണിക്കുട്ടനെയും കൂടെ കൂട്ടിയാല്‍ അതൊരു പ്രശ്‌നമാവില്ല. സൈക്കിളുചവിട്ട് അറിയില്ലെന്നുളളത് എന്തൊരുനാണക്കേടാണ്. ഇതൊന്നും പറഞ്ഞാല്‍ അച്ചനും അമ്മയ്ക്കും മല്ലിയേച്ചിക്കും പൊന്നിയേച്ചിക്കുമൊന്നും മനസ്സിലാവില്ല. സൈക്കിളില്‍ പറപ്പിച്ചു പോകുമ്പോള്‍ഇടത്തേക്ക് കണ്ണുവെട്ടിച്ച് ആ നീലിമ എന്നെ നോക്കുന്ന ഒരു നോട്ടമുണ്ട്. ദൈവമേ അപ്പോള്‍ ഭൂമി പിളര്‍ന്നങ്ങ് പോയാമതിയെന്നുതോന്നും. എന്താ പെണ്ണിന്റെയൊരു പത്രാസപ്പോള്‍. അവളുടെ വെളുത്ത് പെറ്റിക്കോട്ടിനുളളില്‍ കാറ്റ് പിടിക്കുന്നത് കാണാനും, രണ്ടായി പിന്നിയ അവളുടെ മുടി പിന്നോട്ട് പറക്കുന്നത് കാണാനും നല്ല ചേലുണ്ട്. പക്ഷെ അത് പറഞ്ഞാല്‍ അവളുടെ ഗമ ഇരട്ടിക്കത്തെയുളളൂ. അതുകൊണ്ട് ഇതിലൊന്നും അത്രവല്യകാര്യമില്ല എന്ന മട്ടില്‍ ഞാന്‍ തലയുയര്‍ത്തി നടന്നുപോകും. എന്നെ കൂടുതല്‍ പ്രകോപിപ്പിക്കാനായി ഞാന്‍ കാണുന്ന നേരങ്ങളില്‍ അവള്‍ അവളുടെ സൈക്കിള്‍ വഴിവക്കില്‍ നിര്‍ത്തും എന്നിട്ട ടയറില്‍ കാറ്റ് കുറവുണ്ടോ, ബ്രേക്ക് ശരിയാണോ, ഹാന്‍ഡില്‍ നേരെയാണോ എന്നൊക്കെ പരിശോധിക്കും. പിന്നെ പോകാന്നേരം… കിണുകിണാന്ന് ഒരു ബെല്ലടിയാണ്. അതാണ് സഹിക്കാന്‍ മേലാത്തത്. ഇതുവല്ലോം വീട്ടിപ്പറഞ്ഞിട്ട് കാര്യമുണ്ടോ? അവര്‍ക്കെന്നേ പറയാനുളളൂ. ഇപ്പോ പഠിക്കേണ്ട പാച്ചു, മോന്‍ വീഴും, മുട്ടുപൊട്ടും, ചോരവരും, ഇതൊക്കെ അതിന്റെ കൂടെയുളളതാണെന്ന് ഇവര്‍ക്കൊക്കെ ഇനിയെന്നാ മനസ്സിലാകുന്നത്. ഒരു കാര്യം ഉറപ്പാണ് വീട്ടിലറിഞ്ഞ് ഇത് പഠിക്കാന്‍ കഴിയില്ല. പഠിക്കാതിരിക്കാന്‍ എനിക്ക് കഴിയുകയുമില്ല. പിന്നെയെന്തുചെയ്യും വീട്ടിലറിയാതെ പഠിക്കുക. അതേവഴിയുളളൂ. പാച്ചു വിചാരിച്ചു. പക്ഷെ അതിന് ആനന്ദ് ചേട്ടായിയുടെ സഹായം കൂടിയേ തീരു. മഹേഷും ഉണ്ണിക്കുട്ടനും കൂടിയുണ്ടെങ്കില്‍ കാര്യം നടന്നേക്കും. പക്ഷെ പ്രശ്‌നമതല്ല. അച്ചനറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. അച്ചന്‍ പറഞ്ഞതുകേള്‍ക്കാതെ പണ്ടൊരുകാര്യം ചെയ്തതിനു കിട്ടിയ ശിക്ഷ പാച്ചുവിന് നല്ല