‘പറയിപെറ്റ പന്തിരുകുലം’ എന്നാണ് ഐതിഹ്യത്തിന്റെ തലക്കെട്ടെങ്കിലും ഈ പറയസ്ത്രീക്ക് ആദ്യഘട്ടത്തിലല്ലാതെ കഥയിലെന്താണ് പങ്ക് എന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമില്ല. പന്ത്രണ്ട് മക്കളെ പ്രസവിച്ചു കൂട്ടി എന്നതിനപ്പുറം എന്താണ് ആ സ്ത്രീയുടെ ജീവിതത്തിന്റെ ബാക്കിപത്രം? അതികേമനായ ഒരു ഭര്‍ത്താവുണ്ടായിട്ടും കേമന്മാരായ പന്ത്രണ്ട് മക്കളെ പ്രസവിച്ചുട്ടും ആ പറയിയുടെ ജീവിതം ദുരിതമയമായ ഒരു അലച്ചിലില്‍ ഒതുങ്ങി എന്നത് ഐതിഹ്യത്തിന്റെ കൗതുകത്തില്‍ അഭിരമിക്കുന്ന പലരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നുവരാം. എന്തുകൊണ്ടാണ് ആ സ്ത്രീക്ക് ഇങ്ങനെ അലഞ്ഞുതിരിയാന്‍ വിധിയുണ്ടായത് എന്നന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം ഇതാണ്: ഒരു ദലിത് സ്ത്രീക്ക് ലഭിച്ച ‘അനര്‍ഹമായ അംഗീകാര’ത്തിന് ബ്രാഹ്മണ്യം വിധിച്ച ശിക്ഷയായിരുന്നു അത്. ആ ശിക്ഷവിധിച്ച വിധികര്‍ത്താവും ശിക്ഷ നടപ്പിലാക്കിയ ആരാച്ചാരും മറ്റാരുമല്ല- വരരുചി തന്നെ.
കേരളത്തിലെമ്പാടും പ്രചാരമുള്ള ഒരു ഐതിഹ്യമാണ് ‘പറയിപ്പെറ്റ പന്തിരുകുലം.’ കൊട്ടാരത്തില്‍ ശങ്കുണ്ണി തയാറാക്കിയ ഐതിഹ്യമാല ഈ കഥക്ക് അക്കാദമികമായ അംഗീകാരവും ജനകീയമായ പ്രചാരവും നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥകള്‍ വഴി മാത്രമല്ല, നിരവധി കഥകളും കവിതകളും ചലച്ചിത്രങ്ങളും വഴിയും ഐതിഹ്യം മലയാളികള്‍ക്കിടയില്‍ സജീവമായി വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
വിക്രമാദിത്യ രാജാവിന്റെ സദസ്യനായിരുന്ന വരരുചി എന്ന പണ്ഡിത ബ്രാഹ്മണന്‍ ഒരു പറയസ്ത്രീയെ വിവാഹം കഴിക്കാന്‍ ഇടവരുന്നതും ആ പറയസ്ത്രീയില്‍ വരരുചിക്ക് പന്ത്രണ്ട് മക്കള്‍ ജനിക്കുന്നതുമാണ് ഈ ഐതിഹ്യത്തിന്റെ ഉള്ളടക്കം. ഐതിഹ്യമാലയെ പ്രമാണമാക്കി ആ കഥയെ ഇങ്ങനെ സംഗ്രഹിക്കാം: ഒരിക്കല്‍ ദേശാന്തര സഞ്ചാരത്തിനിടയില്‍ വരരുചി ഒരു ആല്‍ച്ചുവട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അപ്പോള്‍ ചില ആകാശദേവതമാരില്‍നിന്ന് സമീപത്തുള്ള ഒരു പറയക്കുടിലില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്നും ഭാവിയില്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക വരരുചിയാണെന്നും കേള്‍ക്കുന്നു. ഒരു പറയിയെ വിവാഹം കഴിക്കുക എന്ന ‘ദുര്യോഗ’ത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടി, ആ ശിശുവിന് മൂന്ന് വയസ്സാവുമ്പോള്‍ രാജ്യം നശിക്കും എന്നൊരു നുണ വരരുചി രാജാവിനോട് പറയുന്നു. ജ്യോതിശാസ്ത്ര പണ്ഡിതനായ വരരുചിയുടെ വാക്കുകള്‍ വിശ്വസിച്ച് രാജാവ് ആ കുഞ്ഞിനെ നശിപ്പിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുന്നു. ശിശുഹത്യ പാപമാകയാല്‍ ആ കുഞ്ഞിനെ വാഴത്തട കൊണ്ടുള്ള ചങ്ങാടത്തില്‍ കിടത്തി തലയില്‍ ഒരു പന്തവും കൊളുത്തിവെച്ച് പുഴയിലൊഴുക്കുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ബ്രാഹ്മണ ഗൃഹത്തില്‍ ബുദ്ധിമതിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്ന വരരുചി അവളെ പരിണയിക്കുന്നു. പിന്നീടാണ് അവള്‍ പഴയ പറയപ്പെണ്‍കുട്ടി തന്നെ എന്ന് വരരുചി തിരിച്ചറിയുന്നത്. അതില്‍ ദു:ഖിതനായിത്തീര്‍ന്ന വരരുചി തുടര്‍ന്ന് ഭാര്യയുമൊത്ത് ദേശാടനത്തിനിറങ്ങുന്നു. ആ ദേശാടനത്തിനിടയില്‍ ആ സ്ത്രീ പന്ത്രണ്ട് മക്കളെ പ്രസവിക്കുന്നുണ്ട്. എന്നാല്‍, വരരുചിയുടെ നിര്‍ദേശപ്രകാരം ഒന്നിനെയൊഴികെ മറ്റെല്ലാറ്റിനെയും പ്രസവിച്ചേടത്തുതന്നെ ഉപേക്ഷിക്കുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ വ്യത്യസ്ത ജാതിക്കാര്‍ എടുത്തുകൊണ്ടുപോയി