ഗാഡ്ഗില്‍ നല്‍കുന്ന തിരിച്ചറിവുകള്‍

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ പരിസ്ഥിതിഘടകങ്ങള്‍ അനുവദിക്കുന്നത്ര മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തേത് മാത്രമല്ല, നാളെയും മറ്റന്നാളും വരാനിരിക്കുന്ന തലമുറകളെക്കുറിച്ചുള്ള കരുതലും ഈ നിര്‍ദ്ദേശങ്ങളിലുണ്ട്. പരമ്പരാഗതവും ശാസ്ത്രീയവുമായ അറിവുകളെ സമ്മേളിപ്പിച്ചുകൊണ്ട് ഭാരതത്തിലെ ഒരു സുപ്രധാന ഭൂപ്രദേശത്തെക്കുറിച്ച് വ്യക്തവും ദിശാബോധമുള്ളതുമായ റിപ്പോര്‍ട്ടാണിത്. സാമ്പ്രദായികശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് അറിവ്  ഭരണക്രമത്തെയും രീതിയെയും ഉടച്ചുവാര്‍ക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് സഹജീവികളോടും വരാനിരിക്കുന്ന കാലത്തോടും സ്നേഹം സൂക്ഷിക്കുന്നവരത്രയും വലിയ പ്രതീക്ഷയോടെ ഈ റിപ്പോര്‍ട്ട് നടപ്പിലാകണമെന്ന് കൊതിക്കുന്നത്.

 

  • ഡോ. ടി വി സജീവ്‌

2010 മാര്‍ച്ചിലാണ് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ പാനല്‍ രൂപീകരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സങ്കീര്‍ണ്ണത, നിലനില്ക്കുന്ന വികസനമാതൃകകളാല്‍ നഷ്ടപ്പെടുന്ന ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍, ഇത്തരം മാറ്റങ്ങളെയും നഷ്ടപ്പെടലുകളെയും കുറയ്ക്കുവാനും, ഇല്ലാതാക്കുവാനും, പൊരുത്തപ്പെടാനുമുള്ള സാധ്യതകള്‍ എന്നിങ്ങനെ പരസ്പരബന്ധിതമായ നിരവധി മേഖലകളും പരിസ്ഥിതിയും സംബന്ധിച്ച് പഠിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുമാണ് പാനലിലൂടെ ഉദ്ദേശിച്ചത്.

പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക, ഈ പ്രദേശത്തെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്തുക, പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, കേന്ദ്രവകുപ്പിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, ആ പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രാലയം ഇടപെടേണ്ടതായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നിവയായിരുന്നു പാനലിനെ ഏല്പിച്ച ദൌത്യങ്ങള്‍. പിന്നീട് രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകള്‍ തീരദേശമടക്കം പാനലിന്റെ പരിശോധനാമേഖലയില്‍ ഉള്‍പ്പെടുത്തുവാനും കര്‍ണ്ണാടകയിലെ ഗുണ്ടിയ, കേരളത്തിലെ അതിരപ്പിള്ളി എന്നിവിടങ്ങളിലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ചും ഗോവയിലെ ഖനികള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലികമായ നിര്‍ത്തിവയ്ക്കലിനെ (മോറട്ടോറിയം) ക്കുറിച്ചും സവിശേഷമായി പഠിക്കുവാനും കേന്ദ്രമന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഓരോ വ്യത്യസ്ത മേഖലയുമായി ബന്ധപ്പെട്ട് പാനല്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട മേഖലകള്‍ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും കേരളത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നതുമായ ന്യൂനതകള്‍ ഈ ലേഖനത്തിലുണ്ട്.

 പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ

ഇന്ന് നമ്മള്‍ കാണുന്ന പശ്ചിമഘട്ടത്തിന്റെ ചരിത്രം തുടങ്ങുന്നത് 255 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഗോഡ്വാന എന്ന വലിയ ഭൂപ്രദേശം പിളര്‍ന്ന് ഇന്ത്യന്‍ മഡഗാസ്കര്‍ പ്രദേശം വടക്കോട്ട് നീങ്ങിത്തുടങ്ങിയപ്പോഴാണ്. അക്കാലത്ത് പന്നലുകളും ഉഭയജീവികളും ഉരഗങ്ങളും അല്ലാതെ സപുഷ്പികളായ സസ്യങ്ങളും തേനീച്ചകളും ചിത്രശലഭങ്ങളും പക്ഷികളും സസ്തനികളും ലോകത്തൊരിടത്തും തന്നെ അവയുടെ പൂര്‍ണ്ണവൈവിധ്യത്തിലെത്തിയിട്ടുണ്ടായിരുന്നില്ല. ഏകദേശം 90 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡം മഡഗാസ്കറില്‍ നിന്നും അടര്‍ന്നുമാറി. ഈ അടര്‍ന്നുമാറലിലെ വലിഞ്ഞുമുറുകലാണ് പശ്ചിമഘട്ടത്തെ പടിഞ്ഞാറന്‍ കടല്‍ത്തീരത്തോട് സമാന്തരമായി ഉയര്‍ത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കോട്ടുള്ള നീക്കത്തിനിടയില്‍ ഏകദേശം 65 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അതീവലോലമായ പ്രദേശത്തിനുമുകളിലൂടെ സഞ്ചരിക്കുകയും അതി ഭീമാകാരമായ അഗ്നിപര്‍വ്വതസ്ഫോടനത്തിന് കാരണമാവുകയും ചെയ്തു.