ഓര്‍മ്മയുണ്ട്. ഹോ…. അന്ന് എന്തൊരടിയായിരുന്നു. അടിക്കാനെടുത്ത വടിപൊട്ടിച്ചിതറും വരെ അച്ചന്‍ തല്ലി. അച്ചന്‍ തല്ലാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു മയവുമില്ല. വല്ലപ്പോഴുമേ അച്ചന്‍ വടിയെടുക്കൂ. പിന്നെ അടിയുടെ പൂരമാണ്. ഹാവൂ…. ഓര്‍ക്കുമ്പോള്‍തന്നെ തുടയില്‍ വേദനയുടെ പഴുതാരകള്‍ ഇഴഞ്ഞുതുടങ്ങുന്നു. ചോരനിറമാര്‍ന്ന് വടിയുടെ നീളത്തിലും വണ്ണത്തിലും പാടുകള്‍ തുടയിലങ്ങനെ തിണര്‍ത്തുകിടക്കും. പിന്നെയത് ചൊട്ടി വേദന തീര്‍ത്തുമാറാന്‍ രണ്ടുമൂന്ന് ദിവസമെങ്കിലുമെടുക്കും. പിന്നെയും എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാലാണ് മനസ്സിലെ പാടുകള്‍ മായുക. നൊമ്പരം ഇല്ലാതാവുക.
കഴിഞ്ഞതവണ ഈവിധം അടികൊണ്ടെതെന്തിനാണെന്ന് കേള്‍ക്കേണ്ടെ. മരം കേറിയതിന്. കുട്ടികള്‍ മരത്തേക്കേറുന്നത് അച്ചനിഷ്ടമില്ലായിരുന്നു. മരത്തേല്‍ക്കേറുന്ന മറ്റു കുട്ടികളെപ്പോലും അച്ചന്‍ വഴക്കുപറഞ്ഞു താഴെയിറക്കി വീട്ടിലേക്ക് ഓടിച്ചുവിടുമായിരുന്നു. അവരെയിങ്ങനെ അഴിച്ചുവിടുന്ന അവരുടെ അച്ചനുമമ്മയേയും കൂടി അച്ചന്‍ വഴക്കുപറയുമായിരുന്നു. അപ്പോ പിന്നെ ഞാന്‍ മരത്തേക്കേറിയാല്‍ എങ്ങനെയിരിക്കും. ഞാന്‍ കാര്യത്തിലേക്ക് വരാം. ഒരു ദിവസം ഞാനും മനുവും മുനീറും ഗോപുവും കൂടി പോറ്റീടെ പറമ്പിലെ മാവില്‍ചോട്ടില്‍ കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. ഇതിനിടെ ഗോപു എവിടെയോനിന്നോ ഒരു കവളന്മടലുമായി വന്നു. അത് മാവില്‍ ചാരിവെച്ചാല്‍ ഏറ്റവും താഴത്തെ കൊമ്പില്‍ പിടിക്കാന്‍ പറ്റും. പിന്നെ കമ്പില്‍ പിടിച്ച് മാവിന്റെ തായ്ത്തടിയിലെ ഒരു മുഴപ്പില്‍ ചവിട്ടിപ്പൊങ്ങിയാല്‍ മെല്ലെ കമ്പിലേക്ക് കയറിപ്പറ്റാം. അതൊരു നല്ല പണിയാണ്. കമ്പിലെ പിടുത്തം വിടാതെ നോക്കണം. മാവിന്റെ മുഴയില്‍ ചവിട്ടിപ്പൊങ്ങുമ്പോള്‍ ഒരു നിമിഷം ശരീരത്തിന്റെ ഭാരം മുഴുവന്‍ കൈകളിലാകും. കമ്പില്‍നിന്ന് കൈ അയയും മുമ്പ് നെഞ്ചുരച്ചോ അല്ലാതെയോ കയറിപ്പറ്റിക്കോണം. അല്ലെങ്കില്‍ വല്യനാണക്കേട് തന്നെ. ആദ്യത്തെ കമ്പില്‍ കയറിപ്പറ്റിയാല്‍ പിന്നെ എളുപ്പമാണ്. പിന്നെയുളള കമ്പുകള്‍ അടുത്തടുത്താണ്. ചെറിയ കമ്പുകളില്‍ പിടിച്ച് വലിയ കമ്പുകളില്‍ ചവിട്ടി ഉയരത്തിലേക്ക് പോകാം. പക്ഷെ അതിന് അപാരമായ ധൈര്യം വേണം. ആകയാല്‍ ഞങ്ങളില്‍ പലരും താഴത്തെ കമ്പുകളില്‍ തന്നെയിരിക്കും. കാലുകള്‍ ഇരുവശത്തേക്കുമിട്ട് ആനപ്പുറത്തെന്നപ്പോലെയാണിരിപ്പ്. മുനീറ് മാത്രം കുറച്ചുകൂടി മുകളിലേക്ക് കയറും. അവന്റെ ധൈര്യം സമ്മതിച്ചുകൊടുക്കണം. നീറിനെയൊന്നും അവന്‍ വകവെയ്ക്കാറില്ല. നീറുകളെ കാണുമ്പോഴൊക്കെ ഞാന്‍ താളത്തില്‍ പറയും” മൂനീറേ…. നീറ്, മുനീറേ… നീറ്” ഉടനെതന്നെ എല്ലാവരും അതേറ്റ് പറയാന്‍ തുടങ്ങും. നീറുകളുടെ ആക്രമണം തുടങ്ങും മുമ്പേ മുനീറ് നീറ് കൂട്ടുകെട്ടിയ ചില്ലകളൊടിച്ച് താഴെക്കിടും. താഴെവീണ നീറുകള്‍ വാശി മൂത്ത് നിലത്തുനില്‍ക്കുന്ന ഉണ്ണിക്കുട്ടനെ ഓടിച്ചിട്ടുകടിക്കും. എത്ര ശ്രമിച്ചാലും ഉണ്ണിക്കുട്ടന് മാവേക്കേറാന്‍ കഴിഞ്ഞില്ല. ഞാനൊരുവിധത്തില്‍ കവളന്മടലില്‍ ചവിട്ടി താഴത്തെക്കൊമ്പില്‍ കയറി അളളിപ്പിടിച്ചിരുന്നു. കാലുകളില്‍ ഒരു തരുതരുപ്പുണ്ട്. താഴേയ്ക്ക് നോക്കുമ്പോള്‍ തരിപ്പ് കൂടും. ചെറുതായി തല ചുറ്റുന്നതായും തോന്നും. എങ്കിലും ഞാന്‍ മാങ്കൊമ്പില്‍ അളളിപ്പിടിച്ചിരുന്നു. ആ ഇരിപ്പിലുളള സന്തോഷം കൊണ്ട് എല്ലാ പേടികളും എന്നില്‍നിന്ന് മാഞ്ഞുപോയി. മാവിന്റെ മുകളിലിരുന്നാല്‍ നീണ്ടുപരന്നുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ പാടം കാണാം. അതിന്റെ നടുക്കൂടെയുളള കെട്ടുവരമ്പ് എളുപ്പവഴിയാക്കി ആളുകള്‍ ടൗണില്‍നിന്നും മടങ്ങിവരുന്നുണ്ട്. പാടത്ത് വെളളമില്ലാത്ത കാലത്ത് ഈ കെട്ടുവരമ്പ് എളുപ്പവഴിയായി മാറാറുണ്ട്. ആളുകളുടെ ചലനങ്ങളില്‍ നിന്ന് എന്റെ നോട്ടം ആകാശത്ത് തലകുത്തിമറിഞ്ഞ് പടിഞ്ഞാട്ടോടുന്ന മേഘങ്ങളില്‍ ചെന്ന് കോര്‍ത്തു. മേഘങ്ങള്‍ രൂപം മാറുന്നത് നോക്കിയിരിക്കുന്നതിനിടയിലാണ് മുകളില്‍ നിന്ന് മുനീറ് ചടാപടാന്ന് ഇറങ്ങി വന്നത്. ഞാനിരുന്ന കമ്പേല്‍ തൂങ്ങി കവളന്മടലേല്‍ ചവിട്ടിയിറങ്ങുന്ന നേരത്ത് അവന്‍ പറയുന്നുണ്ടായിരുന്നു.