വളര്‍ത്തുന്നു. മേഴത്തൂര്‍ അഗ്നിഹോത്രി, ഉളിയന്നൂര്‍ പെരുന്തച്ചന്‍ , രജകന്‍ , വള്ളോന്‍ , വടുതല നായര്‍ , കാരയ്ക്കലമ്മ, ഉപ്പുകുറ്റന്‍ , തിരുവരങ്കത്ത് പാണനാര്‍ , പാക്കനാര്‍ , നാറാണത്ത് ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍ , വായില്ലാക്കുന്നിലപ്പന്‍ എന്നിവരാണ് ആ പന്ത്രണ്ട് മക്കള്‍ . ഇവരില്‍ പലരെപ്പറ്റിയും പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ഇതില്‍ വായില്ലാക്കുന്നിലപ്പനൊഴിച്ച് മറ്റ് പതിനൊന്നുപേരും ചേര്‍ന്ന് മാതാപിതാക്കളുടെ ശ്രാദ്ധമൂട്ട് നടത്തിയെന്നും ഐതിഹ്യം പറയുന്നു. കേരളത്തിന്റെ ജാതിസഹിഷ്ണുതക്ക് ഇന്നും ഈ കഥ ഉദാഹരിച്ചുകാണാം. ‘പറയിപെറ്റ പന്തിരുകുലം’ എന്നാണ് ഐതിഹ്യത്തിന്റെ തലക്കെട്ടെങ്കിലും ഈ പറയസ്ത്രീക്ക് ആദ്യഘട്ടത്തിലല്ലാതെ കഥയിലെന്താണ് പങ്ക് എന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമില്ല. പന്ത്രണ്ട് മക്കളെ പ്രസവിച്ചു കൂട്ടി എന്നതിനപ്പുറം എന്താണ് ആ സ്ത്രീയുടെ ജീവിതത്തിന്റെ ബാക്കിപത്രം? അതികേമനായ ഒരു ഭര്‍ത്താവുണ്ടായിട്ടും കേമന്മാരായ പന്ത്രണ്ട് മക്കളെ പ്രസവിച്ചുട്ടും ആ പറയിയുടെ ജീവിതം ദുരിതമയമായ ഒരു അലച്ചിലില്‍ ഒതുങ്ങി എന്നത് ഐതിഹ്യത്തിന്റെ കൗതുകത്തില്‍ അഭിരമിക്കുന്ന പലരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നുവരാം. എന്തുകൊണ്ടാണ് ആ സ്ത്രീക്ക് ഇങ്ങനെ അലഞ്ഞുതിരിയാന്‍ വിധിയുണ്ടായത് എന്നന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം ഇതാണ്: ഒരു ദലിത് സ്ത്രീക്ക് ലഭിച്ച ‘അനര്‍ഹമായ അംഗീകാര’ത്തിന് ബ്രാഹ്മണ്യം വിധിച്ച ശിക്ഷയായിരുന്നു അത്. ആ ശിക്ഷവിധിച്ച വിധികര്‍ത്താവും ശിക്ഷ നടപ്പിലാക്കിയ ആരാച്ചാരും മറ്റാരുമല്ല- വരരുചി തന്നെ. പറയസ്ത്രീയുടെ ഭര്‍ത്താവ്. പറയിപെറ്റ പന്തിരുകുലം കഥയില്‍ വരരുചിയുടെ റോള്‍ നിഷ്ഠുരനും കൗശലക്കാരനുമായ ഒരു അധികാരിയുടേതാണെന്ന് ആ ഐതിഹ്യത്തിന്റെ സൂക്ഷ്മവിശകലനത്തില്‍നിന്ന് വ്യക്തമാവുന്നതാണ്.
ചരിത്രത്തിന്റെ പൂര്‍വഘട്ടങ്ങളില്‍ ദലിതര്‍ എന്തെല്ലാം ദുരിതങ്ങള്‍ അനുഭവിച്ചിരിക്കുമെന്ന് ഇന്ന് പ്രത്യേകം എണ്ണിപ്പറയേണ്ടതില്ല. ആ ദലിതരുടെ കൂട്ടത്തില്‍ ബുദ്ധികൊണ്ടോ പാണ്ഡിത്യം കൊണ്ടോ ശ്രേഷ്ഠത സ്വയം തെളിയിച്ചവരുടെ പോലും വിധിയെന്തായിരുന്നുവെന്നതിന് പൂര്‍വകാലത്തില്‍നിന്ന് കിട്ടുന്ന ഒരു തെളിവാണ് പറയിപെറ്റ പന്തിരുകുലം കഥ. വരരുചിയുടെ പത്‌നിയുടെ പേരെന്തെന്ന് ഐതിഹ്യമാലയില്‍ പറയുന്നില്ല. പറയി എന്ന ജാതിപ്പേരില്‍ അവളുടെ സ്വത്വം നിര്‍ണീതമാക്കപ്പെട്ടിരിക്കുന്നു. പറയിയായതുകൊണ്ട് ഐതിഹ്യത്തില്‍ ഒരു പേരുപോലും അനുവദിക്കപ്പെടുന്നില്ല എന്നര്‍ഥം. പറയിക്കെന്തിന് വേറൊരുപേര് എന്ന് സവര്‍ണ ചരിത്രബോധത്തിന്റെ ഉദാസീനത. ആ പറയിയുടെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം വരരുചി എന്ന ഭീകരനാല്‍ ബാധിതമാണ്. വിധിയുടെ കഠിനമായ ഇടപെടലുകള്‍ പറയിയുടെ ആ ദുരന്തത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
പറയിയുടെ ജന്മം മുതല്‍ തുടങ്ങുന്നു വരരുചിയുടെ കംസതന്ത്രങ്ങളുടെ കഥ. പറയിയെ വിവാഹം കഴിക്കുകയെന്ന തന്റെ മ്ലേച്ഛമായ’ വിധിയെപ്പറ്റിയോര്‍ത്ത് കുണ്ഠിതനായിത്തീരുന്ന വരരുചി ആ വിധി മാറ്റിമറിക്കാന്‍ അപ്പോള്‍തന്നെ ഒരുക്കൂട്ടുന്നുണ്ട്. പറയക്കുടിലില്‍ പിറന്ന കുഞ്ഞിനെ കൊല്ലുക എന്നതുതന്നെയാണ് വരരുചി കാണുന്ന തന്ത്രം. ശിശുവിനെ പുഴയിലൊഴുക്കുക വഴി വരരുചിയുടെ തന്ത്രം തല്‍ക്കാലത്തേക്ക് വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ആ വിധിയില്‍ നിന്ന് ആത്യന്തികമായി രക്ഷപ്പെടാന്‍ വരരുചിക്ക് കഴിയുന്നില്ല.
വര്‍ഷങ്ങള്‍ക്കുശേഷം ഒരു ബ്രാഹ്മണ ഗൃഹത്തില്‍വെച്ച് സുന്ദരിയും ബുദ്ധിമതിയുമായ ബ്രാഹ്മണയുവതിയുടെ രൂപത്തിലാണ് വരരുചി അവളെ കാണുന്നത്. അവളുടെ ബുദ്ധി വൈഭവത്തില്‍ മതിപ്പു തോന്നിയ വരരുചി അവളെ പരിഗ്രഹിക്കുകയും ചെയ്യുന്നു. ബ്രാഹ്മണ യുവതിയാണെന്ന ധാരണയില്‍ ആ ഭാര്യയുമൊത്ത് വളരെ ആഹ്ലാദത്തോടെ ജീവിച്ചുപോരുന്ന വേളയിലാണ് തലയില്‍ പന്തംകുത്തിയ തിന്റെ അടയാളത്തില്‍നിന്ന് അവള്‍ പഴയ പറയപ്പെണ്‍കുട്ടി തന്നെയാണെന്ന് വരരുചി തിരിച്ചറിയുന്നത്. ”തന്റെ പ്രേമഭാജനമായ ധര്‍മദാരങ്ങളുടെ തലമുടി ഭംഗിയാകുംവണ്ണം ചീകിക്കെട്ടിക്കൊണ്ടിരിക്കെ”യാണ് വരരുചിയുടെ ഈ കണ്ടെത്തല്‍. ഭാര്യയുടെ തലമുടി ചീകിക്കെട്ടിക്കൊടുക്കുന്ന ഭര്‍ത്താവ്- എത്ര മധുരോദാരമായ ഒരു സന്ദര്‍ഭമാണിത്. ഇവിടെ വരരുചി ഒരു കൃഷ്ണനും പത്‌നി ഗോപികയുമാണ്. എന്നാല്‍ അവള്‍ ബ്രാഹ്മണ സ്ത്രീയല്ല, പറയസ്ത്രീയാണ് എന്ന് തിരിച്ചറിയുന്നതോടെ ഈ റൊമാന്റിക് സന്ദര്‍ഭമാകെ പൊടുന്നനെ തകിടംമറിയുകയാണ്. ആ കണ്ടെത്തലിന്റെ നിമിഷത്തില്‍തന്നെ അതുവരെയുള്ള സുഖജീവിതത്തെ പാടേ തൃജിച്ചുകൊണ്ട് വരരുചി ഭാര്യയുമൊത്ത് ദേശാന്തര സഞ്ചാരത്തിനിറങ്ങുകയാണ്. ജീവിതാന്ത്യം വരെയും അവര്‍ ആ ദേശാടനം തുടരുകയും ചെയ്യുന്നു. എന്തായിരുന്നു വരരുചിയുടെ പൊടുന്നനെയുള്ള ആ ദേശാടനത്തിനു പിന്നിലെ രഹസ്യതാല്‍പര്യം എന്നാലോചിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. തന്റെ ഭാര്യയായിത്തീര്‍ന്ന ആ ‘നീചജാതി’ക്കാരിയുടെ ജീവിതം ദുരിതമയമാക്കുക എന്ന പ്രതികാരബോധമാണ് വരരുചിയെക്കൊണ്ട് ആ തീരുമാനമെടുപ്പിക്കുന്നത്. വിവാഹത്തിനുമുമ്പും അതിനുശേഷം ഭര്‍ത്താവിന്റെ കൂടെയും സ്വസ്ഥവും സുഖദവുമായ ഒരു ജീവിതം നയിച്ചുപോരുകയായിരുന്നു ആ സ്ത്രീ. എന്നാല്‍, പറയിയായ അവള്‍ക്ക് ആ സ്വസ്ഥതയും സുഖവും തുടര്‍ന്നും അനുവദിക്കാന്‍ വരരുചി താല്‍പര്യപ്പെടുന്നില്ല. ആ സ്വസ്ഥതയും സുഖവും തകര്‍ക്കാന്‍ വേണ്ടി തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ അവളെ അലയാന്‍ വിധിക്കുകയാണ് അയാള്‍. അലഞ്ഞുതിരിഞ്ഞുള്ള ജീവിതം വരരുചിക്ക് ഒരു പുതുമയല്ല. അയാളുടെ ജീവിതത്തിന്റെ ഒരു രീതി തന്നെയാണത്. എന്നാല്‍, അതല്ല, ആ സ്ത്രീയുടെ സ്ഥിതി. നമ്പൂതിരി ഗൃഹത്തില്‍ ഏറെയൊന്നും ക്ലേശകരമല്ലാത്ത ഒരു ജീവിതം നയിച്ചവളാണ് അവള്‍. എന്നിരിക്കെ, അലഞ്ഞുതിരിഞ്ഞുള്ള ഒരു ജീവിതം അവളെ സംബന്ധിച്ച് തികച്ചും ക്ലേശകരമാവാനേ തരമുള്ളൂ. തന്റെ ദുര്‍വിധിക്ക് കാരണമായ പറയിയോട് ഇങ്ങനെയെങ്കിലും പ്രതികാരം ചെയ്യാന്‍ കഴിയുന്നുമെങ്കില്‍ വരരുചിയുടെ ബ്രാഹ്മണ്യത്തിന് ഒരിക്കലും സമാധാനമുണ്ടാകുമായിരുന്നില്ല. തന്റെ ‘ധര്‍മദാര’ങ്ങളെ ഈ വിധം കഷ്ടപ്പെടുത്താന്‍ വരരുചിയെ പ്രേരിപ്പിച്ച പല ഘടകങ്ങളുമുണ്ട്.
1. പറയിയായ ഒരു സ്ത്രീ ബ്രാഹ്മണ ഗൃഹത്തില്‍ വളരുകയും ബ്രാഹ്മണന്റെ ഭാര്യയാവുകയും ചെയ്തതിലുള്ള അസഹിഷ്ണുത. ഏതെങ്കിലും തരത്തിലുള്ള സൗകര്യം അനുഭവിക്കുന്ന കീഴ്ജാതിക്കാരനോട് മേല്‍ജാതിക്കാരന് ഉണ്ടായിരുന്ന (ഉണ്ടാകാവുന്ന) പൊതുവായ അസഹിഷ്ണുതയാണിത്.
2. ഒരു പറയസ്ത്രീ ക്ലേശജീവിതം നയിക്കേണ്ടവളാണ് എന്ന വരേണ്യജാതിക്കാരുടെ ശാഠ്യം. തന്റെ ഭാര്യയാണെങ്കിലം പറയിയാകയാല്‍ അവള്‍ ക്ലേശം അനുഭവിക്കേണ്ടതുതന്നെ എന്നാണ് വരരുചിയുടെ നിശ്ചയം. താഴ്ന്ന ജാതിക്കാരുടെ ക്ലേശവും ദുരിതവും കണ്ട് സുഖിച്ചിരുന്ന വരേണ്യ സമുദായങ്ങളുടെ ഏറ്റവും ശക്തനായ പ്രതിനിധിയാണ് വരരുചി.
3. താനൊരു മഹാപണ്ഡിതനാണെന്നാണ് വരരുചിയുടെ നാട്യം. നമ്പൂതിരി ഗൃഹത്തില്‍ ഉണ്ണാനെത്തുന്ന വരരുചി പ്രതീക ഭാഷയില്‍ തന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നത് ഈ നാട്യത്തിന്റെ ഫലമാണ്. ആ പ്രതീകഭാഷയില്‍നിന്ന് ഉദ്ദിഷ്ടകാര്യം ഗ്രഹിച്ചു എന്നതാണ് പെണ്‍കുട്ടിയുടെ യോഗ്യതയായി വരരുചി കാണുന്നത്. പണ്ഡിതനായ തനിക്ക് ഇണങ്ങുന്ന പണ്ഡിതയായ ഒരു ബ്രാഹ്മണസ്ത്രീ എന്ന ഒരു പരിഗണന അവളെ പരിണയിക്കുന്നതില്‍ വരരുചിക്ക് പ്രേരണയായിട്ടുണ്ട്. എന്നാല്‍, ബ്രാഹ്മണ സ്ത്രീയുടെ പാണ്ഡിത്യമല്ലാതെ പറയപ്പെണ്ണിന്റെ പാണ്ഡിത്യം വരരുചിക്ക് സഹിക്കാവുന്നതല്ല. അവള്‍ പറയിയാണെന്നറിയുമ്പോള്‍ വരരുചി ബ്രാഹ്മണ്യം മാത്രമല്ല, പാണ്ഡിത്യവും ചൂളിപ്പോകുന്നു. പണ്ഡിത ബ്രാഹ്മണനായ തന്നെ വെറുമൊരു പറയിപ്പെണ്ണ് മറികടന്നു എന്നത് വരരുചിക്ക് സഹിക്കാനാവുന്നതിലുമപ്പുറമാണ്. അങ്ങനെയുള്ള പറയിക്ക് ജീവിതത്തില്‍ ഒരു അംഗീകാരവും സുഖവും ഉണ്ടാവാന്‍ ഇടവരരുത് എന്നാണ് വരരുചി തീരുമാനിക്കുന്നത്.