ഡക്കാന്‍ പീഠഭൂമിയുടെ ഉത്ഭവം അങ്ങിനെയാണ്. അഗ്നിപര്‍വ്വതധൂളികള്‍ ദിനോസറുകളുടെ വംശനാശത്തിനും പക്ഷികളുടെയും സസ്തനികളുടെയും സംവര്‍ദ്ധനത്തിനും കാരണമായി. മനുഷ്യന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്നത് അറുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്രമാണ്. ഇന്‍ഡസ് പോലുള്ള പുഴയോര സമതലങ്ങളില്‍ കാര്‍ഷിക ജീവിതമാരംഭിച്ച മനുഷ്യന്‍ പശ്ചിമഘട്ട മേഖലയിലേക്ക് കുടിയേറുന്നത് ഇരുമ്പ് ആയുധങ്ങളുടെ ഉപയോഗത്തോടുകൂടി മൂവ്വായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്രമാണ്. ഒരുപക്ഷെ പരശുരാമന്‍ മഴു എറിഞ്ഞുണ്ടാക്കിയത് എന്ന മിത്തിന്റെ ഉത്ഭവം ഇതുകൊണ്ടാകാം. അവിടുന്നിങ്ങോട്ട് തീയും ഇരുമ്പും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനെ നിര്‍ണ്ണായകമായി പരുവപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്നത് അറുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്രമാണ്. ഇന്‍ഡസ് പോലുള്ള പുഴയോര സമതലങ്ങളില്‍ കാര്‍ഷിക ജീവിതമാരംഭിച്ച മനുഷ്യന്‍ പശ്ചിമഘട്ട മേഖലയിലേക്ക് കുടിയേറുന്നത് ഇരുമ്പ് ആയുധങ്ങളുടെ ഉപയോഗത്തോടുകൂടി മൂവ്വായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്രമാണ്. ഒരുപക്ഷെ പരശുരാമന്‍ മഴു എറിഞ്ഞുണ്ടാക്കിയത് എന്ന മിത്തിന്റെ ഉത്ഭവം ഇതുകൊണ്ടാകാം. അവിടുന്നിങ്ങോട്ട് തീയും ഇരുമ്പും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനെ നിര്‍ണ്ണായകമായി പരുവപ്പെടുത്തിയിട്ടുണ്ട്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനായി ചെയ്ത ഗവേഷണ പ്രബന്ധത്തില്‍ പരഞ്ജ പൈ ബ്രീട്ടീഷ് ഭരണകാലത്തെ ത്വരിതവികസനത്തിന് മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. റെയില്‍വേയും റോഡുകളും ഡാമുകളും. നഗരവത്കരണത്തെയും വിഭവചൂഷണത്തെയും ഇവ ത്വരിതപ്പെടുത്തി. പശ്ചിമഘട്ട വനത്തിലെ മരങ്ങള്‍ വളരെ പെട്ടെന്നുതന്നെ ഇന്ത്യയിലെവിടെയും എത്തിക്കാന്‍ തക്കവണ്ണം റോഡുകളും റെയില്‍വേയും സജ്ജമായി. സ്വാതന്ത്യ്രത്തിനുശേഷവും ഇതില്‍ മാറ്റമുണ്ടായില്ല. 2009 ആയപ്പോഴേക്ക് 1821 ഡാമുകള്‍ പശ്ചിമഘട്ടത്തില്‍ പണി കഴിയുകയോ തുടങ്ങിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.

ഇതില്‍ 200 എണ്ണം വലിയ ഡാമുകളാണ്. വിസ്തൃതമായ വനഭൂമി ജലത്തിനടിയിലായിപ്പോകുന്നു എന്നതുമാത്രമായിരുന്നില്ല ഡാമുകള്‍ കാരണം സംഭവിച്ചത്. ഡാമുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച റോഡുകള്‍ പശ്ചിമഘട്ട മലനിരകളിലേക്ക് വ്യവസായങ്ങളുടെ കടന്നുവരവിന് കാരണമായി. മലകളിടിച്ച് നിരപ്പാക്കി മുപ്പതോളം പ്രത്യേക സാമ്പത്തികമേഖകള്‍ വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സ്ഥാപിക്കുകയുണ്ടായി. നേരിട്ടുള്ള ഈ പാരിസ്ഥിതിക ശോഷണത്തോടൊപ്പം കാലാവസ്ഥാവ്യതിയാനം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളും ഗാഡ്ഗില്‍ കമ്മറ്റി പരിശോധിച്ചിട്ടുണ്ട്.

1. ജല ഉപയോഗം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനനദികളായ കാവേരി, കൃഷ്ണ, ഗോദാവരി എന്നിവയോടൊപ്പം നൂറുകണക്കിന് പടിഞ്ഞാറോട്ടൊഴുകുന്ന ശതാവരി, നേത്രാവതി, പെരിയാര്‍, ഭാരതപ്പുഴ എന്നിവയടക്കമുള്ള നദികളും പിറവിയെടുക്കുന്നത് പശ്ചിമഘട്ടത്തിലാണ്. ഏകദേശം 245 മില്യണ്‍ മനുഷ്യര്‍ ജലത്തിനായി ഈ നദികളെയാണ് ആശ്രയിക്കുന്നത്. തുറന്ന കിണറുകളും ഉറവകളുമാണ് പശ്ചിമഘട്ട പ്രദേശത്തെ മറ്റുള്ള ജലസ്രോതസ്സുകള്‍. ഭൂഗര്‍ഭജലനിരപ്പ് താഴുന്നതുകൊണ്ട് കുഴല്‍ക്കിണറുകള്‍ ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്. മറ്റു പശ്ചിമഘട്ട സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഭൂഗര്‍ഭജലം തുലോം കുറവാണെന്ന് മാത്രമല്ല, അടുത്തകാലത്തായി അത് വളരെ വേഗം താഴുകയും ചെയ്യുന്നുണ്ട്.

