വാഴ്വുകലകളിലെ പാട്ടും പറച്ചിലും ബിനാലെയില്‍

ചരിത്രമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍‍വാള്‍ ഹൌസിലെ വിശാലമായ മുറ്റത്ത് പടര്‍‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയ മാവിന്‍റെ ചുവട്ടില്‍‍ തിരുവല്ല ടെറാഫെസ്റ്റ് കൂട്ടായ്മ ഒരുക്കിയ ‘നാഴികക്കളം ‘, പൊയ്പ്പോയ കാലത്തിന്‍റെ ഓര്‍മപ്പെടുത്തലും, പുതിയ കാലത്ത് കലയുടെയും എഴുത്തിന്‍റെയും തുറസ്സുകളില്‍‍ രേഖപ്പെടുത്താതെ പോകുന്ന കുട്ടനാടിന്‍റെ സമ്പന്നമായ മണ്ണ് മര്യാദയും വെച്ചൊരുക്കവും, ഈറയിലും മുളയിലും പേരറിയാത്ത അനേകം കാട്ടുവള്ളികളിലും നെയ്ത്തുകെട്ടിന്‍റെ അപാരമായ കൈവേലകളുടെ നേര്‍ക്കാഴ്ച്ചയും ചൊല്ലരങ്ങും ആയിരുന്നു.

  • ശശികുമാര്‍ കുന്നന്താനം

‘മണ്ണിന്‍റെ കല , സ്നേഹം, മര്യാദ’ അടയാളമാക്കിയ ടെറാഫെസ്റ്റ് (Terrafest- Festival of Indegionous Art And Culture)2013 മാര്‍ച്ച് 1ന് കൊച്ചി മുസിരിസ് ബിനാലെയില്‍ (ആസ്പിന്‍ വാള്‍ ഹൌസ് , ഫോര്‍ട്ട് കൊച്ചി) വീണ്ടും പുതിയ ആസ്വാദനത്തിനും ചിന്തകള്‍ക്കും കാരണമായി. 1999 മുതല്‍തിരുവല്ലയിലെ പാലിയേക്കര ദേശത്ത് ഇരുവശവും മതിലുകളാല്‍ വേര്‍തിരിക്കപ്പെട്ട ഇടവഴിയില്‍ ചിത്ര-ശില്‍പ്പങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആദിമ ജനതയുടെ കലയും ക്രിയകളും ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച നവീനവും വേറിട്ടതുമായ മണ്ണിന്‍റെ പശപ്പും കുട്ടനാടിന്‍റെ വാമൊഴിവഴക്കവും തികച്ചും വേറിട്ട അനുഭവമായിരുന്നു തിരുവല്ലയിലെ ടെറാഫെസ്റ്റ്. ചെങ്ങന്നൂരാദിപ്പാട്ടുകളിലെ- ഇടനാടന്‍ പാട്ടിലെ-വീരകഥകളില്‍നിന്ന് ഊര്‍ജം സ്വാംശീകരിച്ചുകൊണ്ട് പാലിയേക്കരയിലെ 106 വയസ്സുള്ള പാപ്പന്‍ നാരായണനും കുട്ടനാടിന്‍റെ പാട്ടമ്മ കോതയമ്മ(മറിയാമ്മച്ചേടത്തി)യും നാടന്‍ പാട്ടുകാരന്‍ സി ജെ കുട്ടപ്പനും ചേര്‍ന്ന് മണ്ണിന്റെ കളത്തില്‍ ചാണകത്തറയില്‍ അരിമാവും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത നിറങ്ങളില്‍ കളം വരച്ച്, പാട്ടുപാടി, തുടികൊട്ടി, മണികിലുക്കി തുടക്കമിട്ട ടെറാഫെസ്റ്റ് ലോകത്തിനു സമര്‍പ്പിച്ച കലയുടെ കൂട്ടായ്മയായിരുന്നു.1999 മുതല്‍ നടന്നുവരുന്ന ടെറാഫെസ്റ്റില്‍ കേരളത്തിലും പുറത്തും ഉള്ള ചിത്രകാരന്മാര്‍ , ശില്പ്പികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, നാടോടി കലാകാരന്മാര്‍ , പാട്ടുകാര്‍ , കൊട്ടുകാര്‍ തുടങ്ങി നിരവധി വ്യക്തികളുടെ ഒത്തുചേരലായിരുന്നു.