____________________________________ ഒരു ജന്മം മുഴുവന്‍ അലഞ്ഞുനടക്കാന്‍ വിധിച്ചു എന്നതുമാത്രല്ല, സ്വന്തം പത്‌നിക്ക് വരരുചി നല്‍കിയ ശിക്ഷ. പറയസ്ത്രീയില്‍ തനിക്ക് പിറന്ന കുഞ്ഞുങ്ങളെയൊന്നും സ്വീകരിക്കാന്‍ അയാള്‍ തയാറാവുന്നില്ല.അതിലൂടെ ഒരു ഇരട്ടവിജയമാണ് വരരുചി ലക്ഷ്യമിടുന്നത്. ഒന്ന്, പറയസന്തതികളെ ഒഴിവാക്കാം. മറ്റൊന്ന്, പറയസ്ത്രീയുടെ മാതൃത്വവാസനയെ മുറിവേല്‍പിച്ച് സന്തോഷിക്കാം. കുഞ്ഞുങ്ങളെ വളര്‍ത്തിയുള്ള സന്തോഷവും അവള്‍ അനുഭവിക്കരുതെന്ന് വരരുചിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അവള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം അവിടെതന്നെ ഉപേക്ഷിക്കാന്‍ അയാള്‍ കല്‍പിക്കുന്നു. ഒരു കുഞ്ഞിനെയെങ്കിലും വളര്‍ത്താനുള്ള അവളുടെ ആഗ്രഹം വരരുചി ഒരിക്കലും വകവെച്ചുകൊടുക്കുന്നില്ല. അങ്ങനെ ഒരു സ്ത്രീയെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ആഗ്രഹങ്ങളും നിഷേധിച്ചുകൊണ്ടാണ് വരരുചി തന്റെ പത്‌നിയായിത്തീര്‍ന്ന പറയിയോട് പ്രതികാരം നിര്‍വഹിക്കുന്നത്.
____________________________________
4. ജാതീയമല്ലാത്ത ഒരു ഈഗോകൂടി വരരുചിയെ നയിക്കുന്നുണ്ട്. അത് പുരുഷന്‍ എന്ന ഈഗോ ആണ്. ജാതിയുടെ ഈഗോ തികച്ചും ഹിംസാത്മകമായ മുഖം പ്രാപിക്കുന്നത് വരരുചിയില്‍ കാണുന്നുണ്ട്. ജാതിപരമായും ലിംഗപരമായും മേല്‍ക്കോയ്മയുള്ള ആള്‍ എന്ന നിലക്ക് പറയസ്ത്രീയുടെ ജന്മം തുലച്ചുകളയുക വരരുചിക്ക് തെല്ലും പ്രയാസമായിരുന്നില്ല.
പഴയകാലത്തെ ബ്രാഹ്മണ ഗൃഹങ്ങളില്‍ സാധാരണമല്ലാത്ത സ്വാതന്ത്ര്യത്തോടെയും വ്യക്തിത്വത്തോടെയും വളര്‍ന്നുവന്നവളാണ് വരരുചിയുടെ പത്‌നി. (അഗ്നിസാക്ഷി എന്ന നോവലിലെ തേതിയെപ്പോലെ) വരരുചിയുടെ കടങ്കഥക്ക് ഉത്തരം കൊടുക്കാനുള്ള ബുദ്ധിയും അറിവും അവള്‍ക്കുണ്ട്. ഒരു സ്ത്രീയുടെ ഈ വ്യക്തിത്വം പാണ്ഡിത്യവും വാസ്തവത്തില്‍ ബ്രാഹ്മണ പൗരുഷത്തിന് അംഗീകരിക്കാനാവുന്നതല്ല. ആ സ്ത്രീസത്തയെ നിരന്തരം അവഗണിച്ചുകൊണ്ടും അവളുടെ ബുദ്ധിക്കും അറിവിനും പ്രവര്‍ത്തിക്കാന്‍ അവസരം കൊടുക്കാതെയും അവളുടെ സ്വതന്ത്ര വ്യക്തിത്വത്തെ തകര്‍ക്കുകയെന്നതും വരരുചിയുടെ ലക്ഷ്യമായിരുന്നു. അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിന് വിധിച്ചുകൊണ്ട് വരരുചി കെടുത്തിക്കളയുന്നത് അവളുടെ ആ അറിവും ആത്മബോധവും വ്യക്തിത്വവും അഭിമാനവുമൊക്കെയാണ്. അലച്ചില്‍കൊണ്ട് ‘വരരുചിയുടെ പത്‌നി’ എന്ന നിലയൊഴിച്ചുള്ള ആ സ്ത്രീയുടെ എല്ലാ ഐഡന്റിറ്റിയെയും വരരുചി തകര്‍ത്തുകളയുന്നു.
ഒരു ജന്മം മുഴുവന്‍ അലഞ്ഞുനടക്കാന്‍ വിധിച്ചു എന്നതുമാത്രല്ല, സ്വന്തം പത്‌നിക്ക് വരരുചി നല്‍കിയ ശിക്ഷ. പറയസ്ത്രീയില്‍ തനിക്ക് പിറന്ന കുഞ്ഞുങ്ങളെയൊന്നും സ്വീകരിക്കാന്‍ അയാള്‍ തയാറാവുന്നില്ല. അതിലൂടെ ഒരു ഇരട്ടവിജയമാണ് വരരുചി ലക്ഷ്യമിടുന്നത്. ഒന്ന്, പറയസന്തതികളെ ഒഴിവാക്കാം. മറ്റൊന്ന്, പറയസ്ത്രീയുടെ മാതൃത്വവാസനയെ മുറിവേല്‍പിച്ച് സന്തോഷിക്കാം. കുഞ്ഞുങ്ങളെ വളര്‍ത്തിയുള്ള സന്തോഷവും അവള്‍ അനുഭവിക്കരുതെന്ന് വരരുചിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അവള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം അവിടെതന്നെ ഉപേക്ഷിക്കാന്‍ അയാള്‍ കല്‍പിക്കുന്നു. ഒരു കുഞ്ഞിനെയെങ്കിലും വളര്‍ത്താനുള്ള അവളുടെ ആഗ്രഹം വരരുചി ഒരിക്കലും വകവെച്ചുകൊടുക്കുന്നില്ല. അങ്ങനെ ഒരു സ്ത്രീയെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ആഗ്രഹങ്ങളും നിഷേധിച്ചുകൊണ്ടാണ് വരരുചി തന്റെ പത്‌നിയായിത്തീര്‍ന്ന പറയിയോട് പ്രതികാരം നിര്‍വഹിക്കുന്നത്.