ഇതേസമയം തന്നെ കുടിവെള്ളത്തിനായും ഊര്‍ജ്ജോത്പാദനത്തിനായും, ജലസേചനത്തിനായും വ്യാവസായിക ആവശ്യത്തിനുമൊക്കെയായുള്ള ജലത്തിന്റെ ആവശ്യം പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണ്. ജലസേചനത്തിനായി തുടങ്ങിയ ശിരുവാണി, കബനി, പീച്ചി, മലമ്പുഴ എന്നീ റിസര്‍വ്വോയറുകള്‍ ഇപ്പോള്‍ പ്രധാനമായും കോയമ്പത്തൂര്‍ ബാംഗ്ളൂര്‍, മൈസൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ കുടിവെള്ളത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്. ഉയര്‍ന്ന പ്രദേശത്തുള്ള ചായ, കാപ്പി തോട്ടങ്ങളിലേക്കുള്ള വെള്ളത്തിനായി പുഴകള്‍ പിറവിയെടുക്കുന്നയുടന്‍ ചെക്ക് ഡാമുകളാല്‍ നിയന്ത്രിക്കപ്പെടുന്നു.

ഊട്ടിയിലെ ടൂറിസം നിലനില്‍ക്കുന്നത് കാവേരിയുടെ പോഷകനദികളില്‍ ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ നിര്‍മ്മിച്ച റിസര്‍വ്വോയറുകള്‍ കാരണമാണ്. വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കിക്കൊണ്ടും കൃഷിയെയും മീന്‍പിടുത്തത്തെയും ദോഷകരമായി ബാധിച്ചുകൊണ്ടും കടല്‍വെള്ളത്തിന്റെ കടന്നുവരവിന് കാരണമായിക്കൊണ്ടും പശ്ചിമഘട്ടത്തില്‍നിന്ന് പിറവിയെടുക്കുന്ന നദികളില്‍ പലതും കടലിലെത്തിച്ചേരുന്നില്ല. 2001-2004 വരള്‍ച്ചക്കാലത്ത് വലിയ നദിയായ കൃഷ്ണ പോലും കടലിലെത്തിയിരുന്നില്ല.

വനനശീകരണത്തിന്റെ നീണ്ടചരിത്രമുണ്ട് പശ്ചിമഘട്ടത്തിന്. തടിയ്ക്കും, തോട്ടങ്ങള്‍ക്കും നദീതട പദ്ധതികള്‍ക്കുമായി ഇല്ലാതാക്കപ്പെട്ട കാടുകള്‍ പുഴകളിലെ നീരൊഴുക്ക് കുറച്ചു. മഴക്കാലത്തിനുശേഷം പുഴകളില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. പശ്ചിമഘട്ടത്തിലെ എല്ലാ പുഴകളിലും ഡാമുകള്‍ കെട്ടിക്കഴിഞ്ഞു. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പുഴകളെ വഴിതിരിച്ചുവിടുകയും ചെയ്തു. പ്രകൃതിനിയമങ്ങള്‍ക്ക് വിരുദ്ധമായി പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ കിഴക്കോട്ട് തിരിച്ചുവിടപ്പെട്ടു.

പുഴയുടെ ജീവന്‍ നിലനിര്‍ത്താന്‍പോലും നീരൊഴുക്ക് നല്‍കുന്നില്ല; ഡാമുകളൊന്നുംതന്നെ. ഡാമുകളുടെ വൃഷ്ടിപ്രദേശത്തെ, വനം കയ്യേറ്റത്തിലൂടെ നശിപ്പിച്ചതുമൂലം ഡാമിലേക്കുള്ള മണ്ണൊലിപ്പ് ക്രമാതീതമായി. ഡാമിന്റെ നിര്‍മ്മാണത്തോടൊപ്പം അതിന്റെ വൃഷ്ടിപ്രദേശമാകെ കയ്യേറപ്പെട്ട ചരിത്രമാണ് ഇടുക്കി ഡാമിനുള്ളത്. പുഴകളിലെ മണല്‍വാരല്‍ അവയുടെ ജലസംഭരണശേഷിയെ കാര്യമായി കുറച്ചിരിക്കുന്നു.

പലയിടങ്ങളിലും പുഴത്തട്ട് കടലിനെക്കാള്‍ താഴെയായതിനാല്‍ കടല്‍വെള്ളം കയറിക്കഴിഞ്ഞു. പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍പോലും ജലദൌര്‍ലഭ്യം അനുഭവപ്പെടുകയും സര്‍ക്കാര്‍ ജലവിതരണ സംവിധാനങ്ങള്‍ വരികയും ചെയ്തു.