സി എന്‍ കരുണാകരന്‍, കാനായി കുഞ്ഞിരാമന്‍, വി പി പ്രഭാകരന്‍, ഗംഗ, അശാന്തന്‍, ശിവദാസ് തക്ഷശില ,പി വി നന്ദന്‍, ജയേന്ദ്രന്‍, മാവേലിക്കര രവിവര്‍മ കോളെജ് ഒഫ് ഫൈനാര്‍ട്സിലെ ചിത്രകലാ വിദ്യാര്‍ഥികള്‍ , ബാലന്‍ താനൂര്‍ , പി പി മാത്യു, സുജാത , എല്‍ പി ആര്‍ വര്‍മ, എം എന്‍ തങ്കപ്പന്‍‍, കുരീപ്പുഴ ശ്രീകുമാര്‍, കവിയൂര്‍ മുരളി, സിവിക് ചന്ദ്രന്‍, കവികള്‍ എസ് ജോസഫ്, എം ആര്‍ രേണുകുമാര്‍, എസ് കലേഷ്, മണര്‍കാട് ശശികുമാര്‍, വി വി സാമി, വി വി അനില്‍ എന്നിവര്‍ ടെറാഫെസ്റ്റില്‍ പങ്കുചേര്‍ന്നു..

ചരിത്രമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍‍വാള്‍ ഹൌസിലെ വിശാലമായ മുറ്റത്ത് പടര്‍‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയ മാവിന്‍റെ ചുവട്ടില്‍ തിരുവല്ല ടെറാഫെസ്റ്റ് കൂട്ടായ്മ ഒരുക്കിയ ‘നാഴികക്കളം ‘, പൊയ്പ്പോയ കാലത്തിന്‍റെ ഓര്‍മപ്പെടുത്തലും, പുതിയ കാലത്ത് കലയുടെയും എഴുത്തിന്‍റെയും തുറസ്സുകളില്‍‍ രേഖപ്പെടുത്താതെ പോകുന്ന കുട്ടനാടിന്‍റെ സമ്പന്നമായ മണ്ണ് മര്യാദയും വെച്ചൊരുക്കവും, ഈറയിലും മുളയിലും പേരറിയാത്ത അനേകം കാട്ടുവള്ളികളിലും നെയ്ത്തുകെട്ടിന്‍റെ അപാരമായ കൈവേലകളുടെ നേര്‍ക്കാഴ്ച്ചയും ചൊല്ലരങ്ങും ആയിരുന്നു.. കേട്ടവര്‍ക്കും കണ്ടവര്‍ക്കും മായമില്ലാത്ത , മറയില്ലാത്ത നേര്‍ച്ചുവടുകളുടെ കരുത്തും അരിമാവും മഞ്ഞളും കരിപ്പൊടിയും ചുണ്ണാമ്പും ചാലിച്ച നിറങ്ങളും ചാണകം മെഴുകിയ തറയും കാലത്തിന്‍റെ സൂചകമായ പൂവന്‍ കോഴി(പൂങ്കോഴിച്ചാത്തനെന്നു പഴമക്കാര്‍) ചുവടുറപ്പിക്കുന്നതും ചുറ്റും വലിയ വൃത്തത്തില്‍ വെളുപ്പും ചുവപ്പും കറുപ്പും കലര്‍ന്ന കളത്തില്‍ മണ്‍കുടത്തില്‍ മരനീരും നാലു ദിക്കിലും മണ്‍വിളക്കും 48 കളങ്ങളില്‍‍, പാളപ്പാത്രങ്ങളില്‍‍ കേരളത്തിന്‍റെ പൂര്‍‍വകാല സൂചകങ്ങളായ(മുസിരിസ് പൈതൃകം) സുഗന്ധ ദ്രവ്യങ്ങള്‍ നിറച്ച് കാഴ്ച്ചയുടെ മുസിരിസ് പുന:സൃഷ്ടിക്കയായിരുന്നു.