”നിന്റച്ചന്‍ വരമ്പത്തൂടെ വരുന്നുണ്ട് …. ഇറങ്ങിയോടിക്കോ”. ഇരുന്നയിരിപ്പില്‍ എന്റെ കാറ്റ് പോയി. ഇതു കേട്ടപാടെ ഉണ്ണിക്കുട്ടന്‍ പറപറാന്ന് ഓടിത്തുടങ്ങിയിരുന്നു. ഉണ്ണിക്കുട്ടനെ ഒരു ചാട്ടത്തിലൂടെ മറികടന്ന് മുനീറ് കൈതക്കാടുകളുടെ മറവിലേക്ക് ഓടി മറഞ്ഞു. ഒന്നിനപുറകെ ഒന്നായി ഉരുണ്ടുപിടിച്ച് ഗോപുവും മനുവും മടലേല്‍ ചവുട്ടി മാവേന്നിറങ്ങി.
”വേഗമിറങ്ങിക്കോടാ… നിന്റച്ചനിങ്ങെത്താറായി” അച്ചന്‍ വരുന്ന ദിക്കിലേക്ക് നോക്കികൊണ്ട് ഗോപുവും മനുവും ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞു. അന്തംവിട്ടിരുന്ന ഞാന്‍ പെട്ടെന്ന് മാവിന്‍ച്ചില്ലകള്‍ക്കിടയിലൂടെ വരമ്പിലേക്ക് നോക്കി. അച്ചനിങ്ങടുത്തെത്തി. അച്ചന്‍ ചിറയിലേക്ക് ചാടിക്കയറി. കൈയിലിലുന്ന സഞ്ചി താഴത്തുവെച്ച് ഒതളത്തേന്ന് ഒരു കമ്പ് ധൃതിയില്‍ ഒടിച്ചെടുത്തു. ദൈവമേ… ആകെ കുഴപ്പമായി. എത്രയടികൊളേളണം ഇന്നു ഞാന്‍. ഞാന്‍ വേഗം കൊമ്പില്‍ തൂങ്ങി കവളന്മടലേല്‍ ചവിട്ടി ഇറങ്ങാന്‍ ശ്രമിച്ചു. കഷ്ടകാലമെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്റെ വെപ്രാളം പിടിച്ചുളള ഇറക്കത്തിനിടയില്‍ മടല്‍ കാലേല്‍ത്തട്ടി മറിഞ്ഞുവീണു. കൈവിട്ടാല്‍ നിലത്തുവീഴും. ഞാന്‍ മാവിന്റെ മുഴപ്പില്‍ ചവിട്ടി ഇറങ്ങാന്‍ നോക്കി. കഴിയുന്നില്ല. അച്ചന്‍ തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. എന്തും വരട്ടെ. ഇനി രക്ഷപ്പെടാന്‍ കണ്ണടയ്ക്കുകയോ മാര്‍ഗ്ഗമുളളൂ. ഞാന്‍ പേടിച്ച് കണ്ണുകളടച്ചു. ആദ്യത്തെയടി തൂങ്ങിയാടുന്ന അവസ്ഥയില്‍ ചന്തിയില്‍ പൊട്ടി. വേദനയുടെയും പേടിയുടെയും അകമ്പടിയോടെ ഞാന്‍ കൈവിട്ട് പൊത്തോന്ന് താഴത്തേക്ക് വീണു. രണ്ടാമത്തെയടി കിടന്നകിടപ്പില്‍. പിന്നെ നടന്നതൊന്നും പറയാതിരിക്കുകയാ ഭേദം. അച്ചന്റെ കൈയിലെ വടിയും എന്റെ ചന്തിയും തമ്മില്‍ ഒരു പോരിഞ്ഞ പോരാട്ടം തന്നെ നടന്നു. ഒടുക്കം വടിയൊടിഞ്ഞൊടിഞ്ഞ് ഇല്ലാതായി. അച്ചന്റെ വടി തോറ്റു തൊപ്പിയിട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.