വേനലില്‍ നീരൊഴുക്ക് ഇല്ലാതാകുക, ഒഴുക്കിലെ വലിയ വ്യത്യാസങ്ങള്‍, താഴ്ന്നുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭജലനിരപ്പ്, താഴുന്ന ജലത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയും ഉപഭോഗ-ഉത്പാദന രീതിയില്‍ താല്‍ക്കാലിക സംവിധാനങ്ങളൊരുക്കിയുമുള്ള നിര്‍വ്വഹണരീതിയുടെ പാളിച്ചയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഗാഡ്ഗില്‍ കമ്മറ്റി ജലപരിപാലനത്തിന്റെ കാര്യത്തില്‍ പുതിയ കാഴ്ചപ്പാട് വേണമെന്നാവശ്യപ്പെടുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ വികേന്ദ്രീകൃതമായ ജലപരിപാലത്തിനാവശ്യമായ മാതൃകാരേഖ തയ്യാറാക്കലാണ് ആദ്യത്തേത്. ജലവിഭവപരിപാലനരീതികള്‍, വനവത്കരണം, വൃഷ്ടിപ്രദേശ സംരക്ഷണം, മഴവെള്ളസംഭരണം, ജലത്തിന്റെ പുനരുപയോഗം എന്നിവ ഈ രേഖയിലുണ്ടാകണം. റിസര്‍വ്വോയറുകളുടെ പ്രവര്‍ത്തനം പുഴയില്‍ സ്ഥിരമായ നീരൊഴുക്ക് ഉണ്ടാകാന്‍ തക്കവിധം ക്രമീകരിക്കണം. സുരംഗം മുതലായ പാരമ്പര്യ ജലശേഖരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണം. പുഴയുടെ ഉത്ഭവസ്ഥാനങ്ങളെ വനത്തോടുകൂടി സംരക്ഷിക്കുക. മണലെടുപ്പ് ഗൌരവമായ പ്രശ്നമുണ്ടാക്കുന്ന സ്ഥലങ്ങളില്‍ മണലവധി നടപ്പാക്കുക. പുഴയോരത്തിന്റെ സ്വാഭാവികസ്ഥിതി സംരക്ഷിക്കാനാവശ്യമായ കാര്യങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുക, ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നിങ്ങനെയാണ് ഗാഡ്ഗില്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍.

2. കൃഷി
ആദിമനിവാസികള്‍ നടത്തിയിരുന്ന പുനംകൃഷി മുതല്‍ സമീപകാലത്ത് തേയില, കാപ്പി, ഏലം, റബ്ബര്‍, പൈനാപ്പിള്‍ എന്നിവയുടെ ഏകവിളതോട്ടങ്ങള്‍ വരെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണം തുടങ്ങുംവരെ ഏകവിളത്തോട്ടങ്ങള്‍ പശ്ചിമഘട്ടമേഖലയില്‍ ഉണ്ടായിട്ടില്ല. തേയിലത്തോട്ടങ്ങളില്‍ ഡി.ഡി.റ്റി തളിക്കാന്‍ തുടങ്ങിയത് മുതല്‍ ഇന്നിപ്പോള്‍ തോട്ടം മേഖലയില്‍ ഉപയോഗിക്കപ്പെടുന്ന വിവിധതരം രാസകീടനാശിനികള്‍ വരെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും മാത്രമല്ല കൃഷിയുടെ സുസ്ഥിരതയെയും ബാധിച്ചിരിക്കുന്നു. മലമുകളിലെ മണ്ണും ജലവും വിഷമയമാകുമ്പോള്‍ അത് താഴെയുള്ള ജീവിതങ്ങളെയും ദോഷകരമായി ബാധിക്കും. പശ്ചിമഘട്ടത്തിലെ കൃഷി സുസ്ഥിരമാക്കുന്നതോടൊപ്പം മറ്റു പ്രദേശങ്ങളെക്കൂടി ദോഷകരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍.

ഇനിയും പൂര്‍ണ്ണമായും രേഖപ്പെടുത്താത്തത്ര ജൈവവൈവിധ്യമുള്ള പശ്ചിമഘട്ടത്തില്‍നിന്ന് ജനിതകമാറ്റം വരുത്തിയ വിളകളെ അകറ്റി നിര്‍ത്തുക, തദ്ദേശ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, ജൈവവളം പ്രോത്സാഹിപ്പിക്കുക, രാസവളങ്ങള്‍ക്ക് കൊടുക്കുന്ന സബ്സിഡികള്‍ക്ക് പകരം ജൈവകൃഷി ചെയ്യുന്നവര്‍ക്ക് സാമ്പത്തികസഹായം നല്കുക, തോട്ടങ്ങള്‍ക്കിടയിലുള്ള വന്യമൃഗസഞ്ചാരപഥങ്ങള്‍ വനവത്കരിക്കുക എന്നീ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

വലിയ ഭൂമേഖലയ്ക്കുവേണ്ടി സവിശേഷമായ കൃഷിരീതികള്‍ (വിളകള്‍, ജലലഭ്യത എന്നിങ്ങനെ) ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്. ഏകവിളത്തോട്ടങ്ങളിലെ മണ്ണൊലിപ്പ് തടയുവാനും, വിളവ് കൂട്ടുവാനും, ജലസംഭരണം ഊര്‍ജ്ജിതമാക്കുവാനുമായി അവയെ തദ്ദേശ ഫലവൃക്ഷങ്ങളും കൃഷിചെയ്യുന്ന മിശ്രവിള തോട്ടങ്ങളുമാക്കി മാറ്റേണ്ടതുണ്ട്. അതോടൊപ്പം തോട്ടങ്ങളിലെ ജലസ്രോതസ്സുകളോട് ചേര്‍ന്നുള്ള സ്ഥലം സ്വാഭാവിക വനവത്കരണത്തിനായി മാറ്റിവയ്ക്കേണ്ടതായുമുണ്ട്. അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നിന്ന് രാസകീടനാശിനികള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിട്ടുണ്ട്. കളനാശിനികള്‍ ഇല്ലാതാക്കുന്നതോടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷിക്കാര്‍ക്ക് കളകളെ ഇല്ലാതാക്കാനുള്ള തൊഴില്‍സേനയെ ലഭ്യമാക്കുകയും വേണം.