ആ പ്രസവങ്ങളുടെ രീതിതന്നെ എത്ര ദാരുണമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പൂര്‍ണഗര്‍ഭിണിയായ ഭാര്യയെയുംകൊണ്ടാണ് വരരുചിയുടെ അലച്ചില്‍. ആ അവസ്ഥ ഒരു സ്ത്രീയെ സംബന്ധിച്ച് എത്ര ദയനീയവും ക്ലേശകരവുമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വീര്‍ത്ത വയറും താങ്ങിപ്പിടിച്ച് അണച്ചും ഏന്തിയും നടന്നുപോകുന്ന ആ സ്ത്രീയെ ഒന്ന് സങ്കല്‍പിച്ചു നോക്കുക. ഗര്‍ഭിണിക്ക് വേണ്ടുന്ന ശ്രദ്ധയോ പരിചര്യയോ ആ സ്ത്രീക്ക് ഒരിക്കലും ലഭിക്കുന്നില്ല. വരരുചി അത് അനുവദിക്കുന്നില്ല. എന്നിട്ടോ പ്രസവവേദന തുടങ്ങുമ്പോള്‍ കാട്ടില്‍ കയറി പ്രസവിച്ചുകൊള്ളാന്‍ കല്‍പനയും. അങ്ങനെ ആരുടെയും ശ്രദ്ധയോ പരിചരണമോ ശുശ്രൂഷയോ ലഭിക്കാതെയാണ് അവള്‍ ഓരോ പ്രസവവും നിര്‍വഹിക്കുന്നത്. പ്രസവശേഷവും ഒരു പരിചര്യയോ വിശ്രമമോ അവര്‍ക്ക് അനുവദിക്കപ്പെടുന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് പിന്നെയും അലച്ചില്‍ തുടരുകയാണ്. ശാരീരികമായും മാനസികമായും തകര്‍ന്ന നിലയിലായിരിക്കും ആ സ്ത്രീയുടെ തുടര്‍ന്നുള്ള യാത്ര എന്ന് പ്രത്യേകം പറയേണ്ടതില്ല.
കുഞ്ഞുങ്ങളെ പ്രസവിച്ച ഇടങ്ങളില്‍ത്തന്നെ ഉപേക്ഷിച്ചുവെന്നും അവരെ വ്യത്യസ്ത ജാതിക്കാര്‍ എടുത്തുവളര്‍ത്തിയെന്നുമാണ് ഐതീഹ്യം പറയുന്നത്. എന്നാല്‍, ഇവിടെ ഒരു സംശയം ബാക്കിനില്‍ക്കുന്നു. വരരുചിയുടെ കാലശേഷം വായില്ലാക്കുന്നിലപ്പനൊഴികെയുള്ള മക്കളെല്ലാം ഒത്തുചേര്‍ന്ന് മാതാപിതാക്കള്‍ക്ക് ശ്രാദ്ധമിട്ടു പോന്നു എന്ന് പറയുന്നുണ്ട്. കുഞ്ഞുങ്ങളെ പെറ്റിട്ട സ്ഥലത്തുതന്നെ ഉപേക്ഷിക്കുകയാണ് ചെയ്‌തെങ്കില്‍ തങ്ങളെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന് അവര്‍ അറിയുന്നതെങ്ങനെ? അപ്പോള്‍ ഉപേക്ഷിച്ചു എന്നതിന് എവിടെയോ വലിച്ചെറിഞ്ഞു എന്നല്ല അര്‍ഥം. വരരുചിതന്നെ വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ആളറിയിച്ചുകൊണ്ട് ഈ കുഞ്ഞുങ്ങളെ കൈമാറുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ട് വ്യത്യസ്തജാതികളില്‍ പെട്ടവര്‍ക്കായി വരരുചി കുഞ്ഞുങ്ങളെ പിരിച്ചുകൊടുത്തു? ഇവിടെയും വരരുചിയുടെ ദുഷ്ടബുദ്ധിതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പറയിപെറ്റ തന്റെ മക്കള്‍ ഒരിക്കലും ഒരുമിച്ചുകൂടരുതെന്ന്, ഐക്യപ്പെടരുതെന്ന് വരരുചി ആഗ്രഹിച്ചിരുന്നിരിക്കണം. ജാതിയുടെ പേരില്‍ ഭിന്നിച്ചുനിന്ന സമൂഹത്തില്‍ വ്യത്യസ്ത ജാതിക്കാരുടെ കൈകളില്‍ കുട്ടികള്‍ എത്തിയാലേ ആ ആഗ്രഹം സഫലമാവുകയുള്ളൂ. പറയിയുടെ മക്കള്‍ എന്ന ഏകസ്വത്വത്തെ തകര്‍ത്ത് അവരെ വിഭിന്നരാക്കി മാറ്റുക എന്ന ഗൂഢതന്ത്രമാണ് വരരുചി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ അടുപ്പിക്കുക എന്നതല്ല മക്കളില്‍ വിഭാഗീയത സൃഷ്ടിക്കുക എന്നതാണ് അതിലൂടെ വരരുചി മുന്നില്‍ കണ്ട ലക്ഷ്യം. അതുവരെ വരരുചി തുടര്‍ന്നുപോന്ന ഹിംസാത്മക സ്വഭാവത്തില്‍നിന്ന് അങ്ങനെയൊരു ലക്ഷ്യം ഊഹിക്കുകയാണ് സ്വാഭാവികവും.
ഓരോ കുഞ്ഞിനെയും പ്രസവിച്ചുകഴിയുമ്പോള്‍ പത്‌നിയോട് ‘കുട്ടിക്ക് വായുണ്ടോ’ എന്ന് വരരുചി ചോദിക്കും. ‘വായുള്ള പിള്ളക്ക് ദൈവം ഇരയും കല്‍പിച്ചിട്ടുണ്ട്.’ എന്ന യുക്തിയോടെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കല്‍പിക്കുകയും ചെയ്യും. തന്റെ ഓരോ കുഞ്ഞും വായുള്ളത് കൊണ്ടുമാത്രം ഉപേക്ഷിക്കപ്പെടുന്നതില്‍ മനംനൊന്ത് ഒരിക്കല്‍ ”കുഞ്ഞിന് വായില്ല” എന്ന് നുണ പറയുന്നു വരരുചിയുടെ പത്‌നി. എങ്കില്‍ കുഞ്ഞിനെ എടുത്തുകൊള്ളാന്‍ വരരുചി അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍, കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കുകയുണ്ടായില്ല. ആ കുഞ്ഞിന് സംഭവിച്ചതെന്ത് എന്ന് ഐതിഹ്യമാലയില്‍ത്തന്നെ വായിക്കും: ”ഉടനെ കുട്ടിയെയും എടുത്ത് രണ്ടുപേരും കൂടി പുറപ്പെട്ടു. കുറച്ചുസമയം കഴിഞ്ഞിപ്പോള്‍ വാസ്തവമായിട്ടുതന്നെ കുട്ടിക്ക് വായില്ലാതെയായിത്തീര്‍ന്നു… വരരുചി ആ കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു.”