വിവിധ സംസ്കാരങ്ങള്‍ക്കും കൊടുക്കല്‍ വാങ്ങലുകള്‍ക്കും കീഴ്പ്പെടുത്തലുകള്‍ക്കും സാക്ഷ്യം വഹിച്ച ഫോര്‍ട്ടുകൊച്ചിയുടെ ജല സാന്നിധ്യം , കടല്‍, കായല്‍, മത്സ്യം, തേര്‍, ആന ,കുതിര ,മഞ്ചല്‍ ഇങ്ങനെ പോകുന്ന പൂര്‍‍വകാല ഓര്‍മകളുടെ ചിത്രങ്ങള്‍‍……. ചരിത്രം തിരയുന്നവര്‍ക്ക് ചരിത്രവും കലാചിന്തകര്‍ക്ക് ബിംബങ്ങളുടെ മണ്ണ് അടയാളവും കൊണ്ട് നാഴികക്കളം, കാഴ്ച്ചയുടെയും കേള്‍‍വിയുടെയും ഇന്‍‍സ്റ്റലേഷനില്‍‍ ടെറാഫെസ്റ്റ് കൊടി ആസ്പിന്‍‍വാള്‍ഹൌസ് മുറ്റത്ത് കൊച്ചി മുസിരിസ് ബിനാലെയുടെ അമരക്കാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും കൈപകര്‍ന്ന് ഉയര്‍ത്തുമ്പോള്‍ മുസിരിസ് പൈതൃക ഗ്രാമമായ മാളയില്‍നിന്നും നാടന്‍പാട്ടിന്‍റെ കരുത്തന്‍മാരായ കുട്ടികള്‍ -കരിന്തലക്കൂട്ടം- പൂങ്കോഴിച്ചാത്തന്‍റെ പാട്ടുകള്‍ പാടി നാഴികക്കളത്തിനു ചുറ്റും മഞ്ഞയും ചുവപ്പും കലര്‍ന്ന വസ്ത്രങ്ങളണിഞ്ഞ് പാട്ടിന്‍റെ, കൊട്ടിന്‍റെ, ആട്ടത്തിന്‍റെ പുതുവഴികള്‍ തുറന്നിട്ടു.

ഗോത്രചിഹ്നങ്ങള്‍ രേഖപ്പെടുത്തിയ മുളയിലും തുണിയിലും നെയ്തെടുത്ത ടെറാഫെസ്റ്റ് കൊടി ആദിമാരുടെ കളരിമുറ്റത്ത് പരിച പോലെ, ചെങ്ങന്നൂരാദിയുടെ ചുരികപോലെ ഇളകിയാടിയപ്പോള്‍ നാഴികക്കളത്തിനു രൂപം നല്‍കിയ ചിത്രകാരന്‍ പ്രഭ (വി പി പ്രഭാകരന്‍)യും കളത്തിനു നിറം ചാര്‍ത്തിയ വി കെ പങ്കജാക്ഷന്‍‍, ശില്‍പ്പി ശിവദാസ് തക്ഷശില, അശാന്തന്‍‍, ശശി ജനകല, മണര്‍‍കാട് ശശികുമാര്‍‍, രോഹിത് ശിവന്‍‍, കെ എം ശശികുമാര്‍‍ , ബാലലക്ഷ്മി ,നാഴികക്കളത്തില്‍ ദീപം തെളിച്ച ചിത്രകാരന്‍ ജ്യോതിവാസു , ശില്‍പ്പി വത്സന്‍കൂര്‍മ കൊല്ലേരി, പേരറിയാത്ത അനേകം ആസ്വാദകര്‍ കൊച്ചി മുസിരിസ് ബിനാലെയുടെ ചരിത്രത്തില്‍ കണ്ണിചേരുകയായിരുന്നു. ലോകത്തിനുമുന്‍പില്‍‍ ടെറാഫെസ്റ്റിന്‍റെ വരയുടെയും വാക്കിന്‍റെയും നേരുള്ള വഴികള്‍ തുറന്നിട്ട സമകാലിക കലയുടെ ആ വലിയ ഒത്തുചേരലില്‍‍ കലയുടെ ജനകീയത വീണ്ടെടുക്കുകയായിരുന്നു.

Top