ഇനിയും പൂര്‍ണ്ണമായും രേഖപ്പെടുത്താത്തത്ര ജൈവവൈവിധ്യമുള്ള പശ്ചിമഘട്ടത്തില്‍നിന്ന് ജനിതകമാറ്റം വരുത്തിയ വിളകളെ അകറ്റി നിര്‍ത്തുക, തദ്ദേശ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, ജൈവവളം പ്രോത്സാഹിപ്പിക്കുക, രാസവളങ്ങള്‍ക്ക് കൊടുക്കുന്ന സബ്സിഡികള്‍ക്ക് പകരം ജൈവകൃഷി ചെയ്യുന്നവര്‍ക്ക് സാമ്പത്തികസഹായം നല്കുക, തോട്ടങ്ങള്‍ക്കിടയിലുള്ള വന്യമൃഗസഞ്ചാരപഥങ്ങള്‍ വനവത്കരിക്കുക എന്നീ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ നഷ്ടപരിഹാരം കൊടുക്കണമെന്നും വിളകള്‍ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ കാട്ടുപന്നികളുടെ കാര്യത്തില്‍ ഒരുപക്ഷെ, കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അവയുടെ എണ്ണം കുറയ്ക്കുകയും അങ്ങിനെ കൊല്ലപ്പെടുന്നവയില്‍ നിന്ന് മൂല്യവര്‍ദ്ധിതവിഭവങ്ങള്‍ ഗ്രാമീണാടിസ്ഥാനത്തില്‍ ഉണ്ടാവണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കാര്‍ഷികമേഖലയിലെ ഗവേഷണം, പരമ്പരാഗത വിളയിനങ്ങളുടെ സംരക്ഷണവും പ്രാദേശികമായതും ചിലവുകുറഞ്ഞതുമായ കൃഷിരീതികളും ലക്ഷ്യമാക്കണമന്നും നിര്‍ദ്ദേശിച്ചു.

3. കന്നുകാലി വളര്‍ത്തല്‍
പശ്ചിമഘട്ടമേഖലയിലെ പ്രധാനപ്പെട്ട ജീവസന്ധാരണപ്രവൃത്തിയായിരുന്ന കാലിവളര്‍ത്തലില്‍ കാതലായ മാറ്റം വരുന്നത് ഈ മേഖലയിലെ സസ്യസമ്പത്തിന്റെയും മേച്ചിലിടങ്ങളുടെയും നഷ്ടത്തോടുകൂടിയാണ്. തോട്ടങ്ങളായും സംരക്ഷിതമേഖലകളായും മാറിത്തീര്‍ന്ന മേച്ചിലിടങ്ങള്‍ കര്‍ഷകരെ കുറച്ച് കന്നുകാലികളിലേക്ക് ചുരുങ്ങാന്‍ പ്രേരിപ്പിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാടന്‍ ജനുസ്സുകള്‍ക്ക് പകരം വിദേശ ജനുസ്സുകളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ നഷ്ടമായത് പ്രാദേശിക പരിസ്ഥിതിക്കിണങ്ങിയ നാടന്‍ ജനുസ്സുകളെയാണ്. കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട പാരമ്പര്യ അറിവുകള്‍ നഷ്ടപ്പെടാനും ഇത് കാരണമായി.

പാരമ്പര്യ ജനുസ്സുകളെ വളര്‍ത്താന്‍ പ്രോത്സാഹനം നല്കുകയും അതുകൊണ്ടുണ്ടാകുന്ന ഉത്പാദനക്കുറവിന് പകരം ധനസഹായം ചെയ്യുകയും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വില ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ മേഖലയില്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട പ്രവൃത്തി എന്ന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക കാലാവസ്ഥയുമായി യോജിക്കാത്ത ജനുസ്സുകളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനപദ്ധതികള്‍ നിര്‍ത്തലാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കന്നുകാലി വളര്‍ത്തലിന് കൃഷിയുമായുണ്ടായിരുന്ന ബന്ധം തിരിച്ചുപിടിക്കണമെന്നും ഇതിനായി പൊതുമേച്ചിലിടങ്ങള്‍ ഉണ്ടാവണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

4. മത്സ്യസമ്പത്ത്
ആവാസവ്യസ്ഥയുടെ നാശം, കീടനാശിനികളും വ്യവസായ മാലിന്യവും, സുസ്ഥിരമല്ലാത്ത വിഭവചൂഷണം, വിദേശ മത്സ്യജനുസ്സുകളുടെ വരവ്, പ്രജനന ആവാസവ്യവസ്ഥയുടെ നാശം, അധിക വിഭവചൂഷണം, മണല്‍വാരല്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ പ്രാദേശിക സമൂഹങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ശുദ്ധജല മത്സ്യസമ്പത്ത് അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു. പെരിയാര്‍ തടാകത്തില്‍ കാര്‍പ്പ് പോലുള്ള വിദേശ മത്സ്യങ്ങള്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മത്സ്യസമ്പത്തിന്റെ 70 ശതമാനത്തോളം വൈദേശിക മത്സ്യങ്ങളായി മാറി. ആഫ്രിക്കന്‍ മുഷി, രോഹ്യ, കട് ല എന്നീ മത്സ്യങ്ങള്‍ ഇന്ന് കേരളത്തിലെ മിക്കവാറും എല്ലാ റിസര്‍വ്വോയറുകളിലും വളര്‍ത്തപ്പെടുന്നുണ്ട്. തദ്ദേശീയ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഇത് വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.