ജനിച്ചപ്പോള്‍ വായുണ്ടായിരുന്ന കുട്ടിയാണ് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വായില്ലാതായിത്തീര്‍ന്നത്. എങ്ങനെ വായില്ലാതായിത്തീര്‍ന്നു എന്നൊരു ചോദ്യവും ഇവിടെ പ്രസക്തമാണ്. വരരുചി തന്നെയാണ് ആ കുഞ്ഞിന്റെ വായില്ലാതാക്കിയതെന്ന് അതിന് ഉത്തരം. വായില്ലാതാക്കുക എന്നാല്‍ ശബ്ദമില്ലാതാക്കുക എന്നര്‍ഥം. ”വായില്ല” എന്ന് താന്‍ മുമ്പേ പറഞ്ഞുപോയതുകൊണ്ട് ആ വായടപ്പിക്കലിനെ ചോദ്യം ചെയ്യാന്‍ പറയിക്ക് അവകാശമില്ല. ”വായില്ല” നുണ പറഞ്ഞ് ഒരു കുഞ്ഞിനെയെങ്കിലും വളര്‍ത്താന്‍ ശ്രമിച്ച പറയിക്ക് വരരുചി നല്‍കിയ ശിക്ഷ ആ കുഞ്ഞിനെ വായില്ലാതാക്കിത്തീര്‍ക്കുക അഥവാ കൊല്ലുക എന്നതായിരുന്നു. പറയക്കുടലിലെ നവജാത ശിശുവിനെ കൊല്ലാന്‍ ഒരു മന: സാക്ഷിക്കുത്തുമില്ലാതെ കരുക്കള്‍ നീക്കിയ വരരുചിക്ക് സ്വന്തം കുഞ്ഞിനെ (അതു പറയക്കുട്ടി തന്നെ) കൊല്ലുന്നതില്‍ വലിയ മനസ്താപമൊന്നും ഉണ്ടായിരുന്നിരിക്കാനും ഇടയില്ല.
ഇനി ആ മരണത്തിന് വരരുചി നേരിട്ട് കാരണക്കാരനല്ലെന്നുതന്നെയിരിക്കട്ടെ എങ്കില്‍ത്തന്നെയും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വരരുചിക്ക് കഴിയുകയില്ല. സ്വന്തം ഭാര്യയോട് തികഞ്ഞ അവഗണനയോടെ പെരുമാറിപ്പോന്ന വരരുചി ആ കുഞ്ഞിന്റെ ജീവിതത്തിലും ആരോഗ്യത്തിലും എത്ര ശ്രദ്ധ പുലര്‍ത്തിയിരിക്കാമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇങ്ങനെ പ്രത്യക്ഷമായോ പരോക്ഷമായോ വരരുചിയാല്‍ കൊല്ലപ്പെട്ട ആ കുഞ്ഞിന്റെ ജഡത്തെയാണ് വരരുചി മലമുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കുന്നത്. അചേതനവസ്തുക്കളെയല്ലാതെ ജീവനുള്ള വസ്തുക്കളെ ആരും പ്രതിഷ്ഠിക്കാറില്ലല്ലോ. പ്രതിഷ്ഠിച്ചു എന്ന വാക്കില്‍ത്തന്നെ ആ കുഞ്ഞ് മരിച്ചിരുന്നു എന്ന് സൂചനയുണ്ട്. വാസ്തവത്തില്‍, കുഞ്ഞിന്റെ ജഡം കുന്നിന്‍മുകളില്‍ കുഴിച്ചുമൂടുകയും അതിന്മേല്‍ സ്മാരകമെന്ന നിലയില്‍ ഒരു കല്ല് പ്രതിഷ്ഠിക്കുകയുമാവണം വരരുചി ചെയ്ത്ത്. ബ്രഹ്മണന്‍ പ്രതിഷ്ഠിച്ചുകൊണ്ട് ആ കല്ലിനെയും ആരാധിക്കാന്‍ ചിലര്‍ മുന്നോട്ടു വന്നിട്ടുണ്ടാകും.
____________________________________ അപമൃത്യുവിന് ഇരയാവുന്നവര്‍ കാലംകഴിയുമ്പോള്‍ ആരാധനാമൂര്‍ത്തികളായി അംഗീകരിക്കപ്പെടുന്നതിന് ഐതിഹ്യങ്ങളില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. ഉത്തരകേരളത്തിലെ തെയ്യക്കോലങ്ങളുടെ ഐതിഹ്യം പരിശോധിച്ചാല്‍ ഇത്തരം നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. തന്റെ കൈകൊണ്ട് ഒരാള്‍ കൊല്ലപ്പെട്ടാല്‍ പ്രേതഭയം കൊണ്ടോ പശ്ചാത്താപംകൊണ്ടോ അവനെ ആരാധനാമൂര്‍ത്തിയാക്കി മാറ്റുന്നതും പഴയകാലത്ത് തുടര്‍ന്നുപോന്ന ഒരു സമ്പ്രദായമാണ്. വരരുചിക്ക് പിറന്ന ‘വായില്ലാത്ത കുഞ്ഞ്’ വായില്ലാക്കുന്നിലപ്പനായി പരിണമിച്ചതിനു പിന്നിലും ഇത്തരമൊരു പുരാവൃത്തം ഊഹിക്കാവുന്നതാണ്. കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ വരരുചിതന്നെ അവനെ ഒരു ആരാധനാമൂര്‍ത്തിയാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം പാപബോധത്തെ മറികടക്കുകയാവാം ചെയ്തത്. പ്രതിഷ്ഠിച്ചു എന്നതിന് ഇങ്ങനെയും അര്‍ഥമെടുക്കാം.
____________________________________
വായില്ലാക്കുന്നിലപ്പന്‍ എന്ന ആരാധനമൂര്‍ത്തിയുടെ ഉല്‍ഭവം ഇങ്ങനെയാവാം. ശിശുവായിരിക്കെത്തന്നെ മരിച്ചുപോയതുകൊണ്ടാണ് മാതാപിതാക്കള്‍ക്ക് ശ്രാദ്ധ മൂട്ടുന്നിടത്ത് വായില്ലാക്കുന്നിലപ്പന്റെ മാത്രം സാന്നിധ്യം ഇല്ലാതെപോയത്. അപമൃത്യുവിന് ഇരയാവുന്നവര്‍ കാലംകഴിയുമ്പോള്‍ ആരാധനാമൂര്‍ത്തികളായി അംഗീകരിക്കപ്പെടുന്നതിന് ഐതിഹ്യങ്ങളില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. ഉത്തരകേരളത്തിലെ തെയ്യക്കോലങ്ങളുടെ ഐതിഹ്യം പരിശോധിച്ചാല്‍ ഇത്തരം നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. തന്റെ കൈകൊണ്ട് ഒരാള്‍ കൊല്ലപ്പെട്ടാല്‍ പ്രേതഭയം കൊണ്ടോ പശ്ചാത്താപംകൊണ്ടോ അവനെ ആരാധനാമൂര്‍ത്തിയാക്കി മാറ്റുന്നതും പഴയകാലത്ത് തുടര്‍ന്നുപോന്ന ഒരു സമ്പ്രദായമാണ്. വരരുചിക്ക് പിറന്ന ‘വായില്ലാത്ത കുഞ്ഞ്’ വായില്ലാക്കുന്നിലപ്പനായി പരിണമിച്ചതിനു പിന്നിലും ഇത്തരമൊരു പുരാവൃത്തം ഊഹിക്കാവുന്നതാണ്. കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ വരരുചിതന്നെ അവനെ ഒരു ആരാധനാമൂര്‍ത്തിയാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം പാപബോധത്തെ മറികടക്കുകയാവാം ചെയ്തത്. പ്രതിഷ്ഠിച്ചു എന്നതിന് ഇങ്ങനെയും അര്‍ഥമെടുക്കാം.