അച്ചന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരുന്നാല്‍ ഉണ്ടാവുന്ന അവസ്ഥയുടെ ഒരു ഏകദേശചിത്രം മനസ്സിലായിക്കാണുമല്ലോ. പറഞ്ഞാല്‍ കേള്‍ക്കാതെ മരത്തേക്കേറിക്കളിച്ചാല്‍ ഇങ്ങനെയാണെങ്കില്‍ സൈക്കിളുകേറ്റം പഠിച്ചാല്‍ എന്താകുമെന്ന് ഊഹിക്കാവുന്നതേയുളളൂ. പക്ഷെ എത്രയാലോചിച്ചിട്ടും ഉളളിലിരുന്നാരോ പോയി പഠിക്ക് പോയി പഠിക്ക് എന്നു പറയുന്നു.അനുസരണക്കേട് കാണിക്കേണ്ടിവരുന്നതില്‍ എനിക്കല്‍പ്പം വിഷമമുണ്ട്. പക്ഷെ സൈക്കിളുകേറ്റം പഠിച്ചാലെന്താ കുഴപ്പം എന്നൊരു വിചാരവുമെനിക്കുണ്ട്. മിക്ക പിളളാര്‍ക്കും സൈക്കിളുചവിട്ടാനറിയാമല്ലോ. കൂട്ടുകാര്‍ക്കിടയിലാണെങ്കില്‍ സൈക്കിളുചവിട്ടാനും മരംകേറാനുമറിയാത്തവര്‍ക്കൊന്നും ഒരു വെലയുമില്ല. രണ്ടും കല്‍പ്പിച്ച് ഞാന്‍ ആനന്ദ് ചേട്ടായിയെ പോയിക്കാണാന്‍ തീരുമാനിച്ചു. ചേട്ടായിയെ ഒപ്പം കൂട്ടാനായി കുറച്ച് പുതിയ തീപ്പെട്ടിപ്പടങ്ങള്‍ കൂടി ഞാന്‍ കൈയിലെടുത്തു. കാര്യങ്ങള്‍ ഞാനുദ്ദേശിച്ചതിലും വേഗത്തില്‍ നടന്നു. ആനന്ദ്‌ചേട്ടായി ഞങ്ങളെ സൈക്കിളുകേറ്റം പഠിപ്പിക്കാമെന്നു സമ്മതിച്ചു. മഹേഷും ഉണ്ണിക്കുട്ടനും ഞാനും കൂടി പൈസ സംഘടിപ്പിച്ചു. ഞങ്ങള്‍ക്ക് അരസൈക്കിളാണ് വേണ്ടത്. ഓരോ പ്രായക്കാര്‍ക്കുളള സൈക്കിള്‍ വേലാച്ചിയുടെ കടയിലുണ്ട്. കാല്‍സൈക്കിള്‍ അരസൈക്കിള്‍ മുക്കാസൈക്കിള്‍ വല്യസൈക്കിള്‍ എന്നിങ്ങനെ. അരസൈക്കിളിന് മണിക്കൂറിന് അമ്പതുപൈസയാണ് വാടക. കുറച്ചു ദൂരെയുളള ബസ്സുപോകുന്ന വഴിയില്‍ പോയിവേണം വാടകയ്ക്ക് സൈക്കിളെടുക്കാന്‍. അതൊക്കെപ്പിന്നെ ആനന്ദ് ചേട്ടായി ചെയ്‌തോളും.