വൃഷ്ടിപ്രദേശത്തെ കീടനാശിനിപ്രയോഗവും മെര്‍ക്കുറി, സിങ്ക്, കാഡ്മിയം മുതലായ വ്യാവസായിക മാലിന്യങ്ങളും ഉയര്‍ന്ന അളവിലുള്ള അമോണിയയും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചു. മത്സ്യസമ്പത്തിനെക്കുറിച്ചുള്ള നിരന്തരമായ വിലയിരുത്തലും ജലാശയങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റിക്കിന്റെ നിരോധനവും മത്സ്യങ്ങളുടെ പ്രജനനസ്ഥലം, സഞ്ചാരപഥങ്ങള്‍ എന്നിവ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള മത്സ്യഇനങ്ങളുടെ പ്രജനനത്തിനായുള്ള സംവിധാനങ്ങളും മത്സ്യസങ്കേതങ്ങളുടെ സ്ഥാപനവും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
5. വനവും ജൈവവൈവിധ്യവും
ഒന്നര നൂറ്റാണ്ട് മുന്നേ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ, ശാസ്ത്രീയമെന്ന് അവകാശപ്പെട്ട വനപരിപാലനരീതികള്‍ വനത്തേയോ അതിലെ ജൈവവൈവിധ്യത്തെയോ സംരക്ഷിക്കാന്‍ ഫലപ്രദമായില്ലെന്ന് ഗാഡ്ഗില്‍ കമ്മറ്റി നിരീക്ഷിക്കുന്നു. കേവലം 14% മാത്രം കാടുള്ള ഇന്ത്യയില്‍ കേന്ദ്ര വനംവകുപ്പിന്റെ കണക്കുപ്രകാരം അത് 23% ആയിരുന്നു. സരിസ്ക കടുവ സങ്കേതത്തില്‍ 1998 ല്‍ 17 കടുവകളുണ്ടെന്ന് വനം വകുപ്പിലെ കീഴ്ജീവനക്കാര്‍ കണ്ടെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം 24 കടുവകളുണ്ടായിരുന്നു. 2004-ല്‍ ഒരൊറ്റ കടുവ പോലുമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോഴും ഔദ്യോഗിക കണക്കില്‍ 17 കടുവകളുണ്ടായിരുന്നു. നിബിഡ വനങ്ങള്‍ വെട്ടിമാറ്റി യൂക്കാലിപ്റ്റസ് പോലുള്ള ഏകവിളതോട്ടങ്ങള്‍ സ്ഥാപിച്ചതിലൂടെയും മുളപോലുള്ള വനവിഭവങ്ങള്‍ സുസ്ഥിരമല്ലാത്തവണ്ണം ചൂഷണം ചെയ്തും വനംവകുപ്പ് വലിയതോതില്‍ വനനശീകരണം നടത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ പ്രതീക്ഷയായി റിപ്പോര്‍ട്ട് കാണുന്നത് പങ്കാളിത്ത വനപരിപാലനിയമം, ജൈവവൈവിധ്യനിയമം, വനാവകാശനിയമം എന്നിങ്ങനെ ആദിമ നിവാസികളടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് നിരവധി അധികാരങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങളാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി പോലെ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം ജീവസന്ധാരണവും സാധ്യമാക്കുന്ന സംവിധാനങ്ങള്‍ വന്നുകഴിഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന പുതിയ നിയമങ്ങള്‍ക്കെതിരെ (പ്രത്യേകിച്ചും വനാവകാശനിയമം) പല ആശങ്കകളും ഉള്ളതായി റിപ്പോര്‍ട്ട് കണ്ടത്തുന്നുണ്ട്.

ജനങ്ങള്‍ക്ക് അധികാരം കൈമാറിയാല്‍ അത് വലിയ തോതിലുള്ള വനംകൊള്ളയ്ക്ക് വഴിയൊരുക്കുമെന്നും അത് ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആദിമനിവാസികളടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് കാട് പരിപാലിക്കാനുള്ള അറിവില്ലെന്നും പുറമെനിന്നുള്ളവര്‍ ഇവരില്‍ നിന്ന് കാട് വാങ്ങുകയോ, കയ്യേറ്റത്തിലൂടെ കൈവശപ്പെടുത്തുകയോ ചെയ്യും എന്നതൊക്കെയാണ് ആശങ്കകള്‍. എന്നാല്‍ സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ വനപരിപാലനം തെറ്റായ നയങ്ങളിലൂടെയും, അഴിമതിയിലൂടെയും, വനവികസന കോര്‍പ്പറേഷനുകള്‍ വഴിയായും, വിശുദ്ധവനങ്ങളെ പല കാരണങ്ങളാല്‍ മുറിച്ചുമാറ്റുവാന്‍ സൌകര്യപ്പെടുത്തിയും ഒരു സങ്കേതത്തിലെ കടുവകളെല്ലാം ഇല്ലാതാകുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചും നഷ്ടപ്പെടുത്തിയ വനത്തിന്റെയും വനവിഭവങ്ങളുടെയും അളവ് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെമ്പാടും ജനങ്ങളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സംരക്ഷണപ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ട് ശ്ളാഘിക്കുകയും ചെയ്യുന്നു. ഇത്തരുണത്തിലാണ് പുതിയ നിയമങ്ങളുടെ കൃത്യമായ നടപ്പിലാക്കലും പങ്കാളിത്ത വനപരിപാലനം ശക്തിപ്പെടുത്തലും വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യലും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.