വരരുചിയുടെ ഈ പ്രതികാരബുദ്ധിയുടെ മറ്റൊരു ബലിയാടാണ് നാറാണത്ത് ഭ്രാന്തന്‍. ബ്രാഹ്മണന്റെ മകനാവുക, പറയി പ്രസവിക്കുക, മറ്റൊരു സമുദായത്തില്‍ വളരുക. ഇതെല്ലാം ചേര്‍ന്ന് ഭ്രാന്തന്റെ ജീവിതത്തില്‍ ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാക്കിയിട്ടുണ്ട്. വ്യക്തിത്വമുള്ളവനും ചിന്താശീലനുമായതുകൊണ്ട് അയാള്‍ക്ക് ഒരു റെബലിന്റെ ജീവിതം സ്വയംവരിക്കേണ്ടിയും വന്നു. ആരെയും കൂസാത്ത, ആരെയും ചോദ്യംചെയ്യുന്ന ആ റെബല്‍ സ്വഭാവം ശപിക്കാന്‍ വരുന്ന ഭദ്രകാളിയുടെ മുമ്പില്‍പോലും അയാള്‍ കൈയൊഴിയുന്നില്ല. ഈ സ്വഭാവം സമൂഹത്തിലെ മേലാളന്മാരുടെ മുമ്പില്‍ അയാളെ അനഭിമതനാക്കാന്‍ കാരണമായിട്ടുണ്ടാകാം. എന്തായാലും ഭ്രാന്തന്‍ ഒരുതരം ഭ്രഷ്ടജീവിതം നയിക്കുന്നവനാണെന്ന സൂചന ഐതിഹ്യത്തില്‍ പലയിടത്തുമുണ്ട്. ദാനംകിട്ടിയ അരികൊണ്ട് വഴിവക്കില്‍ പാചകം ചെയ്തുകഴിക്കുകയാണ് അയാളുടെ രീതി. അയാള്‍ ഉറങ്ങാന്‍ തെരഞ്ഞെടുക്കുന്നത് ശ്മശാനംപോലെ സാമൂഹിക മനുഷ്യര്‍ വിഹരിക്കാന്‍ മടിക്കുന്ന ഇടങ്ങളാണ്. ആളുകള്‍ കയറാത്ത മലയിലാണ് അയാളുടെ വിഹാരം. അയാള്‍ ഊണു കഴിക്കാനെത്തുന്നത് ‘ഹീനജാതിക്കാരുടെ’ സദ്യകളിലാണ്. അവിടെ മാത്രമേ അയാള്‍ക്ക് പ്രവേശമുള്ളൂ എന്നുകൂടി ഇതിനര്‍ഥമുണ്ട് ഇതെല്ലാംതന്നെ ഉയര്‍ന്ന ജാതിക്കാരാല്‍ തിരസ്‌കരിക്കപ്പെട്ട ഒരു ഭ്രഷ്ടജന്മത്തെപ്പറ്റി സൂചന നല്‍കുന്നുണ്ട്. അയാളുടെ ഭ്രാന്ത് യഥാര്‍ഥ ഭ്രാന്തല്ല. അയാളുടെ റെബല്‍ സ്വഭാവത്തിന് ചാര്‍ത്തിക്കിട്ടിയ ഒരു വിശേഷണം മാത്രമാണ്.
ഈ ഭ്രഷ്ടിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഒന്ന്, പറയിയുടെ മകന്‍ എന്ന നിലയില്‍ അയാള്‍ നേരിട്ടിരിക്കാവുന്ന അവഗണനയും അതിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ അയാള്‍ സ്വയംവരിച്ച റെബല്‍ സ്വഭാവവും. മറ്റൊന്ന്, അയാളെ ബാധിച്ച മന്ത് എന്ന മഹാരോഗമാണ്. പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്ക് സാമൂഹിക ഭ്രഷ്ട് വിധിക്കപ്പെടുക പഴയകാലത്ത് സാധാരണമായിരുന്നു. ഇങ്ങനെ ജാതിയും രോഗവും റെബല്‍ സ്വഭാവവും കാരണം സമൂഹത്തിന്റെ പൊതുധാരയില്‍നിന്ന് പുറന്തള്ളപ്പെട്ടവനാണ് നാറാണത്ത് ഭ്രാന്തന്‍. അയാളെ സമൂഹം ഏതെങ്കിലുമൊരു പണിയോ ചുമതലയോ ഏല്‍പിക്കാനിടയില്ല. എന്തെങ്കിലുമൊരു പ്രവൃത്തി ചെയ്യാതെ ഊര്‍ജസ്വലനായ ഒരു മനുഷ്യന് സമയം തള്ളിനീക്കാന്‍ കഴിയുന്നതെങ്ങനെ? മറ്റൊരു പ്രവൃത്തിയും ചെയ്യാന്‍ അവസരമില്ലാതിരുന്ന ഈ സാഹചര്യത്തിലാണ് മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റിക്കൊണ്ട് ജീവിതം സജീവമാക്കാന്‍ ഭ്രാന്തന്‍ ശ്രമിക്കുന്നത്. മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുക, എന്നിട്ട് അത് താഴേക്ക് തള്ളിയിടുക ഇതാണ് നാറാണത്ത് ഭ്രാന്തന്റെ രീതി. മറ്റുള്ളവരെ സംബന്ധിച്ച് വ്യര്‍ഥമായ ഒരു ഉദ്യമമാണ് അയാള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ അതൊരു ഭ്രാന്താണ്. എന്നാല്‍ , അയാളെ സംബന്ധിച്ച് താന്‍ ജീവിക്കുന്നു എന്നതിന്റെ അടയാളമാണ് ആ പ്രവൃത്തി. ഏകാന്ത തടവിന് വിധിക്കപ്പെട്ട വിപ്ലവകാരികള്‍ ആ തടവിന്റെ മടുപ്പ് അതിജീവിക്കാന്‍ ഉറക്കെയുറക്കെ സംസാരിക്കുന്നതുപോലെയാണ് ഭ്രാന്തന്റെ കല്ലുരുട്ടിക്കയറ്റം. അതാണ് അയാളെ ജീവിപ്പിക്കുന്നത്. തന്നെ തിരസ്‌കരിച്ച ലോകത്തെ സ്വകാര്യമായി വെല്ലുവിളിക്കുക കൂടിയാണ് ആ പ്രവൃത്തിയിലൂടെ ഭ്രാന്തന്‍ ചെയ്യുന്നത്. നിങ്ങള്‍ തള്ളിക്കളഞ്ഞാലും ഞാനെന്റെ ഊര്‍ജം മുഴുവന്‍ വിനിയോഗിച്ചുകൊണ്ട് ഈ ലോകത്ത് ജീവിക്കുക തന്നെ ചെയ്യും എന്നാണ് ആ വെല്ലുവിളി.