അങ്ങനെ കാത്തുകാത്തിരുന്ന് ആ ദിവസം വന്നെത്തി മഹേഷും ഉണ്ണിക്കുട്ടനും ഞാനും കൂടി ഒപ്പിച്ച പൈസയും പോക്കറ്റിലിട്ടുകിലുക്കി ആനന്ദ് ചേട്ടായി സൈക്കിളെടുക്കാന്‍ വഴിയിലേക്കുപോയി. അരസൈക്കിളും ചവിട്ടി ആനന്ദ് ചേട്ടായി വരുന്നതും നേക്കി ഞങ്ങള്‍ വീടിനു മുന്നിലുളള ചിറയില്‍ കാത്തുനിന്നു. ഓരോ നിമിഷവും എത്രമെല്ലെയാണ് പോകുന്നത്. ദൂരെനിന്ന് സൈക്കിള്‍ ബെല്ലടി കേള്‍ക്കുന്ന പോലെ ഒരു തോന്നല്‍. അതു കഴിയുമ്പോള്‍ സൈക്കിള്‍ ചെയിന്‍ കറങ്ങുന്നതിന്റെ ഒച്ച അടുത്തടുത്ത് വരുന്നയൊരുതോന്നല്‍.
”ഒരു ബെല്ലടി നീ കേട്ടോ” ഞാന്‍ മഹേഷിനോട് ക്ഷമകെട്ടുചോദിച്ചു. ”ഞാനും കേട്ടു. ബെല്ലടിച്ചപോലൊരു ശബ്ദം” മഹേഷവന്റെ സംശയം നീക്കി എന്നൊടോപ്പം കൂടി.
”നീകേട്ടോടാ… ഉണ്ണിക്കുട്ടാ…. ” ഞങ്ങള്‍ ഉണ്ണിക്കുട്ടേനാട് ഒരുമിച്ചു ചോദിച്ചു. ”കേട്ടു… കേട്ടു..” പക്ഷേയത് മീങ്കാരന്‍ രാജന്‍ചേട്ടന്റെ സൈക്കിളിന്റെയാ…” അവനത് പറഞ്ഞു തീര്‍ന്നതും. രാജന്‍ ചേട്ടന്റെ സൈക്കിള്‍ മീന്‍ മണവും കൊണ്ട് ഞങ്ങളെ കടന്നുപോയി. ഉണ്ണിക്കുട്ടന്റെ മുഖത്ത് ഗമ കലര്‍ന്നൊരു കളിയാക്കിച്ചിരി പടര്‍ന്നു. എന്റെയും മഹേഷിന്റെയും മുഖത്ത് കാത്തിരിപ്പിന്റെ മടുപ്പ് കനത്തുതൂങ്ങാന്‍ തുടങ്ങി. ഞങ്ങള്‍ അലക്കുകല്ലിന്റെ ഇരുവശത്തുമായി പുറം തിരിഞ്ഞ് ഇരിപ്പുറപ്പിച്ചു.
”ദേ… ആനന്ദ് ചേട്ടായി വാണം വിട്ടപോലെ ഓടിവരുന്നു….” ഓലപ്പന്തുകൊണ്ട് പൂച്ചയെ കളിപ്പിക്കുന്നതില്‍ മുഴുകിയിരുന്ന ഉണ്ണിക്കുട്ടന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു. ഞങ്ങള്‍ അലക്കുകല്ലേന്ന് ചാടിയെഴുന്നേറ്റ് ഉണ്ണിക്കുട്ടന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക് നോക്കി. അവന്‍ പറഞ്ഞത് ശരിയാണല്ലോ… ആനന്ദ് ചേട്ടായിയാണല്ലോ പാഞ്ഞുവരുന്നത്. സൈക്കിള് കാണുന്നില്ലല്ലോ… ദൈവമേ കാര്യങ്ങളെല്ലാം അച്ചനറിഞ്ഞോ. ചേട്ടായിയുടെ പുറകെ അച്ചനും കാണുമോ. അതാണോ ചേട്ടായിങ്ങനൈ പാഞ്ഞുവരുന്നത്. ഞാനും മഹേഷും ഉണ്ണിക്കുട്ടനും അന്തംവിട്ട് പരസ്പരം മാറിമാറി നോക്കി. മൂവര്‍ക്കും അപകടം മണത്തു. ഞങ്ങള്‍ കണ്ട വഴിയെ ഓടാന്‍ തുടങ്ങുമ്പോഴേക്കും ആനന്ദചേട്ടായി ഓടി ഞങ്ങളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു.