ജനങ്ങള്‍ക്ക് അധികാരം കൈമാറിയാല്‍ അത് വലിയ തോതിലുള്ള വനംകൊള്ളയ്ക്ക് വഴിയൊരുക്കുമെന്നും അത് ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആദിമനിവാസികളടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് കാട് പരിപാലിക്കാനുള്ള അറിവില്ലെന്നും പുറമെനിന്നുള്ളവര്‍ ഇവരില്‍ നിന്ന് കാട് വാങ്ങുകയോ, കയ്യേറ്റത്തിലൂടെ കൈവശപ്പെടുത്തുകയോ ചെയ്യും എന്നതൊക്കെയാണ് ആശങ്കകള്‍. എന്നാല്‍ സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ വനപരിപാലനം തെറ്റായ നയങ്ങളിലൂടെയും, അഴിമതിയിലൂടെയും, വനവികസന കോര്‍പ്പറേഷനുകള്‍ വഴിയായും, വിശുദ്ധവനങ്ങളെ പല കാരണങ്ങളാല്‍ മുറിച്ചുമാറ്റുവാന്‍ സൌകര്യപ്പെടുത്തിയും ഒരു സങ്കേതത്തിലെ കടുവകളെല്ലാം ഇല്ലാതാകുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചും നഷ്ടപ്പെടുത്തിയ വനത്തിന്റെയും വനവിഭവങ്ങളുടെയും അളവ് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 6. വ്യവസായം
പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ തീരദേശ സംസ്ഥാനങ്ങളുമാണ്. തുറമുഖങ്ങളും ജലലഭ്യതയും കാരണം വ്യവസായങ്ങള്‍ ധാരാളമായി ഈ സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യവസായങ്ങളോടൊപ്പം പ്രത്യേക സാമ്പത്തിമേഖലകളും ഈ സംസ്ഥാനങ്ങളില്‍ നിറയെ സ്ഥാപിക്കപ്പെടുന്നുണ്ട്. സ്ഥലമേറ്റെടുക്കലും അതി•ലുള്ള നഷ്ടപരിഹാരവും ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങളെയും വ്യാവസായിക മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പശ്ചിമഘട്ടമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിക്കഴിഞ്ഞു.

വായുമലിനീകരണം വിളവിനെ ബാധിക്കുന്നതും ജലത്തിന്റെ അമ്ളതയാല്‍ നഷ്ടപ്പെടുത്തുന്ന ജലജന്യവൈവിധ്യവും മാത്രമല്ല സമതലങ്ങളിലെ ജലദൌര്‍ലഭ്യം കാരണം വ്യവസായങ്ങള്‍ പശ്ചിമഘട്ടത്തിലേക്ക് കയറിയെത്തുമ്പോഴുണ്ടാവുന്ന ജലചൂഷണവുമാണ് ഈ മേഖലയുടെ വിപരീത ഭയപ്പാടുകളെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അഭൌതിക വ്യവസായങ്ങള്‍ (വാണിജ്യം, ടെലികോണ്‍ഫറന്‍സിംഗ്, വീഡിയോ കോണ്‍ഫറന്‍സ് എന്നിങ്ങനെ) പ്രോത്സാഹിപ്പിക്കലും, വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റ് പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കാത്ത കുടില്‍ വ്യവസായങ്ങളും ജൈവവിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വനവത്കരണം, പഴം, പച്ചക്കറി അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുവാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

7. ഊര്‍ജ്ജം
ഊര്‍ജ്ജ ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. പക്ഷെ എല്ലായിടത്തും ധാരാളമായി പുതിയ ജല, താപ, ആണവ വൈദ്യുതി പദ്ധതികള്‍ തുടങ്ങാനിരിക്കെ, ഊര്‍ജ്ജ ഉപഭോഗത്തെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനാവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ല. നേരിട്ട് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ജല, താപ-ആണവ നിലയങ്ങള്‍ സാധാരണമാകുന്നത് പശ്ചിമഘട്ട മേഖലയിലെ മനുഷ്യരുടെ ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗത്തിലേക്കുള്ള സ്വാഭാവിക വളര്‍ച്ചയാണ്. അത്യാവശ്യം, ആവശ്യം, അമിതോപഭോഗം എന്നിങ്ങനെ ഊര്‍ജ്ജ ഉപയോഗത്തെ തരംതിരിക്കുവാനും മേഖലയിലാകെ ഊര്‍ജ്ജ ജനാധിപത്യത്തിനും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. ഉപഭോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ ഓരോ സംസ്ഥാനവും നടപ്പില്‍ വരുത്തേണ്ടതാണ്.

മൈക്രോ, മിനി ജലവൈദ്യുതപദ്ധതികള്‍ പ്രാദേശിക ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതാകണം. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിക്കുകീഴില്‍ ഊര്‍ജ്ജ മേഖലക്കായി പ്രത്യേക വിഭാഗം തുടങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. മലിനീകരണം ഉണ്ടാക്കുന്നതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് സൌരോര്‍ജ്ജത്തിലേക്കുള്ള മാറ്റവും റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നു.

8. ടൂറിസം
പശ്ചിമഘട്ടമേഖലയില്‍ ടൂറിസം സ്ഥിരതയാര്‍ന്ന വര്‍ദ്ധനവാണ് കാണിക്കുന്നത്. തീര്‍ത്ഥാടനമാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍. വേണ്ടത്ര മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനമില്ലാത്തതും, പ്രാദേശിക ജനതയുടെ ജീവനോപാധികള്‍ക്കും സംസ്കാരത്തിനുമുണ്ടാകുന്ന പ്രശ്നങ്ങളും, വരുമാനം പങ്കുവയ്ക്കാത്തതും ഈ മേഖലയിലെ പ്രശ്നങ്ങളാണ്. പാരിസ്ഥിതികാഘാതപഠനം ടൂറിസം മേഖലക്കായി നടത്താറില്ല.