പറയിപെറ്റ മക്കളെല്ലാം ഒത്തുചേര്‍ന്ന് മാതാപിതാക്കള്‍ക്ക് ശ്രാദ്ധമിട്ടു എന്നൊരു കഥകൂടി ഐതീഹ്യത്തിലുണ്ട്. ഈ ശ്രാദ്ധമൂട്ടിന്റെ അസംബന്ധത പ്രത്യക്ഷത്തില്‍ത്തന്നെ ബോധ്യപ്പെടുന്നതാണ്. അവരെ ആരെയും വരരുചിയും പത്‌നിയും വളര്‍ത്തിയിട്ടില്ല. തങ്ങളെ വേണ്ടാതെ വലിച്ചെറിഞ്ഞ മാതാപിതാക്കള്‍ക്കുവേണ്ടി ശ്രാദ്ധമൂട്ടുക അവരെ സംബന്ധിച്ച് വൈകാരികമായ ഒരാവശ്യവുമില്ല. എങ്കില്‍പിന്നെ ആ കൂട്ടായ്മയുടെ ശ്രാദ്ധമൂട്ടിന്റെയും താല്‍പര്യമെന്ത്? ആ ശ്രാദ്ധമൂട്ടിന്റെ രീതിയെന്തെന്ന് ഐതിഹ്യത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മക്കളില്‍ മൂത്തവനായ മേഴത്തൂര്‍ അഗ്നിഹോത്രിയാണ് ശ്രാദ്ധച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്തുകൊണ്ട് അഗ്നിഹോത്രി എന്ന് ആലോചിക്കേണ്ടതുണ്ട്. മൂത്തവനായതുകൊണ്ടു മാത്രമല്ല. ബ്രാഹ്മണനായതുകൊണ്ടു കൂടിയാണ് ഈ അവകാശം അഗ്നിഹോത്രിക്ക് കൈവരുന്നത്. ജാതീയമായ മേല്‍ക്കോയ്മ ഉള്ളതുകൊണ്ട്, അഥവാ ബ്രാഹ്മണനായതുകൊണ്ടു മാത്രമാണ് മറ്റ് സഹോദരങ്ങളെയും വിളിച്ചുകൂട്ടി ശ്രാദ്ധം നടത്താന്‍ അഗ്നിഹോത്രിക്ക് കഴിയുന്നത്. പാക്കനാരുടെയോ പെരുന്തച്ചന്റെയോ വീട്ടില്‍വെച്ച് ഇത്തരമൊരു കൂട്ടായ ശ്രാദ്ധമൂട്ട് അസാധ്യമാണ്. അങ്ങനെ നടത്തിയാല്‍ത്തന്നെ അഗ്നിഹോത്രിയെപ്പോലുള്ള മേല്‍ജാതി സഹോദരന്മാര്‍ അതില്‍ പങ്കെടുക്കുകയും അസാധ്യം. അപ്പോള്‍ പിന്നെ ആ ശ്രാദ്ധമൂട്ടിന്റെ താല്‍പര്യം ഇതാണ്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടതുകൊണ്ട് ജീവിതത്തില്‍ ഒരു അപകര്‍ഷവും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത മകനാണ് അഗ്നിഹോത്രി ബ്രാഹ്മണ ഗൃഹത്തില്‍ ബ്രാഹ്മണനായാണ് അയാള്‍ വളര്‍ന്നത്. തന്റെ ജീവിതത്തിന് ഇത്തരമൊരു ഉല്‍ക്കര്‍ഷം ഉണ്ടാക്കിത്തന്ന മാതാപിതാക്കളോട് അയാള്‍ക്ക് കടപ്പാടുണ്ട്. അതുകൊണ്ട് അയാള്‍ അവര്‍ക്ക് ശ്രാദ്ധമിടാന്‍ ആഗ്രഹിക്കുന്നു. ചടങ്ങിന്റെ പൂര്‍ണതക്കുവേണ്ടി മറ്റ് സഹോദരന്മാരെയും അയാള്‍ ക്ഷണിക്കുന്നു. ക്ഷണിക്കുന്നത് ബ്രാഹ്മണനാകയാല്‍ ആ ക്ഷണം നിരസിക്കാന്‍ കീഴ്ജാതിക്കാരായ സഹോദരന്മാര്‍ക്ക് കഴിയുകയില്ല. അഗ്നിഹോത്രിയുടെ ഔദാര്യത്തിന്‍കീഴിലാണെങ്കിലും ഒരേ രക്തത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് കൂടിച്ചേരാന്‍ കിട്ടുന്ന ഒരസവരം ഉപയോഗിക്കുക എന്ന താല്‍പര്യവും അവര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാല്‍, ആ കൂടിച്ചേരല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം ഇടപഴകികൊണ്ടും ഇഴുകിച്ചേര്‍ന്നുകൊണ്ടും ആവാന്‍ ഒരു സാധ്യതയു മില്ല.
ചാത്തമൂട്ടുന്ന വേളയില്‍ മാത്രമേ ഈ സഹോദരങ്ങള്‍ക്ക് അഗ്നിഹോത്രിയുടെ ഇല്ലത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂ. മാത്രമല്ല, ഈ കീഴ്ജാതിക്കാര്‍ ഇല്ലത്ത് കയറുന്നതില്‍ അഗ്നിഹോത്രിയുടെ ഭാര്യക്ക് നല്ലകുണ്ഠിതമുണ്ടായിരുന്നുവെന്നും ഐതിഹ്യത്തില്‍ പറയുന്നുണ്ട്.അപ്പോള്‍ പിന്നെ ആ ഇല്ലത്തിനകത്ത് കീഴ്ജാതി സഹോദരന്മാര്‍ എങ്ങനെയാണ് നിന്നിരിക്കുകയെന്ന്, എങ്ങനെയാണ് പെരുമാറിയിരിക്കുകയെന്ന് സങ്കല്‍പിക്കാവുന്നതേയുള്ളൂ. അന്യവും അപരിചിതവുമായ ഒരിടത്തു ചെന്നുപെട്ടതിന്റെ ഭയപരിഭ്രമങ്ങളോടെ ആ ശ്രാദ്ധമൂട്ടിന്റെ പരിസരങ്ങളില്‍ കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നിട്ടുണ്ടാവാം. ഇങ്ങനെ അഗ്നിഹോത്രിയുടെ ഔദാര്യത്തിനകത്തുനിന്നുകൊണ്ട് നടത്തപ്പെട്ട ഒരു നാടകം എന്നതിനപ്പുറം ആ പതിനൊന്ന് പേരുടെ കൂടിച്ചേരലിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് കരുതുക പ്രയാസമാണ്. അഥവാ മാതാപിതാക്കള്‍ക്ക് ശ്രാദ്ധമൂട്ടാന്‍ വേണ്ടി മക്കളെല്ലാം സ്വയമേവ കൂടിച്ചേര്‍ന്നു എന്നതില്‍ ഒരു കഴമ്പും ഇല്ലെന്നര്‍ഥം.
‘പറയിപെറ്റ പന്തിരുകുലം’ എന്ന ഐതിഹ്യത്തില്‍ നമ്മള്‍ വായിക്കുന്നത് കൗതുകകരമായ ചില പുരാവൃത്തങ്ങള്‍ മാത്രമല്ല, അക്കാലത്തെ സാമൂഹിക സംവിധാനത്തിന്റെ, ജാതിബോധത്തിന്റെ ഭീകരവും ദീനവുമായ ചില സൂക്ഷ്മാവസ്ഥകള്‍ കൂടിയാണ്. ആ പുരാവൃത്തം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് വരരുചി എന്ന മഹാപണ്ഡിതനില്‍ നിഷ്ഠൂരനും അസഹിഷ്ണുവുമായ ഒരു ബ്രാഹ്മണ സ്വത്വത്തെയാണ് കാണാന്‍ കഴിയുക.
(കാലടി ശ്രീ ശങ്കര സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ പ്രൊഫസറാണ് ലേഖകന്‍)