”എന്താ…. എന്താ… എന്തുപറ്റി” ഞങ്ങള്‍ മൂന്നുപേരും ആവേശത്താല്‍ തിരക്കി. ചേട്ടായി നിന്ന് അണയ്ക്കുന്നതല്ലാതെ കാര്യം പറയുന്നില്ല. നിക്ക്‌നിക്ക് പറയാം, ശ്വാസം കിട്ടട്ടെ കൈകൊണ്ട് എന്നൊക്കെ പറയാന്‍ ശ്രമിക്കുന്നുണ്ട്. ഒടുക്കം ചേട്ടായി അതൊരുവിധം പറഞ്ഞൊപ്പിച്ചു.
”….. നിന്റെ അച്ചന്‍… വരുന്നുണ്ട്. ഒരു അരസൈക്കിളും ഉന്തികൊണ്ട്… ഒരു പുത്തന്‍ ചൊവന്ന അരസൈക്കിള്‍” എന്നു പറഞ്ഞ് ആനന്ദ് ചേട്ടായി എന്നെ കെട്ടിപ്പിടിച്ചു. സന്തോഷാധിക്യത്താല്‍ ആര്‍ത്തുവിളിച്ചുകൊണ്ട് മഹേഷും ഉണ്ണിക്കുട്ടനും ഞങ്ങടെ ദേഹത്തേക്ക് ചാടിക്കയറി. ആനന്ദ് ചേട്ടായിയുടെ കാലിടറി. ഒന്നിനുപുറകെ ഒന്നായി ഞങ്ങള്‍ ചിറയിലെ പുല്‍ത്തകിടിയിലേക്ക് മറിഞ്ഞു വീണുരുണ്ടു. പെട്ടെന്ന് ഞങ്ങളുടെ കാതില്‍ ഒരു സൈക്കിളിന്റെ മണിയടിയൊച്ച വന്നലച്ചു. ദൂരെ പാടത്തിന്റെ അക്കരെ, കെട്ടുവരമ്പിന്റെ തുടക്കത്തില്‍ സൈക്കിളും ഉന്തിക്കോണ്ടുവരുന്ന അച്ചന്റെ രൂപം തെളിഞ്ഞു. ഞാന്‍ കെട്ടുവരമ്പിന്റെ ഇങ്ങേ തലയ്ക്കല്‍ നിന്നും അച്ചന്റെയടുത്തേക്കു നൂറില്‍ കുതിച്ചു. എന്റെ ഇടവും വലവുമായി മഹേഷും ഉണ്ണിക്കുട്ടനും തൊട്ടുപുറകിലുണ്ട്. ഓട്ടത്തിനിടയില്‍ ഉണ്ണിക്കുട്ടന്റെ കാച്ചട്ട ഊര്‍ന്നുപോയത് അവന്‍ വകവെച്ചതേയില്ല. ഞങ്ങള്‍ ഓട്ടത്തിനിടയില്‍ ആര്‍ത്തു ചിരിച്ചു. ഞങ്ങളുടെ ചിരികളിലേക്ക് ഒരു ചുവന്ന അരസൈക്കിള്‍ ട്ര്ണീം… ട്ര്ണീം… എന്ന് ചിലച്ച് അടുത്തുകൊണ്ടിരുന്നു.

Top