ഗതാഗതം നിയന്ത്രിക്കലും ഓരോ പ്രദേശത്തിനും വിപരീതഫലങ്ങളില്ലാതെ വന്നുപോകാന്‍ കഴിയുന്നത്ര മാത്രം ടൂറിസ്റുകള്‍ക്ക് അനുമതി കൊടുത്തുകൊണ്ടും ഇതിനെ അടിസ്ഥാനപ്പെടുത്തി ടൂറിസം മാസ്റര്‍പ്ളാന്‍ തയ്യാറാക്കിക്കൊണ്ടും ചെറുകിട ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിച്ചും ടൂറിസം പ്രൊജക്ടുകളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും ഈ മേഖലയില്‍ ഇടപെടണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ഗ്രാമതലത്തിലൂടെ ജൈവവൈവിധ്യനിരീക്ഷണ കമ്മറ്റികള്‍ മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി കമ്മിറ്റി വരെയുള്ള വികേന്ദ്രീകൃതവും അതേസമയം ബഹുകേന്ദ്രീകൃതവുമായ പാരിസ്ഥിതിക ഭരണമാതൃകയാണ് ഗാഡ്ഗില്‍ കമ്മറ്റി വിഭാവനം ചെയ്യുന്നത്. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ക്ക് മാതൃകയും സഹായവും ആകുംവിധമാണ് പശ്ചിമഘട്ടത്തിലെ മൂന്ന് വ്യത്യസ്ത പാരിസ്ഥിതിക സോണുകള്‍ കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. ഈ സോണുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാനുതകുന്ന രീതികള്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി ജനപങ്കാളിത്തത്തോടെ നടപ്പില്‍വരുത്തേണ്ടതാണ്.

പാരിസ്ഥിതിക ഭരണമാതൃക
പശ്ചിമഘട്ടത്തിലെ ഭരണവ്യവസ്ഥ സങ്കീര്‍ണ്ണതകളെ കണക്കിലെടുത്തുകൊണ്ട് മാത്രമേ സാധ്യമാകൂ. ഇപ്പോള്‍ നിലവിലുള്ള ധനകേന്ദ്രീകൃത ഭരണമാതൃകക്ക് പകരം പാരിസ്ഥിതിക ഭരണമാതൃക നിലവില്‍ വരുത്തിക്കൊണ്ട് മാത്രമേ പശ്ചിമഘട്ട പരിസ്ഥിതിയുടെ സുസ്ഥിര സംരക്ഷണം സാധ്യമാകൂ. ഇത്തരുണത്തിലാണ് വികേന്ദ്രീകൃതവും ബഹുകേന്ദ്രീകൃതവുമായ ഭരണസംവിധാനം റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നത്. വികസനം പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇന്നത്തെ രീതിയില്‍ നിന്ന് വ്യത്യസ്തമായി, ചിലയിടങ്ങള്‍ വികസനത്തിനും ചിലയിടങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനും എന്ന നില മാറ്റി വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും രീതികളില്‍ മാറ്റം വരുത്തി അവ രണ്ടല്ലാതെ ഒന്നുതന്നെയാക്കി മാറ്റുക എന്നതാണ് ഈ പുതിയ ഭരണമാതൃകയുടെ ലക്ഷ്യം.

ഗ്രാമതലത്തിലൂടെ ജൈവവൈവിധ്യനിരീക്ഷണ കമ്മറ്റികള്‍ മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി കമ്മിറ്റി വരെയുള്ള വികേന്ദ്രീകൃതവും അതേസമയം ബഹുകേന്ദ്രീകൃതവുമായ പാരിസ്ഥിതിക ഭരണമാതൃകയാണ് ഗാഡ്ഗില്‍ കമ്മറ്റി വിഭാവനം ചെയ്യുന്നത്. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ക്ക് മാതൃകയും സഹായവും ആകുംവിധമാണ് പശ്ചിമഘട്ടത്തിലെ മൂന്ന് വ്യത്യസ്ത പാരിസ്ഥിതിക സോണുകള്‍ കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. ഈ സോണുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാനുതകുന്ന രീതികള്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി ജനപങ്കാളിത്തത്തോടെ നടപ്പില്‍വരുത്തേണ്ടതാണ്. ഈ പ്രക്രിയ സമയമെടുക്കുന്നതാകയാലാണ് നിര്‍ണ്ണായക പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ ഇനിയും നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി വിജ്ഞാപനം ചെയ്യണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ പരിസ്ഥിതിഘടകങ്ങള്‍ അനുവദിക്കുന്നത്ര മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തേത് മാത്രമല്ല, നാളെയും മറ്റന്നാളും വരാനിരിക്കുന്ന തലമുറകളെക്കുറിച്ചുള്ള കരുതലും ഈ നിര്‍ദ്ദേശങ്ങളിലുണ്ട്. പരമ്പരാഗതവും ശാസ്ത്രീയവുമായ അറിവുകളെ സമ്മേളിപ്പിച്ചുകൊണ്ട് ഭാരതത്തിലെ ഒരു സുപ്രധാന ഭൂപ്രദേശത്തെക്കുറിച്ച് വ്യക്തവും ദിശാബോധമുള്ളതുമായ റിപ്പോര്‍ട്ടാണിത്.
സാമ്പ്രദായികശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് അറിവ്  ഭരണക്രമത്തെയും രീതിയെയും ഉടച്ചുവാര്‍ക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് സഹജീവികളോടും വരാനിരിക്കുന്ന കാലത്തോടും സ്നേഹം സൂക്ഷിക്കുന്നവരത്രയും വലിയ പ്രതീക്ഷയോടെ ഈ റിപ്പോര്‍ട്ട് നടപ്പിലാകണമെന്ന് കൊതിക്കുന്നത്.

 

കടപ്പാട്: കേരളീയം

Top